നിരായുധനായി നിസ്സഹായതയോടെ നില്‍ക്കുന്ന എതിരാളിയുടെ ശിരസില്‍ ആ പന്ത്രണ്ടുകാരന്‍
നിരായുധനായി നിസ്സഹായതയോടെ നില്‍ക്കുന്ന എതിരാളിയുടെ ശിരസില്‍ ആ പന്ത്രണ്ടുകാരന്‍ തന്റെ തോക്കു ചേര്‍ത്തുപിടിച്ചു കഴിഞ്ഞു. ''ഇനി നിനക്കു രക്ഷയില്ല!''. കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ കഥാപാത്രത്തെ നോക്കി അവന്‍ ഒരട്ടഹാസം മുഴക്കി. ''നിന്നെ ഞാന്‍ തട്ടും!'' കൈവിരലുകള്‍ ബട്ടണില്‍ അമര്‍ന്നു. ബുള്ളറ്റേറ്റ് മുഖത്തു നിന്ന് ചീറ്റിയ രക്തം കഥാപാത്രത്തെ രക്തവര്‍ണ്ണമാക്കി. കുഴഞ്ഞുവീണ് അയാള്‍ മരിച്ചു.!'' ഇതുകണ്ട പയ്യന്‍ കീബോര്‍ഡില്‍ താളമിട്ട് ആര്‍ത്താര്‍ത്തു ചിരിച്ചു. ഇതുവരെ കമ്പ്യൂട്ടര്‍ ഗെയിമിലൂടെ കുട്ടികളാണ് ആര്‍ത്തു ചിരിച്ചതെങ്കില്‍ ഇപ്പോള്‍ കൊലച്ചിരി മുഴക്കുന്നത് ഗെയിമിലെ മറഞ്ഞിരിക്കുന്ന ''കഥാപാത്ര''ങ്ങളാണ്; ബ്ലൂവെയ്ല്‍ പോലുള്ള ഗെയിമുകളിലൂടെ. നീലത്തിമിംഗലം കടലിലെ ഏറ്റവും വലിയ ജീവി, കൊമ്പനാനയെ പോലും വിഴുങ്ങാന്‍ ശേഷിയുള്ള ഇവയുടെ വായില്‍ നമ്മുടെ പിഞ്ചോമനകള്‍ എത്ര നിസാരം. ലോകവലയെന്ന ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ബ്ലൂവെയ്ല്‍ ഗെയിമുകളുടെ ചെയ്തികളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ബ്ലൂവെയില്‍ മാത്രമല്ല വില്ലന്‍. കുട്ടികളില്‍ അക്രമവാസന നിറക്കുന്ന മറ്റനേകം കളികള്‍ ഇന്ന് ഓണ്‍ലൈനിലുണ്ട്. പലരും അത് ഡൗണ്‍ലോഡ് ചെയ്ത് വളരെ ആവേശത്തോടെ കളിക്കുന്നു. പട്ടണത്തിലൂടെ കാറോടിക്കാനും കാറില്‍ നിന്നിറങ്ങി ആളുകളെ കൊല്ലാനും സുന്ദരിയെ പ്രാപിക്കാനുമൊക്കെ സാധ്യത തുറക്കുന്ന ഇത്തരം കളികള്‍ കുട്ടികളുടെ മനസിന്റെ താളം തെറ്റിക്കുന്നതും അവരെ അക്രമ പാതയിലേക്ക് വലിച്ചിഴക്കുന്നതും നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവരികയാണ് നമ്മുടെ സമൂഹത്തിന്.
കളി കാര്യമാകുമ്പോള്‍ ജീവിതം തുലാസില്‍
ബ്ലൂവെയ്ല്‍ എന്ന് കേട്ടാല്‍ പഠിക്കുന്ന മക്കളുള്ള ഏതൊരു രക്ഷിതാവിന്റെ മനസിലും ഇപ്പോള്‍ തീയാണ്. ലോകത്തെ ഏതൊരു കടലിലെയും മുഴുവന്‍ വെള്ളവും കോരിയൊഴിച്ചാലും കെടാത്ത അഗ്നികുണ്ഡം. ഭൂമിയിലെ സുന്ദരലോകത്തു നിന്ന് തങ്ങളുടെ പിഞ്ചോമനകളെ യമപുരിയിലെത്തിക്കുന്ന ബ്ലൂവെയ്ല്‍ ഗെയിമിനെക്കുറിച്ച് പ്രചരിക്കുന്ന അപസര്‍പ്പകഥകളെ വെല്ലുന്ന വാര്‍ത്തകള്‍ ഉണ്ടാക്കുന്ന ഭയം ഏതൊരു രക്ഷിതാവിന്റെയും നെഞ്ചകം തന്നെയാണ് തകര്‍ക്കുന്നത്. ഒരുവേള കെട്ടടങ്ങിയെന്ന് കരുതിയെങ്കിലും ഇപ്പോഴും ഇതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. അങ്ങിങ്ങായി ഇതിന്റെ പ്രകമ്പനങ്ങള്‍ മാറ്റൊലി കൊള്ളുന്നു.
ബ്ലൂവെയ്ല്‍ ഒരു തുടക്കം മാത്രമാണ്. ഇതിന്റെ പല വകഭേദങ്ങള്‍ മറ്റു പല പേരുകളില്‍ ഇന്ന് ഓണ്‍ലൈനില്‍ സജീവമായുണ്ട്. വെളിപ്പെടുത്തിയും അല്ലാതെയും പിന്തുടരുന്ന കുറെ കളികള്‍. കുട്ടികളുടെ മനസുകളെ ജീവിതത്തിന്റെ അടിത്തട്ടിലേക്കെത്തിക്കുന്ന മുട്ടാളന്‍ ഗെയിമുകള്‍. സ്വയം ശ്വാസം മുട്ടിച്ച് മരണം വരിക്കാന്‍ പ്രേരിപ്പിക്കുന്ന ചോക്കിംഗ് ഗെയിം ഉള്‍പ്പെടെ സ്വയം ഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ആയിരക്കണക്കിന് വെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റിലുണ്ടെന്നതാണ് സത്യം. വിവരണം നല്‍കുന്നത് ഇതിലേക്ക് എത്തിപ്പെടാന്‍ എളുപ്പമാണെന്നതു കൊണ്ട് കൂടുതല്‍ വിശദീകരണം നല്‍കാനും നിവൃത്തിയില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്തുമൊക്കെ 'ടാസ്‌ക്' ആയി നല്‍കി അത് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് തെളിവുകള്‍ ഫോട്ടോ ആയി തിരിച്ചേല്‍പ്പിച്ച് സ്വയം ഹത്യയിലൂടെ മുന്നേറുന്ന കുരുന്നുകള്‍ ഒരു പക്ഷേ, അറിയുന്നുണ്ടാവില്ല, തങ്ങളുടെ ക്യൂറേറ്ററുടെ ഒടുക്കത്തെ ചതി.
കാലന്‍ ഗെയിമായി മാറിയപ്പോള്‍
ഗെയിം എന്നു കേള്‍ക്കുമ്പോഴേ മനസില്‍ ഓടിയെത്തുക മനോഹരമായ പശ്ചാത്തലമായിരിക്കും. ഗ്രാഫിക്‌സും അതിമാനുഷരായ ക്യാരക്ടറുമൊക്കെ തലങ്ങും വിലങ്ങും സഞ്ചരിക്കുമ്പോള്‍ തങ്ങളുടെ നീക്കം ആരംഭിക്കുകയായി. ബ്ലൂവെയിലിനെ ഇത്തരം കാറ്റഗറിയില്‍ ഉള്‍പ്പെടുത്താനേ ആവില്ല. ശരിയായ അര്‍ത്ഥത്തില്‍ ബ്ലൂവെയില്‍ ഗെയിം ഒരു ഗെയിമല്ല. പക്ഷേ പലരാജ്യങ്ങളിലും ഈ മരണക്കളി നടക്കുന്നുണ്ട്. നിശ്ചിത കാലയളവില്‍ പൂര്‍ത്തിയാക്കേണ്ട ഒരു കൂട്ടം നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്. വെറും നിര്‍ദ്ദേശങ്ങളൊന്നുമല്ല ഇതില്‍. കടുപ്പമേറിയ 'ഒന്നൊന്നര' പ്രവര്‍ത്തനങ്ങളാണ് ഓരോരുത്തര്‍ക്കും നിര്‍ദേശിക്കുന്നത്. ആളുകളെ കണ്ടെത്തി സ്വാധീനിച്ച് അവര്‍ക്ക് ഓരോ ടാസ്‌കുകള്‍ നല്‍കി പിന്നീട് തങ്ങളുടെ വലയിലാക്കുകയാണ് ബ്ലൂവെയ്‌ലിന്റെ രീതി.
ബ്ലൂവെയില്‍ എന്നാല്‍ നീലത്തിമിംഗലം എന്നല്ലത്രെ കളിയുണ്ടാക്കിയവരുടെ പക്ഷം. മറിച്ച് സ്വയം മരണം തേടി തീരത്തടിയുന്ന ബ്ലയ്ഡ് വെയില്‍ എന്നതാണ് അവരുദ്ദേശിക്കുന്ന അര്‍ത്ഥം. ഗെയിം എന്നതിനേക്കാള്‍ ഒരു ഓണ്‍ലൈന്‍ ചതിക്കുഴി എന്നതാകും ബ്ലൂവെയ്‌ലിന് ചേരുന്ന പേര്. ഇത് എവിടെ നിന്നെങ്കിലും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാമെന്ന് കരുതി സെര്‍ച്ച് ചെയ്ത് ഇന്റര്‍നെറ്റിലെത്തിയാല്‍ അകപ്പെടുന്നത് വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താനും ബാങ്ക് തട്ടിപ്പുകള്‍ നടത്താനും ബ്ലാക്ക്‌മെയില്‍ ചെയ്യാനും തക്കംപാര്‍ത്തിരിക്കുന്ന ഡിജിറ്റല്‍ കള്ള•ാരുടെ മുന്നിലായിരിക്കും. അതിനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന നിരവധി സംഘങ്ങളുണ്ട് നെറ്റില്‍. ഓണ്‍ലൈനില്‍ പല ലിങ്കുകളും കാണാമെങ്കിലും അവയില്‍ 99 ശതമാനവും ഉപദ്രവകാരികളായ മാല്‍വെയറുകളാണ്.
യൂറോപ്പിലെ പ്രശസ്ത സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ വികെ, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയവ വഴിയുള്ള ചാറ്റിങ് വഴിയാകും ഇത്തരം 'ഗെയിം' പ്രായോജകര്‍ കുട്ടികളുമായി ബന്ധപ്പെടുക. ഇവയിലൊക്കെ ഇവര്‍ക്ക് രഹസ്യ ഗ്രൂപ്പുകളുമുണ്ടാകും. ഈ ഗ്രൂപ്പുകളിലേക്ക് ഇരയെ എത്തിക്കുക എന്നതാണ് ഗെയിമിന്റെ ആദ്യപടി. ഇതിനുമുമ്പ് ജപ്പാനില്‍ പ്രചരിച്ച റേപ്പ് ഗെയിം' കുട്ടികളില്‍ തെറ്റായ സന്ദേശവും കുറ്റകൃത്യവാഞ്ജയും വളര്‍ത്തിയിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇത് നിരോധിക്കുകയുണ്ടായി. ഇപ്പോള്‍ ബ്ലൂ വെയ്‌ലാണ് വില്ലന്‍. ഇതാകട്ടെ ബോധപൂര്‍വം സൃഷ്ടിച്ച ഒരു മരണക്കെണിയാണ്.
ഒരു ഗുണവുമില്ലാത്ത നിരവധി പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം ആളുകളെ ഇല്ലാതാക്കുകയാണ് താന്‍ രൂപപ്പെടുത്തിയ കളിയുടെ ലക്ഷ്യമെന്നാണ് മനഃശാസ്ത്ര വിദ്യാര്‍ഥി കൂടിയായ 'തലതിരിഞ്ഞ' ഫിലിപ്പ് ബുദേയ്ക്കിന്‍ ഒരഭിമുഖത്തില്‍ പറഞ്ഞത്. ഫലത്തില്‍ ഇല്ലാതാകുന്നത് ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകളാണ്. ഒരു ഗുണവുമില്ലാത്തവര്‍ ഇന്നും ഭൂമിക്കു ഭാരമായി ജീവിക്കുന്നു. ഗെയിമിന്റെ അഡ്മിന്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പതിനേഴുകാരിയെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തയും ഇതിനിടെയെത്തിയിരുന്നു. ലോകമെമ്പാടുമുള്ള തങ്ങളുടെ സഹോദരീ സഹോദര•ാരെ ഇല്ലായ്മ ചെയ്യാന്‍ കുട്ടികള്‍ തന്നെ നേതൃത്വം നല്‍കുന്നുവെന്ന് പറയുമ്പോള്‍ കാലത്തിന്റെ കുത്തഴിഞ്ഞ പോക്ക് എങ്ങോട്ടാണ്?
അതേസമയം, ബ്ലൂ വെയ്ല്‍ ഗെയിമിനെ തകര്‍ക്കാന്‍ പിങ്ക് വെയ്‌ലും ആഗോളവലയില്‍ നീന്തുന്നുണ്ട്. ബ്ലൂ വെയ്ല്‍ ഗെയിം പോലെ തന്നെ ഒരു കൂട്ടായ്മയും അതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുമാണു പിങ്ക് വെയ്‌ലിന്റെയും പ്രമേയം. എന്നാല്‍ പിങ്ക് വെയ്‌ലില്‍ സാമൂഹിക ന• മുന്‍ നിര്‍ത്തിയുള്ള നിര്‍ദേശങ്ങളാണു ലഭിക്കുക. ബ്ലൂ വെയ്‌ലിന്റെ സ്വാധീനം യുവാക്കള്‍ക്കിടയില്‍ കുറക്കാനും നേര്‍വഴി കാട്ടാനുമാണ് ഗെയിം തുടങ്ങിയതെന്നാണ് പിങ്ക് വെയ്ല്‍ അധികൃതരുടെ വാദം. ബ്ലൂ വെയ്ല്‍ പോലെ തന്നെ 50 ദൗത്യങ്ങളാണു പിങ്ക് വെയ്ല്‍ കളിക്കുന്നവര്‍ക്കും ലഭിക്കുക.
'നിങ്ങളാരോടെങ്കിലും തെറ്റുചെയ്തിട്ടുണ്ടോ; എങ്കില്‍ അവരോടു ക്ഷമ ചോദിക്കുക, രക്ഷാകര്‍ത്താക്കളോടു സ്‌നേഹം പ്രകടിപ്പിക്കുക' തുടങ്ങിയവയാണു പിങ്ക് വെയ്‌ലില്‍ ലഭിക്കുന്ന ദൗത്യങ്ങള്‍. ഫെയ്‌സ്ബുക് കേന്ദ്രീകരിച്ചാണു പിങ്ക് വെയ്‌ലിന്റെ പ്രവര്‍ത്തനം. പിങ്ക് വെയ്ല്‍ കാരണം ബ്ലൂ വെയ്‌ലിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടവരുമുണ്ടത്രേ!
കാര്‍ട്ടൂണില്‍ തുടങ്ങി ഗെയിമില്‍ മടക്കം
പണ്ട് കാലത്ത് പാടത്തും പറമ്പിലും കളിച്ച് നടന്നിരുന്നൊരു കുട്ടിക്കാലമുണ്ടായിരുന്നു. വീടിനകത്തൊതുങ്ങിയിരുന്ന കുട്ടികള്‍ വെറും വിരലിലെണ്ണാവുന്നവര്‍ മാത്രം. ഏതു വീട്ടിലും നിരവധി ആളുകള്‍. കുറേ കുട്ടികള്‍. എന്നാല്‍ ഇന്നങ്ങനെയല്ല. അണുകുടുംബം, ഏറിയാല്‍ രണ്ട് കുട്ടികള്‍. ഭൂരിഭാഗം കുടുംബങ്ങളിലുമത് ഒന്നാണ്. കളിക്കാന്‍ വീട്ടില്‍ കൂട്ടില്ല. മതില്‍ക്കെട്ടിനപ്പുറത്തെ കുട്ടിയുടെ അവസ്ഥയും അതുതന്നെ. പരസ്പരം കാണാനോ സംസാരിക്കാനോ ആവാതെ വീട്ടില്‍ അല്ലെങ്കില്‍ ഫളാറ്റില്‍ തളച്ചിടേണ്ടിവരുന്ന കുട്ടിക്കാലം. പിന്നെയുള്ള കൂട്ട് ടിവിയും മൊബൈലും കമ്പ്യൂട്ടറുമൊക്കെയാണ്. പുറത്തുപോയി പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ മാതാപിതാക്കള്‍ തന്നെ സമ്മാനിക്കുന്നതാണ് അതൊക്കെയും.
പണ്ടത്തെ കുട്ടികള്‍ കളിച്ചിരുന്ന നാടന്‍ കളികള്‍ പലര്‍ക്കും ഇന്ന് അറിയുകപോലുമില്ല. പുതിയ കളികളോടാണ് പുതുതലമുറക്ക് താല്‍പര്യം. അവയാകട്ടെ ഡെസ്‌ക്‌ടോപ്പില്‍ നിന്നും ലാപ്‌ടോപ്പിലേക്കും പിന്നീട് ടാബിലേക്കും മൊബൈലിലേക്കും കൂടുമാറിക്കഴിഞ്ഞു. കൂട്ടിനു ഹൈ സ്പീഡ് ഇന്റര്‍നെറ്റു കൂടിയായപ്പോള്‍ പല കളികളുടെയും രൂപവും ഭാവവും അപ്പാടെ മാറി. കൂട്ടുകാരോടൊപ്പം കളിച്ച് നടക്കേണ്ട പ്രായത്തില്‍ മൊബൈല്‍ഫോണിന്റെ ചെറിയ സ്‌ക്രീനിനുള്ളില്‍ ഗെയിമുകളിലൂടെ ഇത്തരം കുട്ടികളുടെ ലോകം ഒതുങ്ങുന്നു.
കൗമാര പ്രായത്തില്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം അരുതെന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള പ്രവണത കൂടുതലാണ്. ഭക്ഷണം കഴിക്കാന്‍ പറഞ്ഞാല്‍ കഴിക്കില്ല. വാരിക്കൊടുത്താലും കോരിക്കൊടുത്താലും സ്ഥിതി വ്യത്യസ്തമല്ല. അല്ലെങ്കില്‍ അവര്‍ക്ക് സ്വയം തോന്നണം. 'കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടേ വല്ലതും കഴിക്കൂ... അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഗെയിമിന് മുന്നിലായിരിക്കും അവര്‍. അതൊന്നും അനുവദിച്ചില്ലെങ്കില്‍ ഒരു തുള്ളി വെള്ളം പോലും കുടിച്ചെന്ന് വരില്ല' ഇങ്ങനെ മേനി പറഞ്ഞു നടന്നിരുന്ന കാലമുണ്ടായിരുന്നു ഞാന്‍ ഉള്‍പ്പെടുന്ന നമ്മുടെ സമൂഹത്തിന്. ഗെയിമിലുള്ള ഹരം കയറി സ്ഥലകാല ബോധം മറന്ന് ഭക്ഷണവും വെള്ളവും കഴിക്കാതെ ഗെയിം കളിച്ചുകൊണ്ടിരിക്കെ മരിച്ചുപോയ സംഭവങ്ങള്‍ വിദേശങ്ങളിലാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ നമ്മള്‍ തയ്യാറാണെങ്കിലും ഏറെ വൈകാതെ ഈയൊരു ദുരവസ്ഥയും കാണേണ്ടിവരുമെന്ന് തന്നെയാണ് യാഥാര്‍ഥ്യം.
പൊന്നു മക്കളേ...
കമ്പ്യൂട്ടര്‍ ഒന്ന് ഓഫാക്കെടാ...
പൊന്നു മക്കളേ... ആ കമ്പ്യൂട്ടര്‍ ഒന്ന് ഓഫാക്കി വെക്കെടാ...കണ്ണിന് ഇത്തിരി ആശ്വാസം കിട്ടട്ടെ .. അല്ലെങ്കില്‍ നാലുനേരവും ഗെയിമും കളിച്ചോണ്ടിരുന്നോ, പരീക്ഷക്കുള്ളതൊന്നും പഠിക്കേണ്ട... അച്ഛന്‍ വരട്ടെ... നിന്റെ കാര്യമെല്ലാം ഞാന്‍ പറഞ്ഞുകൊടുത്തേക്കാം... അമ്മ വലിയവായില്‍ അലമുറയിടുന്നത് കുട്ടികള്‍ കേട്ടെന്ന് വരില്ല. ഈയൊരു സാഹചര്യമുണ്ടാക്കാന്‍ ഇടയാക്കിയത് നമ്മള്‍ തന്നെയാണെന്ന് പലരും അപ്പോള്‍ ഓര്‍ക്കുന്നതേയില്ല.
രാവിലെ എഴുന്നേറ്റാല്‍ ഭക്ഷണം കഴിക്കാന്‍ വിമുഖത കാട്ടുമ്പോള്‍ ടിവിയില്‍ കാര്‍ട്ടൂണ്‍ വെച്ച് നല്‍കിയും ഉച്ചക്ക് ചോറ് തിന്നാന്‍ കമ്പ്യൂട്ടറില്‍ ഗെയിം വെച്ചുകൊടുത്തുമാണ് അവരെ ഊട്ടിവളര്‍ത്തിയത്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി, ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും കാര്യങ്ങള്‍ ചെയ്ത് വേണം കുഞ്ഞിന്റെ അമ്മയ്ക്ക് സ്വന്തം കാര്യം നോക്കാന്‍.. സമയമില്ലാതെ തിരക്കിട്ട് ജോലി സ്ഥലത്തെത്താന്‍. അപ്പോള്‍ തിരിക്കിട്ട് ഓടുന്നതിനിടയില്‍ കുട്ടിയെ തിന്നിപ്പിച്ചേ ഇറങ്ങാന്‍ കഴിയൂ. വാശി പിടിക്കുന്ന കുട്ടിയെ അതില്‍ നിന്ന് ശ്രദ്ധമാറ്റി ഭക്ഷണം കഴിപ്പിക്കാന്‍ കാര്‍ട്ടൂണ്‍ ചാനലുകള്‍ക്കോ മൊബൈല്‍ ഗെയിമുകള്‍ക്കോ അടിയറവെക്കാതെ പറ്റില്ല. മൂന്നു വയസുള്ള കുട്ടിയുടെ അമ്മയുടെ പരിദേവനം ഇങ്ങനെയാണെങ്കില്‍ ഇത് സ്ഥിരം പരിപാടിയാകുന്നതോടെ കുട്ടിയും ഇതില്‍ കൂടുതല്‍ താല്‍പര്യം കാണിച്ചുതുടങ്ങും. പിന്നെ ഇതില്ലാതെ ഒരു തുള്ളി വെള്ളം പോലും കുട്ടി കഴിച്ചെന്ന് വരില്ല! വളര്‍ന്ന് വലുതാകുന്നതോടെ കുരുന്നുകള്‍ അത്രമാത്രം കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക് അടിമയായി കഴിഞ്ഞിരിക്കുകയും ചെയ്യും!
ഇത് ഞങ്ങടെ ഏരിയാ....
സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയും കാലത്തിന്റെ പുരോഗതിയും മലയാളികളുടെ ജീവിതശൈലിയിലുണ്ടാക്കിയ മാറ്റം വളരെ വലുതാണ്. ഇന്ന് ജനിച്ചു വീഴുന്ന കുഞ്ഞുകള്‍ ഏറെ വൈകാതെ മൊബൈിലിനും സോഷ്യല്‍ മീഡിയക്കും പുറകിലുണ്ടാവും. കളിസ്ഥലത്തോ കലാലയങ്ങളിലോ കുടുംബത്തിലോ ഉള്ളതിലധികം സുഹൃത്തുക്കള്‍ ഓരോരുത്തര്‍ക്കും ഇന്റര്‍നെറ്റിലുണ്ട്. അതുകൊണ്ടുതന്നെ കമ്പ്യൂട്ടറിനെയും മൊബൈല്‍ഫോണിനെയുമൊന്നും ഒഴിവാക്കിക്കൊണ്ടുള്ള ജീവിതം ഇനി സാധ്യവുമല്ല.
കുട്ടിയുടെ കരച്ചില്‍ നിര്‍ത്താനാവും വെറുതെ മൊബൈലെടുത്ത് നല്‍കിയത്. തിരിച്ചും മറിച്ചും ഞെക്കിനോക്കിയും പതിയെ പതിയെ അതിലെ എല്ലാ സൂത്രങ്ങളും കൊച്ചുകുഞ്ഞ് മനസിലാക്കും. 'എത്ര ചെറിയ കുട്ടിയാ അവന്‍. ഒരു മൊബൈല്‍ഫോണ്‍ കൈയില്‍ കിട്ടിയാല്‍ അതിലെ എല്ലാ ഫങ്ഷന്‍സും എത്ര വേഗമാണ് കണ്ടെത്തുന്നതെന്നറിയാമോ? നമുക്ക് പോലും കാര്യങ്ങള്‍ പറഞ്ഞുതരുന്നത് അവരാണ്' പല രക്ഷിതാക്കളും തന്റെ പൊടിമക്കളെക്കുറിച്ച് അഭിമാനത്തോടെ പറയുന്ന കാര്യമാണിത്. അതോടൊപ്പം മൊബൈല്‍ പുതിയത് വാങ്ങിക്കൊടുക്കാത്തതിനും നിഷേധിച്ചതിനും കുമാരീ കുമാര•ാരുടെ ആത്മഹത്യയും വാര്‍ത്തകളായി നമുക്ക് നടുക്കം സമ്മാനിച്ചതുമാണ്. അതുകൊണ്ടുതന്നെ മൊബൈലോ ടാബോ കൈയില്‍ കിട്ടിയില്ലെങ്കില്‍ എന്ത് അക്രമവും കാണിക്കാന്‍ വെമ്പി നില്‍ക്കുന്ന ഏക സന്താനത്തെ അല്ലെങ്കില്‍ കുട്ടിപ്പട്ടാളത്തെ എതിരിടാന്‍ നമുക്കാവില്ലെന്നതാണ് സത്യം. ഈ സാഹചര്യം അവര്‍ കൃത്യമായി മുതലാക്കുന്നുമുണ്ട്!
മിക്കവാറും രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ഗെയിം കളിക്കുന്ന കുട്ടികള്‍ ബുദ്ധിമാന്‍മാരാണെന്ന ചിന്താഗതിയാണ്. സ്മാര്‍ട്ട്‌ഫോണോ ടാബോ കുട്ടിയുടെ കയ്യില്‍ കൊടുത്ത് ഗെയിം കളിച്ചു രസിക്കുന്നത് കാണുമ്പോള്‍ രക്ഷിതാക്കളുടെ കമന്റ് ഇങ്ങനെയാവും: 'ഞങ്ങള്‍ക്കറിയാത്തതു പോലും എന്റെ കുട്ടിക്കറിയാം' എന്ന്. ഒന്ന് ശരിയാണ്, നമ്മള്‍ അറിയാത്ത പലതും കുട്ടികള്‍ പഠിച്ചുകഴിഞ്ഞു. പക്ഷേ, കുട്ടികള്‍ പഠിക്കേണ്ടതല്ല പഠിച്ചിരിക്കുന്നതെന്നുള്ള സത്യം അറിയാന്‍ നാം ഏറെ വൈകിയെന്ന കാര്യവും. അതുകൊണ്ടുതന്നെയാണ് ബ്ലൂവെയ്ല്‍ കമ്പ്യൂട്ടര്‍ ഗെയിം ലോകമാകെ അതിന്റെ കരാളഹസ്തം നീട്ടി സഞ്ചരിക്കുമ്പോള്‍ ഏറ്റവുമധികം വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നവരുടെ ലിസ്റ്റില്‍ മാതാപിതാക്കള്‍ക്കുള്ള സ്ഥാനം ഒന്നാമതായതും.
മുഖാമുഖം കാണാത്തവര്‍
ഇക്കഴിഞ്ഞ ജൂലായില്‍ വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത പതിനാറുകാരന്‍ അവന്റെ അമ്മയോട് സംസാരിച്ചിരുന്നത് എസ്എംഎസ്/വാട്‌സ്ആപ്പ് വഴിയായിരുന്നു. തൊട്ടു തലോടി കണ്ണില്‍ നോക്കി നേരിട്ടു പറയേണ്ട കാര്യങ്ങള്‍ ഒരുവീട്ടില്‍ തൊട്ടടുത്ത മുറികളിലിരുന്ന് അമ്മയും മകനും മൊബൈല്‍ഫോണ്‍ സന്ദേശങ്ങളിലൂടെ സംസാരിക്കുക എന്നുവന്നാല്‍ നമ്മുടെ അവസ്ഥ എവിടെയെത്തി എന്നാണ് ആലോചിച്ചു പോകുന്നത്.
വീട്ടില്‍ മകനും മകളും സദാസമയം സ്വന്തം മുറിക്കുള്ളില്‍ അടച്ചിരുന്ന് എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നില്ല. ഒന്നിച്ചിരുന്ന് സംസാരിക്കുകയോ ഭക്ഷണം കഴിക്കുന്നതുപോലും അപൂര്‍വ്വം. ഓരോരുത്തര്‍ക്കും അവരുടേതായ സ്വകാര്യത. ആര്‍ക്കും നേരെ നോക്കാന്‍ സമയമില്ല. എല്ലാവരുടെയും നോട്ടം കരടികളെ പോലെ താഴേക്കാണ്, കൃത്യമായി പറഞ്ഞാല്‍ മൊബൈല്‍ സ്‌ക്രീനിലേക്ക്. പിന്നെങ്ങനെ വീട്ടിലുള്ളവരെ പരസ്പരം കാണും, സംസാരിക്കും!
തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകളൊന്നും മക്കള്‍ അനുഭവിക്കരുതെന്നും അവര്‍ മറ്റുള്ളവരേക്കാള്‍ സുഖത്തിലും സന്തോഷത്തിലും കഴിയണമെന്നും ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ കുട്ടികളുടെ ഏത് ആഗ്രഹത്തിനും വഴങ്ങും. അങ്ങനെ മക്കളുടെ മുറിയില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറും സ്മാര്‍ട്ട്‌ഫോണും മറ്റ് ആധുനിക സൗകര്യങ്ങളുമെത്തും. അതേസമയം, അവര്‍ കൃത്യമായി സ്‌കൂളില്‍ എത്തുന്നുണ്ടോ എന്ന് രക്ഷിതാക്കള്‍ക്കറിയില്ല. സ്‌കൂള്‍ വിട്ടുവരുന്ന മകന്‍ പുലരുവോളം കതകടച്ചിരുന്ന് ചെയ്യുന്നതെന്തെന്നും അവര്‍ അറിയുന്നില്ല. മക്കളുടെ കാര്യത്തില്‍ എത്തി നോക്കിയാലല്ലേ കാര്യങ്ങള്‍ അറിയാനാവൂ. കൃത്യമായി സ്‌കൂളില്‍ പോകാതെ, ഭക്ഷണം കഴിക്കാതെ, കൂട്ടുകാര്‍ക്കൊപ്പം കളിക്കാതെ, വീട്ടുകാര്‍ക്കൊപ്പം സമയം ചെലവിടാതെ മക്കള്‍ ചെയ്യുന്നതെന്താണെന്ന് ആരും അന്വേഷിച്ചില്ല. ഒടുവില്‍ അവന്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ തങ്ങള്‍ ചെയ്തതെന്താണന്ന തിരിച്ചറിവുണ്ടായിട്ടെന്തുകാര്യം.
നാം എങ്ങോട്ട് ?
രാവിലെ എല്ലാവരും ഉണരുമ്പോള്‍ അവന്‍ മാത്രം നല്ല ഉറക്കത്തിലായിരിക്കും. ബ്രേക്ഫാസ്റ്റും ലഞ്ചുമൊന്നും കഴിക്കാറില്ല. രാവിലെ എഴുന്നേല്‍ക്കാന്‍ വിളിക്കുന്നതും അവനിഷ്ടമല്ല. ഉച്ചയ്ക്ക് 2 മണിയാകുമ്പോള്‍ ഉണരും. വീടിനടുത്തുള്ള ഹോട്ടലില്‍ നിന്ന് അവനിഷ്ടമുള്ള ഭക്ഷണം വരുത്തി കഴിക്കും. വീട്ടിലുണ്ടാക്കുന്നതിലൊന്നും താല്‍പര്യവുമില്ല. ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ താമസമില്ല, കമ്പ്യൂട്ടറിലോ മൊബൈലിലോ ഗെയിം കളി തുടങ്ങും. ജോലിക്ക് പോകാന്‍ താല്‍പര്യമില്ല. പണിയെടുത്ത് കുടുംബം പോറ്റേണ്ട ഗതികേടും ഇയാള്‍ക്കില്ല. കേരളത്തിലെ ബിസിനസ് പ്രമുഖനായ ഒരു വ്യക്തിയുടെ കല്യാണ പ്രായമായ ഒരു മകന്റെ കഥയാണിത്! ധനികനാണെന്ന് പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ? മകന്റെ ഈ പ്രവൃത്തി മൂലം സമാധാനത്തിലും സ്വസ്ഥതയിലും ജീവിക്കാന്‍ മാതാപിതാക്കള്‍ക്ക് ഒരവസരവും ലഭിക്കുന്നില്ല.
ജോലിക്കൊന്നും പോകാതെ മൂന്നാലു വര്‍ഷമായി വീട്ടില്‍ അടച്ചിരിക്കുന്ന യുവാവ് രാത്രിയാവുമ്പോള്‍ ഗെയിം കളിക്കാന്‍ സജീവമായി രംഗത്തുണ്ടാവും. പകലാവുമ്പോഴേക്കും ഉറക്കം തുടങ്ങും. രാത്രിയെ പകലാക്കി ഗെയിം കളിച്ചു നടക്കുന്ന അധ്വാനിക്കാത്ത ഈ യുവാവ് നേടിയെടുത്തത് നൂറ് കിലോയിലധികം ശരീരഭാരവും രോഗങ്ങളും മാത്രം. നഷ്ടപ്പെടുത്തിയത് പിതാവ് സമ്പാദിച്ച ലക്ഷക്കണക്കിന് രൂപ. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചാണ് പണം തുലച്ചുകളഞ്ഞത്. സമ്മാനത്തുകയായി 100 മില്യണ്‍ ഡോളര്‍ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച ശേഷം ശാഠ്യം പിടിച്ച് മാതാപിതാക്കളുടെ കൈയില്‍ നിന്ന് കളിക്കാന്‍ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. അതെല്ലാം തീര്‍ന്നപ്പോള്‍ വീണ്ടും വീണ്ടും കാശ് ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ പിതാവ് അതിന് അറുതിവരുത്തി.
പഠിക്കുന്ന കാലത്തു തന്നെ ഈ കുട്ടി പ്രശ്‌നക്കാരനായിരുന്നു. എവിടെയും കൂടുതല്‍ കാലം പഠിക്കാന്‍ അവനിഷ്ടപ്പെട്ടില്ല. പോയിടത്തു നിന്നൊക്കെ ആറു മാസത്തിനുള്ളില്‍ വീട്ടില്‍ തിരിച്ചെത്തി. അവന്റെ ഇഷ്ടപ്രകാരം അമേരിക്കയില്‍ പഠിക്കാനയച്ചു. അവിടെയും ഇക്കാര്യം ആവര്‍ത്തിച്ചു. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പിതാവിന്റെ ബിസിനസിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി. എല്ലായിടത്തും കാര്യങ്ങള്‍ ഒരുപോലെയായിരുന്നു. പിതാവിന്റെ ഓഫീസില്‍ ജോലി ചെയ്യാതെ ഗെയിം കളിച്ചു നേരംപോക്കി. സഹിക്കവയ്യാതെ മകനോട് നിര്‍ത്തി പോയ്‌ക്കൊള്ളാന്‍ പിതാവിന് പറയേണ്ടി വന്നു. കമ്പ്യൂട്ടര്‍ ഗെയിം അഡിക്ഷന്‍ വരുത്തി തീര്‍ക്കുന്ന പ്രത്യാഘാതങ്ങളാണ് ഇതൊക്കെ.
കളിക്കാം, പേന പിടിക്കാനാവില്ല
പരീക്ഷയെഴുതാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് അവര്‍ മകനെയും കൂട്ടി ഡോക്ടറെ കാണാനെത്തിയത്. പേന പിടിക്കാന്‍ വയ്യ, പെരുവിരലില്‍ അതികഠിനമായ വേദന. പരിശോധനകള്‍ കഴിഞ്ഞ് ഡോക്ടര്‍ വിവരം പറഞ്ഞപ്പോഴാണ് അക്ഷരാര്‍ഥത്തില്‍ അച്ഛനമ്മമാര്‍ ഞെട്ടിയത്. അവന്റെ രോഗം 'വിഡിയോ ഗെയിമേഴ്‌സ് തമ്പ്' ആണത്രേ. നിരന്തരമായി ഗെയിം കളിക്കുന്നതിനെത്തുടര്‍ന്ന് കൈയിലെ പെരുവിരലില്‍ വരുന്ന വേദനയും നീര്‍ക്കെട്ടുമാണ് വിഡിയോ ഗെയിമേഴ്‌സ് തമ്പ്. മൊബൈലില്‍ മകന്റെ ഇഷ്ടപ്രകാരം ഇട്ടു കൊടുത്ത ഗെയിം ഇത്രമേല്‍ പ്രശ്‌നക്കാരനാകുമെന്ന് ആ അച്ഛനമ്മമാര്‍ ഒരിക്കലും കരുതിയില്ല.
റിവോള്‍വര്‍ ജീവിതത്തിലും
റിവോള്‍വര്‍ ഉപയോഗിച്ച് ആളുകളെ കൊന്നൊടുക്കുന്ന ഗെയിം കളിക്കുന്ന ശീലം അമേരിക്കയിലെ വിദ്യാര്‍ത്ഥികളില്‍ വ്യാപകമാണ്. 10 മുതല്‍ 20 വയസ് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച ഒരു പഠനത്തില്‍ വെളിപ്പെട്ടത് വിദ്യാര്‍ഥികളില്‍ കൊലയാളികളാന്‍ ഈ ഗെയിം ഏറെ സ്വാധീനം ചെലുത്തിയ കഥയാണ്. മെഷീന്‍ ഗണ്ണുമായി ഓടി നടന്ന് ഏറ്റവും കൂടുതല്‍ കൊല ചെയ്തത് എത്ര സമയം കൊണ്ടാണെന്ന് കണക്കുകൂട്ടുന്ന ഈ ഗെയിം ഒന്നിച്ചു കളിക്കുന്ന എതിരാളിയെയും ചൂടുപിടിപ്പിക്കും. അവനേക്കാള്‍ കൂടുതല്‍ തനിക്കും ആളുകളെ കൊല്ലണമെന്ന ചിന്ത മനസിലേക്ക് കടന്നുവരുന്നതോടെ ഗെയിമില്‍ മാത്രമാവും കുട്ടികളുടെ ശ്രദ്ധ. അതേസമയം, ഇവര്‍ക്ക് പ്രായം 25 ആവുമ്പോഴേക്കും യഥാര്‍ഥ ലോകത്തില്‍ ഒരാള്‍ മൂന്നു പേരെ കൊലപ്പെടുത്തിയെന്നാണ് കണക്ക്. ഇതേ കാലക്രമത്തില്‍ ഗെയിം കളിക്കാത്ത കുട്ടികളിലും പഠനം നടന്നു. അവിടെ വെളിപ്പെട്ടത് 10 ശതമാനം കുട്ടികള്‍ മാത്രമാണ് അക്രമകാരികളായെന്നതാണ്.
കാര്‍ റേസിംഗ് ഗെയിമുകളിലും ഇതേ അപകടം പതിയിരിക്കുന്നുണ്ട്. ലണ്ടനില്‍ നടന്ന ഒരു പഠനം വെളിപ്പെടുത്തിയത് കാറുകളുപയോഗിച്ച് കൂട്ടിയിടിച്ചുകൊണ്ട് അപകടമുണ്ടാക്കുന്ന ഗെയിമുകള്‍ കുട്ടികളെ ഏറെ സ്വാധീനിക്കുന്നുണ്ടെന്നാണ്. യഥാര്‍ഥ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഗെയിമില്‍ തങ്ങള്‍ പ്രയോഗിച്ച പാഠങ്ങള്‍ പ്രയോഗിച്ചു നോക്കാന്‍ പ്രലോഭനങ്ങളുണ്ടാവുമെന്നാണ് കുട്ടികള്‍ വെളിപ്പെടുത്തിയത്.
വിദേശ രാജ്യങ്ങളിലെ അരക്ഷിത മാനസികാവസ്ഥയുള്ള കൗമാരം ഇത്തരം കുരുക്കുകളില്‍ പെട്ടുപോകുന്നത് നമുക്കു വലിയ വാര്‍ത്തകളല്ല. എന്നാല്‍ കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യവും വിലയും കല്‍പിക്കുന്ന നമ്മുടെ നാട്ടിലെ കുട്ടികളില്‍ ഇത്തരം ഗെയിമുകള്‍ ഉണ്ടാക്കുന്ന സ്വാധീനം അമ്പരിപ്പിക്കുന്നതാണ്.
കളി കാര്യമാവുന്നു
ഒരു കൊച്ചു കുട്ടിക്ക് അവന്റെ ലോകത്തെ കൂടുതല്‍ പരിചയപ്പെടുന്നതിനും അവന്റെ ഭാവനകളെ ഉദ്ദീപിപ്പിക്കുന്നതിനും സര്‍ഗാത്മകമായ കഴിവുകള്‍ ഉണര്‍ത്തുന്നതിനും, വ്യക്തിയുടെ എല്ലാ വികാസഘട്ടങ്ങളെയും പരിപോഷിപ്പിക്കുന്നതിനും വിവിധതരം കളികള്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. കാലഘട്ടങ്ങള്‍ക്കനുസരിച്ച് കളികളുടെ രൂപത്തിലും ഭാവത്തിലുമൊക്കെ മാറ്റം സംഭവിച്ചിട്ടുണ്ട്.
എന്റെ മകന്‍ മൊബൈല്‍ ഫോണെടുക്കുന്നത് ഗെയിം കളിക്കാന്‍ മാത്രമാണ്. അല്ലാതെ വേറൊന്നിനും അവന്‍ ഫോണ്‍ ഉപയോഗിക്കാറില്ല. ഇങ്ങനെ വീമ്പ് പറയുന്ന അച്ഛനമ്മമാരുണ്ട്. മൊബൈല്‍ ഫോണിലെ ഗെയിം പ്രശ്‌നക്കാരനല്ലെന്ന ചിന്തയുണ്ടെങ്കില്‍ ഇനിയത് വേണ്ട. ഗെയിമുകള്‍ കുട്ടികളുടെ ചിന്തയെ ദോഷകരമായി ബാധിക്കുന്നുണ്ട്. കാര്‍ റെയ്‌സിംഗും ബൈക്ക് റെയ്‌സിംഗും വെടിവയ്പ്പും നിസാരമെന്ന് കരുതരുത്. ഇത്തരം ഗെയിമുകള്‍ കുട്ടികളെ അക്രമസ്വഭാവമുള്ളവരും ദേഷ്യക്കാരുമാക്കാറുണ്ട്. ശരിയേത് തെറ്റേതെന്ന് തിരിച്ചറിയാനാവാത്ത കുട്ടികള്‍ വീഡിയോ ഗെയിമില്‍ കാണുന്ന പലതും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. വിരലിലെ വേദന മുതല്‍ മോഷണത്തിനു വരെ വഴിതെളിക്കുന്നുണ്ട് പുത്തന്‍ മൊബൈല്‍ ഗെയിമുകള്‍.
കൗമാരക്കാര്‍ക്കിടയില്‍ വളരെ പ്രശസ്തമായ ഒരു വീഡിയോ ഗെയിമിന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്തിടെ ഓസ്‌ട്രേലിയ നിരോധിക്കുകയുണ്ടായി. പട്ടണത്തിലൂടെ കാറോടിക്കുന്നതിനൊപ്പം കുട്ടികളെ കൊള്ളയും കൊലപാതകവും ഒക്കെ പഠിപ്പിക്കുന്നുണ്ട് ഈ കളി. പബ്ബുകളില്‍ കയറാനും അടിപിടി നടത്താനും യുവതികളെ ഡേറ്റ് ചെയ്യാനും വരെ സൗകര്യമുണ്ട് ഈ ഗെയിമില്‍. കാറുകളില്‍ സ്ത്രീകളെ കയറ്റികൊണ്ടുപോയി പട്ടണത്തിലെ ഒഴിഞ്ഞ ഇടങ്ങളില്‍ അസാന്‍മാര്‍ഗികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമെല്ലാം ഗെയിം സൗകര്യം നല്‍കുന്നുവെന്ന് വരുമ്പോള്‍ തലയില്‍ കൈവെക്കാതെ തരമുണ്ടാകില്ല. വഴിയില്‍ പോകുന്നവരെ നിഷ്‌ക്കരുണം മര്‍ദ്ദിച്ചോ വെടിവെച്ചോ കൊല്ലുമ്പോള്‍ കളിക്കാരന്റെ ക്രൈം വാല്യൂ കൂടിക്കൂടി വരുമെന്നതാണ് മറ്റൊരു പ്രത്യേകത. ഒപ്പം കളിയിലെ ത്രില്ലും! ചുരുക്കിപ്പറഞ്ഞാല്‍ ക്രിമിനലാക്കുന്ന സുഹൃത്താണ് പല കുട്ടികള്‍ക്കും ഈ ഗെയിം ഇന്ന്.
കള്ളനെ പിടിക്കണോ? ബോംബുകള്‍ കണ്ടുപിടിക്കണോ? കൃഷി ചെയ്യണോ? മന്ത്രവാദത്തില്‍ ഒരു കൈ നോക്കണോ? ഇതെല്ലാം സാധിക്കും ഗെയിമുകളില്‍. സ്വയം ഹീറോയാകാം. കൂട്ടുകൂടി കളിച്ചാല്‍ മറ്റുള്ളവരെ അടിച്ചമര്‍ത്തുകയുമാകാം. കാന്‍ഡി ക്രഷ് സാഗ, പെറ്റ് റെസ്‌ക്യൂ സാഗ, ഫാം വില്ലി, പിരമിഡ് സോളിറ്റെയര്‍, ഹെയ് ഡേ, ടെമ്പിള്‍ റണ്‍ തുടങ്ങിയ ഗെയിമുകളില്‍ പലതും കുട്ടികള്‍ക്കിടയില്‍ വൈറലാണ്. പൊതുവേ നോക്കുമ്പോള്‍ അപകടകാരികളല്ല ഈ ഗെയിമുകളൊന്നും. പക്ഷേ, കളി ഹരം പിടിച്ചാല്‍ പോയിന്റ് കൂട്ടിയെടുക്കാനും ലെവലുകള്‍ പിന്നിടാനും ആവശ്യത്തില്‍ കവിഞ്ഞ ആവേശത്തിലേക്ക് പോകാം. ആവേശം മുറുകി വരുമ്പോള്‍ കളിക്കുന്ന ഗെയിമുകളുടെ എണ്ണവും ഇനവും കൂടും. അതിനിടെ ബ്ലൂവെയ്ല്‍ പോലുള്ള ഗെയിമുകളുടെ ചൂണ്ടയിലും കൊത്തിയേക്കാം.
ഫെയ്‌സ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയിലൂടെ ഗെയിം കളിക്കുന്നതിനാണ് ഒറ്റയ്ക്കിരുന്ന് കളിക്കുന്നതിനെക്കാള്‍ മിക്ക കുട്ടികള്‍ക്കും പ്രിയം. കൂട്ടുകൂടി കളിക്കാം ഒപ്പം മറ്റൊരാളെ അടിയറവ് പറയിക്കുന്നതും പോയിന്റ് നേടുന്നതും ഫെയ്‌സ് ബുക്ക് വാളില്‍ പോസ്റ്റു ചെയ്യുകയുമാകാം. ഇത്രയും മതി എതിരാളിയെ പ്രകോപിപ്പിക്കാന്‍. അങ്ങനെ കടുത്ത മത്സരം തുടങ്ങുകയായി. അതുകൊണ്ടുതന്നെയാണ് കുത്സിത ബുദ്ധിയോടെ ഗെയിം രൂപപ്പെടുത്തുന്നവര്‍ അതിന്റെ പ്രചാരണത്തിന് സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്നതും.
യഥാര്‍ത്ഥ ലോകത്തേക്കാള്‍ ഇന്റര്‍നെറ്റില്‍ ആളുകളുടെ ദൗര്‍ബല്യങ്ങള്‍ മനസിലാക്കാന്‍ എളുപ്പമാണ്. സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലും സമപ്രായക്കാരുടെ സംഘത്തിലുമെല്ലാം അപകടകരമായ വെല്ലുവിളികളേറ്റെടുക്കുന്ന കളികള്‍ ഉണ്ടാവാനിടയുണ്ട്. ഗ്രൂപ്പുകള്‍ക്കകത്ത് എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അത് മനസിലാക്കാന്‍ വ്യക്തിപരമായി ബന്ധമുള്ളവര്‍ക്കേ കഴിയുകയുള്ളൂ.' ഇവിടെയാണ് രക്ഷിതാക്കളും അധ്യാപകരുമെല്ലാം ശ്രദ്ധ പതിയേണ്ടത്.
വീഡിയോ ഗെയിമുകളും കുട്ടികളും
ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തിരിക്കുമ്പോള്‍, പഠിച്ചു മുഷിയുമ്പോള്‍, രാത്രി ഉറക്കം വരാതിരിക്കുമ്പോള്‍, എന്തിന് ടീച്ചറുടെ അധ്യാപനം മടുക്കുമ്പോള്‍ വരെ രസത്തിന് കളിച്ചു തുടങ്ങുന്ന മൊബൈല്‍ ഗെയിമുകള്‍ കുട്ടികളുടെ ഭാവി തന്നെ തകരാറിലാക്കുന്ന അനുഭവങ്ങള്‍ കേരളത്തിലും വിരളമല്ലെന്ന് ആരോഗ്യരംഗത്തെ പ്രമുഖര്‍ പറയുന്നു. ചില വീഡിയോ ഗെയിമുകള്‍ കുട്ടികളുടെ വ്യക്തിത്വ വളര്‍ച്ചയെയും ബൗദ്ധികമായ വളര്‍ച്ചയെയും സഹായിക്കുന്നതാണ്. ശ്രദ്ധയും ബുദ്ധിയും ഉപയോഗിച്ചു കളിക്കേണ്ടവയാണ് തിങ്ക് ഗെയിമുകള്‍. നിയന്ത്രിതമായി കളിച്ചാല്‍ മനസിനെ ഉണര്‍ത്തുന്നതാണ് ഇത്തരം ഗെയിമുകളെങ്കിലും ഗെയിമില്‍ അഡിക്റ്റഡ് ആയി പോകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ എല്ലാ നല്ല വശങ്ങള്‍ക്കും മോശം വശങ്ങളുണ്ട് എന്ന് പറയുന്നതുപോലെ വീഡിയോ ഗെയിമുകള്‍ക്ക് ആളുകളുടെ പെരുമാറ്റത്തിലും മനോഭാവത്തിലും മാറ്റം വരുത്താന്‍ കഴിയുമെന്ന് നിരീക്ഷണങ്ങളുണ്ട്. എന്തുകൊണ്ടും അമിതമായി വെര്‍ച്ച്വല്‍ ലോകത്തില്‍ വ്യാപരിക്കുന്നത് വ്യക്തിയില്‍ വിധേയത്വമുണ്ടാക്കുകയും പല തരത്തിലുള്ള മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യാം.
വീഡിയോ ഗെയിം പോലെ തന്നെയാണ് കാര്‍ട്ടൂണുകളുടേയും അവസ്ഥ. ചുരുങ്ങിയ സമയം കൊണ്ട് കഥ പറയുന്ന കാര്‍ട്ടൂണുകള്‍ മനസിലാക്കാന്‍ അധികസമയം വേണ്ടതില്ല. ഇവയുടെ ആശയം മനസിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല. അതിനാല്‍ പതിവായി കാര്‍ട്ടൂണ്‍ കാണുന്ന കുട്ടികള്‍ക്ക് ശ്രദ്ധക്കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൊബൈല്‍ ഫോണുകള്‍ക്കൊപ്പം ജീവിക്കുന്ന കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരികപ്രശ്‌നങ്ങളും കുറവല്ല. ഇവയുടെ അമിതോപയോഗം ശരീരത്തിന്റെ സ്വാഭാവികനിലയെ തകരാറിലാക്കും. ലൈറ്റണച്ച് രാത്രിയിലെ മൊബൈല്‍ ഉപയോഗം കാഴ്ചാവൈകല്യത്തിനിടയാക്കും. മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ പരിധി നിശ്ചയിക്കേണ്ടത്.
ലഹരിയായി പടരുമ്പോള്‍...
വീട്ടിലും സമൂഹത്തിലും വിദ്യാലയത്തിലുമെല്ലാം അരക്ഷിത ബോധത്തിലകപ്പെടുന്ന കൗമാരമാണ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള അഭയ കേന്ദ്രങ്ങളിലേക്ക് ചേക്കേറുന്നത്. ഇവര്‍ ചര്‍ച്ച ചെയ്യുന്നതാകട്ടെ വീഡിയോ ഗെയിമുകളും സാഹസങ്ങളുമാണ്. കുട്ടികളോട് സംസാരിക്കാനും അവര്‍ക്കൊപ്പം ഇടപഴകാനും മാതാപിതാക്കളും കുടുംബാംഗങ്ങളും സമയം കണ്ടെത്താതെ വരികയും സാങ്കേതികവിദ്യ യഥേഷ്ടം ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റിലും 'ബ്ലൂവെയ്ല്‍ ചലഞ്ച്' പോലുള്ള കളികളിലും കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു. പതിയെ അതിന് അടിമകളാകുന്നു. വീട്ടില്‍ കമ്പ്യൂട്ടര്‍ കിട്ടാത്തവര്‍ പുറത്ത് പോയി ചെയ്യും. കുട്ടികള്‍ ഇത്തരം ഗെയിമുകളുടെ അനന്തസാധ്യതകള്‍ കണ്ടെത്തിയതിനു ശേഷം മാത്രമായിരിക്കും നമ്മള്‍ അറിയുന്നത്.
ലഹരി വസ്തുക്കള്‍ക്ക് അടിമയാകുന്നതു പോലെയാണ് മൊബൈല്‍ഫോണ്‍, ഓണ്‍ലൈന്‍ ഗെയിം, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയില്‍ അടിമയാകുന്നതും. ദൈനംദിനം ചെയ്യേണ്ട കാര്യങ്ങള്‍ മാറ്റിവച്ച് ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍ പോകുമ്പോഴാണ് ഇതിന് അടിമയായി എന്ന് മനസിലാക്കേണ്ടത്. തലച്ചോറില്‍ ഡോപമിന്‍ എന്ന രാസപദാര്‍ഥമാണ് സന്തോഷമുണ്ടാക്കുന്നത്. സന്തോഷമുണ്ടാകുന്ന എന്തുകാര്യം ചെയ്താലും ഡോപമിന്റെ അളവു കൂടും. അത് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുമ്പോഴാകാം, കൂട്ടുകാരുമായി യാത്ര ചെയ്യുമ്പോഴാകാം, ഗെയിം കളിക്കുമ്പോഴുമാകാം. ഈയൊരു സന്തോഷമാണ് ഇത്തരം കളികളിലൂടെ ഉണ്ടാക്കുന്നതും. ഇതിന് വലുപ്പ ചെറുപ്പമൊന്നും ബാധകമല്ല. മാതാപിതാക്കള്‍ കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്നതിനിടെ ശല്യപ്പെടുത്തിയ കുട്ടികളെ ആ സമയത്തുള്ള ദേഷ്യത്തിന് കൊലപ്പെടുത്തിയ വാര്‍ത്തകള്‍ പലവുരു വിദേശങ്ങളില്‍ നിന്ന് വന്നിട്ടുണ്ട്. ഗെയിമുകളില്‍ അത്രമാത്രം ബദ്ധശ്രദ്ധരായിരിക്കും ഇത്തരക്കാര്‍.
അമിത താല്‍പര്യം ആപത്ത്
കളിയോടുള്ള താല്‍പര്യം ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അവസ്ഥയെയാണ് ഗെയിം അഡിക്ഷന്‍ ആയി കണക്കാക്കുന്നത്. തുടര്‍ച്ചയായി ഏറെനേരം ഗെയിം കളിക്കുന്ന അവസ്ഥയാണിത്. അഡിക്ഷന്‍ ഉണ്ടാകാന്‍ തക്കവിധമാണ് ഓരോ ഗെയിമും രൂപകല്‍പന ചെയ്തിരിക്കുന്നതും. അതാണ് അതിന്റെ വിജയവും.
ബസിലും ക്ലാസിലും കിടപ്പുമുറിയിലും ഒളിച്ചുവെച്ച് കളിക്കാന്‍ സൗകര്യം നല്‍കുന്നതാണ് മൊബൈല്‍ ഗെയിമുകള്‍ എന്നതിനാല്‍ അഡിക്ഷന്‍ ആരുമറിയാതെ വളരാന്‍ എളുപ്പമാണ്. ക്രിക്കറ്റും ഫുട്‌ബോളും വരെ ഗെയിമുകളുടെ രൂപത്തില്‍ ലഭ്യമാണെങ്കിലും കായികമായ കളികള്‍ നല്‍കുന്ന ശാരീരിക, മാനസിക പ്രയോജനങ്ങളൊന്നും മൊബൈല്‍ ഗെയിമുകള്‍ നല്‍കുന്നില്ല. അതിലെ നേട്ടങ്ങള്‍ ജീവിതത്തില്‍ ഒരു വിധത്തിലും നേട്ടങ്ങളാകുന്നില്ലെന്നതും കുട്ടികളിലെ ഗെയിം അഡിക്ഷനെ കൂടുതല്‍ പ്രതികൂലമാക്കുന്നു. ഭാവി വളര്‍ച്ചയ്ക്കായുള്ള വിലയേറിയ സമയമാണ് ഇത്തരം ഗെയിമുകള്‍ അപഹരിക്കുന്നത്.
അമിതാഹാരത്തിന് അടിമപ്പെടുന്നതു പോലെയാണ് ഗെയിം അഡിക്ഷനും. ലഹരിക്ക് അടിമപ്പെടുന്നതു പോലെ അപകടകാരിയല്ലെങ്കിലും ചിലപ്പോള്‍ അനന്തരഫലം അതിനേക്കാള്‍ ഗുരുതരമായേക്കാം. മണിക്കൂറുകളോളം കളിയിലേര്‍പ്പെട്ട് ലഹരി പിടിച്ചിരിക്കുന്നവര്‍ ഭക്ഷണം കഴിക്കാന്‍ പോലും മറന്നുപോകുന്നു. അത്രമാത്രം ഹരമാണ് ഈ കളിയില്‍ അവര്‍ക്കുള്ളത്. മൂത്രമൊഴിക്കാന്‍ പോലും എഴുന്നേറ്റു പോകാതെ കളിയില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികള്‍ വിദേശരാജ്യത്ത് മരിച്ചെന്ന വാര്‍ത്ത നമ്മളും കേട്ടിട്ടുണ്ട്. ഗെയിം അഡിക്ഷന്‍ ഉണ്ടായാല്‍ ഉറക്കത്തിന്റെ സമയക്രമവും പലപ്പോഴും താളം തെറ്റും. എന്തെങ്കിലും കാരണവശാല്‍ ഗെയിം കളിക്കാന്‍ കഴിയാതെ വിറയല്‍, ഉറക്കകുറവ്, തലവേദന, അമിത ദേഷ്യം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. വര്‍ദ്ധിച്ചുവരുന്ന ഗെയിം അഡിക്ഷനെ തുടര്‍ന്ന് ചൈനയില്‍ ഗെയിമുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അവസ്ഥ പോലുമുണ്ടായി. ഡി-അഡിക്ഷന്‍ സെന്ററുകള്‍ രാജ്യത്ത് മുളച്ചുപൊങ്ങുകയാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് വെബ് ഗെയിം ഡെവലപ്പര്‍മാരോട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അര്‍ധരാത്രി മുതല്‍ രാവിലെ എട്ടു വരെ ഗെയിം ലഭ്യമാക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മാത്രമല്ല ഐഡന്റിറ്റി കാര്‍ഡിലെ വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമേ ഗെയിം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. ഇന്റര്‍നെറ്റ് അഡിക്ഷനെത്തുടര്‍ന്ന് ഡി-അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ച വൈരാഗ്യത്തില്‍ പതിനാറുകാരി അമ്മയെ കൊന്ന സംഭവം പോലുമുണ്ടായിട്ടുണ്ട്.
ഗെയിം അഡിക്റ്റഡ് ആകുമോ?
സാഹസികത കാണിക്കാന്‍ ഏറ്റവുമധികം വെമ്പുന്ന പ്രായമാണ് ടീനേജ്. ബ്ലൂവെയ്ല്‍ അല്ല അതിനപ്പുറം കടുപ്പമേറിയ ഗെയിമുകള്‍ ഓണ്‍ലൈനിലെത്തിയാലും അതിനെ ചുറ്റിപ്പറ്റി കൗമാരപ്രായക്കാര്‍ വട്ടംചുറ്റും. അത് ആത്മഹത്യ ചെയ്യിക്കുമോ? എന്നെ വഴി തെറ്റിക്കുമോ? എന്നാലതൊന്ന് കാണണമല്ലോ എന്ന ഒരു മാനസികാവസ്ഥയായിരിക്കും ഇതിന് പിന്നാലെ പോകുന്ന കുട്ടികളുടേത്. സുഹൃത്തുക്കളുടെ ഇടയില്‍ ധീര പരിവേഷം കിട്ടുമെന്ന തോന്നലും അവരെ ഇത്തരം കളികളിലേക്കാകര്‍ഷിക്കുന്നു.
ആരോഗ്യകരമായ മാനസിക നിലയിലുള്ളവരല്ല ഇത്തരം കുട്ടികള്‍. കുടുംബത്തിലെ സുരക്ഷിതത്വമില്ലായ്മ, ഒറ്റപ്പെട്ട അവസ്ഥ, സാമൂഹിക ബന്ധങ്ങളിലെ കുറവ്, രക്ഷിതാക്കളുടെ അനാരോഗ്യകരമായ പരസ്പര ബന്ധം തുടങ്ങിയവയെല്ലാം സൈബര്‍ ലോകത്തെ പെരുമാറ്റദൂഷ്യത്തിനു കാരണമാകുന്നു. സൈബര്‍ ലോകത്ത് ഒരിക്കലും തിരിച്ചറിയപ്പെടില്ലെന്നും എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നുമുള്ള അബദ്ധധാരണകളും ഈ വൈകൃതത്തിനു പിന്നിലുണ്ടാകും.
ഏത് സമര്‍ഥനായ കുട്ടിയും ഗെയിം അഡിക്റ്റഡ് ആയേക്കാം. ഗെയിം അഡിക്ഷന്‍ കുട്ടിക്കുണ്ടോ എന്ന് സ്വഭാവത്തെ നിരീക്ഷിക്കുന്നതിലൂടെ കണ്ടെത്താം. ഉറക്കക്കുറവ്, മൈഗ്രെയ്ന്‍, ക്ഷീണം, വിളര്‍ച്ച, പഠനവൈകല്യങ്ങള്‍, കൈകാലുകള്‍ക്കും നടുവിനും കഴുത്തിനും വേദന, പോഷകക്കുറവ് തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം വിഷാദം, ദേഷ്യം, കരുണയില്ലായ്മ, വ്യക്തിശുചിത്വത്തില്‍ താല്‍പര്യക്കുറവ്, അനാവശ്യമായ അസ്വസ്ഥത, കളി നേരത്തെക്കുറിച്ച് കള്ളം പറയുക, കൂട്ടുകാര്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാന്‍ മടി. തുടങ്ങിയവ കണ്ടാല്‍ ഗെയിം അഡിക്ഷന്‍ സംശയിക്കണം. സ്‌കൂളിലും മറ്റുള്ളവരോടും മോശമായി പെരുമാറുക, ഓണ്‍ലൈനായി കളിക്കാന്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജുകള്‍ക്കായി മോഷണം തുടങ്ങിയവ വലിയ പ്രശ്‌നങ്ങളിലേക്ക് വളരും മുമ്പ് കുട്ടിയെ ഗെയിം അഡിക്ഷനില്‍ നിന്നു പിന്തിരിപ്പിക്കുക.
ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ടവരുടെ തലച്ചോറിലുണ്ടാകുന്ന പോലെയുള്ള രാസവ്യതിയാനം ഗെയിം അടിമത്വം ഉള്ളവരുടെ തലച്ചോറിലും കണ്ടുവരുന്നു. ഹൈപ്പര്‍ ആക്ടിവിറ്റി ഉള്ള കുട്ടികളില്‍ ഗെയിം അഡിക്ഷന് സാധ്യത കൂടുതലാണ്. അവര്‍ക്ക് ഗെയിം നല്‍കാതിരിക്കുകയാണ് നല്ലത്. അച്ഛനമ്മമാര്‍ അടുത്തില്ലാത്ത, അച്ഛനമ്മമാരുടെ കരുതല്‍ ലഭിക്കാത്ത കുട്ടികള്‍ ഗെയിം അഡിക്റ്റഡാകാം. ഒരു ദിവസം 12 മണിക്കൂര്‍ കുട്ടി ഗെയിം കളിക്കുന്നുവെങ്കില്‍ അത് തീര്‍ച്ചയായും നിയന്ത്രിക്കേണ്ടതാണ്. അര മണിക്കൂറില്‍ കൂടുതല്‍ ഗെയിം കളിക്കുന്നത് തുടക്കത്തില്‍ തന്നെ നിയന്ത്രിച്ചാല്‍ ഗെയിം അഡിക്ഷനിലേക്ക് നീങ്ങാതെ കുട്ടിയെ സംരക്ഷിക്കാനാവും.
പലപ്പോഴും കുട്ടികാലത്ത് ശ്രദ്ധ കുറവ്, അമിതവികൃതി, എടുത്തുചാട്ടം തുടങ്ങിയ ലക്ഷണങ്ങളുള്ള 'ഹൈപ്പര്‍കൈനറ്റിക് ഡിസോഡര്‍'എന്ന പ്രശ്‌നമുള്ളവര്‍ ഇത്തരം അടിമത്വങ്ങളിലേക്ക് വീണുപോകാന്‍ സാധ്യതയേറെയാണ്. ഇത് ചികിത്സിക്കാത്ത പക്ഷം അവര്‍ ലഹരി വസ്തുക്കളോടുള്ള അടിമത്വം, ഇന്റര്‍നെറ്റ് അടിമത്വം, ഗെയിം അടിമത്വം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു വിധേയരാകാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
അഡിക്ഷനിലേക്ക് നീങ്ങിയ കുട്ടിയാണെങ്കില്‍ കളി ഒരു ദിവസം കൊണ്ട് നിര്‍ത്തിയേക്കരുത്. അത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക. അതേസമയം, കളിയുടെ ദൈര്‍ഘ്യം ക്രമേണ കുറച്ചുകൊണ്ടുവരികയും ഗെയിമില്‍ നിന്ന് മാറുന്ന സമയം തികച്ചും രസകരമായ മറ്റെന്തെങ്കിലും വിനോദങ്ങളിലേക്ക് നയിക്കുകയും ചെയ്യുക. ഗെയിം നിറുത്തി പഠിക്കാന്‍ പറഞ്ഞു നോക്കൂ. കുട്ടികള്‍ ദേഷ്യപ്പെടുന്നത് കാണാം. ഗെയിം തല്‍ക്കാലം ഒഴിവാക്കി കുട്ടിയെ പുറത്തുകൊണ്ടുപോകാം. സിനിമയ്‌ക്കോ പാര്‍ക്കിലോ ബീച്ചിലോ സുഹൃത്തുക്കളുടെ വീട്ടിലേക്കോ ആയിക്കോട്ടെ ഇത്തരം യാത്രകള്‍.
അടുത്തിരിക്കാം കുട്ടികളോട്...
കുട്ടികളുടെ വളര്‍ച്ച ഏറ്റവും അടുത്തുനിന്നുകാണുന്നവര്‍ രക്ഷിതാക്കളാണ്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ക്കൊപ്പം നില്‍ക്കാനും അവരെ അടുത്തറിയാനും അവര്‍ക്കൊപ്പമുണ്ടെന്ന് ബോധ്യപ്പെടുത്താനും ശ്രമിച്ചാല്‍ ചതിക്കുഴികളില്‍ നിന്ന് ഏറെക്കുറെ അവരെ അകറ്റി നിര്‍ത്താം. ചെറിയ പ്രായത്തില്‍ തന്നെ ലോകത്തെ അടുത്തറിയാനും സമൂഹത്തോട് അടുത്തിടപഴകാനും കുട്ടി പഠിക്കട്ടെ. കണ്ടും കേട്ടും അനുഭവിച്ചുമാണ് ഒരു കുട്ടി വളരേണ്ടത്. അല്ലെങ്കില്‍ നാല് ചുമരുകള്‍ക്കുള്ളില്‍ അവന്റെ ചിന്തകളും ചുരുങ്ങിപ്പോകും.
ശല്യം ഒഴിവാകട്ടെ എന്നു കരുതി മാതാപിതാക്കളില്‍ പലരും കുട്ടികളെ വീഡിയോ ഗെയിം കളിക്കാന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. പതിവായി വീഡിയോ ഗെയിം കളിക്കുന്ന കുട്ടികളില്‍ ആത്മഹത്യാപ്രവണത, വിഷാദം, പഠനത്തില്‍ പിന്നാക്കം നില്‍ക്കുക, പെരുമാറ്റവൈകല്യങ്ങള്‍ എന്നിവയുണ്ടാകും. കുട്ടികള്‍ക്ക് നെറ്റും മൊബൈലുമൊക്കെ ഉപയോഗിക്കാന്‍ സമയം നിശ്ചയിക്കുക, ഓണ്‍ലൈനിലെന്ന പോലെ പുറത്തു പോയും അവരെ കളിക്കാന്‍ അനുവദിക്കുക / പ്രേരിപ്പിക്കുക, അവരോട് തുറന്ന് ചര്‍ച്ച ചെയ്ത് അവര്‍ക്ക് എന്തും പറയാവുന്ന അടുപ്പമുണ്ടാക്കുക തുടങ്ങിയവയാണ് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ മാന്യതകള്‍ കുട്ടികളെ പറഞ്ഞു മനസിലാക്കണം.
അതോടൊപ്പം സാമൂഹ്യാവബോധവും സൃഷ്ടിക്കേണ്ടതുണ്ട്. കുട്ടികളിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും രക്ഷിതാക്കള്‍ അറിയണം. ക്ഷീണം, ശരീരത്തിലെ മുറിവുകള്‍, അകാരണമായ ഭയം, വിശപ്പില്ലായ്മ, പഠനക്കുറവ്, എത് സമയവും ഗെയിമിന് മുന്നിലിരിക്കുക എന്നിവയെല്ലാം തിരിച്ചറിയണം. രക്ഷിതാക്കളെ പേടിച്ച് കുട്ടികള്‍ ഒന്നും പറയാത്ത അവസ്ഥ സൃഷ്ടിക്കരുത്. എന്നാല്‍ ഏതു സമയവും കുട്ടി എന്തു ചെയ്യുന്നു എന്നുനോക്കി അവരെ ശല്യം ചെയ്യുകയുമരുത്. അവരുടെ ഒരു സുഹൃത്തെന്ന നിലയില്‍ എല്ലാത്തിനും പരിഹാരമുണ്ടെന്ന രീതിയില്‍ കുട്ടിയെ ആശ്വസിപ്പിക്കുകയും സംരക്ഷണം നല്‍കുകയും വേണം. വിഷാദവാനായി ഇരിക്കുക, ഒറ്റയ്ക്ക് സഞ്ചരിക്കുക, രാത്രി അസമയത്ത് എഴുന്നേല്‍ക്കുക തുടങ്ങിയ എന്തുകാര്യം ശ്രദ്ധയില്‍ പെട്ടാലും അവരെ ശാസിക്കാതെ അവര്‍ക്കൊപ്പം നിന്ന് കാര്യങ്ങള്‍ തിരക്കുക. ആവശ്യമെങ്കില്‍ കൗണ്‍സിലിങിന് വിധേയരാക്കുക.
ഗെയിം അടിമത്വത്തില്‍ നിന്ന് ഒരു വ്യക്തിയെ മോചിപ്പിക്കാന്‍ ഔഷധ ചികിത്സയോടൊപ്പം ചിട്ടയായ മനഃശാസ്ത്രചികിത്സകളും ആവശ്യമായേക്കാം. കുട്ടിയെക്കാള്‍ കുട്ടിയുടെ അച്ഛനമ്മമാര്‍ക്കായിരിക്കും കൗണ്‍സിലറുടെ കൂടുതല്‍ നിര്‍ദേശങ്ങള്‍ വേണ്ടി വരിക. പെെട്ടന്നുണ്ടാകുന്ന പെരുമാറ്റ വൈകല്യങ്ങള്‍ തടയാനും ഗെയിം അടിമത്വത്തോടൊപ്പം അനുബന്ധമായി വിഷാദരോഗവും ഉത്കണ്ഠാരോഗങ്ങളും ശ്രദ്ധക്കുറവുമൊക്കെ ഉണ്ടെങ്കില്‍ അവ പരിഹരിക്കാനുള്ള ഔഷധ ചികിത്സയും വേണ്ടിവരും. അതോടെ കുട്ടിയെ അഡിക്ഷനില്‍ നിന്നു മെല്ലെ മോചിപ്പിക്കാന്‍ സാധിക്കും.
വാല്‍ക്കഷ്ണം:
ഇംഗ്ലണ്ടിലെ കിംഗ് സോളമന്‍ അക്കാദമിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഗെയിമിംഗ് ആവേശം തണുപ്പിക്കാന്‍ കണ്ടെത്തിയ രീതി കേള്‍ക്കണോ? അധ്യാപകര്‍ നേരെ കുട്ടികളുടെ വീട്ടിലേക്ക് കയറി ചെല്ലുന്നു. ഗെയിം കളിക്കുന്ന പ്‌ളേസ്‌റ്റേഷനും എക്‌സ്‌ബോക്‌സും മൊബൈല്‍ഫോണുകളുമെല്ലാം പിടിച്ചെടുത്ത് ഇനി പരീക്ഷ കഴിഞ്ഞ് മതി ഗെയിം കളിയെന്ന് ഉത്തരവിടുന്നു. അതോടെ എല്ലാം ക്‌ളോസ്!