മഴക്കാലരോഗങ്ങള്‍

പ്രഫ. കെ നസീമ
ജൂലൈ 2024

മഴക്കാലത്ത് മഞ്ഞപ്പിത്തം, വൈറല്‍ പനികള്‍, വയറിളക്കം, കോളറ, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ പകരാന്‍ ഇടയുള്ളതിനാല്‍ അവയെപ്പറ്റിയുള്ള അവബോധം ജനങ്ങള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. രോഗങ്ങളെ ചെറുക്കാനും രോഗനിവാരണത്തിനും ഇത് സഹായിക്കുന്നു. രോഗം പടരുമ്പോള്‍ നമുക്കുണ്ടാവുന്ന ക്ഷീണവും ശരീരത്തിന്റെ പോഷകക്കുറവും ശ്രദ്ധിക്കേണ്ടതാണ്. ജലമലിനീകരണവും ശുചിത്വത്തിന്റെ അഭാവവും കാരണമാണ് പല രോഗങ്ങളും ഉണ്ടാകുന്നത്.

മഞ്ഞപ്പിത്തം ഒരു കരള്‍ രോഗമാണ്. ഇതിന് കാരണമാവുന്നത് ഹെപ്പറ്റൈറ്റിസ് എ, ഇ എന്നീ വൈറസുകളാണ്. മഞ്ഞപ്പിത്തത്തില്‍ രക്തത്തിലെ ബിലിറൂബിന്റെ അളവ് വര്‍ധിക്കുകയും അത് വിസര്‍ജിച്ചു പുറത്തുപോകാത്തതിനാല്‍ രോഗിയുടെ കണ്ണ്, ത്വക്ക് എന്നിവ മഞ്ഞനിറത്തില്‍ ആവുകയും ചെയ്യുന്നു. പനി, വിശപ്പില്ലായ്മ, ശരീര ഭാരം കുറയുക, സന്ധിവേദന, ഛര്‍ദിക്കാന്‍ തോന്നുക, ക്ഷീണം ചൊറിച്ചില്‍ എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍. മഴക്കാലത്ത് മലിനമായ വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്നു. ഒറ്റയ്ക്കും പകര്‍ച്ചവ്യാധി ആയും ഉണ്ടാവാം. രണ്ടു മുതല്‍ 6 ആഴ്ച വരെ ഇന്‍ക്യുബേഷന്‍ കാലാവധിയുള്ള ഈ രോഗത്തിന് രോഗ ലക്ഷണങ്ങള്‍ പ്രകടമല്ലാത്ത ആദ്യഘട്ടവും പ്രകടമാകുന്ന രണ്ടാം ഘട്ടവും ഉണ്ട്. മഞ്ഞപ്പിത്തത്തിന്റെ തുടക്കത്തില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ മാറുമെങ്കിലും രോഗം ഭേദമാവാന്‍ നാലു മുതല്‍ 6 ആഴ്ച വരെ വേണ്ടിവരുന്നു. രോഗാവസ്ഥയില്‍ രോഗിക്ക് വിശ്രമവും മിതഭക്ഷണവും അനിവാര്യമാണ്.
മഞ്ഞപ്പിത്തം വരുത്തുന്ന ഹെപ്പറ്റൈറ്റിസ് ഇ വൈറസിന്റെ കലവറ (reservoir)യായി വര്‍ത്തിക്കുന്ന കുരങ്ങുകളുടെയും പന്നികളുടെയും മലമൂത്ര വിസര്‍ജ്യത്തിലൂടെ മനുഷ്യരിലേക്ക് രോഗം പകരുന്നു.

മനുഷ്യരില്‍ മാത്രം രോഗമുണ്ടാക്കുന്ന ഹെപ്പറ്റൈറ്റിസ് എ വൈറസുകളും മലിനജലത്തിലൂടെയാണ് പകരുന്നത്. രോഗാണുബാധയേറ്റ അഞ്ചു ശതമാനം പേരില്‍ മാത്രം രോഗമുണ്ടാക്കുന്ന ഈ വൈറസുകള്‍ക്കെതിരെ പ്രതിരോധിക്കാന്‍ വാക്സിന്‍ ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ഇ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ നിലവിലില്ല. മഞ്ഞപ്പിത്തത്തിന് പ്രത്യേക പരിശോധനകളിലൂടെ രോഗനിര്‍ണയം സാധ്യമാണ്.

വയറിളക്ക രോഗങ്ങള്‍
ചെറിയ കുട്ടികളിലും പ്രായം കൂടിയവരിലും വയറിളക്കം അപകടകരമാണ്.
വയറിളക്കത്തോടൊപ്പം രോഗിക്ക് ഛര്‍ദി, പനി, വയറുവേദന എന്നിവയും ഉണ്ടാവുന്നു. മലിനജലം വയറിളക്ക രോഗത്തിന് കാരണമാകുന്നു. രൂക്ഷമായ വയറിളക്കത്തിന് ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കേണ്ടതാണ്. ഒരു ദിവസത്തില്‍ മൂന്നോ അതിലധികമോ പ്രാവശ്യം ദ്രാവക രൂപത്തില്‍ വയര്‍ ഒഴിയുന്നതിനെ വയറിളക്കമായി കണക്കാക്കാം.
വൈറസുകള്‍, ബാക്ടീരിയകള്‍, അമീബ, ജിയാര്‍ഡിയ എന്നിങ്ങനെ വ്യത്യസ്ത സൂക്ഷ്മാണുക്കളാണ് സാധാരണ വയറിളക്കം ഉണ്ടാക്കുന്നത്. മലിനമായ ആഹാരം, മലിനജലം എന്നിവയിലൂടെ പകരുന്ന ഈ രോഗം മഴക്കാലത്ത് ചിപ്പി, ഞണ്ട്, കടല്‍ മത്സ്യങ്ങള്‍ എന്നിവയിലൂടെയും പകരുന്നു.

ഭക്ഷണം പാകം ചെയ്യാന്‍ മലിനമായ ജലം ഉപയോഗിക്കുമ്പോള്‍ ആഹാരത്തിലൂടെ കടന്നുകൂടുന്ന ബാക്ടീരിയകള്‍ ഉദ്പാദിപ്പിക്കുന്ന എന്ററോടോക്സിനുകള്‍ കാരണമാണ് ഭക്ഷ്യ വിഷബാധ ഉണ്ടാവുന്നത്. രോഗികള്‍ക്ക് ഛര്‍ദിയും ഒപ്പം വയറിളക്കവും ഉണ്ടാക്കുന്നു. അതിനാല്‍ മലിനമായ ഭക്ഷണം കഴിക്കാതെയും വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരം കഴിക്കുകയും ചെയ്യുകയാണ് ഉത്തമം.
വയറിളക്കം ഉണ്ടാകുമ്പോള്‍ ശരീരത്തില്‍നിന്ന് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നു. ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, പഞ്ചസാരയും ഉപ്പും ചേര്‍ത്ത നാരങ്ങാവെള്ളം എന്നിവ ഉപയോഗിക്കാവുന്നതാണ്. കഠിനമായ വയറിളക്കത്തിന് ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് ആന്റിബയോട്ടിക്കും കഴിക്കേണ്ടതാണ്.

ഡെങ്കിപ്പനി, ഡെങ്കി രക്തസ്രാവപ്പനി, ജപ്പാന്‍ ജ്വരം, സിക പനി, ചിക്കുന്‍ഗുനിയാ പനി എന്നീ വൈറല്‍ പനികള്‍ കൊതുകുകടിയിലൂടെയാണ് പകരുന്നത്. ഗുരുതരമായ ഈ രോഗങ്ങള്‍ മഴക്കാലത്ത് വര്‍ധിക്കുന്നു. ഇവയില്‍ നിന്ന് രക്ഷനേടാന്‍ കൊതുകിനെയും അതിന്റെ കൂത്താടിയെയും നശിപ്പിക്കുകയും പരിസര ശുചിത്വം പാലിക്കുകയും വേണം.

നിയന്ത്രണ മാര്‍ഗങ്ങള്‍

കുടിവെള്ളം സുരക്ഷിതമായി നിലനിര്‍ത്തുക.
 ഭക്ഷണം ചൂടോടെ മാത്രം ഉപയോഗിക്കുക.
ആഹാരം പാകം ചെയ്യുന്നവരിലും വിളമ്പുന്നവരിലും രോഗാണുവിന്റെ സാന്നിധ്യം ഉണ്ടോ എന്ന് ഉറപ്പുവരുത്തുക.
വാക്സിനുകള്‍ കൃത്യസമയത്ത് തന്നെ എടുക്കുക.
വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുക.
സ്വയം ചികിത്സയ്ക്ക് മുതിരരുത്. വൈദ്യസഹായം തേടണം.
ഔഷധ കഞ്ഞിയുടെ ഉപയോഗം ശീലിക്കുക.
രോഗം വന്നിട്ട് ചികിത്സിച്ച് ഭേദമാക്കുന്നതിനെക്കാള്‍ നല്ലത് രോഗം വരാതെ നോക്കുകയാണ്.

 

എലിപ്പനി

മഴക്കാലത്തും പരിസര ശുചീകരണത്തിന് അനാസ്ഥ കാണിക്കുമ്പോള്‍ എലിപ്പനി ആപത്തായി പരിണമിക്കുന്നു. ചികിത്സ ഇല്ലെങ്കില്‍ മാരകമാകും. പീല്‍സ് ഡിസീസ് എന്ന പേരുള്ള എലിപ്പനി കരണ്ട് തിന്നുന്ന ജീവികളുടെ മൂത്രത്തില്‍കൂടി മനുഷ്യരിലേക്കും മറ്റു സസ്തനികളിലേക്കും പകരുന്നു. വളരെ പെട്ടെന്ന് രക്തത്തില്‍ എത്തുന്ന ഇവയുടെ പ്രത്യേക ചലനശേഷി സാധാരണ മൈക്രോസ്‌കോപ്പിലൂടെ ദര്‍ശിക്കാനാവും; തദ്വാരാ രോഗനിര്‍ണയവും സാധ്യമാണ്. രോഗിയുടെ രക്തത്തിലൂടെ വൃക്കകളില്‍ സ്ഥിരമായി കുടികൊള്ളുന്ന രോഗാണുക്കള്‍ മൂത്രത്തിലൂടെ പുറത്തുവരുന്നു. 50 ഡിഗ്രി സെല്‍ഷ്യസ്  ഊഷ്മാവിന് മുകളില്‍ നശിക്കുന്ന ഇവ എലിയുടെ ഒരു മില്ലി ലിറ്റര്‍ മൂത്രത്തില്‍ ഒരു കോടിയില്‍ അധികമുണ്ടാവും. മനുഷ്യരുടെ കാലിലെ ചെറിയ പോറലുകളിലൂടെ രക്തത്തിലും തുടര്‍ന്ന് വൃക്കകളിലും രോഗാണുക്കള്‍ എത്തുന്നു. രോഗത്തിന്റെ അവസാന ഘട്ടത്തില്‍ രോഗം ബാധിച്ച വൃക്കകളെ ഡയാലിസിസ് ചെയ്യേണ്ടിവരുന്നു.
രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ ശരിയായ ആന്റിബയോട്ടിക്കുകള്‍ നല്‍കുകയും ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്താല്‍ വൃക്കകളുടെ തകരാര്‍ ഒരു പരിധി വരെ മാറ്റാവുന്നതാണ്.

പെരുച്ചാഴി, നച്ചെലി, എലി, നായ, പന്നി, കന്നുകാലി എന്നിവ രോഗാണു വാഹകരാണ്. ഇവയ്ക്ക് ഒരിക്കലും രോഗം വരുന്നില്ല. എലികളുടെയും മറ്റും മൂത്രത്താല്‍ മലിനമാകുന്ന ആഹാരങ്ങളിലൂടെയും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്ന് രോഗാണുക്കള്‍ മനുഷ്യരുടെ ത്വക്കിലുള്ള മുറിവുകള്‍, ഉരസലുകള്‍ എന്നിവയിലൂടെയും മനുഷ്യശരീരത്തില്‍ എത്തുന്നു. രോഗിയില്‍ പനി, തലവേദന, ഛര്‍ദി, കുളിരും വിറയലും, പേശിപിടിത്തം എന്നിവ ഏഴു മുതല്‍ 14 ദിവസങ്ങള്‍ക്കകം പ്രത്യക്ഷപ്പെടും. വൃക്ക, കരള്‍ എന്നിവിടങ്ങളില്‍ എത്തിയ രോഗാണുക്കള്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി രോഗിക്ക് മഞ്ഞപ്പിത്തം, രക്തസ്രാവം, അബോധാവസ്ഥ, കണ്ണിന് കടും ചുവപ്പ് നിറം എന്നിവ ഉണ്ടാക്കുന്നു.

രോഗം ബാധിച്ച 90% ആള്‍ക്കാര്‍ക്കും എലിപ്പനി ഒരു ചെറിയ ജലദോഷ പനി പോലെ വന്നു സ്വയം ശമിക്കു
ന്നു. അതുകൊണ്ടാണ് പലപ്പോഴും രോഗം അറിയാതെ പോകുന്നതും മാരകമാകുന്നതും. 10% ആള്‍ക്കാരിലാണ് എലിപ്പനി ഗുരുതരമാകുന്നത്. എലിപ്പനിക്ക് വൈറല്‍ പനിയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ എലിപ്പനിയാണെന്ന് അറിയാതെ പോകുന്നതിനാലാണ് ചിലരില്‍ ഇത് മാരകമാകുന്നത്.

 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media