'ഹൗദുല്‍ കൗഥറിനെ'ക്കുറിച്ച് എന്റെ സംശയം തീര്‍ക്കാന്‍ ആര്‍ക്കാണ് കഴിയുക?' ബസറ ഗവര്‍ണര്‍ ഉബൈദുല്ലാഹി ബ്‌നു സിയാദ് ആളുകളോട് ചോദിച്ചു. ബസറയില്‍ തന്നെയുള്ള ചെറുപ്പക്കാരനായ ഒരു സഹാബിയുടെ പേര് അവര്‍ പറഞ്ഞു. ഇബ്‌നു സിയാദ് അയാളെ വിളിച്ചു വരുത്തി. പ്രവാചകന്‍ തിരുമേനി (സ)യുടെ അടുത്ത അനുചരന്‍ അബൂബര്‍സ അല്‍ അസ്‌ലമിയായിരുന്നു ഈ സഹാബി. അദ്ദേഹത്തെ കണ്ടപ്പോള്‍ ഇബ്‌നു സിയാദ് ''ഇതോ നിങ്ങളുടെ മുഹമ്മദീ!'' എന്ന് പരിഹാസത്തോടെ ചോദിച്ചു. അബൂബര്‍സ ഇത് കേട്ട് ഖിന്നനായെങ്കിലും ശക്തമായി പ്രതികരിച്ചു. ''ഞാനൊരിക്കലും ഇത്തരക്കാരെ കാണാന്‍ ഇഷ്ടപ്പെടുന്നില്ല.'' പിന്നീട് ഇബ്‌നുസിയാദ് കുറച്ചുകൂടി വിനയത്തില്‍ സംസാരിച്ചു. ''നബി തിരുമേനി (സ)യുമായുള്ള ബന്ധം താങ്കള്‍ക്ക് ഒരു അലങ്കാരമാകട്ടെ.'' തുടര്‍ന്ന് വിഷയത്തിലേക്ക് കടന്ന് ഇബ്‌നു സിയാദ് ഹൗളുല്‍ കൗഥറിനെ കുറിച്ച് സംശയം ഉന്നയിച്ചു. ''താങ്കള്‍ക്ക് ഹൗദുല്‍ കൗഥറിനെക്കുറിച്ച് വല്ലതും അറിയുമോ?'' അയാള്‍ ചോദിച്ചു.
''തീര്‍ച്ചയായും, ഒന്നല്ല രണ്ടല്ല മൂന്നല്ല നാലുവട്ടം, അല്ല പല പ്രാവശ്യം ഞാന്‍ അതേകുറിച്ച് കേട്ടിട്ടുണ്ട്. ആരെങ്കിലും ഹൗഥുല്‍ കൗഥറിനെ നിഷേധിച്ചാല്‍ അല്ലാഹു അവനെ അതിലേക്ക് അടുപ്പിക്കുകയില്ല. അന്ത്യനാളില്‍ അതില്‍ നിന്ന് വെള്ളം കുടിപ്പിക്കുകയുമില്ല.'' ഇത്രയും പറഞ്ഞ് അബൂബര്‍സ രംഗം വിട്ടു.
സത്യം തുറന്നു പറയാന്‍ അധികാരിയുടെ മുമ്പില്‍ അദ്ദേഹം തരിമ്പും മടിച്ചിരുന്നില്ല. അബൂ ബര്‍സയുടെ യഥാര്‍ഥ പേര് നദ്ല് ബ്‌നു അബ്ദുല്ലാഹിബ്‌നു ഹാരിസ് എന്നാണ്. അസ്‌ലം ഗോത്രക്കാരന്‍. ആദ്യകാലത്ത് തന്നെ ഇസ്‌ലാമില്‍ വന്ന നദ്ല എന്ന അബൂബര്‍സ നബിയുടെ കൂടെ മിക്ക യുദ്ധങ്ങളിലും പങ്കെടുത്തിരുന്നു.
നബിയുടെ കാലത്തും ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്റെ കാലത്തും മദീനയില്‍ തന്നെയാണ് അദ്ദേഹം ജീവിച്ചത്. ഉമര്‍ ഫാറൂഖിന്റെ കാലത്ത് ബസറയിലായിരുന്നു. അലിയും മുആവിയയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായപ്പോള്‍ അബൂബര്‍സ അലിയോടൊപ്പം നിന്നു. സ്വിഫ്ഫീന്‍ യുദ്ധത്തില്‍ സിറിയന്‍ സൈന്യത്തിനെതിരെ ശക്തമായി പോരാടി. ഖുറാസാന്‍ ജയിച്ചടക്കുന്നതില്‍ ശ്രദ്ധേയമായ സമര്‍പ്പണമാണ് ഈ സഹാബിയുടേതെന്ന് ഇബ്‌നു ഹജര്‍ രേഖപ്പെടുത്തുന്നു.
തിരുനബിയുടെ ചാരത്ത് ഏറെക്കാലം ജീവിച്ച അബൂ ബര്‍സ വൈജ്ഞാനിക മികവ് പുലര്‍ത്തി. 46 ഹദിസുകള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒട്ടേറെ ശിഷ്യഗണങ്ങളില്‍ അബൂഉസ്മാന്‍ നഹദി, അബൂമിന്‍ഹാല്‍ റയ്യാഹി, അര്‍സഖ്ബ്നു ഖൈസ്, മുഗീറ, അബൂല്‍ ആലിയ റയ്യാഹി, മുഗീറ, കിനാന ബ്‌നു നഈം തുടങ്ങിയ പണ്ഡിതന്മാരു്. മാന്യമായ പെരുമാറ്റവും സല്‍സ്വഭാവം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. വൈജ്ഞാനിക തൃഷ്ണയും സമരാവേശവും ദാനധര്‍മവും ലാളിത്യവും അബൂബര്‍സ (റ)യുടെ സവിശേഷതകളായിരുന്നു. അറബികളുടെ പ്രത്യേക ഭക്ഷണമായ 'സരീത', രാവിലെയും വൈകിട്ടും ഒരു വലിയ പാത്രത്തിലാക്കി പാവങ്ങളെയും വിധവകളെയും തേടി അദ്ദേഹം പതിവായി തെരുവുകളിലെത്തുമായിരുന്നു. സാമ്പത്തിക സുസ്ഥിതിയുണ്ടായിട്ടും അബൂബര്‍സ ലളിത ജീവിതമാണ് നയിച്ചത്. ആര്‍ഭാട വസ്ത്രം അണിഞ്ഞിരുന്നില്ല. ഒട്ടകപ്പുറത്ത് സഞ്ചരിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സമകാലികനും കൂട്ടുകാരനുമായിരുന്ന സഹാബിവര്യന്‍ ആയിദ് ബ്‌നു ഉമര്‍ പ്രൗഢിയില്‍ വസ്ത്രം ധരിക്കുകയും ഒട്ടകപ്പുറത്ത് സഞ്ചരിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഒരു വിരുതന്‍ അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനായി ആഇദിനെ സമീപിച്ചു ഇങ്ങനെ പറഞ്ഞു: അബൂ ബര്‍സ താങ്കള്‍ക്കെതിരില്‍ ചില തീരുമാനങ്ങള്‍ എടുത്തിരിക്കുന്നതായി അറിയുന്നു. താങ്കള്‍ മേത്തരം വസ്ത്രം ധരിക്കുന്നു. ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്നു. ബര്‍സ ഇതിനൊക്കെ എതിരാണ്. ഇതുകേട്ട ആയിദിന്റെ മറുപടി: ''അല്ലാഹു അബൂബര്‍സയെ അനുഗ്രഹിക്കട്ടെ. ഞങ്ങളില്‍ ആരാണ് അദ്ദേഹത്തിന്നു തുല്യരായിട്ടുള്ളത്.''
ആ മനുഷ്യന്‍ ആയിദിന്റെ മറുപടി കേട്ട് നിരാശനായി.
അയാള്‍ ഇടനെ അബൂബര്‍സയെ സമീപിച്ചു അദ്ദേഹത്തോട് പറഞ്ഞു: ''നോക്കൂ! നിങ്ങളുടെ സഹോദരന്‍ ആഇദ് ആര്‍ഭാടജീവിതമാണ് നയിക്കുന്നത്. വിലപിടിപ്പുള്ള വസ്ത്രമാണ് ധരിക്കുന്നത്. ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്നു. എന്തൊരു പ്രൗഢി!''
അബൂബര്‍സയുടെ മറുപടി: ''അല്ലാഹു ആഇദിന് കരുണ ചൊരിയട്ടെ. ഞങ്ങളില്‍ അദ്ദേഹത്തിന്റെ പദവിയോളം എത്തുന്ന ആരുണ്ട്?''
കുഴപ്പമുണ്ടാക്കാന്‍ നടന്ന ആള്‍ വിഷണ്ണനായി സ്ഥലം വിടുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍!
അവസാന കാലങ്ങളില്‍ കക്ഷിത്വങ്ങളില്‍ നിന്ന് അദ്ദേഹം പൂര്‍ണമായി വിട്ടുനിന്നു. മര്‍വാന്‍ - ഇബ്‌നു സുബൈര്‍ യുദ്ധത്തില്‍ അദ്ദേഹം പങ്കെടുത്തില്ല.
ഹി.65-ല്‍, മരണപ്പെട്ട അബൂബര്‍സക്ക് മുഗീറ എന്നൊരു മകനുണ്ടായിരുന്നു.ഹ