'നിങ്ങളില്‍ കുട്ടികളുള്ളവര്‍ അവരുടെ മുമ്പില്‍ കുട്ടിയാവട്ടെ' എന്നത് കേവലമൊരു ഹദീസ് മാത്രമല്ല; കുട്ടികളുടെ ഇഷ്ടതോഴനായ നബി (സ) ജീവിച്ചു കാണിച്ചുതന്ന മാതൃക കൂടിയാണ്. കുഞ്ഞുമക്കളെ അകറ്റിനിര്‍ത്താതെ അവരെ സ്നേഹിക്കാനും അവര്‍ക്ക് മുത്തം കൊടുക്കാനും അവരൊന്നിച്ച് കളിക്കാനും പഠിപ്പിച്ച കുട്ടികളുടെ പ്രവാചകനില്‍ നമുക്ക് വലിയ മാതൃകയുണ്ട്.
പ്രവാചകനോടൊപ്പമുണ്ടായിരുന്ന കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ പ്രവാചകാധ്യാപനങ്ങള്‍ പ്രചരിപ്പിക്കുന്ന ഏറ്റവും മികച്ച സംഘമായി മാറിയതില്‍ ഒട്ടും അത്ഭുതമില്ല.
കുട്ടികളെ സ്നേഹവും ലാളനയും കൊണ്ടായിരിക്കണം ഭരിക്കേണ്ടത്. രക്ഷിതാക്കളുടെ ദേഷ്യവും വാശിയും പുതിയ തലമുറക്ക് പിടിക്കുന്ന കാര്യമല്ല. പോസിറ്റീവ് പാരന്റിങ് ആണ് നമ്മള് ശീലിക്കേണ്ടത്. കുട്ടികളുടെ നന്മകള് എടുത്തുപറഞ്ഞു സ്വാഭാവികമായി തിന്മകള് ഇല്ലാതാക്കുന്ന രീതിയാണ് നാം സ്വീകരിക്കേണ്ടത്.
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മക്കളെ ചീത്ത പറയുന്ന രക്ഷിതാക്കള്‍ കിട്ടിയ മാര്‍ക്കിന് അവരെ അഭിനന്ദിക്കാറില്ല. ഇത്തരം ചര്‍ച്ചകളും ശകാരങ്ങളും മക്കളെ മാനസികമായി തകര്‍ക്കും.
പുതിയ തലമുറയിലെ മക്കളെ എങ്ങനെയാണ് പരിപാലിക്കേണ്ടത് എന്ന് മനസ്സിലാവാതെ പല രക്ഷിതാക്കളും നട്ടംതിരിയുകയാണ്. വിരട്ടിയും ഉരുട്ടിയും മക്കളെ ശരിയാക്കാം എന്ന് വിചാരിക്കുന്നത് വിഡ്ഢിത്തമാണ്.
പ്രവാചകന് കുട്ടികളുടെ മുമ്പില്‍ എത്ര സ്നേഹസമ്പന്നനായിരുന്നു എന്ന് ഈ കഥ നമ്മോട് പറയുന്നു:
പ്രവാചക പത്നി ആഇശ ബീവിയുടെ വീട്ടിലേക്ക് ഒരു പാവം സഹോദരി രണ്ടു കുട്ടികളുമായി വന്നു. ബീവി അവര്‍ക്ക് മൂന്ന് ഈത്തപ്പഴം കൊടുത്തു. ഉമ്മ കുട്ടികള്‍ക്ക് കൊടുത്ത രണ്ടെണ്ണവും അവര്‍ വേഗം തിന്നു തീര്‍ത്തു. മൂന്നാമത്തെ ഈത്തപ്പഴം ഉമ്മ തിന്നാനൊരുങ്ങുമ്പോള്‍ കുട്ടികള്‍ അതിനു നേരെ കൈ നീട്ടി. ഉമ്മ ഈത്തപ്പഴം രണ്ട് കീറുകളാക്കി കുട്ടികള്‍ക്ക് നല്കി.
ആഇശ ബീവി ഈ രംഗം കൗതുകത്തോടെ നോക്കിനില്ക്കുകയായിരുന്നു. പ്രവാചകന് വന്നപ്പോള്‍ അദ്ദേഹത്തോട് ഈ സംഭവം പറഞ്ഞു.
പ്രവാചകന് (സ) പ്രതികരിച്ചതിങ്ങനെ: 'ആ സ്ത്രീ സ്വര്‍ഗത്തിലാണ്'.
മക്കളോടുള്ള സ്നേഹം രക്ഷിതാക്കളെ സ്വര്‍ഗത്തിലെത്തിക്കും എന്നാണ് പ്രവാചകന് പറയുന്നത്.
മറ്റൊരിക്കല്‍ മഞ്ഞ കുപ്പായം ധരിച്ച ഒരു പെണ്‍കുട്ടി പിതാവിന്റെ കൂടെ തിരുമേനിയുടെ സന്നിധിയില്‍ വന്നു. 'നിന്റെ കുപ്പായം അസ്സലായിട്ടുണ്ട്. എന്തൊരു ഭംഗി.' പ്രവാചകന് അവളെ പുകഴ്ത്തിപ്പറഞ്ഞു. പിന്നെ കുട്ടി പ്രവാചകന്റെ കൈയിലെ മോതിരം ഊരി കളിക്കാന്‍ തുടങ്ങി. ഇതുകണ്ട് പരിഭ്രമിച്ച പിതാവ് കുട്ടിയെ വലിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ കാരുണ്യത്തിന്റെ പ്രവാചകന് പറഞ്ഞത് ഇങ്ങനെ: 'മോള് കളിക്കട്ടെ.' നോക്കൂ എത്ര സ്നേഹസമ്പന്നമായ മനസ്സ്. എത്ര ഗൗരവക്കാരനായാലും കുട്ടികളോട് ദയയുള്ളവനാവുകയും കുട്ടികളുമായി താദാത്മ്യം പ്രാപിക്കുകയും വേണം. എന്നാലേ നമുക്ക് കുട്ടികളുടെ മനസ്സില്‍ സ്ഥാനം ഉണ്ടാവുകയുള്ളൂ. കുട്ടികളെ ഭീഷണിപ്പെടുത്തി നന്നാക്കിയെടുക്കാം എന്ന് കരുതേണ്ടതില്ല.
കുട്ടികളുടെ മാനസികാവസ്ഥയെ പ്രവാചകന് ഉള്‍ക്കൊണ്ടത് പോലെ നമ്മളും ഉള്‍ക്കൊള്ളുകയും മക്കളെ ചേര്‍ത്ത് പിടിക്കുകയും ചെയ്താല്‍ ധാര്‍മികതയുള്ള തലമുറയെ നമുക്ക് വാര്‍ത്തെടുക്കാന്‍ കഴിയും.
ഗുണദോഷിക്കുമ്പോൾ
തല്ലിയും ശാസിച്ചുമല്ല, തലോടിയും ലാളിച്ചുമാണ് മക്കളെ നന്നാക്കേണ്ടത്. ആളുകളുടെ മുമ്പില്‍ വെച്ച് ഗുണദോഷിച്ച് മക്കളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തരുത്. അധ്യാപകരുടെ മുമ്പിലും വീട്ടില്‍ വരുന്ന അതിഥികളുടെ മുമ്പിലും മക്കളുടെ അഭിമാനത്തെ രക്ഷിതാക്കള്‍ ക്ഷതപ്പെടുത്താറുണ്ട്.
പ്രവാചകന് ഒരു കുട്ടിയുടെ തെറ്റ് തിരുത്തിയത് ഇങ്ങനെയായിരുന്നു: മുആവിയ കുട്ടിയായിരുന്നപ്പോള്‍ നമസ്കാരത്തില്‍ പെടാത്ത ഒരു വാചകം ഉറക്കെ ഉച്ചരിച്ചു. നമസ്കാരത്തില്‍ സംസാരം നിഷിദ്ധമാണല്ലോ. പ്രവാചകന് ആ കുട്ടിയെ ജനമധ്യത്തില്‍ ഉപദേശിച്ചില്ല. ദൂരേക്ക് വിളിച്ചുവരുത്തി സൗമ്യമായ ഭാഷയില്‍ കാര്യം ധരിപ്പിച്ചു.
ശിക്ഷണത്തില്‍ ഇത്തരം പോസിറ്റീവ് രീതികളാണ് നമ്മള് സ്വീകരിക്കേണ്ടത്.
കുട്ടികള്‍ തൊട്ടാവാടികളും ഭീരുക്കളും അഭിമാന ബോധമില്ലാത്തവരും ആയി വളരുന്നുണ്ടെങ്കില്‍ അതില്‍ രക്ഷിതാക്കളുടെ സ്വാധീനം വലുതായിരിക്കും. കുട്ടികളെ മുയല് കുഞ്ഞുങ്ങളാക്കുന്നതും സിംഹക്കുട്ടികളാക്കുന്നതും രക്ഷിതാക്കള്‍ തന്നെയാണ്.
നമ്മളില്‍ ഇല്ലാത്ത ഒന്നും മക്കളില്‍ പ്രതീക്ഷിക്കേണ്ടതില്ല.
രക്ഷിതാക്കളും മക്കളും ടാങ്കും ടാപ്പും പോലെയാണ്. ടാപ്പില്‍ വെള്ളം കിട്ടാത്തതിന് ടാപ്പിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ടാപ്പിലൂടെ ചെളിവെള്ളം വരുന്നതിന് ടാപ്പ് മാറ്റിയത് കൊണ്ട് കാര്യമില്ല. ടാങ്കില്‍ ചെളിവെള്ളം ഉണ്ടോ എന്നാണ് ഉറപ്പുവരുത്തേണ്ടത്. കുഞ്ഞുങ്ങള്‍ കേട്ടല്ല വളരുന്നത്. മറിച്ച്, പലതും കണ്ടുകൊണ്ടാണ്. അവരെ ഉപദേശിച്ച് നേരെയാക്കാം എന്ന തെറ്റിദ്ധാരണ മാറ്റുക. പുതിയ കാലത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് അവരെ വളര്‍ത്തുക.
യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹാംപ്ഷെയര്‍ നടത്തിയ പഠന പ്രകാരം ചെറുപ്പത്തില്‍ അടി കിട്ടി വളരുന്ന കുട്ടികള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. അടിക്കുന്നത് അവരെ നന്നാക്കും എന്ന സിദ്ധാന്തം പൊട്ടത്തെറ്റാണ്. കുട്ടികളെ അടിക്കുമ്പോള്‍ മാതാപിതാക്കള്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത് ഒരു അക്രമത്തില്‍ ഏര്‍പ്പെടുകയാണ്. അക്രമത്തെ ആദ്യമായി കുട്ടികള്‍ നേര്‍ക്കുനേര്‍ കാണുന്നതും മനസ്സിലാക്കുന്നതും മാതാപിതാക്കള്‍ അവരെ അടിക്കുമ്പോഴാണ്. കുട്ടികള്‍ അടി വാങ്ങുകയും, മാതാപിതാക്കള്‍ അതിന് ശിക്ഷിക്കപ്പെടാതെ പോവുകയും ചെയ്യുന്നത് കാണുന്ന കുട്ടികള്‍ക്ക് അക്രമം സ്വാഭാവികമായ ഒരു കാര്യമാണെന്ന തോന്നല്‍ അറിഞ്ഞോ അറിയാതെയോ മനസ്സില്‍ കയറുന്നു. കുട്ടികളെ അടിക്കുന്ന ഓരോ അടിയും ഒരു ചെറിയ കുറ്റവാളിയെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
കുട്ടികളോട് പലപ്പോഴും എന്ത് സംഭവിച്ചു, എന്തുകൊണ്ട് അത് തെറ്റാണ് എന്ന് പറഞ്ഞു മനസ്സിലാക്കേണ്ട സമയവും സന്ദര്‍ഭവും ഒരടിയില്‍ നമ്മള് തീര്‍ക്കുന്നതിനു പകരം ചെയ്ത തെറ്റിനെക്കുറിച്ച് ക്ഷമയോടെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണ് ചെയ്യേണ്ടത്.
അമിത വാത്സല്യം
തെറ്റുകള്‍ കണ്ടാല്‍ കടുത്ത ശിക്ഷകള്‍ നല്‍കുന്നതും അല്ലാത്ത സമയത്ത് അമിത വാത്സല്യം നല്‍കുന്നതും കുട്ടികളുടെ സ്വഭാവരൂപവത്കരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സൈക്കോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തെറ്റുകള്‍ക്കുള്ള ശിക്ഷകള്‍ അവര്‍ ചെയ്ത തെറ്റ് എന്താണെന്ന് അവരെ മനസ്സിലാക്കിക്കൊടുത്ത ശേഷമായിരിക്കണം. അതുപോലെത്തന്നെ തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എന്റെ കുഞ്ഞ് ഒരിക്കലും അങ്ങനെ ചെയ്യില്ല. അത് മറ്റുള്ളവര്‍ വെറുതെ പറയുന്നതാണ് എന്ന നിലപാടെടുക്കരുത്. ഇത്തരം അമിത വാത്സല്യം അവരെ കൂടുതല്‍ തെറ്റുകള്‍ ചെയ്യാന്‍ മടിയില്ലാത്തവരാക്കി മാറ്റും.
മുടി നീട്ടി ചുമലിനു താഴെ പരത്തിയിടുകയും തുണി വലിച്ചിഴക്കുകയും ചെയ്യുന്ന ചെറുപ്പക്കാരനായിരുന്നു ഖുറൈമുല്‍ അസദീ. ഒരിക്കല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ റസൂല്‍ സ്വഹാബികളോട് പറഞ്ഞു: 'ഖുറൈമുല്‍ അസദീ എത്ര നല്ല ചെറുപ്പക്കാരനാണ്, ആ മുടിയൊന്ന് വെട്ടുകയും തുണി വലിച്ചിഴക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍!'
റസൂലിന്റെ ഈ വാക്കുകള്‍ അറിഞ്ഞ ഖുറൈം അപ്പോള്‍തന്നെ മുടി വെട്ടുകയും തുണി കയറ്റി ഉടുക്കുകയും ചെയ്തു. മുആവിയ (റ)യുടെ ഭരണകാലത്ത് ഇദ്ദേഹത്തെ കണ്ട അബുദ്ദര്‍ദാഅ് (റ) തണ്ടന്‍കാല്‍ വരെ കയറ്റി ഉടുത്ത തുണി കണ്ടാണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത് (മുസ്നദ് അഹ്മദ്). ഈ ചെറുപ്പക്കാരനില്‍ ഇത്രയും വേഗത്തില്‍ മാറ്റം സാധിച്ചത് എന്താണ്? അഭിമാനത്തെ ക്ഷതപ്പെടുത്താതെയുള്ള വാക്കുകള്‍, അയാളിലെ നന്മയെ അംഗീകരിക്കുന്ന പ്രവാചകന്റെ ശൈലി. പ്രവാചകന് ശിക്ഷിക്കുകയായിരുന്നില്ല, ശിക്ഷണം നടത്തുകയായിരുന്നു. പുതിയ കാലത്ത് നമുക്കും ഈ രീതി തന്നെയാണ് കരണീയമായിട്ടുള്ളത്.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ കാണുന്ന മാറ്റങ്ങളെ മാതാപിതാക്കള്‍ പരിഗണിക്കണം. അത് മനസ്സിലാക്കാതെ മാതാപിതാക്കള്‍ പ്രവര്‍ത്തിക്കുമ്പോള്‍ സന്താനപരിപാലനത്തിന്റെ തെറ്റായ രീതിയാണ് അവര്‍ സ്വീകരിക്കുന്നത്. നിര്‍ബന്ധിക്കുന്നതിനും പരുഷമായി പെരുമാറുന്നതിനുമെല്ലാം അത് കാരണമാകും.
മക്കളെ അഭിസംബോധന ചെയ്യുന്നത് വളരെ മാന്യമായ രീതിയിലായിരിക്കണം. അവരെ നിന്ദിക്കുന്നതും നിസ്സാരവത്കരിക്കുന്നതുമായ പരുക്കന്‍ പ്രയോഗങ്ങള്‍ ഉപേക്ഷിക്കുക. ആത്മനിയന്ത്രണത്തിന് മാതാക്കള്‍ വളരെയധികം പ്രാധാന്യം കല്പ്പിക്കണം.
ജീവിതത്തില്‍ അത്യുന്നതങ്ങളില്‍ എത്തിച്ചേര്‍ന്ന മഹദ് വ്യക്തികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ വഹിച്ച പങ്കാണ് വഴിത്തിരിവായിത്തീര്‍ന്നത്. കാല്‍നൂറ്റാണ്ടു കാലത്തെ ക്രിക്കറ്റ് ജീവിതത്തില്‍നിന്ന് വിരമിച്ച ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍, തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ 1999ല്‍ തന്നെ വിട്ടുപോയ അച്ഛനെ അനുസ്മരിച്ച് പറയുന്നുണ്ട്. 'അച്ഛന്റെ മാര്‍ഗനിര്‍ദേശം ഇല്ലായിരുന്നുവെങ്കില്‍ എനിക്കിങ്ങനെ നിങ്ങളുടെ മുമ്പില്‍ നില്ക്കാന് കഴിയുമായിരുന്നില്ല. അദ്ദേഹം പറഞ്ഞിട്ടുണ്ട്, 'സ്വപ്നങ്ങളെ നീ പിന്തുടരുക, അതിലേക്കുള്ള വഴി എത്ര ദുര്‍ഘടമാണെങ്കിലും അതുപേക്ഷിക്കാതിരിക്കുക. 'എന്റെ അമ്മ… എന്നെപ്പോലൊരു വികൃതിപ്പയ്യനെ എങ്ങനെ അവര്‍ ഇത്രമേല്‍ സ്നേഹപൂര്‍വം കൈകാര്യം ചെയ്തെന്ന് എനിക്കറിയില്ല. ഞാന്‍ കളിച്ചുതുടങ്ങിയ കാലം മുതല്‍ അമ്മ എനിക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു.
l