പെരുന്നാളിന് എല്ലാവരും നാട്ടിലെത്തുന്നു എന്ന് കേട്ടപ്പോഴേ പെരുന്നാളായിക്കഴിഞ്ഞിരുന്നു.
രണ്ടും മൂന്നും കൊല്ലമായി മക്കളും പേരമക്കളും ഗള്‍ഫിലാണ്. അവര്‍ ഇക്കുറി വരുന്നു എന്ന് കേട്ടാല്‍ ആര്‍ക്കാണ് സന്തോഷം തോന്നാതിരിക്കുക!
അവരെയൊക്കെ കണ്ടിട്ട് അത്ര കാലമായി എന്ന് പറയുന്നത് കള്ളമാകും. നിത്യവും കാണുന്നതാണ് അവരെ. ഖത്തറില്‍നിന്ന് സലീമും കുടുംബവും സൂമില്‍ വരും. കുഞ്ഞു ശരീഫ് അവന്റെ കളിപ്പാട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കും. അവന്റെ വികൃതികളുടെ നീണ്ട പട്ടിക ആരിഫ നിരത്തും.
ഹസീന ഭര്‍ത്താവുമൊത്ത് ദുബായിലാണ്. അവര്‍ ബോട്ടിമിലാണ് വിളിക്കുക. പത്തില്‍ പഠിക്കുന്ന ഫൈസലിന് എന്നും പുതിയ പുതിയ ആപ്പുകളുടെ വിശേഷങ്ങള്‍ പറയാനുണ്ടാകും. റോട്ടില്‍ ട്രാഫിക് കാമറകള്‍ മുന്‍കൂട്ടി അറിഞ്ഞ് വാണിംഗ് തരുന്ന ആപ്പുകളൊക്കെ പഴഞ്ചനായത്രെ. ഇപ്പോള്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലെ സിസ്റ്റത്തില്‍ നമ്മുടെ വാഹനത്തെ കാണാതാക്കുന്ന ജാമറാണത്രേ താരം.
ദമ്മാമിലെ ഫ്ളാറ്റില്‍നിന്ന് അബു ഗൂഗ്ള്‍ മീറ്റിലാണ് വിളിക്കുക. മറ്റു ചിലര്‍ ചിലപ്പോള്‍ വാട്ട്സാപ്പില്‍.
ഏതിലായാലും വീഡിയോ കോളാണ്. അതുകൊണ്ടാണ് ഇവരെ കണ്ടിട്ട് കുറെ കാലമായി എന്ന് പറയാന്‍ പറ്റാത്തത്. എന്നും കാണാറുണ്ടല്ലോ.
പക്ഷേ, നേരിട്ട് കാണുന്നതും സ്‌ക്രീനില്‍ കാണുന്നതും വ്യത്യാസമുണ്ടല്ലോ. ചുരുങ്ങിയത് അങ്ങനെയാണ് ഞാന്‍ കരുതിയത്. പെരുന്നാള്‍ വരെ.
തലേന്നുതന്നെ ഓരോരുത്തരായി എത്തി. എല്ലാവരും സലാം പറഞ്ഞു. വൈഫൈ പാസ് വേഡ് ചോദിച്ചു.
സലാം മടക്കി, പാസ് വേഡ് പറഞ്ഞുകൊടുത്തു. ഉടനെ ഓരോരുത്തരായി സ്വന്തം ഫോണില്‍ സ്റ്റാറ്റസ് ചെക്ക് ചെയ്തുകൊണ്ട് മുകളിലെ മുറികളിലേക്ക് കയറിപ്പോയി.
പെരുന്നാള്‍ തലേന്നുതന്നെ അത്താഴത്തിന് മേശ നിശ്ശബ്ദമായിരുന്നു. ഓരോരുത്തരുടെയും വലതു ഭാഗത്ത് പ്ലേറ്റ്, ഇടതുഭാഗത്ത് ഫോണ്‍. വലതുകൈകൊണ്ട് ഭക്ഷണം വായിലിടുന്നു, ഇടതുകൈകൊണ്ട് വീഡിയോകള്‍ നോക്കി ലൈക്കിടുന്നു.
ഫൈസലിനെ കൂട്ടത്തില്‍ കണ്ടില്ല. മുകളില്‍ പോയി വിളിക്കാന്‍ ആരിഫയോടു പറഞ്ഞപ്പോള്‍ അവള്‍ മേശപ്പുറത്തുനിന്ന് ഏതോ ഫോണെടുത്ത്, വാട്ട്സാപ്പില്‍ എന്തോ പറഞ്ഞു. ''ദാ വരുന്നു'' എന്ന് വാട്ട്സാപ്പില്‍ ഫൈസിന്റെ മറുപടി. അവന്‍ വന്നു, ഫോണില്‍ എന്തോ കമന്റ് ടെക്സ്റ്റ് ചെയ്തുകൊണ്ട്.
പെരുന്നാള്‍ സല്‍ക്കാരത്തിന് എല്ലാവരും വീണ്ടും മേശക്കു ചുറ്റുമെത്തി. എല്ലാവരും വിഭവങ്ങളുടെ ഫോട്ടോ എടുത്ത് ഗ്രൂപ്പിലിട്ടു. പെണ്ണുങ്ങള്‍ ഗ്രൂപ്പ് വീഡിയോകള്‍ പരസ്പരം ഷെയര്‍ ചെയ്തു.
അന്ന് വൈകുന്നേരത്തോടെ എല്ലാവരും പോയപ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു. ഈ ഫോണൊക്കെ ഉള്ളതുകൊണ്ട് എന്തൊരു സുഖമാണ്. പരസ്പരം കാണാന്‍ പ്രയാസമേയില്ല.