ആച്ചുട്ടിത്താളം 8
വീട്ടിലേക്ക് പോരുമ്പോഴുള്ള ഉത്സാഹമൊക്കെ കെട്ടുപോയിരുന്നു. ഒന്നും ചെയ്യാനില്ലാതെ പകലുകള്‍ പതുക്കെ സന്ധ്യക്ക് വഴിമാറി. സന്ധ്യകള്‍ പകലിനെക്കാത്ത് അലസമായി കിടന്നു. ചെറ്യമ്മായിയും ഉമ്മയും ഒഴിവുണ്ടാകുമ്പോഴൊക്കെ ഒന്നും രണ്ടും പറഞ്ഞ് വഴക്കുകൂടി. വല്യമ്മായിക്ക് വയ്യാതായിരിക്കുന്നു. യതീംഖാനയിലെ ക്ലീനിങ് പണി അവര്‍ നിര്‍ത്തി. ഉമ്മയുടെ മുതുക് ഭാരം കൊണ്ട് കുനിഞ്ഞ് പോകുന്നത് വേദനയോടെ കണ്ടു. സൈഫുത്താത്തയും സല്‍മത്താത്തയും കുട്ടികളും വിരുന്ന് വന്നാല്‍ അവരുടെ കാര്യവും നോക്കണം.
യതീംഖാനയിലേക്ക് തിരിച്ചു പോകണമെന്ന തോന്നലാണ് മുമ്പില്‍ നിന്നത്. എല്ലാറ്റില്‍നിന്നും ഒരകല്‍ച്ച പോലെ.., എന്റേതു മാത്രമായ ലോകം എന്നില്‍ നിന്ന് പോയ്പ്പോയ പോലെ... വളരേണ്ടിയിരുന്നില്ല എന്നു തോന്നി. ഉടുത്തും ഉടുക്കാതെയുമൊക്കെ പൊറത്തെ കുളത്തില്‍ ചാടുന്ന ആ പ്രായം മതിയായിരുന്നു.
എല്ലാ മുഖങ്ങളിലും അപരിചിതത്വം. സ്വന്തം ചുറ്റുപാടില്‍ എത്ര പെട്ടെന്നാണ് ഞാന്‍ അന്യയായത് എന്ന് അത്ഭുതം തോന്നി. പറന്നുപോകുന്ന അപ്പൂപ്പന്താടികള്ക്കിടയിലൂടെ കാളന്‍കുന്ന് പതുക്കെ ചവിട്ടിയിറങ്ങി. അപ്പൂപ്പന് താടികള്‍ ലക്ഷ്യമില്ലാതെ പറക്കുകയാണ്. 'ന്റെ കുട്ടിക്കറിയോ ഇതെവിടുന്നാ വര്ണ്ന്ന്?' പുകയില, പൊങ്ങിയ പല്ലുകള്‍ക്കിടയില്‍ തിരുകി അപ്പൂപ്പന് താടികള്‍ക്കു പിറകെ കണ്ണുകള്‍ പറത്തി ആച്ചുട്ടി ചിരിച്ചു. 'ഇല്ല.... എവിടുന്നാ....'
'ഏഴാം മാനത്തിനപ്പൊറത്ത് സുബര്ക്കത്തി ലെ ഹൂറികള്ക്കിടയില് കൊറേ കുട്ട്യാളുണ്ട്. ചെറുപ്പത്തില്‍ മരിച്ചുപോയ കുട്ട്യാള്. ഓലെ കളിപ്പിച്ചാന്‍ ഹൂറികള്‍ നെറയെ അപ്പൂപ്പന് താടി പറത്തും. അവിടുന്ന് പാറി വരാ....' വരുന്ന വഴിക്ക് പടര്‍ന്ന് കേറിയ ചെടിയിലെ ഉണങ്ങിയ കായയില്‍ നിന്ന് അടുക്കിവെച്ച വെളുത്ത താടികള്‍ പറന്നുവരുന്നത് കണ്ടത് ആച്ചുട്ടിയോട് പറഞ്ഞില്ല. ആച്ചുട്ടിയപ്പോള് സുബര്ക്കത്തില്, പിറക്കാതെ പോയ തന്റെ മക്കളോടൊപ്പം അപ്പൂപ്പന് താടി പറത്തുന്ന തിരക്കിലായിരുന്നു. അവരെന്നെ മറന്നു. അവരെത്തന്നെ മറന്നു. സ്വയം മറന്ന അപ്പൂപ്പന്താടിയായിരുന്നോ ആച്ചുട്ടി?
ഇടിഞ്ഞുവീണ മണ്ചുവരുകള് ചിന്തകളെ ഇറക്കിവെച്ചു. ആച്ചുട്ടി കുഞ്ഞിക്കത്തി കൊണ്ട് ഇരുന്ന് കുഴിച്ചുണ്ടാക്കിയ കുഞ്ഞിക്കിണറില്‍ ഇപ്പോള്‍ വെള്ളമില്ല. കുമ്പിട്ടുനിന്ന് ചെറിയ പാത്രം കൊണ്ട് വെള്ളം മുക്കി അടുപ്പത്തുവെക്കുന്ന ആച്ചുട്ടിയുടെ കിണര്‍ എപ്പോഴും തെളിഞ്ഞുനിന്നു. ആ ഇത്തിരിക്കുഴിയില് ആച്ചുട്ടിക്കു ശേഷം പിന്നെ എപ്പോഴെങ്കിലും വെള്ളം ഉണ്ടായിരുന്നോ? ഇല്ലെന്നു തോന്നുന്നു. മുഖത്തുമ്മവച്ച് ഒരപ്പൂപ്പന്താടി പറന്നുപോയി. ആച്ചുട്ടി പറത്തിവിട്ടതാകുമോ? ഒരുപാട് കുഞ്ഞുങ്ങളുമായി ആച്ചുട്ടി ഇപ്പോള്‍ കളിക്കുന്നുണ്ടാവും. കല്യാണ രാവില്‍ പെണ്ണുങ്ങള് അസൂയയോടെ നോക്കിയ മൊഞ്ചത്തിയായ ആച്ചുട്ടി. കരിയിലകള്‍ വീണ് വഴിമൂടിയ കൈതക്കാടിനപ്പുറത്ത് കീരികള്‍ എത്തിനോക്കി. ഞാന്‍ പതിയെ കുന്ന് കേറി.
ഒരു മാസം എങ്ങനെ പോയി എന്നറിയില്ല. മടുപ്പ് തന്നെയായിരുന്നു അധികവും. യതീംഖാനയുടെ ഗെയ്റ്റ് കടന്ന് മുറ്റത്തെത്തിയിട്ടും ഹൃദയതാളം ശരിയല്ലാ എന്നുതോന്നി. മനസ്സ് വീണ്ടും ഏതോ വല്ലായ്മയിലേക്ക് മായുന്ന പോലെ.
ഉമ്മ തിരിച്ചുപോയിട്ടും തൂണുകള്‍ക്കിടയില്‍ നിന്ന് എണീക്കാന്‍ തോന്നിയില്ല. മിക്ക കുട്ടികളും എത്തിയിരിക്കുന്നു. ഉച്ചക്ക് ഏറ്റവും അവസാനം ചോറുവാങ്ങി. സാമ്പാറിന്റെ കുത്തുന്ന ചുവ ആദ്യമേ ഇഷ്ടമല്ല. കണ്ണടച്ച് വാരിത്തിന്നു.
മുറ്റത്തെ ഏറ്റവും അറ്റത്തെ ബോഗന്‍വില്ല പടര്പ്പിനുള്ളിലിരുന്നാല് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഡൈനിങ് ഹാളിന്റെ വരാന്ത നന്നായി കാണാം. വെറുതെ നോക്കിയിരുന്നു. സബുട്ടി വന്നില്ലെ? അവനെ കണ്ടില്ല.
റൂമില്‍ പോയി ജനലഴിക്കുള്ളിലൂടെ പിറകുവശത്തെ അഗാധമായ താഴ്ചകളിലേക്ക് കണ്ണുകള്‍ പായിച്ചു. അപ്പക്കാടുകള്‍ പൂത്തിരിക്കുന്നു. വെളുത്ത പുതപ്പില്‍ നോക്കെത്താ ദൂരത്തോളം അലസമായി മയങ്ങുന്ന സൗന്ദര്യക്കാഴ്ച. പിന്നെ കരിഞ്ഞുണങ്ങി മണ്ണിന്റെ മാറില്‍ മഴ കാത്തൊരു കിടപ്പ്. ആദ്യത്തെ തുള്ളി മണ്ണില്‍ വീഴുമ്പോള്‍ വിത്തുകളുടെ നെഞ്ചില്‍ ജീവന്റെ അനക്കം താളം കൊട്ടുന്നുണ്ടാകും. ആ കൊട്ടല്‍ ഹൃദയം പിളര്‍ന്നു ചിരിക്കും. കുഞ്ഞിലകള് പുറത്തേക്ക് കണ്ണുകള്‍ പായിക്കും. ഇക്കുറി മഴ വൈകുമെന്ന് തോന്നുന്നു.
പടം വിരിച്ച് കിടന്നു. ഒന്നും ചെയ്യാനില്ല. നല്ലൊരു പുസ്തകം കിട്ടിയിരുന്നെങ്കില്‍ അതെങ്കിലും വായിക്കായിരുന്നു. അസ്വര്‍ നമസ്കാരത്തിന് കോയാക്കയുടെ നീണ്ട ബെല്‍ ഉണര്‍ത്തി. പള്ളിയിലേക്ക് നടക്കുമ്പോള്‍ ആണ്‍കുട്ടികളുടെ ഇടയിലൊന്നും അവനെ കണ്ടില്ല. നേരെത്തെ പള്ളിയിലെത്തിക്കാണുമോ? അതോ വരുന്നതേയുള്ളാവോ? വല്ലാത്തൊരു ശൂന്യത മനസ്സില്‍ നിറഞ്ഞുകൂടുന്നു.
രാത്രി ഭക്ഷണത്തിന് പോകാന്നേരം മുറ്റത്തെ ഇരുട്ടില്‍ നില്‍ക്കെ വരാന്തയില്‍ സബുട്ടിയുടെ മുഖം മനസ്സിന് വല്ലാത്തൊരു അയവ് പോലെ. വരാന്തയിലേക്ക് കയറിയിട്ടും കാര്യമില്ല. കോയാക്കയുടെ ഗൗരവം അവിടെത്തന്നെയുണ്ട്. തൂണുകള്‍ക്കിടയില്‍ വെറുതെയിരിക്കണമെന്നു തോന്നി. സങ്കടങ്ങളൊക്കെ എങ്ങോട്ടോ പോയി.
അടുത്തടുത്ത രണ്ടു തൂണുകള്‍ക്കിടയില്‍ ഇരിക്കെ മുറ്റത്തെ ഇത്തിരി ഇരുട്ടിനോട് വെറുതെ ചിരിച്ചു. സബുട്ടിയുടെ കുഞ്ഞുകണ്ണുകള്‍ മനസ്സിലേക്കു വന്നു. സുദുട്ടി എവിട്യാണാവോ? അവളോടൊത്ത് ഭക്ഷണം കഴിക്കെ എന്റെ ചിരി കണ്ടാവാം അവള്‍ക്കൊന്നും മനസ്സിലായില്ല.
'നീയല്ലെ ഇതുവരെ വാടിക്കിടന്നത്. എന്തുപറ്റി?'
'ഒന്നൂല്ല.....'
സബുട്ടിയെ കണ്ട സന്തോഷമാണെന്നു പറഞ്ഞില്ല. വെറുതെ ചിരിച്ചു. അവള് അമ്പരന്നു നോക്കി.
***************************************
വര്‍ഷത്തിന്റെ കണ്ണീരു മുഴുവന്‍ പെയ്തിറങ്ങി എന്നു തോന്നുന്നു. കാലത്തിന്റെ കറക്കത്തിന് വേഗത കൂടിയപോലെ. പുഴ നിറഞ്ഞ് കവിഞ്ഞൊഴുകി. വെയിലിന്റെ തീക്ഷ്ണത പക്ഷെ, അവളെ വീണ്ടും മെലിയിച്ചു.
വായനക്കുള്ള വഴികള്‍ അടഞ്ഞേ കിടന്നു. പഴയ നോട്ടു പുസ്തകത്തില്‍ കുത്തിക്കുറിക്കുന്നത് കൂടി. ഓര്‍മകളിലെ കണ്ണീരും നോവും അക്ഷരങ്ങളിലേക്ക് കൂടുമാറി. ചുറ്റുമുള്ള എന്തൊക്കെയോ അസ്വസ്ഥപ്പെടുത്തി. വേദനകളുടെ മുള്ളുകളുമായി അതിനേക്കാള്‍ വലിയ മുള്‍ക്കൂട്ടത്തില്‍. അതായിരുന്നു അവസ്ഥ. ഓടാന്‍ വയ്യ. കനത്ത മതില്ക്കെട്ടുകള്ക്കുള്ളില് കോമ്പല്ലുകള്‍ ഇളിച്ചുകാട്ടി. ഭൂതത്താന്മാര് കാവലിരുന്നു.
കുറിച്ചിട്ട അക്ഷരക്കൂട്ടുകള്‍ സുദുട്ടിയാണ് പരസ്യപ്പെടുത്തിയത്. ടീച്ചര്‍ ട്രെയ്നിങിനു പഠിക്കുന്ന ഇത്താത്തമാര് റെക്കോര്‍ഡുകളുമായി വന്നു.
'ഒന്ന് സാഹിത്യം കൂട്ടി എഴുതിത്തര്വോ?' വായിക്കാന്‍ പുസ്തകം എന്ന കരാറില്‍ ഒപ്പിട്ടു. ഒഴിവുള്ള സമയങ്ങളില്‍ അറിയാവുന്ന സാഹിത്യത്തില്‍ എഴുതിക്കൊടുത്തു. വായിക്കാന്‍ ഓരോ പുസ്തകം കിട്ടി എന്നതായിരുന്നു വലിയ ഭാഗ്യം.
യതീംഖാന സാഹിത്യസമാജ ഉദ്ഘാടനം നടക്കുമ്പോള്‍ സുദുട്ടി ഉന്തി. 'ചെല്ല് ഒരു പ്രസംഗം' വയറുകാളി. മദ്രസയില്‍ നിന്ന് സി.എം. മാഷിന്റെ കൈയില്‍ നിന്ന് അടിവാങ്ങല്‍ നിര്‍ത്തിയിട്ടില്ല. സാഹിത്യം വായിച്ച മുതിര്‍ന്ന ഇത്താത്തമാരൊക്കെ പ്രോത്സാഹിപ്പിച്ചു. 'നെനക്ക് കഴിയും' വിറയല്‍ കൂടുകയാണ്. ആരൊക്കെ ഉന്തിയിട്ടാണാവോ സ്റ്റേജില്‍ ചെന്നാണു നിന്നത്. കോണ്‍പോലെ നില്ക്കുന്ന രണ്ടു ഹാളുകളിലേക്കും കാണാവുന്ന രീതിയില്‍ സ്റ്റേജ്. ഒരുഭാഗത്ത് ആണ്‍കുട്ടികള്‍. മറുഭാഗത്ത് പെണ്‍കുട്ടികള്‍. പി.ജിക്കാരും അറബിക്കോളേജുകാരും, ടി.ടി.സിക്കാരും. പിന്നെ ഒന്നാം ക്ലാസു മുതലുള്ള സകല കുട്ടികളും. സ്പീച്ചിംഗ് ടേബിളില്‍ മുറുക്കിപ്പിടിച്ചു. എന്താപറയാ കാലു കഴയുകയാണ്. പക്ഷെ തോറ്റുപോകാന്‍ വയ്യ. രണ്ടും കല്പിച്ച് തുടങ്ങി. സ്ത്രീകളുടെ വിഷമങ്ങള്‍. പീഡനങ്ങള്‍. കറിവേപ്പില പോലെ അവളെ വലിച്ചെറിയുന്നത്. പുരുഷ വര്‍ഗം അവരോട് ചെയ്യുന്ന മഹാ അപരാധങ്ങള്‍. സ്ത്രീധനം, ആഭരണം എല്ലാം സ്ത്രീകളുടെ പ്രശ്നങ്ങള്‍. കാരണക്കാര്‍ മൊത്തം പുരുഷന്മാര്.
ഇറങ്ങിപ്പോരുമ്പോള്‍ കാല് തളര്‍ന്നുവീഴുമെന്ന് തോന്നി. നിര്‍ത്താത്ത കൈയടിക്കിടയിലൂടെ തൊണ്ട വരണ്ട് സീറ്റില്‍ ചെന്ന് വീണു. പെണ്‍കുട്ടികളുടെ കരഘോഷം നിന്നിട്ടില്ല. മജീദ് സാറിന്റെ അനൗണ്സ്മെന്റില് അത് നിലച്ചു.
'വിഷമിക്കണ്ട. വിദ്യാര്‍ഥിനികള്‍ക്ക് മാത്രമായി സംഘടന വരുന്നു. അതിനൊരാളെ കിട്ടി.' ഒന്നും ചെവിയില്‍ കയറിയില്ല.
പിന്നീട് യതീംഖാന വാര്‍ഷികത്തിന് ഹൗസ് തിരിച്ചപ്പോള്‍ അതിനുള്ള പണിയും കിട്ടി. പോക്കര് സുഹറയും, പിച്ചാളുവും, തോട്ടി ഷക്കീലയും, പക്കോന് സുലൈഖയും എന്നെ പിടിച്ചുവലിച്ച് ഓഹരിവെക്കുമെന്ന് തോന്നി. ഏതായാലും ആദ്യം വിളിക്കാന്‍ നറുക്കു വീണത് പിച്ചാളുവിന്റെ ഹൗസിനാണ്. മൊത്തം കുട്ടികള്‍ നാല് ഹൗസായി. ഒരാള്‍ക്ക് എത്ര പരിപാടിക്കും കൂടാം. എല്ലാറ്റിന്റെയും പേരുകൊടുത്തത് പിച്ചാളു തന്നെ. എല്ലാ രചനകളും കഥ, കവിത, പ്രബന്ധം സ്റ്റേജ് പരിപാടി, ഗാനമൊഴികെ എല്ലാം. പടച്ചോനെ, ചങ്ക് പൊട്ടിക്കരയണമെന്നുതോന്നി. പ്രസംഗം വലിയ കുറ്റമാണെന്നപോലെ . പ്രസംഗമാണല്ലോ എല്ലാ വിനയും ഉണ്ടാക്കിയത്.
ഏറ്റവും വലിയ പ്രശ്നം കഥാപ്രസംഗമായിരുന്നു. 'മിസ്അബ് 'എന്ന പ്രവാചകാനുയായി മനസ്സില്‍ മായാതെ നിന്നിരുന്നു. അത് കഥാപ്രസംഗമാക്കാം. ഉറക്കം പോയി. രാവും പകലും മിസ്അബ് എന്ന നിസ്വാര്‍ഥനായ സ്വഹാബിയുടെ ഓര്‍മകള്‍. സുന്ദരനായ മിസ്അബ്. പെണ്‍കുട്ടികള്‍ സ്നേഹത്തോടെ നോക്കി നിന്ന മിസ്അബ്. അദ്ദേഹം നടന്ന വഴിയില്‍ സുഗന്ധം തങ്ങിനിന്നു. അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ റങ്ക് കണ്ട് മക്ക തരിച്ചുനിന്നു.
അവസാനം എല്ലാം തന്റെ റബ്ബിന് വേണ്ടി ത്യജിച്ച മിസ്അബ് രക്തസാക്ഷിയാകുമ്പോള്‍ വലിപ്പമെത്താത്ത ഒരു കഫന്‍പുട. കാലുമറച്ചാല് തലമറയാതെ, തലമറച്ചാല്‍ കാലു മറയാതെ. അന്തിച്ചുനിന്ന സഹപ്രവര്‍ത്തകര്‍. തലമറച്ച് കാലില്‍ പുല്ലിട്ടുമൂടിയ മിസ്അബിനെക്കണ്ട് പൊട്ടിക്കരഞ്ഞ പ്രവാചകന്. എഴുത്തിന്റെ ഓരോ വരിയിലും ഹൃദയമിടിപ്പ് കൂടി. ചിലപ്പോള്‍ തല പെരുത്തു. കണ്ണുകള്‍ പുകഞ്ഞു. ജീവിതത്തില്‍ അത്ര വേദനിച്ച് ഞാനൊന്നും എഴുതിയിട്ടില്ല. ഒരു ഒമ്പതാം ക്ലാസുകാരിയുടെ ഹൃദയം പറിഞ്ഞ കരച്ചിലായിരുന്നു അത്.
കഥാപ്രസംഗം അവതരിപ്പിച്ച് റിസല്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ മുഹമ്മദ് സാറിന്റെ കണ്ണുനിറഞ്ഞു. യതീംഖാനയിലെ വാര്‍ഡനും ട്യൂഷന് ടീച്ചറുമാണ് സാറ്. 'വണ്ടര്ഫുള് എന്റെ കുട്ടീ. ഞങ്ങളെ കരയിച്ചു
നീ. അതും സ്വന്തം രചന' പങ്കെടുത്ത എല്ലാറ്റിനും ഒന്നാം സ്ഥാനം. വിശ്വസിക്കാന്‍ എനിക്കു തന്നെ ബുദ്ധിമുട്ട്. സത്യമായിരുന്നത്. കനിവു മുഴുവന്‍ തന്നിലേക്കു ചേര്‍ത്തു വച്ചവന്റെ കനിവ്. ഒരു കുഞ്ഞുറുമ്പിന്റെ പരിചരണം പോലും ശ്രദ്ധിക്കുന്നവനാണല്ലോ അവന്. ഒരിലയുടെ ഇളക്കം പോലും അവന്റെ കിതാബിലുണ്ടല്ലോ.
വര : ശബീബ മലപ്പുറം