സൂര്യപ്രകാശം കൂടുതലേല്‍ക്കുമ്പോള്‍, പ്രത്യേകിച്ചും നട്ടുച്ചക്കുള്ള കടുത്തചൂടില്‍ പുറത്തിറങ്ങുമ്പോള്‍ സൂര്യരശ്മികളിലടങ്ങിയ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മത്തിനെ പ്രതികൂലമായി ബാധിക്കുന്നു. ചര്‍മത്തിനു മാത്രമല്ല കണ്ണുകള്‍ക്കും പ്രശ്നമുണ്ടാവാനിടയുണ്ട്. ചര്‍മം കരുവാൡാനും ക്രമേണ ചര്‍മത്തില്‍ കാന്‍സര്‍ ഉണ്ടാവാനും സാധ്യത കൂടുന്നു. ചര്‍മത്തില്‍ ചുളിവുകളും കറുത്തപാടുകളും പൊട്ടുകളും ഉണ്ടാവാം. വെളുത്തവര്‍ക്കു മാത്രമല്ല കറുത്ത ചര്‍മമുള്ളവര്‍ക്കും ഇത് ബാധകമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1- സൂര്യപ്രകാശം കൂടുതലുള്ളപ്പോള്‍, അതായത് ചൂട് കൂടുതലുള്ള ഉച്ച നേരത്ത് വെയിലില്‍ ഇറങ്ങാതിരിക്കുക. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ പുറത്തിറങ്ങാതിരുന്നാല്‍ ഏറ്റവും നല്ലതായിരിക്കും. മരത്തണലില്‍ നിന്നാലും ചര്‍മത്തില്‍ സൂര്യകിരണങ്ങള്‍ പതിക്കാം. അതുപോലെ ആകാശം മൂടിക്കെട്ടിനിന്നാലും സൂര്യരശ്മികള്‍ നമ്മുടെ അടുത്തെത്താമെന്ന് ഓര്‍ക്കുക.
2- ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക. കൈകളും കാലുകളും മൂടുന്ന വസ്ത്രങ്ങളിടുകയും തലമൂടാന്‍ തൊപ്പിയോ ടവ്വലോ ചുരിദാറിന്റെ ഷോളോ ഉപയോഗിക്കുകയും ചെയ്തുകൊണ്ടുമാത്രം വെയിലത്തിറങ്ങുക.
3- മഞ്ഞുകാലത്തും സൂര്യരശ്മികള്‍ ചര്‍മത്തില്‍ തട്ടുമെന്നോര്ക്കുക. വെള്ളം, സിമന്റ്, മണല്‍, മഞ്ഞുകട്ട എന്നിവയിലെല്ലാം തട്ടി പ്രതിഫലിച്ചെത്തുന്ന സൂര്യരശ്മികളും ചര്‍മത്തിനു ദോഷമുണ്ടാക്കാം.
4- പുറത്തുപോകുമ്പോള്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കേണ്ടത് വളരെ ആവശ്യമാണ്. യു.വി.എ രശ്മികളില്‍ നിന്നും യു.വി.ബി രശ്മികളില്‍ നിന്നും ചര്‍മത്തിനെ സംരക്ഷിക്കുന്ന Broadspectrum സണ്‍സ്ക്രീനാണ് ഏറ്റവും നല്ലത്. സണ്‍സ്ക്രീനില്‍ SPF(Sun Protection Factor) 15 എങ്കിലും ഉണ്ടായിരിക്കണം. വാങ്ങുമ്പോള്‍ പുറത്തെ ലേബലില്‍ എഴുതിയതു നോക്കിയാല്‍ SPF എത്രയാണെന്നു മനസ്സിലാവും. സണ്‍സ്ക്രീന്‍ ലോഷന്‍ കാലാവധി കഴിഞ്ഞതാണോ എന്ന് നോക്കണം. സണ്‍സ്ക്രീന്‍ ലോഷന്‍ വീട്ടില്‍ അധികം ചൂടും തണുപ്പുമില്ലാത്ത സ്ഥലത്താണ് സൂക്ഷിക്കേണ്ടത്. മുഖക്കുരു അധികമുണ്ടെങ്കില്‍, അഥവാ എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ Oil free ആയതും Waterbased ആയതുമായ സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കാം (സണ്‍സ്ക്രീന്‍ ക്രീം ഉപയോഗിക്കരുത്)
5- ഓരോ രണ്ടുമണിക്കൂര്‍ കൂടുമ്പോഴും സണ്‍സ്ക്രീന്‍ പുരട്ടേണ്ടിവരും. (നീന്തുകയോ, വിയര്‍ക്കുകയോ, വെയിലത്തു പണിചെയ്യുകയോ കുളിക്കുകയോ ചെയ്യുകയാണെങ്കില്‍ പ്രത്യേകിച്ചും) ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ സൂര്യപ്രകാശം ഒഴിവാക്കാം, മുഖത്തും കഴുത്തിലും കൈകളിലും കഴുത്തിനുപുറത്തും (സൂര്യപ്രകാശം തട്ടുന്ന എല്ലാഭാഗത്തും) സണ്‍സ്ക്രീന്‍ പുരട്ടണം. പുറത്തുപോകുന്നതിന് 15 മിനുട്ട് മുമ്പാണ് പുരട്ടേണ്ടത്.
6- കണ്ണുകളെ സംരക്ഷിക്കാന്‍ സണ്‍ഗ്ലാസ്സുകള്‍ (കൂളിംഗ് ഗ്ലാസ്സ്) ധരിക്കുക.