നമ്മുടെ നാട്ടിലെ പല കുടുംബങ്ങളിലും പിതൃസഹോദരീ സഹോദരന്മാരുടെയും മാതൃസഹോദരീ സഹോദരന്മാരുടെയും മക്കള്‍ സ്വന്തം സഹോദരീ സഹോദരന്മാരെപ്പോലെയാണ് ഇടപഴകാറുള്ളത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തനിച്ച് ഒന്നിച്ചു താമസിക്കുന്നു. ഒന്നിച്ചുയാത്ര ചെയ്യുന്നു. തൊട്ടുരുമ്മി ഒന്നിച്ച് ജീവിക്കുന്നു. ഭര്‍തൃ
ഖുര്‍ആനിലെ സ്ത്രീ 14
നമ്മുടെ നാട്ടിലെ പല കുടുംബങ്ങളിലും പിതൃസഹോദരീ സഹോദരന്മാരുടെയും മാതൃസഹോദരീ സഹോദരന്മാരുടെയും മക്കള്‍ സ്വന്തം സഹോദരീ സഹോദരന്മാരെപ്പോലെയാണ് ഇടപഴകാറുള്ളത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തനിച്ച് ഒന്നിച്ചു താമസിക്കുന്നു. ഒന്നിച്ചുയാത്ര ചെയ്യുന്നു. തൊട്ടുരുമ്മി ഒന്നിച്ച് ജീവിക്കുന്നു. ഭര്‍തൃ സഹോദരീ സഹോദരന്മാരോടും ഇതേ സമീപനം സ്വീകരിക്കുന്നവരും വിരളമല്ല. പിതൃസഹോദരീ സഹോദരന്മാരുടെയും മാതൃസഹോദരന്മാരുടെയും മക്കളുടെ മുമ്പില്‍ ഇസ്‌ലാമിക വസ്ത്രധാരണ മര്യാദകള്‍ പാലിക്കുന്നവര്‍ കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അതോടൊപ്പം, പെണ്‍കുട്ടികളിന്ന് ഏറ്റവും കൂടുതല്‍ പീഢിപ്പിക്കപ്പെടുന്നത് സ്വന്തം വീടുകളില്‍വെച്ചാണ്. അതും ഏറ്റം അടുത്തബന്ധുക്കളാല്‍. യഥാര്‍ഥത്തില്‍ ഇസ്‌ലാം ഇത്തരം അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഒട്ടും അകലം പാലിക്കേണ്ടതില്ലാത്തവര്‍ വിവാഹം നിഷിദ്ധമായവര്‍ മാത്രമാണ്. അവര്‍ ആരെന്ന് ഖുര്‍ആന്‍ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. 'നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദരപുത്രിമാര്‍, സഹോദരീപുത്രിമാര്‍, നിങ്ങളെ മുലയൂട്ടിയ പോറ്റമ്മമാര്‍, മുലകുടിബന്ധത്തിലെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവരെ വിവാഹം ചെയ്യല്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ ഭാര്യമാരുടെ നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തു പുത്രിമാരെയും നിങ്ങള്‍ക്ക് വിലക്കിയിരിക്കുന്നു. അഥവാ നിങ്ങളവരുമായി ശാരീരിക ബന്ധത്തിലേര്‍പെട്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ക്കതില്‍ തെറ്റില്ല. നിങ്ങളുടെ ബീജത്തില്‍ ജനിച്ച പുത്രന്മാരുടെ ഭാര്യമാരെയും നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. രണ്ടുസഹോദരിമാരെ ഒരുമിച്ച് ഭാര്യമാരാക്കുന്നതും വിലക്കപ്പെട്ടതുതന്നെ. നേരത്തെ സംഭവിച്ചതൊഴികെ. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും ദയാപരനുമാകുന്നു.' (4:23)
ഇവരില്‍ തന്നെ ഏതെങ്കിലും കാരണത്താല്‍ അനുവദനീയമാകുന്നവര്‍ തീര്‍ത്തും അന്യരാണ്. വസ്ത്രധാരണത്തിലും ഇടപെടലിലും അന്യപുരുഷന്മാരോടുള്ള സമീപനം തന്നെയാണ് അവരോടും സ്വീകരിക്കേണ്ടത്. വിവാഹമോചനത്തിലൂടെയോ മരണത്തിലൂടെയോ വിവാഹം അനുവദനീയമായിത്തീരുന്ന ഭാര്യാസഹോദരിയാണ് ഉദാഹരണം.
ഖുര്‍ആന്‍ ഇത്രയും പറഞ്ഞ് നിര്‍ത്താതെ ആരുടെയൊക്കെ മുമ്പില്‍ സൗന്ദര്യം വെളിവാക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്. അവരുടെ അടുത്തല്ലാത്തവരുടെ മുമ്പിലെല്ലാം ഇസ്‌ലാമിക വസ്ത്രധാരണരീതി പാലിക്കാന്‍ വിശ്വാസിനികള്‍ ബാധ്യസ്ഥരാണ്. പെരുമാറ്റത്തിലും ഇടപഴകലിലും ഇസ്‌ലാമിക മര്യാദകള്‍ പാലിക്കണം.
'നീ സത്യവിശ്വാസിനികളോടു പറയുക. അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം. തങ്ങളുടെ ശരീര സൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിേരാവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കന്മാര്‍, പുത്രന്മാര്‍, ഭര്‍തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷ പരിചാരകര്‍, സ്‌ത്രൈണരഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധതിരിക്കാനായി കാലുകള്‍ നിലത്തടിച്ചു നടക്കരുത്.' (24:31)
ഇപ്പറഞ്ഞ അടുത്ത ബന്ധുക്കള്‍ക്കിടയില്‍ എന്തായിരിക്കണം സ്ത്രീയുടെ വസ്ത്രധാരണം? മുഖവും മുന്‍കൈയുമൊഴിച്ചുള്ള ഭാഗങ്ങള്‍ അവര്‍ക്കുമുന്നിലും മറക്കണമെന്നുപറഞ്ഞ ചിലരുണ്ട്. എന്നാല്‍, അതിനു തെളിവൊന്നുമില്ല. ഭാര്യാസഹോദരി, അസ്മാ ബിന്‍ത് അബീബക്കറിനോട് പ്രവാചകന്‍ പറഞ്ഞതാണ് തെളിവായി ഉദ്ധരിക്കാറുള്ളത്. അവര്‍ നേരിയ വസ്ത്രം ധരിച്ച് പ്രവാചകന്റെ മുമ്പില്‍ വന്നപ്പോള്‍ അവിടുന്ന് അരുള്‍ ചെയ്തു. 'അസ്മാ... സ്ത്രീ പ്രായപൂര്‍ത്തിയായാല്‍ അവളുടെ മുഖവും മുന്‍കൈയുമല്ലാതെ മറ്റൊന്നും കാണാന്‍ പാടില്ല.' (അബൂദാവൂദ്)
ഇത് ഭാര്യാസഹോദരിയുടെ കാര്യത്തിലാണ്. ഇത് ശരീരസൗന്ദര്യം വെളിവാക്കരുതെന്ന കല്‍പനയില്‍നിന്ന് ഖുര്‍ആന്‍ ഒഴിവാക്കിയവരുടെ കാര്യത്തില്‍ ബാധകമാക്കുന്നത് ഒട്ടും ശരിയല്ല. മറ്റൊരു തെളിവായി പറയാനുള്ളത് ഭാര്യ ആയിശയുടെ മാതാവൊത്ത സഹോദരന്റെ മകളുടെ കാര്യത്തിലാണ്.
ആയിശ(റ)യുടെ മാതാവൊത്ത സഹോദരന്‍ അബ്ദുല്ലാഹിബ്‌നു തുഫൈലിന്റെ മകള്‍ അവരുടെ അടുത്തുണ്ടായിരുന്നു. അപ്പോള്‍ അവിടെയെത്തിയ നബിതിരുമേനി മുഖംതിരിച്ചു. ഇതെന്റെ സഹോദരപുത്രിയാണെന്ന് ആയിശ(റ) പറഞ്ഞപ്പോള്‍ പ്രവാചകന്‍ അരുള്‍ചെയ്തു.
'സ്ത്രീ പ്രായപൂര്‍ത്തിയായാല്‍ മുഖവും കൈയുമല്ലാതെ പുറത്തുകാണിക്കരുത്.' തന്റെ കണങ്കയ്യില്‍ പിടിച്ച് തിരുമേനിതന്നെ അതുകാണിച്ചുതന്നു. അദ്ദേഹം പിടിച്ച സ്ഥലത്തിന്റെയും മണികണ്ഠത്തിന്റെയും ഇടയില്‍ ഒരുപിടി കൂടി ഇടമുണ്ടായിരുന്നു.
ഇതും അടുത്തബന്ധുക്കളുടെ കാര്യത്തില്‍ ബാധകമാക്കുന്നത് തീര്‍ത്തും ദുര്‍വ്യാഖ്യാനമാണ്. ഭാര്യാസഹോദരിയെക്കാള്‍ അകന്നവരാണല്ലോ ഭാര്യാസഹോദരപുത്രി. യഥാര്‍ഥത്തില്‍ ഇതെല്ലാം സ്ത്രീ അന്യപുരുഷന്മാരുടെ മുമ്പില്‍ സ്വീകരിക്കേണ്ട വസ്ത്രധാരണത്തിലുള്ള നിര്‍ദേശമാണ്.
സൗന്ദര്യം വെളിവാക്കാന്‍ പാടില്ലെന്ന കല്‍പനയില്‍നിന്ന് ഖുര്‍ആന്‍ ഒഴിവാക്കിയവരുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാട് ശഹീദ് സയ്യിദ് ഖുത്വുബ് ഇങ്ങനെ വ്യക്തമാക്കുന്നു.
'ഇപ്പറഞ്ഞ വിഭാഗത്തില്‍പെട്ടവരൊക്കെയും - ഭര്‍ത്താവൊഴികെ - സ്ത്രീയുടെ അര്‍ധനഗ്നമേനി കണ്ടുപോയതുകൊണ്ടു കുഴപ്പമൊന്നുമില്ല. എന്നാല്‍, സ്ത്രീയുടെ പൂര്‍ണ നഗ്നത അവളുടെ ഭര്‍ത്താവ് മാത്രമേ കാണാന്‍ പാടുള്ളൂ.' (ഖുര്‍ആന്റെ തണലില്‍, ഭാഗം:8, പുറം:698)
കര്‍മശാസ്ത്രപണ്ഡിതന്മാര്‍ ഇതിനെ നിര്‍ണയിച്ചത് കഴുത്തിന്റെയും മുട്ടിന്റെയും ഇടയിലുള്ള ഭാഗം എന്നാണ്. അതൊഴിച്ചുള്ളവ കാണാവുന്നതാണ്. കുറെകൂടി ഇളവു നല്‍കിയ പണ്ഡിതന്മാരുമുണ്ട്. എന്നാല്‍, പിതൃസഹോദരന്മാരുടെയും മാതൃസഹോദരന്മാരുടെയും പുത്രന്മാരുടെ മുമ്പില്‍ മുഖവും മുന്‍കൈയുമൊഴിച്ചുള്ള ശരീരഭാഗങ്ങള്‍ മറക്കേണ്ടതാണ്. ഒരുമിച്ചുകഴിയുന്നതിലും തൊട്ടുരുമ്മുന്നതിലും പെരുമാറ്റത്തിലും സമീപനത്തിലുമെല്ലാം ഈ സൂക്ഷ്മത പുലര്‍ത്തല്‍ നിര്‍ബന്ധമാണ്. സഹോദരീ ഭര്‍ത്താവിന്റെ കാര്യത്തിലും ഈ പരിധി പാലിക്കണം. ഈ ഇസ്‌ലാമിക പരിധികള്‍ പാലിക്കുന്നത് വീടുകളിലെ ഒട്ടേറെ അനിഷ്ടസംഭവങ്ങള്‍ക്ക് അറുതി വരുത്താന്‍ അനിവാര്യമത്രെ.