മഞ്ഞപ്പിത്തം അഥവാ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നത് ഹെപ്പറ്റൈറ്റിസ് എ വൈറസുകളും ഹെപ്പറ്റൈറ്റിസ് ഇ വൈറസുകളുമാണ്. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ കരള്‍ ശരീരത്തിലെ അഞ്ഞൂറില്പരം ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. പുനര്‍ നിര്‍മാണശേഷി വളരെ കൂടുതലുള്ള ഈ അവയവം ചില രോഗാവസ്ഥകളില്‍ രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിപ്പിക്കുന്നു. സാധാരണ വിസര്‍ജിച്ച് ശരീരത്തില്‍നിന്ന് പുറത്തേക്ക് പോകുന്ന ഈ ബിലിറൂബിന്റെ തടസ്സം മൂലം രോഗിയുടെ കണ്ണ്, ത്വക്ക് എന്നിവ മഞ്ഞനിറമാകുന്നു.
പനി, വിശപ്പില്ലായ്മ, ശരീരത്തിന്റെ തൂക്കം കുറയല്‍, സന്ധിവേദന, ക്ഷീണം, ചൊറിച്ചില്‍, കണ്ണിനും ത്വക്കിനും മഞ്ഞനിറം എന്നിവയാണ് കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍. Hepatitis A,B,C,D,E,G എന്നീ വൈറസുകളുടെ ആക്രമണം മൂലമാണ് Viral Hepatitis ഉണ്ടാവുന്നത്. ഇവയില്‍ Hepatitis A, Hepatitis E എന്നീ RNA വൈറസുകളാണ് മഞ്ഞപ്പിത്തം അഥവാ Hepatitis Jaundice ഉണ്ടാക്കുന്നത്. കണ്ണിലും ത്വക്കിലും മഞ്ഞനിറം ഉണ്ടാവുക, കരള്‍ വീര്‍ക്കുക, വയറ്റില്‍ അസ്വസ്ഥത, കരളിന്റെ പ്രവര്‍ത്തനങ്ങളില്‍ അസാധാരണത്വം, ചേടിയുടെ നിറമുള്ള മലവിസര്‍ജനം, കറുത്ത നിറത്തിലുള്ള മൂത്രം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ കാണുമ്പോഴാണ് ഹെപ്പറ്റൈറ്റിസ് എന്ന രോഗം പിടിപെട്ടു എന്ന് നാം അറിയുന്നത്. കരളിനെ ഈ സ്ഥിതിയിലെത്തിക്കുന്നതിന് പല കാരണങ്ങളുണ്ട്. അവയില്‍ പ്രധാനമാണ് ബാക്ടീരിയ, വൈറസുകള്‍, പരാഗണങ്ങള്‍ (Parasites)എന്നിവയുടെ ആക്രമണം, വിഷാംശങ്ങള്‍, ചേരാത്ത രക്തഗ്രൂപ്പുകള്‍ സ്വീകരിക്കല്‍, ചാരായം, ചില മരുന്നുകള്‍ എന്നിവ. കരളിന്റെ ഇത്തരം രോഗാവസ്ഥ കുറച്ചു നാളത്തേക്കോ ഗുരുതരാവസ്ഥയില്‍ വളരെ നാളത്തേക്കോ, രോഗം മൂര്‍ഛിച്ച് രോഗിയുടെ മരണത്തിലേക്കോ ഒക്കെ എത്താം.
ഹെപ്പറ്റൈറ്റിസ് എ കാരണമായുണ്ടാവുന്ന കരള്‍ രോഗത്തിലും ഹെപ്പറ്റൈറ്റിസ് ഇ കാരണമായുണ്ടാവുന്ന കരള്‍ രോഗത്തിലും കരളിലെ കോശങ്ങള്‍ നാമാവശേഷമാവുകയും അതിനുശേഷം ആരോഗ്യമുള്ള കരള്‍ കോശങ്ങള്‍ പൂര്‍ണമായും വീണ്ടും ഉണ്ടാവുകയും (Regeneration) ചെയ്യുന്നുവെന്നത് ആശാവഹമാണ്. ഈ രോഗങ്ങളില്‍ സാവധാനമുള്ള രോഗലക്ഷണങ്ങളും രോഗാരംഭവുമാണ് പ്രധാനം. രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കമോ (Contact), മലിനമായ വെള്ളം, ആഹാരം എന്നിവയിലൂടെയോ പകരുന്ന ഈ രോഗബാധ കൂടുതലും യുവജനങ്ങളിലാണ് ഉണ്ടാവുന്നത്. പൂര്‍ണമായും ഭേദമാവുന്ന ഈ രോഗങ്ങള്‍ (Hep. Attep E) Acute Infective Hepatitis എന്നറിയപ്പെടുന്നു.
Hepatitis A വൈറസ് മൂലമുണ്ടാവുന്ന ഹെപ്പറ്റൈറ്റിസ്
മനുഷ്യരില്‍ മാത്രം നിലനില്‍ക്കുന്ന പുറംചട്ട ഇല്ലാത്ത ഹെപ്പറ്റൈറ്റിസ് എ വൈറസുകള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ പകരുന്നതിനുള്ള സാധ്യത അഞ്ചു ശതമാനം മാത്രമാണ്. സാധാരണയായി ഒറ്റക്കും പകര്‍ച്ചവ്യാധിയായും ഈ രോഗം കുട്ടികളിലാണുണ്ടാവുന്നത്. മലിനജലം, ആഹാരം, കുടിവെള്ളം, പാല്, കക്കയിറച്ചി (Shell fech) എന്നിവയിലൂടെ പകരുന്ന ഈ രോഗം പ്രായപൂര്‍ത്തിയായവരില്‍ വിരളമാണ്. മഴക്കാലത്താണ് കൂടുതലും ഉണ്ടാവുന്നത്.
രോഗാണുബാധയേറ്റ അഞ്ചു ശതമാനം ആളുകളില്‍ മാത്രമാണ് ഈ വൈറസ് രോഗമുണ്ടാക്കുന്നത്. എന്നാല്‍ പൂര്‍ണ ഗര്‍ഭാവസ്ഥയിലുള്ള രോഗികളില്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നു. രണ്ടു മുതല്‍ ആറ് ആഴ്ച വരെ ഇന്‍കുബേഷന്‍ സമയമുള്ള ഈ രോഗത്തിന് രണ്ടു ഘട്ടങ്ങളാണുള്ളത്- രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത ആദ്യഘട്ടവും പ്രകടമാവുന്ന രണ്ടാം ഘട്ടവും. രോഗത്തിന്റെ തുടക്കത്തില്‍ രോഗിക്ക് പനി, വിശപ്പില്ലായ്മ, ഛര്ദിക്കാന് തോന്നുക, ക്ഷീണം, കരള്‍ ലോലമാവുക (Tenderness) എന്നിവയുണ്ടാവുന്നു. ഈ രോഗ ലക്ഷണങ്ങളെല്ലാം മഞ്ഞക്കാമലയുടെ തുടക്കത്തോടെ മാറുന്നു. രോഗം ഭേദമാവാന്‍ നാലു മുതല്‍ ആറ് ആഴ്ചകള്‍ വരെ വേണ്ടിവരുന്നു. ഈ കാലഘട്ടത്തില്‍ രോഗി ലളിതമായ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുകയും വിശ്രമിക്കുകയും (Bed rest) ചെയ്യേണ്ടതാണ്. ഗുരുതരാവസ്ഥയിലുള്ള കരള്‍രോഗം സീറോസിസ് (Cirrhosis), കരള്‍ വലുതാവുക, ക്രോണിക് ലിവര്‍ ഡിസീസ് (Chronic Liver Disease) എന്നിത്യാദി രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു.
SGOT (Serum Glutamic Oxalacetic acid) പരിശോധന, ബിലിറൂബിന്‍ പരിശോധന, രക്തം കട്ട പിടിക്കുന്നതിലെ അസാധാരണത്വം എന്നിവ രോഗനിര്‍ണയത്തിന് സഹായകമാണ്.
ഈ രോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വാക്സിന് നിലവിലുണ്ട്. രോഗപ്രതിരോധ ശേഷി ഉണ്ടാക്കാന്‍ ഈ വാക്സിന്റെ രണ്ടു കുത്തിവെപ്പുകള്‍ എടുക്കേണ്ടതാണ്. പത്തുമുതല്‍ ഇരുപത് വര്‍ഷം വരെ രോഗപ്രതിരോധ ശേഷി നല്കുന്ന ഈ വാക്സിന് രോഗം പകരുമെന്ന അവസ്ഥയിലും എടുക്കാവുന്നതാണ്.
ഹെപ്പറ്റൈറ്റിസ് ഇ വൈറസ്
ഈ വൈറസിന് വാഹകര്‍ ഇല്ല. ഇത് ഇവയുടെ പ്രത്യേകതയാണ്. ഈ വൈറസിനെതിരെ വാക്സിനുകളും നിലവിലില്ല. പന്നികളും കുരങ്ങുകളും ഇത്തരം വൈറസിന്റെ കലവറ (Reservoir) യായി വിഹരിക്കുന്നു. മുമ്പ് ഈ രോഗം Hepatitis A വൈറസ്കൊണ്ടാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇവ Hepatitis A യുടെ രോഗ നിര്‍ണയ പരിശോധനകളില്‍ പ്രതികരിക്കാതിരുന്നതിനാലാണ് ഈ വൈറസുകളെ വേറെ ഒരു വൈറസാണെന്ന് മനസ്സിലാക്കിയത്.
അവികസിത രാജ്യങ്ങളിലാണ് ഈ രണ്ടു വൈറസുകളും രോഗം പരത്തുന്നത്. പ്രളയശേഷമുള്ള മലിനജലത്തിലൂടെയും കുരങ്ങുകളുടെയും പന്നികളുടെയും മലമൂത്രവിസര്ജനത്തിലൂടെയും മലിനമാക്കുന്ന അന്തരീക്ഷത്തിലൂടെയുമാണ് പകരുന്നത്. ചെറിയ തോതില്‍ രോഗം വന്നു ഭേദമാകുന്ന Hepatitis E കരള്‍ രോഗം മധ്യവയസ്കരിലാണ് പകര്‍ച്ച വ്യാധി ഉണ്ടാക്കുന്നത്. മഴക്കാലത്തിനു ശേഷവും പ്രളയ ശേഷവുമാണ് ഈ രോഗത്തിന്റെ ആക്രമണം തുടങ്ങുന്നത്.
ഈ വൈറസിന് വാഹകര്‍ ഇല്ല എന്നതും ഇവ മറ്റ് ഹെപ്പറ്റൈറ്റിസ് വൈറസുകളെ പോലെ കാന്‍സറുകള്‍ ഉണ്ടാക്കുന്നില്ല എന്നതും ഇവയുടെ പ്രത്യേകതയാണ്. ഈ രോഗത്തിനെതിരെ ഇതുവരെയും വാക്സിന് ലഭ്യമല്ല.