(പൂര്‍ണ്ണചന്ദ്രനുദിച്ചേ....27)
ഹുവൈരിസ് വല്ലാത്ത കലിപ്പിലാണ്. അയാള്‍ സ്വയം ചോദിച്ചു: മക്കയിലേക്ക് വരുന്ന മുഹമ്മദിനെയും സംഘത്തെയും തീക്കൂട്ടി കത്തിക്കാന്‍ എന്തേ മക്കക്കാര്‍ മടിക്കുന്നു? പുതിയ സംഭവവികാസങ്ങളോട് മക്കക്കാര്‍ രാജിയാവുന്നത് കണ്ട് അയാളുടെ രോഷവും അമ്പരപ്പും ഇരട്ടിച്ചു. മുഹമ്മദും അനുയായികളും പുണ്യപുരാതന ദൈവഗേഹം ത്വവാഫ് ചെയ്യുന്നത് കാണാനായി മക്കക്കാര്‍ താല്പര്യപൂര്വം കാത്തിരിക്കുകയാണത്രെ. എന്താകും അതിന് കാരണമെന്ന് അയാള്‍ നിരൂപിച്ചു നോക്കി. എല്ലാ നിലക്കും സ്തംഭിച്ചുപോയ തങ്ങളുടെ ജീവിതാവസ്ഥകളോടുള്ള മടുപ്പും മുഷിപ്പും കാരണമാവുമോ മക്കക്കാര്‍ ഈ കാഴ്ച കാണാനായി ചാടിപ്പുറപ്പെടുന്നത്? ഇനി, കഅ്ബ എല്ലാ അറബികള്‍ക്കും അവകാശപ്പെട്ടതാണ്, മുഹമ്മദും കൂട്ടരും അറബികളല്ലേ, അവരും വന്ന് ആരാധനാദി കര്‍മങ്ങള്‍ നിര്‍വഹിച്ച് പൊയ്ക്കോട്ടെ എന്ന വിശാല മനസ്സ് കാണിക്കുന്നതാവുമോ? ചിലപ്പോള്‍ ഇതൊന്നുമായിരിക്കില്ല കാരണങ്ങള്‍. ഹുവൈരിസ് വിചാരിച്ചതിനേക്കാള്‍ ഗൗരവപ്പെട്ട കാരണങ്ങളുണ്ടാവാം. വര്‍ഷങ്ങളായി തുടരുന്ന ആക്രമണങ്ങളും ഭീഷണിപ്പെടുത്തലുകളും വിദ്വേഷ പ്രചാരണങ്ങളും ആളുകളെ മടുപ്പിച്ചതിനാല്‍, അവര്‍ സ്വസ്ഥതയും സമാധാനവും കാംക്ഷിക്കുന്നതാവുമോ അതിന് പിന്നിലുള്ള കാരണം?
ഏതായാലും ഹുവൈരിസിന്റെ കാഴ്ചയില്‍, ഇത് പൊറുക്കാനാകാത്ത മഹാപാതകമാണ്. ഇത് മുഹമ്മദിന് കാലുറപ്പിക്കാന്‍ അവസരം കൊടുക്കലാണ്. ഏറ്റവും ചുരുങ്ങിയത് മുഹമ്മദിന് ആശയപ്രചാരണം നടത്താനുള്ള അവസരമെങ്കിലും അത് നല്കാതിരിക്കില്ല. അറേബ്യന്‍ ഉപദ്വീപിന്റെ തലങ്ങും വിലങ്ങും മുഹമ്മദിന് അനുയായികള്‍ വര്‍ധിക്കാന്‍ അത് കാരണമാകും. അവസാനം മക്ക ഒറ്റപ്പെടും. മുഹമ്മദിന്റെ പാദങ്ങള്‍ ചുംബിച്ചുകൊണ്ട് അതിന് മുട്ടുകുത്തി നില്‍ക്കേണ്ടി വരും. മുഹമ്മദിന് അനുസരണ പ്രതിജ്ഞയെടുത്ത് കൂറ് പ്രഖ്യാപിക്കേണ്ടി വരും. അപ്പോഴും, മക്കക്കാര്‍ ഇസ് ലാമിനോട് ചായ് വ് പുലര്ത്തുന്നവരാവുകയാണ് എന്ന് അംഗീകരിക്കാന്‍ ഹുവൈരിസ് തയാറല്ല. അങ്ങനെയെങ്കില്‍ മരണമാകും ജീവിച്ചിരിക്കുന്നതിനേക്കാള്‍ അഭികാമ്യം. നമ്മുടെ തറവാടിത്തത്തിനും കുല മഹിമക്കും ഒരു വിലയുമില്ലെന്ന് വന്നാല്‍ പിന്നെ എന്തിനീ ജീവിതം! മക്കക്കാരെയും അവരുടെ നേതാക്കളെയും ഹുവൈരിസ് ശപിച്ചു. ജനഹൃദയങ്ങളില്‍ മുഹമ്മദിനോടുള്ള വിദ്വേഷം നീങ്ങിയാല്‍ മുഹമ്മദ് പറയുന്നതിനോടും അവര്‍ക്ക് താല്പര്യം തോന്നും.
ഹുവൈരിസ് ഭാര്യയെ നീട്ടി വിളിച്ചു:
''പുതുതായി വാങ്ങിച്ച ആ ചാട്ടുളികളും കുന്തങ്ങളുമൊക്കെ ഇങ്ങെടുത്തോ...''
അവള് അന്തം വിട്ടു നില്‍ക്കുകയാണ്.
''നിങ്ങളിത് എന്ത് കരുതിയാണ്? യുദ്ധമൊന്നും ഇല്ല എന്നാണല്ലോ കേട്ടത്. ആളുകളൊക്കെ മൊട്ടക്കുന്നുകളിലേക്കും മലഞ്ചരിവുകളിലേക്കും പോകാനുള്ള പുറപ്പാടിലാണ്. മൂന്ന് ദിവസം കഴിഞ്ഞേ അവര്‍ തിരിച്ചുവരൂ. അപ്പോഴേക്കും മുഹമ്മദും സംഘവും ആരാധനകള്‍ നിര്‍വഹിച്ചു കഴിഞ്ഞിരിക്കും.''
അയാള്‍ ഒച്ചയിട്ടു: ''നിന്റെ മണ്ടത്തരത്തിന് ഒരു കുറവുമില്ല. നാവില്‍ വിഡ്ഢിത്തമല്ലാതെ മറ്റൊന്നും വരില്ല. നീ പറഞ്ഞത് കേള്‍ക്ക്. എടുത്തുകൊണ്ടു വാ അതൊക്കെ.''
അവള് ഒട്ടും താല്പര്യമില്ലാതെ ആയുധങ്ങള്‍ എടുക്കാന്‍ പോയി. ഭര്‍ത്താവിന്റെ കളികള്‍ കണ്ട് അവള്‍ക്ക് എന്ത് ചെയ്യണമെന്ന് നിശ്ചയമില്ല. ഇയാള്‍ എങ്ങനെയൊക്കെ പെരുമാറുമെന്ന് മുന്‍കൂട്ടി കാണാനേ പറ്റില്ല. സന്തോഷ സന്ദര്‍ഭങ്ങളില്‍ ഇയാള്‍ കുരച്ചു ചാടുകയായിരിക്കും. ദുഃഖ വേളകളില്‍ പൊട്ടിച്ചിരിക്കുന്നതും കാണാം. ജനങ്ങള്‍ സമാധാനത്തിന്റെ വീണ മീട്ടുമ്പോള്‍ ഇയാള്‍ യുദ്ധത്തിന് ഒരുക്കങ്ങള്‍ നടത്തുകയാവും. ജനങ്ങള്‍ ഉറങ്ങുമ്പോള്‍ ഇയാള്‍ ഉണര്‍ന്നിരിക്കും. അവര്‍ ശാന്തരായിരിക്കുമ്പോള്‍ ഇയാള്‍ ഇളകിമറിയുകയായിരിക്കും.
കുന്തത്തില്‍ പറ്റിപ്പിടിച്ച തുരുമ്പ് തുടച്ചുകൊണ്ട് ഹുവൈരിസ് പറഞ്ഞു: ''നമ്മെക്കുറിച്ച് പേടിയുണ്ടെങ്കിലേ മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ പറ്റൂ. മാന്യത ദൗര്‍ബല്യത്തിന്റെ മറ്റൊരു പേരാണ്. സ്വപ്നം കണ്ടുനടക്കുന്നവരുടെയും നിക്ഷിപ്ത താല്പര്യക്കാരുടെയും വൃഥാ മോഹമാണ് സമാധാനം.''
''നിങ്ങള്‍ എന്തൊക്കെയാണിപ്പറയുന്നത്? എനിക്കൊന്നും മനസ്സിലാവുന്നില്ല.''
മനസ്സിലാക്കിത്തരാം -ഹുവൈരിസ് പറഞ്ഞു.
"മൂല്യങ്ങളെപ്പറ്റി പറഞ്ഞല്ലോ. നമ്മുടെ മൂല്യങ്ങള്‍ എന്ന് വിളിക്കുന്നതിനൊന്നും യഥാര്‍ഥ മൂല്യമില്ല. ഒട്ടും സത്യസന്ധവുമല്ല അതൊന്നും. ഉദാഹരണത്തിന്, ഹുദൈബിയാ സന്ധി. അത് വലിയൊരു മൂല്യമായി കൊണ്ടാടുകയാണ്. ഒരു താല്‍ക്കാലിക സന്ധി. അതുകൊണ്ട് ഗുണമുണ്ടെന്ന് ഖുറൈശികള്‍ കണ്ടു. അതിനപ്പുറം വേറെ ചില ഗുണങ്ങള്‍ മുഹമ്മദും കണ്ടു. അങ്ങനെ പത്ത് വര്‍ഷത്തേക്ക് ഒരു ഉടമ്പടിയുണ്ടാക്കി. സമാധാന ഉടമ്പടി താല്ക്കാലികമാവുക എന്നത് തന്നെ തമാശയല്ലേ? അപ്പോള്‍ പറഞ്ഞുവന്ന കാര്യം, അവരും നമ്മളും തമ്മിലുള്ള ആ കുടിപ്പകയില്ലേ, അതെങ്ങോട്ടും പോകില്ല. ഇരുപക്ഷത്ത് നിന്നും ഇരകളുടെ രക്തമൊഴുക്കി അത് ഹൃദയങ്ങളില്‍ പ്രതികാരാഗ്നി കത്തിക്കും. ഇപ്പോ മനസ്സിലായോ?"
അവള്, മനസ്സിലായെന്ന മട്ടില്‍ തലയാട്ടി.
''എന്നാലും ഇതൊക്കെ നിങ്ങള്‍ ഇപ്പോഴെന്തിനാണ് ചിന്തിച്ചു കൂട്ടുന്നത്?''
ദുരുദ്ദേശ്യം ഒളിപ്പിച്ച ചിരി അയാളുടെ മുഖത്ത് പടര്‍ന്നു.
''പകയും ശത്രുതയും മാറിയിട്ടില്ല. പണ്ടത്തെപ്പോലെ തന്നെ. കരാര്‍ ഒട്ടും ആത്മാര്ഥതയില്ലാത്തതും താല്ക്കാലികവും. എങ്കില്‍ ഈ വിഡ്ഢികളുടെ കൂടെ എന്തിന് ഈ കെണിക്ക് തലവെച്ചുകൊടുക്കണം? സത്യം മനസ്സിലാക്കി അതിനൊത്ത് പ്രവര്‍ത്തിക്കുന്ന ഏക മക്കക്കാരനായി ഞാന്‍ മാറുകയാണ്. ഞാന്‍ യുദ്ധം ചെയ്തിരിക്കും.''
അവള് പിരിമുറുക്കത്തിലായി. അവളുടെ ശബ്ദം വല്ലാതെ ഉയര്‍ന്നിരുന്നു.
''നിങ്ങള്‍ ഒറ്റക്ക് പോയി യുദ്ധം ചെയ്യുകയോ? മക്കയില്‍ ഒരുത്തനും ഇങ്ങനെ ചിന്തിക്കുന്നില്ല.''
''മുഹമ്മദും തുടക്കത്തില്‍ ഒറ്റയാനായിരുന്നില്ലേ. നമ്മള് എത്രയാ മൂപ്പരെ കളിയാക്കിയതും പരിഹസിച്ചതും. ഇന്നെന്താ സ്ഥിതി? പതിനായിരങ്ങളാണ് അനുയായികള്‍.''
''അതും ഇതും ഒരുപോലെയല്ല, ഹുവൈരിസ്. നിങ്ങള്‍ ഒറ്റക്ക് യുദ്ധത്തിന് പോയാല്‍ അതിന് ആത്മഹത്യ എന്നാണ് പറയുക. ഒരൊറ്റ വെട്ടിന് നിങ്ങളുടെ കഥ തീരും. നിങ്ങളോട് ചെയ്തത് ചതിയായിപ്പോയി എന്നാരും പറയില്ല. രേഖാമൂലമുള്ള ഒരു കരാറിലൂടെ മക്ക അതിന്റെ പൂര്‍വപ്രതാപത്തിലേക്ക്, സമാധാനത്തിലേക്ക് വരികയാണ്.''
അയാള്‍ പരിഹാസത്തോടെ ചിരിച്ചു.
''ഞാനതിന് ഒരു വശം മാത്രമല്ലേ പറഞ്ഞുള്ളൂ.''
''മറുവശം എന്താണ്?''
''ഈ കള്ളക്കരാര്‍ ജനം മറക്കണം. അവരെ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചെത്തിക്കണം. യുദ്ധം തുടരും എന്നതാണ് ആ യാഥാര്‍ഥ്യം. കുറഞ്ഞ കാലത്തേക്ക് യുദ്ധം നിര്‍ത്തിവെക്കുക എന്നത് മണ്ടത്തരമല്ലേ? പെണ്ണേ, മണല്‍ തരികളില്‍ വീണ്ടും ചോര പടരുമ്പോള്‍, പ്രതികാരത്തിന്റെ ഭ്രാന്തമായ കൊലവിളികള്‍ ഉയരുമ്പോള്‍, നമ്മള് വീണ്ടും കുടിപ്പക കത്തിക്കാനായി പാട്ടുകെട്ടുമ്പോള്, എല്ലാം തകിടം മറിയും. അതാണ് നീ കാണാനിരിക്കുന്ന മറുവശം.''
അവള് അന്തംവിട്ട് അയാളെത്തന്നെ നോക്കിയിരിക്കുകയാണ്. ഒരക്ഷരം പറയാന്‍ കഴിയുന്നില്ല. യുദ്ധോപകരണങ്ങളില്‍ പറ്റിപ്പിടിച്ച പൊടിയും തുരുമ്പും തുടച്ചുകൊണ്ടിരിക്കെ ഹുവൈരിസ് തന്നെയാണ് സംസാരിക്കുന്നത്:
''ചിലര്‍ എന്നെ പരിഹസിക്കുന്നുണ്ട്. ഒരു പെണ്ണിനെ, മുഹമ്മദിന്റെ മകള്‍ സൈനബിനെ കടന്നാക്രമിച്ചവനല്ലേ എന്ന്. പരിഹാസക്കാര്‍ പോയി തുലയട്ടെ. ഒരു പെണ്ണിനെയും ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മുഹമ്മദിന്റെ ഖല്ബില് കൊള്ളുന്ന ഒരു പ്രഹരം. അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ. മോളെ കടന്നാക്രമിക്കുമ്പോള്‍ വാപ്പയാണ് എന്റെ മനസ്സില്‍ എന്നര്‍ഥം. മുഹമ്മദ് ആള് ബുദ്ധിമാന് തന്നെ. എന്റെ രക്തം ചിന്താനും അനുവാദം കൊടുത്തതല്ലേ. ഹ...ഹ...ഹ''
അവളുടെ പ്രതികരണം മറ്റൊരു തരത്തിലായിരുന്നു:
''ആ നര്‍ത്തകി ലുഅ്ലുഅയുടെ മടിയില്‍ തലവെച്ചു കിടക്കുന്നവന് എന്നും ആളുകള്‍ പരിഹസിക്കുന്നുണ്ട്.''
പൊട്ടിച്ചിരിച്ച് അയാള്‍ മലര്‍ന്ന് വീഴാന്‍ പോയി.
''ദുഷ്ടേ, നിനക്കെന്തറിയാം! അതൊരു ന്യൂനതയല്ല. പൗരുഷത്തിന്റെ അടയാളമാണ്. നിനക്ക് അസൂയയാണ്.''
അവള്‍ക്ക് നന്നായി കലിവരുന്നുണ്ടായിരുന്നു:
''അസൂയയോ? എനിക്കോ? ഈ അഴിഞ്ഞാട്ടക്കാരിയുടെ കാര്യത്തിലോ?''
''നിനക്കറിയാഞ്ഞിട്ടാണ്. പ്രമാണിമാര്‍ വരെ അവളുടെ കാല്ച്ചുവട്ടിലിരിക്കാന് കൊതിക്കുന്നവരാണ്. പക്ഷേ, എന്നോട് കാണിക്കുന്ന ഇണക്കം അവള്‍ക്ക് മറ്റാരോടുമില്ല. അവളുടെ ചാരത്തിരിക്കുമ്പോള്‍ ഗമയും മൂല്യവും പൗരുഷവുമൊക്കെ ഒന്ന് കൂടിയതായി തോന്നും.''
''ഈ ഒരുമ്പെട്ടവളാണോ നിങ്ങളുടെ മൂല്യം ഉയര്‍ത്തുന്നത്! അവള് നിങ്ങളെ ചതിക്കും.''
''അതിനൊന്നും അവസരമില്ല. എനിക്ക് വേണ്ടത് അവള്‍ക്കറിയാം. അവള്‍ക്ക് വേണ്ടത് എനിക്കുമറിയാം. ഇങ്ങനെയൊരു ധാരണയിലാണ് ഞങ്ങള്‍...'
സംസാരം തുടരാന്‍ താല്പര്യമില്ലാതെ, അവള്‍ക്ക് മുഖം കൊടുക്കാതെ ഹുവൈരിസ് തിരിഞ്ഞു നടന്നു. എങ്ങോട്ട് പോകണം? അബൂസുഫ് യാന്റെ അടുത്തേക്കായാലോ... പ്രമാണിമാരൊക്കെ അവിടെ കാണും. മുഹമ്മദിനെ പൊടുന്നനെ കേറി ആക്രമിക്കുക എന്ന ആശയം അവരുടെ മുന്നില്‍വെക്കാം. അവരെ ബോധ്യപ്പെടുത്താനായാല്‍ തന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടും. അബൂസുഫ് യാന്റെ വീട്ടിലേക്കുള്ള യാത്രയില്‍ ചിലരെ അയാള്‍ വഴിയില്‍ കാണുന്നുണ്ട്. അവര്‍ സാധനസാമഗ്രികള്‍ കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റുകയാണ്. ഒന്നുകില്‍ 'അബൂഖുബൈസി'ലേക്ക്, അല്ലെങ്കില്‍ 'ഹിറാ'യിലേക്ക് പുറപ്പെടാന്‍ ഒരുക്കങ്ങള്‍ നടത്തുകയാണവര്‍. അവിടെ നേരത്തെ ചെന്ന് നല്ല സ്ഥലങ്ങളില്‍ തമ്പ് കെട്ടാമല്ലോ. മുസ് ലിം യാത്രാസംഘങ്ങള്‍ എത്തുന്നതിനാല്‍ രണ്ടുമൂന്നു ദിവസം മക്കാനിവാസികളെല്ലാം തങ്ങളുടെ താമസസ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞുകൊടുക്കണമെന്ന വ്യവസ്ഥയുണ്ട്. ഹുവൈരിസ് തന്നോട് തന്നെ മന്ത്രിച്ചു: ''ഈ അല്‍പ്പ ബുദ്ധികള്‍ പര്‍വതങ്ങളുടെ മണ്ടയിലേക്ക് കയറാന്‍ പോവുകയാണ്. ഹുദൈബിയ കരാര്‍ എന്ന മണ്ടത്തരത്തിന്റെ പേരില്‍ സ്വന്തം നഗരവും വീടും ഉപേക്ഷിച്ച് പോവുകയാണ്. ഇത് കരാര്‍ പാലനമാണല്ലോ എന്നാണ് പറയുന്നത്. യഥാര്‍ഥത്തിലിത് ഭീരുത്വവും അപമാനവുമല്ലേ?''
അബൂസുഫ് യാന്റെ വീടെത്തിയപ്പോള്‍ കണ്ടു, അവിടെ ധാരാളം പേര് കൂടിയിട്ടുണ്ട്. ഇക് രിമതുബ്നു അബീ ജഹല്, ഖാലിദ് ബ്നുല്‍ വലീദ്, ജുബൈര്‍ ബ്നു മുത്വ്ഇം, ഹംസയെ കൊലപ്പെടുത്തിയതിന് പ്രത്യുപകാരമായി അടിമത്തത്തില്‍നിന്ന് മോചിതനായ വഹ്ശി ബ്നു ഹര്‍ബ്.... ഈ വഹ്ശിയുടെ രക്തവും ചിന്താന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ബനൂ ഹാശിം, റബീഅ പോലുള്ള കുടുംബങ്ങളില്‍നിന്നുള്ള വേറെ കുറേ ആളുകളും അവിടെയുണ്ട്. വളരെ ശാന്തമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. അബൂസുഫ് യാനാണ് സംസാരിക്കുന്നത്.
"മൂന്ന് ദിവസമല്ലേ, അത് പെട്ടെന്ന് കഴിയും. കാര്യങ്ങള്‍ മുമ്പത്തെപ്പോലെ തന്നെയാവും. എനിക്ക് മനസ്സില്‍ ഒരു ഭയവുമില്ല. ഒരു കാരണവശാലും കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്ന ആളല്ല മുഹമ്മദ്. വിശുദ്ധ ഗേഹം സന്ദര്‍ശിക്കുക മാത്രമേ മൂപ്പര്‍ക്ക് ഉദ്ദേശ്യമുള്ളൂ. ഇത് മൂഹമ്മദിന്റെ മാത്രമല്ല, എല്ലാ അറബിയുടെയും അവകാശമാണല്ലോ. കഴിഞ്ഞ വര്‍ഷം മുഹമ്മദിനെയും സംഘത്തെയും മക്കയില്‍ കടക്കാന്‍ നാം സമ്മതിച്ചില്ല. ആള് മടങ്ങിപ്പോവുകയും ചെയ്തു. യുദ്ധം ചെയ്യാനല്ല ഈ വരവ്. അവരുടെ ഏതാനും കുതിരപ്പടയാളികള്‍ പരിസരങ്ങളില്‍ കാണും. അതൊരു മുന്‍കരുതലായി കണ്ടാല്‍ മതി. അതൊന്നും സന്ധിവ്യവസ്ഥകള്ക്ക് എതിരുമല്ല. ഇതിന്റെ പേരില്‍ മറ്റു അറബികള്‍ നമ്മുടെ ശക്തിയെ കൊച്ചാക്കുകയൊന്നുമില്ല. കഴിഞ്ഞ വര്‍ഷം നമ്മള് വിശുദ്ധ ഭൂമിയിലേക്ക് കടക്കാനനുവദിക്കാതെ അവരെ തിരിച്ചയച്ചപ്പോള്‍, പല അറബ് ഗോത്രനേതാക്കളെയും അത് വേദനിപ്പിച്ചതായി അറിയാം. എല്ലാ അറബികളുടെയും അവകാശമല്ലേ കഅ്ബാ സന്ദര്‍ശനം എന്നാണവര്‍ ചോദിച്ചത്.... ചുരുക്കം പറഞ്ഞാല്‍, നേതാക്കളേ, ആശങ്കപ്പെടാന്‍ ഒന്നുമില്ല. കരാറിനപ്പുറമുള്ള എന്ത് ചെയ്താലും നാമത് തടയും. പിന്നെ നമ്മുടെ വാളുകളായിരിക്കും സംസാരിക്കുക.''
പൂര്‍ണ നിശ്ശബ്ദതയില്‍ ഒരു ശബ്ദം ഉയര്‍ന്നുപൊങ്ങി.
''പറഞ്ഞേക്കാം, മക്കയിലെങ്ങാനും കടന്നാല്‍ അവരിലൊരുത്തനും സുരക്ഷിതനായിരിക്കില്ല.''
എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു. ഹുവൈരിസാണ്. അയാള്‍ ശരിക്കും കലിതുള്ളുകയാണ്.
''നമ്മുടെ ദൈവങ്ങളെ താഴ്ത്തിക്കെട്ടിയ, നമ്മുടെ തറവാടികളായ നേതാക്കളെ കൊന്നുതള്ളിയ, നമ്മുടെ വിശ്വാസാചാരങ്ങളെ പുഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മുഹമ്മദിന് മക്കയുടെ കവാടങ്ങള്‍ തുറന്നുകൊടുക്കാന്‍ പാടില്ല. കഅ്ബയെ ത്വവാഫ് ചെയ്യാനും അനുവാദം കൊടുക്കരുത്.''
തന്റെ വാക്കുകള്‍ സദസ്സില്‍ കോളിളക്കമുണ്ടാക്കുമെന്നാണ് ഹുവൈരിസ് കരുതിയത്. ശാന്തമായ ജലനിരപ്പില്‍ വീണ കല്ലുപോലെ അത് വലിയ ചലനങ്ങളുണ്ടാക്കുമെന്നും കണക്കുകൂട്ടി. പക്ഷേ, സദസ്സ് മുമ്പത്തെപ്പോലെ ശാന്തം, നിശ്ശബ്ദം. ആരും വൈകാരിക പ്രകടനങ്ങള്‍ക്ക് മുതിരുന്നില്ല. അമ്പരന്ന് നില്‍ക്കെ ഹുവൈരിസ്, അബൂസുഫ് യാന്റെ വാക്കുകള്‍ കേട്ടു:
''താങ്കള്‍ ഇപ്പോള്‍ എത്തിയതല്ലേയുള്ളൂ, ഹുവൈരിസ്. കുറച്ചു മുമ്പ് ചിലര്‍ ഇതേ അഭിപ്രായം പറഞ്ഞിരുന്നു. പക്ഷേ, നേതാക്കള്‍ക്ക് അത് തീരെ ബോധിച്ചില്ല. കരാര്‍ മുറുകെ പിടിക്കാന്‍ തന്നെയാണ് ഞങ്ങളുടെ എല്ലാവരുടെയും തീരുമാനം. മൂന്ന് ദിവസം മുഹമ്മദിനും അനുയായികള്‍ക്കും നാം സന്ദര്‍ശിക്കാന്‍ അവസരം നല്‍കും. എന്നല്ല, അവരുടെ സംരക്ഷണവും ഏല്ക്കും.''
ഹുവൈരിസില്‍ നിന്നുയര്‍ന്നത് അലര്‍ച്ചയായിരുന്നു:
''നിങ്ങളുടെ പണവും കച്ചവടവുമാണ് നിങ്ങളുടെ പ്രശ്നം. ജീവന് പോകുമോ എന്ന പേടിയുമുണ്ട്. എന്നാല്‍ കുലീനരായ അറബികള്‍ അതൊന്നും വകവെക്കാന്‍ പോകുന്നില്ല.''
മറുപടി പറയുമ്പോള്‍ അബൂസുഫ് യാന്‍ ശാന്തനായിരുന്നു.
''നോക്കൂ ഹുവൈരിസ്, കുലീനത എന്നു പറഞ്ഞാല്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കലാണ്, തീര്‍ഥാടനം ഉദ്ദേശിക്കുന്നവര്‍ക്കൊക്കെ ദൈവഭവനം തുറന്നുകൊടുക്കലാണ്.''
ഇതൊന്നും ഹുവൈരിസിനെ ശാന്തനോ നിശ്ശബ്ദനോ ആക്കിയില്ല. തന്റെ ഭാര്യയോടും നര്‍ത്തകിയായ കാമുകിയോടും സുഹൃത്തുക്കളോടും പറഞ്ഞതൊക്കെ അയാള്‍ ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു നടന്നു. ഒടുവില്‍ ഇക് രിമയെ ഒറ്റക്ക് കിട്ടിയപ്പോള്‍ ഹുവൈരിസ് ചെവിട്ടില് മന്ത്രിച്ചു.
''ഇതെങ്ങനെ ശരിയാകും, ഇക് രിമാ?''
''എനിക്കും കടുത്ത നിരാശയും സങ്കടവുമുണ്ട്.
പക്ഷെ, ഇതല്ലാതെ മറ്റെന്ത് വഴി?''
''നാം അവസാനത്തെ അടി അടിക്കണം, ഇക് രിമാ...''
നെറ്റിയിലെ വിയര്‍പ്പ് തുടച്ച് ഇക് രിമ പറഞ്ഞു.
''ഹുവൈരിസേ, നിപുണനായ പടത്തലവന് ഊക്കില്‍ ചാടിവീഴാനായി ഒന്ന് പിന്‍വാങ്ങും. ശത്രുവിനെ കെണിയില്‍ വീഴ്ത്താന്‍ പല നീക്കങ്ങളും നടത്തും. പ്രഗത്ഭനായ പടനായകന് അനുയോജ്യമായ സ്ഥലവും അനുയോജ്യമായ സമയവും തെരഞ്ഞെടുക്കും.''
ഹുവൈരിസ് പരിഹാസത്തോടെ ചിരിച്ചു.
''അവര്‍ പഠിപ്പിച്ചുതന്ന വാക്കുകളെ കൊണ്ടുള്ള കളി നന്നായിട്ടുണ്ട്. ദൗര്‍ബല്യത്തിന്റെ തത്ത്വശാസ്ത്രമാണ് അവര്‍ നിന്നിലേക്ക് കടത്തിവിട്ടത്.''
ഇക് രിമ എഴുന്നേറ്റ് ഹുവൈരിസിന് അഭിമുഖം നിന്ന് അയാളെ തീക്ഷ്ണമായി നോക്കി.
''ഹുവൈരിസേ, താന്‍ മനസ്സിലാക്കണം. മക്കയില്‍ സൈന്യമെന്ന് പറയാവുന്ന ഒന്നില്ല. അതാണ് കയ്പുറ്റ സത്യം. എല്ലാവരും അത് മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. മുഹമ്മദിലേക്ക് ചായുന്നവര്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ എത്രയോ കൂടിയിട്ടുണ്ട്. ഇപ്പോള്‍ ഒരു സംഘട്ടനമുണ്ടായാല്‍ എല്ലാം നഷ്ടപ്പെടും. അതുകൊണ്ട് നീയായിട്ട് മണ്ടത്തരമൊന്നും ഒപ്പിച്ചേക്കരുത്. അങ്ങനെ ചെയ്താല്‍ മക്ക മൊത്തമായി മുഹമ്മദിന് ഏല്പിച്ചുകൊടുക്കുന്നതിന് തുല്യമായിരിക്കും അത്. അബൂസുഫ് യാന്‍ പറഞ്ഞത് അനുസരിക്കുകയാണ് ഇപ്പോള്‍ വേണ്ടത്.''
മനമില്ലാ മനസ്സോടെയാണെങ്കിലും ഇക് രിമ പറഞ്ഞത് അംഗീകരിക്കുകയല്ലാതെ നിവൃത്തിയില്ല. ഹുവൈരിസ് തലതാഴ്ത്തിയിരുന്ന് മണ്ണിലേക്ക് തുറിച്ചു നോക്കി. സംസാരിക്കുമ്പോള്‍ വിറക്കുന്നുണ്ടായിരുന്നു.
''എന്റെ രക്തം ചിന്താന്‍ അനുവാദം കൊടുത്തിരിക്കുകയാണ് മുഹമ്മദ്.''
''ഹുവൈരിസേ, അതിനെപ്പറ്റി ഇപ്പോള്‍ ചിന്തിക്കേണ്ട.''
''എന്റെ സദ് പേര് അങ്ങോര് ചെളിയില്‍ ചവിട്ടിത്താഴ്ത്തി.''
''താന്‍ അതിര് കടന്ന് ചിന്തിക്കുകയാണ്.''
''അങ്ങനെയല്ല, ഇക് രിമാ. മുഹമ്മദിന് ചെവികൊടുക്കാനാണ് ആളുകള്‍ക്കിപ്പോള്‍ ഇഷ്ടം.''
''അവസ്ഥകള്‍ മാറി മറിയും. തോറ്റുകഴിഞ്ഞാല്‍ തോറ്റവരോടൊപ്പം ആരും നില്‍ക്കില്ല.''
''തോല്‍പ്പിക്കാനാണ് പ്രയാസം.''
ഇക് രിമ ചിരിച്ചു. വാക്കുകളില്‍ ആത്മവിശ്വാസമുണ്ടായിരുന്നു.
''ഒന്നോ രണ്ടോ കൊല്ലം കൊണ്ട് കാര്യങ്ങള്‍ കീഴ്മേല്‍ മറിയും. നമ്മള് വേണ്ടത്ര പടയാളികളെ ഒരുക്കും. ആയുധസന്നാഹങ്ങള്‍ വര്‍ധിപ്പിക്കും. അയല്ഗോത്രങ്ങളുമായി സഖ്യങ്ങള്‍ ഉണ്ടാക്കും. ഹവാസിനും സഖീഫും മക്കയും ഒരുമിച്ചാല്‍ മുഹമ്മദിനെയും കൂട്ടരെയും തറപറ്റിക്കാം. കാത്തിരിക്ക്. ധൃതികാണിക്കരുത്. നാം ഉറങ്ങില്ല; അശ്രദ്ധരാവില്ല. കേള്‍ക്കണോ ഹുവൈരിസ്, ഞാന്‍ ഉറങ്ങുമ്പോള്‍ സ്വപ്നത്തില്‍ പിതാവ് വന്ന്, നിങ്ങള്‍ എന്തെടുക്കുകയാണെന്ന് പരിഹസിക്കുന്നു. പിതാവിന്റെ രക്തത്തിന് പ്രതികാരം ചെയ്യാന്‍ മനസ്സ് മുറവിളി കൂട്ടുന്നു.
ഇനിമേല്‍, ഒരു കാര്യം സത്യമാണോ അസത്യമാണോ; മുഹമ്മദ്, നബിയാണോ അല്ലേ എന്നതൊന്നും എന്നെ അലട്ടാന്‍ പോകുന്നില്ല. പ്രതികാരത്തെക്കുറിച്ച് മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്.''
ഹുവൈരിസ് വീട്ടിലേക്ക് മടങ്ങി. വീടെത്തിയപ്പോള്‍ യുദ്ധത്തിനായി താന്‍ ഒരുക്കിവെച്ച അമ്പുകളിലേക്കും കുന്തങ്ങളിലേക്കും മറ്റു ആയുധങ്ങളിലേക്കും മാറി മാറി നോക്കി. പിന്നെ ഭാര്യയെ നീട്ടി ഒറ്റ വിളിയാണ്. അവള് തട്ടിപ്പിടഞ്ഞ് ഓടി വന്നു.
അയാള്‍ തളര്‍ന്ന സ്വരത്തില്‍ പറഞ്ഞു:
''ഈ സാധനങ്ങളൊക്കെ എടുത്തേടത്ത് തന്നെ കൊണ്ടുവെച്ചേക്ക്.''
ഒന്നും മിണ്ടാതെ അവള് പറഞ്ഞത് പ്രകാരം ചെയ്തു. തിരിച്ച് മുറ്റത്തെത്തിയപ്പോള്‍ അവള് മുരടനക്കി.
''ഇന്ന് രാത്രി നമ്മുടെ ഒപ്പം കൂടുന്നോ അതോ പുറത്ത് പോകുന്നോ?''
അയാളെ ചൊടിപ്പിക്കാന്‍ അത് ധാരാളം.
''നാണം കെട്ടവളേ, ഞാന്‍ നര്‍ത്തകി ലുഅ്ലുഅയുടെ അടുത്തേക്ക് തന്നെ പോയേക്കാം. നിനക്ക് തൃപ്തിയായല്ലോ.''
ഒരക്ഷരം മിണ്ടാതെ അവള് അകത്തേക്ക് പോയി.
(തുടരും)
വിവ: അഷ്റഫ് കീഴുപറമ്പ്
വര: നൗഷാദ് വെള്ളലശ്ശേരി