നട്ടുച്ചയില്‍ തണലായി കൊടും ചൂടില്‍ കുളിരായി പെരുമഴയില്‍ കുടയായി
ദാഹിക്കുമ്പോള്‍ കുടിനീരായി അസ്വസ്ഥപ്പെടുമ്പോള്‍ തലോടലായി ഓരോ കുഞ്ഞിനും
ഉമ്മയെ അനുഭവിക്കാനാവണം.
എന്തോ ലോഡിറക്കുന്നതിനിടയില്‍ ലോറിപ്പുറത്ത് നിന്ന് താഴെ വീണുപോയൊരാള്‍, കാലൊടിഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നത്. കരയാന്‍ ശ്രമിക്കുന്നത് കാണാം. ശീലമില്ലാത്തതിനാലാവാം ഒട്ടും ഭംഗിയില്ലാത്ത കരച്ചില്‍. ആരും അടുക്കുന്നില്ല ആരെയും അടുപ്പിക്കാത്ത പ്രകൃതത്തിന്റെ ഫലം.
കുറേ നേരം കഴിഞ്ഞ് പ്രായമേറിയ ഒരു സ്ത്രീ പ്രയാസപ്പെട്ട് ഓടിക്കിതച്ചു വരുന്നു.
ന്റെ മോനേന്നുള്ള വിളി കേട്ടാലറിയാം വീണയാളുടെ ഉമ്മയാണത്.
വീണുകിടക്കുന്നയാളെ വാരിപ്പുണര്‍ന്ന് ഉമ്മ കരച്ചില്‍ തുടര്‍ന്നു.
മദ്യപിക്കാന്‍ പണം ചോദിച്ച് കിട്ടാത്ത ദേഷ്യത്തിന് ഉമ്മയെ തൊഴിച്ച കാലാണ് പൊട്ടിയത്. എന്നിട്ടിപ്പോള്‍ മകന് വേണ്ടി കരയാന്‍ അതേ ഉമ്മ മാത്രം.
ഉമ്മയുടെ കരളെടുത്ത് ഓടുന്നതിനിടക്ക് കല്ലില്‍ തടഞ്ഞ് വീണ മകനോട് തെറിച്ചു വീണ പൊതിയില്‍നിന്ന് പിടക്കുന്ന കരള്‍ മകനെന്തെങ്കിലും പറ്റിയോ എന്നന്വേഷിക്കുന്ന കഥ ഓര്‍മ വന്നു.
അതൊരു കഥയല്ല; അതാണ് മാതാവ്.
മാതാവിനെ വര്‍ണിക്കാന്‍ ഭാഷയിനി വേറെ പിറവിയെടുത്തിട്ട് വേണം.
വയറ്റില്‍ തപ്പിനോക്കിയാല്‍ കാണാം മാതാവ് നമ്മെ ഊട്ടിയ വഴി.
കൈയോ കാലോ കണ്ണോ ഇല്ലാതെ പിറന്നവരുണ്ട് നാട്ടില്‍. എന്നാല്‍, പൊക്കിള്‍ ഇല്ലാതെ ജനിച്ചവരെ അറിയുമോ?!
പിറന്ന ശേഷം പൊക്കിള്‍ക്കൊടി മുറിച്ചു കളഞ്ഞെങ്കിലും അദൃശ്യമായൊരു പാശം മക്കളുടെ പൊക്കിളിനെ ഉമ്മയുമായി ചേര്‍ത്ത് നിര്‍ത്തുന്നുണ്ട്.
ഗര്‍ഭാശയത്തിലെ ഇളക്കം മുതല്‍ തുടങ്ങിയതാണ് കുഞ്ഞിന്റെ താളത്തിനനുസരിച്ച് ചലിക്കാനുള്ള ഉമ്മയുടെ വഴക്കം.
ഉറക്കവും ഉണര്‍ച്ചയും പൈതലിനെ പരിഗണിച്ച് മാത്രം.
ഉമ്മയും കുഞ്ഞും തമ്മിലുള്ള ആശയവിനിമയത്തിന്റെ വ്യാകരണം പൊക്കിള്‍ക്കൊടി പോലെ തന്നെ തികച്ചും സ്വകാര്യമാണ്.
ഏതൊരു ജീവിക്കും കുഞ്ഞുങ്ങളോട് വലിയ ആത്മബന്ധമായിരിക്കും. കാക്കക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് എന്ന് പറയാറുണ്ടല്ലോ.
എന്നാല്‍, മനുഷ്യമാതാക്കള്‍ക്ക് ഉത്തരവാദിത്വം കൂടും. ഗര്‍ഭാശയത്തിലും പുറത്തും മക്കളുടെ ശരീരം വളരാനവസരം നല്‍കിയാല്‍ മാത്രം മതിയാവില്ല.
മനുഷ്യനായി ജീവിക്കാനുള്ള, അഥവാ ഭൂമിയിലെ പടച്ചവന്റെ പ്രതിനിധിയായി ജീവിക്കാനാവശ്യമായ ശിക്ഷണശീലങ്ങള്‍ കൂടി പകര്‍ന്നു നല്‍കണം.
ഉമ്മയുടെ മടിത്തട്ടാണ് മനുഷ്യന്റെ പ്രഥമ വിദ്യാലയം. ഒരു മനുഷ്യനെ സംബന്ധിച്ച് ഉമ്മ ആയിരം അധ്യാപകര്‍ക്ക് തുല്യമാണ്. കുട്ടി ആവശ്യപ്പെടുന്നതെല്ലാം നല്‍കുകയല്ല, കുട്ടിക്ക് നല്ലതും തീയതും വകതിരിച്ച് നല്‍കുകയാണ് വേണ്ടത്.
മാതാക്കളുടെ കാലിനടിയിലാണ് മാനവരുടെ സ്വര്‍ഗം.
മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി എന്നത് മക്കള്‍ക്ക് മാതാപിതാക്കളോടുള്ള ആദരവിന്റെ പ്രചോദനം മാത്രമല്ല, ഉത്തരവാദിത്വത്തിന്റെ സൂചന കൂടിയാണ്. എല്ലാ മനുഷ്യരും ശുദ്ധ പ്രകൃതത്തിലാണ് ജനിക്കുന്നത്. പിന്നീട് അവരെന്തായിത്തീരുന്നു എന്നതില്‍ മാതാവിന്റെ പങ്ക് വലിയതാണ്.
അല്ലാഹു നല്‍കിയ അമാനത്ത് അഥവാ സൂക്ഷിപ്പുസ്വത്താണ് മക്കള്‍. അമാനത്തില്‍ വഞ്ചന കാണിക്കുന്നവര്‍ ജീവിതപരീക്ഷണത്തില്‍ പരാജയപ്പെട്ടു പോകും. ബലിയറുക്കാനുള്ള ദൈവകല്‍പന അറിയിച്ച് അഭിപ്രായമാരാഞ്ഞ പിതാവായ ഇബ്‌റാഹീം നബിയോട്, ദൈവകല്‍പന നടപ്പാക്കിക്കോളൂ, താങ്കള്‍ക്കെന്നെ ക്ഷമാശീലരില്‍ കാണാം എന്ന് സമ്മതമറിയിച്ച മകന്‍ ഇസ്മാഈലിനെ രൂപപ്പെടുത്തിയത് ഹാജര്‍ എന്ന മാതാവായിരുന്നു.
ഫിര്‍ഔനിന്റെ കൊട്ടാരത്തിലെത്തി മകന് മുലപ്പാല്‍ നല്‍കിയ മൂസയുടെ മാതാവ് എത്ര സുന്ദരമായ കാഴ്ചയാണ്.
ധീരതയുടെയും ത്യാഗത്തിന്റെയും പ്രതീകമായ വിശുദ്ധ മാതാവ് മര്‍യമിനെ പരാമര്‍ശിച്ചുകൊണ്ടേ ഈസായെക്കുറിച്ച് സംസാരമുള്ളൂ.
മഹതികളായ ഖദീജയും സുമയ്യയും ഉമ്മുസലമയും അസ്മാഉം ഫാത്വിമത്തുസ്സുഹ്‌റായും അങ്ങനെയെത്രയോ പേര്‍ മനുഷ്യകുലത്തിന് മഹാസേവനം നിര്‍വഹിച്ച മാതാക്കളുടെ പട്ടികയില്‍ തിളങ്ങി നില്‍ക്കുന്നു.
പഴയ കാലത്ത് മാത്രമല്ല, ആധുനിക ചരിത്രത്തിലും നമുക്ക് വിപ്ലവകാരികളായ മാതാക്കളെ കാണാം.
വെള്ളം കോരികുളിപ്പിക്കുമ്പോള്‍ തുടയില്‍ അടിച്ച് ഖുദ്‌സിന്റെ മോചനത്തിന് മകനെ ഒരുക്കിയ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ മാതാവ്,
ബ്രിട്ടീഷുകാരന്റെ കൊട്ടാരത്തില്‍ ചെന്ന് ഒന്നുകില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ഈ സ്വതന്ത്ര രാജ്യത്ത് എനിക്കൊരു ഖബര്‍ എന്നലറി വിളിച്ചു പൊരുതിയ മൗലാനാ മുഹമ്മദലി ജൗഹറിനെ വളര്‍ത്തിയ ബീ ഉമ്മ.
ഇത്തരം മാതാക്കളുടെ സംഗമഭൂമിയാണ് ഗസ്സ. സ്വര്‍ഗത്തില്‍ കണ്ടുമുട്ടാമെന്ന് യാത്ര പറഞ്ഞ് മക്കളെ പോരാട്ട ഭൂമിലേക്കയക്കുകയാണ് അവിടുത്തെ രക്തസാക്ഷികളുടെ ഉമ്മമാര്‍.
മനുഷ്യവിരുദ്ധ ശക്തികള്‍ ഒടിച്ചുകളഞ്ഞ സമാധാനത്തിന്റെ ഒലീവ് ചില്ലകളെ കരുത്തോടെ നിര്‍ത്താന്‍, ചിറകരിയപ്പെട്ട വെള്ളരിപ്പിറാവുകള്‍ക്ക് ആകാശത്ത് ആഹ്ലാദ നൃത്തം വെക്കാനുള്ള പുതിയ ചിറകുകള്‍ നല്‍കാന്‍ ഫലസ്തീനിലെ മാതാക്കള്‍ക്ക് സാധിക്കുന്ന കാലം വിദൂരമല്ല.
ഒരു മാതാവും കുഞ്ഞിനെ സൃഷ്ടിക്കുന്നില്ല. രൂപം നല്‍കുന്നില്ല. കുട്ടിയുടെ ആകാരവും ആയുസ്സും നിശ്ചയിക്കുന്നില്ല.
അല്ലാഹു സൃഷ്ടിച്ചയച്ച പ്രതിനിധിയെ അല്ലാഹു തന്നെ നല്‍കിയ കഴിവനുസരിച്ച് പെറ്റു പോറ്റുകയാണ് ചെയ്യുന്നത്.
അഥവാ ഭൂമിയിലെ ശ്രേഷ്ഠ പദവിയായ മാതൃത്വം നല്‍കിയ നാഥന് മുന്നില്‍ നന്ദിയും കടപ്പാടും രേഖപ്പെടുത്തി വിനയാന്വിതയാവുമ്പോള്‍ മാതൃത്വത്തിന്റെ അന്തസ്സ് വര്‍ധിക്കുന്നു.
സകലതിനും മാതാവിനെ ആശ്രയിക്കുന്ന കുഞ്ഞ് അതിജീവനത്തിന്റെ പാഠങ്ങള്‍ പഠിച്ച് സ്വന്തം വഴിക്ക് വളരുകയാണ് പതിവെങ്കിലും തള്ളയുമായി കൊത്തിപ്പിരിയാന്‍ കൂട്ടാക്കാതെ ചില പൈതങ്ങള്‍ ഭിന്ന വഴിയിലൂടെ വളരും. ഭിന്നശേഷിക്കാരെന്നവര്‍ അറിയപ്പെടും.
ഭൗതിക ലോകത്ത് കഠിന പ്രയത്‌നം നടത്തി മാത്രം ജീവിതം നയിക്കാന്‍ പാകത്തിലാണ് മനുഷ്യപ്രകൃതം.
എന്നാല്‍, യാതൊരധ്വാനവും ബാധ്യതയും ഏല്‍പിക്കപ്പെടാത്ത ചില സവിശേഷ വ്യക്തിത്വങ്ങളുണ്ട് മനുഷ്യരില്‍.
സ്വര്‍ഗത്തിനായി മാത്രം ഒരുക്കിയയക്കപ്പെട്ടവര്‍ സ്രഷ്ടാവിന്റെ പ്രത്യേകക്കാര്‍ അത്തരം മനുഷ്യരുടെ ഭൂമിയിലെ രക്ഷാകര്‍തൃത്വം ആരെയെങ്കിലും ഏല്‍പിച്ചാല്‍ പോരല്ലോ. അതിനാല്‍ നാഥന് മാത്രമറിയുന്ന യുക്തിയില്‍ ചിലര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഭൂമിയില്‍. സ്വര്‍ഗാവകാശികളെ പെറ്റു പോറ്റാന്‍ അവസരം ലഭിച്ച മഹതികളായ മാതാക്കള്‍.
മറ്റുള്ളവര്‍, മക്കളെ തനിച്ചാക്കിയോ ബന്ധുക്കളെ ഏല്‍പ്പിച്ചോ സ്‌കൂളിലയച്ചോ വീടിന് വെളിയില്‍ പോവുന്നത് പോലെ അവര്‍ക്ക് കഴിയില്ല.
പടച്ചോന്റെ ആ പ്രത്യേകക്കാര്‍ വിരുന്നുവന്ന നാള്‍ മുതല്‍ സകല സഞ്ചാരങ്ങള്‍ക്കും അവധി കൊടുത്ത് വീടിനകത്ത് സ്‌നേഹസഹനത്തിന്റെ വിസ്മയ പ്രപഞ്ചം സംവിധാനിച്ച ഉമ്മമാരേക്കാള്‍ വലിയ ദൃഷ്ടാന്തം മറ്റെന്തുണ്ട് ഭൂമിയില്‍!
ഈ മാതാക്കള്‍ ഇരട്ട പദവിയുള്ളവരാണ്. ഉമ്മമാര്‍ എന്നതും പടച്ചവന്റെ പ്രത്യേകക്കാരുടെ ഉമ്മമാര്‍ എന്നതുമാണത്.
പരലോകത്തെ പ്രത്യേക പരിഗണനക്ക് കൂടൂതല്‍ തയ്യാറെടുപ്പ് നടത്തുകയാണവര്‍ വേണ്ടത്.
ഭിന്നശേഷിയുള്ളവരുടെ പരിപാലനത്തിന് വേണ്ടി വരുന്ന ത്യാഗം ഔദാര്യമല്ല, പടച്ചവന്റെ തൃപ്തി എളുപ്പമാക്കുന്ന അവസരമായാണപ്പോള്‍ ഉള്‍ക്കൊള്ളാനാവുക.
വിതറപ്പെട്ട മുത്തുമണികള്‍ പോലെ സ്വര്‍ഗത്തിലെ നിത്യബാലികാബാലന്‍മാരായി മക്കള്‍ വരുമ്പോള്‍ അവരെ ചൂണ്ടി അഭിമാനിക്കാന്‍ സാധിക്കുമ്പോഴാണ് ഈ പ്രത്യേകക്കാരുടെ ഉമ്മമാരുടെ ആദരവ് പൂര്‍ണമാവുക.
ഭൗതികതയുടെ വ്യാമോഹത്തില്‍ മാതാവെന്ന മഹനീയ പദവി കളഞ്ഞുപോകാതെ കരുതണം. കുഞ്ഞിന് സ്‌നേഹവും കാരുണ്യവും വാത്സല്യവും പിടിച്ചുവെക്കലില്ലാതെ ലഭിക്കണം.
ഏത് ഘട്ടത്തിലും അഭയമാവാന്‍ ഒരുങ്ങിനില്‍ക്കണം. ലോകത്താരും പരിഗണിച്ചില്ലെങ്കിലും എന്റെ ഉമ്മയുടെ അടുത്ത് എനിക്ക് രാജകീയ പദവിയുണ്ടെന്ന് ഓരോ മക്കള്‍ക്കും സമാധാനമുണ്ടാവണം.
അധ്യാപികയും ന്യായാധിപയും പരിശീലകയുമാണ് ഉമ്മ.
മക്കള്‍ പലതരമെങ്കിലും അവരിലേക്ക് ഒരേ ദൂരമുള്ള പാലമാണുമ്മ.
ലോകത്തിന്റെ ഏതു കോണിലായാലും നാവില്‍ വരുന്ന ആദ്യമന്ത്രമാണുമ്മ.
വിശ്വാസം കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും കാലിനടിയിലെ സ്വര്‍ഗത്തെ നഷ്ടപ്പെടുത്താതെ ജാഗ്രത വേണം.
നല്ല മക്കള്‍ പരലോകത്ത് വെച്ച്, 'എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ' (17:24) എന്ന് മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്.
കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ എന്ന്.
കുട്ടികളോടുള്ള ഉത്തരവാദിത്വം അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി നിര്‍വഹിക്കുമ്പോഴാണ് പെണ്ണ് ഉമ്മയാവുന്നത്; കാലിനടിയില്‍ മക്കളുടെ സ്വര്‍ഗമുള്ള ഉമ്മ.