ഈ പെരുന്നാള്‍ - ഓണം അവധിക്ക് ഞങ്ങള്‍ ധഏകഛ മലപ്പുറം ജില്ലാ കമ്മിറ്റി ) വിരുന്നു പോയി. ഓണമില്ലാത്തവരുടെ വീട്ടില്‍ ....പെരുന്നാളില്ലാത്തവരുടെ വീട്ടില്‍..... സ്വപ്നങ്ങള്‍ വിണ്ടു കീറിയ മനസ്സിലേക്ക് അലിഞ്ഞു ചേരാന്‍ വിധിക്കപ്പെട്ടവരുടെ വീട്ടിലേക്ക് .... പെരുന്നാളിന്റെ നഷ്ട സ്മൃതിയുടെ വിങ്ങല്‍ ഇനിയും അടങ്ങിയിട്ടില്ലാത്തവരുടെ ഇടങ്ങളിലേക്ക്.
ശഹീദ് ഫൈസലിനേയും സക്കരിയ്യയുടേയും എം.എം അക്ബറിന്റേയും വീടകങ്ങളിലേക്ക്.
ഞങ്ങള്‍ ജി.ഐ.ഒ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷനാനീറ, ഷമീമ, സഹ്‌ല, ഐഷ നൗറിന്‍, ജല്‍വ, മുസ്ബിറയും നാസിറ തയ്യിലും കൂടെ ജമീലത്തയും ധജ: ഇ ജില്ല വനിത പ്രസിഡന്റ്പ.
പെരുന്നാളിന് വിരുന്ന് പോവാറുണ്ട്.... എന്നാല്‍ ഇങ്ങനെയൊരു പെരുന്നാള്‍ ഇദാദ്യം.
ശഹീദ് ഫൈസലിന്റെ വീട്ടിലേക്കുള്ള യാത്രയിലുടനീളം ഒരു തരം നിശബ്ദത യായിരുന്നു ഞങ്ങള്‍ക്കിടയിലും ആ വഴികളിലും ... ഫൈസലിനെ വെട്ടിയിട്ട ആ വഴിയിലൂടെ .... വാഹനമിറങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ മരവിപ്പായിരുന്നു ഓരോരുത്തര്‍ക്കും. ജമീലത്ത സലാം പറഞ്ഞ് അകത്തേക്കു കയറി കൂടെ ഞങ്ങളും. അപ്പോള്‍ ഫൈസലിന്റെ മുഖമുള്ള കുഞ്ഞുമോന്‍ ഫായിസ് ഓടിവന്ന് ഞങ്ങളോരോരുത്തരുടേയും കൈപിടിച്ച് ''അസ്സലാമു അലയ്ക്കും ഇത്താത്താ .....'' എന്നു പറയുന്നതു വരെ ഞങ്ങള്‍ നിശബ്ദരായിരുന്നു. ഫായിസ് മോന്‍ മാത്രമല്ല. ഒരു കുഞ്ഞുമോളുണ്ട് അവിടെ.... റോസാപ്പൂവിന്റെ നൈര്‍മല്യമുള്ള ഒരു കുഞ്ഞുമോള്‍. സഹോദരന്‍ ഫൈസലിന്റെ ഇളയ മകള്‍. അവളോടി വന്ന് ഞങ്ങളോരോരുത്തരുടേയും കൈ പിടിച്ച് സലാം പറഞ്ഞു. എന്റെ പിറകില്‍ നില്‍ക്കുകയായിരുന്ന മുസ്ബിറയെ അവള്‍ കണ്ടിരുന്നില്ല. പെട്ടെന്ന് എന്നെ വകഞ്ഞു മാറ്റി ഞാനീ ഇത്താത്താനോട് സലാം പറഞ്ഞിട്ടില്ലല്ലൊ എന്നു പറഞ്ഞ് മുസ്ബിറയുടെ കൈ പിടിച്ച് സലാം പറഞ്ഞു. എന്നിട്ടവള്‍ ഓടിപ്പോയി സഈര്‍ സാഹിബിന്റെ മടിയിലിരുന്നപ്പോള്‍ ഞങ്ങളുടെ ഉള്ളൊന്ന് പിടഞ്ഞു.... പൊന്നുമോളേ.... നാളെ നീ സ്വര്‍ഗത്തില്‍ നിന്റെ ഉപ്പാന്റെ മടിയില്‍ ഇതുപോലെ ഓടിച്ചെന്നിരിക്കും.... അന്നു നിന്നോടു പറയാനുള്ള കഥകളും കാത്തുവെച്ച് നിന്നെ നോക്കി ചിരിക്കുന്നുണ്ടാകും സ്വര്‍ഗത്തിലിരുന്ന് നിന്റെ ഉപ്പ. കുഞ്ഞേ.... നിനക്കു മുത്തം തരാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. അല്‍ഹംദുലില്ലാഹ്.
ഫൈസലിന്റെ ഉമ്മയെ കണ്ടു. കരഞ്ഞു കരഞ്ഞ് ശബ്ദവും കണ്ണീരും വറ്റിയ ഉമ്മാന്റെ തട്ടം നനഞ്ഞ ചൂര് മനസ്സുകൊണ്ട് മണത്തു നോക്കണം. പുഞ്ചിരിയോടെയല്ലാതെ ആ ഉമ്മാക്ക് സംസാരിക്കാനറിയില്ല. ഈ ഭൂമിയിലെ ജീവിതത്തെ കുറിച്ച് അവര്‍ സംസാരിക്കുന്നേയില്ല. പോറ്റി വളര്‍ത്തിയ തന്റെ മുന്നില്‍ വെട്ടിനുറുക്കി കൊടുന്നിടപ്പെട്ട ചേതനയറ്റ പൊന്നുമോനെ കുറിച്ചായിരുന്നില്ല ആ ഉമ്മക്ക് പറയാനുണ്ടായിരുന്നത് .... അവര്‍ പറഞ്ഞതു മുഴുവന്‍ തന്റെ പൊന്നുമോന്റെ സ്വര്‍ഗത്തിലേക്കുള്ള തയ്യാറെടുപ്പുകളെ കുറിച്ചായിരുന്നു....
ഒടുവില്‍ ഞങ്ങള്‍ കണ്ടു. ഞങ്ങളുടെ പ്രിയ സഹോദരി...ഫൈസലിന്റെ നല്ല പാതി.... ചോരവറ്റിയ കണ്ണും കണ്ണീരു കുടിച്ചു ചീര്‍ത്ത കവിളും..... മൗനമായിരുന്നു കുറച്ചു സമയം .... തളം കെട്ടിയ മൂകത.... ഒടുവില്‍ കരഞ്ഞു കലങ്ങിയ കണ്ണില്‍ പെയ്തു മരിച്ച മഴക്കാലത്തെ മറച്ചു പിടിച്ച് അവള്‍ ഞങ്ങളെ നോക്കി ചിരിച്ചു.
സഹോദരീ.... നിന്നോട് എന്താണു പറയേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ല...... സ്വര്‍ഗം മാത്രം കിനാവു കാണുന്ന നിന്നോട് സ്വര്‍ഗത്തെ പറഞ്ഞ് സമാധാനിപ്പിക്കാന്‍ ഞങ്ങള്‍ യോഗ്യരല്ല... പ്രാര്‍ത്ഥിക്കണം... ഇക്കാന്റെ കൂടെ ഞങ്ങളേയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍.. എന്ന് ഞങ്ങളുടെ കൈ പിടിച്ച് പറഞ്ഞ സഹോദരീ... നിങ്ങളൊക്കെ നാളെ മുത്തു നബിയുടെ കൂടെ സ്വര്‍ഗത്തിലിടം പിടിച്ച വരല്ലെ.... അവിടം നിങ്ങളുടെ പുഞ്ചിരിയാല്‍ നിറയും. ഉറപ്പ്.
സലാം പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി നടക്കുമ്പോള്‍ ആ കുഞ്ഞുമോള്‍ ഞങ്ങള്‍ നടന്നകലുന്നതും നോക്കി ഞങ്ങള്‍ക്ക് കൈവീശുന്നുണ്ടായിരുന്നു.
അടുത്ത യാത്ര മറ്റൊരു ഉമ്മയുടെ അടുത്തേക്ക്.... 9 വര്‍ഷമായി ബാംഗ്ലൂരിലെ അഗ്രഹാര ജയിലില്‍ കഴിയുന്ന മകന്റെ തിരിച്ചു വരവും കാത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളെ ഈമാന്റെ മാത്രം കരുത്തു കൊണ്ട് മൂര്‍ച്ചപ്പെടുത്തിയ ഒരു ഉമ്മയെ .... സഹോദരന്‍ സക്കരിയ്യയുടെ ഉമ്മയെ. നമ്മളോരോരുത്തരും തളര്‍ന്നു പോകുമ്പോള്‍ കരുത്ത് വീണ്ടെടുക്കാന്‍ ഓര്‍ക്കേണ്ട കോണിയത്ത് ബീയ്യുമ്മ എന്ന ഉമ്മയെ. ആ ഉമ്മ ഒരു ശക്തിയാണ്... 19-വയസില്‍ ചെയ്ത തെറ്റെന്താണെന്നു പോലും അറിയാതെ കാരാഗൃഹത്തിലടക്കപ്പെട്ട ആ പൊന്നുമോന്റെ അതിജീവനത്തിന്റെ ഉറവിടം ആ ഉമ്മയുടെ സഹനശക്തി തന്നെയാണ്..... അപാരമായ ഈമാനിക ശക്തിയുണ്ട് അവര്‍ക്ക്. കഴിഞ്ഞ 9 വര്‍ഷ കാലയളവില്‍ ഒരിക്കലാണ് അവര്‍ മകനെ കാണാന്‍ പോയത്. നിസ്സഹായനായ തന്റെ മകന്റെ മുഖം എനിക്ക് കാണേണ്ട ...
തന്റെ മകനെ വീണ്ടെടുത്തു തരണമെന്നു പറഞ്ഞ് ഒരു പാടു കാലുകളില്‍ വീണിട്ടുണ്ട്.... ആരും സഹായിച്ചില്ല.. ഇനി ഞാന്‍ ആരോടും കേഴില്ല. എല്ലാവരേക്കാളും വലിയൊരു നേതാവുണ്ടല്ലൊ.... അവന്‍ തീര്‍പ്പാക്കും.ഉറപ്പ്.
ഇത്രയും പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ ഒരിക്കല്‍ പോലും നിറഞ്ഞില്ല.. ഈമാനിന്റെ നിലക്കാത്തകരുത്ത് കാണണമെങ്കില്‍ ആ ഉമ്മയുടെ കണ്ണുകളിലേക്ക് ഒന്നു നോക്കിയാല്‍ മതി...
ഞാനിനി കരയില്ല... എനിക്ക് എന്റെ മകനെ തിരിച്ചു കിട്ടും... അതിനെന്റെ കൂടെ നൂറ് മക്കളുണ്ട്..... എന്നവര്‍ പറയുമ്പോള്‍ അവരുടെ കണ്ണുകളില്‍ ജ്വലിക്കുന്ന ആത്മവിശ്വാസമുണ്ടായിരുന്നു.
സക്കരിയ്യയെ ജയിലിലടച്ച ആദ്യത്തെ ഒന്നര വര്‍ഷക്കാലയളവിനെ കുറിച്ച് വളരെ ഞെട്ടലോടെയാണ് അവര്‍ ഓര്‍ക്കുന്നത്. എല്ലാവരും തീവ്രവാദികളെ കാണുന്നതുപോലെയാണ് ഞങ്ങളെ കണ്ടിരുന്നതെന്ന് സഹോദരി പറയുന്നു. ഉമ്മയാകെ തളര്‍ന്നു പോയിരുന്നു.. ഒരു വശത്ത് ചെയ്ത തെറ്റെന്താണെന്നു പോലും അറിയാതെ 19 വയസുകാരനായ തന്റെ മകന്‍ ജയിലില്‍ കഴിയുന്നു. മറുവശത്ത് സമൂഹത്തിന്റെ മൂര്‍ച്ചയേറിയ നോട്ടങ്ങളും അടക്കിപ്പിടിച്ച സംസാരങ്ങളും. പിന്നീടൊരിക്കല്‍ മഅദനിയെ ഇന്റര്‍വ്യു ചെയ്യാന്‍ വന്ന മാധ്യമ പ്രവര്‍ത്തകയോട് നിങ്ങള്‍ എന്റെ കഥയല്ല ഇവന്റെ കഥയാണ് ലോകത്തെ അറിയിക്കേണ്ടതെന്നു പറഞ്ഞ് സക്കരിയയെ മഅ്ദനി അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
പിന്നീട് പത്രങ്ങളിലൂടേയും നിരവധി സംഘടനകളിലൂടെയും ജനങ്ങള്‍ സത്യാവസ്ഥ മനസിലാക്കി. തുടര്‍ന്ന് നിരവധി ആളുകള്‍ ആ ഉമ്മയെ കാണാന്‍ വന്നു.
അതിനു ശേഷമാണ് താനിനി തളര്‍ന്നിരി ക്കേണ്ടവളല്ല എന്ന് തോന്നാന്‍ തുടങ്ങിയതെന്ന് ആ ഉമ്മ ഓര്‍ക്കുന്നു...'
ആ ഉമ്മ ഒത്തിരി അനുഭവിച്ചു. സക്കരിയ്യാ യുടെ സഹോദരന്റെ വിവാഹാലോചനയുമായി ബന്ധപ്പെട് ഒരുപാട് മാനസിക പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് സഹോദരന്റെ വിവാഹം നടന്നത്. ഇന്ന് ആ മകനും (സക്കരിയുടെ സഹോദരന്‍) ആ ഉമ്മയെ വിട്ട് ഈ ലോകത്തു നിന്നും വിട പറഞ്ഞിരിക്കുന്നു. ചെറുപ്രായത്തില്‍ തന്നെ ഹൃദയാഘാതം മൂലമാണ് തന്റെ ഉമ്മയേയും ഗര്‍ഭിണിയായ ഭാര്യയേയും ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് യാത്രയായത്.തന്റെ അനിയനെയോര്‍ത്ത് നെഞ്ചു പൊട്ടിയിട്ടുണ്ടാവും ഒരുപാട് തവണ. ഇത്രയൊക്കെ പറയുമ്പോഴും ആ ഉമ്മ ഒരിക്കല്‍ പോലും കരഞ്ഞില്ല. ഹൃദയം നുറുങ്ങുന്ന വേദനകള്‍ക്കൊന്നും അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തെ തോല്‍പ്പിക്കാനാവില്ലല്ലൊ.
ഞങ്ങള്‍ അവിടെ നിന്ന് യാത്ര പറഞ്ഞിറ ങ്ങുമ്പോള്‍ ആ ഉമ്മ ഞങ്ങളെ ചേര്‍ത്തു പിടിച്ച് രണ്ടു കവിളുകളിലും മുത്തമിട്ടു കൊണ്ടു പറഞ്ഞ ഒരു വാക്കുണ്ട്. ഭരണകൂടങ്ങളേ..... നീതിപീഠങ്ങളേ.... പണക്കൊഴുപ്പിന്റെയും അധികാരവെറിയുടേയും മുകളില്‍ നിങ്ങള്‍ കെട്ടിപ്പൊക്കിയ നിങ്ങളുടെ സിംഹാസനങ്ങളെ കത്തിച്ചു ചാമ്പലാക്കാന്‍ തക്ക കരുത്തുണ്ട് കെട്ടോ ആ ഉമ്മയുടെ ദൃഢനിശ്ചയത്തിന്.
''എന്റെ മകന്‍ തിരിച്ചു വരും... അന്ന് നിങ്ങളെല്ലാവരും വീണ്ടും വരണം... അന്നു നമുക്ക് ഒരുമിച്ചിരിന്ന് പെരുന്നാളുണ്ണണം.''
(ഷമീമ സക്കീര്‍: ജി.ഐ.ഒ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്)