അപ്ഡേറ്റഡ് വീട്ടമ്മ

സൗമ്യ മുഹമ്മദ്
ജൂലൈ 2024

'മറ്റെന്നാള്‍ ആണ് ട്ടോ എളേമ്മാടെ വീട്ടില്‍ നിക്കാഹ്. രാവിലെ ഇറങ്ങണം. എങ്കിലേ പതിനൊന്നു മണിക്ക് മുന്നേ അവിടെ എത്താന്‍ പറ്റൂ.'
അലക്കിയ തുണികള്‍ മടക്കിവെക്കുമ്പോള്‍ ഞാന്‍ അല്പം ഉച്ചത്തില്‍ തന്നെ പറഞ്ഞു. ഇനി ആരും ഇത് അറിഞ്ഞില്ല, കേട്ടില്ല, പറഞ്ഞില്ല, ഓര്‍ത്തില്ല എന്നൊന്നും പറഞ്ഞ് ഈ നികാഹിന്റെ കാര്യം വിട്ടു പോകേണ്ട. കാരണം, കല്യാണം എന്റെ എളേമ്മാടെ വീട്ടില്‍ ആണേയ്. അപ്പൊ മറവി സ്വാഭാവികം. കൂടാതെ മാസം ഒന്നായി ഞാനീ കല്യാണദിവസം കാത്തുകാത്തിരിക്കുന്നു. സാധാരണയില്‍ സാധാരണയായ എന്നെപ്പോലുള്ള വീട്ടമ്മമാര്‍ക്ക് ആകെയുള്ള സന്തോഷങ്ങള്‍ ഇങ്ങനെ വല്ലപ്പോഴും വന്നുചേരുന്ന ഒഴിച്ചുകൂടാന്‍ പറ്റാത്ത കല്യാണങ്ങളും പരിപാടികളുമാണ്. അന്ന് വേണം ഒന്ന് പുറത്തിറങ്ങാനും സ്വന്തക്കാരെ കണ്ടൊന്നു മിണ്ടിപറയാനും. മാത്രമല്ല, അന്നൊരു പകല്‍ നേരമെങ്കിലും അടുക്കളയില്‍ കയറാതെ, വേവിക്കാതെ, വിളമ്പാതെ, ഊട്ടാതെ, പിന്നെ ഉണ്ടത് കഴുകി തുടക്കാതെയിരിക്കാമല്ലോ എന്നുള്ള ആശ്വാസം വേറെയും.

'ഓഹ്... ആഴ്ചാവസാനം ഒന്ന് വെറുതെയിരിക്കാം എന്നു കരുതിയതാ. അപ്പോഴാ ഒരു മുള്ളീപ്പോ തെറിച്ചപ്പോഴുള്ള ബന്ധുക്കാരുടെ കല്യാണം!'
കുളി കഴിഞ്ഞ് തല തുവര്‍ത്തിക്കൊണ്ട് പുറത്തേക്കു വന്ന ഭര്‍ത്താവ് പിറുപിറുക്കുന്നത് കേട്ടെങ്കിലും ഞാന്‍ ഒന്നും മിണ്ടാതെ അദ്ദേഹം തോര്‍ത്ത് എവിടെ, എങ്ങനെ വിരിച്ചിടും എന്ന് വീക്ഷിച്ചു.
ഡ്രസ്സിംഗ് സ്റ്റാന്‍ഡിന് സൈഡില്‍ വൃത്തിയോടെ കുടഞ്ഞു വിരിച്ചിടുന്നത് കണ്ട് ഞാന്‍ ഊറി ചിരിച്ചുകൊണ്ട് ചോദിച്ചു:

'അതെന്താ നിങ്ങള്‍ ആണുങ്ങള്‍ക്ക് മാത്രമാണോ വാരാന്ത്യവും വാരാദ്യവുമൊക്കെയുള്ളൂ. ഞങ്ങള്‍  വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ക്ക് ഈ ദിവസങ്ങള്‍ ഒന്നും ഇല്ലേ?'

'നിനക്ക് അങ്ങനെയങ്ങു പറഞ്ഞാല്‍ മതി. ആഴ്ചയില്‍ ആറു ദിവസവും പുറത്ത് പോയി പണിയെടുക്കുന്നവന്റെ എടങ്ങേറ് നിനക്കൊക്കെ എങ്ങനെ മനസ്സിലാകാനാ! വീട്ടില്‍ തന്നെ ഉണ്ട് ഉറങ്ങി സുഖമായി ഇരിക്കുന്ന നിന്നോടൊന്നും ഒന്നും പറഞ്ഞിട്ടും കാര്യമില്ല.'
അങ്ങേര് തന്റെ പതിവു പല്ലവി പുറത്തെടുത്തു.

'കൊല്ലം പത്തിരുപത് ആയില്ലേ. ഇനീം ഇതു തന്നെ പറഞ്ഞിരിക്കാന്‍ നാണമാകില്ലേ നിങ്ങള്‍ക്ക്?'
തികട്ടി വന്ന മുഴുവന്‍ പരിഹാസവും മുഖത്തു കാണിച്ച് ഞാന്‍ മുഖം കൂര്‍പ്പിച്ചു കൊണ്ട് തുടര്‍ന്നു.
'പറയാനാണെങ്കില്‍ എനിക്കുമുണ്ട് ഒരുപാട് പറയാന്‍. നേരം വെളുക്കുമ്പോള്‍ മുതല്‍ ഇവിടെ ചെയ്യുന്ന ജോലികളുടെയും, നിങ്ങള്‍ക്കും മക്കള്‍ക്കും വെച്ചു വിളമ്പുന്നതിന്റെയും, അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ നിങ്ങള്‍ യാതൊരു ഉളുപ്പുമില്ലാതെ ഊരി എറിഞ്ഞിട്ടു പോകുന്ന വിയര്‍പ്പു നാറിയ തുണികള്‍ അലക്കി തേച്ചു മടക്കി വെക്കുന്നതിന്റെയും, പിന്നെ പകല്‍ നേരം മുഴുവന്‍ ഈ വീടും തൊടിയും അങ്ങേയറ്റം ഉമ്മറത്തു കിടക്കുന്ന ചെരിപ്പുകള്‍ പോലും അസ്സലൊരു അനുസരണയുള്ള കാവല്‍ പട്ടിയെ വെല്ലുന്ന തരത്തില്‍ കാത്തു സൂക്ഷിക്കുന്നതിന്റെയും, പിന്നെയും നേരവും കാലവും ഇല്ലാതെ കയറി വരുന്ന നിങ്ങളുടെ ബന്ധുക്കളെ സല്‍ക്കരിക്കുന്നതിന്റെയും അനവധി കണക്കുകള്‍. നിങ്ങള്‍ ആഴ്ചയില്‍ ആറു ദിവസവും പുറത്തു പോയി പണിയെടുക്കുകയാണെങ്കില്‍ ഞങ്ങള്‍ വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ ആഴ്ചയില്‍ ഏഴു ദിവസവും പണി എടുക്കുന്നുണ്ട്. ആഴ്ചയുടെ അവസാനം ആകട്ടെ പണിയോട് പണിയും. അതൊന്നും ഞാന്‍ പറയുന്നില്ല. കാരണം, അതൊക്കെ പറഞ്ഞു പറഞ്ഞ് എനിക്കു തന്നെ നാണക്കേടായി.'

'പിന്നേയ്, എന്റെ സ്വന്തക്കാരെ സത്കരിച്ച കാര്യമൊന്നും നീ പറയേണ്ട. കഴിഞ്ഞയാഴ്ച എന്റെ ഇളയ പെങ്ങളും കെട്ട്യോനും പിള്ളേരും കൂടി വന്നപ്പോള്‍ നീ കാണിച്ചത് ഞാന്‍ മറന്നിട്ടില്ല. രൂപാ ആയിരത്തി അഞ്ഞൂറ് ആണ് നിമിഷനേരം കൊണ്ട് എന്റെ കയ്യീന്ന് ചിതറിപോയത്. അതും നീ കാരണം... എന്തേലും വെച്ചുണ്ടാക്കാനുള്ള നിന്റെ മടി കാരണം.'

ആളും വിടാന്‍ ഭാവമില്ല എന്നു കണ്ട് ഞാന്‍ രണ്ടും കല്പിച്ചുള്ള ഒരു യുദ്ധത്തിനു തന്നെ തയ്യാറെടുത്തു.
'അത് നന്നായിപ്പോയി. ഇനി നേരോം കാലോം ഇല്ലാതെ വീട്ടിലേക്ക് കയറി വരുന്നവര്‍ക്ക് വേണ്ടി തീറ്റയുണ്ടാക്കാന്‍ എന്നെ നിര്‍ബന്ധിച്ചാല്‍ ഇത് തന്നെയായിരിക്കും ഫലം. അവള് ജോലിക്കാരി... അവള്‍ക്കാകെ ഒരു ദിവസമല്ലേ അവധിയുള്ളൂ, നീ വീട്ടില്‍ തന്നെ ഇരിക്കുന്നവള്‍ അല്ലേ എന്നും പറഞ്ഞ് അവധി ദിവസം പണിയൊക്കെ തീര്‍ത്ത് ഞാനെന്റെ കെട്ട്യോനും മക്കള്‍ക്കും ഒപ്പം ഇരിക്കുമ്പോള്‍ സമയം തെറ്റി കടന്നുവരുന്നവര്‍ക്ക് വേണ്ടി പത്തിരീം ഇറച്ചിക്കറിയുമുണ്ടാക്കാന്‍ പറഞ്ഞാല്‍ ഇനി എനിക്ക് തരപ്പെട്ടു എന്നു വരില്ല. ഒന്നല്ലെങ്കില്‍ പറയുന്നവര്‍ ഉണ്ടാക്കണം, അല്ലെങ്കില്‍ വരുന്നവര്‍ മര്യാദ കാണിക്കണം. ഇനി ഇത് രണ്ടിനും പറ്റില്ലെങ്കില്‍ ആയിരമോ രണ്ടായിരമോ കൊടുത്ത് ഫുഡ് വാങ്ങി കൊടുക്കുക. ഒന്നുമല്ലെങ്കില്‍ അത്രേം കാശ് ചെലവാകുമ്പോള്‍ തന്നെയെങ്കിലും ഞാനെന്ന അടുക്കളപ്പണിക്കാരിയുടെ വില മനസ്സിലാകുമല്ലോ.'
അദ്ദേഹം എന്നെയൊന്നു നോക്കി. പിന്നെ കൈ കഴുകി ഭക്ഷണം കഴിക്കാനിരുന്നു. ഞാന്‍ ചപ്പാത്തിയും വെജിറ്റബിള്‍ കറിയും ചൂടോടെ വിളമ്പി. അദ്ദേഹം ഒന്നും മിണ്ടാതെ അത് കഴിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി, ഭക്ഷണം കൊള്ളാമെന്ന്. ഉപ്പും മുളകും എരിവും തേങ്ങാപാലും എല്ലാം കൃത്യമാണ്. എന്തേലും ഒരു കുറവുണ്ടെങ്കില്‍ ഇപ്പോള്‍ പറഞ്ഞേനെ. കുറവുകള്‍ പറയാന്‍ ഒരിക്കലും മറക്കാറില്ല. വീട്ടമ്മമാരുടെ അധ്വാനത്തിന് മാത്രമുള്ള പ്രത്യേകതയാണ് അത്. അഭിനന്ദിക്കാന്‍ മറന്നാലും അപമാനിക്കാനും അവഗണിക്കാനും എല്ലാരും മുന്നിലാണ്.

പറഞ്ഞിട്ട് കാര്യമില്ല. ഇവരൊന്നും മാറ്റി ചിന്തിക്കാനോ വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ക്കൊരു വിലയൊന്നും തരാനോ പോകുന്നില്ല. അപ്പോള്‍ പിന്നെ നമ്മള്‍ പെണ്ണുങ്ങള്‍ സ്വയമങ്ങു നന്നായിക്കോളണം. അതായത്, നമ്മള്‍ നമുക്കൊരു വിലയങ്ങു കൊടുക്കണം.
ഞാന്‍ എന്നോട് തന്നെ സംസാരിച്ചുകൊണ്ട് പാത്രങ്ങള്‍ അടുക്കളയില്‍ വെച്ചിട്ട് ഫോണ്‍ എടുത്ത് ഭര്‍ത്താവിന്റെയടുത്ത് പോയി ഇരുന്നു. അല്പനേരം ഒരുമിച്ചിരിക്കാന്‍ ഞാനിപ്പോള്‍ ശ്രമിക്കാറുണ്ട്. കുറച്ച് നാള്‍ മുന്നേ വരെ ഇദ്ദേഹം ഭക്ഷണം കഴിച്ച് ഫോണും നോക്കി ഇരിക്കുമ്പോള്‍ ഞാന്‍ പാത്രം കഴുകാനും നിലം അടിക്കാനും പോകും. ഞാന്‍ തിരിച്ചു വരുമ്പോഴേക്കും ഉറക്കം പിടിച്ചിട്ടുണ്ടാകും. ഇപ്പോള്‍ ഞാന്‍ ആ പണി നിറുത്തി... പാത്രം കുറച്ച് സമയം അവിടെ കിടന്നാലും ആരും എടുത്തു കൊണ്ടൊന്നും പോകില്ലല്ലോ! മാത്രമല്ല, രാവിലെ ചോറ് പൊതി കെട്ടി തരണമെങ്കില്‍ പാത്രം കഴുകി തരണമെന്നും പറഞ്ഞ് മോനെ കൊണ്ട് അത് ചെയ്യിപ്പിക്കുകയും ചെയ്യാം. പിള്ളേരും ചെയ്തു പഠിക്കട്ടെ...
വര്‍ഷങ്ങളായി ഒരേ രീതിയിലുള്ള ദിനചര്യകളും പെരുമാറ്റവും കൊണ്ട് എനിക്കാകെ മടുത്തു തുടങ്ങിയിരുന്നു. ലോകത്ത് മറ്റേതൊരു ജോലിക്കും പുതിയ പുതിയ അപ്ഡേഷന്‍സ് ഉണ്ടാകും. പക്ഷേ, വീട്ടിലെ പെണ്ണുങ്ങള്‍ മാത്രം അങ്ങനെ ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചു മരിക്കും. വിഷാദവും സങ്കടവും മടുപ്പും കാരണം പകലുകള്‍ എനിക്കാകെ വിരസമായിത്തുടങ്ങിയ സമയത്താണ് എന്തുകൊണ്ട് എനിക്കും കാലത്തിനനുസരിച്ച് മാറിക്കൂടാ എന്നു ചിന്തിച്ചു തുടങ്ങിയത്. അവഗണനകളും കുറ്റപ്പെടുത്തലുകളും കേട്ട് ദേഷ്യത്താലും സങ്കടത്താലും കല്ലിച്ചു പോയ മനസ്സിനെ വരുതിയിലാക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. വ്യായാമം ചെയ്തും സൗന്ദര്യം ശ്രദ്ധിച്ചും പൊട്ടിച്ചിരിക്കാന്‍ ശ്രമിച്ചും ഞാന്‍ എന്നെ തന്നെ സ്നേഹിച്ചു തുടങ്ങി. മറ്റുള്ളവരുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാതെ എന്റെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ച് ഞാന്‍ എന്റെ ജീവിതം ചിട്ടപ്പെടുത്തി. അടുക്കള മുതല്‍ കിടപ്പറ വരെ നവീകരിച്ചു. വളരെ വലിയൊരു സ്ഥാപനത്തില്‍ മാനേജര്‍ പോസ്റ്റില്‍ ജോലി ചെയ്യുന്ന സമര്‍ഥനായ ഭര്‍ത്താവിനും പുത്തന്‍ തലമുറയിലെ വിരല്‍ തുമ്പിനപ്പുറമുള്ള എല്ലാവിധ നൂതന മാറ്റങ്ങളും വളരെ പെട്ടെന്നു തന്നെ ഹൃദിസ്ഥമാക്കുന്ന മക്കളുടെയും മുന്നില്‍ വീട്ടമ്മ അത്ര മോശം അമ്മയല്ല എന്നു കാണിച്ചു കൊടുക്കേണ്ടത് ഒരു വാശിയായി ഞാനെടുത്തു. കിട്ടാവുന്നതെല്ലാം വായിച്ചും ഒഴിവു സമയം ഫലപ്രദമായി  വിനിയോഗിച്ചും ലോകത്ത് നടക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധിച്ചും എന്നെ തന്നെ സ്നേഹിച്ചും  ഞാന്‍ മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ഓടിയെത്താന്‍ പരിശ്രമിച്ചു. ഇപ്പോള്‍ മക്കള്‍ക്കും ഭര്‍ത്താവിനും മുന്നില്‍ ഞാനെന്ന വ്യക്തിയുടെ താല്പര്യങ്ങളും തീരുമാനങ്ങളും തുറന്നുപറയുന്നു.

ഓരോ കാര്യങ്ങളിലും അവരെക്കൂടി പങ്കെടുപ്പിച്ച് ഞാനെന്റെ സ്‌ട്രെസ് പരമാവധി കുറക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ ചെയ്യുന്നത് വെറും പാഴ് വേലകള്‍ അല്ലെന്നും ഏതൊരു ജോലിക്കും അതിന്റേതായ ഉത്തരവാദിത്വങ്ങളുണ്ടെന്നും അവരെ മനസ്സിലാക്കാനായി ഞാന്‍ നിരന്തരം ശ്രദ്ധിക്കുന്നു.

അങ്ങനെയാണ് കുറച്ചു നാള്‍ മുന്നേ വരെ തലയും മേലും കക്ഷവും തുടച്ചിട്ട് കട്ടിലിലേക്ക് ചുരുട്ടി എറിഞ്ഞുകൊണ്ടിരുന്ന നനഞ്ഞ തോര്‍ത്ത്  ഉപയോഗശേഷം വൃത്തിയായി വിരിച്ചിടാന്‍ പഠിപ്പിച്ചതും അസമയത്തെ അതിഥികളെ സല്‍ക്കരിക്കാന്‍ പഠിപ്പിച്ചതും, വീട്ടമ്മക്കും വാരാന്ത്യത്തില്‍ അല്പം റെസ്റ്റും ഉല്ലാസവുമൊക്കെ ആകാമെന്ന് മനസ്സിലാക്കികൊടുത്തതും.
ആദ്യമൊക്കെ അംഗീകരിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ടാകും. പതിയെ ശരിയാകും. ഞാന്‍ ശുഭപ്രതീക്ഷയോടെ നിശ്ശബ്ദം അദ്ദേഹത്തെ നോക്കിയിരുന്നു.

കല്യാണ ദിവസം രാവിലെ മക്കളും കെട്ട്യോനും നേരത്തെ എഴുന്നേറ്റു റെഡിയായി. വാതിലും പൂട്ടി ഞാന്‍ ഇറങ്ങുമ്പോള്‍ കണ്ടു, അദ്ദേഹം വണ്ടി പോര്‍ച്ചില്‍ നിന്നുമിറക്കാനായി അങ്ങോട്ട് നടക്കുന്നത്.
ഞാന്‍ ചിരിയോടെ പറഞ്ഞു:

'കാര്‍ ഞാനെടുക്കാം. നിങ്ങള്‍ ആഴ്ച മുഴുവന്‍ ജോലിയും യാത്രയും ചെയ്ത് ക്ഷീണിച്ചതല്ലേ. ഡ്രൈവ് ചെയ്യേണ്ട.'
അദ്ദേഹം എന്നെയൊന്നു നോക്കി. പിന്നെ ഒന്നും മിണ്ടാതെ കീ എനിക്ക് തന്ന് ഇടതു വശത്തെ സീറ്റില്‍ പോയി ഇരുന്നു. യാതൊരു പതര്‍ച്ചയും പുറത്ത് കാട്ടാതെ ഞാന്‍ വണ്ടി ഗേറ്റും കടത്തി നിരത്തിലേക്കിറക്കി. പിന്നില്‍ കുട്ടികള്‍ പരസ്പരം സന്തോഷത്തോടെ ചിരിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. ഞാന്‍ വണ്ടി മുന്നോട്ടെടുത്തു.
'നീ ആളാകെ മാറി... ഇപ്പോഴാണ് ശരിക്കും നീയൊരു അപ്ഡേറ്റഡ് വീട്ടമ്മയായത്. വെരി നൈസ്...'
അദ്ദേഹം പതിയെ എന്റെ ചുമലില്‍ തട്ടി.

എന്റെ കണ്ണുകള്‍ നിറഞ്ഞു. എത്ര കഷ്ടപ്പെട്ടാണ് ഇതൊന്നു പഠിച്ചെടുത്തത്! 'നിന്നെക്കൊണ്ടൊന്നും പറ്റില്ല. കഞ്ഞീം കൂട്ടാനും ഉണ്ടാക്കുന്ന പോലെ ഇതത്ര എളുപ്പമല്ല' എന്ന അദ്ദേഹത്തിന്റെ ആദ്യ പറച്ചിലില്‍ നിന്നും, ഇന്ന് ഈ നിമിഷം വരെയുള്ള അഭിനന്ദനത്തിലേക്ക് ഒരു കടല്‍ ദൂരം ഞാന്‍ സഞ്ചരിച്ചതു പോലെ എനിക്ക് തോന്നി. കാലത്തിനൊപ്പം മാറി ചിന്തിക്കാന്‍, വീട്ടമ്മക്കും അവകാശങ്ങള്‍ ഉണ്ടെന്നും, എനിക്കും ഒരു മാറ്റം വേണമെന്നും ഞാന്‍ ആഗ്രഹിച്ച ആ പകല്‍ നേരങ്ങള്‍ എന്റെ ഓര്‍മയില്‍ തെളിഞ്ഞതും ഞാനൊന്നു ദീര്‍ഘമായി നിശ്വസിച്ചു.
ഞാന്‍ അദ്ദേഹത്തെ നോക്കി മനസ്സറിഞ്ഞു ചിരിച്ചു. പിന്നെ  ഇത്രയും മനോഹരമായ ഒരു വാരാന്ത്യം ഈ വീട്ടമ്മക്ക് നല്‍കിയതില്‍ മനസ്സ് നിറഞ്ഞ് പടച്ച റബ്ബിന് സ്തുതി പറഞ്ഞു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media