മാതാപിതാക്കള്‍ എന്ന വന്മരത്തിന്റെ തണലിലാണ് ബന്ധങ്ങള്‍ വളര്‍ന്ന് ജീവിതം പച്ചപിടിച്ചു പടര്‍ന്ന് പന്തലിക്കുന്നത്.
ഉപ്പയും ഉമ്മയും എന്റെ സ്വര്‍ഗമാണ്. അതിലെ വിളക്കുകളാണ് കൂടപ്പിറപ്പുകളും അവരുടെ കുടുംബങ്ങളും. അവരാണ് എന്റെ ജീവിതത്തിന്റെ വെളിച്ചവും തെളിച്ചവും. അതിലെ ഓരോരുത്തരും എന്റെ ജീവന്റെ മിടിപ്പിനോളം ചേര്‍ന്ന് നില്‍ക്കുന്നു.
തൊട്ടാല്‍ പൊട്ടിത്തെറിക്കുന്ന ദേഷ്യമാണ് ഉപ്പ... അതേ അളവില്‍ കത്തിയും കഴുത്തും നീട്ടിക്കൊടുക്കുന്ന നിറസ്‌നേഹവും...
പറഞ്ഞാലും പറഞ്ഞാലും തീരാത്ത പരാതികളാണ് ഉമ്മ... ഇഷ്ടങ്ങളില്‍ കതിരും പതിരും വേര്‍തിരിക്കാനറിയാത്ത സ്‌നേഹത്തിന്റെ നിറകുടവും.
ഉമ്മയെന്നും ഉപ്പയെന്നും ചേര്‍ത്ത് വെക്കുമ്പോള്‍ അവര്‍ രണ്ട് പേരുടെയും എന്നോടുള്ള ഇഷ്ടങ്ങളെ ഏത് വിധത്തില്‍ തരം തിരിക്കണമെന്ന് എനിക്കറിയില്ല.
നാല് മക്കളില്‍ രണ്ടാമത്തവളാണ് ഞാന്‍. ഞങ്ങള്‍ക്ക് കിട്ടുന്ന സ്‌നേഹത്തിന്റെ പേരില്‍ പരസ്പരം തര്‍ക്കിക്കുമ്പോള്‍, ഉമ്മാക്കും ഉപ്പാക്കും മറ്റ് മക്കളെക്കാള്‍ കൂടുതല്‍ പ്രിയം എന്നോടാണെന്ന് തമാശയോടെയാണെങ്കിലും കൂടെയുള്ള മൂന്ന് പേരുടെയും പരാതി കേള്‍ക്കുമ്പോള്‍, എന്റെയുള്ളില്‍ സന്തോഷത്തിന്റെ ചെറിയ തിരയിളക്കം ഉണ്ടാകാറുണ്ട്.
എനിക്ക് നടക്കാന്‍ കഴിയാത്ത അവസ്ഥയുടെ തുടക്കത്തിലല്ലാതെ, പിന്നീടുള്ള കാലങ്ങളില്‍ എന്നെ കുറിച്ച് ഉപ്പയും ഉമ്മയും കൂടുതലായി അസ്വസ്ഥരാകുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്റെ അംഗ പരിമിതിയുടെ പേരില്‍ വയ്യാത്ത ഒരാളായി ഒരിക്കലും ഒരു കാര്യത്തിനും എന്നെ മാറ്റി നിര്‍ത്തിയിട്ടില്ല. തികച്ചും യാഥാസ്ഥിതികരായ മാതാപിതാക്കള്‍ എന്റെ ഇഷ്ടങ്ങള്‍ക്കൊന്നും തടസ്സമായിട്ടേയില്ല എന്നതാണ് എന്റെ വിജയം. അതിനാല്‍ തന്നെ പരസഹായം അത്യാവശ്യമായ ഈ പരിമിതികള്‍ക്കുള്ളിലും വ്യക്തിപരമായ പല കാര്യങ്ങളും സ്വയം ചെയ്യാന്‍ എനിക്കാവുന്നുണ്ട്. അതുകൊണ്ടാണ് ഇത്രയും കാലം വീട് വിട്ടകന്ന് അവരില്‍ നിന്നും പൂര്‍ണമായി മാറിനില്‍ക്കുമ്പോഴും അതിന്റെ ഒരുപാട് പ്രയാസങ്ങളിലും അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാന്‍ എനിക്ക് കഴിയുന്നത്.
പന്ത്രണ്ട് വര്‍ഷങ്ങളായി, വീട്ടില്‍നിന്ന് മാറി എഴുപതോളം കിലോമീറ്ററുകള്‍ അകലെ ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്താണ് ഇപ്പോള്‍. ഉമ്മയെ ഓര്‍ക്കുമ്പോള്‍, കുറേ നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ ഓരോ അവധി നാള്‍ വന്നെത്തുന്നതും അക്ഷമയോടെ കാത്ത് കാത്തുള്ള വിരസതയാണ്.
പുതു രുചികളുടെ വൈവിധ്യങ്ങള്‍ പരീക്ഷിക്കുമ്പോഴും മറക്കാനാവാത്ത ഉമ്മാന്റെ നാടന്‍ രുചികളുണ്ട് നാവിന്‍ തുമ്പത്ത്.
വീട്ടില്‍നിന്ന് എത്ര നാള്‍ വിട്ടുനിന്നാലും മാറ്റാനാവാത്ത കുറേ അബദ്ധ ശീലങ്ങളുമുണ്ട് എന്റെ സ്വഭാവങ്ങളില്‍. അവധി ദിനത്തില്‍ ഞാന്‍ വീട്ടിലെത്തുന്നത് വരെയുള്ള വിശേഷങ്ങളും കഥകളും പറഞ്ഞു തീര്‍ക്കാന്‍ അവിടെ ഉമ്മയും ഉപ്പയും, അവരെ മുഴുവനായി കേള്‍ക്കാന്‍ ഞാനും. എനിക്കായി കരുതി വെക്കുന്ന ഇഷ്ട വിഭവങ്ങള്‍ തിന്നു തീര്‍ക്കാനുള്ള കൊതിയോടെ ദിനങ്ങളെണ്ണി കാത്തിരിക്കും. നേരില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ചിരിയും കെട്ടിപ്പിടിക്കലുമാണ് അത്രയും നാളത്തെ എല്ലാ നഷ്ടങ്ങളും മായ്ച്ചു കളയുന്ന സന്തോഷങ്ങളുടെ പൊലിവ്. അസുഖവും ക്ഷീണവും മറന്ന്, ഞാന്‍ തിരികെ പോരുന്നത് വരെ എന്നെ ചുറ്റിപ്പറ്റി ഉപ്പയും ഉമ്മയും കൂടെയുണ്ടാകും. രണ്ട് മണിക്കൂറിനുള്ളില്‍ എത്താവുന്ന ദൂരത്തേക്കാണെങ്കിലും, ഓരോ പ്രാവശ്യവും 'ഇനി എന്നാണ് കാണുക' എന്ന് കണ്ണ് കലങ്ങി മങ്ങിയ മുഖത്തോടെ സലാം പറഞ്ഞു തിരികെ പോരുമ്പോള്‍, അടര്‍ത്തി മാറ്റാനാവാത്ത ഗൃഹാതുരത്വം കുറേ നേരത്തേക്ക് വല്ലാതെ വിഷമിപ്പിക്കാറുണ്ട്.
ഉമ്മ നെഞ്ച് പൊട്ടിക്കരഞ്ഞതും, ഏറെ സന്തോഷിച്ച് ചിരിച്ചതും നാല് മക്കളില്‍ കൂടുതല്‍ എന്നെ കുറിച്ചോര്‍ത്ത് മാത്രമായിരിക്കണം.
മറക്കാനാവാത്ത ഓര്‍മകളില്‍, ആദ്യമായി ഉമ്മ കരഞ്ഞു കണ്ടത് നടക്കാന്‍ കഴിയാതെ ഞാന്‍ ആശുപത്രി കിടക്കയില്‍ കിടന്നപ്പോഴാണ്.
ആദ്യമായി എന്നെ കൊണ്ടുപോയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, എന്റെ അപകട നില തരണം ചെയ്യാന്‍ മറ്റു പരിഹാര മാര്‍ഗങ്ങളില്ലെന്നും, എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകണമെന്ന് പറഞ്ഞപ്പോഴാണ്. പുറംലോക പരിചയമില്ലാത്ത, ഈ അത്യാഹിത അവസ്ഥ എങ്ങനെ തരണം ചെയ്യണമെന്ന് അറിയാതെ, ഇനി എന്റെ ഭാവിയെന്താകുമെന്നോര്‍ത്ത്... അന്ന് പാതിരാവിന്റെ ഇരുട്ടില്‍ പിറ്റേന്ന് പുലരും വരെയും ഉമ്മയുടെയും ഉപ്പയുടെയും മനസ്സിന് താങ്ങാനാവാത്ത വ്യഥയുടെ തേങ്ങല്‍ കേട്ട് ഉറങ്ങിയിട്ടില്ല ആറു വയസ്സുകാരിയായ ഞാനും.
മറ്റൊരിക്കല്‍, ഇങ്ങനെയൊരു മകള്‍ നിങ്ങള്‍ക്ക് ഉണ്ടായത് ശാപമാണെന്ന് ഒരാളില്‍ നിന്നും നേരില്‍ കേള്‍ക്കേണ്ടി വന്ന ആഘാതത്താല്‍ ഉമ്മ കരഞ്ഞത് ഇപ്പോഴും ഒരു നെരിപ്പോട് പോലെ നെഞ്ചില്‍ നീറുന്നുണ്ട്.
പിന്നീട് അങ്ങനെ ഹൃദയം മുറിയുന്ന സങ്കടത്തില്‍ ഉമ്മ പൊട്ടിക്കരയുന്നത് കണ്ടത്, വെയില്‍ കത്തുന്ന ഒരു വേനലില്‍ ഞാന്‍ പന്ത്രണ്ടാം വയസ്സില്‍ പ്രായപൂര്‍ത്തിയായെന്ന് ചുവപ്പിന്റെ അടയാളം കുറിച്ച, ആ പൊള്ളുന്ന പകലിലാണ്. ഏതൊരു പെണ്‍കുട്ടിയെയും പോലെ ഞാനും മുതിര്‍ന്നു എന്ന് സന്തോഷമറിയിച്ച ആ നാളില്‍ ഉമ്മ കരയുന്നതിന്റെ കാരണമറിഞ്ഞത്, പിന്നീടുള്ള ഓരോ മാസത്തിലും ഞാന്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രയാസങ്ങളിലായിരുന്നു.
ഏറ്റവും ഒടുവില്‍ സന്തോഷത്തിന്റെ നിറവില്‍ ഉമ്മ സങ്കടക്കണ്ണീരില്‍ മുങ്ങിയത് ഒട്ടും പ്രതീക്ഷിക്കാത്ത അവസരത്തില്‍, ഒരു പുനര്‍ജന്മം പോലെ എനിക്ക് ജോലി കിട്ടി എന്നറിഞ്ഞ ആഹ്ലാദ നിമിഷത്തിലാണ്. അതിന് ശേഷം ചെറിയ കാര്യങ്ങള്‍ക്കൊന്നും എന്നെക്കുറിച്ച് സങ്കടപ്പെട്ട്, ഉമ്മ കരഞ്ഞിട്ടില്ല.
ഞാനും ഉമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വാക്കുകള്‍ക്കതീതമാണ്.
എന്നില്‍ നിന്നു മാറ്റിനിര്‍ത്തി ഉമ്മയെ കുറിച്ച് ഒന്നും പറയാനില്ല. കൂടെയുള്ളതെല്ലാം ഉമ്മയുമായി ബന്ധപ്പെട്ട് കിടക്കുമ്പോള്‍ പ്രത്യേകമായി എനിക്കെന്ത് പറയാന്‍...
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒടുവില്‍ ഞാന്‍ പറയുന്നതാണ് ഉമ്മയുടെ ശരിയും ആശ്വാസവും അവസാന വാക്കും.
ഉമ്മ എനിക്കെല്ലാമെല്ലാമാണ്....
എന്റെ മുഖം മങ്ങിയാല്‍ ഉമ്മയുടെ കണ്ണുകള്‍ നിറയും...
എന്റെ കണ്ണുകള്‍ നിറഞ്ഞാല്‍ ഞാന്‍ കാണാതെ ഉമ്മ തേങ്ങും....
എന്റെ നിസ്സഹായതകളും പരാജയങ്ങളും ഉമ്മയുടെ അസാന്നിധ്യമാണ്...
ഏത് പ്രതിസന്ധിയിലും സ്വയം പര്യാപ്തത നേടാന്‍ എനിക്ക് കഴിയുന്നതും ഉമ്മക്കനിവില്‍ മനസ്സ് നിറയുന്ന ദുആയുടെ കാവലിലാണ്.
ഉമ്മയും ഞാനും എത്രത്തോളം പരസ്പരം പൂരകങ്ങളായിരുന്നു എന്ന് പലപ്പോഴായി ഞാനനുഭവിച്ചിട്ടുണ്ട്. ഒരിക്കല്‍ ഉമ്മാക്ക് അടിവയറ്റില്‍ വേദന വന്ന് എന്റെ മടിയിലേക്ക് തളര്‍ന്ന് വീണപ്പോഴാണ്, എന്നെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായതയുടെ ആഴം ഞാന്‍ മനസ്സിലാക്കിയത്. ഗര്‍ഭപാത്രത്തിലെ വലിയ മുഴ പൊട്ടിയ വേദനയില്‍ എന്റെ മടിയില്‍ തലവെച്ച് ഉമ്മ പിടയുമ്പോള്‍, വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഒന്നിനും കഴിയാതെ തികച്ചും നിസ്സഹായയായി ഞാന്‍ തകര്‍ന്ന് പോയ നിമിഷങ്ങള്‍...
പലപ്പോഴും പല പ്രയാസങ്ങളിലും പെട്ട് ഉമ്മ എന്റെ ജീവിതത്തില്‍ നിന്നും ഇല്ലാതായിപ്പോവുമോ എന്ന ആശങ്കഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെയും സങ്കടങ്ങളുടെ കാണാക്കയങ്ങളിലേക്ക് ഞാന്‍ ഊര്‍ന്നുപോയിട്ടുണ്ട്. പല കൂടിച്ചേരലുകളും എന്നെ തനിച്ചാക്കി പോകാനാകാതെ ഒഴിവാക്കാറുണ്ടായിരുന്നു ഉമ്മ. ഒട്ടും വയ്യാതെ ഉമ്മ അസുഖമായി ആശുപത്രിയില്‍ കിടക്കുന്ന സമയങ്ങളില്‍ മാത്രമായിരുന്നു എന്നില്‍നിന്നും വിട്ടുനിന്നിട്ടുള്ളത്....
എല്ലാവരും കൂടെ ഉണ്ടായിട്ടും ഞാന്‍ ശരിക്കും ഒറ്റപ്പെട്ടുപോയി എന്നു തോന്നിയ ഭീകരനിമിഷങ്ങളായിരുന്നു അതൊക്കെയും.
പിന്നെ തോന്നി, എന്തിനും ഏതിനും നാഴികക്ക് നാല്‍പ്പത് വട്ടം ഉമ്മാനെ കൂട്ട് വിളിക്കുന്ന എനിക്ക് അല്ലാഹു നല്‍കിയ വലിയ പരീക്ഷണമായിരിക്കാം അതെന്ന്. സ്വയം പര്യാപ്തയാവാന്‍ പെട്ടെന്ന് അടര്‍ത്തി മാറ്റാതെ പടിപടിയായി അകറ്റി നിര്‍ത്താനുള്ള പരീക്ഷണം...
ഉമ്മ കൂടെയില്ലാതെ ഞാന്‍ ഓരോന്നും അനുഭവിച്ചറിയുകയായിരുന്നു. ഒറ്റപ്പെടുന്ന സമയങ്ങളെ ഞാന്‍ എങ്ങനെ അഭിമുഖീകരിക്കും എന്നു മനസ്സിലാക്കിത്തരാന്‍ കൂടിയാവണം ഒരുപക്ഷെ അല്ലാഹു എന്നെ പരീക്ഷിച്ചത്. കൈവിട്ട് പോയി എന്ന് കരുതിയ അപകട സന്ദര്‍ഭങ്ങളിലെല്ലാം അല്ലാഹുവിനോട് കെഞ്ചിക്കരഞ്ഞ് ചോദിച്ചിട്ട് കിട്ടിയതാണ് എനിക്കെന്റെ ഉമ്മയെ വീണ്ടും....
ഉമ്മയെ വിട്ട് ഒരുപാട് ദൂരത്താണ് ഞാനിപ്പോള്‍... ഒപ്പമില്ലെങ്കിലും, ഉമ്മയുടെ ഇഷ്ടങ്ങള്‍, കരുതലുകള്‍, സ്‌നേഹങ്ങള്‍ എല്ലാം മുമ്പത്തേക്കാളുപരി ഇപ്പോള്‍ എനിക്കേറെ ആശ്വാസമാണ്, സമാധാനമാണ്... പ്രാര്‍ഥനയാണ്...
മാതാവിന്റെ നന്മ എന്താണ് എന്ന് നമ്മളറിയുന്നത് അവരുടെ അസാന്നിധ്യത്തിലോ നഷ്ടത്തിലോ മാത്രമാണ്... ഒരു ദിനത്തില്‍ മാത്രം അവരെ ആദരിക്കാനുള്ളതാക്കി മാറ്റാനുള്ളതാണോ ഒരു മാതാവിനോടുള്ള മക്കളുടെ കടമകളും കടപ്പാടുകളും എന്നെനിക്കറിയില്ല. പക്ഷേ, പരാശ്രിതരായ എന്നെപ്പോലെയുള്ളവരെ സംബന്ധിച്ച് മാതാപിതാക്കളോടുള്ള ഉത്തരവാദിത്തങ്ങള്‍ എങ്ങനെ തീര്‍ക്കാനാവുമെന്നറിയാതെ, അവരില്ലാത്ത ഒരു നിമിഷം പോലും എങ്ങനെ കഴിയുമെന്നോര്‍ത്ത് മനസ്സു വിങ്ങുന്ന നീറ്റലോടെ ഓരോ നാളും ആധിയോടെ ജീവിച്ച് തീര്‍ക്കുമ്പോഴും ഉമ്മയുടെ സ്ഥിരം പല്ലവിയായ 'അല്ലാഹു നമ്മെ തളര്‍ത്തൂല' എന്ന പ്രതീക്ഷയാണ്.
പല തിരക്കുകളിലും അറിഞ്ഞോ അറിയാതെയോ അവഗണിക്കപ്പെടുമ്പോഴും അവരുടെ മനമുരുകിയുള്ള പ്രാര്‍ഥനകളാണ് നമ്മുടെ നന്മകള്‍... അവരുടെ എന്നേക്കുമുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് നമ്മള്‍...
വീട്ടില്‍നിന്നും ഇറങ്ങിയാല്‍ തിരിച്ചെത്തുന്നത് വരെ അസ്വസ്ഥതയോടെ ഇടക്കിടക്ക് ഫോണ്‍ വിളിക്കുന്ന, ഉണ്ണാതെ, ഉറങ്ങാതെ ആധി പിടിക്കുന്ന, സ്വന്തം താല്‍പര്യങ്ങളെക്കാള്‍ മക്കളുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന, ഏത് പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കാന്‍ കരുത്താകുന്ന മാതാപിതാക്കളില്ലാത്ത വീട് എങ്ങനെ ഒരു സ്വര്‍ഗമാവും...