സംഘത്തില്‍ ഒരുപാട് പേരുണ്ടായിരുന്നു. പല ചിന്തകളുള്ളവര്‍. പല പല ജീവിതങ്ങളുള്ളവര്‍. പോയിക്കൊണ്ടിരിക്കുന്നത് ഒരേ ലക്ഷ്യത്തിലേക്കാണ് എന്നതൊഴിച്ചാല്‍ ചേര്‍ത്തു നിര്‍ത്താന്‍ മാത്രം ഒരു സാമ്യതയുമില്ലാത്തവര്. എന്നിട്ടും 'ഇവരാണെന്റെയെല്ലാം' എന്ന ഭാവത്തില്‍ ആ സംഘത്തിലെ ഓരോരുത്തരും പരസ്പരം ആശ്ലേഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
നൂര്‍ പര്‍വതത്തിന്റെ താഴ്വരയിലാണ് ആ യാത്രാസംഘം എത്തി നില്‍ക്കുന്നത്. 78 വയസ്സായ വല്ലിമ്മയും മൂന്ന് വയസ്സായ ഇയാനും. അതിനിടയിലെ ഓരോ തലമുറയിലേയും പ്രതിനിധികളും ആ സംഘത്തിലുണ്ടായിരുന്നു. അവളാകെ അത്ഭുതത്തിലായിരുന്നു. അതിലേറെ അമ്പരപ്പിലായിരുന്നു. ആരും ഒരു പരാതിയും പറയുന്നില്ലല്ലോ. ഇയാന്‍ പോലും ഒന്ന് വാശി പിടിച്ച് കരഞ്ഞില്ലല്ലോ. അവളുടേതൊഴിച്ച് എല്ലാവരുടെയും മുഖത്ത് പ്രകാശമുണ്ടായിരുന്നു. കണ്ണുകളില്‍ അതിന്റെ പ്രതിഫലനമുണ്ടായിരുന്നു. ഒരു മെഴുകുതിരിയില്‍നിന്ന് മറ്റൊരു മെഴുകുതിരി വെളിച്ചത്തെ കടമെടുക്കുന്നതു പോലെ അവരില്‍ നിന്ന് ഇത്തിരി വെളിച്ചത്തെ കൊളുത്തിയെടുക്കാന്‍ അവള്‍ക്ക് അടങ്ങാത്ത കൊതി തോന്നി.
ജബലുന്നൂറ് കയറുമ്പോള്‍ വിശുദ്ധമായൊരു കാര്യം ഗൂഢമായി ചെയ്യുമ്പോലൊരു പ്രതീതിയായിരുന്നു. ഓരോ പടി കയറുമ്പോഴും അപ്രാപ്യമെന്ന് കരുതിയതിനെ കൈവെള്ളയില്‍ കിട്ടിയെന്നവണ്ണം വരിഞ്ഞു മുറുക്കാനുള്ള ഉന്മാദം അവളില്‍ നിറഞ്ഞു നിന്നു. ചിലര്‍ ഓടിക്കയറുന്നുണ്ട് ചിലര്‍ ചിന്താഭാരവും ചുമലിലേറ്റി പതുക്കെയാണ്. 'ഹിറ കൂടി കണ്ടു കഴിഞ്ഞാല്‍ എനിക്കിനി ജീവിതത്തില്‍ മോഹമൊന്നുമില്ല. ഇനി വിളി വരുമ്പോള്‍ അങ്ങ് പോയാല്‍ മതി.' എഴുപത്തെട്ടുകാരി വലിയൊരു ആത്മനിര്‍വൃതിയോടെ അത് പറഞ്ഞപ്പോള്‍ അവള് അവരെ സൂക്ഷിച്ചു നോക്കി. മുഖം ചുക്കിച്ചുളിഞ്ഞിട്ടുണ്ട്. നഖങ്ങളില്‍ ആയുസ്സിന്റെ പാടുകളുണ്ട്. പക്ഷേ അവരില്‍ വാര്‍ധക്യത്തിന്റെ യാതൊരു പതര്‍ച്ചയുമില്ലായിരുന്നു. ജീവിതത്തിന്റെ കയറ്റിറക്കങ്ങളെയെല്ലാം നേരിട്ട് സ്ഥൈര്യപൂര്‍വം നിലകൊളുന്ന ജബലുന്നൂറിന്റെ മനുഷ്യ രൂപമാണവരെന്ന് തോന്നിപ്പോയി. ഇനിയെനിക്ക് മോഹങ്ങളൊന്നുമില്ല എന്നുച്ചരിക്കാന്‍ ദൈവം അവള്‍ക്ക് ആയുസ്സിനെ കരുതിവെച്ചിട്ടുണ്ടാവുമോ?
പടികള്‍ കയറി അല്പം മുകളിലെത്തിയപ്പോള്‍ ഭിക്ഷക്കാരുടെ നീണ്ട നിരയുണ്ടായിരുന്നു. അവരുടെ കാലുകളില്‍ വേരുണ്ട്. മരങ്ങള്‍ കണക്കെ അവരവിടെ ഉറച്ചുപോയിരിക്കുന്നു. ഓരോ ഭിക്ഷുവിനെ കാണുമ്പോഴും ഉപ്പ ഓരോ റിയാല്‍ അവളുടെ കൈയില്‍ വെച്ചുകൊടുത്തു. ആദ്യം കണ്ട ഭിക്ഷുവിന് അത് കൊടുക്കുമ്പോള്‍ അവള് ഒന്ന് പുഞ്ചിരിച്ചു. മറുചിരി മറന്നുപോയ ഭിക്ഷു കൃത്രിമമായി അതുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അയാളതില്‍ ദയനീയമായി പരാജയപ്പെട്ടുപോയി. സ്ഥായിയായ വിഷാദത്തെ ഊരിയെറിയാന്‍ അയാള്‍ക്കീ ജന്മം കഴിയില്ലെന്ന് തോന്നി.
അവളുടെ കയറ്റം പകുതിയായപ്പോഴേക്ക് വല്ലിമ്മ മുകളിലെത്തിയിരുന്നു - ഹിറ കാണാന്‍ കണ്ണല്ല വേണ്ടത് മനസ്സാണ്. ഹിറ കയറാന്‍ കാലല്ല വേണ്ടത് ഹൃദയമാണ്. ഒടുവില്‍ അവള് മുകളിലെത്തുമ്പോഴേക്ക് സൂര്യനും ഒപ്പം കൂടിയിരുന്നു. 'ഞാന്‍ ഖദീജയാണ്, ഞാന്‍ പ്രവാചകന് റൊട്ടിയും കൊണ്ട് വന്നതാണ്, തളരാന്‍ പാടില്ല 'എന്ന് അവള് സ്വയം വിശ്വസിപ്പിച്ചുകൊണ്ടിരുന്നു. മലമുകളിലെത്തിയാലും ഗുഹ കാണാന്‍ കഴിയില്ല. അതിന് പാറമടക്കുകളിലൂടെ തല മുട്ടാതെ നൂണ്ട് നുഴഞ്ഞ് പോകണം. ഒടുവില്‍ ഹിറ കണ്ണില്‍ തെളിഞ്ഞപ്പോള്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് അവള് വല്ലിമ്മയെ നോക്കി. അവര്‍ക്ക് മനുഷ്യനേക്കാള്‍ മാലാഖയോടാണല്ലോ സാമ്യമുള്ളത്!
നൂറിന്റെ മുകളില്‍നിന്ന് താഴേക്ക് നോക്കിയാല്‍ പേടിച്ചുപോവും. ഇന്ന് കാണുന്നതുപോലെ അന്ന് പടികളൊന്നുമില്ലല്ലോ. ഓരോ പാറയിലും ഖദീജ അള്ളിപ്പിടിച്ചിട്ടുണ്ടാവണം. പാറയില്‍ ഉരസി കാലുകള്‍ വിണ്ടുകീറിയിട്ടുണ്ടാവണം. ഓരോ തവണ വഴുതുമ്പോഴും റൊട്ടിപ്പൊതി അവര്‍ മാറോടടക്കിപ്പിടിച്ചിട്ടുണ്ടാവണം. പ്രിയതമനോടുള്ള പിരിശം വീണ്ടും വീണ്ടും മുകളിലേക്ക് കയറാന്‍ അവര്‍ക്ക് കരുത്തായിട്ടുണ്ടാവണം. ഖദീജയെ അനുഭവിക്കുമ്പോള്‍ വായിച്ചറിവുകളൊക്കെയും നിസ്സാരമാണ്. അവര്‍ അതിലും എത്രയോ മീതെയാണ്.
ജിബ്രീലിന് എഴുപതിനായിരം ചിറകുകളുണ്ട്. ഇടത്ത് ഗുഹയും വലത്ത് പാറമടക്കുകളുമായി നടുവില്‍ നിന്ന് ജിബ്രീലിനെ സങ്കല്പിക്കാന് അവളൊരു ശ്രമം നടത്തി. എഴുപതിനായിരം ചിറകുകളുള്ളൊരാളുടെ വലിപ്പമെത്രയായിരിക്കും! റസൂല്‍ പേടിച്ചതില്‍ അത്ഭുതമൊന്നുമില്ല. അത് സങ്കല്പിക്കാന് ശ്രമിച്ച് അവള് അത്രക്ക് ഭയന്നുപോയിരുന്നു.
പിന്നെയവിടെ നിന്നില്ല. വീണ്ടും ഹിറയെ തിരിഞ്ഞു നോക്കാന്‍ ധൈര്യമില്ലായിരുന്നു. യാഥാര്‍ഥ്യങ്ങളേക്കാള്‍ സങ്കല്പങ്ങളായിരുന്നു അവളെ ഭയപ്പെടുത്തിയിരുന്നത്. മലമുകളില്‍ കഹ്വ കിട്ടുന്നൊരു കടയുണ്ട്. അവിടെയിരുന്ന് എല്ലാവരും കഹ്വ ഊതിക്കുടിച്ചു. ഒരു പാകിസ്താനി ഗായകന് അവിടെയിരുന്നു നബി കീര്‍ത്തനങ്ങള്‍ ആലപിക്കുന്നുണ്ടായിരുന്നു. ഓരോരുത്തരും ആത്മീയ സുഖം കണ്ടെത്തുന്നത് ഓരോ രീതിയിലാണ്. കണ്ണടച്ച് കൈകളില്‍ മുദ്ര കാണിച്ച് ഉന്മാദത്തിന്റെ പാരമ്യത്തിലിരുന്ന് അയാള്‍ പാടിയ നഅത്തുകള്‍ ജബലുന്നൂറില്‍ തങ്ങിനിന്നു. അയാള്‍ക്കൊപ്പമിരുന്ന് പാടുമ്പോള്‍ റൂമിയും ശംസ് തബ്രീസിയും ദൈവത്തെ കണ്ട വഴി അയാളും കണ്ടിട്ടുണ്ടെന്ന് തോന്നി.
സൂര്യന് ഉച്ചിയിലെത്തിയിരിക്കുന്നു. ളുഹ്ര് നമസ്കരിക്കാന്‍ ഹറമിലെത്തണം. ആ യാത്രാ സംഘം പതുക്കെ ജബലുന്നൂര്‍ ഇറങ്ങി. ഉള്ളില്‍ നഷ്ടബോധമാണോ നിസ്സഹായതയാണോ മുഴച്ചു നില്‍ക്കുന്നതെന്ന് തിരിച്ചറിയാനാവുന്നില്ല. എല്ലാവരും ഭ്രാന്തമായ മൗനത്തിലായിരുന്നു. കയറുമ്പോള്‍ മുന്നില്‍ നടന്ന പോലെ ഇറങ്ങുമ്പോഴും വല്ലിമ്മ തന്നെയായിരുന്നു മുന്നില്‍. മലയിറങ്ങുമ്പോള്‍ ഉള്ളില്‍ വല്ലാത്ത നീറ്റല്‍. ഓരോ തവണ മലയിറങ്ങുമ്പോഴും ഖദീജ അറിഞ്ഞതും ഇതേ നോവായിരിക്കും.