ദാമ്പത്യത്തിലെ പ്രേമം
പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി /കുടുംബം
2016 മാര്‍ച്ച്
ദമ്പതിമാര്‍ പരസ്പരം വസ്ത്രങ്ങളാണെന്നാണ് ഖുര്‍ആന്‍ (2:187) വിശേഷിപ്പിച്ചത്, ഒരാളുടെ വസ്ത്രം തന്റെ ശരീരത്തോട് അങ്ങേയറ്റം ചേര്‍ന്നുനില്‍ക്കുന്നതു പോലെ ദമ്പതിമാര്‍ പരസ്പരം ചേര്‍ന്നു നില്‍ക്കണമെന്നാണ് അതിന്റെ പൊരുള്‍. വസ്ത്രത്തിനും ശരീരത്തിനും മധ്യേ യാതൊരുവിധ മറയുമില്ലാത്ത പോലെ, ഇണയും തുണയുമായിക്കഴിയുന്ന
ദമ്പതിമാര്‍ പരസ്പരം വസ്ത്രങ്ങളാണെന്നാണ് ഖുര്‍ആന്‍ (2:187) വിശേഷിപ്പിച്ചത്, ഒരാളുടെ വസ്ത്രം തന്റെ ശരീരത്തോട് അങ്ങേയറ്റം ചേര്‍ന്നുനില്‍ക്കുന്നതു പോലെ ദമ്പതിമാര്‍ പരസ്പരം ചേര്‍ന്നു നില്‍ക്കണമെന്നാണ് അതിന്റെ പൊരുള്‍. വസ്ത്രത്തിനും ശരീരത്തിനും മധ്യേ യാതൊരുവിധ മറയുമില്ലാത്ത പോലെ, ഇണയും തുണയുമായിക്കഴിയുന്ന ദമ്പതിമാര്‍ക്കിടയില്‍ മറ പാടില്ലെന്നര്‍ഥം. വസ്ത്രത്തിന്റെ പ്രധാന പ്രയോജനങ്ങള്‍ - നമ്മുടെ നാണവും മാനവും സംരക്ഷിക്കുന്നു, സംസ്‌കാര സമ്പന്നനാക്കുന്നു, കാലാവസ്ഥയുടെയും മറ്റ് ബാഹ്യ ഉപദ്രവങ്ങളുടെയും പ്രയാസങ്ങളില്‍ നിന്ന് രക്ഷിക്കുന്നു, ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നു. നമുക്കൊരു അലങ്കാരമായി നിലകൊള്ളുന്നു, നമ്മുടെ വ്യക്തിത്വത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു എന്നിവയെല്ലാമാണ്.
ഈ നിലകളിലെല്ലാം പുരുഷന്‍ സ്ത്രീക്കും സ്ത്രീ പുരുഷനും സംരക്ഷണവും സഹായവും അലങ്കാരവുമായി ഭവിക്കേണ്ടതുണ്ട്. അവളുടെ അഭിമാനവും സദാചാരനിഷ്ഠയും വ്യക്തിത്വവും കാത്തുസൂക്ഷിക്കാന്‍ അവനും, അവന്റേത് കാത്തുസൂക്ഷിക്കാന്‍ അവളും സദാ ബാധ്യസ്ഥരാണ്. സന്തുഷ്ട ദാമ്പത്യം 'തഖ്‌വ' വളര്‍ത്താനും നിലനിര്‍ത്താനും അത്യാവശ്യമാണ്. ഈ തഖ്‌വയെ വി.ഖു. 7:26 ല്‍ 'ലിബാസുത്തഖ്‌വ' എന്ന് വ്യവഹരിച്ചതായി കാണാം. ആദിയില്‍ വിലക്കപ്പെട്ട കനി ഭുജിക്കുകയും അങ്ങനെ തങ്ങളുടെ നാണം വെളിവാവുകയും പിന്നീട് ഭൂമിയിലേക്ക് ഇറക്കപ്പെടുകയും ചെയ്ത കഥ പറഞ്ഞതില്‍ പിന്നെ ആദം സന്തതികളെ മൊത്തം സംബോധന ചെയ്തുകൊണ്ട് നാണം മറക്കാന്‍ വസ്ത്രം ഇറക്കിത്തന്നിരിക്കുന്നു എന്നറിയിച്ചതിനോട് ചേര്‍ത്തുകൊണ്ടാണ് 'ലിബാസുത്തഖ്‌വയാണ് ഏറെ ഉത്തമം' എന്ന് പ്രസ്താവിച്ചത്. അതേ പദം (ലിബാസ്) ഇണ തുണകളെ പരസ്പരം വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചുവെന്നത് ചിന്തനീയമാണ്. ദാമ്പത്യത്തിലെ ഫലപ്രദമായ പാരസ്പര്യം പറഞ്ഞുഫലിപ്പിക്കാന്‍ ഇതിനെക്കാള്‍ മനോഹരമായ പ്രയോഗം ഇല്ല തന്നെ.
ഇതേപോലെ ഖുര്‍ആന്‍ നടത്തിയ മനോഹരമായ മറ്റൊരു പ്രയോഗമാണ് ''നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിയിടമാണ്'' (2:223) എന്ന പ്രസ്താവന. ഈ പ്രസ്താവനയില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം എന്നുകൂടി തുടര്‍ന്ന് പറയുന്നുണ്ട്. കര്‍ഷകര്‍ക്ക് കൃഷിഭൂമിയോടുള്ള പ്രത്യേക ബന്ധവും ഇഷ്ടവും സൂക്ഷ്മതയും ശരിക്കും ഗ്രഹിച്ചാലേ ഈ പ്രസ്താവനയുടെ സൗന്ദര്യം ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. കൃഷിഭൂമിയെ ഒരു നല്ല കര്‍ഷകന്‍ സ്‌നേഹിക്കുന്നതു പോലെ, കൃഷിഭൂമിയെ ശ്രദ്ധാപൂര്‍വം പരിപാലിക്കുന്നതു പോലെ, തന്റെ ഇണയെ സ്‌നേഹിക്കുകയും പരിപാലിക്കുകയും വേണമെന്നാണ് ഖുര്‍ആന്‍ പുരുഷന്മാരെ ഉല്‍ബോധിപ്പിക്കുന്നത്.
ഖുര്‍ആനിലെ മറ്റൊരു പ്രസ്താവന കാണുക. ''നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുതന്നെയുള്ള ഇണകളെ നിങ്ങള്‍ മനഃശാന്തി പ്രാപിക്കുന്നതിന് അവന്‍ സൃഷ്ടിച്ചുവെന്നത് അവന്റെ- അല്ലാഹുവിന്റെ ദൃഷ്ടാന്തമത്രെ. എന്നിട്ട് നിങ്ങള്‍ക്കിടയില്‍ അവന്‍ അനുരാഗത്തെയും അനുകമ്പയെയും ഉണ്ടാക്കി. തീര്‍ച്ചയായും ചിന്താശീലര്‍ക്ക് ഇതില്‍ ഗുണപാഠങ്ങളുണ്ട്.'' (30:21)
ദാമ്പത്യത്തിലൂടെ നേടേണ്ടത് മനഃശാന്തിയും സന്തോഷവുമാണ്. ഈ മനഃശാന്തി കേവലം ജഡികമല്ല; അതിലുപരിയാണ്. ദാമ്പത്യ കൂട്ടായ്മ നിലനില്‍ക്കാനും വളരാനും രണ്ട് ഇന്ധനങ്ങള്‍ അത്യാവശ്യമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. അനുരാഗം അഥവാ പ്രേമമാണ് ഒന്ന്. ഒപ്പം അനുകമ്പയും വേണം. ഒരുവേള അനുരാഗം ദാമ്പത്യത്തിന്റെ ആദ്യ നാളുകളിലെ പേലെ തന്നെ പിന്നീട് നിലനില്‍ക്കണമെന്നില്ല. അനുരാഗം വേണ്ടത്ര ജ്വലിച്ച് നില്‍ക്കാത്തപ്പോഴാണ് അനുകമ്പയുടെ വികാരം ദമ്പതിമാര്‍ക്കിടയില്‍ പ്രവര്‍ത്തനക്ഷമമാകുന്നത്; അഥവാ, പ്രവര്‍ത്തനക്ഷമമാകേണ്ടത്. എന്നാല്‍ നമ്മുടെ സിനിമകളും കഥകളും കവിതകളും മറ്റും പ്രേമത്തെ മാത്രമാണ് അധികവും ഊന്നുന്നത്. ദമ്പതിമാര്‍ക്കിടയിലെ കാരുണ്യത്തെ വേണ്ടുംവിധം ഊന്നിപ്പറയാറില്ല.
ദാമ്പത്യ മലര്‍വാടിയില്‍ വിരിയുന്ന കുസുമങ്ങളായ മക്കളാണ് ഈ അനുകമ്പക്ക് പ്രേരകമാവുന്നത്. അല്‍പം മടുപ്പും മുഷിപ്പും തോന്നുമ്പോള്‍ എന്റെ ആറ് മക്കളുടെ ഉപ്പയാണല്ലോ.. എന്ന് സ്ത്രീയും, എന്റെ ആറ് മക്കളുടെ ഉമ്മയാണല്ലോ.. എന്ന് പുരുഷനും ചിന്തിക്കും. സന്താനങ്ങള്‍ ദാമ്പത്യത്തിന്റെ പൂട്ടുകളാണെന്ന് പറയുന്നത് അര്‍ഥപൂര്‍ണമാണ്. അതുകൊണ്ടാണ് നബി(സ) അധികം പ്രസവിക്കുന്ന, അധികമധികം സ്‌നേഹിക്കുന്ന നാരികളെ വിവാഹം ചെയ്യാന്‍ ഉപദേശിച്ചത്. പ്രസവം, സന്താനം, സ്‌നേഹം, കുടുംബ ഭദ്രത എന്നിവ പരസ്പരം അങ്ങേയറ്റം ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. സന്താനനിയന്ത്രണം സന്താപഹേതുകമാണെന്ന് അനുഭവസമ്പത്തുള്ള മുതിര്‍ന്ന തലമുറ പറയുന്നതിന്റെ പൊരുളും നാം ഗ്രഹിക്കണം.