തക്കാളി
ഇസ്രയേലില്‍ നടത്തിയ ഒരു ഗവേഷണം പറയുന്നത് തക്കാളിക്ക് രക്തസമ്മര്‍ദം തടയാന്‍ കഴിയുമെന്നാണ്. ഇതിനു കാരണം അതിലടങ്ങിയിട്ടുള്ള 'ലൈകോപിന്‍' എന്ന രാസവസ്തുവാണ്. ഹൃദയസംബന്ധമായ രോഗത്തെ തടയുന്ന ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായുണ്ട്. ഏകദേശം നാലു തക്കാളി പഴമാണ് രക്തസമ്മര്‍ദം തടയാനാവശ്യം. വെറുതെ കഴിക്കാനിഷ്ടമില്ലാത്തവര്‍ക്ക് സലാഡിന്റെ കൂടെ കഴിക്കാം. തക്കാളി ജ്യൂസ്, തക്കാളി ചേര്‍ത്ത കറികള്‍ എന്നിവ ആഹാരത്തിലുള്‍പ്പെടുത്താം.
കാരറ്റ്
ത്വക്കിന്റെയും കണ്ണിന്റെയും ആരോഗ്യത്തിന് ബീറ്റാ കരോട്ടിന്‍ അവശ്യഘടകമാണ്. കാന്‍സറിനെ ചെറുക്കാന്‍ 'ബീറ്റാ കരോട്ടിനു'ള്ള കഴിവും പണ്ടേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ബീറ്റാ കരോട്ടിന്റെ കലവറയാണ് കാരറ്റ്. കാരറ്റ് പച്ചക്ക് ചവച്ചു തിന്നുന്നത് വായ്ക്കുള്ളിലെ അണുക്കളെ നശിപ്പിക്കുകയും ദന്തക്ഷയവും മോണയിലെ വീക്കവും രക്തസ്രാവവും മാറ്റുകയും ചെയ്യും. ഉമിനീരുല്‍പാദനം കൂടുക വഴി ദഹനം ത്വരിതപ്പെടുത്താനും കാരറ്റിനു കഴിവുണ്ട്. കണ്ണ്, തൊലി, എല്ല്, ഹൃദയം, പേശി എന്നിവക്ക് ഊര്‍ജം പകരുന്ന മരുന്നാണ് കാരറ്റ്.
ശീമച്ചക്ക
പോഷക സമൃദ്ധിയിലും രുചിയിലും മുന്‍പന്തിയിലാണ് ശീമച്ചക്ക. അമിനാമ്ലങ്ങളുടെ ഒരു വലിയ കലവറയാണ് ശീമച്ചക്ക. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡ്, ഒമേഗ 6 ഫാറ്റി ആസിഡ് എന്നിവ ധാരാളം ശീമച്ചക്കയില്‍ അടങ്ങിയിട്ടുണ്ട്. നാരുഘടകം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹരോഗികള്‍, ഹൃദ്രോഗികള്‍ എന്നിവര്‍ക്ക് ധാരാളം കഴിക്കാവുന്നതാണ്. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ ശീമച്ചക്കക്ക് നല്ലൊരു പങ്കുണ്ട്. കൂടാതെ രക്തസമ്മര്‍ദം കുറച്ച് വന്‍കുടലില്‍ അര്‍ബുദത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കുന്നതായി വിദഗ്ധര്‍ പറയുന്നു.
വെളുത്തുള്ളി
രക്താതിസമ്മര്‍ദത്തെ ചെറുക്കാനുള്ള വെളുത്തുള്ളിയുടെ സിദ്ധിയെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇതിലുള്ള മഗ്നീഷ്യം, ഫോസ്ഫറസ്, അഡെനോസിന്‍, അലിയം, സള്‍ഫര്‍ സംയുക്തങ്ങള്‍ എന്നീ പദാര്‍ഥങ്ങളാണ് ഈ ഗുണവിശേഷത്തിനുള്ള കാരണം. ഈ പദാര്‍ഥങ്ങള്‍ രക്തപ്രവാഹത്തെ ഊര്‍ജിതമാക്കി രക്തസമ്മര്‍ദം കുറക്കുന്നു. വെളുത്തുള്ളിയിലടങ്ങിയിട്ടുള്ള നിരോക്‌സീകാരികളായ ഫഌവനോയ്ഡുകളും സള്‍ഫര്‍ സംയുക്തങ്ങളും വൃക്ക, അണ്ഡാശയം, വായ, തൊണ്ട തുടങ്ങിയ ഭാഗങ്ങളെ ബാധിച്ചേക്കാവുന്ന അര്‍ബുദങ്ങളെ തടഞ്ഞുനിര്‍ത്താന്‍ കഴിവുള്ളവയാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ട് പുകവലിയുടെ ദോഷങ്ങളെ അകറ്റുന്നു. ഞരമ്പുകളിലുണ്ടാവുന്ന തടസ്സങ്ങള്‍ നീക്കി രക്തപ്രവാഹം വര്‍ധിപ്പിക്കും. പിത്താശയ കല്ല് ഇല്ലാതാക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ക്ഷാരഗുണമുള്ള ഘടകങ്ങള്‍ ബീറ്റ്‌റൂട്ടില്‍ കൂടുതലായതിനാല്‍ കിഡ്‌നിയെയും മൂത്രാശയത്തെയും ശുദ്ധീകരിക്കാന്‍ ബീറ്റ്‌റൂട്ട് കഴിക്കുന്നതും ബീറ്റ്‌റൂട്ട് സത്ത് കാരറ്റിന്റെയും വെള്ളരിയുടെയും സത്ത് ചേര്‍ത്ത് കഴിക്കുന്നതും ഉത്തമമാണ്. കിഡ്‌നിയെയും മൂത്രാശയത്തെയും ബാധിക്കുന്ന പല രോഗങ്ങളെയും മാറ്റാന്‍ ഇതു സഹായിക്കും. മലബന്ധം തടയാനും ബീറ്റ്‌റൂട്ടിന് കഴിവുണ്ട്. ഇതിലുള്ള നാരുകള്‍ ആമാശയത്തിന്റെ സ്വാഭാവിക ചലന ശേഷി കൂട്ടുക വഴി മലശോധന സുഗമമാക്കുന്നു.
ബ്രോക്കോളി
കോളിഫഌവര്‍ പോലുള്ള ഒരിനം പച്ചക്കറിയാണ് ബ്രോക്കോളി. അടുത്ത കാലത്താണ് ഈ പച്ചക്കറി നമ്മുടെ നാടുകളിലെ വിപണികളില്‍ സജീവമായത്. വന്‍കുടലിലെ നീര്‍ക്കെട്ടിനെ കുറക്കാനും കാന്‍സര്‍ സാധ്യതയെ തടയാനുമുള്ള ബ്രോക്കോളിയുടെ കഴിവിനെക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. ബ്രോക്കോളി എങ്ങനെ അന്നനാളത്തിന്റെ ആരോഗ്യത്തിന് ഗുണകരമായി തീരുന്നുവെന്ന് 'ജേര്‍ണല്‍ ഓഫ് ഫങ്ഷണല്‍ ഫുഡ്‌സ്' എന്ന പ്രസിദ്ധീകരണത്തില്‍ പ്രതിപാദിക്കുകയുണ്ടായി. ഇതിന്റെ തന്മാത്രാ സംബന്ധമായ പ്രവര്‍ത്തനം അനാവരണം ചെയ്തിരിക്കുകയാണ് പുതിയ ഗവേഷണഫലം.
ബ്രോക്കോളിയിലടങ്ങിയിരിക്കുന്ന Indole Glucosinolatse ഉദരത്തില്‍ വെച്ച് Indolocarbazole (ICZ) ആയി വിഘടിക്കുന്നു. ഈ ICZ തന്മാത്രകള്‍ AHR നെ ഉത്തേജിപ്പിച്ച് ആമാശയ ഭിത്തിയുടെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും അന്നനാളത്തെ സന്തുലിതമായി നിലനിര്‍ത്തുകയും ചെയ്യുന്നു. ഈ തന്മാത്രാ പ്രവര്‍ത്തനങ്ങളാണ് ബ്രോക്കോളിക്ക് അന്നനാളത്തിലെ കാന്‍സറിനെ പോലും തടയാന്‍ കഴിയുമെന്ന് പറയുന്നതിന്റെ പിന്നിലെ രഹസ്യം.