ബദ്ര്‍ യുദ്ധമുഖത്ത് നിന്ന് വരുന്ന വാര്‍ത്തകളത്രയും മുശ്‌രിക് കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ടിരുന്നു.
ബദ്ര്‍ യുദ്ധമുഖത്ത് നിന്ന് വരുന്ന വാര്‍ത്തകളത്രയും മുശ്‌രിക് കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ടിരുന്നു. അവരുടെ വീടുകളില്‍ ദുഖം നിഴല്‍ പരത്തി. നേതാക്കളുടെ മുഖത്ത് മ്ലാനത. അബൂലഹബിന്റെ സ്ഥിതിയായിരുന്നു ഏറെ കഷ്ടം. അയാള്‍ സഹോദരന്‍ അബ്ബാസിന്റെ വീട്ടിലായിരുന്നു. യുദ്ധത്തിന് പോയിട്ടില്ല. അബ്ബാസിന്റെ അടിമയായിരുന്ന അബൂറാഫിഅ് അവിടെ അടുത്ത് തന്നെയുണ്ട്. അതിനിടക്ക് ആരോ പറഞ്ഞു അബൂസുഫ്‌യാന്‍ മടങ്ങി വന്നിട്ടുണ്ട്. അദ്ദേഹത്തെ കണ്ടാല്‍ യുദ്ധവാര്‍ത്തകളറിയാം. അബൂലഹബ് ഉടനെ അയാളെ വിളിച്ച് വരുത്തി. ''എന്തൊക്കെയുണ്ട് യുദ്ധവിശേഷങ്ങള്‍?''
''നമ്മുടെ എല്ലാ തന്ത്രങ്ങളും പാളിയിരിക്കുന്നു. അവര്‍ ഉദ്ദേശിച്ചവരെ വധിച്ചു. ഉദ്ദേശിച്ചവരെ ബന്ധനസ്ഥരാക്കി. അവിടെ കണ്ട കാഴ്ചയോ വിസ്മയകരം'' - അബൂലഹബ് ആകാംക്ഷയോടെ അബൂസുഫ്‌യാനെ നോക്കി. ''മേത്തരം കുതിരപ്പുറത്ത് സുന്ദരമായ ആളുകള്‍ വന്ന് നമ്മുടെ പടയെ അരിഞ്ഞ് വീഴ്ത്തുന്നു.'' അബൂസുഫ്‌യാന്‍ വിശദീകരിച്ചു. ഉടനെ അബ്ബാസിന്റെ അടിമ ഇങ്ങനെ പ്രതികരിച്ചു: ''അത് മാലാഖമാരായിരിക്കും''.
ഇത് കേട്ട് കോപാകുലനായ അബൂലഹബ് ആ അടിമയുടെ മുഖത്തടിച്ചു. അബൂറാഫിഅ് തരിച്ചിരുന്നുപോയി. ഈ രംഗം കണ്ടിരുന്ന ഒരു സ്ത്രീ ഓടിവന്ന് കൈയ്യില്‍ കിട്ടിയ വടികൊണ്ട് അബൂസുഫ്‌യാന്റെ തലക്കൊന്ന് കൊടുത്തു. ആ വനിത വിളിച്ച് പറഞ്ഞു. ''നാണം കെട്ടവന്‍, അവന്റെ യജമാനന്‍ ഇവിടെയില്ല, നീ അവന്റെ നിസ്സഹായത ചൂഷണം ചെയ്യുകയാണോ!!'' തലപൊട്ടി രക്തം ഒലിച്ച അബൂസുഫ്‌യാന്‍ വേഗം സ്ഥലംവിട്ടു, ആ സ്ത്രീയെ നേരിടാനാവാതെ.
ആരായിരുന്നു ഈ പ്രതികരിച്ച സ്ത്രീയെന്നല്ലേ? അതേ അബ്ബാസിന്റെ പ്രിയതമയും അബൂലഹബിന്റെ സഹോദര ഭാര്യയുമായ ഹസ്രത്ത് ലുബാബത്തുല്‍ കുബ്‌റയായിരുന്നു ഇത്. ഈ സംഭവം സംസം കിണറിന്റെ ചുറ്റുവട്ടത്തില്‍വെച്ചായിരുന്നു എന്നും അഭിപ്രായമുണ്ട്.
ഉമ്മുല്‍ ഫദല്‍ എന്നപേരില്‍ വിശ്രുതയായ ലുബാബാ ബിന്‍ത് ഹാരിസ് ശ്രദ്ധേയരായ സ്വഹാബി വനിതകളില്‍ ഉള്‍പ്പെടുന്നു. കുബ്‌റാ എന്നത് അവരുടെ സ്ഥാനപ്പേരായിരുന്നു. ലുബാബത്തുല്‍ കുബ്‌റാ എന്നാണ് ചരിത്രം അവരെ പരിചയപ്പെടുത്തുന്നത്. ഹിന്ദ് ബിന്‍ത് ഔഫ് എന്നായിരുന്നു മാതാവിന്റെ പേര്. ബനൂകിനാന ഗോത്രത്തില്‍പ്പെട്ടവരത്രെ അവര്‍.
പ്രവാചകന്റെ എളാപ്പ അബ്ബാസുമായി ലുബാബയുടെ വിവാഹം നടന്നു. ഈ ബന്ധത്തോടെ അവര്‍ തിരുമേനിയുടെ എളാമ്മയായിത്തീര്‍ന്നു. ഇവരുടെ സഹോദരി മൈമൂന ബിന്‍ത് ഹാരിസിന് പ്രവാചന്റെ ഭാര്യയാകാന്‍ ഭാഗ്യം ലഭിച്ചു. അതുമുഖേന ലുബാബ പ്രവാചകന്റെ ഭാര്യാ സഹോദരി കൂടിയായി. ഉമ്മുല്‍ ഫദലിന്റെ വകയില്‍ ഒരു സഹോദരി അസ്മാബിന്‍ത് ഉമൈസ ജഅ്ഫര്‍ ത്വയ്യാര്‍ബ്‌നു അബൂത്വാലിബുമായി വിവാഹിതയായി. മറ്റൊരു സഹോദരിയെ (സല്‍മ) നബി തിരുമേനിയുടെ മറ്റൊരു പിതൃസഹോദരനായ ഹംസത്ത് ഇബ്‌നു അസ്‌റുല്‍ മുത്തലിബാണ് വിവാഹം ചെയ്തത്.
സ്ത്രീകളില്‍ ആദ്യം ഇസ്‌ലാം സ്വീകരിച്ചത് ഖദീജ (റ)യാണന്ന് ചരിത്ര വിദ്യാര്‍ഥികള്‍ക്കറിയാം. പരിഗണനീയമായ റിപ്പോര്‍ട്ടനുസരിച്ച് ഹസ്രത്ത് ഉമ്മുല്‍ ഫദല്‍ ലുബാബയാണ് ഇസ്‌ലാം ആശ്ലേഷിച്ച രണ്ടാമത്തെ വനിത. അതിനാല്‍ അവര്‍ അസ്സാബിഖൂനസ്സാബിഖൂന്‍ (മുന്‍കടന്നവര്‍) എന്ന പദവിക്കര്‍ഹയാകുന്നു.
ഹസ്രത്ത് അബ്ബാസ് (റ) ഇസ്‌ലാം സ്വീകരിച്ചശേഷം മഹതി ലുബാബ മദീനയിലേക്ക് ഹിജ്‌റ ചെയ്തു. മക്കാവിജയത്തിന് അല്‍പം മുമ്പായിരുന്നു ഇത്.
ധീരതയും തന്റേടവും ഉള്ള വനിതയായിരുന്നു ലുബാബ. അബൂലഹബിനെ ഒരിക്കല്‍ നേരിട്ട വിധം നാം കണ്ടു. തിരുമേനി(സ)യോട് അങ്ങേയറ്റം ആദരവും സ്‌നേഹവും പുലര്‍ത്തി. തിരിച്ചും തിരുമേനി(സ)ക്ക് അവരോട് വലിയ ബഹുമാനവും ബന്ധവുമുണ്ടായിരുന്നു. തിരുമേനി ഇടക്കിടെ ലുബാബയുടെ വസതി സന്ദര്‍ശിച്ച് സൗഹൃദം പുതുക്കിയിരുന്നു.
'ഉമ്മുഫദ്‌ലു, സല്‍മ, മൈമൂന, അസ്മാ ഇവര്‍ നാല് പേരും വിശ്വാസികളായ സഹോദരികളാണ് എന്ന് നബി(സ) പറയുകയുണ്ടായിരുന്നെന്ന് ഹുബ്‌നു അസ്ദുല്‍ ബര്‍റ് ഇസ്തിആബില്‍ രേഖപ്പെടുത്തുന്നു. നബിപുത്രി ഫാതിമയുടെ മകനായ ഹുസൈന്‍ (റ) വിന് ലുബാബയുമായി മുലകുടി ബന്ധമുണ്ട്. ഇത് കാരണം നബി കുടുംബത്തിന് അവരോട് വലിയ ആദരവായിരുന്നു.
ഹജ്ജത്തുല്‍ വിദാഇല്‍ ഉമ്മുല്‍ ഫദലിന് നബിതിരുമേനിയോടൊപ്പം ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ അവസരംകിട്ടി. അന്ന് അറഫാ ദിനത്തില്‍ തിരുമേനിക്ക് നോമ്പ് ഉണ്ട് എന്ന് ചില സഹാബികള്‍ സംശയിച്ചു. എന്നാല്‍ ഈ സംശയം തീര്‍ക്കാന്‍ ഉമ്മുല്‍ ഫദല്‍ ഒരു കപ്പ് പാല്‍ തിരുമേനിക്ക് കുടിക്കാനായി എത്തിച്ച് കൊടുത്തു. തിരുമേനി (സ) അത് വാങ്ങി പരസ്യമായി കുടിക്കുകയും ചെയ്തു. ഇതോടെ ജനങ്ങളുടെ സംശയം തീര്‍ന്നു.
ഉമ്മുല്‍ ഫദല്‍ അബ്ബാസ് ദമ്പതികള്‍ക്ക് ഏഴ് മക്കള്‍ ജനിച്ചു. ആറ് ആണ്‍മക്കളും ഒരു മകളും. ഫദല്‍, അബ്ദുല്ല, ഉബൈദുല്ല, മഅ്ബദ്, ഖസം, അബ്ദുറഹ്മാന്‍, ഉമ്മുഹബീബ എന്നിവരാണ് ആ മക്കള്‍. ചരിത്രകാരന്മാര്‍ എഴുതുന്നു. ഈ ആറുമക്കളും പരിഗണനീയരായ ഇസ്‌ലാമിക പൗരന്മാരുമായിരുന്നു. ഇവരില്‍ അബ്ദുല്ല, ഉബൈദുല്ല എന്നിവര്‍ വൈജ്ഞാനിക മേഖലയില്‍ മുന്നേറി.
അബ്ദുല്ലാഹിബ്‌നു അബ്ബാസ് ജനിക്കുന്ന സമയത്ത് നബിതിരുമേനി ശിഅ്ബ് അബൂത്വാലിബില്‍ ഉപരോധിക്കപ്പെട്ട അവസ്ഥയിലായിരുന്നു. അബ്ബാസ് അവിടെയെത്തി ഉമ്മുല്‍ഫദ്ല്‍ ഗര്‍ഭിണിയാണന്നറിയിച്ചു. നിന്റെ മനം കുളിരണിയട്ടെ എന്നാണ് നബി ഇത് കേട്ടപ്പോള്‍ പ്രതികരിച്ചത്. പിന്നീട് കുട്ടി ജനിച്ചപ്പോള്‍ തിരുമേനി(സ)യുടെ അടുക്കല്‍ കൊണ്ടുചെന്നു. തിരുമേനി കുട്ടിയെ തന്റെ ചുണ്ടിനോടടുപ്പിച്ച് ഉമിനീര് കുട്ടിയുടെ ചുണ്ടിലാകത്തക്കവിധം ഉമ്മവെച്ചു. മറ്റൊരു കുട്ടിയെയും തിരുനബി(സ) അങ്ങനെ ചെയ്തിട്ടില്ലായിരുന്നെന്നാണ് ചരിത്രം പറയുന്നത്. (അല്‍മ്പിദായവന്നിഹായ്) തിരുമേനിയുടെ ആശീര്‍വാദവും പ്രാര്‍ഥനയും കാരണമായി ഇബ്‌നു അബ്ബാസ് വലിയ പണ്ഡിതനും ചിന്തകനുമായി. ഇമാമുത്തഫ്‌സീര്‍ എന്നപേരില്‍ അദ്ദേഹം വിശ്രുതനായി. ഉമ്മുല്‍ ഫദലിന് അത് വലിയ സന്തോഷവും ആശ്വാസവും പകര്‍ന്നു.
ഇസ്‌ലാമിലെ പ്രഥമ വനിത ഖദീജ (റ) മരണപ്പെട്ടപ്പോള്‍ ഉമ്മു ഐമനും ഉമ്മുല്‍ ഫദലുമാണ് കുളിപ്പിച്ചത്. ഉമ്മുല്‍ ഫദലില്‍ നിന്ന് മുപ്പത് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കപ്പെട്ടവയുണ്ട്. ഉമ്മുല്‍ ഫദലിന്റെ ഹദീസുമായി ബന്ധപ്പെട്ട് പ്രസിദ്ധവും പ്രശസ്തവുമായ ആറ് ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്.
അവര്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം ഇങ്ങനെ. റസൂല്‍ തിരുമേനി മരണവേളയില്‍ ഞങ്ങളുടെ അടുക്കല്‍ വന്നു. രോഗം കാരണം തല നന്നായി കെട്ടിയിട്ടുണ്ട്. അദ്ദേഹം മഗ്‌രിബ് നമസ്‌കാരത്തിന് ഇമാമായി നിന്നു. അല്‍ മുര്‍സലാത്ത് എന്ന അധ്യായമാണ് അന്ന് പാരായണം ചെയ്തത്. അതിന് ശേഷം അല്ലാഹുവിനെ കണ്ടുമുട്ടും വരെ നബിതിരുമേനി (സ) ഒരു നമസ്‌കാരവും നിര്‍വഹിച്ചിട്ടില്ല. അവര്‍ കാര്യങ്ങള്‍ ഇത്രമേല്‍ ശ്രദ്ധിക്കുന്നവരും സത്യസന്ധമായി വിലയിരുത്തുന്നവരുമായിരുന്നെന്നു ഈ റിപ്പോര്‍ട്ടില്‍ നിന്നു മനസ്സിലാക്കാം.
ഹസ്രത്ത് ഉസ്മാന്‍ (റ)ന്റെ ഖിലാഫത്ത് ഘട്ടത്തില്‍ തന്റെ ഭര്‍ത്താവിന്റെ സമീപത്ത് വെച്ചാണ് ആ സ്വഹാബി വനിത യാത്രയായത്. മഹതിയുടെ ജനാസ നമസ്‌കാരത്തിന് ഹസ്രത്ത് ഉസ്മാന്‍ (റ) നേതൃത്വം നല്‍കി.