നന്ദി കാണിക്കുന്ന നായയും നന്ദികേട് കാണിക്കുന്ന മനുഷ്യനും

 ശൈഖ് മുഹമ്മദ് കാരകുന്ന്
ഡിസംബര്‍ 2023

സോക്രട്ടീസിന്റെ പേര് കേള്‍ക്കാത്തവര്‍ വളരെ വിരളമായിരിക്കും. ലോക പ്രശസ്തനായ ഈ ചിന്തകന്‍ ഗ്രീസിലെ ഏതന്‍സ് നിവാസികളോട് മാനവിക മൂല്യങ്ങളെ സംബന്ധിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും സംസാരിച്ചപ്പോള്‍,  അദ്ദേഹം ചെറുപ്പക്കാരെ വഴിതെറ്റിക്കുകയാണെന്ന് അധികാരി വര്‍ഗം ആരോപിച്ചു. പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, സോക്രട്ടീസ് വഴങ്ങിയില്ല. അതിനാല്‍ അവരദ്ദേഹത്തെ ജയിലിലടച്ചു. അപ്പോഴും അദ്ദേഹം ആത്മാവിന്റെ അനശ്വരതയെക്കുറിച്ചും മഹിതമായ മൂല്യങ്ങളെപ്പറ്റിയും പറഞ്ഞുകൊണ്ടേയിരുന്നു. ഭരണകൂടം അദ്ദേഹത്തെ വിഷം കൊടുത്ത് കൊല്ലുകയാണുണ്ടായത്. ആസന്നമരണനായിരിക്കെ ശിഷ്യന്മാര്‍ അദ്ദേഹത്തോട് ചോദിച്ചു: 'ഗുരോ അങ്ങേക്ക് വല്ല കടവും കൊടുത്തു വീട്ടാനുണ്ടോ?'
'ഉണ്ട്. ഒരുപാട് കടം വീട്ടാനുണ്ട്.'
'ആര്‍ക്കാണ് കടം വീട്ടാനുള്ളത്?'
'എന്നെ ഞാനാക്കിയ എല്ലാവര്‍ക്കും.'
ഒരു നിമിഷം ആലോചിച്ചാല്‍ മതി, സോക്രട്ടീസ് പറഞ്ഞത് എത്രമേല്‍ അര്‍ഥപൂര്‍ണമാണെന്ന് ബോധ്യമാകാന്‍. നമ്മെ നാമാക്കുകയും ജീവിക്കാന്‍ സഹായിക്കുകയും ചെയ്ത അനേകായിരം മനുഷ്യരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് ആര്‍ക്കുമറിയില്ല. ജനനം മുതല്‍ മരണം വരെ ഓരോ മനുഷ്യനും നിരവധി ആളുകളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. മാതാവില്‍ നിന്നാണ് അതിന്റെ തുടക്കം. മറ്റുള്ളവരുടെ സേവനഫലം ഉപയോഗിക്കാത്ത ഒരു നിമിഷം പോലും നമ്മുടെ ജീവിതത്തില്‍ കടന്നുപോകുന്നില്ല. അതിനാലാണ് പ്രശസ്ത കവി കടമ്മനിട്ട ഇങ്ങനെ പറഞ്ഞത്:' 'നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്...'
നാം കുടിക്കുന്ന ഒരു ഗ്ലാസ് വെള്ളത്തിന് പിന്നില്‍ പോലും എത്രമേല്‍ മനുഷ്യരുടെ അധ്വാനമുണ്ട്! കിണര്‍ കുഴിച്ച തൊഴിലാളികള്‍, വെള്ളമെടുക്കുന്ന പമ്പ് ഉണ്ടാക്കിയ തൊഴിലാളികള്‍, അത് പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി കണ്ടുപിടിച്ചവര്‍, അത് ഉല്‍പാദിപ്പിക്കുന്ന യന്ത്രം ഉണ്ടാക്കിയ അനേകം മനുഷ്യര്‍, വൈദ്യുതി വീട്ടിലെത്തുന്നത് വരെയുള്ള സംവിധാനം ഒരുക്കിയവര്‍, വീട് വൈദ്യുതീകരിച്ചവര്‍, വെള്ളം കുടിക്കുന്ന ഗ്ലാസ്സ് നമ്മുടെ കൈകളില്‍ എത്തുന്നത് വരെ പ്രവര്‍ത്തിച്ചവര്‍; അങ്ങനെ എത്രയെത്ര മനുഷ്യരുടെ സേവനമാണ് ഒരൊറ്റ ഗ്ലാസ് വെള്ളത്തിന്റെ പിന്നിലുള്ളത്! ഇതൊക്കെയോര്‍ക്കുന്ന ആരും താന്‍ സ്വയം പര്യാപ്തനാണെന്നോ നിരാശ്രയനാണെന്നോ അഹങ്കരിക്കുകയില്ല. എന്നല്ല, അവര്‍ അങ്ങേയറ്റം വിനീതരായിരിക്കും. അപ്പോള്‍ ജീവനും ജീവിതവുമുള്‍പ്പെടെ എല്ലാം നല്‍കിയ അല്ലാഹുവിനെ ഓര്‍ക്കുന്നവരോ?

ഒരു കോപ്പ വെള്ളത്തിന്റെ വില 
അബ്ബാസി ഭരണാധികാരിയായ ഹാറൂന്‍ റഷീദിനോട് ഒരു സൂഫീ ചിന്തകന്‍ ചോദിച്ചു: 'താങ്കള്‍ ഒരു മരുഭൂമിയിലൂടെ യാത്ര ചെയ്യുകയാണ്. കൈവശമുള്ള വെള്ളം തീര്‍ന്നു. കൊടിയ ചൂടും കഠിനമായ ദാഹവും താങ്കളെ തളര്‍ത്തി. മരിച്ചുപോകുമെന്ന അവസ്ഥയിലെത്തി. അപ്പോള്‍ ഒരു കോപ്പ വെള്ളം തന്നാല്‍ പ്രതിഫലമായി എന്തു നല്‍കും?'
'എന്റെ സാമ്രാജ്യത്തിന്റെ പാതി നല്‍കും.'ഹാറൂണ്‍ റഷീദ് പറഞ്ഞു.
രണ്ടുമൂന്നു വര്‍ഷം കഴിഞ്ഞ് വീണ്ടും അതേ സൂഫീ ചിന്തകന്‍ ഹാറൂണ്‍ റഷീദിനെ സമീപിച്ചു. അദ്ദേഹം ചോദിച്ചു: 'താങ്കള്‍ക്ക് മൂത്രമൊഴിക്കണമെന്നുണ്ട്. പക്ഷേ മൂത്രം പോകുന്നില്ല. വേദന സഹിക്കാനാവാതെ പിടയുന്നു. അപ്പോള്‍ മൂത്രം പോകാനുള്ള മരുന്ന് തന്നാല്‍ പ്രതിഫലമായി എന്തു കൊടുക്കും?'
'എന്റെ സാമ്രാജ്യത്തിന്റെ പാതി. 'ഹാറൂന്‍ റഷീദ് പറഞ്ഞു. അപ്പോള്‍ ആ സൂഫീ ചിന്തകന്‍ ചോദിച്ചു :' ഒരു കോപ്പ വെള്ളം കഴിച്ച് മൂത്രമൊഴിക്കുന്നതിന്റെ വില ഇപ്പോള്‍ മനസ്സിലായോ?'
ഓരോ നിമിഷവും നാം അനുഭവിക്കുന്ന അനുഗ്രഹങ്ങള്‍ അപാരമാണ്. ശ്വസിക്കാനുള്ള നമ്മുടെ കഴിവിന്റെ വില മനസ്സിലാവുക വെന്റിലേറ്ററില്‍ കിടക്കുമ്പോഴാണ്. മൂത്രമൊഴിക്കാനുള്ള സംവിധാനത്തിന്റെ വിലയറിയുക നിരന്തരം ഡയാലിസിസ് ചെയ്യേണ്ടി വരുമ്പോഴാണ്.

ദേഹേഛക്ക് അടിപ്പെടുന്നവര്‍ 
താര്‍ത്താരി ഭരണാധികാരി തുഗ്ലക്ക് തൈമൂര്‍ഖാന് ഒരു സംരക്ഷിത സ്ഥലമുണ്ടായിരുന്നു. ഭരണാധികാരികള്‍ മാത്രം വേട്ടയാടുന്ന സ്ഥലമായിരുന്നു അത്. ഒരു ദിവസം വേട്ടക്കിറങ്ങിയ തൈമൂര്‍ഖാന്‍, ശൈഖ് ജമാലുദ്ദീനെ അവിടെ കാണാനിടയായി. കോപാകുലനായ തൈമൂര്‍ അദ്ദേഹത്തെ തന്റെ മുമ്പില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു. തൈമൂര്‍ ശൈഖ് ജമാലുദ്ദീനോട് അവിടെ വന്നതിനെന്താണെന്ന് ചോദിച്ചു. 'അറിയാതെ സംഭവിച്ചതാണ്' എന്നായിരുന്നു മറുപടി. ശൈഖ് ജമാലുദ്ദീന്‍ പേര്‍ഷ്യക്കാരനാണെന്ന് മനസ്സിലാക്കിയ തൈമൂര്‍ പരിഹാസത്തോടെ
പറഞ്ഞു: 'പേര്‍ഷ്യക്കാരെക്കാള്‍ നല്ലത് പട്ടികളാണ്.'
'ശരിയാണ്. ദൈവം സത്യവിശ്വാസം കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ പട്ടികളെക്കാള്‍ നികൃഷ്ടരാകുമായിരുന്നു'- ശൈഖ് ജമാലുദ്ദീന്‍ പ്രതിവചിച്ചു.
ഈ മറുപടി തൈമൂര്‍ഖാനെ അത്ഭുതസ്തബ്ധനാക്കി. അയാള്‍ ചോദിച്ചു: 'എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?'
'പട്ടിയുടെ നന്മയും മഹത്വവും അതിന് ആഹാരം നല്‍കുന്ന യജമാനനോട് നന്ദി കാണിക്കുന്നു എന്നതാണ്. എനിക്ക് ജീവനും ജീവിതവുമുള്‍പ്പെടെ എല്ലാം നല്‍കിയ ദൈവത്തോട് ഞാന്‍ നന്ദി കാണിച്ചാല്‍ നായയെക്കാള്‍ മഹത്വമുള്ളവനാവും. ഇല്ലെങ്കില്‍ നായയെക്കാള്‍ നികൃഷ്ടനും. ദൈവാനുഗ്രഹത്താല്‍ എനിക്ക് അവനോട് നന്ദി കാണിക്കാനുള്ള മാര്‍ഗം അവന്‍ കാണിച്ചു തന്നിരിക്കുന്നു. ഞാനത് സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.' ശൈഖ് ജമാലുദ്ദീന്‍ ഇങ്ങനെ പറഞ്ഞ ശേഷം ലഘുവായി ഇസ്ലാമിനെ പരിചയപ്പെടുത്തി. അത് അദ്ദേഹത്തിന്റെ ഇസ്ലാം സ്വീകരണത്തിന് കാരണമായിത്തീരുകയും ചെയ്തു.
അന്നദാതാവ് ഏല്‍പ്പിച്ച കാര്യം ചെയ്യലാണ് നായയുടെ ധര്‍മം. അപ്രകാരം തന്നെ നമുക്ക് എല്ലാം നല്‍കിയ ദാതാവായ അല്ലാഹുവിനോട് നന്ദി കാണിക്കലാണ് നമ്മുടെ ധര്‍മ്മം. അവന്റെ വിധി വിലക്കനുസരിച്ചും ആജ്ഞാനിര്‍ദേശങ്ങള്‍ പാലിച്ചും ജീവിക്കലാണ് അവനോടുള്ള നന്ദി പ്രകടനം.
വീട് കാക്കാനായി പലരും നായയെ വളര്‍ത്താറുണ്ട്. അവ യജമാനന്മാരോട് കൂറ് പുലര്‍ത്തുന്നു. വളരെ കൃത്യതയോടെ അനുസരിക്കുന്നു. തിന്നാന്‍ കൊടുക്കുന്നതിന് നന്ദി കാണിക്കുന്നു. അത്തരം നായ്ക്കള്‍ വീട്ടുകാര്‍ കൊടുക്കുന്നത് മാത്രമേ തിന്നുകയുള്ളൂ. മറിച്ചാണെങ്കില്‍ നായയെ വളര്‍ത്തുന്നതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ല.
കള്ളന്‍ അര്‍ധരാത്രി വിഷം പുരട്ടിയ മാംസക്കഷണം നായക്ക് എറിഞ്ഞുകൊടുക്കുന്നു. നായ തന്റെ യഥാര്‍ഥ ദൗത്യം മറന്ന് അത് തിന്നാല്‍ തന്നെ ഏല്‍പ്പിച്ച വീട് കാക്കുകയെന്ന ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയാതെ വരുന്നു. ഒപ്പം അതിന്റെ ജീവനും നഷ്ടപ്പെടുന്നു.
ഓരോ മനുഷ്യന്റെ മുമ്പിലും ഒരുപാട് മാംസക്കഷ്ണങ്ങള്‍ വന്നു വീഴാറുണ്ട്. ശരീരേഛകളാകുന്ന മാംസക്കഷണങ്ങള്‍. ആഗ്രഹങ്ങളുടെ അതിരുകളില്ലാത്ത നിര. ഒന്നിനു പിറകെ മറ്റൊന്നായി അത് കടന്നു വന്നുകൊണ്ടേയിരിക്കും. പലരും അതില്‍ വിഷം പുരണ്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക പോലുമില്ല. അങ്ങനെ ദാതാവായ ദൈവത്തിന്റെ വിധിവിലക്കുകളെല്ലാം വിസ്മരിച്ച്, തോന്നുന്നതൊക്കെ തിന്നും കൊതിക്കുന്നതൊക്കെ കുടിച്ചും കാണുന്നതൊക്കെ നോക്കിനിന്നും വായില്‍ വരുന്നതൊക്കെ വിളിച്ചുപറഞ്ഞും ജീവിക്കുന്നവര്‍ തങ്ങളിലെ സമസ്ത നന്മകളെയും നശിപ്പിക്കുന്നു.
വിഷമാണോ, തന്നെ നശിപ്പിക്കുമോ എന്നൊന്നും നോക്കാതെ താന്തോന്നികളായി ജീവിച്ച് ദേഹേച്ഛകളെ ദൈവമാക്കുന്നവര്‍ നാല്‍ക്കാലികളെക്കാള്‍ അധമന്മാരാണ്. അല്ലാഹു അറിയിക്കുന്നു:
'തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? എന്നിട്ടും അവനെ നേര്‍വഴിയിലാക്കുന്ന ബാധ്യത നീ ഏല്‍ക്കുകയോ? അല്ല, നീ കരുതുന്നുണ്ടോ; അവരിലേറെപ്പേരും കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്യുന്നുവെന്ന്. എന്നാലവര്‍ കന്നുകാലികളെപ്പോലെയാണ്. അല്ല; അവയെക്കാളും പിഴച്ചവരാണ് ' (ഖുര്‍ആന്‍ 25:43,44)
l

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media