വനിതാ സംവരണം ഇനിയുമകലെ
മജീദ് കുട്ടമ്പൂര്‍
നവംബര്‍ 2023
പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ ബില്ലിനെക്കുറിച്ച്
സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള്‍ പിന്നിട്ട നമ്മുടെ രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മാണ സഭയായ ലോക് സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് വനിതാ സംവരണം ഉറപ്പാക്കുന്ന ബില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തില്‍ തന്നെ പാസാക്കിയിരിക്കുന്നു. പ്രത്യേക സമ്മേളനം വിളിച്ച്, ഏറെക്കാലം ശീതീകരണിയിലായിരുന്ന ബില്‍ പെട്ടെന്ന് പൊടി തട്ടിയെടുത്ത് ആദ്യം ലോക് സഭയിലും പിറ്റേന്ന് രാജ്യസഭയിലും അവതരിപ്പിച്ച് പാസാക്കുകയായിരുന്നു ബി.ജെ.പി സര്‍ക്കാര്‍. വനിതാ സംവരണ ബില്ലിനെക്കുറിച്ച് ആശങ്കകളുള്ള പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും പ്രതിഷേധിക്കാനോ പ്രതികരിക്കാനോ അവസരം നല്‍കാതെ വളരെ തിടുക്കത്തിലും മുന്നറിയിപ്പില്ലാതെയും ബില്‍ അവതരിപ്പിക്കുകയാണുണ്ടായത്. 'നാരി ശക്തി വന്ദന്‍ അധീനിയം' എന്ന് പേരിട്ട 128-ാം ഭരണഘടനാ ഭേദഗതി ബില്‍ രണ്ടിനെതിരെ 454 അംഗങ്ങളുടെ പിന്തുണയോടെയാണ് ലോക് സഭ പാസാക്കിയത്. രാജ്യസഭയിലാകട്ടെ ആരും എതിര്‍ക്കാനുമുണ്ടായിരുന്നില്ല.
ആഗോള തലത്തില്‍ നിയമനിര്‍മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം 25.8 ശതമാനമായി ഉയര്‍ന്നുനില്‍ക്കുമ്പോള്‍ ഇന്ത്യയിലിത് 14.4 ശതമാനമാണ്. ലോക റാങ്കിംഗില്‍ സ്ത്രീ പ്രാതിനിധ്യത്തില്‍ നാം 148-ാം സ്ഥാനത്താണ്. 543 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 78 വനിതകളാണിപ്പോഴുള്ളത്. കഴിഞ്ഞ 7 പതിറ്റാണ്ടായി ലോകവ്യാപകമായി, പ്രത്യേകിച്ച് പാശ്ചാത്യ രാഷ്ട്രീയ- സാമൂഹികഘടനയില്‍ പുരുഷാധിപത്യത്തിനെതിരെ ഉയര്‍ന്നുവന്ന രാഷ്ട്രീയ മുന്നേറ്റങ്ങള്‍ വലിയ പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ 35 ശതമാനവും അമേരിക്കയില്‍ 29 ശതമാനവും സ്ത്രീ പങ്കാളിത്തമുണ്ട് ഇപ്പോള്‍. അര്‍ജന്റീന, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങി 40-ലധികം രാജ്യങ്ങളില്‍ വനിതകള്‍ക്ക് മതിയായ വനിതാ സംവരണവുമുണ്ട്. ഇന്ത്യയില്‍ പതിറ്റാണ്ടുകളായി സ്ത്രീ പങ്കാളിത്തത്തിനും രാഷ്ട്രീയാധികാരത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ നടക്കുന്നുണ്ടെങ്കിലും യാഥാസ്ഥിതികവും പുരുഷ കേന്ദ്രീകൃതവുമായ സാമൂഹികസാഹചര്യങ്ങളാല്‍ അത് പിന്നോട്ട് വലിക്കപ്പെടുകയായിരുന പലപ്പോഴും.
നമ്മുടെ രാജ്യത്തെ മിക്കവാറും വാര്‍ഡ് തലം മുതല്‍ പാര്‍ലമെന്റ് തലം വരെയുള്ള വോട്ടര്‍ പട്ടിക പരിശോധിച്ചാല്‍ ആണുങ്ങളെക്കാള്‍ കൂടുതലായിരിക്കും വനിതാ വോട്ടര്‍മാര്‍. സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യകാര്യത്തില്‍ എല്ലാ പാര്‍ട്ടികളും നടപ്പാക്കി വരുന്ന പുരുഷ പക്ഷപാതിത്വവും അധികാര പ്രമാണിത്തവും ഓരോ തെരഞ്ഞെടുപ്പ് വേളകളിലും നാം കാണാറുള്ളതാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ പാരമ്പര്യമായി ആണ്‍കോയ്മയുടെ മൂല്യങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുന്ന സ്ത്രീ നേതാക്കളും ഭരണകര്‍ത്താക്കളും കുറെയൊക്കെ ഉണ്ടായിട്ടുണ്ട് എന്നത് നിഷേധിക്കുന്നില്ല.
പരസ്യമായി വനിതാ സംവരണത്തെ അനുകൂലിക്കുന്ന പാര്‍ട്ടികളിലെ പല നേതാക്കളും ഉള്ളുകൊണ്ട് അതിനോട് യോജിക്കാത്തവരാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അധികാരങ്ങള്‍ക്കുമപ്പുറം സ്ത്രീകള്‍ ഉയരേണ്ടതില്ല എന്ന തിട്ടൂരമാണ് പലര്‍ക്കും. പതിറ്റാണ്ടുകളായി തുടരുന്ന തങ്ങളുടെ അധികാര കുത്തകക്ക് കോട്ടം തട്ടുമെന്ന പുരുഷ മേധാവിത്വത്തിന്റെ ഭീതിയും അങ്കലാപ്പുമാണ് നീതി നിഷേധത്തിന്റെ പ്രധാന കാരണം. 33 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കുന്ന ബില്‍ കോള്‍ഡ് സ്റ്റോറേജില്‍ കിടന്നതിന്റെ കാരണവും മറ്റൊന്നല്ല.
നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റ് നിയമപരമായി സംവരണം ചെയ്യണമെന്ന സ്ത്രീ സംഘടനകളുടെയും നേതാക്കളുടെയും ദീര്‍ഘകാലമായുള്ള ആവശ്യത്തെ തുടര്‍ന്ന് 1996-ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികകളില്‍ വനിതാ സംവരണം ഇടംപിടിച്ചിരുന്നു. ഐക്യമുന്നണി സര്‍ക്കാറിന്റെ (UPA) പൊതു മിനിമം പരിപാടിയിലും അതുള്‍പ്പെട്ടിരുന്നു. 1996 സെപ്റ്റംബര്‍ 12-ന് പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച് ഒരു സ്വകാര്യ ബില്‍ അവതരിപ്പിച്ചത് ദേവഗൗഡ നേതൃത്വം നല്‍കിയ ഐക്യമുന്നണി സര്‍ക്കാറാണ്. ഈ ബില്‍ ഗീതാ മുഖര്‍ജി അധ്യക്ഷയായുള്ള സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുകയാണുണ്ടായത്. 1996 ഡിസംബര്‍ 9-ന് അവരുടെ റിപ്പോര്‍ട്ട് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളാണ് പിന്നീട് വന്ന എല്ലാ ബില്ലുകളുടെയും അടിത്തറ. 1998-ല്‍ വാജ്പേയി സര്‍ക്കാര്‍ 84-ാം ഭേദഗതിയായി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായതിനെത്തുടര്‍ന്ന് അത് പാസാക്കാനായില്ല. 1999 നവംബറില്‍ ബില്ലിന്മേല്‍ സമവായത്തിന് ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. 2002-ലും 2003-ലും എന്‍.ഡി.എ സര്‍ക്കാര്‍ ബില്ലവതരിപ്പിച്ചെങ്കിലും ഗുണമൊന്നുമുണ്ടായില്ല. 2004-ല്‍ യു.പി.എ സര്‍ക്കാര്‍ വീണ്ടും പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തുകയും ബില്‍ യാഥാര്‍ഥ്യമാക്കുമെന്ന് കൊട്ടിഘോഷിക്കുകയും ചെയ്തെങ്കിലും അതും യാഥാര്‍ഥ്യമായില്ല.
2008 മെയ് 6-ന് ബില്‍ വീണ്ടും രാജ്യസഭയില്‍ അവതരിപ്പിച്ച് നിയമ നീതിന്യായ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. 2009-ല്‍ ഇവരുടെ റിപ്പോര്‍ട്ട് ഇരു സഭകളിലും വെച്ചു. 2010 മാര്‍ച്ച് 8-ന് യു.പി.എ സര്‍ക്കാര്‍ രാജ്യസഭയില്‍ ബില്ലവതരിപ്പിക്കുകയും 9-ാം തീയതി അത് പാസാക്കുകയും ചെയ്തത് ഏറെ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ്. സര്‍ക്കാറിനെ പിന്തുണക്കുന്ന എസ്.പി, ആര്‍.ജെ.ഡി കക്ഷികള്‍ ബില്‍ കീറിയെറിയുകയും കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടും രാജ്യസഭയില്‍ ബില്‍ പാസാക്കുവാനുള്ള ഇഛാശക്തി കാണിച്ചു- യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. അക്കാലത്ത് ബില്ലിനെ എതിര്‍ത്ത യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ചില ബി.ജെ.പി നേതാക്കള്‍ മോദി ആധിപത്യകാലത്ത് വനിതാ ബില്ലിനെ പുറമേക്ക് സ്വാഗതം ചെയ്യുന്നതായി കാണാം. എന്നിരുന്നാലും 2010-ല്‍ കോണ്‍ഗ്രസ്, ബി.ജെ.പി കക്ഷികള്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യസഭയില്‍ ബില്‍ പാസാക്കിയത് ഒരു ചരിത്ര സംഭവം തന്നെയായിരുന്നു. സോണിയാ ഗാന്ധിയും സുഷമ സ്വരാജും വൃന്ദാ കാരാട്ടുമൊക്കെ ഒത്തുപിടിച്ച് ശ്രമിച്ച് രാജ്യസഭയില്‍ ബില്‍ പാസാക്കിയെങ്കിലും എതിര്‍പ്പും അഭിപ്രായ ഭിന്നതകളും മൂലം ലോക് സഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ പോലും കഴിഞ്ഞില്ല.
പ്രതിസന്ധികളിലും അഭിപ്രായ ഭിന്നതകളിലും കുടുങ്ങി, 1996-ല്‍ വനിതാ ബില്‍ കൊണ്ടുവന്നതു മുതല്‍ 27 വര്‍ഷക്കാലം അതെങ്ങുമെത്താതെ പോയി. രാഷ്ട്രീയ പാര്‍ട്ടിക്കാരും വനിതാ നേതാക്കളും തന്നെ വനിതാ സംവരണത്തെക്കുറിച്ച് മറന്നുപോയ കാലത്താണ്, തങ്ങളുടെ പ്രകടന പത്രികയിലുണ്ടായിരുന്നിട്ടും അധികാരത്തിലേറി ഒമ്പതര വര്‍ഷക്കാലം ബില്ലിനെക്കുറിച്ച് യാതൊന്നും മിണ്ടാതിരുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ, പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രത്യേക സമ്മേളനം വിളിച്ച്, അതിന്റെ ഒന്നാമത്തെ കാര്യപരിപാടിയായി വനിതാ സംവരണ ബില്‍ അവതരിപ്പിച്ച് പാസാക്കുന്നത്. ഏതാനും സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും അടുത്തെത്തിയ സന്ദര്‍ഭത്തില്‍ ഈ ബില്‍ കൊണ്ടുവരാന്‍ ബി.ജെ.പി ഗവണ്‍മെന്റ് മുന്നോട്ട് വന്നതുതന്നെ അവരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നതാണ്. എങ്കില്‍ തന്നെയും വനിതാ സംവരണം നടപ്പിലാക്കണമെന്നായിരുന്നു ഉദ്ദേശ്യമെങ്കില്‍ അതുടനെ നടപ്പാക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കുമായിരുന്നു. നയരൂപീകരണത്തില്‍ വനിതകള്‍ക്ക് മികച്ച പങ്കാളിത്തം ഉറപ്പാക്കി, സ്ത്രീ ശാക്തീകരണവും ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള അവകാശവാദത്തോടെയും, അതിന് ദൈവം തന്നെ തെരഞ്ഞെടുത്തതാണെന്നും ബില്ലവതരണ വേളയില്‍ മോദി അവകാശപ്പെട്ടിരുന്നെങ്കിലും, വനിതാ ബില്‍ പ്രയോഗത്തില്‍ വരാതിരിക്കാനുള്ള വ്യവസ്ഥകളും അദ്ദേഹം അതില്‍ തിരുകിക്കയറ്റി എന്നും പറയുന്നതാവും ശരി.
2010-ല്‍ യു.പി.എ ഭരണകാലത്ത് അവതരിപ്പിച്ച ബില്‍ ഉപാധികളില്ലാതെ പെട്ടെന്ന് നടപ്പാക്കാനുള്ള വ്യവസ്ഥകള്‍ അടങ്ങിയതായിരുന്നുവെങ്കില്‍ പുതിയ ബില്‍ സെന്‍സസും മണ്ഡല പുനര്‍നിര്‍ണയവും പൂര്‍ത്തിയാക്കിയതിന് ശേഷമേ നടപ്പാക്കൂ എന്ന വ്യവസ്ഥ ഏറെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതും അനിശ്ചിതമായി സംവരണം നീട്ടിക്കൊണ്ടുപോകാന്‍ പഴുതുകളുള്ളതുമാണ്.
ചുരുങ്ങിയത് ആറ് വര്‍ഷമെങ്കിലും എടുത്താലേ സെന്‍സസും മണ്ഡല പുനര്‍നിര്‍ണയവും പൂര്‍ത്തീകരിക്കാനാവൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
1961-ലും 1971-ലും നടത്തിയ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ലോക് സഭാ മണ്ഡലങ്ങള്‍ പുനഃക്രമീകരിച്ചാണ് ഇപ്പോഴുള്ള 543 സീറ്റ് എന്ന കണക്കിലെത്തിയത്. 1976-ല്‍ പാസാക്കിയ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ലോക് സഭാ മണ്ഡലങ്ങളുടെ പുനഃക്രമീകരണം 2001-ലെ സെന്‍സസ് വരെ മരവിപ്പിച്ചിരുന്നു. വീണ്ടും ഇത് 25 വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ 2001-ല്‍ വാജ്പേയ് സര്‍ക്കാറിന്റെ കാലത്ത് ഭരണഘടനാ ഭേദഗതി പാസാക്കി. 2011-ന് ശേഷം രാജ്യത്ത് സെന്‍സസ് നടന്നിട്ടില്ല. സെന്‍സസ് എത്രയും പെട്ടെന്ന് നടത്തണമെന്നും അത് ജാതി സെന്‍സസ് ആക്കി നടത്തണമെന്നും പ്രതിപക്ഷവും സംഘടനകളും ആവശ്യപ്പെടുന്നുണ്ടെങ്കിലും സവര്‍ണ താല്‍പര്യങ്ങളുള്ള ബി.ജെ.പി ഗവണ്‍മെന്റ് അതിന് തയാറല്ല. രാജ്യത്ത് ഉയര്‍ന്നുവന്ന ജാതി സെന്‍സസ് എന്ന ആവശ്യത്തെ വനിതാ സംവരണ ബില്ലിലൂടെ മറികടക്കാനാണ് മോദി സര്‍ക്കാറിന്റെ ഉദ്ദേശ്യമെന്ന് കരുതുന്നവരുണ്ട്. 2025-ല്‍ സെന്‍സസ് നടപടികളിലേക്ക് കടന്നാലും പിന്നീട് മണ്ഡല പുനര്‍നിര്‍ണയവും കൂടി പൂര്‍ത്തീകരിക്കാന്‍ 2031 വരെയെങ്കിലും വനിതാ ബില്‍ പ്രാവര്‍ത്തികമാക്കാന്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈ വ്യവസ്ഥകളൊന്നും ഇല്ലായിരുന്നുവെങ്കില്‍ ബില്‍ നിയമമായശേഷം ലോക് സഭയിലേക്കും നിയമസഭയിലേക്കും നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്ക് ലഭിക്കുമായിരുന്നു. 'പൊളിയുന്ന ബാങ്കിലേക്ക് ഭാവിയിലെ തീയതിയിട്ട് നല്‍കിയ ചെക്കാണ്' ഈ ബില്‍ എന്നാണ് കോണ്‍ഗ്രസ് ഈ ബില്ലിനെ വിശേഷിപ്പിച്ചത്. സ്ത്രീ ശാക്തീകരണമെന്ന താല്‍പര്യം കൊണ്ടല്ല, പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭീതി പരന്നതിനാലാണ്, തെരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീ വോട്ടര്‍മാരെ സ്വാധീനിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ബില്‍ കൊണ്ടുവന്നത് എന്നാണ് അതിന്റെ 'നാടകീയത'യില്‍ തെളിഞ്ഞു കാണുന്നത്.
വനിതാ സംവരണ ബില്ലിലെ ഏറ്റവും വലിയ ചതിക്കുഴിയാണ് പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കും സംവരണത്തിന് വ്യവസ്ഥ ചെയ്തില്ല എന്നത്. ഏറ്റവും അധഃസ്ഥിതരായ മുസ്‌ലിംകളിലെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിലെയും സ്ത്രീകള്‍ക്ക് സംവരണം അത്യാവശ്യമാണെന്നിരിക്കെ, അതില്ലാത്തതാണ് ഈ ബില്ലിന്റെ ഏറ്റവും വലിയ പോരായ്മ.
പിന്നാക്ക-ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട സ്ത്രീകളുടെ ഉന്നമനം പരിഗണിക്കാതിരിക്കുന്നതിലൂടെ വനിതാ സംവരണത്തിന്റെ ഉദ്ദിഷ്ട ലക്ഷ്യം തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും.
l