1943-ലാണ് ഓട്ടിസത്തെക്കുറിച്ച് വിശദീകരിച്ച് തുടങ്ങിയത്
1943-ലാണ് ഓട്ടിസത്തെക്കുറിച്ച് വിശദീകരിച്ച് തുടങ്ങിയത്. മാതാപിതാക്കളുടെ സ്‌നേഹവും കരുതലും ശ്രദ്ധയും വേണ്ടത്ര കിട്ടാത്ത കുട്ടികളിലാണ് ഈ അസുഖം കാണുന്നതെന്ന ധാരണ തെറ്റാണ്.
മറ്റുള്ളവരോട് സംസാരിക്കാനും ആശയവിനിമയത്തിനും ബുദ്ധിമുട്ടുക. മറ്റുള്ളവരുമായി സാമൂഹ്യ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിയാതിരിക്കുക, ചുറ്റുപാടുമായി ഇണങ്ങിച്ചേരാന്‍ കഴിയാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒരാളില്‍ കാണുന്നുണ്ടെങ്കില്‍ അത് ഓട്ടിസം എന്ന വൈകല്യമാകും. സാധാരണ ഇത്തരം കുട്ടികളില്‍ ബുദ്ധിമാന്ദ്യവും കേള്‍വിക്കുറവും സംസാരപ്രശ്‌നങ്ങളും ഉള്ളതുപോലെ പെരുമാറാം. ചിലര്‍ക്ക് സംസാരവും ബുദ്ധിശക്തിയും കൂടിയിരുന്നതായും കാണാം.
സംസാരശേഷി ആദ്യം വളരുകയും പിന്നീട് കുറയുകയും ചെയ്യുക, മറ്റുള്ളവര്‍ തന്റെ അടുത്തേക്ക് വരുമ്പോള്‍ അറിഞ്ഞതായി ഭാവിക്കാതിരിക്കുക, പ്രകോപനവും കൂടാതെ മറ്റുള്ളവരെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്യുക, തന്റേതായ ലോകത്ത് മാത്രം ഒതുങ്ങിക്കൂടുക, മറ്റുള്ളവരുമായി അടുക്കാതിരിക്കുക, ഒരേ പ്രവൃത്തിയില്‍ മുഴുകി ഇരിക്കുക, നിരന്തരമായി കൈ ചലിപ്പിച്ച് കൊണ്ടിരിക്കുക, ചാഞ്ചാടുക, കളിപ്പാട്ടങ്ങള്‍ മണക്കുക, നക്കുക, വേദന അനുഭവപ്പെട്ടാലും പ്രതികരണം ഇല്ലാതിരിക്കുക, പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടുവിക്കുക, വായില്‍ നിന്ന് വെള്ളം വന്നുകൊണ്ടിരിക്കുക എന്നിവ ഓട്ടിസം ബാധിച്ച കുട്ടികളില്‍ സാധാരണ കാണാം.
സാധാരണയായി മൂന്ന് വയസ്സിലാണ് തിരിച്ചറിയുക. ലക്ഷണങ്ങളുടെ കാഠിന്യമനുസരിച്ച് ശൈശവ ഓട്ടിസം, അകാലത്തുണ്ടാകുന്ന ഓട്ടിസം, പി.ഡി.ഡി എന്നിങ്ങനെ തരം തിരിക്കാം.
ഓര്‍ഗാനിക് ന്യൂറോ ഡെവലപ്‌മെന്റ് ഡിസ്ഓര്‍ഡര്‍ ആയ ഓട്ടിസം യാതൊരു രക്തപരിശോധനയിലൂടെയും കണ്ടെത്താന്‍ സാധിക്കില്ല.
ആണ്‍കുട്ടികളിലാണ് കൂടുതലായി ഓട്ടിസം കാണപ്പെടുന്നതെങ്കിലും കാഠിന്യം പെണ്‍കുട്ടികളിലാണ്. 75% പേര്‍ക്കും ഐ.ക്യു. 70% കുറവായിരിക്കും.
കാരണങ്ങള്‍
ഗര്‍ഭാവസ്ഥയുടെ ആദ്യകാലങ്ങളിലു ണ്ടാകുന്ന മസ്തിഷ്‌കാഘാതം
ഗര്‍ഭാവസ്ഥയിലെ റൂബല്ല എന്ന മാരക രോഗം
തലച്ചോറിലെ വെള്ളക്കെട്ട്, അണുബാധ തലച്ചോറിലും തലച്ചോറ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും കാന്‍സര്‍ പോലുള്ള മുഴ, തല ച്ചോറിന് വികാസം ഉണ്ടാകാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ ഉണ്ടാക്കുന്ന ജീനിന്റെ കുറവ്.
ഇതൊക്കെ കാരണങ്ങളായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ആദ്യത്തെ കുട്ടി ഓട്ടിസം ഉള്ളതാണെങ്കില്‍ അടുത്ത കുട്ടി ഓട്ടിസ്റ്റിക് ആകാനുള്ള സാധ്യത 1/50 ആണ്.
ഓട്ടിസമുള്ള കുട്ടിയുടെ സഹോദരങ്ങള്‍ക്കോ അടുത്തബന്ധുക്കള്‍ക്കോ ജന്നി (അപസ്മാരം), പഠനവൈകല്യം, ബുദ്ധിമാന്ദ്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണാറുണ്ട്.
ഓട്ടിസമുള്ള കുട്ടികള്‍ കറുത്തീയം ചേര്‍ന്ന മണ്ണ്, പെന്‍സില്‍, പെന്‍സിലിന്റെ എഴുതുന്ന ഭാഗം എന്നിവ തിന്നുന്ന സ്വഭാവം ഉണ്ടെങ്കില്‍ അത് ഒഴിവാക്കണം. തലച്ചോറിന്റെ വളര്‍ച്ചയെ അത് ബാധിക്കും.
ചികിത്സ
ഓട്ടിസം മരുന്നുപയോഗിച്ച് ചികിത്സിച്ച് മാറ്റാന്‍ പറ്റുന്ന അസുഖമല്ല. എന്നാല്‍ അനുബന്ധ രോഗങ്ങളായ ഉറക്കക്കുറവ്, ജന്നി, ഹൈപ്പര്‍ ആക്ടിവിറ്റി, ഡിപ്രഷന്‍ തുടങ്ങിയവക്ക് മരുന്ന് നല്‍കാം.
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് വേണ്ടത് നിരന്തരമായ പരിശീലനമാണ്. ഇത് മാതാപിതാക്കളെയും കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ളതാണ്. സ്പീച്ച്‌തെറാപ്പി, ഒക്കുപേഷനല്‍ തെറാപ്പി, ബിഹാവിയര്‍ തെറാപ്പി, ഫിസിക്കല്‍ തെറാപ്പി തുടങ്ങിയവയിലൂടെ ഇവരില്‍ മാറ്റം വരുത്താന്‍ സാധിക്കും.
ഓട്ടിസം ബാധിച്ച ഒരു കുഞ്ഞിന്റെ അമ്മ തന്റെ അനുഭവങ്ങള്‍ ചേര്‍ത്തെഴുതിയ ജീവിത സമാഹാരത്തെ കുറിച്ചെഴുതാതെ ഇത് അവസാനിപ്പിക്കാന്‍ വയ്യ.
ഓട്ടിസം ബാധിച്ച ഓരോ കുട്ടിയും നമ്മോട് പറഞ്ഞു കൊണ്ടിരിക്കുന്നത് ഇതാണ്. I am sorry I will behave good, please be patient(എന്നോട് ക്ഷമിക്കണം ഞാന്‍ നന്നായി പെരുമാറാം, അല്‍പം ക്ഷമ കാണിക്കൂ). കൃഷ്ണ എന്ന് പറയുന്ന തന്റെ ഓട്ടിസം ബാധിച്ച മകനെക്കുറിച്ച് അമ്മ ജലജ പറയുന്നു: ''ജീവിതം അവനോട് ദയാരഹിതമായി പെരുമാറി. ഞങ്ങള്‍ക്കെങ്ങനെ ആ വിധത്തില്‍ പെരുമാറാന്‍ കഴിയും. ഈയൊരു അന്വേഷണത്തിന്റെ ഫലമായാണ് ജലജ നാരായണന്റെ ഒരു വര്‍ഷം നീണ്ടുനിന്ന പ്രയത്‌നത്തിലൂടെയുള്ള ഒരു ജേര്‍ണല്‍ പുറത്ത് വരുന്നത്. അതാണ് ‘From a mother Heart’ എന്ന പുസ്തകം. ജലജനാരായണ്‍ ഓട്ടിസം ബാധിച്ച കുട്ടികളുടെ അമ്മമാര്‍ക്ക് വേണ്ടി സമ്മാനിക്കുന്നു ഈ പുസ്തകം.
ഓട്ടിസമുള്ള കുട്ടിയുടെ കൂടെയുള്ള ജീവിതം അപ്രതീക്ഷിതമായ സംഭവങ്ങളും സന്ദര്‍ഭങ്ങളുമാണ്. ആരോടും ഇടപഴകാനോ ഒന്ന് സംസാരിക്കാനോ ഒന്നഭിവാദ്യം ചെയ്യാനോ കഴിയാതെ ഒറ്റപ്പെടലിന്റെ തുരുത്തിലൊതുങ്ങിക്കൂടുന്നു അവര്‍. ഈ ജീവിതത്തില്‍ നിന്ന് പ്രകാശമാനമായ ജീവിതത്തിലേക്ക് ഒന്നടുപ്പിക്കാനുള്ള ഏത് ശ്രമവും ഒരു വെല്ലുവിളിയാണ്. ഓരോ ദിനങ്ങളും അതിജീവിനത്തിലുള്ള ഏറ്റുമുട്ടലുകളാണ് നടക്കുന്നത്.
കൃഷ്ണയുടെ ബാല്യകാലത്തേക്ക് തിരിഞ്ഞ് നോക്കുമ്പോഴാണ് ഓട്ടിസത്തെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകള്‍ ജലജനാരായണ്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. ഓട്ടിസമാണെന്ന് ഉറപ്പ് വരുത്താന്‍ പോലും അവര്‍ക്ക് ഏറെ സഞ്ചരിക്കേണ്ടിവന്നു.
ദാരിദ്ര്യം, വൈവിധ്യം, ആമവാതം തളര്‍ത്തിയ ശാരീക മാനസികവാസ്ഥ എന്നിട്ടും തളരാതെ പിടിച്ചു നിന്ന മിനാക്ഷിചേച്ചിയേയും ഇതോടൊപ്പം ഓര്‍ക്കുന്നത് നന്ന്. അവര്‍ പോരാടുന്നത് തന്റെ ഓട്ടിസം ബാധിച്ച 34-കാരനും ബുദ്ധിമാന്ദ്യമുള്ള 36-കാരനും വേണ്ടി. അവസാനം തന്റെ കുഞ്ഞുങ്ങളെപ്പോലെ ഓട്ടിസ്റ്റിക് എം.ആര്‍ പോലുള്ള അസുഖങ്ങള്‍ ബാധിച്ച പഞ്ചായത്തിലെ മറ്റു കുട്ടികളുടെ മാതാവായി അറിയപ്പെടുകയാണ് വടകര സ്വദേശിയായ മീനാക്ഷി ചേച്ചി. ഭര്‍ത്താവിന്റെ മരണവും പ്രതീക്ഷയില്ലാത്ത മക്കളും ആമവാതം പോലുള്ള അസുഖങ്ങളും വിധിയായി മുന്നിലെത്തിയിട്ടും തളര്‍ച്ച അറിയാത്തവരാണവര്‍. കുട്ടികളിലെ ശാരീരിക - മാനസിക പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ നിരാശരാവാതെ മുന്നോട്ട് പോകണമെന്നാണ് അമ്മമാരോട് മീനാക്ഷി ചേച്ചി പറയുന്നത്.
സൗമ്യമായ ദൃഢതയില്ലാത്ത ഒരു വ്യക്തിയില്‍നിന്ന് നിശ്ചയദാര്‍ഢ്യമുള്ള ശക്തി സംഭരിച്ച ഒരു പോരാളിയായി മാറാന്‍ ഈ അമ്മമാര്‍ക്ക് കഴിഞ്ഞു. അനാഥരാക്കാന്‍ പോലും സാധ്യതയുള്ള കുട്ടികളെ സനാഥരാക്കാന്‍ ശ്രമിക്കുന്ന മീനാക്ഷിയും ജലജയും തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം പോലും ജീവിതത്തിന്റെ അര്‍ത്ഥപൂര്‍ണമായ സ്വാതന്ത്ര്യത്തിനുവേണ്ടി നീക്കിവെക്കുകയാണിവിടെ. അടിമത്തം സ്വാതന്ത്ര്യം എന്നിവയുടെ അര്‍ത്ഥം മാറുകയാണിവിടെ. ഒരിക്കലും ജീവിതം തുടങ്ങാന്‍ കഴിയാത്ത ഓട്ടിസബാധിതര്‍ക്ക് ജീവിതം പകരം നല്‍കുകയാണ് ഈ അമ്മമാര്‍.