വെല്ലുവിളിക്കും മട്ടില്‍ തന്റെ വലിയ തല കുടഞ്ഞുകൊണ്ട് അബൂ ബസ്വീര്‍ പറഞ്ഞു:
'ചിന്തിക്കാനും ഇഷ്ടപ്പെട്ട ആശയങ്ങള്‍ സ്വീകരിക്കാനും എനിക്ക് അവകാശമുണ്ട്. എന്റെ പവിത്രമായ അവകാശം. അത് തട്ടിയെടുക്കാന്‍ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല. കരാറുകളുണ്ടാക്കി ഇതിന്‍മേല്‍ കടന്നു കയറാന്‍ സമ്മതിക്കില്ല. ശ്വസിക്കുന്ന വായു പോലെ സ്വതന്ത്രമാണത്.'
കൂട്ടുകാരന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
'നോക്കൂ, അബൂ ബസ്വീര്‍! എടുത്ത് ചാടി ഒന്നും ചെയ്യല്ലേ. ഹുദൈബിയ സന്ധിയില്‍ ഒപ്പുവെച്ചു കഴിഞ്ഞു. അത് പ്രകാരം മക്കയില്‍നിന്ന് ആരെങ്കിലും യജമാനന്‍മാരുടെയോ ഗോത്രത്തലവന്‍മാരുടെയോ അനുവാദമില്ലാതെ ഒളിച്ച് കടന്ന് മദീനയിലെത്തിയാല്‍ മുഹമ്മദ് നബി അവരെ തിരിച്ചയക്കണം എന്ന് അതില്‍ വ്യവസ്ഥയുണ്ട്. അത് പാലിക്കാതിരിക്കാന്‍ പറ്റില്ല.'
അവന്‍ തന്റെ വലിയ കണ്ണുകള്‍ തുറുപ്പിച്ച് മുരണ്ടു.
'ഞാന്‍ ഇസ്ലാം സ്വീകരിക്കരുത് എന്ന് പറയാന്‍ മുഹമ്മദ് നബിക്കും അവകാശമില്ല.'
'ശരിയാണ്... അത് മറ്റൊരു കാര്യം. ഇവിടെ അതല്ല പ്രശ്‌നം. അവര്‍ ഏതായാലും നിന്നെ മക്കയിലേക്ക് തിരിച്ചയക്കും.'
'അന്ധമായ വിദ്വേഷത്തിന്റെയും കുറ്റകൃത്യങ്ങളുടെയും ഈ നാട്ടിലേക്ക്...'
'എല്ലാറ്റിനും ഒരു തുറവി ഉണ്ടാകുമെന്ന് നബി നമുക്ക് വാഗ്ദാനം ചെയ്തതല്ലേ...'
'ഈ തുറവി, രക്ഷാമാര്‍ഗം നമുക്ക് തന്നെ അന്വേഷിച്ചാല്‍ എന്താണ് കുഴപ്പം? കുഴിമടിയന്മാര്‍ക്കല്ലല്ലോ അല്ലാഹു സമ്മാനം നല്‍കുന്നത്. പോരാട്ടത്തില്‍ നമ്മളും പങ്ക് ചേരണം. ലോകത്ത് ഒരു ശക്തിക്കും എന്നെ പിന്തിരിപ്പിക്കാനാവില്ല.' എന്നിട്ട് അബൂ ബസ്വീര്‍ തന്റെ ഉറച്ച മാംസപേശികളിലേക്ക് നോക്കി. അയാള്‍ക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. പലതും ചിന്തിച്ച് അയാള്‍ അവിടെത്തന്നെ ഇരുന്നു. നല്ല തടിമിടുക്കുണ്ട് തനിക്ക്. ഒന്ന് തീരുമാനിച്ചുറച്ചാല്‍ പിന്നെ പിന്നോട്ടേക്കില്ല. വൈകാരിക വിക്ഷോഭങ്ങള്‍ക്കും പെട്ടെന്ന് അടിപ്പെട്ടു പോകും. ഏതായാലും വളരെ വിചിത്ര സങ്കീര്‍ണമായ ഒരു പ്രശ്‌നമാണ് താന്‍ നേരിടുന്നത്. മുന്നോട്ടുള്ള വഴി ഇടുങ്ങിയതായും അടഞ്ഞതായും തോന്നുന്നു. അത് അപകടങ്ങള്‍ നിറഞ്ഞതുമാണ്. താന്‍ ഇസ്ലാമിലേക്ക് ആകൃഷ്ടനായിരിക്കുകയാണ്. മദീനയില്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന പുണ്യാത്മാക്കളുടെ ആ സമൂഹത്തിലേക്ക് ചേരാന്‍ മനസ്സ് കൊതിക്കുകയാണ്. ആ ജീവിതം ജീവിക്കുന്നതായി സ്വപ്നം കാണുകയാണ്. അവരുടെ അനുഷ്ഠാനങ്ങള്‍ അനുഷ്ഠിക്കണം. അവരോടൊപ്പം വാളുമേന്തി പോകണം. അവര്‍ ചിന്തിക്കുന്ന പോലെ ചിന്തിക്കണം. അന്ധകാരത്തിലും അജ്ഞതയിലും അടിമത്വത്തിലും ആണ്ടു മുങ്ങി തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്ന ആത്മാവിനെ തുരുമ്പുകള്‍ കളഞ്ഞ് വൃത്തിയാക്കി എടുക്കണം.
ഇത്തരക്കാര്‍ മക്കയില്‍ പത്ത് കണക്കിനല്ല, നൂറ് കണക്കിനുണ്ട്; ആയിരക്കണക്കിന് ഇല്ലെങ്കിലും. കെട്ട വിശ്വാസങ്ങളില്‍ നിന്നും മലിനമായ ജീവിതത്തില്‍ നിന്നും പുറത്ത് കടക്കാന്‍ അതിയായി ആഗ്രഹിക്കുന്നവര്‍. പക്ഷേ, മക്കയില്‍നിന്ന് 'ഒളിച്ചോടുന്നവരെ' തങ്ങളെ തന്നെ തിരിച്ചേല്‍പ്പിക്കാന്‍ മക്കക്കാര്‍ക്ക് അവകാശം നല്‍കിയിരിക്കുകയാണ് ഹുദൈബിയാ സന്ധി. മുഹമ്മദ് നബിയാണെങ്കില്‍ താന്‍ ഒപ്പുവെച്ച കരാര്‍ ലംഘിക്കുന്ന പ്രശ്‌നവുമില്ല. മക്കയില്‍ അശരണരും അടിമകളുമായിക്കഴിയുന്ന സാധുജനം ഇനിയെന്ത് ചെയ്യും? അവര്‍ യജമാനന്റെ മുമ്പില്‍ പോയി സത്യ വചനം ചൊല്ലി, സകല പീഡനങ്ങളും ഏറ്റുവാങ്ങണോ? വലിയ വില കൊടുക്കലാകില്ലേ അത്? ഒരു നിലക്ക് നോക്കിയാല്‍ മണ്ടത്തരവുമാണ്. എന്റെ യജമാനന്റെ മുമ്പില്‍ വെെച്ചങ്ങാനും അതുപോലെ ചെയ്താല്‍ അയാള്‍ വാള്‍ ഊരി എന്റെ കഴുത്ത് കണ്ടിച്ചത് തന്നെ. എങ്കില്‍ അബൂ ബസ്വീര്‍ രക്തസാക്ഷിയായി എന്ന് വെക്കാം. പക്ഷേ, എന്നെപ്പോലുള്ള ധാരാളം പേരില്ലേ മക്കയില്‍. ഇതുകണ്ട് സത്യമാര്‍ഗത്തിലേക്ക് വരാന്‍ അവര്‍ക്ക് ഉള്‍ഭയമുണ്ടാകില്ലേ? സത്യപ്രകാശത്തിലേക്ക് കടന്ന് വരാന്‍ ദാഹിക്കുന്ന മനസ്സുകളെ അത് പിന്നോട്ട് വലിക്കില്ലേ?
അപ്പോള്‍ പിന്നെ വഴി ഒന്നേയുള്ളൂ. അബൂ ബസ്വീര്‍ എന്ന ഈ ഞാന്‍ രാത്രിയുടെ മറവില്‍ ആരുമറിയാതെ മദീനയിലേക്ക് കടക്കുക. നബിയുടെ സന്നിധിയില്‍ എത്തിച്ചേരുക. അപ്പോഴതൊരു പ്രശ്‌നമാകും. പ്രശ്‌നത്തിന് ഒരു പ്രായോഗിക പരിഹാരവുമുണ്ടാകും. നിന്ദ്യത പേറിയും ഭയന്ന് വിറച്ചും സകലതും അടിയറ വെച്ചും ഇവിടെയിങ്ങനെ കഴിഞ്ഞുകൂടുന്നത് അല്ലാഹുവിനോ റസൂലിനോ വിശ്വാസികള്‍ക്കോ ഒന്നും ഇഷ്ടമാകില്ല.
പിറ്റേന്ന് രാവിലെയാകുമ്പോഴേക്ക് ആ വാര്‍ത്ത മക്കയാകെ പരന്നു. അബൂ ബസ്വീറിനെ കാണാനില്ല! അവന്‍ മക്കയിലേക്ക് ഒളിച്ചോടിയിരിക്കുന്നു. അവനോട് അടുപ്പമുള്ളവര്‍ പറയുന്നത്, ഉള്ളിലെ ഇസ്ലാം അവന്‍ മറച്ചുവെക്കുകയായിരുന്നു എന്നാണ്. അവന്‍ എത്തിയിട്ടുണ്ടാവുക തീര്‍ച്ചയായും മുഹമ്മദിന്റെ അടുത്ത് തന്നെയാവും. അവന്റെ യജമാനന്‍ രോഷാകുലനായി അലറിച്ചിരിച്ചു.
'അവനെ നാം ഇങ്ങോട്ട് പിടിച്ചുകൊണ്ട് വരും; മണ്ണിലൂടെ വലിച്ചിഴച്ച്. മക്കയിലെ ചെറുക്കന്മാര്‍ക്ക് അവനൊരു പാഠമായിരിക്കും; ഒരു പരിഹാസ പാത്രവും. അവനെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെടാന്‍ നാമിതേ പുറപ്പെട്ടു കഴിഞ്ഞു...'
അബൂ ബസ്വീറിന്റെ സാഹസികത മക്കയിലെ പ്രമാണിമാരെ ശരിക്കും ശുണ്ഠി പിടിപ്പിച്ചു. അവനെ കൈയില്‍ കിട്ടുമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. കാരണം, മുഹമ്മദ് ഏതായാലും താന്‍ ഒപ്പുവെച്ച കരാര്‍ ലംഘിക്കില്ല. കൈയില്‍ കിട്ടിയാല്‍ സകല മൂന്നാംമുറകളും പ്രയോഗിക്കണം. എല്ലാവര്‍ക്കും പാഠമാകട്ടെ.
അബൂജഹലിന്റെ മകന്‍ ഇക് രിമക്ക് പ്രശ്‌നത്തില്‍ ഒരു അഭിപ്രായമുണ്ട്. അതത്ര കുറ്റമറ്റതൊന്നുമല്ല. അയാള്‍ പറയുകയാണ്. 'നികൃഷ്ടനും ഒന്നിനും കൊള്ളാത്തവനുമാണ് ഈ അബൂ ബസ്വീര്‍. വിലയോ നിലയോ ഇല്ല. ഇവന് വേണ്ടി നിങ്ങള്‍ ഇങ്ങനെ കാടിളക്കി പായുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.'
അബൂ സുഫ് യാന്‍ ഇക് രിമയെ ചുഴിഞ്ഞു നോക്കി.
'നമ്മിലെ പ്രമാണിമാരിലെ ഒരു പ്രമാണി മുഹമ്മദിനെ തേടി പോയാല്‍ അത് എന്റെ നോട്ടത്തില്‍ അത്ര ഗൗരവമുള്ള കാര്യമൊന്നുമല്ല. എന്നാല്‍, ഇക് രിമാ, അടിമകളും സാദാ ജനവും നമ്മെ ധിക്കരിക്കാന്‍ തുടങ്ങുക എന്ന് വെച്ചാല്‍ അതാണ് അതീവ ഗുരുതരമായ പ്രശ്‌നം. ഈ അടിത്തട്ടുകാരെ മുഹമ്മദ് സ്വാധീനത്തിലാക്കിയാല്‍ പിന്നെ നമ്മുടെ മതവുമുണ്ടാവില്ല, ഒരു കോപ്പുമുണ്ടാവില്ല. നമുക്കൊരു ഏറ്റുമുട്ടലിനും കഴിയാതെ വരും. ഈ അടിത്തട്ടുകാരല്ലേ നമ്മുടെ ജീവിതത്തെ താങ്ങി നിര്‍ത്തുന്നത്. ഈ സത്യം മറക്കരുത്.'
ഇക് രിമക്ക് അതത്ര പിടിച്ചില്ല.
'എന്നാ പിന്നെ ഓടിപ്പോയ അടിമക്ക് വേണ്ടി നമുക്ക് വലിയൊരു അനുശോചനമങ്ങ് സംഘടിപ്പിക്കാം.'
'ഞാനിത്രയേ പറഞ്ഞുള്ളൂ. അവനെ തിരിച്ചു കൊണ്ട് വരുന്നതില്‍ നാം അലംഭാവം കാണിക്കരുത്. കാണിച്ചാല്‍ ഓരോ ദിവസവും ഓരോ അടിമ മക്കയില്‍ നിന്ന് ഒളിച്ചോടുന്ന സ്ഥിതി വരും.'
അബൂ സുഫ് യാന്‍ ഖാലിദ്ബ്‌നുല്‍ വലീദിന് നേരെ തിരിഞ്ഞു.
'ഖാലിദ്, താങ്കളുടെ അഭിപ്രായമെന്താണ്?'
'എന്റെ അഭിപ്രായം നിങ്ങള്‍ക്കത്ര പിടിച്ചുകൊള്ളണമെന്നില്ല.'
'എന്നാലും പറയൂ.'
'അബൂ സുഫ് യാന്‍, നമ്മള്‍ അങ്ങനെയൊരു രീതി സ്വീകരിച്ചാല്‍ നാം മനുഷ്യാന്തസ്സിനെയും നമ്മുടെ അന്തസ്സിനെയും ഇടിച്ച് താഴ്ത്തുകയാണ്. '
'അതെങ്ങനെ?'
എല്ലാവരും ഖാലിദിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു.
'നമ്മുടെ ആശയങ്ങള്‍ സ്വീകരിക്കാന്‍ നാം ആളുകളെ നിര്‍ബന്ധിക്കുന്നത് വലിയ നാണക്കേടാണ്. ഇനി അബൂ ബസ്വീറിനെ തിരിച്ചു കൊണ്ടുവന്നു എന്ന് കരുതുക. അവന് തെല്ലെങ്കിലും ആത്മാര്‍ഥതയോ നമ്മോട് ആദരവോ ഉണ്ടാകുമോ? മുഹമ്മദിന്റെ അടുത്ത് നമ്മള്‍ പോകുന്നത് ഇടപെടണമെന്ന് അഭ്യര്‍ഥിക്കാനല്ലേ? അത് കുറച്ചിലല്ലേ? ദുര്‍ബലരും കലാപകാരികളും മാത്രമേ മുഹമ്മദിന്റെ അടുത്തേക്ക് പോകൂ. ഈ രണ്ട് കൂട്ടരെ കൊണ്ടും നമുക്ക് കാര്യമില്ല. എന്ന് മാത്രമല്ല അവര്‍ നമുക്കിടയില്‍ ഉണ്ടാകുന്നത് നമുക്ക് ഭാരവും ശല്യവുമാണ്. നമുക്കൊരു പ്രയോജനവുമില്ലാത്ത കാര്യത്തില്‍ പിടിവാശി എന്തിന്? മുഹമ്മദ് ചെയ്തത് കണ്ടില്ലേ? അദ്ദേഹത്തിന്റെ കൂട്ടത്തില്‍നിന്ന് ആരെങ്കിലും ഇങ്ങോട്ട് ഒളിച്ചോടി വന്നാല്‍ അയാളെ തിരിച്ചങ്ങോട്ട് വേണ്ടെന്ന്. എന്താ കാരണം? അങ്ങനെയൊരാള്‍ ഒളിച്ചോടിയാല്‍ തന്റെ ആദര്‍ശവുമായുള്ള ബന്ധം അയാള്‍ മുറിച്ചുകളയുകയാണെന്ന് മുഹമ്മദ് മനസ്സിലാക്കി എന്നത് തന്നെ. അന്തസ്സും ആഭിജാത്യവുമുളള ഒരു സമൂഹത്തില്‍ ചേര്‍ക്കാന്‍ പറ്റുന്നവരല്ല ഇത്തരക്കാര്‍. അവര്‍ ആദര്‍ശത്തിന് വേണ്ടിയുള്ള സമരത്തില്‍ പങ്കാളികളാവുകയുമില്ല.'
പൂര്‍ണ്ണ നിശ്ശബ്ദത. അപ്പോഴാണ് അബൂസുഫ് യാന്റെ ഭാര്യ ഹിന്ദ് ചാടിയെണീറ്റത്.
'ആരുടെ അന്തസ്സിനെ പറ്റിയാണ് ഖാലിദ്, നിങ്ങള്‍ പറയുന്നത്? അബൂ ബസ്വീറിന് എന്ത് അന്തസ്സാണ്? അവന്‍ ചതിയനായ അടിമയാണ്. അത്തരക്കാര്‍ക്ക് ഒരു അന്തസ്സുമില്ല. ചാട്ടവാറുകൊണ്ടേ അവരെ നേരെയാക്കാന്‍ പറ്റൂ. അടിമകള്‍ ധിക്കാരം കാണിക്കുന്നതും കലാപത്തിനൊരുങ്ങുന്നതുമാണ് ഇന്നത്തെ വലിയ ആപത്ത്. അടിമകള്‍ക്ക് നമ്മോടുള്ള വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കാന്‍ അവര്‍ ആദര്‍ശങ്ങളെയും തത്ത്വങ്ങളെയും കൂട്ടുപിടിക്കുകയാണ്. അവര്‍ ഒന്നുമല്ല. അവര്‍ എന്തെങ്കിലും ആകാന്‍ ശ്രമിച്ചാല്‍ അവരുടെ തല നമ്മള്‍ പൊളിക്കും. അല്ലാത്ത പക്ഷം ലോക സംവിധാനം തന്നെ തകരും. മക്കയില്‍ നമ്മുടെ നില അവതാളത്തിലാവും.'
സദസ്സില്‍ ഹംസയുടെ ഘാതകന്‍ വഹ്ശി ഇരിപ്പുണ്ട്. അയാള്‍ മുമ്പ് അടിമയായിരുന്നല്ലോ. ഏല്‍പ്പിക്കപ്പെട്ട കുറ്റകൃത്യം ചെയ്തതിന് പ്രതിഫലമായി കിട്ടിയ സ്വാതന്ത്രൃമാണ്. അയാള്‍ ഇങ്ങനെയാണ് പറഞ്ഞത് -
'ഹിന്ദ് പറഞ്ഞതാണ് ശരി'
അപ്പോള്‍ ഇക് രിമക്കും ചിലത് പറയാനുണ്ടായി.
'നോക്കൂ കൂട്ടരേ, ദൗര്‍ബല്യത്തിന്റെ തത്ത്വശാസ്ത്രം നമ്മിലേക്കും അരിച്ച് കയറുകയാണ്. ദിവസങ്ങള്‍ കടന്നുപോകും തോറും അത് നമ്മുടെ ചിന്തകളെ മലീമസമാക്കുന്നു. പരുക്കന്‍ അടവുകളെടുത്താലേ പൊതുജനത്തെ അടക്കി നിര്‍ത്താനാവൂ. നമ്മള്‍ നമ്മുടെ അവകാശങ്ങള്‍ വേണമെന്ന് പറയുന്നു, സന്ധി വ്യവസ്ഥകള്‍ പാലിക്കണമെന്ന് മുഹമ്മദിനോട് പറയുന്നു - അതെങ്ങനെയാണ് അന്തസ്സില്ലാത്ത പണിയാകുന്നത്? ആരുടെ അന്തസ്സാണ് അതുകൊണ്ട് കളങ്കപ്പെടുത്തുന്നത്? എന്തൊരു വര്‍ത്തമാനമാണ് ഖാലിദേ, താങ്കളിപ്പറയുന്നത്?'
ഖാലിദ് മൗനം പാലിച്ചു. പിന്നീടൊരക്ഷരം അദ്ദേഹം മിണ്ടിയില്ല.
ശരിയാണ്, ഏകദൈവത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോള്‍ മക്കയില്‍. യസ് രിബ് എന്ന പ്രകാശ നഗരത്തിലേക്ക് തങ്ങളുടെ ഊഴവും കാത്തിരിക്കുകയാണ് അവര്‍. തങ്ങളെയും കൊണ്ട് കുതിരകള്‍ അങ്ങോട്ടേക്ക് പറക്കുന്നത് അവര്‍ ഭാവനയില്‍ കാണുന്നു. ദൈവത്തിന് സമര്‍പ്പിതരായ ആ ജനസമൂഹത്തില്‍ എത്തിച്ചേരാന്‍ അവര്‍ക്ക് ധൃതിയായി. ആ സമൂഹത്തിലാണ് സത്യസന്ധമായ സാഹോദര്യമുള്ളത്, നീതിയുള്ളത്, കാരുണ്യമുള്ളത്, വിനയമുള്ളത്... പിന്നെ എല്ലാറ്റിനും വ്യവസ്ഥയുള്ളത്. അവിടെ നന്മയുടെ വിത്ത് പൊട്ടിമുളക്കുന്നു, തഴക്കുന്നു, ഇലക്കുന്നു, അവയില്‍ ഉദാരതയുടെ ഫലങ്ങള്‍ കായ്ക്കുന്നു.
അബൂ ബസ്വീറിന് എന്ത് സംഭവിക്കുമെന്ന് അവര്‍ ഉറ്റുനോക്കുകയാണ്. അവന്‍ വിജയിച്ചാല്‍ അത് തങ്ങള്‍ക്ക് ഒരു പുതിയ യുഗത്തിന്റെ തുടക്കമായിരിക്കും. പക്ഷേ, അവര്‍ക്ക് അങ്കലാപ്പുണ്ട്, ഭയമുണ്ട്. രണ്ടാലൊന്ന് സംഭവിക്കും. ഒന്നുകില്‍ നബി അബൂ ബസ്വീറിനെ സ്വീകരിക്കും. ഒട്ടും ന്യായമല്ലാത്ത ഹുദൈബിയ സന്ധിയിലെ ആ വ്യവസ്ഥ സ്വീകാര്യമല്ലെന്ന് വ്യക്തമാക്കും. ഖുറൈശികളോട് ആ വ്യവസ്ഥ റദ്ദാക്കാന്‍ പറയും. അല്ലെങ്കില്‍ അബൂബസ്വീറിനെ അക്രമികളുടെയും മര്‍ദകരുടെയും പ്രതികാരദാഹികളുടെയും ഈ നാട്ടിലേക്ക് തന്നെ തിരിച്ചയക്കും. ദുരന്തത്തിന് മേല്‍ ദുരന്തം തന്നെ ആയിരിക്കുമത്.
(തുടരും)