സൂര്യ രഹസ്യങ്ങള്‍ തേടി
സുബൈദ ബദറുദ്ദീന്‍
ഡിസംബര്‍ 2023
ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യത്തില്‍ പങ്കാളിയായ നിഗാര്‍ ഷാജിയെക്കുറിച്ച്
ലോകം മുഴുവന്‍ വിസ്മയത്തോടെ ഇന്ത്യയുടെ ആദിത്യ എല്‍ 1 ന്റെ വിക്ഷേപണ വിജയം ഉറ്റുനോക്കിനിന്ന സന്തോഷ നിമിഷത്തില്‍ ഈ അഭിമാന നേട്ടത്തില്‍ പങ്കാളിയായി ഒരു വനിത കൂടി ഉണ്ടെന്നറിയുമ്പോള്‍ നമ്മുടെ സന്തോഷം ഇരട്ടിക്കും. സൂര്യ രഹസ്യങ്ങള്‍ കണ്ടുപിടിക്കാനുള്ള ദൗത്യത്തില്‍ കഠിനാധ്വാനവും ആത്മ വിശ്വാസവും കൈമുതലാക്കി സജീവ പങ്കാളിത്തം വഹിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നിഗാര്‍ ഷാജി. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ചെങ്കോട്ട സ്വദേശിയാണ് ഇവര്‍. ഇപ്പോള്‍ ബംഗളൂരു ഐ.എസ്.ആര്‍.ഒയില്‍ പ്രൊജക്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ഈ മഹാപ്രതിഭ.
ദൃഢനിശ്ചയത്തോടെ മനസ്സുവെച്ചാല്‍ വമ്പിച്ച വിജയം കൈവരിക്കാന്‍ സാധിക്കും എന്നു തെളിയിച്ചു ഈ വനിതാ രത്‌നം. ഇന്ത്യയിലെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ 1 പഠനത്തിന്റെ ഒന്നാമത്തെ പ്രൊജക്ട് ഡയറക്ടറാണ് നിഗാര്‍ ഷാജി. ചെറുപ്പം മുതലേ ബഹിരാകാശ പഠനത്തില്‍ സവിശേഷ താല്‍പര്യമുമുണ്ടായിരുന്നു ഈ 59കാരിക്ക്. സാദാ കര്‍ഷകനായ ശൈഖ് മീരാനായിരുന്നു പിതാവ്. മാതാവ് സെയ്ത്തൂന്‍ ബീവി വീട്ടമ്മയും. ഈ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് നിഗാര്‍ ഷാജി. പ്രാഥമിക വിദ്യാഭ്യാസം ചെങ്കോട്ട ഗവണ്‍മെന്റ് സ്‌കൂളിലും 6 മുതല്‍ 12ാം ക്ലാസുവരെ ചെങ്കോട്ടയിലെ എസ്.ആര്‍.എം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലും ആയിരുന്നു. എസ്.എസ്.എല്‍.സിയിലും പ്ലസ് ടുവിലും സ്‌കൂളില്‍ ടോപ്പര്‍. ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷനില്‍ ബി.ടെക് ബിരുദം തിരുനെല്‍വേലി എഞ്ചിനീയറിംഗ് കോളേജില്‍നിന്ന്. ബി.ഐ.ടി കോളേജ് റാഞ്ചിയില്‍നിന്ന് മാസ്റ്റേഴ്‌സ് ഡിഗ്രി. ഭര്‍ത്താവ് ദുബൈയില്‍ ജോലി ചെയ്യുന്ന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഷാജഹാന്‍. ഈ ദമ്പതികള്‍ക്ക് മക്കളായി ഒരാണും ഒരു പെണ്ണും. അവരും വിജ്ഞാനത്തിന്റെ മേഖലകളില്‍ തന്നെയാണ്. മകന്‍ പി.എച്ച്.ഡി കഴിഞ്ഞു നെതര്‍ലന്‍ഡില്‍ ജോലിയിലും, മകള്‍ എം.ബി.ബി.എസ് കഴിഞ്ഞ് മംഗളൂരുവില്‍ എം.എസ് വിദ്യാര്‍ഥിനിയുമാണ്.
സ്ത്രീകള്‍ അപൂര്‍വമായി മാത്രം എഞ്ചിനീയറിംഗ് പഠിക്കാന്‍ മുതിരുന്ന കാലത്താണ് തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനായി നിഗാര്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ തിരുനെല്‍വേലി എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്നത്. 1987ല്‍ ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒയില്‍ എത്തി. 35 കൊല്ലത്തെ ഐ.എസ്.ആര്‍.ഒ സര്‍വീസില്‍ റിസോഴ്‌സ്‌മെന്റ് 2 എയില്‍ അസോസിയേറ്റ് പ്രൊജക്ട് ഡയറക്ടറായി പല ദൗത്യങ്ങളിലും ഭാഗഭാക്കായി. പലതലങ്ങളില്‍ കഴിവും ബുദ്ധിസാമര്‍ഥ്യവും സമര്‍പ്പണമനോഭാവവും ഐ.എസ്.ആര്‍.ഒക്ക് പ്രയോജനപ്പെട്ടു.
ഐ.എസ്.ആര്‍.ഒയിൽ ചന്ദ്രയാന്‍ ഒന്ന്, രണ്ട്, ചന്ദ്രയാന്‍ മൂന്ന് ദൗത്യങ്ങള്‍ വിജയകരമായി നടന്നു. അതിന്റെ തുടര്‍ന്നുള്ള പഠനങ്ങളിലാണ് ബഹിരാകാശ ശാസ്ത്രജ്ഞന്മാര്‍. ഈ ദൗത്യങ്ങളിലെല്ലാം നിഗാര്‍ ഷാജിയും പങ്കാളിയായി. ഇതില്‍ നിന്നല്‍പ്പം മാറി സൂര്യനെ കുറിച്ചുള്ള പഠനത്തിലാണിപ്പോള്‍. 2023 സെപ്റ്റംബര്‍ 2ന് ആദിത്യ എല്‍ 1, ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു വമ്പിച്ച വിജയം കൈവരിച്ചപ്പോള്‍ അതില്‍ മുഖ്യപങ്കാളികളിലൊരാളാവാന്‍ കഴിഞ്ഞതിലുള്ള നിര്‍വൃതിയിലായിരുന്നു നിഗാര്‍ ഷാജി.
l