ആറ് പതിറ്റാണ്ടിലേക്ക് വികസിച്ച തന്റെ കലാജീവിതം അവസാനിപ്പിച്ച് വിശ്രമത്തിലേക്ക് കടന്ന റംലാ ബീഗത്തെ ഓർക്കുന്നു
'അല്ലാഹു എനിക്ക് കനിഞ്ഞു നല്കിയ ദാനമാണ് എന്റെ ശബ്ദം. വാര്‍ധക്യത്തിന്റെ വിവശതയിലും അതെന്നെ ഉപേക്ഷിച്ചു പോയിട്ടില്ല. ശരീരം തളര്‍ന്നിട്ടും വിട്ടുപിരിയാത്ത ആത്മാവ് പോലെ അതെന്റെ ഉള്ളില്‍ ഇപ്പോഴും ചിറകടിക്കുന്നു. ഈ ഭൗതിക ലോകത്തിന്റെ അനന്തവിഹായസ്സില്‍ എനിക്ക് ബാക്കി നില്‍ക്കുന്നത് എന്റെ ശബ്ദത്തിലൂടെ കേള്‍പ്പിച്ച നല്ല കഥകളും പാട്ടുകളും മാത്രമാണ്. തിന്മകള് നിറയുന്ന ഈ ലോകത്ത് നന്മയുടെ ഒരു പൂ വിരിയിക്കാന്‍ എനിക്കായല്ലോ, അതുമതി'- ആറ് പതിറ്റാണ്ടിലേക്ക് വികസിച്ച തന്റെ കലാജീവിതം അവസാനിപ്പിച്ച് വിശ്രമത്തിലേക്ക് കടന്ന റംലാ ബീഗം തന്റെ കഥാപ്രസംഗാനുഭവങ്ങളെ ഇങ്ങനെയാണ് സംക്ഷേപിച്ചത്.
താന്‍ ആവിഷ്കരിച്ച കഥാപ്രസംഗങ്ങളെ കുറിച്ചും ഇശല്‍ വഴികളെ കുറിച്ചും നിറഞ്ഞ സംതൃപ്തിയും തുളുമ്പുന്ന ആത്മസായൂജ്യവും ആ വരികളിലുണ്ട്. ഈ ആത്മബോധം സത്യമാണ്. ഇതറിയാന്‍ സാംസ്കാരികമായി നാം അര നൂറ്റാണ്ടിനപ്പുറത്തേക്ക് സഞ്ചരിക്കണം. അന്നത്തെ സാമൂഹിക, മത, കാലാവസ്ഥ, ജീവിത വീക്ഷണങ്ങള്‍, ഭാവുകത്വം ഇതൊക്കെ മുന്‍നിര്‍ത്തി വേണം ഇവരുടെ കലാജീവിതത്തെ വിന്യസിക്കാന്‍. അത് അളക്കാന്‍ ഇന്നത്തെ സാംസ്കാരിക ഉപകരണങ്ങളല്ല വേണ്ടത്.
ഹാര്‍മോണിയത്തിന്റെയും തബലയുടെയും താളലയ സാന്ദ്രിമക്കകത്തുനിന്ന് തട്ടമിട്ട ഒരു മുസ്ലിം പെണ്‍കുട്ടി പാട്ടുപാടി കഥ പറയുക. അതില്‍ ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസ് വാക്യങ്ങളും ലോഭമില്ലാതെ ഉദ്ധരിക്കുക. അതും പ്രവാചക കഥകള്‍. ഇതൊന്നും ദഹിക്കുന്ന സമൂഹമല്ല അന്നത്തേത്. പുരോഹിത കാര്‍ക്കശ്യങ്ങള്‍ അത്രയേറെ സമൂഹത്തില്‍ പിടിമുറുക്കിയ കാലമാണത്. അവിടെയാണ് ഇരമ്പുന്ന ആത്മവിശ്വാസത്തോടെ റംലാ ബീഗം എന്ന പാട്ടുകാരി ശ്രോതാക്കളെ വര്‍ഷങ്ങളോളം കോരിത്തരിപ്പിച്ചതും അവരെ തന്റെ ആസ്വാദക വൃന്ദമാക്കി മാറ്റിയതും. അതിനുള്ള ശേഷി സുഗന്ധദ്രവ്യ വ്യാപാരിയായിരുന്ന യൂസുഫ് യമാനിയുടെ ഈ കൊച്ചുമകള്ക്കുണ്ടായിരുന്നു.
ആലപ്പുഴ സകരിയാ ബസാറില്‍ താമസിച്ചിരുന്ന യൂസുഫ് യമാനി ഒരു ദഖ്നി കുടുംബത്തില്‍ നിന്നും ജമീലാ ബീഗം എന്ന പെണ്‍കുട്ടിയെ മംഗലം ചെയ്തു ബീവിയാക്കുന്നു. ഇതിലെ ഒരു മകന് ഹുസൈന് യൂസുഫ് യമാനി. അത്തറും സുറുമയും ചന്ദനത്തിരികളും കച്ചവടം ചെയ്യാന്‍ കമ്പോളം തേടി ഇയാള്‍ സ്ഥിരമായി മലബാറില്‍ വന്നുപോയിത്തുടങ്ങി. കോഴിക്കോട് നഗരം ഇവരുടെ സ്ഥിരം വ്യാപാര കേന്ദ്രമായിരുന്നു. ദീര്‍ഘകാലം കോഴിക്കോട് തങ്ങിയ ഹുസൈന് യൂസുഫ് ഫറൂഖ് പേട്ടയിലെ കുരിക്കള്‍ കുഞ്ഞലവിയുടെ മകള്‍ മറിയം ബീവിയെ വിവാഹം ചെയ്തു. മറിയത്തെയും കൂട്ടി ഹുസൈന് യൂസുഫ് സ്വദേശമായ ആലപ്പുഴയില്‍ തന്നെ താമസമാക്കി. ഇവര്‍ക്ക് ജനിച്ചത് പത്ത് മക്കള്‍. അതില്‍ ഏറ്റവും ഇളയ മകളാണ് പില്ക്കാലത്ത് മലബാറിലെ കലാസ്വാദക സദസ്സുകളെ ഹര്ഷബാഷ്പമണിയിച്ച കലാകാരി റംലാ ബീഗം. കുഞ്ഞു റംല ജനിച്ചത് 1946 നവംബര്‍ 31ന്.
ദഖ്നി കുടുംബമായതുകൊണ്ട് ഇവരുടെ വീട്ടുഭാഷ ഉര്‍ദുവായിരുന്നു. ഖുര്‍ആനും മറ്റു വിശ്വാസ പാഠങ്ങളും നാലാം വയസ്സില്‍ തന്നെ റംല പഠിച്ചുതുടങ്ങി. കുഞ്ഞു റംലയുടെ ഭാവനയിലേക്കും കിനാവുകളിലേക്കും ബൈത്തിന്റെ ഇശലുകള്‍ പതിയെ പെയ്തിറങ്ങിത്തുടങ്ങി. റംലയുടെ പിതൃസഹോദരിയായ സല്‍മാ ബീവിയാണ് ഇവരെ മുഹിയുദ്ദീന് മാലയുടെ ആലാപന വഴിയിലേക്ക് കൊണ്ടുപോയത്. ബദര്‍ മാലയും മറ്റു മൗലിദ് പാട്ടുകളും ഇവര്‍ ചൊല്ലിക്കൊടുക്കും. ഉര്‍ദു ഭാഷയിലുള്ള താലീനാമ എന്ന ബൈത്തും ഇവര്‍ കുട്ടിക്കാലത്ത് തന്നെ ഹൃദിസ്ഥമാക്കി. ഇമ്പമൂറുന്ന ഒരു കണ്ഠനാദമായിരുന്നു ഈ കുഞ്ഞിന്റേത്. ഇത് വീട്ടുകാര്‍ തിരിച്ചറിഞ്ഞു.
അഞ്ചാമത്തെ വയസ്സില്‍ റംലയെ ആലപ്പുഴയിലെ വൈ.എം.എം.എ സ്കൂളില്‍ ചേര്‍ത്തു. വീട്ടില്‍നിന്ന് കിട്ടിയ ആലാപന സിദ്ധികൊണ്ട് സ്കൂളില്‍ അവര്‍ ഗായികയായി. അധ്യാപകരും സഹപാഠികളും അവരെ ആസ്ഥാന പാട്ടുകാരിയായി ഏറ്റെടുത്തു. സ്കൂളിലെ പ്രാര്‍ഥനാ ചുമതല ഈ കുട്ടിയുടേതായി. റംലയുടെ കുടുംബത്തില്‍ ഗായകരുണ്ടായിരുന്നു. ഇതില്‍ തബല വിദ്വാന് കൂടിയായ സത്താര്‍ ഖാന് അന്ന് ആലപ്പുഴയില്‍ ഒരു പാട്ടുസംഘം തന്നെയുണ്ടായിരുന്നു ; ആസാദ് മ്യൂസിക് ക്ലബ്. എട്ടാം വയസ്സില്‍ തന്നെ റംല ആസാദ് ക്ലബ്ബില്‍ ബാലഗായികയായി. എട്ടാം തരത്തില്‍ എത്തിയതോടെ പാട്ടും പഠിപ്പും ഒന്നിച്ചു കൊണ്ടുപോകാനാവാതെ റംല വശം കെട്ടു.
ഗാനമേളകളില്‍ സജീവമാവുകയും സ്കൂള്‍ പഠിപ്പ് അവസാനിപ്പിക്കുകയും ചെയ്തത് ഏറെ സങ്കടത്തോടെ അവര്‍ പില്ക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ തിരക്കുള്ള പാട്ടുകാരിയായി അവര്‍ ശ്രുതിപ്പെട്ടു. അതോടെ നിരന്തരം പാട്ട് യാത്രകള്‍. 'റംല പാടുന്നു' എന്ന സചിത്ര നോട്ടീസുകള്‍ ആലപ്പുഴ പരിസരങ്ങളിലൊക്കെയും സാധാരണമായി. നാലാളുകള്‍ അറിയുന്ന കലാകാരിയായി അവര്‍ മാറിക്കഴിഞ്ഞു.
ഓര്ക്കാപ്പുറത്താണല്ലോ അശനിപാതം വന്നിറങ്ങുക. റംലാ ബീഗം വിവാഹിതയായി. അന്നവര്‍ക്ക് വയസ്സ് പതിനഞ്ച് മാത്രം. വരന് കച്ചവടക്കാരനായ മുഹമ്മദ് യൂസുഫ്. അയാള്‍ക്ക് വ്യാപാര താല്പര്യങ്ങളല്ലാതെ കലാ കൗതുകങ്ങള്‍ ഒട്ടുമേയുണ്ടായിരുന്നില്ല. സ്വാഭാവികമായും റംലാ ബീഗം ഗൃഹസ്ഥയായൊതുങ്ങി. ആറ്റുജലത്തില് നീന്തിക്കളിക്കുന്ന ഒരു മത്സ്യത്തെ കരയിലിട്ടത് പോലെയാണ് അന്നത്തെ ജീവിതമെന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. വളരെ താമസിയാതെ ഉമ്മയായപ്പോള്‍ മാത്രമാണ് അവര്‍ ആ വിവശതയില്‍ നിന്നും ഏറെക്കുറെയെങ്കിലും മോചിതയായത്. പക്ഷേ, വളരെ ഹ്രസ്വമായിരുന്നു ആ ദാമ്പത്യം. വെറും നാലു വര്‍ഷം. ഇതില്‍ ഒരു മകള്‍. റംലാ ബീഗം തന്റെ പത്തൊമ്പതാമത്തെ വയസ്സില്‍ വിധവയായി. ജീവിതസഞ്ചാരത്തിന് ഒരു മിന്നാമിനുങ്ങു വെട്ടം പോലും കാണാനില്ല. വീട് പുലരണം, കുഞ്ഞിനെ പോറ്റണം. പാട്ടുവഴിയിലേക്ക് തന്നെ തിരിച്ചുപോവുക.
സ്വന്തം ഉമ്മ നല്കിയ പിന്തുണ ഇവര്‍ നന്ദിപൂര്‍വം ഓര്‍ത്തെടുക്കാറുണ്ട്. കുഞ്ഞിനെ ഉമ്മയെ ഏല്‍പ്പിച്ച് ഗാനമേള ട്രൂപ്പുകളിലേക്ക് റംല വീണ്ടും പാട്ടുപാടാന്‍ പോയി. ക്രമേണ സംഘത്തിലെ പ്രധാന പാട്ടുകാരിയായി. അപ്പോഴാണ് ട്രൂപ്പിലെ തബലിസ്റ്റ് സലാം മാഷിന്റെ ഉത്സാഹത്തില്‍ ഒരു കഥാപ്രസംഗ സംഘമാക്കി ഗാനമേളാ സംവിധാനത്തെ പരിവര്‍ത്തിപ്പിക്കണം എന്നൊരു ആശയം വന്നത്. വി സാംബശിവന്, കൊല്ലം ബാബു, കെടാമംഗലം സദാനന്ദന് തുടങ്ങിയവരൊക്കെ സാംസ്കാരിക സദസ്സുകളില്‍ കഥാപ്രസംഗം പറഞ്ഞ് ജീവിതം നയിക്കുന്നതും, ഒപ്പം സാംസ്കാരിക താരങ്ങളാകുന്നതും റംലയും അറിയുന്നുണ്ട്. ആലപ്പുഴയില്‍ തന്നെയുള്ള ഐഷാ ബീഗവും അബ്ദുല്‍ അസീസും ഇസ്ലാമിക കഥകള്‍ പറഞ്ഞ് മുസ്ലിം ജനസാമാന്യത്തെ ത്രസിപ്പിക്കുന്നതും ഇവര്‍ കാണുന്നുണ്ട്.
പതിയേ റംലയും കാഥികയായി. ആദ്യമായി തയ്യാറാക്കിയ കഥ എഴുതിയത് ആലപ്പി അഷ്റഫ്. അത് വിജയിച്ചു. പിന്നീട് തുടരെ കഥകള്‍ കിട്ടിത്തുടങ്ങി. ബദറുല്‍ മുനീര്‍, കര്‍ബല തുടങ്ങിയ നിരവധി കഥകള്‍ ഇവര്‍ കഥാപ്രസംഗ രൂപത്തില്‍ മനപ്പാഠമാക്കി വേദികളില്‍ അവതരിപ്പിച്ചു. കഥാപ്രസംഗ പ്രവര്‍ത്തനം വളരേ സങ്കീണമാണ്. കഥയാകെ മനഃപാഠമാക്കണം; ഒപ്പം പാട്ടും. ഇതില്‍ വള്ളിപുള്ളി തെറ്റാന്‍ പാടില്ല. തെറ്റിയാലും തപ്പിത്തടഞ്ഞാലും സദസ്സ് കൂവും; രംഗം വിട്ടു പോകേണ്ടിവരും. ഉപജീവനം മുടങ്ങും. ആലപ്പുഴയിലെ താഴം പള്ളിയിലെ ഒരു ഉറൂസിനോടനുബന്ധിച്ചായിരുന്നു റംലാ ബീഗത്തിന്റെ അരേങ്ങറ്റം- 1966ല്‍. കഥ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ വിഖ്യാത പ്രണയ കാവ്യമായ ഹുസ്നുല്‍ ജമാലും ബദ്റുല്‍ മുനീറും. മാസങ്ങളോളം കുത്തിയിരുന്ന് പഠിച്ച് കഥാപ്രസംഗം അവതരിപ്പിക്കാന്‍ പോയ അനുഭവങ്ങള്‍ അവര്‍ അനുസ്മരിച്ചിട്ടുണ്ട്.
കഥാപ്രസംഗത്തിനും ഒരു സ്ഥിരം ട്രൂപ്പ് വേണം- കൂടെ പാടുന്നവര്‍, സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ തുടങ്ങി വാഹന ഡ്രൈവര്‍ വരെ ഒരേ ലയത്തില്‍ വേദിയിലും പുറത്തും ഏകോപിക്കുമ്പോള്‍ മാത്രമേ ആവിഷ്കാരം വിജയിക്കുകയുള്ളൂ. ഇതൊക്കെയും റംലാ ബീഗം എന്ന ഒരാളില്‍ കേന്ദ്രീകരിക്കപ്പെട്ടു. ഇത് അവര്‍ക്ക് നല്കിയ സമ്മര്‍ദ്ദം ചെറുതായിരുന്നില്ല. അസാധ്യം എന്ന് തോന്നിത്തുടങ്ങിയ ആ ഘട്ടത്തിലാണ് റംലാ ബീഗത്തിന്റെ ജീവിതത്തിലേക്ക് താങ്ങായി അവരുടെ ട്രൂപ്പിലെ പ്രധാന ചുമതലക്കാരനും തബലിസ്റ്റുമായിരുന്ന റസാഖ് മാസ്റ്റര്‍ കടന്നുവരുന്നത്. ഹൃദ്യമായ ഒരു ദാമ്പത്യം തന്നെയായിരുന്നു അവരുടെ ജീവിതം. പിന്നീട് എത്രയെത്ര വേദികള്‍, എത്രയെത്ര കഥാ വൈവിധ്യങ്ങള്‍! കേരളമൊട്ടാകെ ഇവര്‍ കഥാപ്രസംഗവുമായി നെടുകെയും കുറുകെയും സഞ്ചരിച്ചു. ഇവര്‍ പാടി പറയുന്നിടത്തൊക്കെ പതിനായിരങ്ങള്‍ തടിച്ചുകൂടി. തട്ടമിട്ടൊരു മുസ്ലിം യുവതി സദസ്സിനെ നോക്കി വേദിയില്‍ നിന്നും മനോഹരമായ പാട്ടുപാടി കഥ പറയുന്നു. നുറുങ്ങ് നുറുങ്ങ് ഉപകഥകള്‍, ഫലിതം, കണ്ണുനിറയുന്ന ഈരടികള്‍ സമം ചേര്‍ത്ത് നയിക്കുന്ന ഒരു അനുഭൂതി ലോകം ഇവര്‍ സദസ്സിനായി തുറക്കുകയാണ്. ജനം ശ്വാസമടക്കിപ്പിടിച്ചാണ് ആ സമയമത്രയും ജീവിച്ചത്. കഥയവതരണത്തില് ഇവര്‍ കാട്ടിയ മിടുക്കും കൈയടക്കവും തന്നെയായിരുന്നു ഇതിന് കാരണം.
ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും രക്തപങ്കില സംഭവമാണ് കര്‍ബയിലെ കൂട്ടക്കൊല. ഈ ചരിത്രം റംലാ ബീഗമായിരിക്കും കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൊതുവേദികളില്‍ കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ടാവുക. ഓരോ അവതരണവും ഒന്നിനൊന്ന് മികവുറ്റതായിരുന്നു. സദസ്സാകെ കൂട്ടക്കരച്ചിലില്‍ കുതിര്‍ന്ന അവതരണങ്ങളായിരുന്നു അതൊക്കെയും. മലബാറിലാണ് അവരുടെ കഥാപ്രസംഗ പരിപാടി ഏറ്റവും കൂടുതലായി അരങ്ങേറിയത്. മദ്റസാ വാര്‍ഷികങ്ങള്‍, ഉറൂസുകള്‍, പൊതു ആവശ്യങ്ങള്‍ക്കുള്ള ധനസമാഹരണ സംരംഭങ്ങള്‍, കല്യാണപരിപാടികള്‍- ഇതിലൊക്കെയും ഈ ഗായിക പാടിയും പറഞ്ഞും ജീവിച്ചത് ഏതാണ്ട് അരനൂറ്റാണ്ടിലധികം കാലമാണ്.
1970ലാണവര്‍ കഥാപ്രസംഗത്തിനായി ആദ്യം വിദേശയാത്ര പോയത്. സിംഗപ്പൂര്‍, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ അവര്‍ വിജയകരമായി പരിപാടികള്‍ അവതരിപ്പിച്ചു. അവര്‍ പാടി ഹിറ്റാക്കിയ പാട്ടുകളിലൊന്നാണ് 'വമ്പുറ്റ ഹംസ റളിയള്ളാ...' എന്ന ഗാനം. അത്യന്തം സ്തോഭവും ഉദ്വേഗവും മുറ്റി തുറന്നു പാടേണ്ട ഈ ഗാനം അതിന്റെ സര്‍വ ആലാപന സാധ്യതകളും ഏറ്റെടുത്ത് റംലാ ബീഗം വേദികളില്‍ അവതരിപ്പിച്ചു. അപ്പോഴാ ശ്രോതാക്കള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ ബദര്‍ നേര് കണ്ണാല്‍ അനുഭവിച്ചു; ഒപ്പം ഇസ്ലാമിക ചരിത്രത്തില്‍ പൊടുന്നനെ പൊലിഞ്ഞു മറഞ്ഞ ധീര രക്തസാക്ഷികളെയും. ഇത് ഏത് പാതിരാ മതപ്രഭാഷണത്തെക്കാളും ഫലപ്പെട്ടു എന്നാണ് അക്കാല സാക്ഷ്യം.
1968കളിലാണ് എച്ച്.എം.വി ഗ്രാമഫോണ്‍ കമ്പനിക്ക് വേണ്ടി ഇവര്‍ നബി ചരിത്രം എന്ന കഥാപ്രസംഗം റെക്കോര്‍ഡ് ചെയ്തത്. 'ഇരുലോകം ജയമണി', വമ്പുറ്റ ഹംസ റളിയള്ളാ' തുടങ്ങിയ ഗാനങ്ങളൊക്കെയും ഇങ്ങനെ പാടി ഹിറ്റായതാണ്. ഇസ്ലാമിക കഥകള്‍ മാത്രമല്ല, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി, കേശവദേവിന്റെ ഓടയില്‍ നിന്ന് തുടങ്ങിയ കൃതികള്‍ ഇവര്‍ കഥാപ്രസംഗമാക്കി അവതരിപ്പിച്ചവയാണ്.
കഥാപ്രസംഗ രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ അംഗീകാരത്തിന്റെ സ്വര്ണഹാരങ്ങള് മാത്രമല്ല, രൂക്ഷമായ എതിര്‍പ്പുകളും അവര്‍ നേരിട്ടു. ഒരിക്കല്‍ കണ്ണൂരില്‍ മുന്‍കൂട്ടി നിശ്ചയിച്ച കഥാപ്രസംഗം 'കര്‍ബല'യായിരുന്നു. 'ലോഡ്ജില്‍ വിശ്രമിക്കുമ്പോള്‍ ആളുകള്‍ കയറിവന്ന് കര്‍ബലയുടെ ചോരക്കളം പറഞ്ഞാല്‍ റംലയുടെ ചോരക്കുളം ആകും ഇവിടെ സംഭവിക്കുക' എന്നവരെ ഭീഷണിപ്പെടുത്തിയ കഥ അവര്‍ അനുസ്മരിച്ചിട്ടുണ്ട്. നിരവധിയായ എതിര്‍പ്പുകളും തിരസ്കാരങ്ങളും സഹിച്ചും ഏറ്റുവാങ്ങിയുമാണ് റംലാ ബീഗം മേഖലയില്‍ തന്റേതായ ഒരു പീഠം കയറിയത്. എഴുനൂറിലധികം വേദികളില്‍ അവര്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ടത്രേ.
അവസാനം വരെ മുസ്ലിം പെണ്‍കുട്ടികള്‍ വീട്ടില്‍ തന്നെ ഒതുങ്ങിക്കഴിയണമെന്ന പുരോഹിത ശാസനകളെ ലംഘിച്ചുകൊണ്ടാണ് പാട്ടിന്റെയും കഥകളുടെയും ലോകത്തേക്ക് ഇവരിറങ്ങിയത്. വിശ്രുത കഥാപ്രസംഗകരായിരുന്ന സാംബശിവനും കെടാമംഗലവും കൊല്ലം ബാബുവുമൊക്കെ ആസ്വാദകര്‍ക്കായി മനോജ്ഞ ഗീതങ്ങള്‍ പാടിയും കഥ പറഞ്ഞും നക്ഷത്ര ശോഭയോടെ മിന്നി നില്ക്കുന്നിടത്തേക്കാണ് സാമുദായിക വിലക്കുകളൊക്കെയും മറിച്ചിട്ടുകൊണ്ട് ആലപ്പുഴയില്‍നിന്ന് രണ്ട് മുസ്ലിം വനിതകള്‍ കലാരംഗത്തേക്ക് ഉത്സാഹത്തോടെ കടന്നുവന്നത്; അതിലൊരാളായി റംലാ ബീഗം. കേരള സംഗീത നാടക അക്കാദമി, മാപ്പിള കലാ അക്കാദമി, മോയിന്‍കുട്ടി വൈദ്യര് അക്കാദമി എന്നിവയുടെയെല്ലാം പുരസ്കാരങ്ങള്‍ ഇവരെ തേടി എത്തിയിട്ടുണ്ട്.
l