വില്‍ക്കാനുണ്ട്, ലേറ്റസ്റ്റ് പുരാവസ്തു
'അന്തം വിടേണ്ട, 'ഞാന്‍ പറഞ്ഞു. 'നിങ്ങളുടെ കണക്കനുസരിച്ച് മൂന്ന് പൂജ്യം ചേര്‍ത്ത് പറഞ്ഞതാണ്. ഒരു പത്തെഴുപത് വര്‍ഷത്തെ പഴക്കമേ വസ്തുവിനുള്ളൂ.'
'നോക്കട്ടെ, നല്ല കണ്ടീഷനിലല്ലേ?'
കേരള ദേശത്തെ പുരാവസ്തു യുദ്ധത്തിന്റെ മധ്യകാലഘട്ടം. ഞാന്‍ പൂമുഖത്ത് വരാന്തയില്‍ ഇരിക്കുന്നു.
ഒരാള്‍ വന്നു. പുരാവസ്തു വില്‍ക്കാനുണ്ടത്രേ. അത്യാവശ്യമെങ്കില്‍ മാത്രം ഒന്നുരണ്ടെണ്ണം തരാം.
ഞാന്‍ ഉള്ളാലെ ചിരിച്ചു. പത്രം വായിക്കുന്നത് കൊണ്ട് പുരാവസ്തുക്കളെ പറ്റിയുള്ള പൊതുവിജ്ഞാനം ഞാന്‍ നേടിയിരുന്നു.
ഞാന്‍ പറഞ്ഞു: 'കാറടക്കം ലേറ്റസ്റ്റ് വേണമെന്ന് പറയുന്ന മക്കളാണ് ഇവിടെയുള്ളത്. പുരാവസ്തു ഒന്നും ഇവിടെ വേണ്ട.'
അയാള്‍ നിരാശനായില്ല. സ്ഥിരോത്സാഹ സമിതി അധ്യക്ഷനാണെന്ന് തോന്നുന്നു. പുരാവസ്തു വേണ്ടെങ്കില്‍ വേണ്ട, അത്തരം വല്ലതും വില്ക്കാനുണ്ടോ എന്നായി അയാള്‍.
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. ചാരുകസേരയിലിരുന്ന് കുലുങ്ങിച്ചിരിക്കുക പ്രയാസമാണ്. എന്നിട്ടും ഞാനത് ഒപ്പിച്ചു.
വിഡ്ഢിത്തം കേട്ടാല്‍ ചിരിക്കുക എന്നത് ചിട്ടയാണ് എനിക്ക്. ലേറ്റസ്റ്റ് മാത്രം സ്വന്തമാക്കുന്ന മക്കള്‍ വാഴുന്ന വീട്ടില്‍ എന്തു പുരാവസ്തു?
'ആലോചിച്ചു നോക്കൂ. നല്ല വില തരാം.' എന്ന് അയാള്‍. നല്ല വില എന്ന് കേട്ടതുകൊണ്ട് ഞാന്‍ ഒന്നാലോചിച്ചു.
ഉണ്ട്. ഞാന്‍ പറഞ്ഞു: 'ഒന്നുണ്ട്. പക്ഷേ എത്ര കൊല്ലത്തെ പഴക്കം വേണം? ആയിരം കൊല്ലമെങ്കിലും വേണ്ടേ?'
ഇപ്പോള്‍ ചിരിയുടെ ഊഴം അയാളുടേത്. ഒരു കാര്യം മനസ്സിലായി. ചാരുകസേരയിലിരുന്ന് ചിരിക്കുന്നതിനേക്കാള്‍ മുഴക്കം കിട്ടും നിന്ന നില്പ്പില് ചിരിച്ചാല്‍. അയാളുടെ ചിരി മുഴങ്ങി.
ചിരിയടക്കിയ ശേഷം അയാള്‍ പറഞ്ഞു: 'പഴക്കം എന്ന് പറഞ്ഞാല്‍ ഒരു ദിവസത്തെ പഴക്കവും പഴക്കം തന്നെയാണല്ലോ. എത്രയായാലും ഞങ്ങള്‍ അതില്‍ മൂന്ന് പൂജ്യം ചേര്‍ക്കും.'
'എന്നുവെച്ചാല്‍?'
'ഒരു കൊല്ലം പഴക്കമുള്ള വസ്തുവിന് ചെത്തിയും ചായമടിച്ചും ആയിരം വര്‍ഷത്തെ പ്രായമുണ്ടാക്കും. പത്തു വര്‍ഷത്തെ പഴക്കമുണ്ടെങ്കില്‍ പതിനായിരം പ്രായം ഉണ്ടാക്കാം.'
എനിക്ക് കാര്യം പിടികിട്ടി. പുരാവസ്തു നിര്‍മാണ ഫാക്ടറി തന്നെ കാണും ഇയാള്‍ക്ക്. ഞാന്‍ ആ രഹസ്യം പറഞ്ഞു: 'ഇവിടത്തെ വസ്തുവിന് എഴുപതിനായിരം വര്‍ഷത്തെ പഴക്കം കാണും.' അയാള്‍ അന്തം വിട്ടു. എഴുപതിനായിരം?
'അന്തം വിടേണ്ട, 'ഞാന്‍ പറഞ്ഞു. 'നിങ്ങളുടെ കണക്കനുസരിച്ച് മൂന്ന് പൂജ്യം ചേര്‍ത്ത് പറഞ്ഞതാണ്. ഒരു പത്തെഴുപത് വര്‍ഷത്തെ പഴക്കമേ വസ്തുവിനുള്ളൂ.'
'നോക്കട്ടെ, നല്ല കണ്ടീഷനിലല്ലേ?'
'പഴക്കമുള്ളതല്ലേ- ചില്ലറ പരിക്കുകളൊക്കെ ഉണ്ട്.'
'കുറച്ച് പരിക്കൊക്കെ നല്ലതാണ്. എന്താണ് സാധനം? മേശ? പാത്രം? മരമോ ലോഹമോ?'
'മണ്ണാണ്'
'ഉഗ്രന്‍!' അയാള്‍ക്ക് ആവേശം കയറി. 'മണ്ണിന്റെ പുരാവസ്തു. എഴുപതിനായിരം. എവിടെ സാധനം?'
'സാധനമാണല്ലോ മുന്നില്‍. ഈ ഞാന്‍ തന്നെ.'
ആ നിന്ന നില്പ്പില് 180 ഡിഗ്രി തിരിഞ്ഞ്, ഒറ്റച്ചാട്ടത്തിന് ഗെയിറ്റ് കടന്ന് അപ്രത്യക്ഷനാകാന്‍ അയാള്‍ എടുത്തത് രണ്ട് സെക്കന്‍ഡാണെന്ന് തോന്നുന്നു.
* * *
മറ്റൊരിക്കല്‍ മറ്റൊരാള്‍ മറ്റൊരു വില്‍പ്പനയുമായി എത്തി. ഒരു പുതിയ പ്രോഡക്ട് ഉണ്ടത്രെ.
'നിങ്ങളെപ്പോലുള്ളവര്‍ക്ക് അത്യാവശ്യമാണ്. ചെരുപ്പ്. വെറും ചെരുപ്പ് അല്ല, പ്രത്യേകതരം ഫൂട്ട് വെയര്‍ ആണ്. ഇത് ഇട്ട് നടന്നാല്‍ കാല് വേദനയും ഊര വേദനയും നട്ടെല്ല് വേദനയും എല്ലാം മാറും.'
ഞാന്‍ ചിരിച്ചു. ഇതും ഇതിലപ്പുറവും കേട്ടയാളാണ്. വിവരമുള്ളവനെ പറ്റിക്കാമെന്ന് കരുതുന്ന വിഡ്ഢി ആയിപ്പോയല്ലോ ഇയാള്‍.
അയാള്‍ പറഞ്ഞു: ശാസ്ത്രം പഠിക്കാത്തവരോട് ഇത് പറഞ്ഞാല്‍ അവര്‍ ചിരിക്കും. പക്ഷേ താങ്കള്‍ വിവരമുള്ളയാളാണല്ലോ.
ഞാന്‍ ചിരി മായ്ച്ചു. ഇയാള്‍ക്ക് കാര്യ വിവരമുണ്ടെന്ന് തോന്നുന്നു.
അയാള്‍ തുടങ്ങി: ഇത് കാലിലിട്ടാല്‍ ശരീരത്തെ ബാധിച്ച മൊത്തം മെറ്റബോളിസം നിര്‍മാര്‍ജനം ചെയ്ത് ശുദ്ധീകരിക്കും.
മെറ്റബോളിസം എന്ന എവിടെയോ കേട്ടിട്ടുണ്ട് ഞാന്‍. പക്ഷേ ചോദിച്ചില്ല. വിവരമില്ലെന്ന് അയാളറിയേണ്ടല്ലോ. എന്റെ തലവേദനയും കാല് കടച്ചിലും മാറുമായിരിക്കും.
ഞാന്‍ മനസ്സിലായ മട്ടില്‍ തലകുലുക്കി. അയാള്‍ തുടര്‍ന്നു: കാലില്‍ നിന്ന് തലച്ചോറിലേക്കുള്ള സൈനാപ്ട്ടിക് കെമിക്കല്‍ സെല്ലിലൂടെ ശരീരത്തിന്റെ ഹോട്ട്ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയാമല്ലോ.
അറിയില്ല എന്നൊന്നും ഞാന്‍ പറഞ്ഞില്ല. വെറുതെ എന്തിന്...
അയാള്‍ ആവേശത്തോടെ തുടര്‍ന്നു: ആ രാസത്വരകത്തിലൂടെ പിറ്റിയൂട്ടറി സുഷുമ്നകള്‍ മെഡുലയിലെ മസ്തിഷ്കപ്രക്ഷാളനകേന്ദ്രത്തിലേക്ക് സമഗ്രമായി ആഗിരണം ചെയ്യപ്പെടും.
ഞാന്‍ അയാളുടെ കൈയിലെ ചെരുപ്പിനെ ആദരപൂര്‍വം നോക്കി. കണ്ടാല്‍ തോന്നില്ല!
പത്തു മിനിറ്റില്‍ ചെരുപ്പ് അയാളെനിക്ക് വിറ്റു. മെറ്റബോളിസം ഒരിറ്റു ബാക്കിയില്ലാതെ തുരത്തപ്പെടുകയും പിറ്റിയൂട്ടറി സുഷുമ്നകള്‍ മസ്തിഷ്കപ്രക്ഷാളന കേന്ദ്രത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യാന്‍ ആയിരം രൂപ അധികമല്ല.
പക്ഷേ, വിവരം ഉള്ളയാള്‍ ആയതിനാല്‍ ഞാന്‍ ഉപാധി വെച്ചു: 'ശരി. പക്ഷേ തൃപ്തികരമായില്ലെങ്കില് പണം മടക്കിത്തരണം.'
അതിനെന്താ, സമ്മതിച്ചു എന്നും പറഞ്ഞ് ചെരുപ്പ് വിറ്റ് അയാള്‍ പോയി.
ഞാന്‍ നല്ല നേരം നോക്കി കാല് കഴുകി ചെരുപ്പിനുമേല് മേല്‍ പ്രതിഷ്ഠിച്ചു. നടക്കാവുന്നിടത്തൊക്കെ നടന്നു. ചെരുപ്പ് തേഞ്ഞതല്ലാതെ തലവേദനയും കാല് കടച്ചിലും മാറിയില്ല. മസ്തിഷ്ക കേന്ദ്രത്തിലെ രാസപ്രക്രിയയിലൂടെ ഞാനറിഞ്ഞു, അയാള്‍ എന്നെ തൃപ്തിയായി പറ്റിച്ചതാണെന്ന്.
ഞാന്‍ വിടുമോ? അന്ന് ഉറപ്പിച്ച ഉപാധിയുണ്ടല്ലോ. ഞാന്‍ അവനെ കണ്ടു പിടിച്ച് കാര്യം പറഞ്ഞു.
'തൃപ്തികരമായില്ലെങ്കില് നിങ്ങള്‍ പണം മടക്കിത്തരും എന്ന് ധാരണ ഉള്ളതാണ്.'
'ഓര്‍മയുണ്ട്,' അയാള്‍ പറഞ്ഞു. 'പക്ഷേ നിങ്ങള്‍ തന്ന പണം എനിക്ക് തൃപ്തികരമാണ്. അതുകൊണ്ട് മടക്കിത്തരേണ്ടതില്ല.'
* * *
അങ്ങാടിയില്‍ സുഹൃത്തിനെ കണ്ടു. എങ്ങോട്ടാണ് എന്ന് അയാള്‍ ചോദിച്ചു.
'ഞാനൊരു പുതിയ ജോലിക്കാരനെ അന്വേഷിച്ചിറങ്ങിയതാണ്.'
'രണ്ടുദിവസം മുമ്പല്ലേ നിങ്ങളൊരു പണിക്കാരനെ വെച്ചത്?'
'അവനെത്തന്നെയാണ് തിരയുന്നത്. അവനെ കാണുന്നില്ല. വീട്ടിലുണ്ടായിരുന്ന മണ്‍ഭരണിയും കാണാനില്ല.'
അന്ന് അവനെ കിട്ടിയില്ലെങ്കിലും പിറ്റേന്ന് അവന് തിരിച്ചുവന്നു. മണ്ഭരണിയെപ്പറ്റി അറിയില്ലെന്നും ഒരത്യാവശ്യം വന്നപ്പോള്‍ പെട്ടെന്ന് പോയതാണെന്നും അവന് വിശദീകരിച്ചു.
പോയ അത്യാവശ്യം എന്തായിരുന്നെന്ന് അവന് പറഞ്ഞപ്പോള്‍ കുറ്റപ്പെടുത്താന്‍ തോന്നിയില്ല. വീട്ടില്‍ ഐശ്വര്യം കൊണ്ടുവരാന്‍ പറ്റുന്ന ഒരു വിശുദ്ധകുംഭം അടുത്ത സുഹൃത്തിന്റെ കൈയില്‍ വില്‍പ്പനക്കുണ്ടെന്ന് കേട്ട് അത് നോക്കാന്‍ ചെന്നതാണ്. അയ്യായിരം രൂപക്ക് കിട്ടും. രണ്ടാം നൂറ്റാണ്ടിലെ പുണ്യവാളന്മാര് ഉപയോഗിച്ചിരുന്നതാണ്.
അയ്യായിരം രൂപയും യാത്രച്ചെലവും കൊടുത്ത് പണിക്കാരനെ അത് വാങ്ങാന്‍ അയച്ചു.
പണിക്കാരന് മടങ്ങി വന്നില്ല. പക്ഷെ, രണ്ടാം ദിവസം ഒരു പാര്‍സല്‍ വീട്ടിലെത്തി. പുണ്യകുംഭം എന്ന് അതിന്മേല് എഴുതിയിരുന്നു.
അവര്‍ തുറന്നു. പഴയ മണ്‍ഭരണി ആയിരുന്നു അത്.