അവര്‍ ഒരു ഉമ്മയായിരുന്നു, മൂസാ(അ)യുടെ ഉമ്മ. എല്ലാ ഉമ്മമാരെയും പോലെതന്നെ അവര്‍ തന്റെ കുഞ്ഞിനെ ഗര്‍ഭകാലം മുതല്‍ താലോലിച്ചുപോന്നു. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി കഴിഞ്ഞ ആ മാതാവിന് പക്ഷേ, അവരുടെ സന്തോഷത്തിന് അതിരുകള്‍ വെക്കേണ്ടിവന്നു. ഈജിപ്തിലെ ബനീ ഇസ്രാഈല്‍ വംശജയായിരുന്നു ഉമ്മുമൂസാ. സ്വേച്ഛാധിപതിയായ ഫറോവയുടെ കിരാത ഭരണകാലം. ജനിച്ചു വീഴുന്ന ആണ്‍കുഞ്ഞുങ്ങളുടെ ആയുസ്സിനെ ഭയന്ന ഭരണാധികാരി. അയാള്‍. അന്നാട്ടിലെ നവജാത 'ആണ്'കുഞ്ഞുങ്ങളെയെല്ലാം കൊന്നൊടുക്കി. ഫറോവാ രാജ്യം നശിപ്പിക്കുന്ന ഇബ്രാഹീമി (അബ്രഹാം) വംശജനായ ഒരു കുട്ടി വരുമെന്ന ഇസ്രാഈല്യരുടെ വിശ്വാസമാണ് ഈ ദുരാചാരത്തിന് പിന്നിലെ കാരണം.
കുഞ്ഞുങ്ങളെ നമ്മുടെ കാഴ്ചക്കപ്പുറം വിടുന്നത് ഓരോ മാതാവിനും പ്രയാസമുള്ളതാവും. കുട്ടിയായിരിക്കുമ്പോള്‍ സ്കൂളില്‍ വിടുന്നതും, പഠനത്തിനോ ജോലിക്കോ മറ്റെന്തെങ്കിലും ആവശ്യത്തിനോ നമ്മളില്‍നിന്നും അകന്നു നില്ക്കുന്നതും ഹൃദയവേദനയുള്ള കാര്യമാണ്. കുഞ്ഞുങ്ങള്‍ നമ്മളോടൊപ്പം കഴിയുമ്പോഴും അവരുടെ ഓരോ നീക്കങ്ങളും നമ്മുടെ നിയന്ത്രണത്തിലാവും. വീഴാതിരിക്കാനും മുറിവേല്‍ക്കാതിരിക്കാനും കരുതലോടെ നമ്മളവരെ സംരക്ഷിക്കും. മൂസാ നബി ജനിച്ചപ്പോള്‍ മാതാവിന് കുഞ്ഞിന്റെ ജീവനെ കുറിച്ച് ഭയമായിരുന്നു. അവര്‍ക്കു മുന്നില്‍ ഒരു പോംവഴിയും ഇല്ലെന്ന് തോന്നി. മുന്നോട്ടുപോകാന്‍ മറ്റൊരു വഴിയും കാണാത്ത സാഹചര്യത്തില്‍ പലപ്പോഴും തുണയാകുന്ന പോലെ, അല്ലാഹു അവര്‍ക്കൊപ്പമുണ്ടായിരുന്നു.
''മൂസായുടെ മാതാവിനു നാം സന്ദേശം നല്കി: 'അവനെ മുലയൂട്ടുക. അഥവാ, അവന്റെ കാര്യത്തില്‍ നിനക്ക് ആശങ്ക തോന്നുന്നുവെങ്കില്‍ അവനെ നീ പുഴയിലിടുക. പേടിക്കേണ്ട, ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും നാമവനെ നിന്റെയടുത്ത് തിരിച്ചെത്തിക്കും. അവനെ ദൈവദൂതന്മാരിലൊരുവനാക്കുകയും ചെയ്യും' (ഖുര്‍ആന്‍ 28:7).
എല്ലാവിധ മാനുഷിക വികാരങ്ങളുമുപേക്ഷിച്ച്, അല്ലാഹുവിലുള്ള വിശ്വാസം തീവ്രമാക്കിയ ഒരു സ്ത്രീയുടെ മനോഹരമായ മാതൃക ഉമ്മു മൂസായിലൂടെ അല്ലാഹു നമുക്കായി കാത്തുസൂക്ഷിച്ചിരിക്കുന്നു. എന്താണ് അല്ലാഹു അവരോട് ആവശ്യപ്പെടുന്നതെന്ന് ഒരു നിമിഷം ആലോചിക്കുക. സ്വന്തം നവജാത ശിശുവിനെ കടലില്‍ കിടത്തുന്നതും, പകരമായി വിലമതിക്കാനാകാത്ത മറ്റെന്തെങ്കിലും നല്‍കുമെന്ന് വാഗ്ദത്തം നല്കപ്പെട്ടതായും സങ്കല്‍പ്പിക്കുക. എല്ലാ വാഗ്ദാനങ്ങള്‍ക്കുമപ്പുറം തന്റെ കുഞ്ഞിനെ നെഞ്ചോടണയ്ക്കാത്ത ഉമ്മമാര് ഉണ്ടാവില്ല. എന്നാല്‍, തന്റെ നാഥന് കുഞ്ഞുമോനെ സംരക്ഷിച്ച് അവളിലേക്ക് തിരികെ കൊണ്ടുവരുമെന്നതിനാല്‍ ഭയപ്പെടുകയോ സങ്കടപ്പെടുകയോ ചെയ്യേണ്ടതില്ലെന്നും അവരുടെ മകന് ഒരു സന്ദേശവാഹകനാകുമെന്നും അല്ലാഹു അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഉമ്മുമൂസ അല്ലാഹുവിന്റെ വാഗ്ദാനം സ്വീകരിച്ചു.
മാതൃസഹജമായ എല്ലാ വൈകാരികതകള്‍ക്കും മീതെ അല്ലാഹുവിലുള്ള വിശ്വാസം ശക്തമായിരുന്നു. സ്വന്തം കുഞ്ഞിനെ സ്വന്തം കൈകൊണ്ട് വെള്ളത്തിലിടാന്‍ ഒരു മാതാവിന് കഴിയുമോ?! ആ സമയത്ത് അവര്‍ക്കെന്ത് തോന്നിയിരിക്കുമെന്ന് നമുക്ക് ഊഹിക്കാനാകുമോ? അവര്‍ അചിന്തനീയമായത് ചെയ്തു! ''മൂസായുടെ മാതാവിന്റെ മനസ്സ് ശൂന്യമായി. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചുനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്റെ കാര്യം അവള് വെളിപ്പെടുത്തുമായിരുന്നു. അവള് സത്യവിശ്വാസികളില്‍ പെട്ടവളാകാനാണ് നാമങ്ങനെ ചെയ്തത്'' (ഖുര്‍ആന്‍ 28:10).
അല്ലാഹു വാഗ്ദാനം ചെയ്തതുപോലെ, ഫറവോന്റെ ഭാര്യ കുഞ്ഞ് മൂസായെ കണ്ടെത്തി. ജനിച്ചുവീഴുന്ന എല്ലാ ആണ്‍കുട്ടികളെയും കൊല്ലാന്‍ ഹൃദയശൂന്യമായി ആജ്ഞാപിച്ച സ്വേച്ഛാധിപതിയായ രാജാവ് അയാളറിയാതെ തന്നെ, തന്റെ നിലനില്‍പ്പിന് ഭീഷണിയാകാന്‍ പോകുന്ന വ്യക്തിയെ വളര്‍ത്തിയെടുക്കുകയായിരുന്നു. അങ്ങനെ ദത്തെടുക്കപ്പെട്ട മൂസാ(അ) പ്രായപൂര്‍ത്തിയാകുന്നതുവരെ ഫറവോന്റെ ചിറകിന് കീഴില്‍ വളര്‍ന്നു. ഖുര്‍ആനില്‍ പറഞ്ഞതുപോലെ, അവര്‍ പരസ്പര ശത്രുക്കളായിരുന്നു, എന്നാല്‍ അതുവരെ, മൂസാ(അ)യെ ഫറവോന് പരിപാലിക്കണമെന്നത് അല്ലാഹുവിന്റെ തീരുമാനമായിരുന്നു.
കാര്യങ്ങള്‍ അസാധ്യമാണെന്ന് തോന്നിയ ഒരു സമയത്ത്, തന്നില്‍ ആശ്രയിക്കാന്‍ അല്ലാഹു ഒരു സ്ത്രീയോട് ആവശ്യപ്പെടുകയും ആ വിശ്വാസത്തിന് പകരമായി അവര്‍ക്ക് തന്റെ സംരക്ഷണം വാഗ്ദാനം ചെയ്യുകയും ചെയ്തു. അല്ലാഹു എപ്പോഴും തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നവനാണ്. മൂസാ(അ)യുടെ മാതാവിന്റെ ഹൃദയം 'ശൂന്യമായി' എന്ന് അല്ലാഹു ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ ആഘാതകരമായ സംഭവത്തില്‍ അവര്‍ വൈകാരികമായി തളര്‍ന്നുപോയിരുന്നു എന്നാണ് അത് സൂചിപ്പിക്കുന്നത്. ഇത് തന്റെ കുട്ടിയാണെന്ന് ഉറക്കെ വിളിച്ച് അവനെ അനുഗമിച്ച് കൊട്ടയിറങ്ങിയ ഫറവോന്റെ കോട്ടയിലേക്ക് പോയി അവനെ തിരികെ കൊണ്ടുപോകാന്‍ പോവുകയായിരുന്നു അവര്‍! എന്നാല്‍, അല്ലാഹു അവരുടെ ഹൃദയത്തെ ശക്തിപ്പെടുത്തുകയും സമാധാനിപ്പിക്കുകയും ചെയ്തു. നിങ്ങള്‍ അല്ലാഹുവിന്റെ അടുത്തേക്ക് മടങ്ങുകയും അവന്റെ സഹായം തേടുകയും ചെയ്താല്‍ ഏത് ദുരന്തത്തെയും മറികടക്കാന്‍ കഴിവ് നല്കുന്നവനാണവന് എന്ന തിരിച്ചറിവിലെത്തും. പ്രയാസങ്ങളെ അതിജീവിക്കാനുള്ള വൈകാരിക ശേഷി നല്കാന് കഴിയുന്നത് അവന് മാത്രമാണ്.
ഉമ്മുമൂസായുടെ കഥയില്‍ വലിയൊരു പാഠമുണ്ട്. ഒരാളുടെ കഴുത്ത് ഒരു കൊലയാളിയുടെ കത്തിക്ക് കീഴിലാണെങ്കിലും, പടച്ചവന് നിങ്ങളെ സംരക്ഷിക്കുന്നുണ്ടെങ്കില്‍, ആ കൊലയാളിക്ക് നിങ്ങള്‍ക്ക് ഒരു ദോഷവും ചെയ്യാന്‍ കഴിയില്ലെന്ന്. അല്ലാഹുവില്‍ ആശ്രയിച്ചവനെ അവനൊരിക്കലും കൈവിടില്ല. എത്ര അസാധ്യമെന്നു തോന്നിയാലും അല്ലാഹുവിന്റെ വാഗ്ദത്തം എപ്പോഴും സത്യമാണ്. ''ഇങ്ങനെ നാം മൂസായെ അവന്റെ മാതാവിന് തിരിച്ചേല്പിച്ചു. അവളുടെ കണ്ണ് കുളിര്‍ക്കാന്‍. അവള് ദുഃഖിക്കാതിരിക്കാനും. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് അവളറിയാനും. എന്നാല്‍, അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നവരല്ല'' (ഖുര്‍ആന്‍-28:13).