സമയത്തെ സംബന്ധിച്ചുള്ള ബോധം, ജീവിതത്തെ സംബന്ധിച്ചുള്ള ജാഗ്രതയാണ്. കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷവും കുറഞ്ഞുപോവുന്ന മനുഷ്യായുസ്സിനെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍തന്നെ മനുഷ്യനെ സംബന്ധിച്ചേടത്തോളം സമയം എന്നത് വളരെ അമൂല്യമായ ഒന്നാണ്. ഒരിക്കല്‍ നഷ്ടപ്പെട്ടുപോയാല്‍ പിന്നീട് തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത അമൂല്യമായ ഒന്ന്.
പാവപ്പെട്ടവന് അവന്റെ കഠിനപ്രയത്നത്തിലൂടെ പണക്കാരനാവാന്‍ സാധിച്ചേക്കാം. ഒരു വിദ്യാര്‍ഥി ആദ്യ തവണ പരീക്ഷയില്‍ പരാജയപ്പെടുമെന്നിരിക്കട്ടെ. കഠിന പരിശ്രമത്തിലൂടെ വീണ്ടും അവന് ആ വിജയം കൈവരിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ നഷ്ടപ്പെട്ടുപോയ സമയത്തെ തിരിച്ചുപിടിക്കാന്‍ ഇന്നേവരെ ഒരാള്‍ക്കും സാധിച്ചിട്ടില്ല. ഇനിയാര്‍ക്കും സാധിക്കുകയുമില്ല.
മരണം പ്രതീക്ഷിക്കവെ പ്രശസ്ത സാഹിത്യകാരന് ഗബ്രിയേല്‍ മാര്‍ക്ക്വേസ് എഴുതി; ഇനിയൊരു ജീവിതമുണ്ടെങ്കില്‍ ഞാനൊരു നിമിഷം പോലും കണ്ണടക്കില്ല. കാരണം, കണ്ണടക്കുന്ന ഓരോ നിമിഷത്തിലും എനിക്ക് നഷ്ടപ്പെടുന്നത് വെളിച്ചത്തിന്റെ അറുപത് സെക്കന്റുകളാണ്.
മനുഷ്യന് പലപ്പോഴും വീണ്ടുവിചാരം വരുന്നത് ഏറെ വൈകിയാണ്. അപ്പോഴേക്കും ഒരുപക്ഷേ, മരണം പടിവാതില്ക്കല് കാത്തുനില്ക്കുന്നുണ്ടാവുകയും ചെയ്യും.
ഒരു മനുഷ്യന് തൊണ്ണൂറ് വയസ്സാണ് ആയുസ്സെന്നിരിക്കട്ടെ, അതില്‍ പകുതിയും രാത്രിയാണ്. വിശ്രമിക്കാനുള്ള സമയം. ഇനി അതില്‍തന്നെ ബാല്യം, വിനോദങ്ങളും കുസൃതികളും കുറുമ്പുകളും കൊണ്ട് കഴിച്ചുകൂട്ടുന്നു. കൗമാരവും യൗവനവും അത്യാഗ്രഹങ്ങളും വ്യാമോഹങ്ങളുമായി സമ്പത്തിനും കുടുംബത്തിനുമായി വിനിയോഗിക്കുകയും ചെയ്യും. ശേഷിക്കുന്ന വാര്‍ധക്യം, നിരാശാ ബോധവും പേറി തളര്‍ന്ന ശരീരവും മനസ്സുമായി ഒരു മൂലയില്‍ ഒതുങ്ങിക്കൂടുകയും ചെയ്യും. അപ്പോഴും പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനടക്കാന്‍ മനുഷ്യന് വ്യാമോഹിക്കും. എന്നാല്‍ അത് അസാധ്യമാണെന്നതാണ് വസ്തുത.
സമയത്തെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താത്തവരെ രണ്ട് രീതിയില്‍ കാണാവുന്നതാണ്. അതിലൊരു വിഭാഗം, തിരക്കുപിടിച്ച നെട്ടോട്ടത്തിലായിരിക്കും. അവരെന്തൊക്കെയോ ചെയ്യുന്നുണ്ടാവും, എന്നാല്‍ ചെയ്യുന്നതിനൊന്നിനും പൂര്‍ണതയോ വ്യക്തതയോ ഉണ്ടായിരിക്കുകയില്ല. സമയം തികയുന്നില്ലെന്ന് അവര്‍ ഉരുവിട്ടുകൊണ്ടേയിരിക്കും. ഇനി രണ്ടാമത്തെ വിഭാഗക്കാര്‍ക്ക് ഒന്നാം വിഭാഗക്കാരെ അപേക്ഷിച്ച് സമയം കൂടുതലായിരിക്കും. ഓരോ നിമിഷവും തള്ളിനീക്കാനായി അവര്‍ നന്നേ പാടുപെട്ടുകൊണ്ടിരിക്കും. മേഘത്തെ പോലെയായിരിക്കും അവര്‍ക്ക് സമയം സഞ്ചരിക്കുക. അനാവശ്യ സംസാരങ്ങളിലും വിനോദങ്ങളിലുമായി അവര്‍ സമയം ചെലവഴിക്കും. അല്ലെങ്കില്‍ ഉറങ്ങിത്തീര്‍ക്കുകയും ചെയ്യും. ഒരു തരത്തില്‍ സമയത്തെ കൊന്നുകളയുകയാണ് ഇത്തരക്കാര്‍.
സമയത്തോടുള്ള ഇസ്ലാമിക സമീപനം ഖുര്‍ആനിലും പ്രവാചക ചര്യകളിലും വളരെ വ്യക്തമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
നബി(സ) പറയുന്നു: 'അഞ്ച് കാര്യങ്ങളെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടാതെ ആദമിന്റെ പുത്രന് പരലോക ദിനത്തില്‍ തന്റെ കാല്പാദങ്ങള് മുന്നോട്ടു വെക്കാന്‍ കഴിയുകയില്ല. തന്റെ ആയുസ്സ് എന്തിന് ചെലവഴിച്ചുവെന്നും യുവത്വം എന്തിന് വിനിയോഗിച്ചു എന്നും തന്റെ ധനം എങ്ങനെ സമ്പാദിച്ചുവെന്നും തന്റെ വിജ്ഞാനംകൊണ്ട് എന്ത് പ്രവര്‍ത്തിച്ചു എന്നുമാണവ' (തിര്‍മിദി).
ഇതില്‍ അഞ്ചില്‍ രണ്ടും സമയത്തെക്കുറിച്ചാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഇസ്ലാമിക പ്രകൃതിയനുസരിച്ച് എല്ലാം സമയനിശ്ചിതമായിട്ടാണ് രൂപപ്പെടുത്തിയിട്ടുള്ളത്, അഞ്ചു നേരത്തെ നമസ്കാരം സമയനിര്‍ണിതമാണ്. വെള്ളിയാഴ്ചകളിലെ ജുമുഅ ഒരു നിശ്ചിത സമയത്താണ്. റമദാനിലെ നോമ്പിന്റെ രൂപമാണെങ്കില്‍, നിശ്ചിത സമയത്ത് അത്താഴം കഴിക്കുന്നു, നിര്‍ണിത സമയത്താണ് നോമ്പ് തുറക്കേണ്ടത്.
വിശ്വാസിയെ സംബന്ധിച്ചേടത്തോളം ഇഹലോകമെന്നത് അവന് വിരുന്നുവന്ന ഒരിടം മാത്രമാണ്. ഒരു നിശ്ചിതസമയം മാത്രമേ അവന് അവിടെ കഴിച്ചു കൂട്ടാന്‍ സാധിക്കുകയുള്ളൂ. ആ കുറഞ്ഞ സമയത്തെ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നവര്‍ക്കാണ് പരലോകത്ത് വിജയിക്കാനാവുക. മരണം എന്നത് ജീവിതത്തിന്റെ അവസാനമല്ല, തുടക്കമാണ്. മറ്റൊരു ജീവിതത്തിന്റെ തുടക്കം, ഇഹലോക ജീവിതത്തില്‍നിന്നും പരലോക ജീവിതത്തിലേക്കുള്ള തുടര്‍ച്ച. പക്ഷേ, ഇഹലോകത്തില്‍ നന്നായി പണിയെടുത്തവര്‍ക്കു മാത്രമേ പരലോകത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.
സ്വന്തം സമയത്തെ നഷ്ടപ്പെടുത്തുന്നതിനേക്കാള്‍ വളരെ കുറ്റകരമാണ് മറ്റുള്ളവരുടെ വിലപ്പെട്ട സമയത്തെ അപഹരിക്കല്‍. പത്തു അംഗങ്ങളുള്ള ഒരു പ്രധാന കമ്മിറ്റി മീറ്റിംഗ് നടക്കുകയാണ്. സുപ്രധാനമായ വിഷയം ചര്‍ച്ച ചെയ്യാനുള്ളതിനാല്‍ എല്ലാവരും മീറ്റിംഗില്‍ പങ്കെടുക്കുക എന്നത് നിര്‍ബന്ധവുമാണ്. കമ്മിറ്റിയില്‍ ഏഴു പേരും എത്തിക്കഴിഞ്ഞു. എന്നാല്‍ ബാക്കി മൂന്നു പേര് വളരെ വൈകിയാണ് എത്തിച്ചേരുന്നത്. അത് മറ്റുള്ളവരില്‍ സൃഷ്ടിക്കുന്ന വികാരങ്ങളും അവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും ഊഹിക്കാവുന്നതിലും അപ്പുറമാണ്. യോഗം തുടങ്ങുന്നത് അര മണിക്കൂര്‍ വൈകിയാണെങ്കില്‍ നേരത്തേ എത്തിയവര്‍ക്കെല്ലാം അരമണിക്കൂര്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഫലത്തില്‍ മൂന്നോ നാലോ മണിക്കൂര്‍ നഷ്ടപ്പെടുന്നു. കൃത്യസമയത്ത് പൊതുപരിപാടികള്‍ നടക്കുന്നത് വളരെ ചുരുക്കമാണ്. പരിപാടിയില്‍ പങ്കെടുക്കാനുള്ള വ്യക്തികളുടെ സ്ഥാനവും പ്രാധാന്യവും അനുസരിച്ച് അവര്‍ എത്താനുള്ള സമയവും വൈകിക്കൊണ്ടിരിക്കും! നിശ്ചിത സമയത്ത് അതിഥികള്‍ എത്തിച്ചേരുന്നത് പോരായ്മയായിട്ടാണ് പലരും നോക്കിക്കാണുന്നത്. അവരുടെ ആ തെറ്റായ വീക്ഷണം കാരണം സമയം നഷ്ടമാവുന്നത് അവിടെ കൂടിച്ചേരുന്ന പല വ്യക്തികള്‍ക്കുമാണ്.
ഇമാം ഹസനുല്‍ ബസ്വരി പറഞ്ഞു: ''ഓരോ ദിവസവും ഉദിക്കുന്നത് ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ടാണ്; മനുഷ്യാ, ഞാനൊരു പുതിയ സൃഷ്ടി. നിന്റെ കര്‍മത്തിനു സാക്ഷി. അതിനാല്‍, എന്നെ പ്രയോജനപ്പെടുത്തുക. ഞാന്‍ പോയാല്‍ പിന്നെ തിരിച്ചുവരികയില്ല.''
ചിന്തിക്കുന്നവര്‍ക്ക് ഒരുപാട് ഉള്‍ക്കൊള്ളാനുണ്ട് ഹസനുല്‍ ബസ്വരിയുടെ ഈ വാക്കുകളില്‍. മനുഷ്യായുസ്സിനെ കൊന്നുകൊണ്ടാണ് ഓരോ നിമിഷവും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സമയം തന്നെയാണ് ജീവിതം. മരണം കടന്നുവരുമ്പോള്‍ സമയം അവസാനിക്കുന്നു. പിന്നീട് അല്പം മുമ്പിലേക്കോ പിന്നിലേക്കോ ചലിക്കാന്‍ മനുഷ്യന് സാധ്യമല്ല. ഏതു പ്രായത്തിലായാലും, സമ്പന്നതയോ ദാരിദ്ര്യമോ ആയാലും, ജോലിത്തിരക്കുണ്ടെങ്കിലും ഇല്ലെങ്കിലും ആയുസ്സ് നല്ല കാര്യങ്ങള്‍ക്കു വേണ്ടിയാണ് വിനിയോഗിക്കേണ്ടത്.
റസൂല്‍ തിരുമേനി(സ) മറ്റൊരിക്കല്‍ ഇങ്ങനെ പറഞ്ഞു: 'രണ്ടു അനുഗ്രഹങ്ങളില്‍ മിക്ക ആളുകളും വഞ്ചിതരാണ് (നഷ്ടത്തിലാണ്); ആരോഗ്യവും ഒഴിവുസമയവുമാണവ.'
ജോലിയിലോ പഠനത്തിലോ മുഴുകുന്നവര്‍ അതിന്റെ ഇടവേളയില്‍ ലഭിക്കുന്ന സമയം അനാവശ്യമോ പ്രയോജനരഹിതമോ ആയ കാര്യങ്ങള്‍ക്ക് വിനിയോഗിക്കരുത്. ഇഹലോക നേട്ടങ്ങള്‍ക്കു വേണ്ടി നെട്ടോട്ടമോടുമ്പോള്‍ പരലോക പ്രതിഫലത്തെക്കുറിച്ച് അതിഗൗരവമായിത്തന്നെ നമ്മള് ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമുണ്ട്.
മൂന്നു കാര്യങ്ങളെക്കുറിച്ച് നാം എപ്പോഴും ബോധവാന്മാരാവേണ്ടതുണ്ട്:
ഒന്ന്, ഓരോ ചെറിയ നിമിഷത്തെക്കുറിച്ചും അല്ലാഹു ചോദ്യം ചെയ്യുമെന്നും, അങ്ങനെ ചോദ്യം ചെയ്യപ്പെടാതെ ഒരു കാലടി പോലും മുന്നോട്ടു പോവില്ലെന്നുമുള്ള പ്രവാചകന്റെ താക്കീത് മുഴുസമയങ്ങളിലും ആലോചനകളിലുണ്ടാവുക.
രണ്ട്, നമ്മുടെ സമയത്തെ കൊല്ലുന്ന സകല പ്രവണതകളില്‍നിന്നും വിട്ടുനില്‍ക്കുക.
മൂന്ന്, ഇന്നുതന്നെ ചെയ്യാവുന്ന ഒരു കാര്യത്തെ നാളേക്ക് നീട്ടിവെക്കാതിരിക്കുക.
മരണം എന്നാണെന്ന് നിശ്ചയമില്ലാത്തിടത്തോളം ഓരോ നിമിഷവും മനുഷ്യന് ഏറെ വിലപ്പെട്ടതാണ്. മരണസമയത്ത് ഖേദിക്കാതിരിക്കാന്‍, വിചാരണാ സമയത്ത് ശബ്ദമിടറാതിരിക്കാന്‍ ഈ കുറഞ്ഞ സമയത്തെ ബുദ്ധിപരമായി തന്നെ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യമുള്ളപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ ചെയ്തുതീര്‍ക്കാനും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കാനും കൂടുതല്‍ ശ്രമിക്കണം. ശരീരത്തിനു രോഗമോ അവശതയോ ബാധിച്ചാല്‍ പിന്നെ കാര്യമായൊന്നും ചെയ്യാനാവില്ല. ദീര്‍ഘമായി നമസ്കരിക്കാനോ നോമ്പെടുക്കാനോ ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനോ കഴിയുകയില്ല.
എന്തെങ്കിലും കുറ്റങ്ങള്‍ ചെയ്താല്‍ പോലും പാപമോചനം ചെയ്തു മടങ്ങാം. എന്നാല്‍ സമയവും അതുവഴി ആയുസ്സും നഷ്ടപ്പെടുത്തിയാല്‍ അതിനു പകരമായി ഒന്നും തന്നെ പകരംവെക്കാന്‍ നമുക്ക് സാധിക്കുകയില്ല.
ഓരോ വര്‍ഷവും നമ്മില്‍നിന്നും കൊഴിഞ്ഞുപോയത് ഒരിക്കലും തിരിച്ചുവരാത്ത ഇത്തരം നിമിഷങ്ങളുമായാണ്. പുതിയ കൊല്ലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ നമ്മുടെ മനസ്സിലേക്കു വരേണ്ടത് കഴിഞ്ഞ വര്‍ഷത്തെ എങ്ങനെ പ്രയോജനപ്പെടുത്തി എന്ന അവലോകനമാണ്. വരും ദിനങ്ങള്‍ വെറുതെ നഷ്ടപ്പെട്ടുപോകാതിരിക്കാനുള്ള മാര്‍ഗം അതാണ്.