'എന്റെ ജീവിതമാണ് എന്റെ വിജയം. എന്റെ ശരീരത്തെ നിങ്ങള്‍ക്ക് തടവിലാക്കാം മനസ്സിനെ ചങ്ങലക്കിടാനാകില്ല'
ഗാന്ധിജിയുടെ ഈ വാക്കുകള്‍ അന്വര്‍ഥമാക്കുന്നതാണ് ഇറോം ചാനു ശര്‍മിളയെന്ന മണിപ്പൂരിന്റെ സമരനായിക.
'എന്റെ ജീവിതമാണ് എന്റെ വിജയം. എന്റെ ശരീരത്തെ നിങ്ങള്‍ക്ക് തടവിലാക്കാം മനസ്സിനെ ചങ്ങലക്കിടാനാകില്ല'
ഗാന്ധിജിയുടെ ഈ വാക്കുകള്‍ അന്വര്‍ഥമാക്കുന്നതാണ് ഇറോം ചാനു ശര്‍മിളയെന്ന മണിപ്പൂരിന്റെ സമരനായിക. നീണ്ട പതിനാറു വര്‍ഷത്തെ നിരാഹാര സമരം കൊണ്ട് ഒന്നും നോടാനായില്ലെന്ന് പരിതപിക്കാന്‍ ഇറോം ഒരുക്കമല്ല. നിരാഹാരം അവസാനിപ്പിച്ചതിന് വ്യക്തമായ ഉദ്ദേശ്യലക്ഷങ്ങളുണ്ടായിരുന്നു. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി വലിയൊരു പ്രഹരമല്ല ഇറോമിന്. 100 വോട്ട് തികച്ച് കിട്ടില്ലെന്ന് ഉറക്കെപ്പറഞ്ഞവരേക്കാളും തോറ്റ് തൊപ്പിയിടുമെന്ന് അടക്കം പറഞ്ഞവരേക്കാളും ഇറോമിന് തന്നെ ബോധ്യമുണ്ടായിരുന്നു പോരാട്ടത്തില്‍ അടിപതറുമെന്ന്. നോട്ടയ്ക്ക് പിറകിലായത് കൊണ്ടല്ല ഇനി വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചത്. അധികാരക്കസേര കൈയ്യെത്തിപ്പിടിക്കാന്‍ കണ്ണെത്താദൂരമുണ്ടെന്ന തിരിച്ചറിവ് ആരേക്കാളും ശര്‍മിളക്കുണ്ടായിരുന്നു. പതിനാറു വര്‍ഷത്തെ ഇടവേളക്ക് ഇങ്ങനെയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് അനിവാര്യമായിരുന്നു. അതായിരിക്കാം രാഷ്ട്രീയത്തില്‍ വേരൂന്നിയ മുഖ്യമന്ത്രിക്കെതിരെ തന്നെ മത്സരിക്കാന്‍ ധൈര്യം കാട്ടിയത്.
കോഴിക്കോട് വെച്ചാണ് ഇറോമിനെ ഞങ്ങള്‍ ആദ്യമായി നേരില്‍ കാണുന്നത്. നിരവധി സാമൂഹിക പരിപാടികളില്‍ പങ്കെടുത്ത് രാത്രി 10 കഴിഞ്ഞ് ക്ഷീണിച്ചെത്തിയ ശര്‍മിളയും സുഹൃത്ത് നജ്മയും ഒട്ടും പരിഭവമില്ലാതെ വിശ്രമമുറിയിലെ കിടക്കക്കരികിലിരുത്തിയാണ് ഞങ്ങളോട് മനസ്സുതുറന്നത്. കേരളത്തിലെത്തിയപ്പോള്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച പല ചോദ്യങ്ങള്‍ ഞങ്ങള്‍ ആവര്‍ത്തിച്ചപ്പോഴും ഒട്ടും വിരസതയില്ലാതെ മറുപടി നല്‍കി. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും നല്‍കിയ ഉത്തരങ്ങള്‍ക്കിടയിലെ ഇടവിട്ടുളള നീണ്ട ചിന്താഭാവങ്ങളിലും ദീര്‍ഘനിശ്വാസങ്ങളിലും ഒരു നഷ്ടബോധം പ്രകടമായിരുന്നു. ഇക്കാര്യം തുറന്നുചോദിച്ചപ്പോള്‍ മണിപ്പൂരികള്‍ നിഷ്‌കളങ്കരാണ് തന്റെ എല്ലാ ഉദ്യമത്തിന് പിന്നിലെ പ്രേരക ശക്തിയും ജനങ്ങള്‍ തന്നെയാണെന്ന മറുപടിയാണ് ഓരേ സ്വരത്തില്‍ ഇരുവരും നല്‍കിയത്. തെരഞ്ഞെടുപ്പിലെ തോല്‍വി ജനങ്ങളുടെ തിരസ്‌കാരമായിട്ടല്ല ശര്‍മിളയും നജ്മയും കാണുന്നത്. കാരണം വോട്ടു ചോദിക്കാനിറങ്ങിയപ്പോള്‍ ജനങ്ങളുടെ സ്നേഹം ആവോളം അനുഭവിച്ചതാണ്. ആ ദിനങ്ങള്‍ അയവിറക്കുമ്പോള്‍ ജനങ്ങളെക്കുറിച്ചോര്‍ത്ത് ശര്‍മിളയുടെ നനഞ്ഞ കണ്ണുകളില്‍ സന്തോഷം വിടരുന്നത് കാണാം. യഥാസ്ഥികത്വത്തിന്റെയും പൗരോഹിത്യത്തിന്റെയും കരുത്തുകള്‍ക്കു മുമ്പില്‍ നിന്ന് പൊരുതിയ നജ്മയുടെ മുഖത്ത് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത്. മറ്റ് പാര്‍്ട്ടികള്‍ പണക്കൊഴുപ്പും മെയ്ക്കരുത്തും കൊണ്ട് വോട്ട് നേടുന്നത് ആദ്യത്തെ സംഭവമല്ല, മണിപ്പൂരില്‍ ബിജെപിയും കോണ്‍ഗ്രസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. എന്ന വിശ്വാസക്കാരിയാണവര്‍. ഇറോം ശര്‍മിള രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിക്കുകയും പീപ്പ്ള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് (പി.ആര്‍.ജെ.എ) എന്ന പാര്‍ട്ടി രൂപീകരിക്കുകയും ചെയ്ത ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ഇക്കഴിഞ്ഞ പെബ്രുവരിയില്‍ നടന്നത്. പി.ആര്‍.ജെ.എക്കു വേണ്ടി വബ്ഗായ് മണ്ഡലത്തില്‍ മത്സരിച്ചത് നജ്മയാണ്.് തൗബാല്‍ ജില്ലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെവലപ്മെന്റ് (ഒ.എഫ്.ഡി) എന്ന സംഘടനയുടെ സ്ഥാപകയാണ് നജ്മ. ചരിത്രകത്തിലാദ്യമായാണ് മണിപ്പൂരില്‍ ഒരു മുസ്ലിം സ്ത്രീ മത്സരിച്ചത്. മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന ഏക മുസ്ലിം വനിതയെന്ന നിലയില്‍ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ അവര്‍ക്കായി. അതോടൊപ്പം മതനേതാക്കളുടെയും മറ്റും എതിര്‍പ്പും അവര്‍ക്കെതിരെ ഉയര്‍ന്നു. 'ഏതൊരു പാര്‍ട്ടിയും രൂപീകരിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ധാരാളം വാഗ്ദാനങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ അതെല്ലാം കടലാസില്‍ ഒതുങ്ങുകയാണ് പതിവ്. ഞാന്‍ പി.ആര്‍.ജെ.എയില്‍ ചേരാന്‍ കാരണം അതിലെ ആളുകള്‍ സത്യത്തില്‍ വിശ്വസിക്കുന്നു എന്നതാണ്. മാത്രമല്ല, ഈ പാര്‍ട്ടി ഞങ്ങള്‍ക്കെതിരെ ഒരു തരത്തിലുള്ള വിവേചനവും പുലര്‍ത്തുന്നില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്താനും മുന്നോട്ടു വരാനും ഇതിലൂടെ സാധിക്കുന്നുണ്ട്. പി.ആര്‍.ജെ.എയില്‍ ചേരാനുള്ള മറ്റൊരു പ്രധാന കാരണം ആ പാര്‍ട്ടിയെ നയിക്കുന്നത് ഇറോം ശര്‍മിളയാണ് എന്നതുതന്നെയാണ്. അവരെ എല്ലാവര്‍ക്കും അറിയാം. അവര്‍ സത്യത്തോടൊപ്പം നില്‍ക്കുമെന്നും മണിപ്പൂരിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങള്‍ക്കായി പൊരുതുമെന്നും എനിക്ക് പ്രതീക്ഷയുണ്ട് എന്നാണ് ഇറോം ശര്‍മിളയുടെ പാര്‍ട്ടിയോടൊപ്പം ചേരാനും മത്സരിക്കാനുമുണ്ടായ കാരണങ്ങളെയും തീരുമാനങ്ങളെയും കുറിച്ച് നജ്മ പറഞ്ഞത്. അതുകൊണ്ടു തന്നെ കേരളത്തെ വിശ്രമജീവിതത്തിനായി തെരഞ്ഞെടുത്തത് കേവലം വിശ്രമം ആയിട്ട് കാണാനല്ല. സാക്ഷര കേരളം ഇരു കയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ വീണ്ടെടുക്കാനായ ആത്മധൈര്യം കുറച്ചൊന്നുമല്ലെന്ന് ഇറോം പറയുമ്പോള്‍ നജ്മ ശരിവെക്കുന്നു.
കേട്ടറിഞ്ഞ കേരളത്തേക്കാള്‍ എത്രയോ മഹത്തരമാണ് ഇവിടം. ഇവിടുത്തെ ജനങ്ങള്‍ സാക്ഷരാരാണ്. ഇത് തന്നെയാണ് മണിപ്പൂരിനെയും കേരളത്തെയും വ്യത്യസ്തമാക്കുന്ന വലിയ ഘടകം. എന്നാല്‍ മണിപ്പൂരികള്‍ സമര്‍ത്ഥരാണ്. സുഹൃത്ത് നജ്മയെ ചൂണ്ടി ഈറോം പറയുന്നു , കണ്ടില്ലേ നജീമയെ ഇവള്‍ അഞ്ചാം ക്ലാസ് വരെയേ പഠിച്ചിട്ടുളളൂ, ഇവള്‍ നല്ലൊരു പ്രാസംഗികയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇവളുടെ പ്രവര്‍ത്തനം വലിയ മുതല്‍ക്കൂട്ടായിരുന്നു. മനസ്സുവെച്ചാല്‍ മണിപ്പൂരിലെ ഓരോ സാധാരണക്കാര്‍ക്കും വളരാന്‍ കഴിയും. അതിനുളള സാഹചര്യം ഒരുക്കലാണ് ഞങ്ങളുടെ ലക്ഷ്യം.
നിരാഹാരം കിടന്നത് വെറുതെയെന്ന് കരുതാന്‍ എനിക്കാവില്ല. ശര്‍മിളയുടെ ഈ പറച്ചില്‍ നജ്മക്കുള്ള അംഗീകാരമാണ്.
അഫ്‌സ്പ പൂര്‍ണമായും ഞങ്ങളുടെ മണ്ണില്‍ നിന്ന് തുടച്ചുനീക്കാനായില്ലെങ്കിലും ജനങ്ങളുടെ ജീവിതത്തില്‍ ഭയപ്പാട് തെല്ല് മാറിനിന്നുവെന്ന് വേണം കരുതാന്‍. സൈന്യം രാജ്യത്തിന് നല്‍കുന്ന സേവനം ഞാന്‍ വിസ്മരിക്കുന്നില്ല. എന്നാല്‍ അരുതാത്തത് ഉണ്ടാകരുതല്ലോ. അഹിംസയിലൂന്നിയ സമരമാര്‍ഗത്തെയേ ഞാന്‍ എന്നും പ്രോത്സാഹിപ്പിക്കുകയുളളു. എന്റെ അനുഷ്ഠാനവും അതുതന്നെയാണ്. ഇറോമിന്റെ ഈ വാക്കുകളുടെ പൂര്‍ത്തീകരണമാണ് നജ്മയുടെ രാഷ്ട്രീയ പ്രവേശന ലക്ഷ്യവും.
''പൊതു ഇടത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചില്ലറയല്ല. മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് വളരാനുളള സാഹചര്യം കുറവാണ്. വിദ്യാഭ്യാസം താഴേത്തട്ടിലെത്താന്‍ ഇനിയും കാലതാമസമുണ്ടാകരുത്. പൊതുരംഗത്തെ സ്ത്രീ ഭാര്യ, അമ്മ, സഹോദരി തുടങ്ങി പലതുമാണ്. ഇവിടെ അന്തസ്സോടെ സമൂഹത്തിലിടപെടാനുളള അന്തരീക്ഷമാണ് വേണ്ടത്. നിരക്ഷരരായ സാധാരണക്കാര്‍ സ്ത്രീകളെ പൊതു ഇടത്തില്‍ നിന്ന് വിലക്കുന്നത് സദാചാരം പറഞ്ഞാണ്. അത് എല്ലാ നാട്ടിലുമുണ്ട്. മണിപ്പൂരില്‍ പ്രത്യേകിച്ചും. സദാചാരം എന്നത് ഓരോരുത്തരുടെ കാഴ്ചപ്പാട് പോലെയാണ്. എനിക്ക് നല്ലതല്ലെന്ന് തോന്നുന്നത് നിങ്ങള്‍ക്ക് നല്ലതാകാം. അരുത് എന്ന് പറഞ്ഞ് സ്ത്രീയെ പൊതു ഇടത്തില്‍ നിന്ന് തടയുന്ന പ്രാകൃത രീതി മാറുന്നുണ്ട്. ഇനിയും മാറുമെന്നാണ് പ്രത്യാശ.'' സമൂഹസാഹചര്യങ്ങളെക്കുറിച്ച്, അതിന്റെ ഭാവിയെക്കുറിച്ച് പ്രത്യാശയോടെയാണ് നജ്മ സംസാരിക്കുന്നത്. പക്ഷേ അധികാര രാഷ്ട്രീയത്തെക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും മണിപ്പൂരിന് വലിയ വ്യത്യാസമൊന്നുമില്ല. കോണ്‍ഗ്രസിന് പകരം ബിജെപി അധികാരത്തില്‍ വന്നു. ചരിത്രം മാറ്റിമറിക്കുമെന്ന് പറയുന്നതിലൊന്നും ഒരര്‍ഥവുമില്ല. ചരിത്രം ആവര്‍ത്തിക്കുകയാണ്. കാരണം ബിജെപിയും കോണ്‍ഗ്രസും അവിടെ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. യുപിയില്‍ ബിജെപി അധികാരത്തിലെത്തിയതിലും അത്ഭുതപ്പെടാനില്ല.
പണവും മെയ്ക്കരുത്തും അവിടുത്തെ ജനങ്ങളെയും കീഴടക്കി. എന്നാല്‍ ഇക്കാര്യത്തില്‍ ജനങ്ങളെ പഴിക്കാന്‍ ഇറോമും നജ്മയും ഒരുക്കമല്ല, ജനങ്ങളുടെ ദാരിദ്ര്യവും നിരക്ഷതയും നിസ്സഹായതയുമാണ് ഇത്തരം രാഷ്ട്രീയത്തെ സ്വാധീനിക്കുന്നത് എന്നാണ് തെരഞ്ഞെപ്പിന് ശേഷമുള്ള മണിപ്പൂരിനെക്കുറിച്ചുള്ള അവരുടെ സംസാരം.
മതേതര സ്വഭാവമുളള പാര്‍ട്ടിക്ക് മാത്രമേ ജനങ്ങളെ എല്ലാവരെയും ഒരുപോലെ കാണാനാകൂ.പ്രജ പാര്‍ട്ടി കൊണ്ട് ഞങ്ങളുദ്ദേശിച്ചതും അതാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. ഉറച്ച ശബ്ദത്തില്‍ നജ്മ പറയുമ്പോള്‍ അതെ, അതിന് നജ്മയെപ്പോലെ നല്ലവരായ ഒരുപറ്റം എന്റെ കൂടെയുണ്ട്. ഇനി ഞാന്‍ ഒറ്റക്കല്ല എന്നു പറഞ്ഞ് ആ വാക്കുകള്‍ മുഴുമിപ്പിച്ചത് ഇറോം ശര്‍മിളയായിരുന്നു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വഞ്ചിച്ചോ എന്ന ചോദ്യത്തിന് മൗനമായിരുന്നു ഇറോമിന്റെ ഉത്തരം. എന്നാല്‍ മറുപടിയുമായി നജ്മ എത്തി. സാധാരണക്കാരായ കര്‍ഷകരാണ് അവിടെ ഭൂരിഭാഗവും നിത്യജീവിതത്തിനുളള വകക്കായി അന്തിയോളം പണിയെടുക്കുന്നവരെ ചാക്കിട്ടുപിടിക്കാന്‍ കുതന്ത്രത്തിന് ഞങ്ങളില്ല എന്ന് മണിപ്പൂരിന്റെ ചരിത്രത്തിലാദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മുസ്‌ലിം വനിതയായ നജ്മ പറയുന്നു. ഇറേം പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ നജ്മക്കായിരുന്നു ട്രഷററുടെ ചുമതല. പൊതു ഇടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മതത്തിനകത്ത് നിന്നും സമൂഹത്തിനകത്തുനിന്നുമുണ്ടായ വിലക്കുകളെ അവഗണിക്കാന്‍ അവര്‍ ധൈര്യം കാട്ടി. തുച്ഛമായ 39 വോട്ടുകള്‍ മാത്രമേ ലഭിച്ചുളളൂവെങ്കിലും പിന്മാറാന്‍ നജ്മ തയ്യാറല്ല. ഇനിയും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമെന്നവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഭര്‍ത്താവിനും 5 മക്കള്‍ക്കും ഒപ്പം കൃഷി ഉപജീവനമായ കുടുംബത്തില്‍ കഴിയുന്ന നജ്മ പറയുന്നു, ഇറോം, നിങ്ങള്‍ പകര്‍ന്നുതന്ന ഊര്‍ജം ഉള്‍ക്കൊണ്ട് തോറ്റാലും മത്സരിക്കാന്‍ ഞാനുണ്ടെന്ന്. മണിപ്പൂരില്‍ അത്ര സജീവമല്ലെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ നല്ല അനുഭാവി കൂടിയാണവര്‍.
മുസ്ലിം സ്ത്രീകളിലെ സാക്ഷരതാ നിരക്ക് മണിപ്പൂരില്‍ 60 ശതമാനത്തിലും കുറവാണ്. വബ്ഗായ് മണ്ഡലത്തില്‍ ഈ ശതമാനം വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ വബ്ഗായ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി എന്ന നിലയില്‍ സ്ത്രീകള്‍ ശക്തരാകാന്‍ അനുവദിക്കാത്ത സമൂഹത്തോട് നേരെയുള്ള പോരാട്ടം കൂടിയായിരുന്നു നജ്മയുടെത്. 'എല്ലാ തരത്തിലും സ്ത്രീകളെ നിയന്ത്രിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. പല പുരുഷന്മാരും തങ്ങളുടെ ഭാര്യമാര്‍ കൂടുതല്‍ വിദ്യാഭ്യാസം നേടുന്നത് ഇഷ്ടപ്പെടുന്നില്ല. ഏത് അവസ്ഥയിലും പുരുഷന്റെ ആധിപത്യം നഷ്ടപ്പെടരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.' കുടംബ ജീവിതവും ജോലിയും ഒരുമിച്ചുകൊണ്ടുപോകാന്‍ സ്ത്രീകള്‍ക്കാകണമെന്നവര്‍ പറയുന്നതും അതുകൊണ്ടു തന്നെ. വിദ്യാഭ്യാസം നല്‍കുന്നതിലൂടെ അവകാശങ്ങളെക്കുറിച്ച് ബോധമുണ്ടാക്കാനാണ് നജ്മയുടെ ശ്രമം. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വിദ്യാഭ്യാസം. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ മറികടക്കാനാവണം, അവര്‍ ഒരു ഉപകരണമായി മാറരുത് എന്നു നജ്മ പറയുന്നു.
'ഞങ്ങളെ വബ്ഗായില്‍ ഒരു മുസ്ലിം സ്ത്രീ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ അതിനപ്പുറത്തേക്ക് പോകാനായിട്ടില്ല. ഇപ്പോഴും സാക്ഷരതയില്‍ സത്രീകള്‍ വളരെ പിന്നിലാണ്. അതിനെ മറികടക്കണം. ആരോഗ്യ മേഖലയിലും പരിതാപകരമാണ് അവസ്ഥ. സമൂഹം വനിതകളെ കൂടുതല്‍ പഠിക്കുന്നതില്‍നിന്നും തടയുന്നത് അവരുടെ അവകാശങ്ങള്‍ നിഷേധിക്കാനാണ്. വിദ്യാഭ്യാസം അവകാശങ്ങളെകുറിച്ചുള്ള ബോധമുണ്ടാക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. എന്നെ എതിര്‍ക്കുന്ന ആളുകളുണ്ട്. എന്നാല്‍ എന്റെ സമാന ചിന്താഗതിക്കാരായ ആളുകളുമുണ്ട്. അവര്‍ എന്നെ പിന്തുണക്കുന്നുമുണ്ട്. സത്യത്തിനു വേണ്ടിയാണ് നില്‍ക്കുന്നതെന്നതിനാല്‍ ഞാന്‍ ഒന്നിനെയും ഭയക്കുന്നില്ല.'
സാക്ഷരതയില്‍ ഏറ്റവും പിറകിലുള്ള ജില്ലയില്‍ നിന്നും വരുന്ന അവര്‍ക്കതിനെ കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് സംസാരത്തില്‍ നിന്നു മനസ്സിലാക്കാം. കേരളത്തിലെ മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസ പുരോഗതി നജ്മയെ അതിശയിപ്പിക്കുന്നതും അതുകൊണ്ടു തന്നെ. കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ നിന്നും പ്രസിദ്ദീകരിക്കുന്ന ഒരു വനിതാ മാസികക്കു വേണ്ടിയുള്ള സംസാരമാണെന്നു പറഞ്ഞപ്പോള്‍ വളരെ ഉത്സാഹത്തോടെ നമ്മുടെ സ്ത്രീകളെക്കുറിച്ചും നമ്മുടെ സ്ത്രീ സമൂഹിക ഇടപെടലിനെക്കുറിച്ചും ചോദിക്കാന്‍ ഉത്സാഹം കാട്ടിയതും അതുകൊണ്ട് തന്നെയായിരിക്കണം.
ഒരുമാസത്തെ വിശ്രമത്തിനാണ് കേരളത്തിലെത്തിയതെങ്കിലും രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഇരുവരും നാട്ടിലേക്ക് തിരിച്ചു. നജ്മക്ക് നാട്ടില്‍ ഉടനെ എത്തേണ്ടതുണ്ട്. അതുകൊണ്ടാണ് നേരത്തേ പോയത്. കേരളത്തിന്റെ സ്നേഹം ഏറ്റുവാങ്ങാന്‍ വീണ്ടും എത്തുമെന്ന് പറഞ്ഞാണ് ഇരുവരും യാത്ര തിരിച്ചത്.