വെപ്പല്ല, വിളമ്പലാണ് ശരിയാകേണ്ടത്.
മായന്റെ കഥ പറയാം.
ഉള്ള പണവും കടംവാങ്ങിയ പണവും മുടക്കി അയാള്‍ പട്ടണത്തിലൊരു പീടിക മുറി വാടകക്കെടുത്തു. വില്ക്കാന് സാധനങ്ങള്‍ ധാരാളം വാങ്ങിവെച്ചു.
ചിലര്‍ പറഞ്ഞു, കുറച്ച് അലങ്കാര വിളക്ക് പിടിപ്പിക്കാന്‍. വേറെ ചിലര്‍ പറഞ്ഞു, എ.സി ഫിറ്റ് ചെയ്യാന്‍. മായന്‍ പറഞ്ഞു, വേണ്ട, അതിന്റെ ചെലവ് കൂടി ഉപഭോക്താവിന്റെ തലയിലിടേണ്ട.
നല്ല സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത് തിരിച്ചറിഞ്ഞ് ആളുകള്‍ വരും. അയാള്‍ കാത്തിരുന്നു.
വന്നില്ല. പകിട്ടില്ലാത്ത പീടികയിലേക്ക് ആളുകള്‍ തിരിഞ്ഞു നോക്കിയില്ല.
അങ്ങനെയങ്ങനെ കച്ചവടം പൊളിഞ്ഞു. മായന്‍ പീടിക ഒഴിഞ്ഞു.
എന്നിട്ടയാള്‍ ചില ഓണ്‍ലൈന്‍ സൂത്രങ്ങള്‍ പഠിച്ചു.
എന്നിട്ട്, പട്ടണത്തില്‍ നിന്നല്‍പ്പം വിട്ട്, ഒഴിഞ്ഞ വിശാലമായ സ്ഥലത്ത്, റോഡരികില്‍, മരച്ചോട്ടില്‍, ഷീറ്റ് വിരിച്ചൊരു ചെറു ഷെഡുണ്ടാക്കി.
അതില്‍ ചായ കാച്ചാനൊരു ചെറു സെറ്റപ്പ്. കുറച്ച് ഗ്ലാസ്. ഗ്ലാസ് കഴുകാന്‍ വെള്ളവും ബക്കറ്റും. ഇത്രയും അടിസ്ഥാന സൗകര്യം. ഇനിയാണ് കളി.
ഇതുവരെയുള്ള സെറ്റപ്പിന് ആകക്കൂടി ചെലവ് ആറായിരം രൂപ. ഒരു പതിനായിരം രൂപ കൂടി മായന്‍ മുടക്കി -അതത്രയും ഒരു യൂട്യൂബറെ വാടകക്കെടുക്കാന്‍. രണ്ടു മാസ കരാര്‍ തീര്‍പ്പായി.
യു ട്യൂബര്‍ ബിസിനസ് പ്ലാന്‍ തയാറാക്കി: സ്ഥാപനത്തിന് ഒരു പേരു വേണം.
മായന്‍ പരുങ്ങി." 'സ്ഥാപനമായിട്ട് ഒന്നുമില്ല. റോഡരികിലൊരു ഷെഡ്ഡാണ്. 'ഹോട്ടല്‍ ഡി മായന്‍സ്' എന്നൊന്നും ഇടാന്‍ വകയില്ല.''
"ഉണ്ടെങ്കിലും അത് ഇട്ടാല്‍ ആളെ കിട്ടില്ല. നമുക്ക് റോഡ് സൈഡ് മക്കാനി എന്നു പേരിടാം. അതാണ് ട്രെന്‍ഡ്. വിഭവങ്ങള്‍ എന്തൊക്കെ? പൊറോട്ട? വെള്ളപ്പം? ഇടിയപ്പം? ചുട്ടപ്പം?''
"ഒന്നുമില്ല. വെറും ചായ, ചായയില്‍ ചേര്‍ക്കാന്‍ പാലും ഏലക്കായും ചെറുനാരങ്ങയുമൊക്കെ ഉണ്ടാകും. അതിലപ്പുറം വയ്യ.''
''മതി. വെറൈറ്റി ആയല്ലോ. പാലൊഴിച്ച ചായ; ഏലം ചേര്‍ത്ത ചായ; ലൈം ചായ. ഇനി ചായ വില്‍ക്കരുത്.''
''ചായയല്ലേ ഉള്ളൂ!''
''അല്ല. ബ്രാന്‍ഡാണ് വില്‍ക്കുക. നിങ്ങളിനി വില്‍ക്കുക ചായയല്ല. മായന്‍സ് പാല് റ്റീ, മായന്‍സ് ഏലം റ്റീ, മായന്‍സ് ലൈം റ്റീ.''
യൂട്യൂബറുടെ ഫീസ് കൊടുത്തു തീര്‍ത്ത് മായന്‍ മടങ്ങി. പിറ്റേന്ന് യൂട്യൂബില്‍ ഫുഡീഡ് കോര്‍ണറില്‍ മായന്‍സ് റോഡ് സൈഡ് മക്കാനി വൈറലായിത്തുടങ്ങി.
ഇന്ന് മായന്‍ വിശ്രമമില്ല. വിദൂരങ്ങളില്‍നിന്ന് മക്കാനി ചോദിച്ചെത്തുന്നവരുടെ വണ്ടികള്‍ നീണ്ട നിരയായി കിടക്കുന്നതു കാണാം.
ആളുകള്‍ വന്ന് ചായ കഴിക്കുന്നത് അത് കഴിക്കാനല്ല. മായന്‍സ് സ്പെഷല്‍ വാങ്ങിക്കഴിക്കുന്നതിന്റെ സെല്‍ഫിയെടുത്ത് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് ആത്മസംതൃപ്തി നേടാനാണ്. എവറസ്റ്റ് കയറിയവരുടെ യൂട്യൂബ് അക്കൗണ്ടിനേ അതിലേറെ ഫോളോവേഴ്സ് ഉള്ളൂ.
പറഞ്ഞല്ലോ. ലോകം അങ്ങനെയാണ്. വെപ്പല്ല, വിളമ്പലാണ് ശരിയാകേണ്ടത്.