പരിശുദ്ധ ഖുര്‍ആനിലെ പ്രാരംഭ അധ്യായത്തിലെ വിശുദ്ധ സൂക്തമാണ് 'അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍' എന്നത്. സര്‍വസ്തുതിയും സര്‍വലോകങ്ങളുടെയും പരിപാലകനായ അല്ലാഹുവിനാകുന്നു എന്നതാണ് ഇതിന്റെ സാരം. നന്നേ ചുരുങ്ങിയത് ദിനേന 17 തവണയെങ്കിലും സത്യവിശ്വാസികള്‍ ഹൃദയപൂര്‍വം ആവര്‍ത്തിക്കുന്നതാണ് ഈ വിശുദ്ധ സൂക്തം. കഴിയുന്നത്ര ഈ സൂക്തം ആവര്‍ത്തിക്കാന്‍ സത്യവിശ്വാസികള്‍ ബദ്ധശ്രദ്ധരാണ്. ഇത്
പ്രാര്‍ഥനാ വാക്യങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. സര്‍വലോക സ്രഷ്ടാവായ അല്ലാഹുവിന്റെ അപാരമായ കഴിവും അധികാരവും കാരുണ്യവും മഹത്വവും എല്ലാം തിരിച്ചറിഞ്ഞുകൊണ്ട് റബ്ബിനെ സ്തുതിക്കണം, അപ്പോഴാണ് സ്തുതി കീര്‍ത്തനം അര്‍ഥ
പൂര്‍ണമാകുന്നത്. അല്ലാഹുവിനെ ഉള്ളുരുകി സ്തുതിക്കുക എന്നത് റബ്ബിനോടുള്ള ആത്മാര്‍ഥമായ നന്ദിപ്രകടനമാണ്. 'നിങ്ങള്‍ കൃതജ്ഞരാണെകില്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചു തരും' (14:7) എന്നാണ് റബ്ബിന്റെ വിളംബരം. സര്‍വസ്തുതിയും എന്നു പറയുമ്പോള്‍ അതിന്റെ ആശയം വളരെ വിപുലമാണ്. സ്തുത്യര്‍ഹന്‍ (ഹമീദ് )എന്നത് അല്ലാഹുവിന്റെ സല്‍നാമങ്ങളില്‍ ഒന്നാണ്. പരമമായ അര്‍ഥത്തില്‍ അല്ലാഹു മാത്രമാണ് സ്തുത്യര്‍ഹന്‍. മറ്റാരും ആ അര്‍ഥത്തില്‍ സ്തുത്യര്‍ഹരല്ല. സ്തുതി, പ്രശംസ, വാഴ്ത്തല്‍ എന്നിവ മൂന്നു തരമുണ്ട്:
1. റബ്ബ് റബ്ബിനെ തന്നെ സ്തുതിച്ച് പുകഴ്ത്തി പറഞ്ഞത് (ഉദാഹരണം ഖുര്‍ആന്‍ 1:2,6:1,31:1,18:1,35:1,34:1).
2. മനുഷ്യനുള്‍പ്പെടെയുള്ള സകല സൃഷ്ടികളും സ്രഷ്ടാവിനെ പല മാര്‍ഗേണ സ്തുതി കീര്‍ത്തനം, അഥവാ കൃതജ്ഞതാ പ്രകടനം നടത്തുന്നത്.
3. സൃഷ്ടികള്‍ പരസ്പരം നടത്തുന്ന പുകഴ്ത്തലും വാഴ്ത്തലും
(ഉദാ: അവര്‍ അതീവ സുന്ദരിയാണ്, അദ്ദേഹത്തിന്റെ ബുദ്ധിശക്തി അപാരമാണ്, ഓര്‍മശക്തി അത്ഭുതകരമാണ്, മാധുര്യമുള്ള സ്വരമാണ്). ഇങ്ങനെ നാം നടത്തുന്ന പ്രശംസകളും പുകഴ്ത്തലും അതിന്റെ പ്രത്യക്ഷത്തില്‍ അര്‍ഹരാണെന്ന് നാം കരുതുന്നവര്‍ പരമാര്‍ഥത്തില്‍ അതിന് അര്‍ഹരല്ല. കാരണം ഒരാളുടെ സൗന്ദര്യം, ആരോഗ്യം, ബുദ്ധിശക്തി, ഓര്‍മശക്തി, നൈസര്‍ഗിക കഴിവുകള്‍ ഇവയൊന്നും അയാളുടെ സ്വന്തവും സ്വതന്ത്രവുമായ സിദ്ധികളല്ല. മറിച്ച് സര്‍വശക്തനായ അല്ലാഹുവിന്റെ വരദാനമാണ്. ആകയാല്‍ പരമാര്‍ഥത്തില്‍ സ്തുത്യര്‍ഹനായ അല്ലാഹുവിന് മാത്രമാണ് എല്ലാ സ്തുതിയും. ഈ യാഥാര്‍ഥ്യം തിരിച്ചറിയുന്ന ഒരു വ്യക്തിക്ക് മറ്റുള്ളവര്‍ സാന്ദര്‍ഭികമായി നടത്തുന്ന പ്രശംസകളില്‍ അഭിരമിച്ച് അഹങ്കരിക്കാന്‍ സാധിക്കില്ല. സകല സൃഷ്ടികളും സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിനെ പ്രകീര്‍ത്തനം ചെയ്യുന്നുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട് (17:44). പ്രപഞ്ചതാളം എന്ന്
നാം പറയുന്ന വസ്തുത സ്രഷ്ടാവായ ഏക മഹാശക്തിയെ വാഴ്ത്തുന്ന സ്ഥിതിയാണ്. നാം അല്ലാഹുവിനെ പ്രകീര്‍ത്തനം ചെയ്യുമ്പോള്‍ പ്രപഞ്ചത്തിന്റെ ഭാഗമായ നാം പ്രപഞ്ചതാളത്തോടെ ചേര്‍ന്നു നില്‍ക്കുകയാണ്. അപ്പോള്‍ താളപ്പൊരുത്തമുള്ള സുന്ദരമായ ഒരു നിലവാരത്തിലേക്ക് ഉയരുന്നു. മറിച്ചാണെങ്കില്‍ താളപ്പൊരുത്തമില്ലായ്മയുടെ പ്രശ്‌ന സങ്കീര്‍ണതകളിലേക്ക് ചെന്നെത്തുന്നു. അല്ലാഹു നല്‍കിയതല്ലാതൊന്നും നമുക്കില്ല. എല്ലാം എല്ലാം കരുണാവാരിധിയായ നാഥന്റെ വരദാനമാണ്. ഈ തിരിച്ചറിവ് നമ്മില്‍ അഹങ്കാരമെന്ന മാരക ദുര്‍ഗുണം വന്നു ചേരാതിരിക്കാന്‍ ഏറെ സഹായകരമാണ്. ഏതവസ്ഥയിലും എപ്പോഴും സര്‍വസ്തുതിയും അല്ലാഹുവിനാണ്; അവന്‍ സ്തുത്യര്‍ഹനും മഹത്വപൂര്‍ണനുമാണ് (ഹമീദ്, മജീദ്).