ഒരു ദിവസം കുന്നൂരില്‍ നിന്ന് ഒരു അമ്മാവന് വന്നു. ഉമ്മയുടെ മാതൃ സഹോദരിയും കുടുംബവും കുന്നൂരിലാണ് താമസം.
ഒരു ദിവസം കുന്നൂരില്‍ നിന്ന് ഒരു അമ്മാവന് വന്നു. ഉമ്മയുടെ മാതൃ സഹോദരിയും കുടുംബവും കുന്നൂരിലാണ് താമസം. തമിഴ്നാട്ടിലെ നീലഗിരി മലനിരകളില്‍ ഊട്ടിയുടെ അടുത്തുള്ള മറ്റൊരു ഹില്‍സ്റ്റേഷനാണ് കുന്നൂര്. കുന്നൂരില്‍ നിന്നുവന്ന ഈ അമ്മാവന്, സ്കൂള്‍ അവധിക്കാലം ചെലവഴിക്കാന്‍ എന്നെയും അനിയനെയും കുന്നൂരിലേക്ക് കൊണ്ട് പൊയ്ക്കോട്ടേ എന്ന് ഉമ്മയോട് ചോദിച്ചു. ഉമ്മ സമ്മതം മൂളി. അങ്ങനെ ഞങ്ങള്‍ കുന്നൂരിലേക്ക് യാത്രയായി.
കുന്നും താഴ്വരകളും നിറഞ്ഞ മനോഹരമായ ഒരു പ്രദേശമാണ് കുന്നൂര്. ഉമ്മയുടെ മാതൃ സഹോദരിയും അവരുടെ അഞ്ചാറു ആണ്മക്കളും നിറഞ്ഞ ഒരു കൂട്ടുകുടുംബമാണ് അവരുടേത്. ഒരു കുന്നിന്മുകളിലാണ് വീട്. വൈകുന്നേരമായാല്‍ മൂടല്‍മഞ്ഞു കൊണ്ട് ആ പ്രദേശമാകെ മൂടും. മൂടല്‍മഞ്ഞില്‍ നടക്കാന്‍ നല്ല രസമാണ്. ആ വീട്ടിലുള്ള എല്ലാവരും എന്നേക്കാള്‍ മൂത്തവരാണ്. അവരുടെ ഏറ്റവും ഇളയ മകനായ ബാബു എന്നേക്കാള്‍ രണ്ട് വയസ് മൂത്തവനാണ്. എന്നാലും അവരുടെ വീട്ടിലെ ഇളയവന് ആയതു കൊണ്ട് അവന് വീട്ടിലെ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു. ബാബുവും ഞാനും സുഹൃത്തുക്കളായി. കൂടുതല്‍ സമയവും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. എന്നാല്‍ ഉച്ചക്കും വൈകുന്നേരവും ഭക്ഷണം കഴിഞ്ഞാല്‍ ബാബു കുറച്ചു നേരത്തേക്ക് അപ്രത്യക്ഷനാകും. എവിടെയാണ് പോകുന്നത് എന്നറിയില്ല. ഞാന്‍ എത്ര ചോദിച്ചിട്ടും അവന് വ്യക്തമായ ഒരു ഉത്തരം തന്നില്ല. ഒരു ദിവസം ഞാനും കൂടെ വരാം എന്ന് പറഞ്ഞു, എന്നാല്‍ അവന് സമ്മതിച്ചില്ല. എന്റെ ആകാംക്ഷ കൂടി വന്നു. അടുത്ത ദിവസം ഞാന്‍ അവനെ വിടാതെ പിടികൂടി. ഗത്യന്തരമില്ലാതെ അവന് എന്നേയും കൂടെക്കൂട്ടി.
ഞങ്ങള്‍ കുന്നിന് മുകളിലെ വിജനമായ ഒരു സ്ഥലത്ത് പോയിരുന്നു. അവന് പോക്കറ്റില്‍ നിന്ന് ഒരു സിഗരറ്റ് എടുത്തു ചുണ്ടില്‍ വെച്ച് ലൈറ്റര്‍ ഉപയോഗിച്ച് അത് കത്തിച്ചു. ഞാന്‍ അത്ഭുതപ്പെട്ടു പോയി. അവന് ഒരു കൊച്ചു പയ്യനാണ്. എന്നേക്കാള്‍ രണ്ടോ മൂന്നോ വയസ്സ് കൂടുതല്‍ കാണും. ഏറി വന്നാല്‍ പതിനഞ്ചോ പതിനാറോ വയസ്സ് മാത്രം. അവനാണെങ്കില്‍ ആ വീട്ടിലെ എല്ലാവരുടെയും ഓമനയായ കൊച്ചു കുട്ടിയും. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, അവന് ഇത്ര വലിയ തെറ്റ് ചെയ്യുമെന്ന്. എന്റെ മുഖഭാവം കണ്ടപ്പോള്‍ അവനു പന്തികേട് തോന്നി. അവന് പറഞ്ഞു:-
''നീ ഇതാരോടും പറയരുത്. വീട്ടില്‍ അറിഞ്ഞാല്‍ എന്നെ കൊന്നു കളയും.''
''പിന്നെ നീ എന്തിനു ഇത് വലിക്കുന്നു?'' ഞാന്‍ ചോദിച്ചു.
''ജേഷ്ഠന്റെ സിഗരറ്റ് മോഷ്ടിച്ചു വലിച്ചാണ് തുടങ്ങിയത്. ഇപ്പോള്‍ നിര്‍ത്താന്‍ പറ്റുന്നില്ല'' അവന് പറഞ്ഞു.
പിന്നെ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല. അവന് സിഗരറ്റ് വലിച്ചു പുക വിടുന്നത് ഞാന്‍ നോക്കിയിരുന്നു. അവന് മൂക്കിലൂടെ പുക വിടുകയും, വായിലൂടെ അതി വിദഗ്ധമായി പുകയുടെ വളയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോഴേക്കും കുറേശ്ശെ മൂടല്‍മഞ്ഞു വീഴാന്‍ തുടങ്ങിയിരുന്നു. അവന് വിടുന്ന പുകച്ചുരുളുകള്‍ മൂടല്‍ മഞ്ഞില്‍ ലയിക്കുന്നത് ഞാന്‍ കൗതുകത്തോടെ നോക്കിയിരുന്നു. അന്തരീക്ഷത്തില്‍ തണുപ്പ് കൂടിക്കൂടി വന്നു. പുകച്ചുരുളുകള്‍ എന്റെ ഭാഗത്തേക്ക് ഒഴുകി വന്നു. ഞാന്‍ ആ ഗന്ധം മൂക്കിലേക്ക് വലിച്ചു കയറ്റി. ആ മണം എനിക്ക് ഇഷ്ടപ്പെട്ടു. അല്പം കഴിഞ്ഞ്, കുറ്റി വലിച്ചെറിഞ്ഞു അവന് എഴുന്നേറ്റു. ഞങ്ങള്‍ നിശബ്ദരായി വീട്ടിലേക്കു നടന്നു. വീട് എത്താറായപ്പോള്‍ അവന് എന്നെ പിടിച്ചു നിര്‍ത്തി. ''പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ. ആരോടും പറയരുത''
ഞാന്‍ തലകുലുക്കി.
പിറ്റേ ദിവസം മുതല്‍ ഞാനും ബാബുവിന്റെ പുകവലി വേളകളിലെ സന്തത സഹചാരിയായി. ഞാന്‍ അവന്റെ പാപത്തിലെ പങ്കാളി ആയിരുന്നില്ല, വെറും കാഴ്ചക്കാരന് മാത്രം! എന്നാല്‍ സിഗരറ്റിന്റെ മണം ഞാന്‍ കൂടുതല്‍ ആസ്വദിച്ചു തുടങ്ങി. അഞ്ചാമത്തെ ദിവസം, എനിക്ക് പ്രലോഭനം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അവന് വലിച്ചു കഴിഞ്ഞ്, കുറ്റി വലിച്ചെറിയാന്‍ തുടങ്ങിയപ്പോള്‍, പെട്ടെന്ന് ഞാന്‍ പറഞ്ഞു. ''കളയല്ലേ, അതിങ്ങ് തന്നേക്ക്''.
അവന് അത്ഭുതത്തോടെ എന്നെ നോക്കി. ഞാന്‍ അവന്റെ കൈയില്‍ നിന്നും സിഗരറ്റ് കുറ്റി വാങ്ങി, ചുണ്ടില്‍വെച്ച് വലിച്ചു. അവന്റെ പ്രതികരണത്തെ കുറിച്ച് എനിക്ക് ചെറിയ ആശങ്കയുണ്ടായിരുന്നു, കാരണം എന്തായാലും അവന് എന്റെ മൂത്ത സഹോദരന് അല്ലെ. പക്ഷെ അവന് പെട്ടെന്ന് പോക്കറ്റില്‍നിന്ന് ഒരു പുതിയ സിഗരറ്റ് എടുത്തു എനിക്ക് നീട്ടി. അവന് ഒരു സഹ കുറ്റവാളിയെ കിട്ടിയതിന്റെ സന്തോഷമായിരുന്നു. ഞാന്‍ പറഞ്ഞു:- ''വേണ്ട, ഞാന്‍ ഇതിന്റെ രുചി അറിയാന്‍ വേണ്ടി മാത്രം......''
പിറ്റേ ദിവസം, പുകവലി വേളക്കായി അക്ഷമയോടെ കാത്തിരുന്നത് ഞാനാണ്. അവന് ആദ്യം പുതിയ സിഗരറ്റ് എടുത്തു നീട്ടിയത് എനിക്കാണ്. അവന് തന്നെ അത് ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ചു തന്നു. പിന്നെ അവനും ഞാനും സിഗരറ്റ് വലിച്ചു പുക ഊതി വിട്ട് കൊണ്ടിരുന്നു. വായിലൂടെ പുകച്ചുരുളുകള്‍ സൃഷ്ടിക്കാന്‍ അവന് എന്നെ പഠിപ്പിച്ചു. ആ പുകച്ചുരുളുകള്‍ മൂടല്‍ മഞ്ഞില്‍ ലയിച്ചു ചേരുന്നത് ഞാന്‍ നോക്കിയിരുന്നു. കുന്നിന് മുകളിലെ മൂടല്‍ മഞ്ഞിന് എന്റെ സംഭാവനയാണ് ആ പുക എന്നെനിക്കു തോന്നി.
അങ്ങനെ നാലഞ്ച് ദിവസം കഴിഞ്ഞു പോയി. ഒരു ദിവസം ഞങ്ങള്‍ പുകവലി കഴിഞ്ഞ്, വിശാലമായ പടവുകളിലൂടെ താഴെയുള്ള മാര്‍ക്കറ്റിലേക്ക് ഇറങ്ങുകയായിരുന്നു. നല്ല തിരക്കുള്ള വിശാലമയ പടവുകള്‍ ആയിരുന്നു അത്. കുന്നിന് മുകളില്‍ നിന്ന് താഴെ, ടൗണിലേക്ക് ഇറങ്ങാനുള്ള പ്രധാന മാര്‍ഗമായിരുന്നു ആ പടവുകള്‍. ഞങ്ങള്‍ സാവധാനം പടവുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുമ്പോള്‍, താഴെ നിന്ന് അന്‍വര്‍ മാമയും കൂട്ടുകാരും മുകളിലേക്ക് കയറി വരികയായിരുന്നു. ആ വീട്ടില്‍ എന്നോട് ഏറ്റവും അധികം സ്നേഹവും വാത്സല്യവും ഉള്ള ആളായിരുന്നു അന്‍വര്‍ മാമ. അദ്ദേഹം പത്തിരുപത്തഞ്ചു വയസ്സുള്ള ചെറുപ്പക്കാരനായിരുന്നു. രാത്രി കാലങ്ങളില്‍ അദ്ദേഹം നിരന്തരമായി ചുമക്കുന്നത് കേള്‍ക്കാറുണ്ടായിരുന്നു. ഞങ്ങള്‍ പരസ്പരം അഭിമുഖമായി വന്നപ്പോള്‍ ''എവിടെപ്പോയിരുന്നു?'' എന്ന് ചോദിച്ചു കൊണ്ട് അദ്ദേഹം എന്നെ ആലിംഗനം ചെയ്തു. ശ്വാസം പിടിച്ചു നിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പെട്ടെന്ന് അദ്ദേഹം എന്നെ തള്ളിമാറ്റി. എന്നിട്ട് ചോദിച്ചു-
''നീ സിഗരറ്റ് വലിച്ചോ?''
ഒന്നും മിണ്ടാതെ ഞാന്‍ തല കുനിച്ചു. അദ്ദേഹം ബാബുവിനെ നോക്കി. അവന് ഒന്നും മിണ്ടാതെ പെട്ടെന്ന് പടവുകള്‍ ഇറങ്ങി ഓടിക്കളഞ്ഞു. അന്‍വര്‍ മാമ തന്റെ കൂട്ടുകാരോട് യാത്ര പറഞ്ഞ് എന്നെയും കൂട്ടി കുന്നിന് മുകളിലേക്ക് പോയി. ഒരു മരത്തിന് ചുവട്ടില്‍ ഞങ്ങള്‍ ഇരുന്നു.
അദ്ദേഹം എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അദ്ദേഹത്തിന്റെ നോട്ടം നേരിടാന്‍ കഴിയാതെ ഞാന്‍ തല കുനിച്ചു. അദ്ദേഹം ചോദിച്ചു:
''നിനക്കെത്ര വയസ്സായി?''
''പതിമൂന്ന്'' ഞാന്‍ പറഞ്ഞു.
''ഞാന്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ പുക വലിക്കാന്‍ തുടങ്ങിയതാണ്. പിന്നെ നിര്‍ത്താന്‍ ആഗ്രഹിച്ചിട്ടും നിര്‍ത്താന്‍ പറ്റിയിട്ടില്ല'' അദ്ദേഹം ചുമയ്ക്കാന്‍ തുടങ്ങി. ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.
''വളരെ അപകടം പിടിച്ച ഒരു ശീലമാണിത്. തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല. നീ ഇത്ര ചെറുപ്പത്തില്‍ വലിക്കാന്‍ തുടങ്ങിയാല്‍, നീ ഒരു മാറാ രോഗിയാവും. നിനക്ക് ജീവിതത്തില്‍ പലതും ചെയ്യണമെന്നു ആഗ്രഹമില്ലേ?''
ഞാന്‍ തലകുലുക്കി. അദ്ദേഹം തുടര്‍ന്നു- ''പക്ഷെ നീ ഈ ശീലത്തിന് അടിമപ്പെട്ടാല്‍, ജീവിക്കാന്‍ നിനക്ക് ജീവിതം ബാക്കിയുണ്ടാവില്ല.''
അദ്ദേഹം എന്റെ തോളില്‍ കൈ വെച്ചു. എന്നിട്ട് പറഞ്ഞു-
''എന്റെ മുഖത്തേക്ക് നോക്ക്.''
ഞാന്‍ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകളില്‍ നനവുണ്ടായിരുന്നു.
''മോനേ, നീ നിന്റെ ജീവിതം നശിപ്പിക്കരുത്. ഇനി ഒരിക്കലും പുക വലിക്കരുത''
ഞാന്‍ ഒന്നും മിണ്ടിയില്ല. അദ്ദേഹം എന്റെ മുഖം പിടിച്ചുയര്‍ത്തി. ഞാന്‍ ആ കണ്ണുകളിലേക്കു നോക്കി. അദ്ദേഹം ചോദിച്ചു- ''നീ ഇനി വലിക്കുമോ?''
''ഇല്ല'' ഞാന്‍ പറഞ്ഞു.
''എന്റെ കൈയില്‍ അടിച്ചു സത്യം ചെയ്യ'' അദ്ദേഹം പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ കൈയില്‍ അടിച്ചു സത്യം ചെയ്തു;
''ഇനി ഒരിക്കലും ഞാന്‍ പുക വലിക്കില്ല''
അദ്ദേഹം തന്റെ കൈവള്ള കാണിച്ചു കൊണ്ട് പറഞ്ഞു- ''കണ്ടോ, എന്റെ കൈ ചുവന്നിരിക്കുന്നത്! നിന്റെ വാക്ക് ഉറപ്പുള്ളതാണ്''
അതോടെ ഞാന്‍ പുകവലി നിര്‍ത്തി. പിന്നെ ഞാന്‍ ബാബുവിനോടൊപ്പം അധികം കൂടാന്‍ പോയില്ല. അന്‍വര്‍ മാമ എന്നെയും അനിയനെയും പല സ്ഥലങ്ങളും കാണാന്‍ കൊണ്ടുപോയി.
അങ്ങനെ അവധിക്കാലം ആഘോഷിച്ച ശേഷം ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങി.
ബോട്ടിലും പല ആള്‍ക്കൂട്ടങ്ങളിലും വെച്ച് മറ്റുള്ളവര്‍ പുക വലിക്കുമ്പോള്‍ സിഗരറ്റിന്റെ മണം എന്നെ പ്രലോഭിപ്പിച്ചിട്ടുണ്ട്. പക്ഷെ അന്‍വര്‍ മാമക്ക് കൊടുത്ത വാക്ക് എന്നെ പിന്തിരിപ്പിച്ചു. എന്നാല്‍ ഒരിക്കല്‍ പ്രലോഭനം നിയന്ത്രിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. വീട്ടില്‍ ആരുമില്ലാത്ത സമയം ആയിരുന്നു. ഞാന്‍ ഒരു സിഗരറ്റ് വാങ്ങി, വീട്ടിലെ കുളിമുറിയില്‍ കയറി അത് വലിച്ചു തീര്‍ത്തു.
ഒരു മാസത്തിനുള്ളില്‍ കുന്നൂരില്‍ നിന്ന് ഉമ്മാക്ക് ഒരു ടെലിഗ്രാം വന്നു. അത് പൊട്ടിച്ചു വായിച്ച ഉമ്മയുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.
വിവരം തിരക്കിയപ്പോള്‍ ഉമ്മ പറഞ്ഞു,
''കുന്നൂരിലെ അന്‍വര്‍ മരിച്ചുപോയി''
ഞാന്‍ ഞെട്ടി.
''ശ്വാസകോശത്തില്‍ കാന്‍സര്‍ ആയിരുന്നു'' ഉമ്മ തുടര്‍ന്നു. ''അവന് ഒരുപാട് സിഗരറ്റ് വലിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്''
ഞാന്‍ ഒറ്റയ്ക്ക് പോയിരുന്ന് കുറെ നേരം കരഞ്ഞു. അന്‍വര്‍ മാമയുടെ ചുവന്ന കൈവെള്ള എന്റെ ഓര്‍മയില്‍ തെളിഞ്ഞു, അദ്ദേഹത്തിന്റെ നിറഞ്ഞ കണ്ണുകളും.
''ഇല്ല അന്‍വര്‍ മാമാ, ഇനി ഒരിക്കലും ഞാന്‍ പുക വലിക്കില്ല'' ഞാന്‍ സ്വയം പ്രതിജ്ഞ ചെയ്തു. പിന്നീടൊരിക്കലും എനിക്ക് പുകവലിയില്‍ താല്പര്യം തോന്നിയിട്ടില്ല.
വര്‍ഷങ്ങള്‍ക്കു ശേഷം, ഞാന്‍ കുടുംബ സമേതം തിരുവനന്തപുരത്ത് സ്ഥിര താമസം ആക്കിയപ്പോള്‍, കുന്നൂരുകാരന്‍ ബാബു, വിവാഹം കഴിച്ച്, തിരുവനന്തപുരത്ത് ഭാര്യാവീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു. ബാബുവിന്റെ, ഞാന്‍ അറിഞ്ഞ ചരിത്രം ഇങ്ങനെയാണ്. വീട്ടിലെ അമിതമായ ലാളനയും സ്വാതന്ത്ര്യവും അവനെ വഷളാക്കി. പഠിക്കാന്‍ അവനു തീരെ താല്പര്യം ഇല്ലായിരുന്നു. ഹൈസ്കൂള്‍ പോലും കടക്കുന്നതിന് മുന്‍പേ, തോറ്റ് തോറ്റ് വിദ്യാഭ്യാസം മതിയാക്കി. പ്രത്യേകിച്ച് ജോലി ഒന്നും ചെയ്യില്ല. തിരുവനന്തപുരത്തുകാരി പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് തന്നെ ഒരു ചതിയിലൂടെ ആയിരുന്നു. വിദ്യാസമ്പന്നനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ആണെന്നൊക്കെ തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത്. വലിയ തറവാട്ടുകാര് ആയതു കൊണ്ട്, തിരുവനന്തപുരത്തുകാര്‍ കുന്നൂരില്‍ പോയി വലിയ അന്വേഷണം ഒന്നും നടത്തിയില്ല. പെണ്‍വീട്ടുകാര്‍ കുറെ കഴിഞ്ഞാണ് സത്യാവസ്ഥ അറിഞ്ഞത്. മകളുടെ ഭാവി ഓര്‍ത്ത്, അവര്‍ മകളെയും ഭര്‍ത്താവിനെയും തിരുവനന്തപുരത്തേക്ക് കൂട്ടികൊണ്ട് വന്നു. പിന്നീട് ജോലി ഒന്നും ചെയ്യാതെ ഭാര്യാ വീട്ടുകാരുടെ ചെലവിലാണ് അവന് ജീവിച്ചത്. അവനു പുക വലിക്കാന്‍ തന്നെ വലിയൊരു തുക ദിവസേന ആവശ്യമായിരുന്നു. തിരുവനന്തപുരത്ത് വെച്ച് ഞാന്‍ അവനെ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും, കുന്നൂരുകാരന്‍ ബാബു ആണ് അവന് എന്ന് ഞാന്‍ തിരിച്ചറിഞ്ഞില്ല. കാരണം അവന് അത്രയ്ക്ക് മാറിപ്പോയിരുന്നു. ചെറുപ്പത്തില്‍ നല്ല ചുവന്നു തുടുത്ത ശരീര പ്രകൃതം ആയിരുന്നു അവന്റേത്. എന്നാല്‍ പിന്നീട് അവന് കറുത്തിരുണ്ട്, ഉണങ്ങി വരണ്ട്, തടിയും പൊക്കവും എല്ലാം പോയി വെറും എല്ലും തൊലിയും മാത്രമായിരുന്നു. അവസാനം ജീവിതത്തില്‍ പരാജിതനായി, രോഗിയായി, അകാലത്തില്‍ അവന് മരിച്ചു.
കുന്നൂരിലെ മൂടല്‍മഞ്ഞില്‍ ലയിച്ചു ചേര്‍ന്ന പുകച്ചുരുളുകള്‍ പോലെ അവന്റെ ജീവിതം വിസ്മൃതിയില്‍ ലയിച്ചു, ഒന്നും നേടാതെ, ഒന്നും അവശേഷിപ്പിക്കാതെ. അവനെ ലാളിച്ചു വഷളാക്കിയവര്‍ പോലും ഉണ്ടായിരുന്നില്ല, അവന്റെ ദുര്‍ഗതി കാണാന്‍.
എന്നെ ഒരു ദുശ്ശീലത്തില്‍ നിന്നും രക്ഷിച്ച അന്‍വര്‍ മാമയോടുള്ള കടപ്പാട് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.