വെളിച്ചമാകാന്‍ കഴിയണം
ജീവിതത്തെ സുതാര്യവും ചലനാത്മകവുമാക്കുന്നത് ബന്ധങ്ങളും സൗഹൃദങ്ങളുമാണ്. സുഹൃത്തുക്കളോടും രക്തബന്ധമുള്ളവരോടുമുള്ള
ജീവിതത്തെ സുതാര്യവും ചലനാത്മകവുമാക്കുന്നത് ബന്ധങ്ങളും സൗഹൃദങ്ങളുമാണ്. സുഹൃത്തുക്കളോടും രക്തബന്ധമുള്ളവരോടുമുള്ള സ്‌നേഹ ബഹുമാന പെരുമാറ്റങ്ങളാണ് അത് ഊഷ്മളമായി നിലനിര്‍ത്തുന്നത്. എന്നാല്‍ ബന്ധങ്ങള്‍ക്ക് അതിര്‍ത്തികള്‍ കെട്ടിവെച്ചിരിക്കുകയാണ് നാമിന്ന്. വര്‍ഷങ്ങളോളം കാത്തുപോന്ന ബന്ധങ്ങള്‍ പെട്ടന്നങ്ങു ഇല്ലാതായിപ്പോകുകയാണ്. ആരാണ് കേമനെന്ന ഈഗോയാണ് കാരണം. ഒന്ന് വിട്ടുവീഴ്ച ചെയ്യാനും ക്ഷമിക്കാനും ആരെങ്കിലുമൊരാള്‍ തയ്യാറായാല്‍ തീരാവുന്നതേയുള്ളൂ പല പ്രശ്‌നങ്ങളും.
സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതും സംരക്ഷിക്കപ്പെടുന്നതും ചേര്‍ത്തുനിര്‍ത്താനുള്ള മനോഭാവം ഉണ്ടാകുമ്പോഴാണ്. പരസ്പരമുള്ള പൊരുത്തക്കേടുകള്‍ക്കും ഇഷ്്ടക്കേടുകള്‍ക്കും അപ്പുറം ചേര്‍ന്നു പോവാനുള്ള ചെറിയൊരു കാരണമെങ്കിലും കണ്ടെത്തിയാല്‍ ബന്ധങ്ങളെ കൂടെ കൊണ്ടുനടക്കാം. ദമ്പതിമാര്‍ തമ്മിലും രക്ഷിതാക്കളും മക്കളും തമ്മിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും അയല്‍വാസികള്‍ക്കിടയിലും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ഇത്തരത്തിലാണ്. അനാവശ്യ നിയന്ത്രണങ്ങളല്ല പരസ്പരം വേണ്ടത്; അറിഞ്ഞുകൊണ്ടുള്ള സഹവര്‍ത്തിത്വമാണ് വ്യക്തികള്‍ തമ്മിലുണ്ടാവേണ്ടത്. ഇത്തരമൊരു സഹവര്‍ത്തിത്വം ഇല്ലാതാകുമ്പോഴാണ് ഓരോരുത്തരും അകലങ്ങളിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നത്. 'മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല; കോപം വരുമ്പോള്‍ നിയന്ത്രിക്കാനാവുന്നവനാണ് യോദ്ധാവ്.' ഈ വചനമാണ് അസഹിഷ്ണുത തോന്നുമ്പോള്‍ നമ്മുടെ മനസ്സിലുണ്ടാവേണ്ടത്. കാലുഷ്യവും കലഹവും നിറഞ്ഞ നാളുകളിലൂടെയാണ് നാം നാളുകള്‍ നീക്കുന്നത്. ഇതിനിടയില്‍ ഇനിയെങ്കിലും ബന്ധങ്ങളെ പരസ്പരം ഉള്ളറിഞ്ഞ് ചേര്‍ത്തുപിടിക്കാനാവട്ടെ.