പെണ്‍കുട്ടികള്‍ മാത്രമായൊരു യാത്ര പോവുക എന്നത് ആലോചിക്കുമ്പോള്‍ തന്നെ എന്തോരം ഉന്മേഷമാണല്ലേ.
പലരുടെയും സ്വപ്നങ്ങളിലൊന്നാണ് അങ്ങനെയൊരു യാത്ര. പെണ്ശലഭങ്ങള് ഒത്തുകൂടുന്ന ഒരു ഷീ ക്യാമ്പില്‍ പങ്കെടുക്കണമെന്നത് മറ്റു പല പെണ്‍കുട്ടികളെയും പോലെ എന്റെയും ആഗ്രഹമായിരുന്നു. എവിടേക്കെന്നോ എപ്പോഴെന്നോ ഒന്നും പ്രത്യേകിച്ച് പ്ലാനിങ്ങില്ലാതെ ഇങ്ങനെയൊരു ആഗ്രഹവുമായി നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. അതും വ്യത്യസ്ത ദിക്കുകളില്‍നിന്നു വരുന്ന അറിയാത്ത ആളുകളുമായി കൂട്ടുകൂടാന്‍. മനസ്സില്‍ കിടന്ന മോഹം പ്രതീക്ഷിക്കാതെ പൊടുന്നനെ പൂവണിഞ്ഞു. ഇതെഴുതുമ്പോഴും ആഹ്ലാദത്തിന് അതിര്‍വരമ്പുകളില്ല. ഹരിതയുടെ സംസ്ഥാന പ്രസിഡന്റും സ്കൈടെച്ച് ട്രാവല്‍ കമ്പനി ഫൗണ്ടറുമായ ആയിഷാബാനു ഷെയര്‍ ചെയ്ത ഒരു പോസ്റ്റര്‍ ആണ് ആദ്യം കണ്ണിലുടക്കിയത്.
ഷിക്യാമ്പിന്റെ പോസ്റ്റര്‍ വാട്സാപ്പ് വഴി കണ്ടതും മനസ്സില്‍ പോവണമെന്ന ആഗ്രഹം ജനിച്ചു. ആയിഷാബാനു ഹോസ്റ്റ് ചെയ്യുന്ന ക്യാമ്പായതിനാല്‍ വീട്ടിലും സമ്മതമായിരുന്നു. കുന്നോളം ആഗ്രഹം ഉണ്ടെങ്കിലും അതിനെ പറ്റി യാതൊരുവിധ ഐഡിയയും ഉണ്ടായിരുന്നില്ല. ബസ് കയറുമ്പോഴും ചിന്തകളും ചോദ്യങ്ങളുമായിരുന്നു ഉള്ളു നിറയെ. തലേ ദിവസം ഒരേ റൂട്ടില്‍ വരുന്നവരെയൊക്കെ പരിചയപ്പെടുത്തി നമ്പറുകള്‍ കൈമാറി, ഒന്നിച്ചു വരാന്‍ സാധ്യമെങ്കില്‍ ശ്രമിക്കണമെന്ന നിര്‍ദേശവും അവര്‍ തന്നിരുന്നു. അവിടെ എത്തിയതിന് ശേഷമുള്ള കാര്യങ്ങളാണ് ക്യാമ്പില്‍ ഉള്‍ക്കൊള്ളിച്ചതെങ്കിലും വരുന്നതിനു മുമ്പേ ഞങ്ങളുടെ യാത്രാ പദ്ധതികളെക്കുറിച്ച് അന്വേഷിച്ചു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
മറ്റു ചില തിരക്കുകള്‍ ഉള്ളതിനാല്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന മറ്റുള്ളവരുടെ കൂടെ ഒന്നിച്ചു പോവാന്‍ സാധിച്ചിരുന്നില്ല. കോഴിക്കോട്നിന്ന് ബസ് കയറി. ആനവണ്ടി യാത്രയൊരു പ്രത്യേക ഫീലാണ്. ഇന്‍സ്റ്റഗ്രാം റീല്‍സുകളില്‍ നിറഞ്ഞുനിന്ന ആനവണ്ടി യാത്രാ വീഡിയോകള്‍ കെ.എസ്.ആര്.ടി.സി യാത്രയോടുള്ള മുഹബ്ബത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. ജാലകത്തിനടുത്തൊരു സീറ്റില്‍ ഇടം പിടിച്ചു. മാനന്തവാടി എത്തുന്നതു വരെ ഇളം തെന്നലിന്റെ തലോടലില്‍ യാത്ര ആസ്വദിച്ചു. കാഴ്ചകള്‍ മറയും തോറും പുതിയ കാഴ്ചകള്‍ കണ്ണുകളെ തേടിയെത്തി. ഒപ്പം കുറേ ചിന്തകളും ഉള്ളില്‍ ഉയരാന്‍ തുടങ്ങി.
ക്യാമ്പില്‍ പങ്കെടുക്കുന്നവരുമായി വൈബ് സെറ്റാവുമോ? പ്രതീക്ഷിച്ച പോലെ ക്യാമ്പ് അടിപൊളിയാവുമോ? പരിചയക്കാരില്ലാത്തതിനാല്‍ മുഷിപ്പ് തോന്നുമോ? തുടങ്ങി നൂറു സംശയങ്ങളാണ് ബസ് കേറിയത് മുതല്‍ എന്നിലേക്കെത്തിയത്.
ആദ്യമായാണ് അത്രയും ദൂരം ഒറ്റയ്ക്ക് യാത്ര പോവുന്നത്. മാനന്തവാടിയില്‍നിന്ന് തിരുനെല്ലി കാട്ടിലേക്കുള്ള ബസ് വല്ലപ്പോഴുമാണ്. ക്യാമ്പിലെത്തിച്ചേരേണ്ട സമയം അതിക്രമിച്ചതിനാല്‍ ചുരത്തിലെ മണിക്കൂറുകള്‍ നീണ്ട ബ്ലോക്കും ബസ് കാത്തിരിപ്പുമെല്ലാം ചെറിയ തോതില്‍ സന്തോഷം കെടുത്തി. വൈകിയാണെങ്കിലും എത്തിച്ചേര്‍ന്ന സ്ഥലം കണ്ടപ്പോള്‍ തന്നെ ഉള്ളില്‍ ഒരു കുളിര്‍മ വന്നു. കാടിനോടടുത്ത പ്രദേശം. ചുറ്റും മനോഹരമായ വയലും ചെടികളും മരങ്ങളും പൂക്കളും അതിഥികളെ ആനയിക്കുന്നു. അതില്‍ ഓലയും മണ്ണും മുളയും കൊണ്ടുണ്ടാക്കിയ മനോഹരവും ചെറുതുമായ കുടിലുകള്‍. ശാന്തമായ ഇടം. പ്രകൃതി രമണീയമായ വയനാടിന്റെ പച്ചപ്പത്രയും ആസ്വദിക്കാന്‍ പാകത്തിലുള്ള, ഒരിക്കലെങ്കിലും താമസിക്കാന്‍ കൊതിക്കുന്ന ഒരു റിസോട്ടിലായിരുന്നു ക്യാമ്പ്. എന്നെ കാത്തു നില്ക്കുന്ന കുറേ അപരിചിത മുഖങ്ങള്‍ ആദ്യ കാഴ്ചയില്‍ തന്നെ പ്രിയപ്പെട്ടവരെപ്പോലെ തോന്നി. മുളകൊണ്ടുണ്ടാക്കിയ ഉള്ളും പുറവും വ്യത്യസ്ത ഘടനയുള്ള ഒരു ഹട്ടാണ് എനിക്കുള്ള മുറി. ബാനുത്ത മുറിയിലേക്ക് ആനയിക്കുമ്പോള്‍ അവിടെ മലപ്പുറത്ത് നിന്നും കാസര്‍ഗോഡ് നിന്നും വന്ന അപരിചിതരായ മൂന്നു പേരുണ്ട്. അഞ്ചു മിനിട്ടിനുള്ളില്‍ അഞ്ചു വര്‍ഷം പരിചയമുള്ളവരെപ്പോലെ ഞങ്ങള്‍ അടുത്തു. ജുമാനത്തും സുനീറയും അവളുടെ ഉമ്മയുമായിരുന്നു റൂമിലെ ഷിക്യാമ്പ് അംഗങ്ങള്‍.
പ്ലസ് ടു പഠിക്കുന്നവര്‍ തൊട്ട് പേരക്കിടാവുള്ള വല്ലിമ്മമാര് വരെ ക്യാമ്പില്‍ അംഗങ്ങളാണ്. വൈകുന്നേരത്തെ ചായയും കടിയും മറ്റൊരു ഓല മേഞ്ഞ കുടിലില്‍നിന്ന് കുടിക്കുമ്പോള്‍ പുറത്ത് മഴ തിമിര്‍ത്ത് പെയ്യുന്നുണ്ട്. 'വയനാട്ടിലെ തണുപ്പില്‍ സുലൈമാനിക്കൊപ്പം മഴയാസ്വദിക്കാം' എന്ന സ്കൈടെച്ച് പോസ്റ്ററിലെ വാചകങ്ങള്‍ അപ്പോള്‍ ഓര്‍മവന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവരെയും പരിചയപ്പെട്ടു. എന്നെപ്പോലെ തന്നെ ആദ്യ വര്‍ത്തമാനത്തില്‍ അവരെന്താണെന്ന് പറഞ്ഞുതുടങ്ങുന്ന വൈബ് ടീം. പ്രായ വ്യത്യാസമില്ലാതെ അടുത്തു, കളിച്ചു, ചിരിച്ചു, പാട്ട് പാടി, കഥ പറഞ്ഞു, കളിയാക്കി, രാത്രിയെ ഞങ്ങള്‍ മറക്കാനാവാത്ത രാവാക്കി മാറ്റി. ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങള്‍, ഒരു പെണ്‍കുട്ടി അനുഭവിച്ച് തീര്‍ക്കുന്ന വേദനകള്‍, സന്തോഷം കണ്ടെത്താന്‍ പോലും അഭിമുഖീകരിക്കുന്ന നിയന്ത്രണങ്ങള്‍ തുടങ്ങി പെണ് സംസാരങ്ങള്‍ അങ്ങനെ നീണ്ടു. കാലങ്ങളായി കെട്ടിക്കിടക്കുന്ന മനസ്സിലെ ഭാരം പലരും തുറന്നുപറച്ചിലുകളിലൂടെ ലഘൂകരിച്ചു. ക്യാമ്പ് ഫയറിന് ചുറ്റുമിരുന്ന് ചൂടു പിടിക്കുമ്പോള്‍ ഡല്‍ഹി യൂനിവേഴ്സിറ്റി വിദ്യാര്‍ഥിനിയായ ജഹാനയുടെ മധുര മനോഹര ഗാനം ക്യാമ്പിനെ സംഗീത സാന്ദ്രമാക്കി. പിന്നെ പൊട്ടത്തരങ്ങള്‍ പറഞ്ഞു ചിരിപ്പിക്കുന്ന കൂട്ടത്തിലെ പ്രായംകുറഞ്ഞവരായ ജുമാനത്തും ഫഹ്്മിയും ആയിരുന്നു ഞങ്ങളുടെ രസം.
രാഷ്ട്രീയ തിരക്കിനിടയിലും റിലാക്സ് ചെയ്യാന്‍ വന്ന വീട്ടമ്മമാരായ പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് അവിടെ എത്തിയപ്പോള്‍ വിദ്യാര്‍ഥിനികളായ ഞങ്ങളെക്കാള്‍ പ്രായം കുറയുകയായിരുന്നു. ഞങ്ങളുടെ പ്രായമുള്ള മക്കളുള്ള ഉമ്മമാര് ഞങ്ങളോളം ചെറിയ പ്രായത്തിലേക്ക് വരുന്ന കാഴ്ചയായിരുന്നു ക്യാമ്പിന്റെ ഭംഗി. വാഴയൂരിലെ റാഷിദ ഫൗലദും പെരിന്തല്‍മണ്ണയിലെ വാഹിദത്തയും സമപ്രായക്കാരെ പോലെ ചേര്‍ന്നുനിന്നു. തലശ്ശേരിക്കാര് കൊണ്ടുവന്ന വീട്ടിലുണ്ടാക്കിയ അപ്പങ്ങള്‍ ഇടക്കിടെ കഴിക്കുന്നത് സൊറപറച്ചിലിനിടയില്‍ മനസ്സും വയറും നിറച്ചു.
ആലപ്പുഴക്കാരി ഫിദയുടെ ഐഫോണ്‍ ക്യാമറക്കണ്ണുകള്‍ ഞങ്ങളെ വിടാതെ പിന്തുടരുന്ന ഈ മനോഹര നിമിഷങ്ങള്‍ പെട്ടെന്ന് തീരുമല്ലോ എന്ന വേദനയില്‍ തിരികെ പോരാന്‍ തോന്നാത്ത രീതിയില്‍ അവിടെ മനസ്സ് പറ്റിപ്പിടിച്ചു.
ആഗ്രഹിച്ചതുപോലെ ഒരു പെണ്‍യാത്ര കിട്ടിയ ത്രില്ലിലായിരുന്നു തിരിച്ചു വരുന്നതു വരെ.