തെരഞ്ഞെടുപ്പാരവങ്ങളും ചര്‍ച്ചകളും കഴിഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ മതേതര ബോധ്യം കൈമോശം വന്നിട്ടില്ലെന്നും മാനവിക ഐക്യത്തിനും സൗഹാര്‍ദത്തിനും കൊതിക്കുന്നൊരു മനസ്സുള്ള ഒരുമയാര്‍ന്ന ഇന്ത്യയാണ് നമുക്കുള്ളതെന്നും പ്രത്യാശ പുലര്‍ത്തിയവരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയില്ല തെരഞ്ഞെടുപ്പു ഫലങ്ങള്‍. ഭരണകൂടവും ഭരണകൂട സംവിധാനങ്ങളുമെല്ലാം ഏറെ മെനക്കെട്ടിട്ടും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആഘാതമാണ് സമ്മതിദാനാവകാശത്തിലൂടെ ജനങ്ങള്‍ നല്‍കിയത്. നാടിന്റെ ഐക്യത്തിന്നായും ജനതയുടെ ഒരുമക്കായും നടന്നവരുടെ ശ്രമങ്ങള്‍ വെറുതെയായില്ല.
മൂന്നാമതും അധികാരത്തില്‍ വരാന്‍ ഫാസിസ്റ്റ് പ്രത്യയശാസ്ത്രക്കാര്‍ക്ക് കഴിഞ്ഞെങ്കിലും ഫാസിസത്തിന്റെ തന്നിഷ്ടത്തിന് നാടിനെ വിട്ടുകൊടുക്കാനാവില്ലെന്നും മത-ജാതീയ വേര്‍തിരിവുകളില്‍ വേര്‍പ്പെട്ടു പോകുന്നൊരു ഇന്ത്യയെയല്ല മഹാരഥന്മാര്‍ നമുക്ക് ബാക്കിയാക്കിയതെന്നും നാം ഒരിക്കല്‍ കൂടി വിധിയെഴുതാന്‍ ശ്രമിച്ചു. വെറുപ്പും വിദ്വേഷവും വിതറി വോട്ടാക്കാന്‍ ശ്രമിച്ച രാജ്യ നായകനോട് നാടിനൊരു പൂജാരിയെയല്ല വേണ്ടതെന്നും ചേര്‍ത്തുപിടിക്കാന്‍ ത്രാണിയുള്ളൊരു ഭരണാധികാരിയെയാണ് വേണ്ടതെന്നുമുള്ള മറുപടിയാണ് വെറുപ്പിന്റെയും വിഭജനത്തിന്റെയും സ്മാരകമായി ആരാധനാലയങ്ങള്‍ ഉയര്‍ത്തിയ ഭൂരിപക്ഷ ജനതയെ വൈകാരികമായി ഇളക്കാന്‍ ശ്രമിച്ചവര്‍ക്ക് ആ തട്ടകത്തില്‍ തന്നെ തിരിച്ചടിയേറ്റതിലൂടെ കണ്ടത്.
സമ്മതിദാനാവകാശം വിനിയോഗിച്ച 80കോടിയില്‍ നേര്‍ പകുതിയിലധികം സ്ത്രീകളാണ്. വോട്ടുബാങ്ക് രാഷ്ട്രീയത്തെയും ജനപ്രാതിനിധ്യാവകാശങ്ങളിലെ ഭാവിയെയും തീരുമാനിക്കുന്നവരായി ഇനിയങ്ങോട്ട് സ്ത്രീകള്‍ മാറുന്ന കാഴ്ചയാണുള്ളത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിച്ച കാര്യവുമാണത്. പാര്‍ലമെന്റില്‍ 50 ശതമാനം എന്ന വനിതാ സംവരണ ബില്‍ പാസാക്കിയിട്ടും അധികാരസ്ഥാനത്ത് വേണ്ട തോതില്‍ എത്താന്‍ പാകത്തില്‍ നിയമമായി വന്നിട്ടില്ല. പക്ഷേ, രാജ്യം ഭരിക്കണമെങ്കില്‍ ഞങ്ങളാണിനി തീരുമാനിക്കേണ്ടത് എന്ന നിലക്കാണ് സ്ത്രീ വോട്ടര്‍മാരുടെ നില ഓരോ സംസ്ഥാനത്തും. പല സ്ഥാനാര്‍ഥികളും വിജയിച്ചതും സ്ത്രീ മനസ്സിലെ സ്വാധീനം കൊണ്ടാണ്.
കേരളത്തില്‍ വേരോട്ടമില്ലാത്ത ബി.ജെ.പിക്ക് സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞതില്‍ വലിയ പങ്ക് സ്ത്രീ വോട്ടര്‍മാരുടേതാണെന്ന യാഥാര്‍ഥ്യവും നാം കാണണം. വിപ്ലവച്ചുവപ്പിനും ഗാന്ധിസത്തിനും ഇടയില്‍ ഒരു താമരപ്പൂ വിരിയുമ്പോള്‍ അത് സൗരഭ്യം പരത്താനുള്ളതല്ലെന്ന തിരിച്ചറിവിനപ്പുറം അവരെ സ്വാധീനിച്ചത് വ്യക്തിപ്രഭാവമായിരിക്കാം. ഉത്തരേന്ത്യയിലും മുസ്ലിം സ്ത്രീകളെയടക്കം സ്വാധീനിക്കാന്‍ ഫാസിസം പണിയെടുക്കുന്നത് ആന്തരിക ബലഹീനതയെ ചൂഷണം ചെയ്തുകൊണ്ടാണ്. മത-രാഷ്ട്രീയ പ്രബുദ്ധമായ സ്ത്രീ സമൂഹത്തിനാണ് ഇതിന് തടയിടാനാവൂക. ആ ബോധ്യത്തോടെയായിരിക്കണം അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാള്ള പണി ഇന്നേ തുടങ്ങേണ്ടത്.