ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കണം
മുസ്ലിം സ്ത്രീയെ മുന്നില്‍ നിര്‍ത്തി ഇസ്ലാമിനെ സംശയത്തോടെ കാണാന്‍ പഠിപ്പിക്കുന്നവരോട് മറുപടി പറഞ്ഞ് നേരം കളയേണ്ടതില്ല.
ഇന്ത്യന്‍ ജനാധിപത്യ രീതിയിലും മതേതര സങ്കല്‍പ്പത്തിലും ഫെഡറല്‍ സമ്പ്രദായത്തിലും നാനാത്വത്തിലും വിശ്വസിക്കുന്നവര്‍ അല്‍പം പതറിപ്പോയ അവസ്ഥയിലായിരുന്നു മോദി ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി നിയമം അവതപ്പിച്ച സമയം. ഭരണഘടനയില്‍ വിശ്വസിക്കുന്ന മുഴുവന്‍ രാജ്യ സ്നേഹികളും നിസ്സംഗരായിനിന്നപ്പോള്‍ അവര്‍ക്ക് ദിശ നല്‍കിയത് കേന്ദ്ര സര്‍വകലാശാലകളില്‍ നടന്ന വിദ്യാര്‍ഥി സമരമായിരുന്നു. അവിടെ അധികാര വര്‍ഗത്തോട് വിരല്‍ചൂണ്ടി സമരത്തിനു മുന്നില്‍നിന്ന മലബാറിലെ രണ്ടു പെണ്‍കുട്ടികളെയും കാണാം. ചരിത്രത്തിന്റെ ആവര്‍ത്തനം പോലെയായായിരുന്നു ആ കാഴ്ച. 1921-ലെ മലബാര്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്നിലും പിന്നിലും പോരാടിയ ഒരു തലമുറയുടെ പ്രതിനിധാനം പോലെ. സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിം സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. രാജ്യം നേരിട്ട പ്രതിസന്ധിഘട്ടത്തിലെല്ലാം മുന്നില്‍നിന്ന് നയിച്ച മുസ്ലിം പുരുഷന്മാരോടൊപ്പം ധാരാളം സമുദായ സ്ത്രീകളും ഉണ്ടായിരുന്നു. മതപരമായ സ്വാതന്ത്ര്യ ബോധമാണ് അതിന് പ്രചോദനം.
സമസൃഷ്ടി ബോധം, ലിംഗ വിവേചനമില്ലായ്മ ഇതെല്ലാമാണ് ഇസ്ലാമിന്റെ അടിസ്ഥാനം. നന്മയില്‍ മുന്നേറുന്നത് ആണായാലും പെണ്ണായാലും തുല്യ പ്രതിഫലവും ദൈവം വാഗ്ദാനം ചെയ്യുന്നുണ്ട്. കുടുംബം, സമൂഹം, രാജ്യം, ജനത എന്നീ സംവിധാനത്തിനകത്ത് ക്രിയാത്മകമായി ഇടപെടാനുള്ള സ്വാതന്ത്യവും വിശ്വാസിനിക്ക് നല്‍കുന്നു. മതബോധത്തോടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക ഇടങ്ങളിലും ആതുരസേവന മേഖലയിലും ദുരന്ത നിവാരണ രംഗത്തും മുസ്ലിം സ്ത്രീ മുന്നേറ്റം അതിശയിപ്പിക്കന്നതാണ്. സ്വയം നിര്‍ണയിക്കാനും തീരുമാനമെടുക്കാനും അഭിപ്രായം പറയാനും ഉള്ള കരുത്ത് മതം നല്‍കിയ സ്വാതന്ത്ര്യ ബോധ്യത്തില്‍ നിന്നുണ്ടായതാണ്. ആണ്‍കുട്ടികളെക്കാള്‍ കാമ്പസിലെ സാന്നിധ്യം പെണ്‍കുട്ടികളാണ്. മേല്‍ക്കോയ്മാധികാരം ഇല്ലാത്ത സമസൃഷ്ടി ബോധവും കുടുംബജീവിതത്തിലെ സുതാര്യതയും പാശ്ചാത്യ വനിതകളെ ഇസ്ലാമിലേക്കു അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്.
പക്ഷേ ഫാസിസ്റ്റ് ചിന്തയും രാഷ്ട്രീയ താല്‍പര്യവുമുള്ളവര്‍ ഇതംഗീകരിക്കാന്‍ തയാറല്ല. ഇടതുപ്രത്യയശാസ്ത്രക്കാര്‍ക്കും മതേതര ലിബറല്‍ വാദക്കാര്‍ക്കും മുന്‍തൂക്കമുള്ള പ്രബുദ്ധ കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. പ്രത്യേകിച്ചും മലബാര്‍ സ്ത്രീയെപ്പറ്റി; വേഷം, ജീവിതരീതി എല്ലാം വിമര്‍ശന വിധേയമാക്കപ്പെടുന്നു. പുരുഷാധിപത്യത്താല്‍ വീര്‍മുട്ടുന്നവരാണവര്‍. തങ്ങളാല്‍ സംരക്ഷിക്കപ്പെടേണ്ടവരാണ്, കരുതലും പരിചരണവും ആവശ്യമുള്ളവരാണ് എന്നെല്ലാമാണ് ആഖ്യാനം. മുസ്ലിം സ്ത്രീയെ മുന്നില്‍ നിര്‍ത്തി ഇസ്ലാമിനെ സംശയത്തോടെ കാണാന്‍ പഠിപ്പിക്കുന്നവരോട് മറുപടി പറഞ്ഞ് നേരം കളയേണ്ടതില്ല. പൗര എന്ന നിലക്ക് ഭരണഘടനപ്രകാരം രാജ്യത്തുനിന്നും കിട്ടാതെ പോകുന്ന നീതിയെക്കുറിച്ചും തുല്യതയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും നജീബിന്റെ ഉമ്മയെപ്പോലുള്ള ഒരുപാട് ഉമ്മമാരെ മുന്‍നിര്‍ത്തി നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് വേണ്ടത്.