ഒരു കാലത്ത് വീടിന്റെ അകത്തളങ്ങളില്‍ എരിഞ്ഞു തീര്‍ന്നിരുന്ന മലയാളി പെണ്‍കൊടികള്‍ ഇന്ന് കല, കായികം, സാഹിത്യം,
ഒരു കാലത്ത് വീടിന്റെ അകത്തളങ്ങളില്‍ എരിഞ്ഞു തീര്‍ന്നിരുന്ന മലയാളി പെണ്‍കൊടികള്‍ ഇന്ന് കല, കായികം, സാഹിത്യം, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. സാമൂഹികവും സാമ്പത്തികവുമായ പല കാരണങ്ങളും ഇതിനു പിന്നിലുണ്ടെങ്കിലും വിദ്യാഭ്യാസപരമായ ഉയര്‍ച്ചയാണ് ഇതില്‍ പ്രധാനം. ആണ്‍കുട്ടികള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്കിയപ്പോള് ഉന്നത പഠനത്തിന്റെ പടവുകള്‍ കയറിപ്പോകാന്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ താല്പര്യപ്പെടുന്നു. അതുകൊണ്ട് തന്നെ ഗവേഷണ മേഖലയും ഇവര്‍ക്ക് പുത്തരിയല്ല; കുടുംബ സാമൂഹിക ജീവിതത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ട് തന്നെ ഗവേഷണവും ഇവര്‍ മുന്നോട്ടു കൊണ്ടുപോകുന്നു. ഇന്ത്യക്ക് അകത്തും പുറത്തും വ്യത്യസ്ത വിഷയങ്ങളില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന സ്ത്രീ പ്രതിഭകള്‍ ധാരാളമുണ്ട്.
ഫാറൂഖ് കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയാണ് ഖദീജ മംഗലത്ത് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെത്തുന്നത്. ഒന്‍പത് വര്‍ഷമായി ജെ.എന്‍.യുവിന്റെ സ്പന്ദനം അറിയുന്ന ഇവര്‍ എം. എ സോഷ്യോളജിയും എം. ഫില്ലും പൂര്‍ത്തിയാക്കി 2013-ല്‍ 'മുസ്ലിം സ്ത്രീ പൊതുമണ്ഡലത്തില്‍' എന്ന വിഷയത്തില്‍ പി. എച്ച്. ഡി തുടങ്ങി. മുസ്ലിം സ്ത്രീ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് പ്രവേശിക്കുമ്പോള്‍ വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ ഘടനയില്‍ വന്ന മാറ്റങ്ങളും അതിന്റെ പരിണിതഫലങ്ങളും ഇവിടെ പഠന വിധേയമാക്കപ്പെടുന്നു. എം.എ ക്ക് പഠിക്കുന്ന സമയത്താണ് ഖദീജ വിവാഹിതയാകുന്നത്. ഇപ്പോള്‍ അഞ്ചു വയസ്സായ ഒരു മകളും രണ്ടു വയസ്സായ ഒരു മകനുമുണ്ട്. തന്റെ ദല്‍ഹി ജീവിതമാണ് പഠന രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ നേടിത്തന്നതും സാമൂഹിക ചുറ്റുപാടുകളെ അതിജീവിച്ചു കൊണ്ട് മുന്നോട്ടു പോകാന്‍ തനിക്കു കരുത്തേകിയതും എന്നാണ് ഖദീജയുടെ അഭിപ്രായം. ജര്‍മനിയിലെ എര്‍ഫെര്‍ട്ട് യൂനിവേഴ്സിറ്റി നടത്തിയ മൂന്നാഴ്ച നീണ്ടുനില്കുന്ന 'മുസ്ലിംസ് ഇന്‍ വെസ്റ്റ്' എന്ന ശില്പശാലയിലും 'വിമന്‍സ് ലീഡര്ഷിപ്' എന്ന വിഷയത്തില്‍ ബാംകോകില് വെച്ചു നടന്ന ശില്പശാലയിലും പങ്കെടുത്തതാണ് തന്റെ അക്കാദമിക് ജീവിതത്തിലെ വലിയ നേട്ടങ്ങളില്‍ ചിലതായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്വന്തം കുടുംബവും ദല്‍ഹിയിലെ ജാമിഅ ഹംദര്‍ദില്‍ നിന്ന് ഗവേഷണം പൂര്‍ത്തിയാക്കിയ ഭര്‍ത്താവ് അന്‍വറും അദ്ദേഹത്തിന്റെ കുടുംബവും ഈ ജെ.ആര്.എഫുകാരിക്ക് എപ്പോഴും കൂടെയുണ്ട്.
മുട്ടില്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ അധ്യാപികയും മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ഗവേഷണ വിദ്യാര്‍ഥിയുമായ നൂര്ജഹാന്, കൗണ്‍സിലിംഗ് രംഗത്തും അധ്യാപനത്തിലും എഴുത്തിലും തിളങ്ങിക്കൊണ്ടിരിക്കുന്നു. അരീക്കോട് സുല്ലമുസ്സലാം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നിന്ന് ബി.എ ഇംഗ്ലീഷ് പൂര്‍ത്തിയാക്കിയാണ് നൂര്ജഹാന് വിമല കോളേജില്‍ എം.എസ്.ഡബ്ല്യുവിന് ചേരുന്നത്. പെണ്‍കുട്ടികള്‍ക്ക് യോജിച്ചതല്ലെന്ന് സമൂഹം പൊതുവെ ധരിച്ചുവെച്ചിരുന്ന ഈ കോഴ്സ് തിരഞ്ഞെടുത്തതില്‍ കുടുംബാംഗങ്ങളും അധ്യാപകരും അന്ന് ആശങ്കയിലായിരുന്നു. കോഴ്സ് പൂര്‍ത്തിയാക്കി വിവാഹാനന്തരമാണ് 2008-ല്‍ കിഷോരി ശക്തി യോജന എന്ന പ്രൊജക്റ്റിന്റെ കീഴില്‍ സ്കൂള്‍ കൗണ്‍സിലറായി ജോയിന്‍ ചെയ്യുന്നത്. തന്റെ മുന്നില്‍ വരുന്ന കേസുകള്‍ പരിഹരിക്കാന്‍ കുറച്ചുകൂടി ആഴത്തില്‍ മനശ്ശാസ്ത്രം മനസ്സിലാക്കണം എന്ന ചിന്തയാണ് 2010-ല്‍ ജോലി ഉപേക്ഷിച്ചു റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്കോളജിയില്‍ ചേരാന്‍ നൂര്‍ജഹാനെ പ്രേരിപ്പിച്ചത്. ഇവിടെ നിന്ന് ഒന്നാം റാങ്കോടു കൂടി എം.ഫില്‍ പൂര്‍ത്തീകരിച്ച ഇവര്‍ ക്ലിനിക്കല്‍ കൗണ്‍സിലര്‍ ആയി ജോലി ചെയ്തു. ഇതിനിടയില്‍ യു.ജി.സി നെറ്റ് പാസ് ആയ നൂര്ജഹാന് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പി. എച്ച്. ഡി ക്കു ജോയിന്‍ ചെയ്തു. മാപ്പിള പെണ്ണുങ്ങളുടെ വിവാഹാനന്തര ജീവിതത്തെ കുറിച്ചുള്ള വിവരങ്ങളെ അധികരിച്ചാണ് ഇവര്‍ ഗവേഷണം നടത്തുന്നത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നും പതിനാറിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള സംവാദം മീഡിയകളില്‍ നടന്നുകൊണ്ടിരുന്ന പശ്ചാത്തലമാണ് ഇത്തരം ഒരു വിഷയം തെരഞ്ഞെടുക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് നൂര്ജഹാന് ഓര്‍ക്കുന്നു. ഈ സംവാദത്തില്‍ മുഖ്യധാര രാഷ്ട്രീയ നേതാക്കളും മത നേതാക്കളും വനിതാപ്രവര്‍ത്തകരും പങ്കെടുത്തു. എന്നാല്‍ ആരെക്കുറിച്ചാണോ ചര്‍ച്ച ചെയ്യപ്പെടുന്നത് അവരുടെ അനുഭവങ്ങള്‍ പലപ്പോഴും വെളിച്ചം കാണാതെ പോയി. അതുകൊണ്ട് തന്നെ ഒരു മാപ്പിള സ്ത്രീ എന്ന നിലയില്‍ തന്റെയും അതു പോലുള്ള മറ്റു സ്ത്രീകളുടെയും അനുഭവങ്ങള്‍ക്ക് പ്രാധാന്യം ഉണ്ടെന്നു മനസ്സിലാക്കുകയായിരുന്നു. പി. എച്ച്. ഡി കോഴ്സ് വര്‍ക്ക് കഴിഞ്ഞതിനു ശേഷമാണ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഓഫ് കേരളയില്‍ അധ്യാപികയായി ഒരു വര്‍ഷം ജോലി ചെയ്യുന്നത്. ഒരു വയസ്സായ മകളുള്ള നൂര്‍ജഹാന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ കുടുംബ ജീവിതത്തിനു വേണ്ടി വീട്ടില്‍ തന്നെ ഒതുങ്ങിയിരിക്കുന്നതിനേക്കാള് ജോലിയും പഠനവും കുടുംബ ജീവിതവും ഒരുമിച്ച് പോകുമ്പോഴാണ് സെല്‍ഫ് മോട്ടിവേഷനും ഇന്‍സ്പിറേഷനും ലഭിക്കുന്നത്. അധ്യാപകരായ രക്ഷിതാക്കളുടെ മാതൃകയും ഭര്‍ത്താവിന്റെ സഹകരണവും തന്റെ അക്കാദമിക് ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് നൂര്ജഹാന് ഓര്‍ക്കുന്നു. അക്കാദമിക് പേപ്പറുകള്‍ക്ക് പുറമെ മുഖ്യധാരാ പത്രങ്ങളിലും മാഗസിനുകളിലും സ്ഥിരമായി എഴുതാറുണ്ട് നൂര്ജഹാന്. മനസ്സഞ്ചാരം എന്ന ഇവരുടെ ബ്ലോഗിലെ മനശ്ശാസ്ത്രക്കുറിപ്പുകള്‍ പുടവ മാഗസിനില്‍ ഏകദേശം ഒരു വര്‍ഷക്കാലം പ്രസിദ്ധീകരിച്ചിരുന്നു. തന്റെ ഹിജാബും ഇസ്ലാമിക ജീവിതവും ഉപരിപഠനത്തിന്റെ പല ഘട്ടങ്ങളിലും ഒരു ചോദ്യ ചിഹ്നമായിരുന്നത് നൂര്ജഹാന് ഓര്‍ക്കുന്നു. മുസ്ലിം സമുദായത്തെക്കുറിച്ച് പൊതു മണ്ഡലത്തിലുള്ള കാഴ്ചപ്പാടുകളാണ് പലപ്പോഴും ഈ ചോദ്യങ്ങള്‍ക്ക് പ്രേരകമായത്.
ദല്‍ഹിയിലെ കേന്ദ്ര സര്‍വകലാശാലയായ ജാമിഅ മില്ലിയ ഇസ്ലാമിയയിലെ ബയോസയന്‍സ് വിഭാഗത്തിലെ മൂന്നാം വര്‍ഷ ഗവേഷണ വിദ്യാര്‍ഥിനിയാണ് പാലക്കാടുകാരിയായ ശബീന ഖമറുദ്ദീന്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്നും ബയോസയന്‍സില്‍ ഒന്നാം റാങ്കോടെ പാസ്സായ ശബീന വിവാഹാനന്തരം ഭര്‍ത്താവിന്റെ ജോലി ആവശ്യാനുസരണമാണ് ദല്‍ഹിയിലെത്തുന്നത്. ഗവേഷണം ജീവിതത്തിലെ ഒരു സ്വപ്നമായിരുന്നെങ്കിലും മൂന്നു വയസ്സുകാരനായ മകന് രിഹാനെ, തന്റെ പഠനം പ്രതികൂലമായി ബാധിക്കുമെന്ന് കരുതി ആ സ്വപ്നം മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം 2012-ല്‍ ജാമിഅ മില്ലിയയില്‍ പി.എച്ച്.ഡി. പ്രവേശന പരീക്ഷ എഴുതി, പരീക്ഷ പാസ്സായെങ്കിലും ഇന്റര്‍വ്യൂ കിട്ടിയില്ല; അതിന്റെ അടുത്ത വര്‍ഷമാണ് അഡ്മിഷന് കിട്ടിയത്. ആ വര്‍ഷം തന്നെ ഭര്‍ത്താവിനു കുവൈത്തില്‍ ജോലി കിട്ടി പോകേണ്ടി വന്നു. ഭര്‍ത്താവ് ഇല്ലാത്തതിനാല്‍ ദല്‍ഹിയില്‍ മകനുമൊത്തുള്ള ജീവിതവും അവന്റെ പഠനവും തന്റെ ഗവേഷണവും ഒരുമിച്ചു കൊണ്ടുപോകല്‍ എളുപ്പമായിരുന്നില്ല. ഭാഗ്യവശാല്‍ ആ സമയത്താണ് ഉപ്പ ദല്‍ഹിയിലെ അല്‍ ശിഫ ഹോസ്പിറ്റലിന്റെ ഡയറക്ടര്‍ ആയി ദല്‍ഹിയില്‍ സ്ഥിരമാക്കുന്നത്. മകന് ഉച്ച കഴിഞ്ഞ് സ്കൂള്‍ ഇല്ലാത്തതിനാല്‍ ഇടക്കിടക്ക് തന്റെ കൂടെ വന്നു നില്കുന്ന ഉമ്മ ഒരു സഹായമായി. എന്നാല്‍ ഏതു തിരക്കുകള്‍ക്കിടയിലും തന്റേതായ ലോകത്ത് മാത്രം ഒതുങ്ങിക്കൂടുകയല്ല ശബീന. ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ വിമന്‍സ് മാനിഫെസ്റ്റോയുടെ എക്സിക്യൂട്ടീവ് മെമ്പറും ജമാഅത്തെ ഇസ്ലാമി ദല്‍ഹി മലയാളി ഹല്‍ഖയുടെ പ്രവര്‍ത്തകയുമായി സാമൂഹ്യ സേവന രംഗത്ത് തന്റെ സ്ഥിരം സാന്നിധ്യം തെളിയിക്കുന്നു. കാന്‍സര്‍ എങ്ങും പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ കരിഞ്ചീരകം എങ്ങനെ ഇതിനെ തടയാന്‍ സഹായിക്കുന്നു എന്നതാണ് ഇവരുടെ ഗവേഷണ വിഷയം.
ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറീന്‍ ലാംഗ്വേജസ്് യൂനിവേഴ്സിറ്റിയിലെ നാലാം വര്‍ഷ ഗവേഷക വിദ്യാര്‍ഥിനിയാണ് കോഴിക്കോടുകാരിയായ നാജിയ പി.പി. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ എം.എ സോഷ്യോളജിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൊടിഞ്ഞിയിലുള്ള ശഫീഖുമായി ഇവരുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം രണ്ടായിരത്തി പതിമൂന്നിലാണ് 'കേരളത്തിലെ മുസ്ലിം സ്ത്രീ പ്രസ്ഥാനങ്ങളും പൊതു മണ്ഡലവും' എന്ന വിഷയത്തില്‍ ഗവേഷണമാരംഭിക്കുന്നത്. പി.എച്ച്.ഡി. ഒന്നാം വര്‍ഷം കഴിയുമ്പോഴേക്കും മകളുണ്ടായി. വീണ്ടും ഗവേഷണത്തില്‍ ശ്രദ്ധ പതിപ്പിക്കുമ്പോഴേക്കും രണ്ടാമത്തെ മകനുണ്ടായി. നീ എന്ത് വില കൊടുത്തും നിന്റെ പി. എച്ച്. ഡി. മുഴുവനാക്കണം, ഞങ്ങളെ കൊണ്ട് കഴിയുന്നതൊക്കെ ഞങ്ങള്‍ ചെയ്തു തരാം എന്ന ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും നിര്‍ബന്ധമാണ് പല ഘട്ടങ്ങളിലും നിര്ത്തിപ്പോകാമെന്ന് തോന്നിയ കോഴ്സ് തുടരാന്‍ നാജിയയെ പ്രേരിപ്പിച്ചത്. രണ്ടു വയസ്സായ മകളും ആറു മാസം പ്രായമായ മകനുമൊത്ത് ഹൈദരാബാദില്‍ താമസിക്കുന്ന ഇവര്‍ക്ക് രണ്ടു മാതാപിതാക്കളും മാറി മാറി കൂട്ടുണ്ടാവും. മകനെ ഉറക്കി ലൈബ്രറിയില്‍ പോകുന്ന നാജിയ അവനുണരുമ്പോള്‍ തിരികെ എത്തുന്നു. ഇങ്ങനെ കിട്ടുന്ന രണ്ടു മൂന്നു മണിക്കൂര്‍ മാത്രമാണ് തനിക്ക് വായിക്കാന്‍ കിട്ടുന്നത് എന്നാണിവര്‍ പറയുന്നത്. ഉത്തരവാദിത്തങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലത്ത് താന്‍ പാഴാക്കിയ സമയത്തിന്റെ വില ഇന്ന് തിരിച്ചറിയുന്നതായും അവര്‍ കൂട്ടിചേര്‍ത്തു. എല്ലാ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും നാജിയ അധ്യാപനത്തിന്റെയും എഴുത്തിന്റെയും സാമൂഹിക കൂട്ടായ്മകളുടെയും പാതയില്‍ കര്‍മനിരതയാണ്. മുന്നാക്ക വിഭാഗത്തെ അഭിസംബോധന ചെയ്യുന്ന നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ ചരിത്രപരമായും സാമൂഹ്യപരമായും പിന്നാക്കമായ സമുദായത്തില്‍ നിന്നും വരുന്നവര്‍ക്ക് മുന്നിലെത്താന്‍ കൂടുതല്‍ പ്രയത്നിക്കേണ്ടി വരുന്നു എന്നാണിവര്‍ക്ക് പറയാനുള്ളത്.
പ്രീ ഡിഗ്രി രണ്ടാം വര്‍ഷത്തിനു പഠിക്കുമ്പോഴാണ് ബ്ലെസ്സിതയുടെ വിവാഹം കഴിയുന്നത്. അതിനു ശേഷം ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും വിദൂര വിദ്യാഭ്യാസത്തിലൂടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ അന്‍സാര്‍ ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡ് എടുത്തു. ശേഷം മധുര കാമരാജ് യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ഫാറൂഖ് ട്രെയിനിംഗ് കോളേജില്‍ നിന്നും എം. എഡും കരസ്ഥമാക്കി. ഇപ്പോള്‍ ഇവിടെത്തന്നെ അഞ്ചാം വര്‍ഷ ഗവേഷണ വിദ്യാര്‍ഥിനിയാണ്. തൃശൂര്‍ സ്വദേശിയായ ബ്ലെസ്സിതയ്ക്ക് ഡിഗ്രിക്ക് പഠിക്കുന്ന മകളും സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ടു ആണ് മക്കളുമുണ്ട്. തന്റെ കുടുംബത്തിന്റെയും ബിസിനസുകാരനായ ഭര്‍ത്താവിന്റെയും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും സഹകരണമാണ് തന്നെ ഇവിടം വരെ എത്തിച്ചതെന്നു ഇവര്‍ വിശ്വസിക്കുന്നു. തന്റെ പഠനം മക്കള്‍ക്കൊരിക്കലും ബുദ്ധിമുട്ടാവരുതെന്നു കരുതിയാണ് ഇവര്‍ ഡിഗ്രിയും പി.ജി.യും ഡിസ്റ്റെന്റ് ആയി പൂര്‍ത്തിയാക്കിയത്. ഇംഗ്ലീഷില്‍ യു.ജി.സി നെറ്റ് കരസ്ഥമാക്കിയ ഇവര്‍ക്ക് എജുക്കേഷനില്‍ ജെ.ര്‍.എഫും ഉണ്ട്. പി.എച്ച്.ഡി ക്ക് ചേര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷം അലീഗഡ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ മലപ്പുറം സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ചേര്‍ന്ന ഇവര്‍ അവധി സമയങ്ങളായിരുന്നു ഗവേഷണത്തിനു വേണ്ടി മാറ്റി വെച്ചിരുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം ഗവേഷണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിനു വേണ്ടി ജോലി ഉപേക്ഷിച്ചു. തന്റെ പഠനത്തിന്റെ ഭാഗമായി പത്തു റിസര്‍ച് പേപ്പറുകളും രണ്ടു ബുക്കുകളില്‍ ചാപ്റ്ററുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ സെമിനാറുകളിലായി പതിനൊന്നോളം പേപ്പര്‍ പ്രസന്റേഷനും നടത്തിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തില്‍ ടീച്ചര്‍ ആയി ജോലി ലഭിച്ചിരുന്നെങ്കിലും കേരളത്തിന് പുറത്തു പോയി ജോലി ചെയ്യുന്നത് കുടുബ ജീവിതത്തെ ബാധിക്കുമെന്ന് കരുതി വേണ്ടെന്നു വെക്കുകയായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവുമൊത്ത് ബ്രൈനെരി സെന്റര്‍ ഫോര്‍ ഹ്യൂമന്‍ എക്സലന്‍സ് എന്ന സ്ഥാപനത്തിന്റെ പണിപ്പുരയിലും കൂടിയാണ് ബ്ലെസ്സിത. പല വിധത്തിലുമുള്ള പഠനാവസരങ്ങള് നമുക്ക് ഇന്ന് ലഭ്യമാകുന്നത് കൊണ്ട് കുടുംബത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചു കൊണ്ടു തന്നെ സ്ത്രീ അക്കാദമിക് തലത്തിലും സാമൂഹിക കാര്യങ്ങളിലും ഇടപെടണമെന്നാണ് ഇവരുടെ അഭിപ്രായം.
ഫാറൂഖ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കവിത കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ കമ്പ്യൂട്ടേഷന്‍ കെമിസ്ട്രിയില്‍ പി. എച്ച്. ഡി ക്ക് ചേരുന്നത്. എം.എസ്.സി ഒന്നാം റാങ്കോടെ പാസ്സായ ഇവര്‍ക്ക് പഠിക്കുമ്പോള്‍ തന്നെ ഗവേഷണ താല്പര്യം ഉണ്ടായിരുന്നെങ്കിലും കുടുംബ സാഹചര്യങ്ങള്‍ കൊണ്ട് ഒരു ജോലി അത്യാവശ്യമായിരുന്നതിനാല്‍ ബി.എഡ് മുഴുവനാക്കിയ ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിച്ചു; ഇതിനു ശേഷമാണ് വിവാഹം നടന്നത്. വല്ലപ്പുഴ ഹയര്‍സെക്കന്ററി സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കോളേജില്‍ ജോലി ലഭിക്കുന്നത്. ഈ സമയത്തുതന്നെയാണ് പാര്‍ട്ട് ടൈം ആയി പി. എച്ച്. ഡിക്ക് രജിസ്റ്റര്‍ ചെയ്യുന്നതും. രാവിലെ ഏഴരക്ക് വളാഞ്ചേരിയിലെ വീട്ടില്‍ നിന്നും പുറപ്പെട്ടാല്‍ വൈകുന്നേരം ആറു മണിയാകും തിരിച്ചെത്താന്‍. ഇതിനു ശേഷം വീട്ടിലെ കാര്യങ്ങളും മക്കളുടെ പഠനവും തന്റെ ഗവേഷണവും ഒരുമിച്ചു കൊണ്ട് പോകാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ കവിത കോളേജിന്റെ അടുത്തേക്ക് താമസം മാറ്റി. ഇതിനിടയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഒന്നര വര്‍ഷത്തോളം അക്കാദമിക് ജീവിതത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. എന്നാല്‍ തിരിച്ചുവന്ന ഉടനെ ഗവേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന തീരുമാനത്തോടെ ജോലിയില്‍ നിന്നും ഫാക്കല്‍റ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം വഴി ലീവ് എടുത്ത് മുഴുവന്‍ സമയവും അതിനു വേണ്ടി മാറ്റി വെക്കുകയായിരുന്നു. ഉമ്മ കൂടെ ഉണ്ടായിരുന്നതു കൊണ്ട് മക്കളുടെ കാര്യത്തില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. ഹയര്‍സെക്കന്ററി അധ്യാപകനായ ഭര്‍ത്താവിന്റെയും അഞ്ചു വയസ്സുകാരിയായ മകളുടെയും പൂര്‍ണ സഹകരണവും ഈ ഉദ്യമത്തിന് പിന്നിലുണ്ട്. നമുക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ എന്തും നേടിയെടുക്കാം, സാഹചര്യങ്ങളെല്ലാം നമുക്കനുകൂലമായി വരും എന്നാണ് കവിതയുടെ ഭാഷ്യം.
പട്ടാമ്പി പരതൂര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപികയും മൂന്നു കുട്ടികളുടെ മാതാവുമായ സുനീറ എജുക്കേഷനില്‍ ഗവേഷക വിദ്യാര്‍ഥി കൂടിയാണ്. ഡിഗ്രി രണ്ടാം വര്‍ഷത്തിനു പഠിക്കുമ്പോഴാണ് ഇവര്‍ വിവാഹിതരാകുന്നത്. രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ട സഹോദരന്റെ ഗൈഡന്‍സ് സുനീറയുടെ അക്കാദമിക് ജീവിതത്തില്‍ വലിയ പ്രചോദനമായിരുന്നു. ബി.എഡ് കോളേജിലെ അധ്യാപകരുടെ പിന്തുണയും പ്രോത്സാഹനവും കൊമേഴ്സ് ബാക്ഗ്രൗണ്ടില്‍ നിന്നുള്ള ഇവര്‍ എജുക്കേഷനില്‍ ഗവേഷണം നടത്താന്‍ കാരണമായി. അതുമാത്രമല്ല, എം.എഡില്‍ ഒന്നാം റാങ്കോടു കൂടിയാണ് എന്‍.എസ്.എസ് കോളേജില്‍ നിന്നും പാസ്സായത്. ഈ സമയത്ത് തന്നെ യു.ജി.സി ജെ. ആര്. എഫും കരസ്ഥമാക്കി. ഒരു സ്ഥിരം ജോലി ആയെങ്കില്‍ പോലും പഠനത്തിന്റെ പുതിയ വഴികള്‍ തേടിക്കൊണ്ടിരിക്കുന്ന സുനീറ ടീച്ചര്‍ ഇപ്പോള്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപണ്‍ യൂനിവേഴ്സിറ്റിയിലെ എം.എ. സൈക്കോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനി കൂടിയാണ്.
ഉയരങ്ങള്‍ തേടിയുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ തുടരുകയാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ ആ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറം ചാര്‍ത്തുന്നു. പ്രതികൂല സാഹചര്യങ്ങള്‍ കൂടുതല്‍ മുന്നേറാനുള്ള ഊര്‍ജം നല്‍കുകയാണ് ചെയ്യുന്നത്. ഒരു സ്ത്രീ എന്ന നിലയില്‍ തങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്ന പ്രയാസങ്ങളാണ് പലരുടെയും ഗവേഷണ വിഷയം എന്നതു തന്നെ ഒരു ഉദാഹരണം. ഏതെങ്കിലും ഒരു വിഷയത്തില്‍ ബി.എഡ്, പിന്നെ ഒരു ഗവണ്മെന്റ് സ്കൂള്‍ ടീച്ചര്‍ എന്ന പഴയ പെണ് സ്വപ്നത്തിനു മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇഷ്ടപ്പെട്ട വിഷയങ്ങള്‍ തെരഞ്ഞെടുക്കാനും യോജിച്ച സ്ഥാപനങ്ങളില്‍ ചേരാനും ഏത് മേഖലകളിലും വഴക്കത്തോട് കൂടി കടന്നുചെല്ലാനും അവര്‍ പഠിച്ചു കൊണ്ടിരിക്കുന്നു. പെണ്‍ചരിത്രത്തിന്റെ മാറ്റിയെഴുത്തിനു തീര്‍ച്ചയായും ഈ മുന്നോട്ടു പോക്കിന് ഒരു പങ്കുണ്ടാവും.....