എന്നെ കൈപിടിച്ച് കയറ്റുകയായിരുന്നു
ഗായിക കണ്ണൂര്‍ സീനത്തിന്റെ ഓര്‍മയില്‍ വി.എം.കുട്ടി മാഷ് കണ്ണൂര്‍ സീനത്ത്
November 2021
ഞാന്‍ കണ്ണൂര്‍ സീനത്താണ്. അങ്ങനെ ഒരു പേര് എനിക്കു@ായത് എന്നെ
മാഷ് വളര്ത്തിയതുകൊ@ാണ്. ഞാന്‍ എപ്പോഴും മാഷിന്റെ കുട്ടിയാണ്. എന്റെ ഏറ്റവും അടുത്ത ആള് എന്നെ വിട്ടു പോയ വേദനയാണ് ഞാനിപ്പോള്‍
അനുഭവിക്കുന്നത്. എനിക്ക് കരച്ചില് അടക്കാനാവുന്നില്ല. വല്ലാത്തൊരു
ശൂന്യതയാണ് ചുറ്റും.
സ്ത്രീയുടെ ശബ്ദം മേല്ക്കൂരക്കപ്പുറം പൊങ്ങാന്‍ പാടില്ല എന്ന് വിശ്വസിക്കുന്ന കൂടുംബ പശ്ചാത്തലമായിരുന്നു എന്റേത്. സ്കൂള്‍ പഠനകാലത്തുതന്നെ പാടാന്‍ ഇഷ്ടപ്പെടുകയും പ്രിയപ്പെട്ട അധ്യാപകര്‍ നന്നായി പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു. 1991-ല്‍ വളപട്ടണം ഗവണ്മെന്റ് ഹൈസ്കൂളില്‍ സി.എച്ച് മുഹമ്മദ് കോയ പങ്കെടുത്ത മൂന്ന് ദിവസം നീണ്ടുനിന്ന ഒരു പരിപാടിയുണ്ടായിരുന്നു. ആ പരിപാടിയില്‍ പാടാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും പരിപാടിയുടെ ആദ്യത്തെ ദിവസം എനിക്ക് പാടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഞാന്‍ പാടി എന്നു പറഞ്ഞ് എന്റെ ഉമ്മയുടെ ആങ്ങള വന്നു ഉമ്മയെ തല്ലി. പിന്നീടെനിക്ക് വാശിയായിരുന്നു; പാട്ടുപാടിയേ തീരൂ എന്ന്. ഉമ്മയെ അടിച്ചതിന് പ്രതികാരമായിട്ടാണ് ഞാന്‍ അന്ന് ആ സ്റ്റേജില്‍ പാടിയത്. ഇനി ഏതു മാമന്മാര് വന്ന് തല്ലിയാലും ഞാന്‍ ഇതില്‍നിന്ന് പിന്തിരിയില്ല എന്ന വാശിയായിരുന്നു. അന്ന് അവിടെ ജഡ്ജിമാരായി ഉണ്ടായിരുന്നത് വി.എം കുട്ടി, ഒ.എം കരുവാരക്കുണ്ട്, പി.ടി അബ്ദുര്‍റഹ്മാന്‍, ചാന്ദ് പാഷ, കവി പ്രേം സൂറത്ത് എന്നിവരായിരുന്നു. എന്നെ ഈ രംഗത്തേക്ക് കൊണ്ടുവന്നത് കവി പ്രേം സൂറത്താണ്. അന്ന് റംലാബീഗത്തിന്റെ ഒരു പാട്ടാണ് ഞാന്‍ പാടിയത്. പരിപാടിക്ക് ശേഷം വി.എം കുട്ടി മാഷ് എന്നെ അന്വേഷിച്ച് ആളെ അയച്ചു. അന്ന് ആ വേദിയില്‍ വെച്ചാണ് വി.എം കുട്ടി മാഷെ അടുത്ത് കാണുന്നത്. എന്നെ കോഴിക്കോട്ടേക്ക് പാട്ടുപാടാന്‍ കവി പ്രേം സൂറത്താണ് കൊണ്ടുപോയത്. ആദ്യമായി തിരൂരില്‍ ഒരു സ്റ്റേജില്‍ പാടാന്‍ ചെന്നപ്പോള്‍ സ്റ്റേജിലേക്ക് വി.എം കുട്ടി മാഷ് കൈ പിടിച്ച് കയറ്റുകയായിരുന്നു. മൈക്ക് കൈയില്‍ തന്ന് മാഷ് പറഞ്ഞു: ''ഇനി പിന്തിരിഞ്ഞു നോക്കരുത്, മുന്നോട്ട് മാത്രം പോവുക, ഒരിക്കലും നഷ്ടം ഉണ്ടാകില്ല നേട്ടങ്ങള്‍ മാത്രമേ ഉണ്ടാകൂ, നീ ഉന്നതിയിലെത്തും'' എന്ന്. യഥാര്‍ഥത്തില്‍ അന്ന് മാഷ് എന്റെ പാട്ട് കേട്ടിട്ട് പോലുമില്ല. റൂമില്‍നിന്ന് വെറുതെ ഒന്നു പാടിച്ചു നോക്കിയതു മാത്രമാണ്. അന്നത്തെ ഈ വാക്കുകളാണ് ഇന്ന് എന്നെ ഈ നിലയില്‍ എത്തിച്ചത്.
വി.എം കുട്ടി മാഷ് ഗാനലോകത്ത് എന്നെ വളര്‍ത്തിയ ഗുരുനാഥന് മാത്രമല്ല, എനിക്ക് അദ്ദേഹം പിതാവിന് തുല്യനാണ്. ഒരിക്കല്‍ മാഷിന്റെ കൂടെ ഖത്തറില്‍ ഒരു പ്രോഗ്രാമിനു പോയ സമയത്ത് ആദ്യ വിവാഹത്തില്‍നിന്ന് മോചനം നേടി നില്‍ക്കുകയായിരുന്നു ഞാന്‍. എന്നെ അവിടെനിന്ന് ഒരു എഞ്ചിനീയര്‍ കാണുകയും ഇഷ്ടപ്പെടുകയും വിവാഹ അന്വേഷണം നടത്തുകയും ചെയ്തു. ആ വിവാഹ അന്വേഷണത്തോട് എന്റെ പ്രതികരണം ആരാഞ്ഞത് മാഷായിരുന്നു. എന്നിട്ട് കല്യാണം ഇനി വേണ്ടെന്നുവെച്ച എന്നെ കൂടെയിരുത്തി പിതാവിന്റെ വാത്സല്യത്തോടെ ഒരുപാട് സമയം സംസാരിച്ചതിനു ശേഷമാണ് ഞാന്‍ മാനസികമായി അതിന് തയാറായത്. എന്റെ വിവാഹത്തിന് ഏറ്റവും മുന്നില്‍നിന്നതും മാഷ് തന്നെയായിരുന്നു. എന്റെ ജീവിതത്തിലെ നേട്ടങ്ങള്‍ക്കെല്ലാം കാരണം മാഷും അസീസ് തായിനേരിയും എരഞ്ഞോളി മൂസയുമാണ്.
അക്കാലങ്ങളില്‍ വി.എം കുട്ടി മാഷിന്റെ വീട്ടിലായിരുന്നു പലപ്പോഴും ഞങ്ങള്‍ താമസിച്ചിരുന്നത്. അല്ലെങ്കില്‍ കോഴിക്കോട് വികാസ് ടൂറിസ്റ്റ് ഹോമില്‍ ആയിരിക്കും. മാഷിന്റെ ഭാര്യ, മക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരൊന്നും ഞങ്ങളെ ഒരിക്കലും അന്യരായി കണ്ടിട്ടില്ല. മാഷെ പോലെ തന്നെ അവരെല്ലാം ഞങ്ങളെ ചേര്‍ത്തു പിടിച്ചു, സ്വന്തം മക്കളെ പോലെ. മാഷ് ഭക്ഷണം കഴിച്ചില്ലെങ്കിലും ഞങ്ങള്‍ കുട്ടികള്‍ ഭക്ഷണം കഴിച്ചു എന്ന് എപ്പോഴും ഉറപ്പുവരുത്തും. പരിപാടി കഴിഞ്ഞാല്‍ മാഷ് ഉറങ്ങിയിട്ടില്ലെങ്കിലും ഞങ്ങള്‍ മക്കള്‍ എല്ലാവരും ഉറങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമായിരുന്നു. ഒരുപാട് തവണ പാട്ടുപാടിക്കളിച്ച ആ വീട്ടില്‍ ചെന്ന് അവസാനമായി മാഷെ കണ്ടപ്പോള്‍ വല്ലാതെ പതറിപ്പോയി.
ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ച ആളാണ് ഞാന്‍. സാമ്പത്തികമായി വളരെ വിഷമത്തില്‍ നില്ക്കുന്ന സമയത്താണ് ആദ്യമായി മാഷിനെ കാണുന്നതും 'വമ്പുറ്റ ഹംസ റളിയള്ളാ' എന്ന പാട്ട് പാടുന്നതും. അന്നുമുതല്‍ എന്റെ ഉള്ളിലുള്ള കല തിരിച്ചറിയുകയും എന്നെ രംഗത്തേക്ക് കൊണ്ടുവരികയും ചെയ്യുന്നതില്‍ എന്നും മുമ്പില്‍ മാഷ് തന്നെയാണ്. നാട്ടുകാരും വീട്ടുകാരും അന്ന് എന്നെ എതിര്‍ത്തിരുന്നു. എന്റെ ബാപ്പ രണ്ടുദിവസം എന്നെ ഒരു മുറിയില്‍ പൂട്ടിയിട്ടിരുന്നു. ബാപ്പയുടെ അരയിലുണ്ടായിരുന്ന പച്ച ബെല്‍റ്റ് കൊണ്ട് എന്നെ ഒരുപാട് തല്ലിയിരുന്നു. അന്ന് ഞാന്‍ എന്റെ ബാപ്പയോട് പറഞ്ഞത് 'ഞാന്‍ ഒരിക്കലും വഴി തെറ്റിപ്പോകില്ല. ഒരിക്കലും നിങ്ങളുടെ പേര് മോശമാക്കില്ല' എന്നായിരുന്നു.
ഞാന്‍ കണ്ണൂര്‍ സീനത്താണ്. അങ്ങനെ ഒരു പേര് എനിക്കുണ്ടായത് എന്നെ മാഷ് വളര്‍ത്തിയതുകൊണ്ടാണ്. ഞാന്‍ എപ്പോഴും മാഷിന്റെ കുട്ടിയാണ്. എന്റെ ഏറ്റവും അടുത്ത ആള് എന്നെ വിട്ടു പോയ വേദനയാണ് ഞാനിപ്പോള്‍ അനുഭവിക്കുന്നത്. എനിക്ക് കരച്ചില് അടക്കാനാവുന്നില്ല. വല്ലാത്തൊരു ശൂന്യതയാണ് ചുറ്റും.