സ്ത്രീ കേന്ദ്രീകൃതമാകുന്ന തെരഞ്ഞെടുപ്പുകൾ

ഹസനുൽ ബന്ന
ജൂലൈ 2024
സ്ത്രീകൾ ഇത്രമേൽ അജണ്ടയായ ഒരു തെരഞ്ഞെടുപ്പിന് സമീപ ഭാവിയിൽ രാജ്യം സാക്ഷിയായിട്ടില്ല. തെരഞ്ഞെടുപ്പുകൾ ജാതി കേന്ദ്രീകൃതമായി മാറിയെന്ന് പറയു​മ്പോഴൂം ജാതി-മത ഭേദമില്ലാതെ സ്ത്രീ വോട്ടർമാർ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്ന പ്രത്യേക വോട്ടുബാങ്കായി മാറിയെന്ന് രാഷ്​​ട്രീയ പാർട്ടികൾ മനസ്സിലാക്കിയിരിക്കുന്നു.

ദേശീയ തലത്തിൽ സ്ത്രീകൾ ഇത്രമേൽ ചർച്ചയായ ഒരു തെരഞ്ഞെടുപ്പിന് സമീപ ഭാവിയിൽ രാജ്യം സാക്ഷിയായിട്ടില്ല.  തെരഞ്ഞെടുപ്പുകൾ ജാതി കേന്ദ്രീകൃതമായി മാറിയെന്ന് പറയു​മ്പോഴും ജാതി-മത ഭേദമില്ലാതെ സ്ത്രീ വോട്ടർമാർ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്ന പ്രത്യേക വോട്ടുബാങ്കായി മാറിയെന്ന് എല്ലാ രാഷ്​​ട്രീയ പാർട്ടികളും മനസ്സിലാക്കിയിരിക്കുന്നു. സ്ത്രീ വോട്ടർമാരിൽ കണ്ണുവെച്ചായിരുന്നുബി.ജെ.പിയുടെ നാരീശക്തി പ്രചാരണമെങ്കിൽ സ്ത്രീകൾക്ക് 50 ശതമാനം തൊഴിൽ സംവരണമായിരുന്നു കോൺഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. സ്ത്രീ വോട്ടർമാരെ പിടി​ച്ചെങ്കിൽ മാത്രമേ ഭരണം പിടിക്കാനാവൂ എന്ന സാഹചര്യത്തിലേക്ക് രാജ്യം എത്തിച്ചേർന്നുവെന്ന് എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു. 

സ്ത്രീ വോട്ടർമാരിൽ ക്രമാനുഗതമായ വളർച്ച

വോട്ടർ പട്ടികയിലെ സ്ത്രീ വിവേചനം കുറഞ്ഞുവരികയാണെന്ന് സ്ത്രീ വോട്ടർമാരുടെ ക്രമാനുഗതമായുള്ള വളർച്ചയിൽനിന്ന് വ്യക്തമാകുന്നു. 48.1 ശതമാനത്തിൽനിന്ന് 48.7 ശതമാനത്തിലെത്തിയതാണ് 2024-ൽ രേഖപ്പെടുത്തിയ വളർച്ച. തെരഞ്ഞെടുപ്പുകളിൽ രാജ്യത്ത് സ്ത്രീകൾ നിർണായകമായി മാറുകയാണെന്ന് ഇതിൽനിന്ന് വ്യക്തം. പ്രാക്തന, പാർശ്വവൽകൃത, ദുർബല, ദരിദ്ര വിഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ വനിതകൾ വോട്ടു ചെയ്യാനെത്തുന്നുണ്ടെന്നാണ്  ഈ മേഖലയിലെ ഗവേഷകർ വ്യക്തമാക്കുന്നത്. അതേസമയം 2019-ൽ മോദിയെ അധികാരത്തിലേറ്റുന്നതിൽ വലിയ പങ്ക് വഹിച്ച സ്ത്രീ വോട്ടർമാരിൽ ഒരു വിഭാഗം ഇക്കുറി ബൂത്തുകളിലെത്തിയില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു​. പ്രചാരണം ഇത്രയും തീവ്രമായ തരത്തിൽ സ്ത്രീ കേന്ദ്രീകൃതമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത സ്ത്രീകളുടെ എണ്ണം പുരു​ഷന്മാരേക്കാൾ കു​റവായി മാറി. 2019-ൽ സ്ത്രീകളായിരുന്നു പുരഷന്മാരേക്കാൾ കൂടുതൽ ​ബൂത്തുകളിലെത്തിയിരുന്നത്. കമീഷൻ കണക്കുകൾ പ്രകാരം 31.2 കോടി സ്ത്രീകളാണ് ഇത്തവണ വോട്ടവകാശം വിനിയോഗിച്ചത്. പ്രാഥമിക കണക്കുകൾ പ്രകാരം പുരുഷന്മാരിൽ 65.80 ശതമാനവും സ്ത്രീകളിൽ  65.78  ശതമാനവുമാണ് വോട്ടു ചെയ്തത്. ദേശീയ തലത്തിൽ ഒന്നാകെയെടുക്കു​മ്പോഴുള്ള കണക്കാണ് ഇതെങ്കിലും സംസ്ഥാനങ്ങൾ വേർ​പ്പെടുത്തി നോക്കുമ്പോൾ  19 സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ വോട്ട് പുരുഷന്മാരുടേതിനേക്കാൾ കൂടുതലാണെന്നും കണക്ക് കാണിക്കുന്നു. ത്രിപുരയും സിക്കിമും  ഒഴികെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം ഉത് പ്രതിഫലിച്ചു. കേരളം, പുതുച്ചേരി, ഗോവ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ബീഹാർ, ഉത്തരഖണ്ഡ്, ഹിമാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ് തുടങ്ങി 18 സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ വോട്ടിംഗ് ശതമാനം സംസ്ഥാന ശരാശരിയേക്കാൾ മുകളിലാവുകയും ചെയ്തു.

ലാക്പതി ദീദിമാർ നമോഡ്രോൺ ദീദിമാർ

വോട്ടുബാങ്കായി സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു ‘സങ്കൽപ് പത്ര’ എന്ന പേരിൽ പൊതുതെരഞ്ഞെടുപ്പിനായി ബി.ജെ.പി പ്രകടന പത്രിക ഇറക്കിയത്. അവർക്കായി മോദിയുടെ ഗ്യാരന്റിയും പ്രഖ്യാപിച്ചു. അതിലൊന്നായിരുന്നു ‘ലാക്പതി ദീദി’ എന്ന പേരിൽ ലക്ഷാധിപതികളായ ചേച്ചിമാരെ സൃഷ്ടിക്കുമെന്നത്. സ്ത്രീക​ളുടെ സ്വയം സഹായ സംഘങ്ങൾ ശക്തിപ്പെടുത്തുമെന്നും തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് കൂടുതൽ ഹോസ്റ്റലുകളും ക്രഷുകളും സ്ഥാപിക്കുമെന്നും വനിതാ സംവരണ നിയമം നടപ്പാക്കുമെന്നും പൊലീസ് സ്റ്റേഷനുകളിൽ കൂടുതൽ വനിതാ ഹെൽപ് ഡസ്കുകൾ സ്ഥാപിക്കുമെന്നും ബി.ജെ.പിയുടെ വാഗ്ദാനങ്ങളാണ്. വിളർച്ചയും അർബുദവുമുള്ള സ്ത്രീകൾക്ക് ആരോഗ്യമേഖലയിൽ പുതിയ പദ്ധതിയും മോദി വാഗ്ദാനം ചെയ്തു. പൊതുതെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പാണ് മോദി സർക്കാർ സ്ത്രീകൾക്ക് 1000 ​ഡ്രോണുകൾ വിതരണം ചെയ്തത്. കഴിഞ്ഞ വർഷം 15,000 സ്ത്രീകൾക്ക് ഡ്രോണുകൾ നൽകി ‘നമോ ഡ്രോൺ ദീദി’മാരെന്ന് ബി.ജെ.പി അവർക്ക് വിളിപ്പേരിട്ടു. കാർഷിക മേഖലയിലുള്ള സ്ത്രീകൾക്കായിരുന്നു ഇവ നൽകിയത്. 

സ്ത്രീ ശാക്തീകരണ പദ്ധതികൾ നടപ്പാക്കുന്നതിലല്ല, പലതും പ്രഖ്യാപിച്ച് സ്ത്രീ വോട്ടുകൾ അനുകൂലമാക്കുന്നതിൽ മാത്രമാണ് മോദിക്കും ബി.ജെ.പിക്കും താൽപര്യമെന്ന് പ്രതിപക്ഷം കു​റ്റപ്പെടുത്തി. 2014-ൽ നരേന്ദ്ര മോദി അധികാരത്തിലേറിയ സമയത്തെ ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ കാമ്പയിൻ പിന്നീട് സംസാരത്തിലും പരസ്യത്തിലും മാത്രമൊതുങ്ങിയത് അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. സ്കൂളുകളിൽനിന്ന് കൊഴിഞ്ഞുപോകുന്ന പെൺകുട്ടികളെ സ്കൂളുകളിലെത്തിക്കാനുള്ള ദിശയിൽ എടുത്തുപറയാവുന്ന നേട്ടം കൈവരിക്കാൻ ഇതു കൊണ്ടായില്ലെന്നും ഇതിന് കടകവിരുദ്ധമായി വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ സ്കൂളുകൾ അടച്ചു പൂട്ടി പഠനാവസരങ്ങൾ ഇല്ലാതാക്കിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. 

വൈറലായ ‘ടകാ ടകി’നെ നേരിടാൻ ‘മംഗൾ സൂത്ര’

മറുഭാഗത്ത് കോൺഗ്രസ് ആകട്ടെ,  ഇൻഡ്യ അധികാരത്തിലേറിയാൽ ദരിദ്രകുടുംബങ്ങളിലെ സ്ത്രീകൾക്ക് 8,500 രൂപ വീതം ജൂ​ലൈ ഒന്ന് മുതൽ അക്കൗണ്ടുകളിലിട്ട് തുടങ്ങുമെന്ന് വാഗ്ദാനം ചെയ്തു. ‘ടകാ ടക്, ടകാ ടക്’ എന്ന പോലെ മാസം തോറും സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണംവരുമെന്ന രാഹുലിന്റെ പ്രസംഗം വൈറലായി ഈ തെരഞ്ഞെടുപ്പിലെ പ്രചാരണ പ്രയോഗമായി.  വനിതാ സംരക്ഷണ നിയമം അടിയന്തിരമായി നടപ്പാക്കു​മെന്നായിരുന്നു കോൺഗ്രസിന്റെ മറ്റൊരു വാഗ്ദാനം. പൊലീസ് ഓഫീസർമാരുടെ പദവികളിലും ജഡ്ജി നിയമനങ്ങളിലും സ്ത്രീ പ്രാതിനിധ്യം, തൊഴിലിടങ്ങളിൽ സ്ത്രീ സാന്നിധ്യമേറ്റൽ, തൊഴിലിടങ്ങളിലെ വേതന വിവേചനം അവസാനിപ്പിക്കൽ, വനിതാ സ്വയം സഹായ സംഘങ്ങളുടെ വായ്പാ പരിധി ഉയർത്തൽ, വിവാഹ ജീവിതത്തിലും പിന്തുടർച്ചാവകാശ നിയമങ്ങളിലും  സ്ത്രീക്ക് തുല്യാവകാശം നൽകൽ എന്നിവയും സ്ത്രീകൾക്കുള്ള കോൺഗ്രസിന്റെ വാഗ്ദാനങ്ങളായിരുന്നു.
പണം നേരിട്ട് സ്ത്രീകളിലെത്തിക്കുമെന്ന് കോൺഗ്രസ് പറഞ്ഞപ്പോൾ മോദിയുടെ ഗാരന്റികളിൽ ബി.ജെ.പി ഊന്നി. കോൺഗ്രസിന്റെ ഈ പ്രചാരണം സ്ത്രീകൾ ഏറ്റെടുക്കുകയാണെന്ന് കണ്ടതോടെ സ്ത്രീ വോട്ടർമാരുടെ വൈകാരികതയിൽ പിടിച്ച് കോൺഗ്രസിനെതിരെ വർഗീയമായ ദുഷ്പ്രചാരണത്തിന് ഒരു പ്രധാനമന്ത്രി മുതിരുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. ഹിന്ദു സ്ത്രീകൾ വിവാഹത്തോടെ അണിയുന്ന ‘മംഗൾസൂത്ര’(കെട്ടുതാലി)യും സ്വർണാഭരണങ്ങളും കോൺഗ്രസ് പിടിച്ചെടുത്ത് മുസ്‍ലിം ന്യൂനപക്ഷങ്ങൾക്ക് വിതരണം ചെയ്യുമെന്ന്  രാജസ്ഥാനിലെ ബി.ജെ.പി റാലിയിൽ നരേന്ദ്ര മോദി പ്രസംഗിച്ചു. പൊതുതെരഞ്ഞെടുപ്പിന്റെ ഗതി മാറ്റിയ വി​ദ്വേഷ പ്രസംഗമായിരുന്നു ഇത്. തങ്ങളെ വർഗീയമായി തമ്മിൽ തല്ലിക്കാൻ നോക്കിയ പ്രധാനമന്ത്രിക്ക് ഹിന്ദു സ്ത്രീകൾ വോട്ടിലൂടെ മറുപടി നൽകി.  നരേ​ന്ദ്ര മോദി വിദ്വേഷ പ്രസംഗം നടത്തിയ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടു. ഹിന്ദു സ്ത്രീകളെ കോൺഗ്രസിനെതിരെ തിരിച്ചുവിടാൻ നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ  ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായിരുന്നു.

മുഖവിലക്കെടുക്കാത്ത മോദിയുടെ ഗ്യാരന്റികൾ 

2024ലെ പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും ബി.ജെ.പിക്ക് സ്വന്തം നിലക്ക് കേവല ഭൂരിപക്ഷം നഷ്ടമാകുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നണി സർക്കാറുമായി മുന്നോട്ടുപോകാൻ നിർബന്ധിതനാവുകയും ചെയ്യുമ്പോൾ ഇത്തരമൊരു വിധിയിലേക്ക് എത്തിച്ചതിൽ രാജ്യത്തെ സ്ത്രീ വോട്ടർമാരു​ടെ പങ്ക് എന്ത് എന്നത് നിർണയകമാണ്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷൻ നൽകാനുള്ള ഉജ്വല പദ്ധതിയായിരുന്നു മോദിയുടെ ഗ്യാരന്റിയിലൊന്ന്. കുതിച്ചുയർന്ന ഗ്യാസ് വിലയിൽ കാലിയായ സിലിണ്ടറുകൾ നിറക്കാൻ പണമില്ലാതായതോടെ പദ്ധതി കുടുംബിനികൾക്ക് ഉജ്വലമല്ലാതായി. എല്ലാ ദിവസവും 90 ബലാൽസംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു രാജ്യത്ത് വനിതാ സുരക്ഷ ഉറപ്പുവരുത്തിയെന്ന ബി.ജെ.പിയുടെ അവകാശവാദവും നിലനിൽക്കുന്നതായിരുന്നില്ല. തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പാണ് വനിതാ സംവരണ ബിൽ പാർലമെന്റ് പാസാക്കിയത്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്ത ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ അതിന്റെ പകുതി പോലും സ്ത്രീകളെ എത്തിക്കാനായില്ല. കേവലം 74 വനിതാ എം.പിമാരാണ് ഇത്തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സെൻസസ് പൂർത്തിയാക്കിയ ശേഷം മാത്രമേ വനിതാ ബിൽ നടപ്പാക്കൂ എന്ന് ഉപാധി വെച്ചതിനാൽ 33 ശതമാനം സ്ത്രീകളെ ഇപ്പോൾ ​ലോക്സഭയിൽ എത്തിക്കേണ്ടതില്ലല്ലോ എന്ന വാദം സാ​ങ്കേതികമായി ശരിയായിരിക്കാം. 

സ്ത്രീ വോട്ടർമാരുടെ വിവേചന ബുദ്ധി

‘മംഗൾ സൂ​ത്ര’യെ കുറിച്ച് കള്ളം പറഞ്ഞ് ഹിന്ദു സ്ത്രീകളെ സൂത്രത്തിൽ പാട്ടിലാക്കാൻ നോക്കിയ  നരേന്ദ്ര മോദിക്ക് വോട്ടിലൂടെ ശക്തമായ സന്ദേശം നൽകിയ സ്ത്രീകൾ തങ്ങളുടെ വിവേചന ബുദ്ധിയെ വിലയിടിച്ച് കാണി​ക്കേണ്ട എന്ന് ഇതിലൂടെ പഠിപ്പിച്ചു. അധികാരം അഹങ്കാരത്തിന്റെ പരമകാഷ്ഠയിലെത്തിച്ച മുൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക്  അമേത്തിയിൽ ദയനീയ തോൽവി സമ്മാനിച്ചതും സ്ത്രീ വോട്ടർമാരായിരുന്നുവെന്നതാണ് നേര്. ഏറ്റവും ശ്രദ്ധേയമായ മൽസരം നടന്ന അമേത്തിയിൽ ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനായ കിഷോരി ലാൽ ശർമയോടായിരുന്നു ഈ തോൽവി എന്നത് സ്മൃതിയു​ടെ വീഴ്ചയുടെ ആഘാതമേറ്റി. അമേത്തിയിൽ  പുരുഷ വോട്ടർമാരേക്കാൾ 6.49 ശതമാനം സ്ത്രീകളാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാഹുൽ ഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ ലോക്സഭയിലെത്തിച്ച റായ്ബറേലിയിലും വിധി നിർണയിച്ചത് സ്ത്രീ വോട്ടർമാരായിരുന്നു. അവിടെ 6.33 ശതമാനം കൂടുതൽ വനിതകൾ പുരുഷ വോട്ടർമാരേക്കാൾ ബൂത്തിലെത്തി. ഉത്തർപ്രദേശിലെ ഫത്തേപൂരിൽ തീവ്ര ഹിന്ദുത്വ നേതാവായ സാധ്വി നിരഞ്ജൻ ജ്യോതിയുടെ തോൽവിയിലേക്ക് നയിച്ചതും സ്ത്രീ വോട്ടർമാർ തന്നെ. പുരുഷന്മാരേക്കാൾ മൂന്ന് ശതമാനം സ്ത്രീകൾ  വോട്ടു ചെയ്ത ഈ മണ്ഡലത്തിൽ സമാജ് വാദി പാർട്ടിയുടെ നരേഷ് ഉത്തം പട്ടേലിനോട് 30,000 വോട്ടുകൾക്ക് ബി.ജെ.പി സന്യാസിനി തോറ്റു. മുൻ കേന്ദ്ര മന്ത്രി മ​നേകാ ഗാന്ധി ഉത്തർപ്രദേശിലെ സുൽത്താൻപൂരിലും ബി.ജെ.പി നേതാവ് നവനീത് റാണ മഹാരാഷ്ട്രയിലെ അമരാവതിയിലും തോറ്റു. ബി.ജെ.പിയുടെ നിരവധി വനിതാ നേതാക്കൾ പരാജയപ്പെട്ട ഈ തെരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുടെ എണ്ണത്തിലും കുറവുണ്ടായി. 2019-ൽ 78 വനിതാ എം.പിമാരുണ്ടായിരുന്ന ലോക്സഭയിൽ 2024-ൽ അത് 74 ആയി മാറി. 

മുസ്‍ലിം സ്ത്രീകളുടെ  വേറിട്ട പോരാട്ടങ്ങൾ

അധികാരം അഹങ്കാരത്തിന്റെ കൊടുമുടിയിലെത്തിച്ച വനിതാ നേതാക്കളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വലിച്ചു താഴെയിട്ട വോട്ടർമാർ മണ്ണിലിറങ്ങി പണിയെടുത്ത വനിതകളെ ജാതി-മത ഭേദമന്യേ വിജയ രഥത്തിലേറ്റുന്നതിനും ഈ തെരഞ്ഞെടുപ്പ് വഴിയൊരുക്കി. മുസ്‍ലിംകളെ ഭയന്ന് ഹിന്ദുക്കളൊന്നടങ്കം പലായനം ചെയ്യുകയാണെന്ന് ഹിന്ദുത്വ വാദികൾ പ്രചാരണം നടത്തിയ കൈരാനയിൽ ഇക്റ ഹസൻ എന്ന മുസ്‍ലിം യുവതിക്ക് വേണ്ടി  ഹിന്ദു ഗുജ്ജർ സമുദായ നേതാക്കൾ ഇക്കുറി  രംഗത്തിറങ്ങുന്നതാണ് കണ്ടത്. 

കെട്ടിച്ചമച്ച ഹിന്ദു പലായനത്തി​ന്റെ കഥ പൊട്ടിയ കൈരാനയിൽ ബി.ജെ.പി എട്ടുനിലയിൽ പൊട്ടി. സിറ്റിംഗ് എം.പി പ്രദീപ് സിങ്ങിനെ 70,000-ത്തോളം വോട്ടിനാണ് ഇക്റ ഹസൻ എന്ന 29കാരി തോൽപിച്ചുകളഞ്ഞത്. പഠിപ്പും വിവരവുമുള്ള ഇക്റ ചെറുപ്പമാണെങ്കിലും എല്ലാ സമുദായങ്ങളുമായും അടുത്ത് ഇടപഴകുകയും അവ​രെയെല്ലാം ജാതി - മതഭേദമന്യേ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വലിയ മനസ്സിനുടമയാണെന്നാണ് കൈരാനക്കാർ പറഞ്ഞത്. മുസ്‍ലിം വിദ്വേഷ പ്രചാരണത്തിന് വ​ശപ്പെടാതെ അതിനപ്പുറത്തേക്ക് നോക്കിയാണ് ജാതിയും മതവും നോക്കാതെ ഇക്കുറി ഇക്റ ഹസനെ കൈരാനയിൽ പിന്തുണക്കാനുള്ള തങ്ങളുടെ തീരുമാനമെന്ന് ​അവർ പറഞ്ഞു.  ഇതുവരെ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിച്ച ഹിന്ദു സമുദായങ്ങൾ വളരെ പരസ്യമായി ഇക്റ ഹസന് വേണ്ടി പ്രചാരണത്തിനിറങ്ങി. 84 ഹിന്ദു ഗുജ്ജർ ഗ്രാമങ്ങളും ഇക്റക്ക് പിന്തുണ പ്രഖ്യാപിച്ചു. ന്യൂഡൽഹി ക്വീൻ മേരി സ്കൂളിൽനിന്ന് സ്കൂൾ പഠനവും ​ലേഡി ശ്രീരാം കോളജിൽനിന്ന് ബിരുദവും നേടിയ  ശേഷം ലണ്ടനിലെ എസ്.ഒ.എസ് സർവകലാശാലയിൽനിന്ന് എം.എസ്.സി കഴിഞ്ഞ 29കാരിയായ ഇക്റ 2016-ൽ ജില്ലാ പഞ്ചായത്തിലേക്ക് കന്നിമൽസരത്തിനിറങ്ങി 5000 വോട്ടിന് തോറ്റിരുന്നു. ​എന്നാൽ കൈരാന നിയമസഭാ മണ്ഡലത്തിലേക്ക് മൽസരിച്ച സഹോദരൻ നാഹിദ് ഹസനെ ജയിലിലടച്ചപ്പോൾ പ്രചാരണം ഏറ്റെടുത്ത് ജയിപ്പിച്ചത് ഇക്റയായിരുന്നു. മുൻ എം.പി മുനവർ ഹസന്റെ മകളായ ഇക്റ ഹസന് പുറമെ ഇത്തവണ ലോക്സഭയിലെത്തിയ മുസ്‍ലിം വനിതാ എം.പി പശ്ചിമ ബംഗാളിലെ ഉലൂബെരിയയിൽനിന്ന് ജയിച്ച സജ്ദ അഹ്മദാണ്.  അന്തരിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് ശകീൽ അഹ്മദിന്റെ ഭാര്യയാണ് സജ്ദ. ശകീൽ അഹ്മദിന്റെ തട്ടകമായിരുന്ന ഉലൂബെരിയ അദ്ദേഹത്തിന്റെ മരണശേഷവും തൃണമൂൽ കോൺ​ഗ്രസിനായി നിലനിർത്തുന്നത് സജ്ദയാണ്. 

കാവി ഷാൾ കഴുത്തിൽ ചുറ്റിയ രജ്പുതുകളുടെ അകമ്പടിയിൽ സ്വതന്ത്രയായി മൽസരിക്കുന്ന ഹിജാബുകാരിയായ ഒരു മുസ്‍ലിം സ്ത്രീ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതും ഹിന്ദി ബെൽറ്റിൽ ഇത്തവണ കണ്ടു. പ്രധാനമന്ത്രി നരേ​ന്ദ്ര മോദി വന്ന് ഹിന്ദു-മുസ്‍ലിം ധ്രുവീകരണത്തിനുള്ള പരസ്യാഹ്വാനങ്ങൾ നടത്തിയ ശേഷമാണ് ബീഹാറിലെ സിവാനിൽ രജ്പുതുകൾ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ ഹിന ശഹാബിനായി പ്രചാരണം നടത്തിയത്.  മരണപ്പെട്ട മുൻ ആർ.ജെ.ഡി എം.പി മുഹമ്മദ് ശഹാബുദ്ദീന്റെ ഭാര്യ ഹിന ശഹാബ് പാർട്ടി ടിക്കറ്റ് നിഷേധിച്ചതോടെയാണ് സ്വതന്ത്രയായി ഇറങ്ങിയത്. ശഹാബുദ്ദീന്റെ മരണ ശേഷം ഒറ്റക്ക് മൽസര രംഗത്തിറങ്ങിയ ഹിനക്കായി നടത്തുന്ന പ്രചാരണവും സി.പി.ഐ-എം.എൽകാരിൽ നിന്ന് തങ്ങളെ രക്ഷിച്ച ശഹാബുദ്ദീനോടുള്ള കടംവീട്ടലായിരുന്നു.  ശഹാബുദ്ദീന്റെ നിയന്ത്രണത്തിലാകുന്നത് വരെ ഇടത് പാ​ർട്ടിയായ സി.പി.ഐ -എം.എൽന്റെ സ്വാധീനമേഖലയായിരുന്നു സിവാൻ.  തങ്ങളോട് നിരന്തരം ഏറ്റുമുട്ടിയ സി.പി.ഐ-എം.എൽനെ നേരിട്ട ശഹാബുദ്ദീനോടുള്ള ഉപകാരസ്മരണയാണ് സിവാനിലെ രജ്പുതുകൾ പ്രകടിപ്പിച്ചത്. ഹിന തോറ്റെങ്കിലും അവർക്ക് ടിക്കറ്റ് നൽകാതെ ആർ.ജെ.ഡി നിർത്തിയ സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി. 

തേരോട്ടത്തിന് തടയിട്ടവർ

ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തേരോട്ടത്തിന് തടയിട്ട വനിതാ നേതാക്കളേറെയാണ്. 18-ാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ദലിത് എം.പി 26കാരിയായ സഞ്ജന ജാടവ് അതിലൊരാളാണ്. ആറ് മാസം മുമ്പ് നിയമസഭയിലേക്ക് മൽസരിച്ച് കേവലം 409 വോട്ടിന് തോറ്റ 26കാരി സഞ്ജന ജാട്ടവിനെയാണ് 10 വർഷം മുമ്പ് കൈവിട്ട  ഭരത്പൂർ ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് ഏൽപിച്ചത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി 60 ശതമാനത്തിലേറെ വോട്ടു നേടിയ മണ്ഡലത്തിൽ 53,000 വോട്ടിന് അവർ ബി.ജെ.പിയുടെ രാമസ്വരൂപ് കോലിയെ പരാജയപ്പെടുത്തി.  നിയമസഭയിൽ തോറ്റ നിരാശയിൽ ഇനി ലോക്സഭയിലേക്ക് മൽസരിക്കാനില്ലെന്ന് സഞ്ജന പറഞ്ഞു നോക്കിയെങ്കിലും കോൺഗ്രസ് നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു. അതോടെ മൽസരം ഒരു വെല്ലുവിളിയായി ഏറ്റെടുത്തുവെന്നാണ് സഞ്ജന പറയുന്നത്. പണാധികാരത്തെ ജനാധികാരം കൊണ്ട് തോൽപിച്ചുവെന്ന് സഞ്ജന പറയുന്നു.

ഈ ലോക്സഭയിലെ ഏററവും പ്രായം കുറഞ്ഞ ഗോത്രവർഗക്കാരിയായ പ്രിയങ്ക ജർകിഹോളി കർണാടകയിൽനിന്ന് ജനറൽ സീറ്റിൽ നിന്ന് മൽസരിച്ചാണ് സഭയിലെത്തുന്നത്. ചിക്കോഡിയിലെ സിറ്റിംഗ് എം.പിയെ പരാജയപ്പെടുത്തിയാണ് ഈ ​27കാരി ലോക്സഭയിലെത്തുന്നത്. 48 വയസ്സുകാരിയായ എഞ്ചിനീയറിംഗ് പ്രൊഫസർ ഗെനിബെൻ ഠാകോർ ഗുജറാത്തിൽനിന്ന് ഒരു പതിറ്റാണ്ടിന് ശേഷം ആദ്യ കോൺഗ്രസ് എം.പിയായി മാറി. സാമ്പത്തിക പരാധീനത മൂലം  ക്രൗഡ് ഫണ്ടിംഗിലുടെയാണവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം കണ്ടെത്തിയത്. ധാരാവിയിലെ അസാധാരണമായ പ്രവർത്തനത്തിലുടെ ശ്രദ്ധേയയായ പ്രൊഫസർ വർഷ ഏക്നാഥ് ഗയ്ക്‍വാദ് വാശിയേറിയ മൽസരത്തിലാണ് 16,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഒരു ദശകത്തിന് ശേഷം കോൺഗ്രസിനായി മുംബൈ ​നോർത്ത് സെൻട്രൽ സീറ്റ് പിടിച്ചുകൊടുത്തത്. 10 വർഷത്തിന് ശേഷം സോളാപൂർ കോൺഗ്രസിന് തിരിച്ചുപിടിച്ചു കൊടുത്ത മഹാരാഷ്​​ട്ര പ്രദേശ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പ്രണീതി ഷിൻഡെ,  മഹാരാഷ്​ട്രയിലെ ധുലെയിൽനിന്ന് ജയിച്ച മുൻ മഹാരാഷ്​ട്ര ആരോഗ്യമന്ത്രി കൂടിയായ ഡോക്ടർ ശോഭ ബച്ചാവ്, കർണാടകയിലെ ദേവൻഗരെയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകയും ദന്ത ഡോക്ടറുമായ ഡോ. പ്രഭ മല്ലികാർജുൻ, ഹരിയാനയിലെ സിർസയിൽ നിന്നുള്ള കുമാരി ഷെൽജ എന്നിവരെല്ലാം ഹിന്ദുത്വ തോരോട്ടത്തെ ​എതിരിട്ട് ജയം ​നേടിയ വനിതകളാണ്.

മുസ്‍ലിം സ്ത്രീകളിലെ ബി.ജെ.പി സ്വാധീനം
 

മുസ്‍ലിം സ്ത്രീകളിലെ
ബി.ജെ.പി സ്വാധീനം
കേരളത്തിൽ ബി.ജെ.പിയെ അക്കൗണ്ട് തുറക്കാൻ സഹായിച്ചത് മുസ്‍ലിം സ്ത്രീകൾ അടക്കമുള്ള സ്ത്രീ വോട്ടർമാരാണെന്ന് പല മാധ്യമ സുഹൃത്തുക്കളും വിലയിരുത്തിയപ്പോൾ അതിൽ ഒരൽഭുതവും തോന്നിയില്ല. സുരേഷ് ഗോപി എന്ന നടന് സ്ത്രീകളിലുള്ള സ്വീകാര്യതയിൽ മതപരമായ വ്യത്യാസമില്ലെന്നും മുസ്‍ലിം സ്ത്രീകളുടെ വോട്ടും അദ്ദേഹത്തിന് ലഭിക്കുമെന്നും  കണക്കുകൂട്ടിയാണ് ബി.ജെ.പി അദ്ദേഹത്തെ സ്ഥാനാർഥിയാക്കി പണമൊഴുക്കിയത്. മുസ്‍ലിം സ്ത്രീകൾ എങ്ങനെ ചിന്തിക്കുന്നുവെന്ന് അതേ സമുദായത്തിലെ പുരുഷന്മാർ അറിയാതെ പോകുന്നതിന് കേരളത്തിൽ മാത്രമല്ല, ഉത്തരേന്ത്യയിലും നിരവധി ഉദാഹരണങ്ങളുണ്ട്. മുത്തലാഖും ഏക സിവിൽ കോഡും ഉത്തരേന്ത്യയിലെ മുസ്‍ലിം സ്ത്രീകൾക്കിടയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതി​ന്റെ യുക്തി മുസ്‍ലിം സമുദായത്തിൽ ഇനിയും മനസ്സിലാകാത്തവരുണ്ട്.  മുസ്‍ലിം വ്യക്തി നിയമത്തിൻമേൽ കൈവെക്കുന്നത് ബി.ജെ.പിയുടെ മുസ്‍ലിം വിദ്വേഷ പ്രചാരണത്തിന്റെ മാത്രം ഭാഗമായി കാണുന്നവരാണ് മുസ്‍ലിം സമുദായത്തിലെ വലിയൊരു പങ്കും. ആ വിലയിരുത്തൽ ശരിയാണെങ്കിലും അതിനപ്പുറത്താണ് ബി.ജെ.പി അജണ്ട. നിർബന്ധിതമായി വിവാഹമോചനത്തിനിരയായി ദുരിതത്തിലാകുന്ന സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും അനുഭാവം എങ്കിലും തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കു കൂട്ടലിൽ കൂടിയാണ് മുത്തലാഖ് വലിയൊരു പ്രചാരണ ഉപാധിയായി ബി.ജെ.പി ഇ​പ്പോഴും ഉപയോഗിക്കുന്നതും. സമാന സ്ഥിതിയാണ് ഏക സിവിൽ കോഡിന്റെ കാര്യത്തിലും. ഏക സിവിൽ കോഡ് തങ്ങളുടെ മതപരമായ അസ്തിത്വത്തിന് നേർക്കുയരുന്ന വെല്ലുവിളിയായി മുസ്‍ലിം സമുദായം കാണു​മ്പോഴും ഉത്തരേന്ത്യയിലെ മുസ്‍ലിം സ്ത്രീകളെ അതിന് അനുകൂലമാക്കി മാറ്റുന്നതിൽ ബി.ജെ.പി വിജയിക്കുന്നുണ്ട് എന്നതാണ് നേര്. ഇസ്‍ലാം കൽപിച്ചിട്ടും പാരമ്പര്യ സ്വത്തിൽ ​പെൺമക്കൾക്കും സഹോദരിമാർക്കും ഒരവകാശവും നൽകാത്ത മുസ്‍ലിം സമുദായത്തിനിടയിൽ ഏക സിവിൽ കോഡ് വരു​ന്നതോടെ സ്വത്തിൽ പുരുഷനുള്ളത് പോലൊരു വിഹിതം സ്ത്രീക്കും ലഭിക്കും എന്ന ബി.ജെ.പി പ്രചാരണത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മോദി മുസ്‍ലിം സ്ത്രീകൾക്ക് സ്വത്തിൽ അവകാശം നൽകാൻ നിയമം കൊണ്ടുവരുന്നുണ്ട് എന്നാണ് പല മുസ്‍ലിം സ്ത്രീ വോട്ടർമാരും ഏക സിവിൽകോഡിനെ കുറിച്ച് പറഞ്ഞത് .

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media