മഹത്വമേറിയതും മനോഹരവുമായ ഒരുപാട് സുകൃത് വാക്യങ്ങള്‍ നാം കേട്ടിട്ടുണ്ട്.
അതില്‍ ഏതൊരു പെണ്ണും കേള്‍ക്കുമ്പോള്‍ ആത്മനിനിര്വൃതികൊള്ളുന്നൊരു വാചകമുണ്ട്; ദൈവ നിയോഗമേറ്റെടുത്ത അന്ത്യപ്രവാചകന് മുഹമ്മദി(റ)ന്റെ 'മാതാവിന്റെ കാലടിയിലാണ് സ്വര്‍ഗ'മെന്നത്. ആറാം നൂറ്റാണ്ടിലെ അറേബ്യയിലെ പെണ്ണ് മുതല്‍ ഇങ്ങോളമുള്ള ഏതൊരു മാതാവും കോരിത്തരിക്കുന്നൊരു വാചകം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജനതയും ഇപ്പോള്‍ ആ പദവിയെ മാനിക്കാന്‍ പഠിച്ചിട്ടുണ്ട്. അവള്‍ക്കായി ഒരുദിനം തന്നെ മാറ്റിവെച്ചു. ആ ശ്രേഷ്ഠ പദവിയും അംഗീകാരവും വെറുതെയങ്ങ് കിട്ടിയതല്ല. ത്യാഗത്തിന്റെ, അര്‍പ്പണബോധത്തിന്റെ വിലയാണത്. അങ്ങ് മണല്ക്കാട്ടില് നാഗരികതക്ക് വിത്തിട്ട ഹാജറിന്റെ ഓട്ടപ്പാച്ചിലില്‍ തുടങ്ങി, ഇനിയും വരാനിരിക്കുന്ന എല്ലാ മാതാക്കളുടെയും ത്യാഗത്തിന്റെ വില.
ചില മാതാക്കളെ നാം പ്രത്യേകം ഓര്‍ക്കണം. ദൈവവിധിയെ പഴിക്കാതെ ഭിന്ന ശേഷിക്കാരായ തങ്ങളുടെ മക്കളെ ചേര്‍ത്തുപിടിച്ച് ജീവിത പോരാട്ടം നടത്തുന്നവരെ. അവര്‍ക്കു വേണ്ടി താന്‍ തളരാന്‍ പാടില്ലെന്ന് ശാഠ്യമുള്ളവര്‍. സ്വപ്നങ്ങള്‍ക്കുമേല്‍ നിയന്ത്രണം വെച്ച, ആഗ്രഹങ്ങള്‍ക്കു മേല്‍ സ്വയം കടിഞ്ഞാണിട്ട ആ മാതാക്കളെ, അവരുടെ ആവശ്യങ്ങളെ കൂടി പരിഗണിച്ചായിരിക്കണം മാതൃദിന ചിന്തകള്‍. മനക്കരുത്തുകൊണ്ട് പോരാടുന്ന ഈ അമ്മമാരില്‍ ചിലരെ ആരാമം പരിചയപ്പെടുത്തുകയാണ്. ആ മക്കള്‍ക്ക് അമ്മമാരെ കുറിച്ചും നമ്മോട് ഏറെ പറയാനുണ്ട്.
പഠനത്തിന് താല്‍ക്കാലികമായി അവധികൊടുത്ത മാസമാണ്. കാലത്തേക്കാള്‍ മുന്നേ ടെക്നോളജി വികസിക്കുകയാണ്. ഇന്നത്തെ കാഴ്ചകളും അറിവുകളും നാളെ പഴഞ്ചനാണ്. മുമ്പില്ലാത്തവര്ക്ക് ലഭ്യമല്ലാത്ത അറിവിന്റെ, അനന്തസാധ്യതകളാണ് ടെക്നോളജി തുറന്നുവിട്ടിരിക്കുന്നത്. പുതുലോകത്തെ അറിയാന്‍, പുതുഭാഷകള്‍ പഠിക്കാന്‍, ലോകം ചുറ്റാന്‍ വിരലൊന്നമര്‍ത്തിയാല്‍ മാത്രം മതി. അറിഞ്ഞുപയോഗിക്കണമെന്നു മാത്രം. സ്കൂളവധിക്കാലം കുട്ടികള്‍ക്ക് ആഘോഷക്കാലമാണ്. ബാല്യത്തിലും കൗമാരത്തിലും ലഭിക്കുന്ന അറിവും അനുഭവവുമാണ് വളര്‍ച്ചയെ നിര്‍ണയിക്കുന്നതും സ്വാധീനിക്കുന്നതും. പഠനത്തിനപ്പുറത്തേക്ക് കുഞ്ഞുമക്കളുടെ ശാരീരികവും മാനസികവും ധാര്‍മികവും ആത്മീയവുമായ വികാസത്തിന് ഉതകുന്നതും അവരുടെ ചിന്തയെ സ്വാധീനിക്കുന്നതുമായ അറിവുകള്‍ ഈ ഘട്ടത്തില്‍ ലഭിക്കേണ്ടതുണ്ട്. പരസ്പരം പങ്കുവെക്കുന്നതിലൂടെ, കൂടിച്ചേരുന്നതിലൂടെ ലഭ്യമാകുന്ന വ്യക്തിത്വ വികാസത്തിന് ഉതകുന്ന ക്യാമ്പുകള്‍ ധാരാളം കുട്ടികള്‍ക്കായുണ്ട്. അറിവും അനുഭവവും നല്കുന്ന പുതിയ പുതിയ ടെക്നോളജിയെ, ക്യാമ്പുകളെ കുറിച്ച അറിവുകള്‍ ഓരോ കുടുംബത്തിനും ലഭിക്കേണ്ടതുണ്ട്.
കുടുംബത്തോടൊപ്പം നില്ക്കുന്ന ആരാമം അതെല്ലാമാണ് അതിന്റെ താളുകളിലൂടെ ഇക്കുറി പറയുന്നത്.