'80 ശക്കല്‍ ആണ് ബാധ്യതയായി കൈവശമുള്ളത്. അതില്‍ നാല്പത്തി അഞ്ച് ഉമ്മക്കുള്ളതാണ്. അഞ്ചുവീതം സഹോദരിമാര്‍ക്ക്. അഞ്ച് മാമനും എളാമക്കും. നാലുപേര്‍ക്കാണ് കളിപ്പാട്ടങ്ങള്‍ വീതിച്ചു കൊടുക്കേണ്ടത്, കുഞ്ഞനുജത്തിക്കും കൂട്ടുകാര്‍ക്കും. ഉടുപ്പുകള്‍ എളാമയുടെ മക്കള്‍ക്കാണ്. ചെരിപ്പുകള്‍ കഴുകി വൃത്തിയാക്കി വെക്കണം; പാവപ്പെട്ടവര്‍ക്കു കൊടുക്കാന്‍.' കുഞ്ഞു വിരല്തുമ്പുകൊണ്ടെഴുതിയ കുഞ്ഞു കുറിപ്പ്. ഹയ എന്ന പെണ്കുട്ടിയുടേതാണീ വാക്കുകള്‍. ഹയയെ അറിയില്ലേ, കുരുന്നുബാല്യങ്ങളെ മുളയിലേ കരിച്ചുകളയുന്ന അധിനിവേശ തെമ്മാടികള്‍ക്കിടയില്‍ നാളെയുടെ പുലരി കാണുമോയെന്നറിയാതെ സ്വപ്നങ്ങള്‍ വസ്വിയ്യത്താക്കി ലോകത്തിനു വേദനയായി മാറിയ ഫലസ്തീന് ബാല്യം. കുഞ്ഞുടുപ്പും കുഞ്ഞുചെരിപ്പും ചില്ലറ നാണയത്തുട്ടുകളുമല്ലാതെ വലിയ സ്വപ്നങ്ങളോടെ വളരാന്‍ ഭാഗ്യമില്ലാതെ പോയ അനേകം ഫലസ്തീനി ബാല്യങ്ങളിലൊന്ന്. ദിനംപ്രതി മണ്ണോടുചേരുന്ന കുഞ്ഞുമക്കളാണ് ഫലസ്തീനിന്റെ വലിയ വേദന.
കുഞ്ഞു മക്കള്‍ കൗതുകമാണ് എന്നും. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഒരുപാട് പ്രതീക്ഷകളുണ്ടാവും അവരെക്കുറിച്ച്. ആഗ്രഹങ്ങളും സ്വപ്നങ്ങളും അവരിലൂടെ സാക്ഷാത്കരിക്കപ്പെടുമ്പോള്‍, വിജയങ്ങളും അംഗീകാരങ്ങളും നേടിയെടുക്കുമ്പോള്‍ അനുഭവിക്കുന്ന നിര്‍വൃതി ഓരോ രക്ഷിതാവിനും മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതാണ്.
പക്ഷേ, പ്രതീക്ഷയോടെ വളര്‍ത്തുന്ന മക്കള്‍ വഴിവിട്ടും കൈവിട്ടും പോകുന്ന സാമൂഹിക അന്തരീക്ഷമാണ് നമുക്ക് ചുറ്റുമുള്ളത്. ജീവിതലക്ഷ്യം മറന്ന് ലഹരിക്കടിപ്പെടുന്ന കൂട്ടം ഏറി വരികയാണ്. ശരീരവും മസ്തിഷ്കവും മരവിക്കുന്ന ബാല്യ കൗമാരങ്ങള്‍. ലഹരിമാഫിയകളാണ് മക്കളെ റാഞ്ചാന്‍ ചുറ്റിലുമുള്ളത്. അറിയാതെ പെട്ടുപോകുന്ന കുറ്റകൃത്യത്തിന്റെ പേരില്‍ കുട്ടികളെ ആട്ടിയകറ്റുകയല്ല വേണ്ടത്. അവരെ ചേര്‍ത്തു നിര്‍ത്തണം. അവര്‍ക്കായി തണലും അഭയവുമൊരുക്കണം. എങ്കിൽ നാളെയുടെ പ്രതീക്ഷകൾ നിറവേറ്റുന്നവരായി അവര്‍ വളരും. അത്തരം മാതൃകകളുണ്ട്. അവരെ കൈപിടിക്കുന്നവരുണ്ട്. ആരെങ്കിലും ഒന്നുവിരല് തന്നാല്‍ ജീവിതം വീണ്ടെടുക്കാനാവുമെന്ന് തെളിയിച്ചവരുമുണ്ട്. ഇവരെയെല്ലാം പരിചയപ്പെടുത്തുകയാണിക്കുറി ആരാമം.