ചുട്ടുപൊള്ളുന്ന ചൂടായിരുന്നു രാവിലത്തെ വെയിലിന്. പടിഞ്ഞാറന്‍ ഭാഗത്ത് നിന്നുള്ള കുളിര്‍കാറ്റ് ഏല്‍ക്കുമ്പോള്‍ തെല്ലൊരു ആശ്വാസം തോന്നി.
ഗോപിയും റഷീദും സുബൈറിന്റെ വീട്ടുപടിക്കലെത്തി. വാച്ചില്‍ നോക്കി, ഒമ്പത് മണി ആവാറായി. ബെല്ലില്‍ വിരലമര്‍ത്തി. അബ്ബാസ് വന്ന് വാതില്‍ തുറന്നു.
''നല്ല ആള്‍ക്കാരാ നിങ്ങള്‍... എട്ട് മണിക്ക് വരാന്ന് പറഞ്ഞിട്ട്?''
''അബ്ബാസേ, സോറി.....''
അപ്പോഴേക്കും സുബൈറും റെഡിയായി വന്നു.
''വഴിയില്‍ എവിടെയെങ്കിലും വെച്ച് ജുമുഅ നിസ്‌കരിക്കാം.''
കുന്നിന്‍ ചരിവിലെ റോഡും കടന്ന് ഏകദേശം ഉച്ചയാവുമ്പോഴേക്കും അവര്‍ അവിടെയെത്തി.
ബാങ്ക് കേട്ടതല്ലാതെ സുബൈറിന് പള്ളി കാണാന്‍ പറ്റിയില്ല. ഹോട്ടലില്‍ കയറി അന്വേഷിച്ചു:
''നിങ്ങള്‍ക്ക് ഏത് പള്ളിയാ വേണ്ടത്?''
''അടുത്തുള്ള ഏതെങ്കിലും ഒരു പള്ളി കാണിച്ചുതന്നാല്‍ മതി.''
അയാള്‍ വഴി കാണിച്ചുകൊടുത്തു.
''ഗോപി, ഇവിടെയിരിക്ക്. ഞങ്ങള്‍ നിസ്‌കരിച്ച് വരാം.'' കൈയിലുണ്ടായിരുന്ന വാരികയും പത്രവും അവന് നല്‍കി.
വിശാലമായ പള്ളി ജനനിബിഡമായിരുന്നു.
ഖുത്വുബ നിര്‍വഹിക്കാനായി ഇമാം മിമ്പറില്‍ കയറി. എല്ലാവരും ഖത്വീബിന്റെ പ്രസംഗം കേള്‍ക്കാന്‍ ശ്രദ്ധയോടെ ഇരുന്നു.
ഇമാമിന്റെ സംസാരത്തിലും ഉച്ചാരണത്തിലും എന്തോ പ്രശ്‌നമുണ്ടെന്ന് സുബൈറിന് തോന്നി. വളരെ പ്രയാസപ്പെട്ടായിരുന്നു അയാള്‍ പറയാന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ശബ്ദം കുറഞ്ഞ് കുറഞ്ഞ് വരുന്നു. ചിലരൊക്കെ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അദ്ദേഹം ബോധരഹിതനായി വീണു. കുറേ പേര്‍ താങ്ങിയെടുത്ത് അദ്ദേഹത്തെ ഒരുവശത്ത് കിടത്തി. ആരോ വെള്ളം തളിച്ചപ്പോള്‍ അദ്ദേഹം കണ്ണ് തുറന്നു. വെള്ളം കുടിക്കാന്‍ കൊടുത്തു. സുബൈര്‍ ആള്‍ക്കൂട്ടത്തെ മാറ്റി വായുസഞ്ചാരമാക്കി. പള്‍സ് ചെക്ക് ചെയ്തു, നോര്‍മലായിരുന്നു.
''എനിക്ക് ഖുത്വുബ തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. നിങ്ങളാരെങ്കിലും നിര്‍വഹിച്ചോളൂ. ഞാന്‍ അല്‍പം വിശ്രമിക്കട്ടെ.''
അദ്ദേഹം ഒരു വശത്തായി ഒതുങ്ങിക്കിടന്നു. ആദ്യത്തെ വരിയിലിരിക്കുന്ന ഒരാള്‍ എഴുന്നേറ്റ് പറഞ്ഞു.
''ഖുത്വുബ പറയാന്‍ അറിയുന്നവരുണ്ടോ?''
നിമിഷങ്ങള്‍ കഴിഞ്ഞെങ്കിലും ആരും മുമ്പോട്ട് വന്നില്ല.
''പടച്ചവനേ, ജുമുഅ മുടങ്ങിപ്പോവുമല്ലോ...? ആരെങ്കിലും...''
പ്രായമായ ഒരാള്‍ വിലപിക്കാന്‍ തുടങ്ങി. അബ്ബാസ് എഴുന്നേറ്റ് നിന്ന് പറഞ്ഞു: ''ഇവിടെ ഖുത്വുബ പറയാന്‍ അറിയുന്ന ഒരാളുണ്ട്... പക്ഷേ, അദ്ദേഹം ഖുത്വുബ മലയാളത്തിലേ പറയൂ.''
പിറകില്‍നിന്ന് ഒരാള്‍ പറഞ്ഞു.
''മലയാളത്തില്‍ പറയണ്ട, മുഅദ്ദിനെ വിളിക്കൂ.''
''മുഅദ്ദിന്‍ അവധിയിലാണ്.''
സമയം കടന്നുപോയി.
''മലയാളത്തില്‍ പറയാം എന്ന് പറഞ്ഞയാള്‍ എവിടെ?''
സുബൈര്‍ എഴുന്നേറ്റു നിന്നു. ജീന്‍സ് പാന്റും ടീ ഷര്‍ട്ടും ധരിച്ച ഇയാളാണോ ഖുത്വുബ നടത്തുന്നത്? ചിലര്‍ ചിരിച്ചു. താടി പോലുമില്ല. അദ്ദേഹം നടന്ന് സുബൈറിന്റെയരികില്‍ ചെന്നു.
''ഞാന്‍ ഹമീദാജി, ഈ പള്ളിയുടെ പ്രസിഡന്റാണ്.''
''എന്റെ പേര് സുബൈര്‍, ഞാന്‍ കാസര്‍കോട്‌നിന്ന് വരുന്നു.''
''സുബൈറിന് ഖുത്വുബയുടെ ഫര്‍ളും ശര്‍ത്തും അറിയുമോ?''
''അറിയാം.''
അദ്ദേഹം തൊപ്പിയൊന്ന് ശരിയാക്കി താടി തടവിക്കൊണ്ട് പറഞ്ഞു.
''കേറിക്കോ...''
സുബൈര്‍ മിമ്പറില്‍ കയറി.... ഖുത്വുബ തുടങ്ങി.
''ഇന്നല്‍ ഹംദലില്ലാ...''
സുബൈര്‍ സൂറത്ത് തൗബയിലെ അറുപതാം സൂക്തം ഇമ്പമാര്‍ന്ന സ്വരത്തില്‍ പാരായണം ചെയ്തപ്പോള്‍ സദസ്സ് ശ്രദ്ധയോടെ കേട്ടു. ധര്‍മ മാര്‍ഗത്തിനും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനും ഉള്ള ഉപദേശത്തോടെ പ്രസംഗം ആരംഭിച്ചു.
''ഇന്നത്തെ ഈ അവസ്ഥ വളരെ വേദനാജനകമാണ്. ഇമാമിന്, അതായത് നമ്മുടെ ഖത്വീബിന് ചെറിയൊരു അസുഖം ഉണ്ടായപ്പോള്‍ പകരം ഖുത്വുബ പറയാന്‍ ആരും ഉണ്ടായില്ല. നമസ്‌കരിക്കാന്‍ വരുന്നവരില്‍ ഒരാള്‍ക്ക് ഇമാമായി നില്‍ക്കാം. പള്ളിയിലെ പ്രസിഡന്റാണ് ഖുത്വുബ നിര്‍വഹിക്കേണ്ടത്. പ്രവാചകന്റെ കാലത്തോ സഹാബിമാരുടെ കാലത്തോ ഖലീഫമാരുടെ കാലത്തോ ശമ്പളം കൊടുത്ത് ഇമാമുമാരെയോ ഖത്വീബുമാരെയോ നിയമിച്ചിട്ടുണ്ടോ?''
മുഴുവന്‍ വേദങ്ങളെയും അംഗീകരിച്ചുകൊണ്ടാണ് ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളത്. ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അനുഗ്രഹത്തിനു വേണ്ടി, ലോകത്തിലെ നാനാ ഭാഗത്തും പ്രവാചകന്മാരും വേദങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് പൗരോഹിത്യവും ഭരണകര്‍ത്താക്കളും അവരവരുടെ സ്വാര്‍ഥലാഭത്തിനു വേണ്ടി മതത്തെ വികൃതമാക്കിയിട്ടുണ്ട്. നന്മ കൈക്കൊള്ളാനും തിന്മ നിരാകരിക്കാനും പരസ്പരം സ്‌നേഹിക്കാനും കര്‍മം ചെയ്യാനും അത് ഉദ്‌ഘോഷിക്കുന്നു. വേദഗ്രന്ഥത്തെ ശരിക്കും പഠിച്ച് മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്താന്‍ ദൈവം തമ്പുരാന്‍ സഹായിക്കുമാറാകട്ടെ.''
സുബൈറിന്റെ ഖുത്വുബ ശ്രവിച്ചയാളുകള്‍ ആവേശഭരിതരായി. നിസ്‌കാരം കഴിഞ്ഞപ്പോഴേക്കും അവിടെ ഗ്രൂപ്പുകളായി. ഇനി മുതല്‍ ഖുത്വുബ മലയാളത്തില്‍ മതിയെന്നൊരു കൂട്ടര്‍. മറ്റൊരു വിഭാഗം അതിനെ എതിര്‍ത്തു.
''ജീന്‍സ് പേന്റും ടീ ഷര്‍ട്ടും ധരിച്ചാണോ ഖുത്വുബ.... അതും മലയാളത്തില്‍.... പുത്തന്‍ വാദികള്‍....?''
വിവിധ തരത്തിലുള്ള അഭിപ്രായങ്ങള്‍ക്കിടെ ഇമാമിനെ കണ്ട് സലാം പറഞ്ഞ് സുബൈറും കൂട്ടുകാരും അവിടെ നിന്നിറങ്ങി പങ്കജാക്ഷന്‍ എം.എല്‍.എയുടെ വീട്ടിലേക്ക് തിരിച്ചു. അവരെ എം.എല്‍.എ ഉപചാരപൂര്‍വം ക്ഷണിച്ച് അകത്തിരുത്തി.
ആശുപത്രി ഉദ്ഘാടനത്തിന് കൃത്യസമയത്ത് അവിടെയെത്തുമെന്ന ഉറപ്പുവാങ്ങിയാണ് അവര്‍ അവിടെ നിന്നിറങ്ങിയത്.
* * *
ഉറക്കം വരാതെ സുബൈര്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
''നിങ്ങളെന്താ ഉരുണ്ട് കളിക്കുന്നത്, ഉറക്കം വരുന്നില്ലേ...?''
''ഇല്ല ഷാഹിനേ... ഞാനെങ്ങനെ ഉറങ്ങും? അന്ന് പോലീസുകാര്‍ നാഭിക്ക് ചവിട്ടി വേദനകൊണ്ട് പുളയുമ്പോഴുണ്ടായ ടെന്‍ഷന്‍.... അതേ വികാരം നാളത്തെ ഉദ്ഘാടനം കഴിയുംവരെ ഞാന്‍ സഹിക്കണം.''
''കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇതിന്റെ പിറകില്‍ ഓടുന്നു....''
സുബൈര്‍ ഗള്‍ഫ് യുദ്ധ കാലത്ത് കുവൈത്തില്‍ അനുഭവിച്ച യാതനകള്‍ ഓര്‍ത്തു. എല്ലാവര്‍ക്കും നാട്ടില്‍ വരാമായിരുന്നു. ആശുപത്രി ജീവനക്കാരൊഴിച്ച്. അബുജാസിം സൗദിയിലും കാസിംച്ച നാട്ടിലും. നീണ്ട രണ്ട് വര്‍ഷങ്ങള്‍... തോക്ക് ചൂണ്ടിയായിരുന്നു പട്ടാളക്കാര്‍ ചികിത്സിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.
* * *
ഗോപി, റഷീദ്, അബ്ബാസ് മൂന്നു പേരുംകൂടി നടന്നുവരുന്നത് നോക്കിനില്‍ക്കുകയായിരുന്നു സുബൈര്‍. അവരെ സ്വീകരിച്ചിരുത്തിയപ്പോഴേക്കും ഒരു ഓട്ടോയും അവിടെ വന്നുനിന്നു. എല്ലാവരുടേയും ശ്രദ്ധ ഓട്ടോയിലേക്ക് തിരിഞ്ഞു. ഡോക്ടര്‍ മൊയ്തീന്‍ കോയയായിരുന്നു ഓട്ടോയില്‍ നിന്നിറങ്ങിയത്. സുബൈര്‍ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി.
''ഏതായാലും നിങ്ങള്‍ ഇന്ന് വന്നത് സന്തോഷമായി.''
ഗോപി കൈയിലുണ്ടായിരുന്ന പ്ലാന്‍ സുബൈറിന് കൊടുത്തു.
''ഇത് അല്‍ഫിന്‍ എഞ്ചിനീയര്‍ തന്നതാണ്.''
പ്ലാന്‍ വാങ്ങിയ സുബൈര്‍ ടീപ്പോയില്‍ വെച്ചു അവര്‍ക്ക് കാണിച്ചുകൊടുത്തു.
''ഇതെന്തിനാ നിങ്ങള്‍ക്ക് ഇത്ര വലിയ വീട്? ലോഡ്ജ് ആക്കാനുള്ള പരിപാടിയുണ്ടോ?''
''നോ സാര്‍, അതൊന്നുമല്ല എന്റെ ഉദ്ദേശ്യം. ആരും തുണയില്ലാത്ത, ഗതിയില്ലാത്ത അനാഥരായിട്ടുള്ള കുട്ടികളെ, ഞങ്ങളുടെ സ്വന്തം മക്കളെപ്പോലെ വളര്‍ത്താന്‍.''
''നന്നായെടോ, അങ്ങനെ തന്നെയാണ് വേണ്ടത്, അതാണ് പ്രവാചക ശിക്ഷണം.''
സുബൈറിന്റെ ഭാവി പരിപാടികള്‍ അവര്‍ക്കൊക്കെ വളരെ ഇഷ്ടമായി.
ആതുരാലയത്തിന്റെ ഒരു വശത്ത് ചന്ദ്രഗിരിപ്പുഴ, മറുവശത്ത് വിശാലമായി കിടക്കുന്ന നെല്‍പ്പാടങ്ങള്‍, മുന്‍വശത്ത് കോണ്‍ക്രീറ്റ് റോഡ്, കുറച്ചു ദൂരെയായി കാണുന്ന റെയില്‍വേ പാലം. സുന്ദരമായ കാഴ്ചയാണ് ആശുപത്രിയുടേത്, തികച്ചും മനോഹരമായിരുന്നു.
ആശുപത്രിയുടെ മുമ്പില്‍ കെട്ടിയുണ്ടാക്കിയ അരങ്ങ്. അതിന്റെ മുമ്പിലായി കസേരകള്‍ ഗോപിയും അബ്ബാസും നിരത്തിക്കൊണ്ടിരിക്കുന്നു. റഷീദ് ഒരു തുണിയെടുത്ത് കസേരകള്‍ വൃത്തിയാക്കി തുടക്കുന്നു. സുബൈറും ഡോക്ടര്‍ മൊയ്തീന്‍ കോയയും സംസാരിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴേക്കും അണിഞ്ഞൊരുങ്ങിയ ഒരു സ്ത്രീ അവിടെയെത്തി.
''ഗോപിച്ചേട്ടന്‍... എവിടെ?''
''അതാ ആ കാണുന്നത് തന്നെ.''
റഷീദ് അവര്‍ക്ക് ഗോപിയെ കാണിച്ചുകൊടുത്തു.
''ഗോപീ, നിന്നെയന്വേഷിച്ച് ഒരാള്‍.''
അവര്‍ ഗോപിയുടെ അടുത്തേക്ക് പോയി.
''റഷീദേ... ഇത് നമ്മുടെ അനൗണ്‍സര്‍.''
''ഓക്കെ, നീ ആ മൈക്ക് ശരിയാക്കികൊടുക്കാന്‍ പറ.''
''ശരി.''
അനൗണ്‍സ്‌മെന്റ് വന്നത് ഇംഗ്ലീഷില്‍. ഇതുകേട്ട സുബൈര്‍ അവരുടെയടുത്തേക്ക് ഓടിയെത്തി.
''മലയാളത്തില്‍ മതി.''
പിന്നീട് അവരുടെ വിളംബരം മലയാളത്തില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. ആള്‍ക്കാരൊക്കെ വന്നുതുടങ്ങി.
''അതെന്താടോ വലിയൊരു ആള്‍ക്കൂട്ടം! ഇങ്ങോട്ട് വരികയാണല്ലോ?''
''നമ്മള്‍ കാണാത്തവരാണല്ലോ?''
''ഞങ്ങള്‍ കള്ളിലംഗോഡില്‍ നിന്നാണ്. സുബൈര്‍ സാഹിബില്ലേ?''
''അതെവിടെയാ....?''
''അടൂരില്‍.''
''നമ്മുടെ എം.എല്‍.എയുടെ നാട്ടില്‍നിന്നാണല്ലേ.''
ഗോപി അവരെയും കൂട്ടി സുബൈറിന്റടുത്തേക്ക് നടന്നു. സുബൈര്‍ അവിടെ ഒരാളോട് സംസാരിക്കുകയായിരുന്നു.
''ഇവര്‍ നിങ്ങളെ കാണാന്‍ വന്നതാ.'' സുബൈറിനെ കണ്ടയുടനെ അവരൊക്കെ അവന്റെയരികിലേക്ക് പോയി.
''ഞങ്ങള്‍ കള്ളിലംഗോഡില്‍ നിന്നാണ്. നിങ്ങള്‍ ഖുത്വുബ പറഞ്ഞ് ഞങ്ങളുടെ മാനം രക്ഷിച്ചതോര്‍മയില്ലെ''
അവരില്‍ ഒരാള്‍ സുബൈറിന്റെ കൈ പിടിച്ചു.
സുബൈര്‍ ചിരിക്കുക മാത്രം ചെയ്തു.
''അടുത്ത മാസം മൂന്നാം തീയതി മൂന്ന് മണിക്ക് ഞങ്ങളുടെ ക്ലബ്ബിന്റെ വാര്‍ഷികമാണ്. നിങ്ങള്‍ വന്ന് രണ്ടുവാക്ക് സംസാരിക്കണം.''
''അതിനു ഞാന്‍ വേണോ?''
''വേണം, അത് അവിടത്തെ ജനങ്ങളുടെ ആഗ്രഹമാണ്. അതങ്ങ് നിഷേധിക്കരുത്. ഞങ്ങള്‍ വണ്ടി കൊണ്ടുവരാം.''
''അത്രക്കും നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ വരാം. പക്ഷേ, വണ്ടിയുമായി വരേണ്ട ആവശ്യമില്ല.''
''നിങ്ങളുടെ ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ കൂടിയാണ് ഞങ്ങള്‍ വന്നത്.''
''സന്തോഷമായി, നിങ്ങള്‍ ഇരിക്കൂ.''
സുബൈര്‍ ജില്ലാ പ്രസിഡന്റിനെ സ്റ്റേജിലേക്ക് ആനയിച്ചു. ഡോക്ടര്‍ മൊയ്തീന്‍ കോയയും സ്റ്റേജിലുണ്ട്.
സുബൈറിന്റെ ഉപ്പയും മുഹമ്മദ് കാസിമും ഷാഹിനയും മുമ്പിലെ സീറ്റില്‍ തന്നെയാണ്. സുബൈറിന്റെ മകള്‍ സുഹൈല അവര്‍ക്കിടയില്‍ ഓടിക്കളിക്കുന്നു.
ആശുപത്രി പരിസരം ജനങ്ങളെക്കൊണ്ട് നിറഞ്ഞു. കസേരകള്‍ മതിയാവാതെ വന്നതിനാല്‍ ജനങ്ങള്‍ നില്‍ക്കുകയായിരുന്നു.
''നമ്മളേവരും കാത്തിരുന്ന പ്രിയങ്കരനായ എം.എല്‍.എ ശ്രീമാന്‍ പങ്കജാക്ഷന്‍ എത്തിക്കഴിഞ്ഞു. ആദ്യം അദ്ദേഹം ആശുപത്രി ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. പിന്നീടാണ് പരിപാടികള്‍ ആരംഭിക്കുക.''
കുട്ടികളുടെ പ്രാര്‍ഥനാഗീതത്തോടെ പരിപാടി ആരംഭിച്ചു. ശ്രീമാന്‍ പങ്കജാക്ഷന്റെ ഉദ്ഘാടന പ്രസംഗത്തിലുടനീളം ഏ.എസ്സിന്റെ സാമൂഹ്യ സേവനങ്ങളെ പ്രശംസിച്ചു. സുബൈറിന്റെ സ്വാഗതപ്രസംഗത്തിനുശേഷം കലക്ടറും ഡി.എം.ഒയുമൊക്കെ ആശംസാ പ്രസംഗങ്ങള്‍ നടത്തി. പിന്നീട് സംസാരിക്കാന്‍ വേണ്ടി ക്ഷണിച്ചത് മുഹമ്മദ് കാസിമിനെയാണ്.
''ഞാന്‍ പത്തിരുപത് വര്‍ഷമായി ആശുപത്രി നടത്തിവരികയാണ്. ഈ സുബൈറൊക്കെ എന്റെ ആശുപത്രിയില്‍ നിന്നാണ് ഇതൊക്കെ പഠിച്ചത്. ഇത് നടത്തിക്കൊണ്ടുപോകുന്നതിന്റെ വിഷമം എനിക്കറിയാം. പിന്നെ നമ്മുടെ നാട്ടുകാര്‍ക്ക് ഒരു ഹാര്‍ട്ട്അറ്റാക്ക് വന്നാല്‍ മംഗലാപുരത്തെ ആശുപത്രിയെ ആശ്രയിക്കേണ്ടി വരുന്നു. അറ്റാക്ക് വന്നാലും നമുക്കിവിടെ ചികിത്സിക്കണം.''
കാസിം ഇടയ്ക്ക് പ്രസംഗം നിര്‍ത്തി, എന്തോ മറന്നപോലെ അദ്ദേഹം സുബൈറിനോട് ചോദിച്ചു: ''സുബൈറേ... ഈ ഹാര്‍ട്ട് ചികിത്സക്ക് എന്താണ് വേണ്ടത്?''
''കേത്ത് ലാബ്.''
ഇത് കേട്ടയുടനെ കാസിം പ്രസംഗം തുടര്‍ന്നു.
''ആ സുബൈര്‍ പറഞ്ഞ സാധനം എന്റെ വകയായി സംഭാവന ചെയ്യുന്നു. ഇനി മുതല്‍ ആരും മംഗലാപുരത്ത് ഹാര്‍ട്ട് ചികിത്സക്കായി പോകേണ്ടതില്ല''
സദസ്സില്‍ ഹര്‍ഷാരവങ്ങള്‍ ഉയര്‍ന്നു. നാടിന്റെ ഭാഗധേയം നിര്‍ണയിച്ച ഒരു ചരിത്രം അതിന് പിന്നിലുണ്ടായിരുന്നുവെന്ന് സുബൈറിന്റെ മനസ്സ് മന്ത്രിച്ചു. നന്ദി പ്രകാശനത്തിനായി ഡോക്ടര്‍ ഷാഹിന സ്റ്റേജിലെത്തി. ആശുപത്രിയില്‍ ക്രമീകരിച്ചിരിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ട്രീറ്റ്‌മെന്റിന്റെ കാര്യം വിശദീകരിക്കുകയും എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു.
മാസങ്ങള്‍ കഴിഞ്ഞു. ഉപ്പാക്ക് അസുഖമായതിനാല്‍ സുബൈറായിരുന്നു കൃഷി നടത്തിയിരുന്നത്. ആശുപത്രിയുടെ ഉത്തരവാദിത്വം ഡോക്ടര്‍ ഷാഹിനയെ ഏല്‍പ്പിച്ചു. ഒഴിവുള്ള സമയങ്ങളില്‍ സുബൈര്‍ അവരെ സഹായിക്കും. അവരുടെയെല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം മൂലം ആശുപത്രി വളര്‍ന്നു.
* * *
ഇന്ന് ഏ.എസ് മെമ്മോറിയല്‍ ആശുപത്രി പ്രശസ്തമായ ആതുരാലയമാണ്. അയല്‍ ജില്ലകളില്‍ നിന്നുപോലും ആളുകള്‍ വിദഗ്ധ ചികിത്സക്കായി ഇവിടെ എത്താറുണ്ട്. കേത്ത് ലാബ് നിലവില്‍ വന്നതോടുകൂടി ഹൃദ്രോഗംകൊണ്ടുള്ള മരണ നിരക്ക് കുറഞ്ഞു. ഡോക്ടര്‍ ഷാഹിന പ്രത്യേക താല്‍പര്യമെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെയും എറണാകുളത്തെ പേരെടുത്ത ആശുപത്രികളിലെയും കണ്‍സല്‍ട്ടന്റ്‌സുമായി ടെലി മെഡിസിന്‍ ചികിത്സാരീതി നടപ്പില്‍ വരുത്തിയതോടുകൂടി രോഗികളുടെ മംഗലാപുരത്തേക്കുള്ള ഒഴുക്ക് താനേ നിലച്ചു.
അറുപത് ലക്ഷത്തില്‍പരം രൂപ മുടക്കി കക്കൂസിലേയും മറ്റും മലിനജലം ശുദ്ധീകരിക്കുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചു. ശുദ്ധീകരിച്ച ജലം തോട്ടങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഉപയോഗിച്ചു. കൂടാതെ ഇന്‍സിനേറ്ററും സ്ഥാപിച്ചു. പൊല്യൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അവാര്‍ഡും കരസ്ഥമാക്കി.
പടിഞ്ഞാറന്‍ ചക്രവാളം കറുത്ത മേഘങ്ങളാല്‍ നിറഞ്ഞിരുന്നു. സുബൈര്‍ കലപ്പയുമേന്തി പോത്തുകളേയും തെളിച്ച് വയല്‍ വരമ്പത്ത് കൂടി നടന്നു.
''സുബൈര്‍ച്ചാ.... ടിഫിന്‍ എടുക്കാന്‍ മറന്നു.''
സുബൈര്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ടിഫിനുമായി ചിരിച്ചുകൊണ്ട് ഷാഹിന. മഴ പെയ്തുതുടങ്ങി... ശക്തമായ മഴ.
l