എനിക്ക് ഭ്രാന്താണെന്ന് എന്റെ മുഖത്ത് നോക്കി നിങ്ങള്‍ (എല്ലാവരും) പറയുമോ എന്നെനിക്കറിയില്ല. കാരണം നിങ്ങളിലുമുണ്ടല്ലോ ബുദ്ധിയുള്ളവനും ഇല്ലാത്തവനും ചിന്തിക്കുന്നവനും അല്ലാത്തവനും. എന്നാല്‍ എന്റെ കെട്ട്യോള്‍ രമ ഇടയ്ക്കിടെ പറയും 'ഉണ്ണ്യേട്ടന് ഭ്രാന്താ'ണെന്ന്. ആധുനിക വൈദ്യശാസ്ത്രത്തിന് (ഈ ഉത്തരാധുനികതയിലും) പ്രഹേളികയായ ഈ'ഭ്രാന്തി'നെ 'റ്റെലിപ്പതി' എന്നാണ് പേര് വിളിക്കാറെന്ന് സുഹൃത്തും മന:ശാസ്ത്രജ്ഞനുമായ ഡോ. ബെഞ്ചമിന്‍ രമയോട് പറഞ്ഞത്രെ.
ഭ്രാന്തിന്റെ വേരുകള്‍ ചെന്നിറങ്ങുന്നത് വീണുടഞ്ഞ ബാല്യകാലങ്ങളിലാണ്. അതിന് കാരണമായത് ഒരു പാവം ചിലന്തിയായിരുന്നു. ചിലന്തിയും ചിലന്തിവലയും പണ്ടേ എന്നില്‍ കൗതുകമുണര്‍ത്തിയിരുന്നു. ഒഴിവുസമയങ്ങളിലെല്ലാം കോലായയുടെ മേല്‍കൂരക്കുതാഴെയുള്ള ചിലന്തിവലകളിലാണ് എന്റെ ശ്രദ്ധയും ആകാംക്ഷയും. വലിച്ചുകെട്ടിയ ആ വലയ്ക്കകത്ത് ചെറുപ്രാണികളും പാറ്റകളും വന്നുവീഴുമ്പോള്‍, സര്‍ക്കസ് കൂടാരത്തിലെ സുന്ദരിയായ ഊഞ്ഞാലാട്ടക്കാരിയുടെ വിദഗ്ധതയെ വെല്ലുമാറ് വലയ്ക്ക് മുകളിലൂടെ ചിലന്തി പറന്നെത്തും. ചുറ്റും കണ്ണോടിച്ച്, ഇരകളെ സാവധാനം അകത്താക്കി ഒളിസങ്കേതത്തിലേക്ക് വലിയും. ഇതെന്റെ പതിവുകാഴ്ചയാണ്.
ഞായറാഴ്ച.
കോലായിലെ സിമന്റുതറയില്‍ മലര്‍ന്നുകിടന്ന് മുകളിലെ മനോഹരമായ ചിലന്തിവല ശ്രദ്ധിക്കുകയായിരുന്നു ഞാന്‍. പൊടുന്നനെ തലയ്ക്കകത്ത് ഒരു വെട്ടം തെളിയുന്നത് ഞാനറിഞ്ഞു. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ. പിന്നീട് ആ ചെറുവെട്ടം വലുതായി. ആകാശത്തോളം. ആ പെരുംവെട്ടത്തില്‍ നിറയെ ചിലന്തികളായിരുന്നു. ഭീകരരൂപികളായ ചിലന്തികള്‍. ഞാന്‍ പരിഭ്രാന്തനായി നിലവിളിച്ചു. അടുക്കളയില്‍ നിന്ന് മൂത്തശ്ശിയും അമ്മായിയും ഓടിവന്നു. '..ന്താ..ഉണ്ണീ..'
'തലയ്ക്കകത്ത്..' ഞാന്‍ പറഞ്ഞുതീരും മുമ്പ്, 'പിരാന്ത് പറയുന്നു' എന്ന് കളിയാക്കി മുത്തശ്ശി. ഒപ്പം അമ്മായിയും. ഒരു സായാഹ്നം മുഴുവന്‍ പറഞ്ഞു ചിരിക്കാന്‍ അവര്‍ക്ക് ഒരു കാരണവും കിട്ടി.
ഇടയ്ക്ക് മുറിഞ്ഞുപോയ വെട്ടം കുറെ കാലങ്ങള്‍ തലയ്ക്കകത്ത് തെളിഞ്ഞതേയില്ല. വിഷപ്പുകയേറ്റ് അനേകം മനുഷ്യജീവനുകള്‍ പിടഞ്ഞുവീണ ഭോപാല്‍ ദുരന്തദിനത്തിന്റെ തലേന്നാളാണ് വീണ്ടും വെട്ടം തലയ്ക്കകത്ത് തെളിഞ്ഞുവന്നത്. ആകാശം ചുംബിക്കുന്ന പുകക്കുഴലുകള്‍. അവ പുറത്തേക്ക് തുപ്പുന്ന കറുത്ത പുക.... പിന്നെ കുറെ ശവങ്ങള്‍.. അവയ്ക്കുചുറ്റും നൃത്തമാടുന്ന ശവംതീനികള്‍.. രാത്രിയുടെ അന്ത്യയാമങ്ങളില്‍ തെളിഞ്ഞുവന്ന രേഖാചിത്രങ്ങള്‍ അകക്കാമ്പില്‍ കിടന്ന് വീര്‍പ്പുമുട്ടിയപ്പോള്‍ തൊട്ടടുത്ത് കിടന്നുറങ്ങുന്ന മുത്തശ്ശിയെ വിളിച്ചുണര്‍ത്തി, രേഖാചിത്രങ്ങളെക്കുറിച്ച് പറഞ്ഞു. 'നേരം പുലരുന്നതിന് മുമ്പ് നെന്റൊരു....'ഉറക്കച്ചടവോടെ മുത്തശ്ശി തിരിഞ്ഞു കിടന്നു.
കൊതിയൂറുന്ന മനസുമായി കൂടെക്കൂടെ കഥകള്‍ കേള്‍ക്കാന്‍ മുത്തശ്ശിയെ ശല്യപ്പെടുത്തുക എന്റെ പതിവാണ്. ചെല്ലത്തിലിട്ട് മുറുക്കാന്‍ ഇടിച്ചുചതക്കുന്നതും വെറ്റിലക്കറ പറ്റിപിടിച്ച പിത്തളകോളാമ്പി കഴുകി വൃത്തിയാക്കുന്നതും പുതിയ കഥ പറയാമെന്ന മുത്തശ്ശിയുടെ ഉറപ്പിന്‍മേലാണ്. ഓര്‍മകളുണ്ടാകുന്നതിനു മുമ്പ് നഷ്ടമായ അമ്മയുടെ മുഖം മുത്തശ്ശിയുടെ കഥകളിലൂടെയാണ് എന്റെ മനസില്‍ ജീവിക്കുന്നത്. മാനുഷിക മൂല്യങ്ങളുടേയും ആത്മബോധത്തിന്റെയും സനാതനസത്യത്തിന്റേയും മൂര്‍ത്തഭാവമാണ് അമ്മ എന്ന അവബോധത്തിന് മനസില്‍ വിത്തുപാകാനും മുത്തശ്ശിയുടെ അക്ഷയച്ചെപ്പില്‍ നിന്ന് നിര്‍ഗളിച്ച കഥകളായിരിക്കാം നിമിത്തമായത്. വിഷപ്പുക ദുരന്തത്തിനു ശേഷം, യാഥാസ്ഥിതികതയുടെ ഇതിവൃത്തത്തില്‍ ചുട്ടെടുത്ത കഥകളാണ് മുത്തശ്ശി പറഞ്ഞുതന്നത്.
രേഖാചിത്രങ്ങള്‍ എന്നില്‍ ഒരുപാട് സംശയങ്ങളുണര്‍ത്തി. പക്ഷേ മനസില്‍ തികട്ടിവന്ന സംശയങ്ങള്‍ ആരോടും ചോദിച്ചില്ല. അവര്‍ കളിയാക്കിയാലോ എന്ന് ഞാന്‍ ഭയപ്പെട്ടു. അതിനിടെ, 'ഭ്രാന്ത്' സ്‌കൂളിലും വാര്‍ത്തയായി. അതിന്റെ പ്രചാരകന്‍ ഒറ്റക്കണ്ണന്‍ ഖാദറാണ്. എന്റെ അയല്‍വാസി. എന്നെ കളിയാക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു അവന്‍. സ്‌കൂള്‍മുറ്റത്ത്, ക്ലാസില്‍, വഴിയോരങ്ങളില്‍...എന്നിലെ 'ഭ്രാന്തി'നെ തുറിച്ചുനോക്കുന്ന കണ്ണുകള്‍. അധ്യാപകരുടേയും സഹപാഠികളുടേയും മുഖത്ത് പരിഹാസം. 'ഭ്രാന്ത്...ഭ്രാന്ത്....തലയ്ക്കകത്ത്..' പ്രശ്‌നം ഹെഡ്മാസ്റ്റര്‍ പൈലിസാറിന്റെ ചെവിയിലുമെത്തി. 'കുട്ടീ..നീ എന്താ കെട്ടിച്ചമയ്ക്കുന്നേ..' പൈലിസാറിന്റെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ ഞാന്‍ മിണ്ടാതെ നിന്നു. മേശക്കുമുകളില്‍ നിവര്‍ന്നുകിടക്കുന്ന ചൂരല്‍വടി കണ്ടപ്പോള്‍ മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല. ആ സംഭവത്തിനു ശേഷം രേഖാചിത്രങ്ങളെക്കുറിച്ച് പറയാനും അതിന്റെ പൊരുള്‍ അന്വേഷിക്കാനും പേടിയായിരുന്നു. വൈകുന്നേരങ്ങളില്‍ കൂട്ടുകാര്‍ പാടത്തു പന്തുകളിക്കുമ്പോള്‍, എന്റെ മനസ് രേഖാചിത്രങ്ങളില്‍ കുരുങ്ങിക്കിടന്നു. വെളിച്ചവും നിഴലുകളും എന്റെ കൂട്ടുകാരായി.
യൗവനത്തില്‍ രമ ജീവിതപങ്കാളിയായി എത്തിയിട്ടും കൂടുതല്‍ സമയവും ഒറ്റയ്ക്കിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ടാവണം എന്നിലെ മൗനത്തിന്റെ പുറംതോട് പൊട്ടിക്കാന്‍ രമ എപ്പോഴും ശ്രമിച്ചത്. ഡോ.ബെഞ്ചമിന്റെ ഉപദേശപ്രകാരമായിരുന്നു അത്. രമയുടെ സൈക്കോളജിക്കല്‍ ട്രീറ്റ്‌മെന്റ് തികച്ചും പരാജയപ്പെട്ടപ്പോഴാണ് അവള്‍ എന്നില്‍ ഒരു 'ഭ്രാന്ത'നെ കണ്ടെത്തുന്നത്.
എന്റെ 'ഭ്രാന്തി'ന്റെ കഥ നിങ്ങളോട് പറയാന്‍ കാരണം ഞാന്‍ അവസാനമായി കണ്ട രേഖാചിത്രങ്ങളാണ്. അന്ന് പൊഖ്‌റാനില്‍ ബോംബ് പൊട്ടിയ ദിവസമായിരുന്നു. കാവ്യാത്മകമായി പറഞ്ഞാല്‍ ബുദ്ധന്‍ പൊട്ടിച്ചിരിച്ച ദിവസം. ചെറിയൊരു തലവേദന കാരണം ഞാനന്ന് ഓഫീസില്‍ പോയിരുന്നില്ല. എന്റെ അവധി ദിനങ്ങളില്‍ രമയ്ക്ക് ജോലി കൂടും. സ്വയം ചെയ്യാവുന്ന നിസ്സാരകാര്യങ്ങള്‍ക്കുപോലും ഞാന്‍ അവളെ വിളിക്കും. മേശപ്പുറത്ത് തലങ്ങും വിലങ്ങും കിടക്കുന്ന പത്രങ്ങളും വാരികകളും ഒതുക്കിവെക്കുകയായിരുന്നു രമ. പ്രസ്തുത പ്രവര്‍ത്തി ദിവസത്തില്‍ പലതവണ ചെയ്യേണ്ടി വരുന്നതിനാലാകാം അവള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു. 'ഒരു അടുക്കും ചിട്ടയുമില്ലാതെ..'
തപാലില്‍ വന്ന പുതിയ വാരിക മേശപ്പുറത്ത് കിടന്നിരുന്നു. പക്ഷേ, ഉച്ചയൂണു നല്‍കിയ ആലസ്യം വായനയ്ക്കുള്ള മൂഡ് നഷ്ടപ്പെടുത്തി. ഉച്ചയുറക്കം ഒരു സുഖമാണ്. വല്ലപ്പോഴും കിട്ടുന്ന സൗഭാഗ്യം. മിക്ക ഞായറാഴ്ചകളിലും അതെനിക്ക് നഷ്ടമാകാറുണ്ട്. കാരണം രമ തന്നെ; ഒന്നുകില്‍ മാറ്റിനി സിനിമ. അല്ലെങ്കില്‍ അവളുടെ ബന്ധുക്കളുടെ ഗൃഹസന്ദര്‍ശനം. അതുമല്ലെങ്കില്‍ നോണ്‍സ്റ്റോപ്പായ അവളുടെ വെടിപറച്ചില്‍.
ഞാന്‍ കിടക്കയിലേക്ക് ചെരിഞ്ഞു. മയക്കത്തിലേക്ക് വീഴാന്‍ തുടങ്ങിയതേയുള്ളൂ. പൊടുന്നനെ തലയ്ക്കകത്ത് വെട്ടം തെളിയാന്‍ തുടങ്ങി. രമ തൊട്ടടുത്ത് വന്നിരിക്കുന്നുണ്ട്. അതിഗോപ്യമായ എന്തോ പറയാനെന്ന ഭാവത്തില്‍ അവളുടെ മുഖം എനിക്കുനേരെ താഴ്ന്നുവരുന്നുണ്ടായിരുന്നു. അവള്‍ എന്തോ പറയാന്‍ തുടങ്ങുകയാണ്. രമയുടെ വാക്കുകള്‍ ഞാന്‍ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അവളുടെ മുഖപേശികള്‍ വലിഞ്ഞുമുറുകുന്നത് മങ്ങിയ കാഴ്ചയില്‍ ഞാന്‍ കണ്ടു. രമ പിറുപിറുക്കുമ്പോഴും എന്റെ ശ്രദ്ധയും ആകാംക്ഷയും രേഖാചിത്രങ്ങളില്‍ തന്നെ തറച്ചുനിന്നു.
ശൈത്യത്തിന്റെ നിസ്സംഗത ബാധിച്ച ഒരു തെരുവ്. ഭൂതകാല പ്രൗഢി കൊത്തിവെച്ച കെട്ടിടങ്ങളുടെ നിര. അവയ്ക്കിടയിലുള്ള ഇടുങ്ങിയ നിരത്തിലുടെ ഒരാള്‍ കിതച്ചോടി വരുന്നു. തെരുവുവിളക്കുകളുടെ മങ്ങിയ വെളിച്ചത്തില്‍, കറുത്തുകരുവാളിച്ച അയാളുടെ മുഖം കാണാം. ആരെയോ അയാള്‍ ഭയപ്പെടുന്നുണ്ട്. തലയില്‍ ചുരുട്ടിക്കെട്ടിയ തോര്‍ത്തുമുണ്ട്. അയാളുടെ പല്ലുകളെ ബീഡിക്കറ വികൃതമാക്കിയിരിക്കുന്നു. വസ്ത്രത്തില്‍ അങ്ങിങ്ങായി ഉണങ്ങിയ രക്തക്കറ. അയാള്‍ ഒരു അറവുകാരനായിരുന്നു. അയാള്‍ക്കു പിറകില്‍ ഒച്ചയെടുത്തുവരുന്ന ചെറിയൊരു ആള്‍ക്കുട്ടം. പഴയകെട്ടിടങ്ങളുടെ പൊടിപറ്റിയ ചുമരുകളില്‍ നിറയെ നിഴല്‍ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ് അവര്‍ ഓടി വരുന്നത്. അവര്‍ ഉറക്കെ വിളിച്ചു കൂവുന്നു. 'ഹേ ആത്മി ഗായ്‌ക്കോ കാട്ത്താഹെ...ഹേ ആത്മീ കോ ഹം ലോക് മാറെകാ..' അറവുകാരന്റെ ശിരസിലും മറ്റും പരുപരുത്ത കല്ലുകള്‍ വന്നു വീഴുന്നുണ്ട്. അവശനായ അയാള്‍ തളര്‍ന്നു വീണു. ആള്‍ക്കൂട്ടം അയാളെ പിടികൂടി. അവരുടെ ആരവം കുടുതല്‍ ഉച്ചത്തിലായി. അതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു ശൂലം കശാപ്പുകാരന്റെ കഴുത്തിനു നേരെ നീണ്ടുവന്നു. അയാളുടെ ആര്‍ത്തനാദം ആള്‍ക്കുട്ടത്തിന്റെ ആനന്ദനൃത്തത്തില്‍ അലിഞ്ഞില്ലാതെയായി. പിടഞ്ഞുപിടഞ്ഞു അറവുകാരന്റെ ശരീരം അനക്കമറ്റു. ഒലിച്ചിറങ്ങിയ ചോര, ആ പഴയ തെരുവിലൂടെ ചാലുകീറി ഒഴുകാന്‍ തുടങ്ങി. ചോരയുടെ പ്രളയം. നാടുമുഴുവന്‍ ചോരപ്രളയത്തില്‍...
തലയ്ക്കകത്തെ വെട്ടം അണയുമ്പോള്‍ ഞാനാകെ വിയര്‍ത്തുനനഞ്ഞിരുന്നു. മുകളില്‍ അതിവേഗത്തില്‍ ഫാന്‍ കറങ്ങുന്നുണ്ട്. തൊട്ടരികെ രമ സുഖമായി ഉറങ്ങുകയാണ്. പുറത്ത് മാലപ്പടക്കം തിമര്‍ത്തുപൊട്ടുന്നു. ആണവാഘോഷം അരങ്ങുതകര്‍ക്കുകയാണ്.