പഠിക്കാന്‍ വൈബുള്ളവരുടേതാണ് ഈ കാലം

മെഹദ് മഖ്ബൂല്‍
മെയ് 2024
പുതുലോകെത്ത അറിയാന്‍, പുതുഭാഷകള്‍ പഠിക്കാന്‍,ലോകം ചുറ്റാന്‍.... വിരലൊന്നമര്‍ത്തിയാല്‍ മാത്രം മതി. ടെക്‌നോളജിയുെട അനന്തസാധ്യതകള്‍ തുറന്നുതരുന്ന വായന...

എന്തൊരു സ്പീഡാണ് ഈ കാലത്തിന് എന്ന് നമ്മള്‍ പറയാറില്ലേ. അതിനെക്കാള്‍ പതിന്‍മടങ്ങ് വേഗത്തിലാണ് ടെക്നോളജി വികസിക്കുന്നത്. ഈ കാലത്തെ സുവര്‍ണകാലം എന്നാണ് വിളിക്കേണ്ടതെന്ന് തോന്നുന്നു. നമ്മുടെ മുന്‍ഗാമികള്‍ക്ക് കിട്ടാതിരുന്ന എന്തെല്ലാം സൗകര്യങ്ങളാണല്ലേ ഇന്നുള്ളത്. പണ്ടൊക്കെ അറിയാത്ത ഒരു വാക്കിന്റെ അര്‍ഥം കിട്ടാന്‍ എത്ര വലുപ്പമുള്ള ഡിക്്ഷണറി പരതണം. ഇന്നതെല്ലാം എത്ര എളുപ്പമാണ്. മുമ്പൊരു തലമുറക്കും ലഭിച്ചിട്ടില്ലാത്ത അനവധി സൗകര്യങ്ങളും എളുപ്പങ്ങളുമാണ് നമ്മളിന്ന് ആസ്വദിക്കുന്നത്. ഈ കാലത്തെ കുട്ടികള്‍ എന്ത് ഭാഗ്യവാന്‍മാരാണ്!

പുതിയ കാലത്തെ അധ്യാപകര്‍
-----
മുമ്പൊക്കെ അധ്യാപകരുടെ പരിമിതികള്‍ വിദ്യാര്‍ഥികളെ ബാധിക്കുമായിരുന്നു. ഒരു വിഷയത്തില്‍ താല്‍പ്പര്യമുണ്ടാകുന്നതും ഇല്ലാതിരിക്കുന്നതും അധ്യാപകരുടെ സ്വാധീനം കൊണ്ടു കൂടിയാകുമല്ലോ. നമുക്ക് ഇഷ്ടമുള്ള അധ്യാപകര്‍ പഠിപ്പിക്കുന്ന വിഷയങ്ങളോടും നമുക്ക് ഇഷ്ടം കൂടും. ഇന്ന് ഏത് വിഷയവും മനോഹരമായി നമ്മെ പഠിപ്പിക്കാന്‍ യൂട്യൂബില്‍ നിരവധി മികച്ച അധ്യാപകരുണ്ട്. അവരുടെ അവതരണ രീതികള്‍ നമ്മെ മുഷിപ്പിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ക്കിത്ര സബ്സ്‌ക്രൈബേഴ്സ്. എന്തു വിഷയങ്ങള്‍ പഠിപ്പിക്കാനും ഓണ്‍ലൈനില്‍ അനവധി പേരുണ്ട്. പോരാത്തതിന് ഈ കാലത്ത് നമ്മെ പഠിപ്പിക്കാന്‍ ചാറ്റ്ബോട്ടുകളുമുണ്ട്. ഇരുപത്തിനാല് മണിക്കൂറും നമ്മെ പഠിപ്പിച്ചാല്‍ ക്ഷീണം വരാത്ത ചാറ്റ്ബോട്ടുകള്‍. ഒരുപക്ഷേ, വളരെ പെട്ടെന്ന് തന്നെ നമ്മുടെ ഇന്നത്തെ സ്‌കൂള്‍സംവിധാനത്തിന് വലിയ മാറ്റം വന്നേക്കാനും സാധ്യതയുണ്ട്. വര്‍ഷങ്ങളെടുത്ത് സ്‌കൂളില്‍ പഠിപ്പിക്കുന്നതെല്ലാം നിമിഷങ്ങള്‍ കൊണ്ട് പഠിക്കാവുന്ന രീതിയിലേക്കാണ് ടെക്നോളജികള്‍ വികസിച്ചിരിക്കുന്നത്. കണ്ണ് തുറന്നിരിക്കുന്നവര്‍ക്ക് വലിയ സാധ്യതകളാണ് ഈ ഡിജിറ്റല്‍ ഏജ് നല്‍കുന്നത്.

പഠനത്തിന് സഹായിക്കുന്ന ടൂളുകള്‍
-----

കുട്ടികളെ പഠനത്തിന് സഹായിക്കുന്ന ഒരുപാട് ടൂളുകളുണ്ട്. ചാറ്റ് ജി.പി.ടി യെ കുറിച്ച് എല്ലാവരും കേട്ടിരിക്കും. നമുക്കെന്തും ചോദിക്കാവുന്ന ചാറ്റ് ബോട്ടാണ് ചാറ്റ് ജി.പി.ടി. ചാറ്റ് ജി.പി.ടിയുടെ വരവോടെയാണ് ടെക്നോളജിയുടെ സഞ്ചാരം എത്രമാത്രം വേഗത്തിലാണെന്ന് ലോകത്തിന് ബോധ്യമായത്. തൊഴില്‍ മേഖലയില്‍ വലിയ ഇംപാക്ട് ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരുത്തുന്നതെന്ന് എല്ലാവരുടെയും കണ്ണ് തുറന്നത് അപ്പോഴായിരുന്നു. ചാറ്റ് ജി.പി.ടിയോടുള്ള നമ്മുടെ ചോദ്യം കൃത്യമാണെങ്കില്‍ ഉത്തരവും കൃത്യമായിരിക്കും. എങ്ങനെയെല്ലാം ചോദിച്ചാലാണ് ചാറ്റ് ജി.പി.ടി നമുക്ക് മികച്ച ഉത്തരങ്ങള്‍ നല്‍കുക എന്നത് തന്നെ പഠിക്കേണ്ട മേഖലയാണ്. പ്രോംപ്റ്റ് എഞ്ചിനീയറിംഗ് എന്നാണ് അതിനെ വിളിക്കുക. വലിയൊരു ജോലിസാധ്യതയുള്ള മേഖലയാണിത്. ചിത്രം വരക്കുന്ന, പാട്ട് പാടുന്ന, ലേഖനം എഴുതുന്ന അനവധി എ.ഐ ടൂളുകള്‍ ഉണ്ടല്ലോ.. അവയോട് നമുക്ക് വേണ്ടതെന്തെന്ന് കൃത്യമായി പ്രോംപ്റ്റ് കൊടുക്കാന്‍ കഴിയുന്നതാണ് ഈ കാലത്തെ മിടുക്ക്.
മൊബൈല്‍ റീചാര്‍ജ് പ്ലാനുകള്‍ അനവധിയുണ്ടല്ലോ... അവയില്‍ ഏതാണ് ബെറ്റര്‍ എന്നെല്ലാം നമുക്ക് ചാറ്റ് ജി.പി.ടിയോട് ചോദിക്കാം. നമ്മുടെ ഒരു പേഴ്സണല്‍ അസിസ്റ്റന്റ് എന്ന് തന്നെ വേണമെങ്കില്‍ ഇതിനെ വിളിക്കാം. 2021 സെപ്റ്റംബര്‍ വരെയുള്ള ഡാറ്റ മാത്രമേ ചാറ്റ് ജി.പി.ടി 3.5-ല്‍ ലഭിക്കൂ. ചാറ്റ് ജി.പി.ടി പ്ലസിലാകട്ടെ 2022 ജനുവരി വരെയുള്ള അറിവേ ഉണ്ടാകൂ. റിയല്‍ ടൈം ഡാറ്റ കിട്ടില്ല. ചാറ്റ് ജി.പി.ടിയുടെ ആപ്ലിക്കേഷന്‍ അവൈലബ്ള്‍ ആണ്.

പെര്‍പ്ളെക്സിറ്റി
-----
ചാറ്റ് ജി.പി.ടിയെകുറിച്ച് നമ്മള്‍ പറഞ്ഞു. റിയല്‍ ടൈം ഡാറ്റ അതില്‍ കിട്ടില്ല എന്നും പറഞ്ഞു. എന്നാല്‍ റിയല്‍ ടൈം ഡാറ്റ കിട്ടുന്ന പ്ലാറ്റ്ഫോമാണ് പെര്‍പ്ളെക്സിറ്റി (https://www.perplexity.ai/). ഏറ്റവും പുതിയ വിവരങ്ങള്‍ വരെ ഇവിടെ ലഭിക്കും. മാത്രമല്ല, നമുക്ക് തന്ന വിവരങ്ങള്‍ ഏത് സോഴ്സില്‍ നിന്നാണെന്ന് മനസ്സിലാക്കാന്‍ അതിന്റെ ലിങ്കും നല്‍കും. കൂടാതെ നമ്മുടെ ചോദ്യത്തിന് റിലേറ്റ് ചെയ്തുള്ള ഉപചോദ്യങ്ങള്‍ സജസ്റ്റ് ചെയ്ത് തരിക കൂടി തരും പെര്‍പ്ളെക്സിറ്റി എഐ. മൈക്രോസോഫ്റ്റ് ബിംഗും കോപൈലറ്റും ഇതുപോലെ യൂസ് ചെയ്യാം.

പുതിയ ഭാഷകള്‍ പഠിക്കാം

പുതിയ ഭാഷകള്‍ പഠിക്കാന്‍ ഒരുപാട് അവസരങ്ങളുള്ള കാലമാണിത്. സംസാരിച്ച് പഠിച്ചാലേ ഭാഷ പഠിയൂ എന്ന് നമുക്ക് അറിയാം. എന്നാല്‍, യോജിച്ച പാര്‍ട്ണറെ കിട്ടുന്നില്ല എന്നതായിരിക്കും എല്ലാവരുടെയും പ്രശ്നം. ഉണ്ടെങ്കില്‍ തന്നെ എല്ലായ്പ്പോഴും അവരെ കിട്ടണം എന്നുമില്ല. വാട്ട്സാപ്പിലൂടെ സംസാരിച്ച് പഠിക്കാന്‍ ഒരുപാട് ചാറ്റ് ബോട്ടുകള്‍ ഇന്നുണ്ട്. സാപ്പ്ലിംഗോ പോലുള്ളത് വാട്ട്‌സാപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാനുള്ള ചാറ്റ് ബോട്ട് ആണ്. കുറച്ചു കഴിഞ്ഞാല്‍ ഇത് പെയ്ഡ് ആയി മാറും. COPILOT ഉപയോഗിച്ചും ഇതുപോലെ പഠിക്കാം. ആദ്യം കോപൈലറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാം. അല്ലെങ്കില്‍ ബിംഗ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതില്‍ കോ പൈലറ്റ് ഉണ്ടാകും. ബിംഗിന്റെ സെറ്റിംഗ്സില്‍ നിങ്ങള്‍ ഭാഷ ചെയ്ഞ്ച് ചെയ്താല്‍ ആ ഭാഷയില്‍ അതിനോട് സംസാരിക്കാം. തെറ്റുകള്‍ തിരുത്തി തരാന്‍ ആവശ്യപ്പെട്ടാല്‍ അത് തിരുത്തി തരികയും ചെയ്യും. ഏത് നേരവും നിങ്ങള്‍ക്ക് സംസാരിക്കുകയും സംശയങ്ങള്‍ ചോദിക്കുകയും ചെയ്യാം.
ഭാഷ പഠിക്കാന്‍ മാത്രമല്ല, നിങ്ങളുടെ ഏത് സംശയങ്ങള്‍ക്കും ഉത്തരം നല്‍കും. അറിവ് വര്‍ധിപ്പിക്കാനും കൂടുതല്‍ ഉയരങ്ങളിലേക്ക് നമ്മെ ആനയിക്കാനും ബിംഗിനും കോപൈലറ്റിനും സാധിക്കും.


ഡ്യൂ ലിങ്കോ

ഭാഷകള്‍ പഠിക്കാന്‍ നല്ല സാധ്യതയാണ് ഡ്യൂ ലിങ്കോ നല്‍കുന്നത്. ശരിക്കും ഗെയ്മിഫിക്കേഷന്‍ ആണ് ഇതില്‍ ഉള്ളത്. ഗെയിം കളിക്കുന്നതു പോലെ ഭാഷകള്‍ പഠിക്കാം. ഓരോ ദിവസവും പഠിക്കുമ്പോള്‍ നമുക്ക് സ്ട്രീക്കുകള്‍ ലഭിക്കും.
അതുപോലെ എക്സ്.പികള്‍ ലഭിക്കും. എക്സ്പീരിയന്‍സ് പോയന്റിന്റെ ചുരുക്കപ്പേരാണ് എക്സ്.പി. നന്നായി പഠിക്കുന്നവരുടെ റാങ്ക് ലിസ്റ്റും നമുക്ക് കാണാം. ഒരു ദിവസം നമ്മള്‍ പഠിക്കാന്‍ മറന്നാല്‍ പഠിക്കാന്‍ സമയം കിട്ടിയില്ലേ എന്ന് നമ്മെ ഓര്‍മിപ്പിക്കും. നാം പഠിച്ചില്ലെങ്കില്‍ ഡ്യൂ ലിങ്കോ മൂങ്ങക്ക് സങ്കടവും ദേഷ്യവും വരും. ഓരോ ആഴ്ചയും പെര്‍ഫക്റ്റ് വീക്ക് ആക്കാന്‍ നമുക്ക് ഉല്‍സാഹം കൂടും. നിര്‍ബന്ധമായും കുട്ടികള്‍ ശീലിക്കേണ്ട മനോഹരമായ പഠന സഹായിയാണ് ഡ്യൂ ലിങ്കോ (Duo lingo).

നോഷന്‍

എല്ലാം നോട്ട് ബുക്കില്‍ എഴുതിവെച്ചിരുന്ന കാലമായിരുന്നു മുമ്പുണ്ടായിരുന്നത്. അതിന്റെ പരിമിതി ആ നോട്ടു ബുക്ക് ഏതുനേരത്തും നമ്മുടെ കൈയില്‍ ഉണ്ടാകില്ല എന്നതാണ്. നമുക്ക് ആവശ്യമുള്ളപ്പോള്‍ എഴുതിവെച്ച നോട്ട്സ് നോക്കാന്‍ നമുക്ക് കഴിയാതെ വരുന്നു. അതുകൊണ്ടാണ് ഡിജിറ്റല്‍ നോട്ട്സുകളുടെ പ്രാധാന്യം. നോട്ട്സ് എഴുതാന്‍ മാത്രമല്ല ഒരുപാട് സംവിധാനങ്ങളുള്ള, നമ്മുടെ ജീവിതം പ്രൊഡക്റ്റീവ് ആക്കാന്‍ കഴിയുന്ന സുന്ദരമായ ടൂള്‍ ആണ് നോഷന്‍(Notion).  നമ്മുടെ ഡു ലിസ്റ്റും വീക്ക്ലി മന്ത്ലി പ്ലാനറും എക്സ്പെന്‍സും സ്വപ്നങ്ങളും പ്ലാനുകളും ഐഡിയകളും തുടങ്ങി എല്ലാം രേഖപ്പെടുത്തി വെക്കാനും ഫോളോ ചെയ്യാനും കഴിയും. സെക്കന്റ് ബ്രെയിന്‍ എന്നാണ് ഇത്തരം ടൂളുകളെ വിളിക്കുക. ഈ കാലത്ത് നമുക്ക് എല്ലാം ഓര്‍മയില്‍ സൂക്ഷിക്കേണ്ട കാര്യമില്ലെന്നും നമ്മുടെ ആ കഴിവ് മറ്റു പല കാര്യങ്ങള്‍ക്കും ചെലവഴിക്കാമെന്നുമാണ് പറയുന്നത്. നോഷന്‍ എന്തിനെല്ലാം യൂസ് ചെയ്യാം എന്ന് വിശദമാക്കുന്ന നിരവധി ട്യൂട്ടോറിയലുകള്‍ യൂടൂബില്‍ ഉണ്ട്.

എന്തും പഠിക്കാന്‍ കഴിയുന്ന കാലം

എന്തും പഠിക്കാന്‍ കഴിയുന്ന കാലമാണിത്. അത്രമേല്‍, സൗഭാഗ്യമുള്ളവരാണ് നമ്മള്‍. എന്താണ് നമ്മുടെ ആവശ്യമെന്ന് ആലോചിക്കേണ്ട കാര്യമേയുള്ളൂ. അതിനെല്ലാം യോജിച്ച ആയിരക്കണക്കായ എ.ഐ ടൂളുകള്‍ ഇന്നുണ്ട്. ഖുര്‍ആന്‍ പഠിക്കേണ്ടവര്‍ക്ക് തര്‍ത്തീല്‍ ആപ്പുണ്ട്. ഇംഗ്ലീഷിലെ ഗ്രാമര്‍ മിസ്റ്റേക്കുകള്‍ കണ്ടെത്താന്‍ ഗ്രാമര്‍ലിയും ക്വില്‍ ബോട്ടും ഉണ്ട്. കൈയിലുള്ള പി.ഡി.എഫ് പുസ്തകം ചാറ്റ് പി.ഡി.എഫില്‍ അപ്്ലോഡ് ചെയ്താല്‍ ചാറ്റ് ബോട്ടിനോടെന്ന പോലെ ആ പുസ്തകത്തോട് ചോദ്യങ്ങള്‍ ചോദിക്കാം.

ഏതു വിഷയം പഠിക്കാനും ബ്രെയിന്‍ലി (https://brainly.com/) പോലെയുള്ള ഓണ്‍ലൈന്‍ സാധ്യതകളുണ്ട്. ഓണ്‍ലൈനായി കിട്ടുന്ന വീഡിയോകളും ലേഖനങ്ങളും സമ്മറൈസ് ചെയ്ത് തരുന്ന എ.ഐ ടൂളുകളും ഉണ്ട്. Trello പോലെ നമ്മുടെ ഡെയ്‌ലി ടാസ്‌കുകളും മറ്റും മനോഹരമായി അടുക്കിവെക്കാന്‍ പറ്റുന്ന ഇടങ്ങളും ഉണ്ട്.

പറഞ്ഞുവന്നത് പഠനത്തിനും നമ്മുടെ മുന്നോട്ടു പോക്കിനും ഏറെ സഹായിക്കാന്‍ നിരവധി സാധ്യതകളാണ് ഇന്നുള്ളത്. പഠിക്കണം, ഉയരണം എന്ന് നാം തീരുമാനിച്ചാല്‍ മാത്രം മതി.  അതുപോലെ തന്നെ നമ്മുടെ ശ്രദ്ധയും സമയവും വാല്യൂ ഇല്ലാത്ത ഓണ്‍ലൈന്‍ ഇടങ്ങള്‍ കട്ടെടുക്കാനും വളരെയേറെ സാധ്യതയും ഇന്നുണ്ട് എന്നു കൂടി ഓര്‍ക്കണം. അതിനാല്‍ കരുതലോടെയാകണം നമ്മുടെ സഞ്ചാരം.
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media