പത്താം ക്ലാസ്സ് കഴിഞ്ഞു പഠിക്കാം

ഫരീദ എം.ടി
മെയ് 2024
പത്താം ക്ലാസ് കഴഞ്ഞാല്‍ അടുത്ത ഘട്ട പഠനത്തില്‍ ഏതൊക്കെ കോഴ്‌സുകളും സ്ഥാപനങ്ങളുമാണ് പരിഗണിക്കേണ്ടതെന്നത് മിക്ക കുട്ടികളിലും രക്ഷിതാക്കളിലും ഏറെ ആശങ്ക ഉയര്‍ത്തുന്ന ചോദ്യമാണ്. നിരവധി ഓപ്ഷനുകള്‍ ഉള്ളതിനാല്‍ ആശങ്ക സ്വാഭാവികം. വ്യക്തിത്വ സവിശേഷതകള്‍, സര്‍ഗ സിദ്ധികള്‍, അഭിരുചികള്‍, താല്‍പര്യങ്ങള്‍, നൈപുണികള്‍ തുടങ്ങിയവ പരിഗണിച്ച് തെരഞ്ഞെടുക്കാവുന്ന പ്രധാനപ്പെട്ട കോഴ്‌സുകളെ പരിചയപ്പെടാം.

ഹയര്‍  സെക്കണ്ടറി (പ്ലസ് ടു)

പത്തിനു ശേഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന മേഖലയാണിത്. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി 46 കോമ്പിനേഷനുകളുണ്ട്.

പ്ലസ് ടുവിനു ശേഷം ഏതു വഴിക്ക് പോകണമെന്ന് മുന്‍കൂട്ടി മനസ്സിലാക്കി വേണം യോജിച്ച കോമ്പിനേഷനുകള്‍ തെരഞ്ഞെടുക്കാന്‍. സയന്‍സ് വിഷയങ്ങള്‍ തെരഞ്ഞെടുത്താല്‍ പഠനഭാരം അല്‍പം കൂടുമെങ്കിലും തുടര്‍ പഠന സാധ്യതകള്‍ നിരവധിയാണ്. എഞ്ചിനീയറിംഗ്, മെഡിസിന്‍, ശാസ്ത്രം, പൈലറ്റ് തുടങ്ങിയ മേഖലകളില്‍ പ്രവേശിക്കാന്‍ സയന്‍സ് സ്ട്രീം തന്നെ തെരഞ്ഞെടുക്കണം.

മാനവിക വിഷയങ്ങള്‍, ഭാഷ, സാഹിത്യം തുടങ്ങിയവയില്‍ തല്‍പരരായവര്‍ക്ക് ഹ്യുമാനിറ്റീസ് സ്ട്രീം പരിഗണിക്കാം.
വാണിജ്യം, അക്കൗണ്ടിംഗ്, സാമ്പത്തിക ശാസ്ത്രം എന്നിവയാണ് കൊമേഴ്‌സ് സ്ട്രീമിലെ പ്രധാന പാഠ്യവിഷയങ്ങള്‍.
ഏകജാലക സംവിധാനം വഴിയാണ് അലോട്ട്‌മെന്റ്. ഓരോ ജില്ലകളിലേക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.
വെബ്‌സൈറ്റ്: hscap.kerala.gov.in.

കൂടാതെ സി.ബി.എസ്.ഇ, കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ (CIS CE), നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ (NIOS) , കേരള ഓപ്പണ്‍ സ്‌കൂള്‍ (സ്‌കോള്‍ കേരള) എന്നിവ
വഴിയും പ്ലസ് ടു പഠിക്കാനവസരമുണ്ട്.

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി

പ്ലസ് ടു പഠനത്തോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലുമൊരു തൊഴില്‍ മേഖലയില്‍ പരിശീലനവും നല്‍കുന്ന കോഴ്‌സാണ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി (VHSE). സ്വയം തൊഴില്‍ കണ്ടെത്താനും ഈ കോഴ്‌സ് ഉപകരിക്കും. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളില്‍ പഠിക്കാന്‍ അവസരമുണ്ട്. ഹയര്‍ സെക്കണ്ടറിക്കാര്‍ക്കുള്ള എല്ലാ ഉപരിപഠന സാധ്യതകളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കും ലഭ്യമാണ്. കൂടാതെ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് (NSQF)ന്റെ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും.
വെബ്‌സൈറ്റ്:www.vhse.kerala.gov.in


ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി

ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലുള്ള 15 ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഫിസിക്കല്‍ സയന്‍സ്, ഇന്റഗ്രേറ്റഡ് സയന്‍സ്  വിഭാഗങ്ങളില്‍ പ്ലസ് ടുവിനോടൊപ്പം സാങ്കേതിക വിഷയങ്ങളും പഠിക്കാനവസരമുണ്ട്. ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ മേഖലകളില്‍ തൊഴില്‍ നേടിയെടുക്കാന്‍ സഹായകരമായേക്കാം.
വെബ്‌സൈറ്റ്: www.ihrd.ac.in


അഫ്ദലുല്‍ ഉലമാ കോഴ്സുകള്‍

കേരളത്തിലെ വിവിധ അറബിക് കോളേജുകളില്‍ രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള അഫ്ദലുല്‍ ഉലമാ പ്രിലിമിനറി കോഴ്സുകളുണ്ട്. ഈ കോഴ്സ് പ്ലസ് ടു ഹ്യുമാനിറ്റീസിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്.


കേരള കലാമണ്ഡലം ഹയര്‍ സെക്കണ്ടറി കോഴ്സ്

ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ ഏതെങ്കിലും ഒരു കലാ വിഷയം പ്രധാന വിഷയമായി ഹയര്‍ സെക്കണ്ടറി പഠനം നടത്താം. പതിനാലോളം കലാ വിഷയങ്ങളുണ്ട്. പഠനത്തിന് സ്‌റ്റൈപ്പന്റും ലഭ്യമാണ്.                  
വെബ്‌സൈറ്റ്: www.kalamandalam.org

 
പോളി ടെക്നിക് ഡിപ്ലോമ കോഴ്സുകള്‍

മികച്ച ജോലി സാധ്യതയുള്ള തൊഴിലധിഷ്ഠിത കോഴ്സുകളാണ് പോളി ടെക്നിക്കുകളിലെ  വിവിധ ഡിപ്ലോമ കോഴ്സുകള്‍. മൂന്ന് വര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. പത്താം ക്ലാസ് മാര്‍ക്കടിസ്ഥാനത്തിലാണ് പ്രവേശനം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ പോളി ടെക്നിക്കുകള്‍ക്ക് പുറമെ ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള മോഡല്‍ പോളി ടെക്നിക്കുകളുമുണ്ട്. വിവിധ എഞ്ചിനീയറിങ് കോഴ്സുകള്‍ക്ക് പുറമെ കൊമേഴ്സ്/ മാനേജ്മെന്റ് മേഖലയിലും ഡിപ്ലോമ കോഴ്സുകളുണ്ട്. ഡിപ്ലോമ പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് ലാറ്ററല്‍ എന്‍ട്രി പരീക്ഷ വഴി ബി.ടെക്കിനും (രണ്ടാം വര്‍ഷത്തില്‍) ചേരാവുന്നതാണ്.
വെബ്സൈറ്റ്: www.polyadmission.org

ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (ITI)  കോഴ്സുകള്‍

കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും വിവിധ ഒരു വര്‍ഷ/രണ്ട് വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നല്‍കുന്ന നിരവധി ഐ.ടി.ഐ /ഐ.ടി.സികളുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള NCVT (National Council for Vocational Training)യുടെ അംഗീകാരമുള്ള കോഴ്സുകളും കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള SCVT (State Council of Vocational Training) യുടെ അംഗീകാരമുള്ള കോഴ്സുകളും ലഭ്യമാണ്. എഞ്ചിനീയറിങ് സ്ട്രീമിലുള്ള കോഴ്സുകളും നോണ്‍ എഞ്ചിനീയറിങ് സ്ട്രീമിലുള്ള കോഴ്സുകളുമുണ്ട്. ചില കോഴ്സുകള്‍ക്ക് (നോണ്‍ മെട്രിക് ട്രെയ്ഡ്) പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഐ.ടി.ഐ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പോളി ടെക്‌നിക്കുകളിലെ മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സിന് രണ്ടാം വര്‍ഷം നേരിട്ട് ചേരാന്‍ അവസരമുണ്ട്.
വെബ്സൈറ്റ്: det.kerala.gov.in

നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്‍ (NTTF)  കോഴ്സുകള്‍

NTTF ന്റെ വിവിധ സെന്ററുകള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കും ഡിപ്ലോമ കോഴ്സുകള്‍ക്കും യോഗ്യത എസ്.എസ്.എല്‍.സി ആണ്. കേരളത്തില്‍ തലശ്ശേരി, മലപ്പുറം എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുണ്ട്.
വെബ്സൈറ്റ്: www.nttftrg.com


ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്

ടൈപ്പ്റൈറ്റിംഗും സ്റ്റെനോഗ്രാഫിയും പഠന വിഷയമായുള്ള രണ്ട് വര്‍ഷ ഡിപ്ലോമ കോഴ്സാണ് ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്. കേരളത്തില്‍ പതിനേഴ് ഗവെണ്‍മെന്റ് കോമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അവസരമുണ്ട്.
വെബ്സൈറ്റ്: www.dtekerala.gov.in


ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോര്‍പറേഷന്‍ (ജെ.ഡി.സി)

സഹകരണ മേഖലയിലും സംഘങ്ങളിലും ജോലി ലഭിക്കാന്‍ വേണ്ട യോഗ്യതയാണ് പത്ത് മാസം ദൈര്‍ഘ്യമുള്ള ജെ.ഡി.സി കോഴ്സ്. കേരളത്തില്‍ 16 കേന്ദ്രങ്ങളിലുണ്ട്.
വെബ്സൈറ്റ്: scu.kerala.gov.in


പ്ലാസ്റ്റിക് ടെക്നോളജി കോഴ്സുകള്‍

പ്ലാസ്റ്റിക് വ്യവസായ കേന്ദ്രങ്ങളില്‍ ജോലിക്ക് പ്രാപ്തമാക്കുന്ന സാങ്കേതിക വിദ്യ പഠിപ്പിക്കുന്ന പ്രശസ്ത സ്ഥാപനമായ CIPET (Central Institute of Petrochemical Engineering & Technology) നടത്തുന്ന ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് ടെക്നോളജി, ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് മോള്‍ഡ് ടെക്നോളജി എന്നീ കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സി ആണ് യോഗ്യത. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്സുകള്‍ക്ക് പ്രവേശന പരീക്ഷയുണ്ട് .
വെബ്സൈറ്റ്: www.cipet.gov.in


സിഫ് നെറ്റിലെ ക്രാഫ്റ്റ് കോഴ്സുകള്‍

മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ CIFNET (Central Institute of Fisheries Nautical and Engineering Training) ന്റെ കൊച്ചിയിലടക്കം വിവിധ സെന്ററുകളില്‍ രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ എന്നീ കോഴ്സുകളുണ്ട്. പ്രവേശന പരീക്ഷയുണ്ട്.
വെബ്സൈറ്റ്: cifnet.gov.in


ഹാന്‍ഡ്ലൂം ടെക്നോളജി കോഴ്സുകള്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി (IIHT)യുടെ കീഴില്‍ കണ്ണൂരിലടക്കം രാജ്യത്തെ പത്തോളം സെന്ററുകളില്‍ ഹാന്‍ഡ്ലൂം ടെക്നോളജിയുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകളുണ്ട്. IIHT കണ്ണൂരിലെ കോഴ്സുകളുടെ വിവരങ്ങള്‍ www.iihtkannur.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.


ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്

തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ് (CLISC) കോഴ്സിന് പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
വെബ്സൈറ്റ്: statelibrary.kerala.gov.in

ഇഗ്‌നോ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്സിറ്റി പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി ആറുമാസം ദൈര്‍ഘ്യമുള്ള വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തുന്നുണ്ട്. എനര്‍ജി ടെക്നോളജി & മാനേജ്മെന്റ്, ഹെല്‍ത്ത് കെയര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഫസ്റ്റ് എയ്ഡ്, പെര്‍ഫോര്‍മിങ് ആര്‍ട്സ് തുടങ്ങിയ  മേഖലകളില്‍ കോഴ്സുകളുണ്ട്.
വെബ്സൈറ്റ്:www.ignou.ac.in

ഫൂട്ട് വെയര്‍ ഡിസൈനിംഗ് കോഴ്സുകള്‍

സെന്‍ട്രല്‍ ഫൂട് വെയര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (CFTI) ചെന്നൈ നടത്തുന്ന പാദരക്ഷ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുണ്ട്.
വെബ്സൈറ്റ്: cftichennai.in

ചെയിന്‍ സര്‍വെ കോഴ്സ്

ഡയറക്ടറേറ്റ് ഓഫ് സര്‍വേ & ലാന്റ് റെക്കോര്‍ഡ്സിന്റെ കീഴില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള ചെയിന്‍ സര്‍വെ (ലോവര്‍) കോഴ്സ് വിവിധ സര്‍ക്കാര്‍/സ്വകാര്യ ചെയിന്‍ സര്‍വെ സ്‌കൂളുകളില്‍ ലഭ്യമാണ്.
വെബ്സൈറ്റ്: dslr.kerala.gov.in

ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്സുകള്‍

വിവിധ സര്‍ക്കാര്‍/ സ്വകാര്യ ആയുര്‍വേദ കോളേജുകളില്‍ ഒരു വര്‍ഷ കാലയളവിലുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ ഫാര്‍മസി, ആയുര്‍വേദ നഴ്സിങ് കോഴ്സുകളുണ്ട്.
വെബ്സൈറ്റ്: www.ayurveda.kerala.gov.in

ഹോമിയോപ്പതിക് ഫാര്‍മസി

കോഴിക്കോട്, തിരുവനന്തപുരം ഹോമിയോ കോളേജുകളില്‍ ലഭ്യമായ ഒരു വര്‍ഷം കാലയളവിലുള്ള ഫാര്‍മസി കോഴ്സാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഹോമിയോപ്പതിക് ഫാര്‍മസി (CCP-HOMEO). അമ്പത് ശതമാനം മാര്‍ക്കോടെയുള്ള പത്താം ക്ലാസ് വിജയമാണ് യോഗ്യത.
വെബ്സൈറ്റ്: ഹയരെലിൃേല.ശി


വസ്ത്ര മേഖലയിലെ കോഴ്സുകള്‍

അപ്പാരല്‍ ട്രെയിനിങ് & ഡിസൈന്‍ സെന്റര്‍ (ATDC)  വസ്ത്രങ്ങള്‍, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ വിവിധ കോഴ്സുകള്‍ നടത്തുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പഠന കേന്ദ്രങ്ങള്‍.
വെബ്സൈറ്റ്: atdcindia.co.in

കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിന്റെ വിവിധ സെന്ററുകളില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സുണ്ട്. രണ്ട് വര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം.
വെബ്സൈറ്റ്: dtekerala.gov.in
www.sittrkerala.ac.in


മറ്റു കോഴ്‌സുകള്‍

ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ അംഗീകൃത സ്ഥാപനങ്ങളിലെ ആറു മാസം ദൈര്‍ഘ്യമുള്ള പ്രീ-സീ ട്രെയിനിങ് കോഴ്‌സ് (www.dgshipping.gov.in), കണ്ടിന്യുയിങ് എജ്യുക്കേഷന്‍ സെല്ലുകളുടെ ഭാഗമായി വിവിധ പോളി ടെക്‌നിക്കുകളിലുള്ള കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, മൊബൈല്‍ ഫോണ്‍ സര്‍വീസിങ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ്, ഫൈബര്‍ ഒപ്റ്റിക്‌സ് & ഡിജിറ്റല്‍ സെക്യൂരിറ്റി, ഓട്ടോകാഡ്, ടാലി തുടങ്ങിയ വിഷയങ്ങളിലുള്ള ഹ്രസ്വകാല കോഴ്സുകള്‍ (cpt.ac.in), ബി.എസ്.എന്‍.എല്‍ നടത്തുന്ന സര്‍ട്ടിഫൈഡ് ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് (rttctvm.bnsl.co.iി) തുടങ്ങിയവയും ജോലി സാധ്യതയുള്ളവയാണ്.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍  കൃഷിയുമായി ബന്ധപ്പെട്ട 6 മാസം ദൈര്‍ഘ്യമുള്ള വിവിധ ഇ-കൃഷി പാഠശാല ഓണ്‍ലൈന്‍ കോഴ്‌സുകളും (celkau.in) ലഭ്യമാണ്.

കെ.ജി.സി.ഇ (കേരള ഗവെണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍), കെ.ജി.ടി.ഇ (കേരള ഗവണ്‍മെന്റ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍) എന്നിവ നടത്തുന്ന  ജോലി സാധ്യതയുള്ള വിവിധ കോഴ്‌സുകളുണ്ട് (www.dtekerala.gov.in).
നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം (nstiwtrivandrum.dgt.gov.in), കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ് (www. captkerala.com), FÂ._n.Fkv (lbscentre.in), dqt{SmWnIv--kv (keralastaterutronix.com), sIÂt{Sm¬ (ksg.keltron.in), Akm]v (asapkerala.gov.in), ഐ.എച്ച്.ആര്‍.ഡി (www.ihrd.ac.in), സിഡിറ്റ് (tet.cdit.org), സ്റ്റെഡ് കൗണ്‍സില്‍ (stedcouncil.com), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ & കണ്‍സ്ട്രക്്ഷന്‍, കൊല്ലം (www.iiic.ac.in), ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ (jss.gov.in)  തുടങ്ങിയ സ്ഥാപനങ്ങളും പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്കായി വിവിധ കോഴ്സുകള്‍ നടത്തുന്നുണ്ട്. കൂടാതെ പല സ്വകാര്യ സ്ഥാപനങ്ങളും ജോലി സാധ്യതയുള്ള നിരവധി കോഴ്സുകള്‍ നല്‍കുന്നുണ്ട്. ഇത്തരം കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സ്ഥാപനങ്ങളുടെ നിലവാരം, ജോലി സാധ്യത, അധ്യാപകരുടെ യോഗ്യത, ഭൗതിക സൗകര്യങ്ങള്‍, ഫീസ്, കോഴ്‌സ് പഠിച്ചിറങ്ങിയവര്‍ക്ക് ലഭിച്ച അവസരങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media