മതാത്മക ദേശീയതാ വാദത്തിന്റെ ഇരകള്‍
ജനാധിപത്യത്തിന്റെ ആധാര ശിലകളായ മനുഷ്യാവകാശവും പൗരാവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറുപ്പുനല്‍കുന്ന ഭരണഘടനയും
ജനാധിപത്യത്തിന്റെ ആധാര ശിലകളായ മനുഷ്യാവകാശവും പൗരാവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറുപ്പുനല്‍കുന്ന ഭരണഘടനയും ജനാധിപത്യത്തിനു കരുത്തുപകരുന്ന നീതിന്യായ സംവിധാനങ്ങളും ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ പത്രസ്വാതന്ത്ര്യവും.... ഇതായിരുന്നു ജനാധിപത്യ ഇന്ത്യയുടെ കരുത്ത്. ഇതിന്റെ ബലത്തിലായിരുന്നു മതേതര ഇന്ത്യ അന്തസ്സോടെ ഉയര്‍ന്നുനിന്നത്. ഭാഷയും വേഷവും വിശ്വാസവും ആചാരവും ആകാരവും വ്യത്യസ്തം. കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ നീളുന്ന വൈവിധ്യങ്ങളിലും നാം ഇന്ത്യക്കാര്‍ എന്ന ഒത്തൊരുമയുള്ളൊരു നാട്. എന്നാല്‍ മതേതര ഇന്ത്യയെ താങ്ങി നിര്‍ത്തിയ ഈ നെടും തൂണുകള്‍ക്ക് ഇന്ന് ഇളക്കം സംഭവിച്ചിരിക്കുന്നു. ഹിന്ദുവായി കൃസ്ത്യാനിയായി മുസ്‌ലിമായി മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ നാം ഇന്ത്യക്കാരല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. നാം ഇന്നോളം കാത്തുസൂക്ഷിച്ച നമ്മുടെ അയല്‍പക്ക ബന്ധവും സുഹൃദ് ബന്ധവും നമുക്ക് കൈമോശം വന്നിരിക്കുന്നു. നാം ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പരം സംശയിക്കുന്നു,
മഹത്തായ ഇന്ത്യന്‍ ബഹുസ്വരതയെ നിരാകരിച്ചുകൊണ്ട് ആകാരത്തിലും ആചാരത്തിലും ആശയ ചിന്താഗതികളിലും വ്യത്യസ്തത പുലര്‍ത്തുന്നവരെ തെരഞ്ഞുപിടിച്ച് ഏക ശിലാരൂപത്തില്‍ വാര്‍ത്തെടുക്കലാണ് ദേശീയതയെന്നു വിചാരിക്കുന്നവര്‍ ശക്തിപ്രാപിക്കുകയാണ്. മതാന്ധകാരത്തിന്റെ പുകച്ചുരുളുകള്‍ ഉയരുമ്പോള്‍ അതിന്റെ തീക്കനലുകള്‍ കെടുത്താന്‍ പേനകൊണ്ട് പ്രതിരോധം തീര്‍ക്കുന്ന എഴുത്തുകാരും സാംസ്‌കാരിക നായകരും പുരോഗമന ചിന്താഗതിക്കാരും തോക്കിനാല്‍ നിശബ്ദരാക്കപ്പെടുന്നു. കര്‍ണാടകയിലെ ജാതീയ അസമത്വങ്ങള്‍ക്കെതിരെ പോരാടിയ എഴുത്തുകാരന്‍ കല്‍ബുര്‍ഗിയും മഹാരാഷ്ട്രയിലെ അന്ധവിശ്വാസത്തെ തൂത്തെറിയാന്‍ അക്ഷീണം പ്രയത്‌നിച്ച നരേന്ദ്ര ദാബോല്‍ക്കറും അഴിമതിക്കെതിരെ പൊരുതിയ ഗോവിന്ദ് പന്‍സാരെയും ഫാസിസത്തിന്റെ ഭീഷണി ഭയന്ന് ഞാനിനി എഴുതുന്നില്ലെന്നു പറഞ്ഞ് പേനയിലെ മഷി മാറ്റിയ തമിഴ്‌നാട്ടിലെ പെരുമാള്‍ മുരുകനും മതാത്മക ദേശീയതാ വാദത്തിന്റെ ഇരകളാണ്.
ജനാധിപത്യത്തിന്റെ നാലാം തൂണെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ജനാധിപത്യത്തിന്റെ കാവല്‍ നായകള്‍ എന്നുകൂടി വിശേഷിപ്പിക്കപ്പെട്ട ആ നാലാം തൂണിനും ഇന്ന് ഇളക്കം തട്ടിയിരിക്കുന്നു. ഭരണകൂടത്തിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെ പേന ചലിപ്പിക്കുന്നവരെ തോക്കുകൊണ്ടാണ് ഭരണകൂടം നേരിടുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് കര്‍ണാടകയിലെ ധീരയായ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ജീവനെടുത്തത് അസഹിഷ്ണുതയുടെയും ജനാധിപത്യ ധ്വംസനത്തിന്റെയും കാവല്‍ക്കാരാണ്. നമ്മുടെ മഹത്തായ നാടിന്റെ മൂല്യങ്ങളെ വീണ്ടെടുക്കാനും ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാനുമാണ് അവരുടെ ചോര ഈ പാവനമായ മണ്ണില്‍ ഇറ്റുവീണത്. ജനാധിപത്യത്തിലും ഭരണഘടനയിലും ഉള്ള പ്രതീക്ഷകളെയാണ് ആ വെടിയുണ്ടകള്‍ തകര്‍ത്തുകളഞ്ഞത്. ഗാന്ധിജിയെ കൊന്ന അതേ ഫാസിസം തന്നെയാണ് അജ്ഞാതരുടെ മറവില്‍ ഇവരെയും ഇല്ലാതാക്കിയത്.
ആശയആവിഷ്‌കാരത്തിനുമേല്‍ മാത്രമല്ല അവന്റെ രുചിമുകുളങ്ങള്‍ പോലും എന്താവണമെന്ന് തീരുമാനിക്കുന്നത് ഭരണകൂടമാണ്. അസഹിഷ്ണുതാ വാദത്തിന് ഇന്ധനം പകരുന്ന ശക്തികളാണ് രാജ്യത്ത് കരുത്താര്‍ജ്ജിക്കുന്നത്. ഇതിനെ നാം കാണാതിരുന്നാല്‍ മഹത്തായ പൈതൃകമുളള നമ്മുടെ നാട് ഇല്ലാതാകും. മുസ്സോളിനിയും ഹിറ്റ്‌ലറും അവലംബിച്ച അതേ ഫാസിസ്റ്റു നയം തന്നെയാണ് ഇവിടെയും നടപ്പാക്കുന്നത്. വാതിലില്‍ ചെന്നു മുട്ടിവിളിച്ച് തെരുവിലേക്കിറക്കി വെടിയുതിര്‍ത്ത് നിശ്ശബ്ദരാക്കുന്ന രീതി. ഇനിയാരും ഇത് പറയരുതെന്ന പേടിപ്പിക്കുന്ന താക്കീത്. ഈ താക്കീതുകളെ പേടിപ്പെടുത്തലുകളെ നാം ഒറ്റക്കെട്ടായി നേരിട്ടേ മതിയാകൂ. നമ്മുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. മതവിശ്വാസം വെവ്വേറെയായിരിക്കാം. എന്നാലും നാം ഇന്ത്യന്‍ മക്കളാണ്. നമുക്കിനിയും ഇതുപോലെ തന്നെ ജീവിക്കണം. അതിന് നാം ഒറ്റക്കെട്ടായി പൊരുതണം.
നാസിസത്തിന്റെയും ഫാസിസത്തിന്റെയും വാക്താക്കളായ ഹിറ്റ്‌ലറിന്റെയും മുസ്സോളിനിയുടെയും മാതൃക പിന്‍പറ്റുന്നവരുടെ പ്രത്യയശാസ്ത്രമല്ല ഇന്ത്യക്കാവശ്യം. മതേതരത്വത്തിനും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മഹാത്മാഗാന്ധിയുടെ ഇന്ത്യയെയാണ് നാം പുനര്‍നിര്‍മിക്കേണ്ടത്.