തുര്‍ക്കിയില്‍ പുതിയ താരോദയം

അശ്‌റഫ് കീഴുപറമ്പ്
മെയ് 2017
ഫാത്വിമ ബെതുല്‍ സയാന്‍ ഖായ. അവര്‍ ജര്‍മനിയില്‍ നിന്ന് ഡച്ച് നഗരമായ റൊട്ടര്‍ഡാമിലേക്ക് പറക്കുകയാണ്.

ഫാത്വിമ ബെതുല്‍ സയാന്‍ ഖായ. അവര്‍ ജര്‍മനിയില്‍ നിന്ന് ഡച്ച് നഗരമായ റൊട്ടര്‍ഡാമിലേക്ക് പറക്കുകയാണ്. റൊട്ടര്‍ഡാമിലെ തുര്‍ക്കി കോണ്‍സുലേറ്റില്‍ ഒരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. നെതര്‍ലന്റ്‌സിലുള്ള പതിനായിരക്കണക്കിന് തുര്‍ക്കി വംശജര്‍ ആ പരിപാടിയില്‍ സംബന്ധിക്കാനിടയുണ്ട്. റൊട്ടര്‍ഡാമില്‍ വിമാനമിറങ്ങിയപ്പോള്‍ തന്നെ പന്തികേട് തോന്നി. തന്റെ മുമ്പില്‍ വലിയൊരു ഡച്ച് പോലിസ് സംഘം. വിപുലമായ സുരക്ഷാ മുന്നൊരുക്കങ്ങള്‍. റൊട്ടര്‍ഡാമിലെ തുര്‍ക്കി കോണ്‍സുലേറ്റിലേക്ക് പോകാന്‍ പറ്റില്ലെന്ന് പോലിസ് തീര്‍ത്ത് പറഞ്ഞു. എന്ന് മാത്രമല്ല, വന്നേടത്തേക്ക് തന്നെ-ജര്‍മനിയിലേക്ക്- ഉടന്‍ തിരിച്ച് പോവുകയും വേണം.

ഇനി ഫാത്വിമ ഖായ എന്ന യുവതി ആരാണെന്ന് പറയാം. തുര്‍ക്കി കാബിനറ്റിലെ കുടുംബ- സാമൂഹിക ക്ഷേമ മന്ത്രി. ഈയിടെയുണ്ടായ തുര്‍ക്കി- നെതര്‍ലന്റ്‌സ് വാക്‌പോരിന് കാരണമായത് ഫാത്വിമ ഖായ റൊട്ടര്‍ഡമിലേക്ക് നടത്തിയ ഒരു യാത്രയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 16-ന് തുര്‍ക്കിയില്‍ ഒരു ഹിത പരിശോധന നടക്കുന്നുണ്ട്. രാജ്യത്ത് വേണ്ടത് പാര്‍ലമെന്ററി രീതിയാണോ പ്രസിഡന്‍ഷ്യല്‍ രീതിയാണോ എന്ന ചോദ്യമാണ് ജനഹിതത്തിന് വിടുന്നത്. ഏത് അഭിപ്രായത്തിനാണോ കൂടുതല്‍ വോട്ട് ലഭിക്കുന്നത് അതായിരിക്കും നടപ്പില്‍ വരിക. തുര്‍ക്കിയിലെ ഭരണ കക്ഷിയായ അക് പാര്‍ട്ടിയുടെ നിലപാട്, നിലവിലുള്ള പാര്‍ലമെന്ററി സംവിധാനം  മാറ്റി പ്രസിഡന്‍ഷ്യല്‍ രീതി കൊണ്ട് വരണമെന്നാണ്. ഹിതപരിശോധന അനുകൂലമാവുന്നതിന് വേണ്ടിയുള്ള വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അക് പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു. യുറോപ്യന്‍ നാടുകളിലുള്ള മിക്ക തുര്‍ക്കി വംശജര്‍ക്കും വോട്ടവകാശമുണ്ട് എന്നതിനാല്‍ പ്രചാരണങ്ങള്‍ യൂറോപ്പിലും പൊടിപാറും. അത്തരമൊരു പ്രചാരണ റാലിയില്‍ പങ്കെടുക്കാനാണ് ഫാത്വിമ ഖായ റൊട്ടര്‍ഡമില്‍ എത്തിയത്. അത്തരം പ്രചാരണറാലികളൊന്നും അനുവദിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു ജര്‍മനി, നെതര്‍ലന്റ്‌സ് പോലുള്ള രാജ്യങ്ങള്‍.

ബലം പ്രയോഗിച്ചാണ് ഡച്ച് പോലിസ് ഫാത്വിമ ഖായയെ തിരിച്ചയച്ചത്. ആദ്യം അമ്പാസഡര്‍ പദവിയുള്ള ഉദ്യോഗസ്ഥനെയും മന്ത്രിയെ അനുഗമിച്ച അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. എന്നിട്ട് ഇവരെയും മന്ത്രിയെയും ജര്‍മന്‍ അതിര്‍ത്തിയിലുള്ള ഒരു പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഒന്നര മണിക്കൂര്‍ അവരെ അവിടെ നിര്‍ത്തി. വളരെ മോശമായ രീതിയിലായിരുന്നു പോലിസിന്റെ പെരുമാറ്റം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകരെ തെരുവില്‍ വലിച്ചിഴച്ചു. പോലിസ് നായ്ക്കളെ അവര്‍ക്ക് നേരെ അഴിച്ച് വിട്ടു. ''ഇതാണോ പാശ്ചാത്യര്‍ വീമ്പിളക്കുന്ന അഭിപ്രായ സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും? ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇവിടെ അപകടത്തിലാണ്. ഈ ഫാഷിസ്റ്റ്  രീതിക്കെതിരെ ലോകം എന്തെങ്കിലും നടപടിയെടുത്തേ തീരൂ. ഒരു വനിതാ മന്ത്രിയാണെന്ന പരിഗണന പോലും അവരെനിക്ക് തന്നില്ല.'' ഖായ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മന്ത്രിയെ സ്വീകരിക്കാനെത്തിയ തുര്‍ക്കി വംശജരായ ആയിരക്കണക്കിന് ഡച്ച് പൗരന്‍മാരെ പോലിസ് അടിച്ചോടിക്കുകയും ചെയ്തിരുന്നു.

തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യല്‍ദരീമിന്റെ നേതൃത്വത്തിലുള്ള ക്യാബിനറ്റില്‍ കുടംബ- സാമൂഹിക ക്ഷേമ മന്ത്രിയായി ഫാത്വിമ ഖായ ചേരുന്നത് 2016 മെയ് 24-നാണ്. ക്യാബിനറ്റിലെ ഏക വനിതാ പ്രാതിനിധ്യം. ആധുനിക തുര്‍ക്കിയുടെ ചരിത്രത്തില്‍ ഹിജാബ് ധരിക്കുന്ന മൂന്നാമത്തെ മന്ത്രിയും. ഇസ്തംബൂള്‍ നഗരത്തില്‍ 1981 ജനുവരി 31-നാണ് ഫാത്വിമയുടെ ജനനം. ബെല്‍കന്ദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡിസ്റ്റിംഗ്ഷനോടെ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് ബിരുദം കരസ്ഥമാക്കിയ അവര്‍ ഇസ്തംബൂളില്‍ പ്രൊജക്ട് എഞ്ചിനീയറായി ജോലി നോക്കിയിരുന്നു. പിന്നീട് റിസര്‍ച്ച് സ്‌കോളറായി  ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റിയില്‍ എത്തി. പക്ഷേ ഗവേഷണം കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗിലായിരുന്നില്ല, വൈദ്യശാസ്ത്രത്തിലായിരുന്നു! തെര്‍മല്‍ ഇമേജിംഗ് ഉപയോഗിച്ച് സ്തനാര്‍ബുദം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഗവേഷണം. ഈ വിഷയത്തില്‍ ഡോക്ടറേറ്റും സമ്പാദിച്ചു. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം 2009-ല്‍ ജറാഹ് പാഷാ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ അധ്യാപികയായി ചേര്‍ന്നു.

രാഷ്ട്രീയ പ്രവേശം

തുര്‍ക്കിയില്‍ തിരിച്ചെത്തിയതിന് ശേഷം 2009 മുതല്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് (അക്) പാര്‍ട്ടിയുടെ വിവിധ രാഷ്ട്രീയ ചുമതലകള്‍ ഫാത്വിമ ആകയെ തേടിയെത്തി. 2012 വരെ ഉര്‍ദുഗാന്റെ ഉപദേശക സമിതിയില്‍ ഉണ്ടായിരുന്നു. അക് പാര്‍ട്ടിയുടെ വിദേശകാര്യ വിംഗില്‍ ഉപാധ്യക്ഷയായും പ്രവര്‍ത്തിച്ചു. 2015-ല്‍ പാര്‍ട്ടിയുടെ ഇസ്തംബൂള്‍ മേഖലാ ഘടകത്തിന്റെ നിര്‍വാഹക സമിതി അംഗമായി. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയാ ആക്ടിവിസം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു.

2015 ജൂണില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഫാത്വിമ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. ആര്‍ക്കും കേവലം ഭൂരിപക്ഷമില്ലാത്തതിനാല്‍ പാര്‍ലമെന്റ് പിരിച്ച് വിട്ട് 2015 നവംബറില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇസ്തംബൂളിലെ രണ്ടാം ഇലക്ട്രറല്‍ ഡിസ്ട്രികില്‍ നിന്ന് ആക പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. യല്‍ദരീമിന്‍െ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ചേര്‍ന്നതോടെ തുര്‍ക്കി ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ അന്വഷിക്കപ്പെട്ട പേര് ഫാത്വിമയുടേതായിരുന്നു എന്ന് ഹുര്‍റിയത്ത് പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. ഇല്‍യാസ് ഖായയാണ് ഭര്‍ത്താവ്. തുര്‍ക്കിയിലെ ഇന്‍ഫമേഷന്‍ & കമ്യൂണിക്കേഷന്‍ ടെക്‌നോളജീസ് അതോറിറ്റിയുടെ തലവനായ ഉമര്‍ ഫാതിഹ് സയ്യാന്റെ സഹോദരിയാണ്.

റോട്ടര്‍ഡം സംഭവത്തോടെ തുര്‍ക്കി രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കയറി നിന്നിരിക്കുകയാണ് ഫാത്വിമ ഖായ. സംഭവത്തിന് ശേഷം തുര്‍ക്കിയില്‍ തിരിച്ചെത്തിയ അവര്‍ ഇസ്തംബൂളിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ നടത്തിയ പത്ര സമ്മേളനം ഇരുത്തം വന്ന ഒരു നേതാവിനെ അനുസ്മരിപ്പിക്കുന്നുണ്ടായിരുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media