ഹൃദയത്തിനുള്ളിലെ മുറിപ്പാടുകള്‍

തയ്യിബ കബീര്‍
ഡിസംബര്‍ 2023

നന്മകളെല്ലാം ദാനമാണ്, നന്മകളിലേക്ക് ആളുകളെ ക്ഷണിക്കുന്നവര്‍ ആ നന്മ ചെയ്തവരെ പോലെയാണ് '(മുഹമ്മദ് നബി). സറീനയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ വചനങ്ങള്‍ ഏറെ അര്‍ഥവത്താണ്.  അവള്‍ എന്നെയും എന്റെ കുടുംബത്തെയും ആ നന്മയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഞങ്ങള്‍ അവളുടെ സ്ഥാപനത്തിലേക്ക് ചെല്ലുമ്പോള്‍ സ്വീകരിക്കാനായി കവാടത്തില്‍ തന്നെ അവള്‍ കാത്തിരിപ്പുണ്ട്. ഹൃദ്യമായ സ്വീകരണം; അവളുടെ 'ശാന്തി സദനത്തില്‍' ഞങ്ങളും അംഗങ്ങളായതു പോലെ. കുട്ടികളെ അവരുടെ കഴിവുകള്‍ നോക്കി ഓരോ വിഭാഗമായി തിരിച്ചിരുന്നു. ഓരോ ക്ലാസ് റൂമും അവള്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു.
ആ കുഞ്ഞു മുഖങ്ങളിലേക്ക് നോക്കുമ്പോള്‍ നമ്മളും അറിയാതെ തേങ്ങിപ്പോവും. എല്ലാ കഴിവുകളും സൗന്ദര്യവും നല്‍കി ദൈവം നമ്മെ എത്ര അനുഗ്രഹിച്ചിരിക്കുന്നു. എന്നിട്ടും എന്തേ നമുക്ക് നമ്മളുടെ മക്കളെ കൊണ്ട് പരാതിയെന്ന് ഞാന്‍ അറിയാതെ ചിന്തിച്ചുപോയി. അവിടെ കണ്ട കാഴ്ചകളോരോന്നും അന്ന് രാത്രി എന്റെ ഉറക്കത്തെ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്.
ഏഴു വയസ്സായ കുഞ്ഞുമോന്‍, കണ്ടാല്‍ മൂന്നോ നാലോ വയസ്സേ തോന്നൂ. കാലൊക്കെ പിണഞ്ഞ്, കിടന്ന കിടപ്പില്‍ തന്നെ.  എഴുന്നേല്‍ക്കാന്‍ പോലും ആവാതെ... ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍ കൈയുയര്‍ത്തി അവന് എന്തോ പറയാനുണ്ടെന്ന് തോന്നി. ആ മുഖമാണ് കൂടുതലായും എന്നെ വേദനിപ്പിച്ചത്. ഹൃദയത്തിനുള്ളിലെ മുറിപ്പാടുകള്‍, മായ്ക്കാനാവാത്ത ഓര്‍മയെ വാക്കുകളിലൂടെ പ്രതിഫലിപ്പിക്കുക സാധ്യമല്ല.
സ്വയം ഒഴുകിക്കൊണ്ട് ഒരു ജലപ്രവാഹം അതിന്റെ ശരിയായ വഴി കണ്ടെത്തുന്നതുപോലെ, സറീന അവളുടെ സ്വര്‍ഗത്തിലേക്കുള്ള വഴി കണ്ടെത്തുകയായിരുന്നു; അവളുടെ നാദിര്‍ മോനിലൂടെ. വ്യത്യസ്ത രീതിയില്‍ സജ്ജീകരിച്ചിട്ടുള്ള ശാന്തിയിലെ ക്ലാസ് മുറികള്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികളെ കുറിച്ച് സംസാരിച്ചപ്പോള്‍ അത് 21 തരമുണ്ടെന്ന് പറഞ്ഞ് സറീന  വിശദീകരിച്ചുതന്നു. ഇത്തരത്തില്‍ 178 കുട്ടികള്‍ അവളുടെ ശാന്തിയില്‍ ഉണ്ടെങ്കിലും അസുഖം കാരണം കുറച്ചുപേര്‍ അവധിയായതിനാല്‍ എല്ലാവരെയും കാണാന്‍ പറ്റിയില്ല.
ഒന്നും സ്വയം ചെയ്യാന്‍ പറ്റാത്ത കുറച്ചു കുട്ടികളുണ്ട് ഒരു മുറിയില്‍. അവര്‍ക്ക് എല്ലാം ചെയ്തു കൊടുക്കണം. എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് അവരെയെല്ലാവരെയും കൂട്ടി സറീനയും സഹപ്രവര്‍ത്തകരും ബാംഗ്ലൂരിലേക്ക് ട്രെയിനില്‍ വിനോദയാത്ര പോയതാണ്. അതില്‍ വീല്‍ചെയറില്‍ ഉള്ളവര്‍ പോലുമുണ്ട്. കുട്ടികളുടെ കഴിവിനനുസരിച്ച് പാട്ടും നൃത്തവും ഒക്കെ പഠിപ്പിക്കുന്നുണ്ട്. മറ്റൊരു മുറിയില്‍ ചിത്രരചന തകൃതിയായി നടക്കുന്നു. എല്ലാറ്റിനും പ്രത്യേകം പരിശീലനം ലഭിച്ച ടീച്ചര്‍മാരുമുണ്ട്. ഡോക്ടറുടെ സേവനവുമുണ്ടെന്ന് അവള്‍ പറഞ്ഞു. അവിടത്തെ പ്രിന്‍സിപ്പല്‍ കൂടിയായ ടീച്ചറുടെ കഠിനാദ്ധ്വാനം കൊണ്ടാണ് അക്കാദമിക മേഖലയില്‍ ശാന്തിക്ക് ഇത്രയും ഉയരാന്‍ കഴിഞ്ഞത്.
ശാന്തി സദനത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച രണ്ടു വ്യക്തിത്വങ്ങള്‍ കൂടിയുണ്ട്, ഹമീദ്ക്കയും സലാം ഹാജിയും. ഇവരുടെയൊക്കെ കൂട്ടായ പ്രവര്‍ത്തനമാണ് ആ സ്ഥാപനത്തെ നിലനിറുത്തി പോരുന്നത്. ആധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുള്ള പുറക്കാടുള്ള  'ശാന്തി സദനം' എന്തുകൊണ്ടും ഭിന്നശേഷിക്കാരായ മക്കളുടെ വളര്‍ച്ചയ്ക്ക് ഉത്തമ മാതൃകയാണ്. എടുത്തു പറയേണ്ട കാര്യം, അവിടെ പഠിച്ച കുട്ടികള്‍ക്ക് അവരുടെ കഴിവിനനുസരിച്ച് അവിടെ തന്നെ ജോലിയും ശമ്പളവും നല്‍കുന്നുണ്ട് എന്നതാണ്. സ്വയംതൊഴില്‍ പഠിപ്പിക്കുകയും അതില്‍നിന്നു കിട്ടുന്ന വരുമാനം കുട്ടികള്‍ക്ക് തന്നെ നല്‍കുകയും ചെയ്യുന്നു.
ഉച്ചയൂണിന്റെ സമയമായപ്പോള്‍ വീണ്ടും സറീനയുടെ സല്‍ക്കാരം. അതിലെ വിഭവങ്ങളാവട്ടെ അവിടത്തെ കുഞ്ഞുങ്ങള്‍ കൃഷി ചെയ്തുണ്ടാക്കിയതാണ്. ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. അവന്‍ സ്വയം തന്നെ മേശയുടെ അടിയില്‍ കൈയുരച്ചു പൊട്ടിച്ചതാണ്. അപ്പോള്‍ തന്നെ വണ്ടിയെടുത്ത് അവനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവാന്‍ അവര്‍ ശ്രമിക്കുന്നു. കുട്ടി ഭയങ്കര കരച്ചില്‍, വണ്ടിയില്‍ കയറുന്നില്ല. അവന്‍ സ്‌കൂളിലേക്ക് വരികയും തിരിച്ചുപോവുകയും ചെയ്യുന്ന വണ്ടിയിലേ  കയറുകയുള്ളൂ. സാധാരണ കുട്ടികളെപ്പോലെ ചിന്തിക്കാനുള്ള ശേഷിയൊന്നും അവര്‍ക്കില്ലല്ലോ.
   ഏതാനും  മണിക്കൂറുകള്‍ മാത്രമേ ഞാന്‍ അവിടെ ചെലവഴിച്ചുള്ളൂ. അപ്പോള്‍ കണ്ട കാഴ്ചകളാണിതൊക്കെ. സറീനയും സഹപ്രവര്‍ത്തകരും നിത്യവും ഇങ്ങനെ എത്രയെത്ര കാഴ്ചകള്‍ കാണുന്നുണ്ടാകും, അവരുടെ ഓരോ ദിവസവും എത്രയെത്ര അനുഭവങ്ങളില്‍ കൂടിയാണ് കടന്നുപോവുന്നുണ്ടാവുക! അവരുടെ ഇരു കരങ്ങളിലും മാലാഖമാര്‍ നന്മകള്‍ രേഖപ്പെടുത്തുന്നുണ്ടാവണം.
പിരിയാന്‍ നേരം ഒരു കാര്യം കൂടി സറീന സൂചിപ്പിച്ചു: അവിടെ അച്ഛനും അമ്മയും ഇല്ലാത്ത കുഞ്ഞുങ്ങളുണ്ട്. അവരുടെ പുനരധിവാസത്തിനും തൊഴില്‍ പരിശീലനത്തിനുമായി കുറച്ചു സ്ഥലം അവര്‍ കണ്ടെത്തിയിട്ടുണ്ട്. ഗവണ്‍മെന്റ് അംഗീകാരം ഒക്കെ ഉണ്ടെങ്കിലും ഫണ്ട് വളരെ പരിമിതമാണ്.
മഹാഭാരതത്തില്‍ യക്ഷന്‍ ധര്‍മപുത്രരോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ജീവിതത്തില്‍ ഏറ്റവും വലിയ അത്ഭുതം എന്താണ്? 'മരിക്കുന്നത് തീര്‍ച്ചയാണെങ്കിലും അത് മറന്നുകൊണ്ട് ജീവിത വിനോദങ്ങള്‍ക്ക് പിന്നാലെയുള്ള മനുഷ്യന്റെ പരക്കം പാച്ചില്‍' ഇതായിരുന്നു മറുപടി. ശരിക്കും ഞാന്‍ എന്നോട് തന്നെ ചോദിച്ചു; ഇത്തരം ജീവിതങ്ങള്‍ ഒന്നും കാണാതെ നാം വിനോദങ്ങള്‍ക്ക് പിന്നാലെ പായുകയാണോ?...
l

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media