(ആമിനുമ്മയുടെ ആത്മകഥ - 7)
പള്ളിയിലെ മുക്രി ഷരീഫ്ക്കയാണ് എല്ലാവരോടും വിവരം പറഞ്ഞത്. ആമിനയുടെ കല്യാണമാണ് അടുത്ത മാസം. വരന് കൊടുങ്ങല്ലൂരിലെ പ്രസിദ്ധമായ മണപ്പാട്ട് തറവാട്ടിലെ ഹുസൈനാജി. അല്പം അരിക്കച്ചവടവും പാത്രകച്ചവടവുമായി കൊച്ചിയില്‍ തമ്പടിച്ചതായിരുന്നു ഹുസൈനാജി. അബ്ദുറഹിമാന് മുസ് ലിയാരുടെ ഖുര്‍ആന്‍ പാരായണവും ഖുത്വുബ പ്രസംഗവും ഹുസൈനാജിക്ക് നന്നായി ബോധിച്ചിരുന്നു. അങ്ങനെയാണ് മുസ് ലിയാരെ കാണാനും സംസം വെള്ളം സമ്മാനിക്കാനുമായി ജനവാടിയിലെത്തിയത്. അതിനിടയിലാണ് ആമിനയെ കാണുന്നത്. ഹുസൈനാജി ധീരനായിരുന്നു. കൊച്ചി രാജ്യത്ത് അയാള്‍ക്ക് അത്ര പരിചയക്കാരൊന്നുമുണ്ടായിരുന്നില്ല. നേരിട്ട് മുസ് ലിയാരോട് കാര്യം പറഞ്ഞു:
എനിക്ക് കുടുംബക്കാര് കല്യാണാലോചനകള്‍ തിരക്കുന്ന സമയമാണ്. ചോദിക്കണത് ശരിയാണോന്നറിയില്ല. അധികപ്രസംഗമാകോന്ന് പേടീംണ്ട്. ങ്ങളെ മോളെ ഞമ്മക്ക് പെരുത്ത് ഇഷ്ടായി. എനിക്കവളെ നിക്കാഹ് ചെയ്യണോന്ന്ണ്ട്.
ഹുസൈനാജി ഒരു കണക്കിനാണ് അതു പറഞ്ഞൊപ്പിച്ചത്. പറഞ്ഞുകഴിഞ്ഞതും അയാളുടെ തൊണ്ട വരണ്ടു. കൈയിലുണ്ടായിരുന്ന സംസം വെള്ളം കുടിച്ചപ്പോഴാണ് സമാധാനമായത്.
മുസ് ലിയാര്‍ പറഞ്ഞു.
ഞമ്മളിതുവരെ അതിനെകുറിച്ചാലോചിച്ചിട്ടില്ല. വരട്ടെ, ആലോചിക്കട്ടെ. ആമിനയോടും എനിക്കൊന്നു ചോദിക്കണം.
മതി. ആലോചിച്ചിട്ടു മതി. കൊടുങ്ങല്ലൂര്‍ എറിയാട് മഹല്ലിലുള്ളവര്‍ക്ക് ഞമ്മളെ ശരിക്കും അറിയും. അവരോടു കാര്യം തിരക്ക്യാ മതി.
ഹുസൈനാജി അതും പറഞ്ഞു മേല്‍വിലാസവും നല്കി തിരിച്ചുപോയി.
മുസ് ലിയാര്‍ ഉടനെ മുക്രി ഷരീഫ് കയെ എറിയാട്ടേക്കയച്ചു. അന്വേഷിച്ചപ്പോള്‍ പൊന്നാനിയിലെ കുന്നേല്‍ തറവാടുമായി കുഫുവൊത്ത കുടുംബമാണ്. എറിയാട്ടെ അറിയപ്പെടുന്ന ഭൂവുടമകളും സാമൂഹിക പ്രവര്‍ത്തകരുമാണ് കുടുംബാംഗങ്ങള്‍. അതിലെ കാരണവരായ കുഞ്ഞുമുഹമ്മദ് ഹാജിയാണ് മുസ് ലിം ഐക്യസംഘം രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്. അഴീക്കോട് പള്ളിക്കൂടം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അവരാണ് തുടക്കം കുറിച്ചത്. വിദ്യയിലൂടെ മാത്രമേ മുസ് ലിം സമുദായത്തെ രക്ഷപ്പെടുത്താനാകൂവെന്ന് മണപ്പാട്ടുകാര് വിശ്വിസിച്ചിരുന്നു. 1921-ല്‍ മലബാര്‍ കലാപത്തിനിരയായി അഭയാര്‍ഥികളായി വന്നവര്‍ അഭയം പ്രാപിച്ചത് കൊടുങ്ങല്ലൂരായിരുന്നു. മണപ്പാട്ട് കുടുംബക്കാരാണ് അവര്‍ക്കെല്ലാം ഭൂമിയും കിടപ്പാടവും നല്‍കിയത്. കുഞ്ഞുമുഹമ്മദ് ഹാജി പിന്നീട് കൊച്ചി നിയമസഭയില്‍ അംഗവുമായി.
കാര്യങ്ങളറിഞ്ഞപ്പോള്‍ അബ്ദുറഹിമാന് മുസ് ലിയാര്‍ക്കും സന്തോഷമായി. ആമിനയുടെ മനസ്സിനൊത്ത ആലോചന തന്നെയായിരുന്നു അത്. എങ്കിലും മകളോട് അതിനെക്കുറിച്ച് അന്വേഷിക്കുകയെന്നത് ഇസ് ലാമികമായ മര്യാദയായിരുന്നു.
ആമിന കേട്ടിരിക്കുക മാത്രമേ ചെയ്തുള്ളൂ. എതിര്‍പ്പൊന്നും പറഞ്ഞില്ല. മൗനം സമ്മതമായി കണക്കാക്കാമെന്ന് മുസ് ലിയാരും വിചാരിച്ചു.
രാത്രിയാണ് ഫാത്തിമ പറയുന്നത്:
അതേയ്, കാര്യങ്ങള്‍ ആക്കം പോലെ ആലോചിച്ചാ മതി. ആമിനാക്ക് കുറച്ചു മനസ്സിലിരിപ്പുകളുണ്ട്.
മനസ്സിലിരിപ്പുകളോ, അവള്ടെ മനസ്സില്‍ ആരെങ്കിലുമുണ്ടോ? പക്ഷേങ്കി അത് അവളെന്നോട് പറഞ്ഞില്ലല്ലോ?
മുസ് ലിയാരുടെ മുഖം മ്ലാനമായി.
ഫാത്തിമ പറഞ്ഞു:
ആ, ങ്ങള് ബേജാറാകാണ്ടിരി. ഇപ്പഴത്തെ പെണ്‍കുട്ടികളല്ലേ... അവരിക്കുണ്ടാവൂലേ ഓരോരോ മോഹങ്ങള്‍...
നീ തെളിച്ചുപറ ഫാത്തിമാ.
അവള്‍ക്കയാളെ ഒരുവട്ടം കൂടി കാണണോത്രെ... എന്തൊക്കെയോ ചോദിക്കണോന്ന്. അതു കഴിഞ്ഞിട്ടു മതി ഉറപ്പിക്കലെന്ന്.
ഓ... അതിനെന്താ നൂറുവട്ടം സമ്മതം. നിന്റെയല്ലേ മോള്. വിത്തുഗുണം പത്തെന്നല്ലേ. നിക്കാഹിന്റന്ന് പുത്യാപ്ലനെ നെയ്ച്ചോറ് കൊടുക്കാണ്ട് പറഞ്ഞയച്ചോളല്ലേ നീ.
ഓ... ഇത്ര കാലം കഴിഞ്ഞിട്ടും അതൊന്നും ഇങ്ങള് മറന്നിട്ടില്ലേ.
ഞമ്മളതങ്ങനയാ മറക്കാ... ഓടിച്ചിട്ടു പിടിച്ചല്ലേ ഞമ്മളെക്കൊണ്ട് നിക്കാഹ് കഴിപ്പിച്ചത്.
അടുത്ത പ്രാവശ്യം ഹസൈനാജി കൊച്ചി രാജ്യത്ത് വരുമ്പോള്‍ ജനവാടിയിലേക്ക് വിളിപ്പിക്കാമെന്നും ആമിനയുമായി സംസാരിപ്പിക്കാമെന്നും അബ്ദുറഹിമാന് മുസ് ലിയാര്‍ ഉറപ്പുനല്‍കി. അതിനു ശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്നും അദ്ദേഹം എറിയാട്ടേക്ക് സന്ദേശമയച്ചു.
അധികം താമസിയാതെ ഹുസൈനാജി ആമിനയെ സന്ദര്‍ശിച്ചു.
എന്നെ മക്കയില്‍ കൊണ്ടുപോകാമോ? ആമിന ചോദിച്ചു.
ഇന്‍ശാ അല്ലാഹ്. സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ തീര്‍ച്ചയായും.
ഹുസൈനാജിയുടെ മറുപടി.
പിന്നെയൊരു കാര്യം. ജനവാടി എനിക്ക് ജീവനാണ്. അത് വിട്ടു ഞാന്‍ എവിടേക്കും വരില്ല. അതു താങ്കള്‍ക്ക് സമ്മതമാണോ?
ഈ വിഷയത്തില്‍ ഹുസൈനാജി പെട്ടെന്നു മറുപടി പറഞ്ഞില്ല. അല്‍പ്പം ആലോചിച്ചു. ഹുസൈനാജിയും തന്റെ കച്ചവടം കൊച്ചിയിലേക്ക് പറിച്ചു നടുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ്. ആമിനയുടെ ആവശ്യം അംഗീകരിക്കുന്നതുകൊണ്ട് വലിയ ദോഷമൊന്നുമില്ല.
ജനവാടിയുമായി ആമിനക്ക് അത്രക്ക് രക്തബന്ധമുണ്ടെങ്കില് ആ ആഗ്രഹവും നടക്കട്ടെ. പക്ഷേ, ആമിന ഒരു കാര്യം മറക്കരുത്. ആമിന പൊന്നാനിക്കാരിയാണ്.
ബാപ്പ പൊന്നാനിക്കാരനാണ്. ഞമ്മള് ജനിച്ചതും ബളര്ന്നതും ഈ ജനവാടീലാണ്. അതോണ്ടാ.
ആമിന നല്കിയ സുലൈമാനിയും കുടിച്ചു ഹുസൈനാജി സന്തോഷത്തോടെ യാത്രയായി.
ഹുസൈനാജിക്ക് ഒരു നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളൂ. മണപ്പാട്ട് ഇബ്രാഹിം തന്റെ സുഹൃത്താണ്. കൊച്ചി നിയമസഭയിലെ അംഗവുമാണ്. നിയമസഭാ സമ്മേളനം നടക്കുന്ന ഏപ്രില്‍ 10-ന് നിക്കാഹ് നിശ്ചയിക്കണം. ചങ്ങാതി ഇബ്രാഹിമിന് കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിയണം.
അബ്ദുറഹിമാന് മുസ് ലിയാര്‍ക്ക് അതില്‍ എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. ഏപ്രില്‍ 10 ന് തിയ്യതി കുറിച്ച് അദ്ദേഹം ഒരുക്കങ്ങളാരംഭിച്ചു.
നിക്കാഹ് ജനവാടിയിലെ ആഘോഷമായിരുന്നു. എല്ലാ വിഭാഗം ജനങ്ങളും ആഘോഷങ്ങളില്‍ പങ്കെടുത്തു. ലളിതമായിരുന്നു ചടങ്ങ്. നിയമസഭാംഗം മണപ്പാട്ട് ഇബ്രാഹിമും അദ്ദേഹത്തിന്റെ കൂടെ പനമ്പിള്ളി ഗോവിന്ദമേനോനും പങ്കെടുത്തത് ചടങ്ങ് കൊഴുപ്പിച്ചു. അടുത്ത ദിവസത്തെ പത്രങ്ങളില്‍ വാര്‍ത്ത അടിച്ചുവന്നു. ജനവാടിയിലെ ഇടുങ്ങിയ മുറികളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ഭൂമി പതിച്ചു നല്കുന്ന ശ്രമങ്ങളെ സംബന്ധിച്ചു വിവാഹദിവസം തന്നെ ആമിന പനമ്പിള്ളിയോട് വിവരിച്ചു. മണപ്പാട്ട് ഇബ്രാഹിമും ഹുസൈനാജിയും അതു കേട്ടു ചിരിച്ചു.
കാനോത്ത് കഴിഞ്ഞോട്ടെ ആമിനാ... നമുക്ക് ശരിയാക്കാം.
ചിരിച്ചുകൊണ്ട് മണപ്പാട്ട് ഇബ്രാഹിം പറഞ്ഞു.
പനമ്പിള്ളി ഗോവിന്ദ മോനോന് പക്ഷേ വാക്കു പാലിച്ചു. ആറുനാള്‍ കഴിഞ്ഞതും കണയന്നൂര്‍ കച്ചേരിയില്‍ വെച്ചു അദ്ദേഹം ഒരു യോഗം വിളിച്ചുകൂട്ടി. അബ്ദുറഹിമാന് മുസ് ലിയാരും ആമിനയും അതില്‍ പങ്കെടുത്തു. മണപ്പാട്ട് ഇബ്രാഹിമും ഹുസൈനാജിയും ഉണ്ടായിരുന്നു. ആളൊന്നുക്ക് 25ക വീതം അടക്കുകയാണെങ്കില്‍ പട്ടയം നല്‍കാമെന്ന് അധികാരികള്‍ സമ്മതിച്ചതായി പനമ്പിള്ളി അറിയിച്ചു. ജനവാടിയിലെ പാവങ്ങള്‍ക്ക് പക്ഷേ പെട്ടെന്ന് സംഘടിപ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല അത്രയും തുക. ഉള്ളവര്‍ അടക്കട്ടെയെന്നും ബാക്കിയുള്ളത് ഹുസൈനാജി നല്‍കാമെന്നും തീരുമാനമായി. ഭൂസ്വത്തുകളുടെ ഉടമയായ മേലേടത്ത് ഖദീജയും ഭര്‍ത്താവ് മമ്മദ്ക്കയും തങ്ങളുടെ സ്വത്ത് വിറ്റ് കുറച്ചു പണം പാവങ്ങള്‍ക്ക് തരാമെന്നും സമ്മതിച്ചു. അബ്ദുറഹിമാന് മുസ് ലിയാര്‍ അന്ന് ഏറെ സന്തോഷവാനായി കാണപ്പെട്ടു. രാത്രിയില്‍ ജനവാടി ഉല്സവാന്തരീക്ഷത്തിലായി. കപ്പയും ഇറച്ചിയും ദോശയും സാമ്പാറും പായസവും കഹ് വയും സുലൈമാനിയും കച്ചേരിയും ഗസലും പാതിരാത്രി വരെ എല്ലാവരും ആഘോഷിച്ചു. പാതിരാവില്‍ പക്ഷേ അബ്ദുറഹിമാന് മുസ് ലിയാര്‍ക്ക് ചെറിയൊരു നെഞ്ചുവേദന അനുഭവപ്പെട്ടു. മൂന്നുനാള്‍ ആശുപത്രിയില്‍ കഴിഞ്ഞു. വേദന കുറഞ്ഞപ്പോള്‍ വീട്ടിലേക്ക് തിരിച്ചുവന്നു. അന്നു രാത്രി അബ്ദുറഹിമാന് മുസ് ലിയാര്‍ അല്ലാഹുവിലേക്ക് യാത്രയായി. ജനവാടി കണ്ണീരണിഞ്ഞ ദിവസം. അടുത്ത ആഴ്ച നടക്കാന്‍ നിശ്ചയിച്ച പട്ടയമേളക്ക് വേണ്ടി തയ്യാറാക്കിയ പന്തലില്‍ മുസ് ലിയാരെ പൊതുദര്‍ശനത്തിനു വെച്ചു.
മുസ് ലിയാരുടെ മരണത്തിനു ശേഷം ജനവാടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ മാസങ്ങള്‍ വേണ്ടി വന്നു. ഫാത്തിമയും ആമിനയും വീട്ടിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടി. മുസ് ലിയാരുടെ പട്ടയം പനമ്പിള്ളിയില്‍നിന്ന് ഏറ്റുവാങ്ങിയത് ഹുസൈനാജിയായിരുന്നു. പട്ടയ വിതരണ ചടങ്ങില്‍ നാട് സ്വതന്ത്രമാകുന്നതിനെക്കുറിച്ച് പനമ്പിള്ളി വിവരിച്ചു. നിറപ്പകിട്ടുള്ള ആഘോഷപരിപാടികള്‍ ദര്‍ബാര്‍ ഹാളിലും നാവികത്താവളത്തിലും നടക്കുമെന്നും പടക്കങ്ങള്‍ ധാരാളമായി ശബ്ദത്തോടെ പൊട്ടുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും പനമ്പിള്ളി അറിയിച്ചു. കൊച്ചി രാജ്യം തിരുവിതാംകൂറുമായി ലയിച്ചു തിരുകൊച്ചി എന്ന പേരിലാണ് ഇനി മുതല്‍ അറിയപ്പെടുക. അതിനുമുമ്പ് തന്നെ കൊച്ചി രാജാവില്‍നിന്ന് പട്ടയം കരസ്ഥമാക്കാന്‍ പ്രയത്നിച്ച മുസ് ലിയാരേയും ആമിനയേയും പനമ്പിള്ളി അഭിനന്ദിച്ചു.
ജനവാടിയില്‍ പട്ടയം ലഭിച്ചതോടെ കൊച്ചിരാജ്യത്തേക്ക് ആളുകളുടെ ഒഴുക്ക് തുടര്‍ന്നു. ബസാറിനു പുറമേ തുറമുഖത്തിനും തുടക്കം കുറിച്ചുകഴിഞ്ഞിരുന്നു. കടലും കായലും ചേര്‍ന്ന ഭാഗത്ത് മീന്ബോട്ടുകള്ക്കും വള്ളങ്ങള്‍ക്കും ചരക്ക് ഇറക്കിവെക്കാനും കച്ചവടം നടത്താനും വിശാലമായ പന്തല്‍ പണിതുകൊടുക്കുകയും ചെയ്തിരുന്നു. ഇതു ധാരാളം തൊഴിലവസരങ്ങള്‍ക്ക് കാരണമായി. തിരുവിതാംകൂറില്‍ നിന്നും മലബാറില്‍ നിന്നും ആളുകള്‍ കൂട്ടംകൂട്ടമായി റോഡുകളില്‍ തടിച്ചുകൂടി. പീടികത്തിണ്ണകളിലും തെരുവോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും അവര്‍ അന്തിയുറങ്ങി. നേരത്തെ കൊച്ചിയില്‍ കുറ്റിയടിച്ചവര്‍ ഒഴിഞ്ഞ പറമ്പുകള്‍ കൈയേറി പുതുതായി വന്നവര്‍ക്ക് വാടകക്കും പണയത്തിനും നല്‍കിത്തുടങ്ങി. അവയില്‍ പലതും സര്‍ക്കാര്‍ പുറമ്പോക്കുകളായിരുന്നു. താല്‍ക്കാലികമായി ഒരുക്കിയ ഇത്തരം വാടകമുറികള്ക്കു ചുറ്റും പണം കൊടുത്തുപയോഗിക്കുന്ന പൊതു കക്കൂസുകളും കുളിപ്പുരകളും നിലവില്‍ വന്നു. അതിനു തൊട്ടപ്പുറത്തു ചായക്കടകളും. ആകെക്കൂടി ചന്തമയമായ ഒരു അന്തരീക്ഷം. തൊഴിലാളികള്‍ വന്നവര്‍ വന്നവര്‍ സമയക്രമം വെച്ചു തിന്നുകയും ഉറങ്ങുകയും വെളിക്കിരിക്കുകയും ചെയ്തു. കപ്പലിലും മറ്റും പണിയെടുത്തു അത്യാവശ്യം കൂലി നേടിയവര്‍ പിന്നീട് കുടുംബവും കുട്ടികളുമായി എത്തിത്തുടങ്ങി. ആമിനയുടെ നേതൃത്വത്തില്‍ ജനവാടിയുടെ പരിസരത്ത് അപ്പോഴേക്കും ഒരു പുതിയ മദ്രസയും പള്ളിക്കൂടവും ആരംഭിച്ചുകഴിഞ്ഞിരുന്നു. വിവിധ നാടുകളില്‍നിന്ന് വന്നെത്തിയ കുട്ടികളായിരുന്നു ഈ പള്ളിക്കൂടത്തിലെ പഠിതാക്കള്‍.
തൊഴിലാളികള്‍ കൂടുതലായി വന്നെത്തിയപ്പോള്‍ തുറമുഖത്തെ തൊഴില്‍ വിതരണത്തെ സംബന്ധിച്ച് ചില തര്ക്കങ്ങളുടലെടുത്തു. 25 പേരുള്ള ഒരു ഗാംഗിനായിരുന്നു ഒരു ദിവസം പണി ലഭിച്ചിരുന്നത്. പക്ഷേ, ഈ പണി കിട്ടാന്‍ നാനൂറും അഞ്ഞൂറും പേര് എല്ലാ ദിവസവും തുറമുഖത്തിനടുത്തെത്തും. വെളുപ്പിനായിരുന്നു പണി വീതിച്ചു നല്‍കിയിരുന്നത്. അതിനുവേണ്ടി മൂപ്പന്മാരെത്തുമ്പോഴേക്കും തുറമുഖത്ത് ധാരാളം പേര് കാത്തുനില്ക്കുന്നുണ്ടാകും. കൂട്ടത്തില്‍ നല്ല കായികബലമുള്ള മുഴുത്ത തൊഴിലാളികളായിരുന്നു അധികവും. വടക്കേ ഇന്ത്യയില്‍ നിന്നെത്തിയ സേട്ടുമാര്ക്കാകട്ടെ കൊഴുത്ത തൊഴിലാളികളോടായിരുന്നു ഇഷ്ടം. അതിനാലവര്‍ ചാപ്പ സമ്പ്രദായമാവിഷ്കരിച്ചു. വട്ടത്തിലുള്ള ഒരു ലോഹത്തുണ്ടായിരുന്നു ചാപ്പ. തൊഴിലിനായി കാത്തുനില്ക്കുന്നവര്ക്കിടയിലേക്ക് 25 ചാപ്പകള്‍ വലിച്ചെറിയും. എല്ലിന്‍കഷ്ണം കിട്ടാന്‍ നായകള്‍ കടിപിടി കൂടുന്നതുപോലെ തൊഴിലാളികള്‍ ചാപ്പക്കായി പരസ്പരം ഏറ്റുമുട്ടും. കൈയൂക്കുള്ളവന് ചാപ്പയും അതുവഴി തൊഴിലും ലഭിക്കും. സേട്ടുമാര്‍ ഇതുകണ്ട് ചിരിക്കും. ഈ ഏര്‍പ്പാടിനോടു ഹുസൈനാജിക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇതു സംബന്ധിച്ച് തൊഴിലാളികളെ പറഞ്ഞുമനസ്സിലാക്കാന്‍ ഹുസൈനാജി തീരുമാനിച്ചു. പെണ്ണുങ്ങള്‍ക്കിടയില്‍ ആമിനയും പ്രവര്‍ത്തിച്ചു. ആയിടെയായി രൂപം കൊണ്ട തൊഴിലാളി കൂട്ടായ്മകളും പ്രശ്നമേറ്റെടുത്തു. ഹുസൈനാജി ഇതിന്റെയെല്ലാം മുന്നിലുണ്ടായിരുന്നു. ചാപ്പ സമ്പ്രദായത്തെ എതിര്‍ത്തവരെയെല്ലാം പോലീസ് അറസ്റ്റു ചെയ്തു ക്രൂരമായ മര്‍ദനങ്ങള്‍ക്ക് വിധേയമാക്കി. ചാപ്പയെ എതിര്‍ത്ത തൊഴിലാളികള്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു. രണ്ടുപേര്‍ മരിച്ചുവീണു. പിന്നീടുണ്ടായ പോലീസ് മര്‍ദനത്തിലും ഒരാള്‍ മരിച്ചു. ഹുസൈനാജി അടക്കമുള്ള ചിലരെ പിന്നീട് പോലീസ് അന്തമാനിലേക്ക് കൊണ്ടുപോയതായി പറയപ്പെടുന്നു. ഹുസൈനാജിയെക്കുറിച്ച ഒരു വിവരവും പിന്നീട് ആമിനക്കോ ജനവാടിക്കാര്ക്കോ ലഭിച്ചിട്ടില്ല. തന്റെ വീട്ടുവാതിലില്‍ ഒരു നാള് അദ്ദേഹം വന്നുമുട്ടുമെന്ന വിശ്വാസത്തില്‍ ആമിന കാലം കഴിച്ചു.
(തുടരും)
വര: തമന്ന സിത്താര വാഹിദ്