എന്റെ കുടുംബ വേരുകള്‍ ഇന്ത്യയിലാണ്. ഇന്ത്യയിലെവിടെയാണെന്ന് പലരും ചോദിക്കുന്ന നേരത്ത് ഞാനൊരല്‍പം വിഷമവൃത്തത്തിലകപ്പെടാറുണ്ട്.
ബ്രിട്ടനിലെ കവണ്‍ട്രി യൂനിവേഴ്‌സിറ്റിയില്‍ അസി.പ്രഫസറും ഫെയ്ത്ത് ആന്റ് പീസ്ഫുള്‍
റിലേഷന്‍സിന്റെ ഗവേഷണ വിഭാഗം മേധാവിയുമാണ് ഡോ.സാനിയ ചേറുവള്ളില്‍.
മതത്തിനകത്തെ പെണ്ണനുഭവങ്ങള്‍, ബ്രിട്ടീഷ് ഇസ്ലാം തുടങ്ങിയവയെ നിരന്തരം പിന്തുടരുന്ന
ഒരു സോഷ്യോളജിസ്റ്റ് കൂടിയാണവര്‍. മതവും വിശ്വാസവും സാമൂഹിക വൈവിധ്യങ്ങളിലും ബഹുസ്വരതയിലും ദൈനംദിന ജീവിതാനുഭവങ്ങളിലും സൃഷ്ടിക്കുന്ന സങ്കീര്‍ണതകളുടെ
ഉള്‍പിരിവുകളിലുമൂന്നിക്കൊണ്ടുള്ളതാണ് അവരുടെ മിക്ക പഠനങ്ങളും. ബ്രിട്ടീഷ്
മുസ്ലിംകളെക്കുറിച്ച ഒട്ടനവധി പഠനങ്ങള്‍ അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ബ്രിട്ടീഷ് മുസ്ലിം സ്ത്രീകളുടെ ചരിത്രത്തെക്കുറിച്ചും വര്‍ത്തമാനത്തെക്കുറിച്ചും
അവര്‍ ആരാമത്തോട് സംസാരിക്കുന്നു.
സ്വയം ഒന്ന് പരിചയപ്പെടുത്താമോ? പ്രത്യേകിച്ച് കേരളത്തിലേക്ക് നീളുന്ന താങ്കളുടെ വേരുകളെക്കുറിച്ച്?
എന്റെ കുടുംബ വേരുകള്‍ ഇന്ത്യയിലാണ്. ഇന്ത്യയിലെവിടെയാണെന്ന് പലരും ചോദിക്കുന്ന നേരത്ത് ഞാനൊരല്‍പം വിഷമവൃത്തത്തിലകപ്പെടാറുണ്ട്. എന്റെ ഉമ്മ ഒരു നോര്‍ത്തിന്ത്യക്കാരിയാണ്. അവരുടെ വാപ്പ വിഭജനത്തിനു മുമ്പ് ലാഹോറില്‍ നിന്ന് ബോംബെയിലേക്ക് വന്നു. വിഭജനാനന്തരം അദ്ദേഹം ബോംബെയില്‍ തന്നെ തുടരാനുറച്ചു. പിന്നീട് ഒരു തിരിച്ചുപോക്കുണ്ടായില്ല. എന്റെ പിതാവ് കേരളത്തില്‍ കോട്ടയത്ത് ഒരു കര്‍ഷക കുടുംബത്തിലെ അംഗമാണ്. അത് പറയുന്നതില്‍ എനിക്കേറെ അഭിമാനമുണ്ട്. ചേറുവള്ളില്‍ എന്ന കുടുംബപ്പേര് രൂപപ്പെട്ടത് കര്‍ഷക പാരമ്പര്യത്തില്‍ നിന്നാണ്. മലയാളി വായനക്കാര്‍ക്ക് അതെളുപ്പം മനസ്സിലാകും. നമ്മുടേത് ഒരു റോമന്‍ കത്തോലിക്കാ കുടുംബമായിരുന്നു. ഏകദേശം 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഇസ്ലാമിന്റെ പ്രകാശ തീരത്തണഞ്ഞു. കാത്തലിക് മൂല്യങ്ങളാണ് ബാല്യകാലം തൊട്ടേ എന്നില്‍ ആര്‍ദ്രതയും സഹാനുഭൂതിയും ദീനാനുകമ്പയുമെല്ലാം വളര്‍ത്തിയത്. ഇസ്ലാമിനെ പുണര്‍ന്നതോടെ ആ മൂല്യങ്ങള്‍ എന്നില്‍ കൂടുതല്‍ അന്തര്‍ലീനമാവുകയും കരുത്താര്‍ജിക്കുകയുമായിരുന്നു.
ഒരു ക്രിസ്ത്യന്‍ കത്തോലിക്കാ കുടുംബത്തില്‍ നിന്ന് ഇസ്ലാമിലേക്കുള്ള പ്രയാണത്തിന്റെ കഥ വിവരിക്കാമോ?
അതൊരു നീണ്ട കഥയാണ്. എനിക്ക് പതിനാല് വയസ്സ് പ്രായമുണ്ടായിരുന്നപ്പോള്‍ മുതല്‍ എന്റെ ഉമ്മ ഒരു മാതൃകാ ക്രിസ്ത്യന്‍ സ്ത്രീ ജീവിതം നയിക്കുകയായിരുന്നു. ചര്‍ച്ചിലെ ഞായറാഴ്ച പ്രാര്‍ഥനകളില്‍ വലിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍ വെച്ച് സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഫാദര്‍ എന്റെ ഉമ്മയെപ്പറ്റി കത്തോലിക്കാ സ്ത്രീകളുടെ റോള്‍ മോഡലെന്ന് വിശേഷിപ്പിക്കാറുണ്ടായിരുന്നു. ആത്മീയ കാര്യങ്ങളില്‍ അവര്‍ ഏറെ ശ്രദ്ധാലുവായിരുന്നു. ദൈവത്തെക്കുറിച്ച് താന്‍ അറിഞ്ഞതിനുമപ്പുറമുള്ള ഒരു ലോകമുണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു. അക്കാലത്ത് എന്റെ മാതാപിതാക്കളുടെ ബിസിനസ്സില്‍ നിയമോപദേശം നല്‍കുന്നതിന് ഒരു അഡ്വക്കറ്റ് ആവശ്യമായി വന്നു. അങ്ങനെയാണ് അഡ്വ. ഇബ്രാഹീം ഖാനെ അവര്‍ പരിചയപ്പെടുന്നത്. ക്രമേണ അവര്‍ തമ്മിലുള്ള സംസാരങ്ങളില്‍ ഇസ്ലാം നിരന്തരം കടന്നുവന്നു. എന്റെ ഉമ്മയായിരുന്നു ഇസ്ലാമിനെക്കുറിച്ച് കേള്‍ക്കാന്‍ കൂടുതല്‍ ഔത്സുക്യം കാണിച്ചത്. വളരെ കുറഞ്ഞ സമയം കൊണ്ട് അവരുടെ അകതാരില്‍ ഇസ്ലാമിന്റെ വെളിച്ചം പരന്നു. ഏതാണ്ട് ഒരു മാസം കഴിഞ്ഞ് അവര്‍ ഇസ്ലാം സ്വീകരിക്കാന്‍ തീരുമാനിച്ചു.
എന്റെ കൗമാരത്തില്‍ ഞാനും വലിയ മതഭക്തയായിരുന്നു. നമ്മുടെ പ്രദേശത്തെ ചര്‍ച്ച് നിര്‍മാണത്തില്‍ എന്റെ കുടുംബം കാര്യമായ സഹായങ്ങള്‍ ചെയ്തിരുന്നു. ഉമ്മയുടെ ഇസ്ലാമാശ്ലേഷണത്തില്‍ ഞാനങ്ങേയറ്റം ക്ഷുഭിതയായിരുന്നു. ഞാനക്കാലത്ത് ഇസ്ലാമിനെ അങ്ങേയറ്റം വെറുത്തിരുന്നു. എന്റെ കുടുബം തകര്‍ത്തത് ഉമ്മയുടെ ഇസ്ലാം സ്വീകരണമാണെന്ന് ഞാന്‍ വിശ്വസിച്ചു. സ്ത്രീകളെ കറുത്ത തുണികളില്‍ പൊതിഞ്ഞ പ്രാകൃത മതദര്‍ശനമാണ് ഇസ്ലാമെന്ന എന്റെ മുന്‍വിധികള്‍ ആ വെറുപ്പിന്റെ ആഴം വര്‍ധിപ്പിച്ചു. സത്യസന്ധമായി പറഞ്ഞാല്‍ അക്കാലത്ത് അതൊക്കെയായിരുന്നു ഇസ്ലാമിനെക്കുറിച്ച എന്റെ ധാരണ. പക്ഷേ ഉമ്മയുടെ വഴി കൃത്യമായിരുന്നു. അവര്‍ ഒരു കാര്യത്തിലും നമ്മളോട് നിര്‍ബന്ധം ചെലുത്തിയിരുന്നില്ല. മുസ്ലിമായിരുന്നിട്ടു പോലും ഞായറാഴ്ച പ്രാര്‍ഥനകള്‍ക്ക് ചര്‍ച്ചിലേക്ക് ഉമ്മ നമ്മളെ കൊണ്ടുപോകാറുണ്ടായിരുന്നു. ക്രിസ്മസ്സ് രാത്രികളിലെ പ്രാര്‍ഥനകളിലും നമ്മളൊരുമിച്ച് പോയിരുന്നു. ഉമ്മ ഒരു മുസ്ലിമായിരിക്കെത്തന്നെ എനിക്ക് ക്രിസ്ത്യന്‍ കുടുംബങ്ങളിലെ കുട്ടികള്‍ പിന്തുടരുന്ന എല്ലാ മതപരമായ കാര്യങ്ങളും
നിര്‍വഹിക്കാന്‍ പറ്റി. ക്രമേണ എന്റെ വെറുപ്പ് അലിഞ്ഞില്ലാതായിത്തുടങ്ങി. അകം ശാന്തമായ ഒരു നേരത്ത് ഇസ്ലാം സ്വീകരണത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് ഉമ്മയോട് ചോദിച്ചു. ശ്രദ്ധയോടെ ബൈബിള്‍ വായിക്കൂ എന്ന മറുപടി മാത്രമാണവര്‍ തന്നത്. അങ്ങനെ ബൈബിളിലെ ഓരോ പേജും സസൂക്ഷ്മം ഞാന്‍ വായിക്കാന്‍ തുടങ്ങി. അത്തരമൊരു ഗഹനമായ ബൈബിള്‍ വായനയാണെന്നെ ഇസ്ലാമിലേക്ക് വഴിനടത്തിയത്. തുറന്ന മനസ്സോടെ ബൈബിളിനെ സമീപിക്കുമ്പോള്‍ ഉത്തരം കിട്ടാത്ത ഒട്ടനവധി ചോദ്യങ്ങള്‍ നമ്മുടെയുള്ളില്‍ രൂപപ്പെടും. അതിന്റെയെല്ലാം ഉത്തരങ്ങള്‍ ഖുര്‍ആനില്‍ നാം കണ്ടെത്തുകയും ചെയ്യും. അങ്ങനെയാണ് ഞാന്‍ ഇസ്ലാമിലേക്കെത്തുന്നത്.
ബൈബിള്‍ വായിക്കാനാരംഭിച്ച ഒന്നാമത്തെ ദിവസം തന്നെ ഉള്ളിലുടക്കിയത് ഉല്‍പത്തിയെക്കുറിച്ച ഭാഗമായിരുന്നു. പ്രകാശം സൃഷ്ടിക്കപ്പെടുന്നതിനു മുമ്പേ ഭൂമിയില്‍ സസ്യലതാദികള്‍ സൃഷ്ടിക്കപ്പെട്ടു എന്ന് അതില്‍ കാണാം. എന്നെ അത് അസ്വസ്ഥയാക്കി. സസ്യങ്ങള്‍ വളരണമെങ്കില്‍ പ്രകാശം അനിവാര്യമാണല്ലോ. ഞാന്‍ വായന തുടര്‍ന്നു. അബ്രഹാം പ്രവാചകന്റെ മുഴുവന്‍ ആണ്‍മക്കളുടെയും ചേലാകര്‍മം നടത്തണമെന്ന ദൈവിക ഉടമ്പടിയെക്കുറിച്ച് വായിച്ചു. ഈ കല്‍പനയുണ്ടായിരിക്കെ എന്തുകൊണ്ട് ക്രിസ്ത്യന്‍ കുട്ടികളുടെ ചേലാകര്‍മം നടത്തപ്പെടുന്നില്ല? ജൂതന്മാരും മുസ്ലിംകളും മാത്രമാണത് ചെയ്തു വരുന്നത്. വായന ആവര്‍ത്തന പുസ്തകത്തിലേക്കെത്തിയപ്പോള്‍ കാരുണ്യം, ആര്‍ദ്രത, ദൈവവുമായുള്ള കരാര്‍, പലിശ തുടങ്ങിയവയെക്കുറിച്ചായി വായന. പലിശ എന്തുകൊണ്ട് നിരോധിക്കപ്പെട്ടു എന്നത് യൗവനത്തില്‍ തന്നെ എന്നെ ഏറെ ചിന്തിപ്പിച്ചു. ഇതിനെക്കുറിച്ചൊന്നും ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയിലെ ഒരാളും സംസാരിക്കാത്തതെന്തുകൊണ്ടായിരിക്കുമെന്ന് ഞാനാലോചിച്ചു. സെന്റ് ജോണിന്റെ സുവിശേഷ വായന എന്നില്‍ കൂടുതല്‍ കൗതുകമുണര്‍ത്തി. യേശു ക്രിസ്തുവിന് ശേഷം മറ്റൊരാള്‍ ആഗതനാകുമെന്ന സുവിശേഷമായിരുന്നു അത്. ആ വ്യക്തി നിരക്ഷരനായിരിക്കും. സ്വാഭീഷ്ടപ്രകാരം സംസാരിക്കാത്തവ
നും ദിവ്യപ്രചോദിതനായി മാത്രം സംസാരിക്കുന്നവനുമായിരിക്കും. സെന്റ് പോളിന്റെ സുവിശേഷത്തില്‍ പരാമര്‍ശിക്കപ്പെട്ട ഈ വ്യക്തി ആരാണെന്ന് ഞാന്‍ എന്റെ ടീച്ചറോട് ചോദിച്ചു. അത് പരിശുദ്ധാത്മാവാണെന്ന മറുപടിയാണ് അവര്‍ തന്നത്. എന്നാല്‍ പരിശുദ്ധാത്മാവ് ഈ ലോകം സൃഷ്ടിക്കപ്പെട്ടതു മുതല്‍ തന്നെയുണ്ടല്ലോ. ബൈബിള്‍ ഉല്‍പത്തിയില്‍ തന്നെ അത് പറയുന്നുമുണ്ട്. അങ്ങനെയിരിക്കെ പരിശുദ്ധാത്മാവ് വീണ്ടും വരാനിരിക്കുന്നു എന്ന് യേശു പ്രവചിക്കേണ്ട ആവശ്യമില്ല. വരാനിരിക്കുന്ന വ്യക്തി നിരക്ഷരനായിരിക്കുമെന്ന സൂചന എന്നെ മുഹമ്മദ് പ്രവാചകനിലേക്കെത്തിച്ചു. അദ്ദേഹം എഴുത്തും വായനയുമറിയാത്തയാളായിരുന്നല്ലോ. എനിക്കേറ്റവും പ്രിയപ്പെട്ട യേശു ഇതാ മുഹമ്മദ് പ്രവാചകന്റെ ആഗമനത്തെക്കുറിച്ച് പറയുന്നു. അന്ന് ഞാന്‍ ഇസ്ലാം സ്വീകരിച്ചിരുന്നില്ല. ഈ വിഷയത്തില്‍ എന്റെ ഉമ്മയായിരിക്കും ശരി എന്നൊക്കെ ഞാന്‍ ചിന്തിച്ചു. ക്രിസ്ത്യന്‍ മതപാരമ്പര്യത്തില്‍ അഭിമാനിക്കുന്ന എനിക്ക് ഇസ്ലാം സ്വീകരണം എന്നത് അന്ന് അചിന്ത്യമായിരുന്നു. സമീപഭാവിയില്‍ ഞാനൊരു യുക്തിവാദിയോ ഹിന്ദു മതവിശ്വാസിയോ ആകുമെന്ന് സ്വയം പറഞ്ഞു. അന്ന് ഞാന്‍ കൗമാരക്കാരിയായിരുന്നു. ഒരു ദിവസം മറ്റൊരിടത്തായിരിക്കെ ഉമ്മ എനിക്കു വേണ്ടി ഇപ്രകാരം പ്രാര്‍ഥിച്ചതിനെക്കുറിച്ച് പറഞ്ഞു; 'വാക് ചാതുരിയോടെ സംസാരിക്കാന്‍ കഴിയാതിരുന്ന മൂസാ നബിക്ക് ഹാറൂന്‍ നബിയെ സഹായിയായി നിശ്ചയിച്ചതു പോലെ എനിക്ക് എന്റെ മകളെ സഹായിയായി നിശ്ചയിക്കേണമേ.' കൂടെ വിശുദ്ധ ഖുര്‍ആനിലെ അല്‍ ഇഖ്‌ലാസ്വ് അധ്യായം എഴുതിച്ചേര്‍ത്ത് ഒരു കത്തുമയച്ചു. സൂറ ഇഖ്‌ലാസ്വ് പിന്നീട് എനിക്ക് തസ്ബീഹ് പോലെയായി. എന്റെ കൊന്ത (ജപമാല) വെച്ച് ഞാനത് ഉരുവിട്ടു കൊണ്ടേയിരിക്കും. അല്‍ ഇഖ്‌ലാസ്വ് അധ്യായം എന്റെ ചിന്തയെ ഇളക്കിമറിച്ചു.ആ അധ്യായം എനിക്കേറെ പ്രിയങ്കരമായി. ഇപ്പോഴുമതെ. മൂന്നു നാല് മാസങ്ങള്‍ക്കു ശേഷം ഉമ്മ മടങ്ങിയെത്തി. ബോംബെ എയര്‍പോര്‍ട്ടില്‍ വെച്ച് അവരെ കണ്ടുമുട്ടിയ ഉടനെ ഞാന്‍ ഇസ്ലാം സ്വീകരിച്ചു. ഉമ്മയുടെ പ്രാര്‍ഥനയും ബൈബിളും അല്‍ ഇഖ് ലാസ്വ് അധ്യായവുമാണ് എന്നെ ഇസ്ലാമിലേക്കെത്തിച്ചതെന്ന് ഞാന്‍ കരുതുന്നു.
അക്കാദമീഷ്യന്‍ എന്ന വഴി തെരഞ്ഞെടുക്കാന്‍ താങ്കളെ പ്രചോദിപ്പിച്ചതെന്താണ്?
എന്റെ ആദ്യ ബിരുദം ഫിസിക്‌സിലായിരുന്നു. പിന്നീട് മാനവിക വിഷയത്തിലും ഒരു ബിരുദം നേടി. ആസ്‌ട്രോ ഫിസിക്‌സില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഒടുവില്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ആണ് എന്റെ മേഖല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷം ഞാന്‍ പൊതു സമൂഹത്തില്‍ നിന്ന് ഇസ്ലാമിനെക്കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ നേരിട്ടുകൊണ്ടിരുന്നു. എന്താണ് ഇസ്ലാം? ഹിജാബ് ധരിച്ച ഒരു മുസ്ലിം പെണ്ണായിട്ടും എങ്ങനെ ഇത്ര ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്നു? മുസ്ലിം സ്ത്രീകള്‍ പൊതുവെ ഉള്‍വലിയുന്നവരായിരിക്കെ താങ്കള്‍ എങ്ങനെ ഒരു ബിരുദധാരിയായി? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നത് ഞാനേറെ ആസ്വദിച്ചിരുന്നു. ഇസ്ലാമിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തണമെങ്കില്‍ ആദ്യം നാം അതിനെക്കുറിച്ച് കൃത്യമായി പഠിച്ചിരിക്കണം. പുറമേ നിന്ന് നോക്കുമ്പോള്‍ മുസ്ലിം സമൂഹത്തിനകത്ത് സാഹോദര്യവും സഹവര്‍ത്തിത്വവും അനുഭവപ്പെടുമെങ്കിലും അകമേ പേറുന്ന അഭിപ്രായ ഭിന്നതകളും അനാവശ്യ തര്‍ക്കവിതര്‍ക്കങ്ങളും ഏറെ പ്രയാസപ്പെടുത്തുന്ന ഒന്നായിരുന്നു. സെപ്റ്റംബര്‍ 11 സംഭവത്തിനു ശേഷം ഇസ്ലാമിനെക്കുറിച്ച് ഉയര്‍ന്നുവന്ന മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ കണ്ടെത്താന്‍ ഞാന്‍ സ്വയം തീരുമാനിച്ചു. ഇസ്ലാമിനു വേണ്ടി എഴുതാനും സംസാരിക്കാനും കര്‍മനിരതയാകാനും തീരുമാനിച്ചുറച്ചു.ഈ മാര്‍ഗത്തില്‍ അഹ്മദ് ദീദാത്തും ഡോ. സാകിര്‍ നായിക്കും എന്നെ ഏറെ പ്രചോദിപ്പിച്ചു. അവരേക്കാളുപരി ഇസ്ലാമിന്റെ മാനവിക മുഖം മനോഹരമായി അനാവരണം ചെയ്യാറുള്ള യഹ്യ ബെര്‍ട്ടിനെ പോലുള്ള പണ്ഡിതന്മാരില്‍ നിന്നും ആവേശമുള്‍ക്കൊണ്ടു. ഞാന്‍ പോലുമറിയാതെ ഈ രംഗത്ത് ഒരു അക്കാദമീഷ്യനായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. എന്റെ ഉമ്മയോട് ഈ വഴിയെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ ധൈര്യമായി മുന്നോട്ട് പോയിക്കൊള്ളാന്‍ പറഞ്ഞു. പക്ഷേ മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിച്ചിരുന്ന എന്റെ ജോലി ഇക്കാരണത്താല്‍ എനിക്ക് ഒഴിവാക്കേണ്ടി വന്നു. ജോലി രാജിവെച്ച ശേഷം ഞാന്‍ ഇസ്ലാമിനെക്കുറിച്ച് എഴുതാന്‍ തുടങ്ങി. എന്റെ ഭര്‍ത്താവ് എങ്ങനെയുള്ള യാളായിരിക്കണമെന്ന് എനിക്കറിയാമായിരുന്നു. ഇസ്ലാമിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ വേണ്ടി സ്വന്തം ജോലി വേണ്ടെന്നു വെച്ച ഒരു പെണ്ണിനെ വിവാഹം കഴിക്കണമെന്ന തീരുമാനം അദ്ദേഹത്തിനുമുണ്ടായിരുന്നിരിക്കണം. അങ്ങനെ എന്റെ വിവാഹം കഴിഞ്ഞു. ഞങ്ങള്‍ ലണ്ടനിലേക്ക് വന്നു. ഭര്‍ത്താവ് ഇവിടത്തുകാരനാണ്.
ഇസ്ലാമിനെക്കുറിച്ച് എന്റെ എഴുത്തുകള്‍ തുടര്‍ന്നു. മറുവശത്ത് ഇസ്ലാമിനെയും ഇസ്ലാമിക സംസ്‌കാരത്തെയും കുറിച്ച ധാരാളം ശില്‍പശാലകള്‍ സംഘടിപ്പിച്ചു പോന്നു. ഒരു ദിവസം ഗ്ലോസ്റ്റര്‍ഷയര്‍ യൂനിവേഴ്‌സിറ്റിയുടെ പി.എച്ച്.ഡി അപേക്ഷക്കുള്ള പരസ്യം ശ്രദ്ധയില്‍ പെട്ടു. മുസ്ലിം സ്ത്രീകളെക്കുറിച്ചുള്ളതാണ് ഗവേഷണ വിഷയം. അപേക്ഷിക്കാന്‍ കഷ്ടിച്ച് രണ്ട് ദിവസമേ ബാക്കിയുണ്ടായിരുന്നുള്ളൂ. സത്യം പറഞ്ഞാല്‍ പി.എച്ച്.ഡി എന്നത് എന്താണെന്നു പോലും അന്ന് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. ആശ്ചര്യകരമെന്നു പറയട്ടെ, രണ്ട് മാസങ്ങള്‍ക്കു ശേഷം എന്നെ ഇന്റര്‍വ്യൂവിന് ക്ഷണിച്ചു. വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെങ്കിലും എനിക്ക് അഡ്മിഷന്‍ ലഭിച്ചു. പിന്നീട് ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന പ്രഫസര്‍ ആലിസണ്‍ സ്‌കോട്ട് ബോമന്‍ യോഗ്യതയുള്ള പലരുമുണ്ടായിട്ടും എന്നെ തെരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി. ഈ വിഷയത്തിലുള്ള ആഴത്തിലുള്ള അറിവിനേക്കാള്‍ അതിനോടുള്ള അഭിനിവേശമാണ് (Passion) എന്നില്‍ കണ്ട ഗുണമത്രെ. അതെന്നില്‍ വല്ലാത്ത ഊര്‍ജം നിറച്ചു. അക്കാദമിക രംഗത്തെക്കുറിച്ച ആഴത്തിലുള്ള അവബോധമില്ലാതിരുന്നിട്ടുകൂടി ഞാന്‍ ഒരു അക്കാദമീഷ്യനായിത്തീരണമെന്നത് അല്ലാഹുവിന്റെ നിശ്ചയമായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് പി.എച്ച് ഡി പൂര്‍ത്തിയാക്കി. ശേഷം പോസ്റ്റ് ഡോക്ടറല്‍ തിസീസ് പ്രഫസര്‍ പോള്‍ വെല്ലറുടെ കീഴില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. എനിക്ക് പ്രിയപ്പെട്ട ജോലി ഒഴിവാക്കേണ്ടി വന്നെങ്കിലും ഇസ്ലാമിനെക്കുറിച്ച് സംസാരിക്കാന്‍ തീരുമാനിച്ചപ്പോള്‍ പടച്ചവന്‍ മറ്റൊരനുഗ്രഹം നല്‍കി.
ബ്രിട്ടനിലെ മുസ്ലിം സ്ത്രീകളെക്കുറിച്ച് ഒരു പുസ്തകം താങ്കള്‍ എഴുതിയിരുന്നല്ലോ? അതിലെ പ്രധാന കണ്ടെത്തലുകളെന്തെല്ലാമാണ്?
എനിക്കേറെ പ്രിയപ്പെട്ട പുസ്തകമാണത്. എന്റെ പി.എച്ച്.ഡി തിസീസ്. ഞാന്‍ ഈ വിഷയത്തില്‍ ഗവേഷണം ആരംഭിച്ച കാലത്ത് മുസ്ലിം സ്ത്രീകളെക്കുറിച്ച സംസാരങ്ങള്‍ ഒരുപാട് കേട്ടിരുന്നു. പല ഫെമിനിസ്റ്റുകളും സഹതാപത്തോടെ മുസ്ലിം സ്ത്രീകള്‍ പ്രതിസന്ധിയിലാണെന്നും നമുക്കവരെ രക്ഷിക്കണമെന്നുമൊക്കെ പറയുമായിരുന്നു. അവര്‍ നിഖാബ് ധരിച്ച അഫ്ഗാനി മുസ്ലിം പെണ്ണിന്റെ ഫോട്ടോ കാണിച്ചും ദുരഭിമാനക്കൊലക്ക് ഇരയായ മുസ്ലിം പെണ്ണിനെക്കുറിച്ച വാര്‍ത്തകള്‍ ചൂണ്ടിക്കാണിച്ചും ഉദാഹരണങ്ങള്‍ നിരത്തും. ഇതില്‍ പലതും സത്യങ്ങളായിരിക്കാം. പക്ഷേ അവര്‍ അത് മാത്രമാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. മറ്റൊരു കാര്യമിതാണ്. പലപ്പോഴും മുസ്ലിം പുരുഷ പണ്ഡിതന്മാരാണ് അവരനുഭവിക്കാത്ത സ്ത്രീജീവിതങ്ങളെക്കുറിച്ച് സംസാരിക്കാറുള്ളത്. ശിശുപരിപാലനവും സ്ത്രീയുടെ ആര്‍ത്തവ സംബന്ധിയായ പ്രശ്‌നങ്ങളുമുള്‍പ്പടെ. ഇതൊരുപാട് കാലമായി തുടര്‍ന്നു വരുന്ന പ്രവണതയാണ്. പക്ഷേ ഇന്ന് മുസ്ലിം സ്ത്രീകളെക്കുറിച്ച് സംസാരിക്കാന്‍ സമുദായത്തിനകത്തു തന്നെ സ്ത്രീകളുണ്ട്. അവരുടെ നേരനുഭവങ്ങള്‍ അവര്‍ തന്നെ പറയട്ടെ. മുസ്ലിം പെണ്ണിനെക്കുറിച്ച് വിമര്‍ശകര്‍ പറയുന്നതില്‍ സത്യമുണ്ടാകാം. എന്നാല്‍ ചിലതൊക്കെ അര്‍ധ സത്യങ്ങളായിരിക്കും. എന്നാല്‍ അവള്‍ എന്തു പറയുന്നു എന്ന് കേള്‍ക്കാതെ അവളെപ്പറ്റി ഒരു ചര്‍ച്ച സാധ്യമല്ല. എന്റെ പി.എച്ച്.ഡിയിലൂടെ ആ ദൗത്യമാണ് ഞാനേറ്റെടുത്തത്. ഇതൊരു ഫെമിനിസ്റ്റ് പുസ്തകമാണെന്ന് ഞാന്‍ പറയുമ്പോള്‍ ആശ്ചര്യപ്പെടേണ്ട. എന്റെ 'ഫെമിനിസം' ആഴത്തില്‍ ഇസ്ലാമികമാണ്. ഇസ്ലാമിനെ പ്രാക്ടീസ് ചെയ്യുന്ന സ്ത്രീകളെയാണ് പ്രധാനമായും കേള്‍ക്കേണ്ടത് എന്ന് തീരുമാനിച്ചിരുന്നു. അവര്‍ക്ക് ജീവിതത്തെക്കുറിച്ചും സാമൂഹിക - രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും മാധ്യമങ്ങളെക്കുറിച്ചുമെല്ലാം എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കുകയായിരുന്നു ലക്ഷ്യം. പലരും നല്ല കരിയര്‍ കെട്ടിപ്പടുത്ത, തൊഴില്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്നവരായിരുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന പ്രഫഷണലുകളായിരുന്നു. മുസ്ലിം സ്ത്രീകള്‍ക്ക് ഖുര്‍ആനും സുന്നത്തും കൃത്യമായ അവകാശങ്ങള്‍ നല്‍കുന്നുണ്ടെന്ന് സ്ഥാപിക്കാന്‍ നമുക്ക് കഴിയും. ഖദീജ ബീവിയെ പോലെ ബിസിനസ്സ് നടത്താനും സ്വന്തമായി ഭര്‍ത്താവിനെ തെരഞ്ഞെടുക്കാനും അവള്‍ക്ക് കഴിയും. ആഇശ(റ)യെ പോലെ പണ്ഡിതയാകാം. ബില്‍ഖീസ് രാജ്ഞിയെ പോലെ നേതൃഗുണമുള്ള ഒരുവളായി മാറാം. പാശ്ചാത്യന്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശം വകവെച്ചു നല്‍കപ്പെടുന്നതിനും എത്രയോ മുമ്പ് മുസ്ലിം സ്ത്രീകള്‍ക്ക് അത് അനുവദിച്ചു നല്‍കപ്പെട്ടിട്ടുണ്ടല്ലോ. ഇസ്ലാം മുസ്ലിം സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തുമ്പോള്‍ തന്നെ പുരുഷാധിപത്യത്തിന്റെ മോശം പ്രവണതകള്‍ ഈ സമുദായത്തിനകത്തുണ്ടെന്നതും യാഥാര്‍ഥ്യമാണ്. വിവാഹം, തൊഴില്‍, മറ്റ് സാമൂഹിക വ്യവഹാരങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ അവകാശമില്ലാത്ത, പലപ്പോഴും നിശ്ശബ്ദയാക്കപ്പെടുന്ന മുസ്ലിം സ്ത്രീ എന്നതിലും വസ്തുതയുണ്ട്. എന്നാല്‍ അത് മതപരം എന്നതിനേക്കാള്‍ സാംസ്‌കാരികമാണ്. മതവും സംസ്‌കാരവും ഈ വിഷയത്തില്‍ രണ്ട് തലത്തില്‍ നിന്നു കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്ലാമിന്റെ മൗലികാധ്യാപനങ്ങളും പ്രയോഗവല്‍ക്കരണവും രണ്ടാകുന്നതിന്റെ പ്രശ്‌നമാണത്. ഇത്തരം ബഹുമുഖ വിഷയങ്ങള്‍ ഈ പുസ്തകത്തില്‍ പ്രശ്‌നവത്കരിച്ചിട്ടുണ്ട്.
താങ്കള്‍ സ്വയം വിശേഷിപ്പിക്കുന്നത് ഒരു മുസ്ലിം ഫെമിനിസ്റ്റ് എന്നാണല്ലോ. അതൊന്നു വ്യക്തമാക്കാമോ?
അതേ ഞാനുറക്കെ പറയുന്നു, ഞാനൊരു മുസ്ലിം ഫെമിനിസ്റ്റാണ്. ഇസ്ലാമിനകത്ത് വൈവിധ്യങ്ങളുള്ളതു പോലെ ഫെമിനിസത്തിനകത്തുമതുണ്ട്. എന്റെ ഫെമിനിസം ശബ്ദമില്ലാത്തവരുടെ ശബ്ദമാവുക എന്നതാണ്. ജ്ഞാനം കൊണ്ടും ധിഷണ കൊണ്ടും ഇടപെടലുകള്‍ നടത്തുക എന്നതാണ്. അരികുവത്കരിക്കപ്പെട്ട ദലിത് സമൂഹത്തിനു (ഇന്ത്യയില്‍) വേണ്ടിയൊക്കെ ശബ്ദിക്കുന്നതു പോലെ മുസ്ലിം സമുദായത്തിനകത്ത് ശബ്ദം നിഷേധിക്കപ്പെട്ട സ്ത്രീകളുടെ നാവാകുക എന്നതാണത്. രണ്ടാമതായി ഫെമിനിസം കൊണ്ട് ഞാനര്‍ഥമാക്കുന്നത് അറിവിന്റെ അധികാരശ്രേണികളെ ചോദ്യം ചെയ്യുക എന്നതാണ്. ഒരു മുസ്ലിം സ്ത്രീ ശാസ്ത്ര വിഷയങ്ങളില്‍ ആഴത്തില്‍ ഗവേഷണം നടത്താന്‍ തീരുമാനിക്കുമ്പോള്‍ പലരും നീരസത്തോടെയാണതിനെ എതിരേല്‍ക്കുക. ഇതൊക്കെ പാശ്ചാത്യര്‍ക്കും വെളുത്ത വര്‍ഗക്കാര്‍ക്കും മിഡില്‍ കഌസ്സുകാര്‍ക്കും പുരുഷന്മാര്‍ക്കും മാത്രം സാധ്യമാകുന്ന ഒന്നാണെന്ന ധാരണ മൂടുറച്ചുപോയിട്ടുണ്ട്. അതിനെ പൊളിക്കണം. ചോദ്യം ചെയ്യണം. പിന്നെ സ്ത്രീ - പുരുഷ തുല്യതയെക്കുറിച്ച താങ്കളുടെ ചോദ്യമാണ്. പല കാര്യങ്ങളിലും നീതിയിലധിഷ്ഠിതമായ ആ തുല്യത പുലരുന്നില്ല എന്നത് വസ്തുതയാണ്. കൊറോണക്കാലത്ത് പല സ്ത്രീകളുടെയും ഉപജീവനമാര്‍ഗത്തിന് പ്രതിസന്ധികളുണ്ടായി. വീട്ടില്‍ നിന്ന് ജോലി ചെയ്യുമ്പോള്‍ തന്നെ ശിശുപരിപാലനവും അവള്‍ നടത്തണം. പുരുഷന്മാരെ പലപ്പോഴും അത്തരം കാര്യങ്ങള്‍ ബാധിക്കാറില്ല. പ്രസവാവധി എടുത്ത് തിരികെ ജോലിയില്‍ കയറാന്‍ തയാറെടുക്കുന്ന പല സ്ത്രീകളെയും കമ്പനികള്‍ തിര
സ്‌കരിക്കുന്നുണ്ട്. ബി.ബി.സിയില്‍ പോലും പുരുഷ അവതാരകന് നല്‍കുന്ന ശമ്പളമല്ല ഒരു പെണ്ണിന് നല്‍കുന്നത്. ഇവിടെ ബ്രിട്ടനില്‍ പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യം ഇന്ത്യയെ അപേക്ഷിച്ച് വളരെ കുറവാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പാശ്ചാത്യര്‍ പിന്നെയും സംസാരിക്കുക മുസ്ലിം ലോകവും ഏഷ്യന്‍ രാജ്യങ്ങളും നിഷേധിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അവരനുഭവിക്കുന്ന അസമത്വത്തെക്കുറിച്ചും മാത്രമാണ്. സത്യത്തില്‍ പുരുഷാധിപത്യം (Patriarchy) മൊത്തം ലോകത്തിന്റെ തന്നെ ഒരു പ്രശ്‌നമാണ്. ഇസ്ലാം തെറ്റായ ഈ പുരുഷാധിപത്യ പ്രവണതകള്‍ക്ക് ചില പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ മുസ്ലിം സമുദായത്തിനകത്തുള്ളവര്‍ പോലും പലപ്പോഴും അതിന് ചെവി കൊടുക്കാറില്ല. ഖുര്‍ആന്‍ പറയുന്നത് പുരുഷന്മാര്‍ നിങ്ങളുടെ പങ്കാളികള്‍ ആണെന്നാണ്. വിവാഹിതരായ ആണും പെണ്ണും പരസ്പരം പങ്കാളികളാണെന്ന മനോഹരമായ സങ്കല്‍പമാണത്. ഫ്രഞ്ച് ഫെമിനിസ്റ്റ് തത്ത്വചിന്തകന്‍ മിഷേല്‍ ലെ ഡഫ് സ്ത്രീ - പുരുഷ പങ്കാളിത്തത്തിന്റെ ഇത്തരമൊരു ഫെമിനിസ്റ്റ് ആഖ്യാനം മുന്നോട്ടു വെക്കുന്നുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ മാറ്റത്തിന് ഈ പങ്കാളിത്തവും കൈകോര്‍ക്കലും അനിവാര്യമാണ്. അത് തുല്യതയുടെ ലോകത്തെ മനോഹരമാക്കുന്നു. ഇതാണ് ഫെമിനിസത്തെക്കുറിച്ച എന്റെ ആത്മനിഷ്ഠമായ അഭിപ്രായം.
ഓണ്‍ലൈനില്‍ താങ്കളുടെ പ്രൊജക്ടുകള്‍ പരിശോധിച്ചപ്പോള്‍ അവ വിവിധ മേഖലകളിലായി പരന്നു കിടക്കുകയാണ്. മുസ്ലിം സ്ത്രീകളുടെ ചരിത്രവും വര്‍ത്തമാനവും അറബി ഭാഷയും ഇസ്ലാമിനെക്കുറിച്ച പഠന ഗവേഷണങ്ങളും ബ്രിട്ടനിലെ മുസ്ലിം പണ്ഡിതന്മാര്‍ക്കുള്ള നേതൃപരിശീലനവുമെല്ലാം അതില്‍ പെടും. ഇതില്‍ താങ്കള്‍ക്ക് ഏറെ പ്രിയങ്കരമായ മേഖല ഏതാണ്?
അതൊരു കുഴക്കുന്ന ചോദ്യമാണ്. എനിക്ക് ഈ പറഞ്ഞ എല്ലാ മേഖലകളും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഞാന്‍ ജോലിയുപേക്ഷിച്ച് ഇസ്ലാമിനെക്കുറിച്ചെഴുതാനും സംസാരിക്കാനും തുടങ്ങുന്നതിനു മുമ്പ് എന്റെ ഗുരു (ശൈഖ്) എന്നോട് ഇപ്രകാരം പറഞ്ഞിരുന്നു: 'ഇസ്ലാമിനെക്കുറിച്ച ആരോപണളെ പ്രതിരോധിക്കാന്‍ നില്‍ക്കുന്നതിനു പകരം ഇസ്ലാമിക ജീവിതത്തിന്റെ വൈവിധ്യങ്ങളെ ആഘോഷിക്കുക. ഇസ്ലാമിനെ പ്രതിരോധിക്കാന്‍ ഒരു പാടാളുകളുണ്ട്. എന്നാല്‍ അതിന്റെ പ്രതിനിധാനത്തെ സെലബ്രറ്റ് ചെയ്യുകയാണ് വേണ്ടത്.' മേല്‍ പറഞ്ഞ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് ഇപ്പോള്‍ ഞാന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് അനാഥ ബാല്യങ്ങളുടെ സംരക്ഷണത്തെക്കുറിച്ചായിരിക്കും. രണ്ട് മക്കളെ ദത്തെടുത്ത ഉമ്മ എന്ന നിലക്ക് ആ പ്രൊജക്റ്റ് ഹൃദയത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നു. മുസ്ലിംകള്‍ പൊതുവെ അനാഥ ബാല്യങ്ങളെ ദത്തെടുക്കാന്‍ മുന്നോട്ടുവരുന്നില്ല. അനാഥരായ യത്തീം മക്കളെ ഏതെങ്കിലുമൊരു സ്ഥാപനത്തിലാക്കി സംരക്ഷിക്കുകയല്ല വേണ്ടത്. അവരെ സ്വന്തം മക്കളെ പോലെ കരുതി വീടുകളിലേക്ക് കൊണ്ടുവരണം. 'ദത്തെടുക്കല്‍' ഇസ്ലാമില്‍ നിഷിദ്ധമാണെന്ന വായനക്കൊക്കെ പരിമിതിയുണ്ട്. അനാഥ സംരക്ഷണത്തെക്കുറിച്ച് ഖുര്‍ആനും പ്രവാചകനും കുറേ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ബ്രിട്ടനില്‍ പല മുസ്ലിം അനാഥ കുട്ടികളും അമുസ്ലിംകളാല്‍ ദത്തെടുക്കപ്പെടുകയോ സ്ഥാപനങ്ങളില്‍ താമസിപ്പിക്കുകയോ ചെയ്യുന്നതുകൊണ്ട് അവര്‍ക്ക് ആവശ്യമായ ഇസ്ലാമിക ശിക്ഷണങ്ങള്‍ ലഭിക്കുന്നില്ല. അവര്‍ക്കു വേണ്ടത് അനാഥാലയങ്ങളോ ഹോസ്റ്റലുകളോ അല്ല, വീടും കുടുംബവുമാണ്. ഉപ്പയും ഉമ്മയുമാണ്. ബയോളജിക്കലായി അവര്‍ മാതാപിതാക്കളല്ലായിരിക്കാം. ഇതൊരു സാമൂഹിക ബാധ്യതയാണ് (ഫര്‍ദ് കിഫായ). അതിനാലാണ് ഖുര്‍ആനും പ്രവാചകനും ഇക്കാര്യം ഊന്നിയൂന്നി പറയുന്നത്. അനാഥക്കുട്ടികളെ സ്ഥാപനങ്ങളിലേല്‍പിക്കുന്നതിനു പകരം കഴിവും സാമ്പത്തികശേഷിയുമുള്ളവര്‍ അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണം. അവരുടെ മക്കളെ പോലെ അവരെയും പരിപാലിക്കുകയും അവര്‍ക്ക് ശിക്ഷണം നല്‍കുകയും ചെയ്യുക. ഇതാണ് ഈ പ്രൊജക്റ്റിന്റെ ഉള്ളടക്കം. എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഒന്ന്. തുര്‍ക്കിയില്‍ ഒരു അക്കാദമിക് കോണ്‍ഫറന്‍സില്‍ ഞാന്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയം അവിടെ അവതരിപ്പിക്കാനാകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
ഇവിടെ ബ്രിട്ടനില്‍ മാത്രം നാലായിരത്തി അഞ്ഞൂറിലധികം മുസ്ലിം അനാഥക്കുട്ടികളുണ്ട്. യുദ്ധങ്ങള്‍ കാരണമായും രാഷ്ട്രീയ കാലുഷ്യത്താലും അനാഥരും അഭയാര്‍ഥികളുമായവര്‍. സിറിയയില്‍ നിന്നും അഫ്ഗാനില്‍ നിന്നുമെല്ലാമുള്ള കുട്ടികളുണ്ട്. മദ്യം, മയക്കുമരുന്ന്, കുടുംബത്തിനകത്തെ വയലന്‍സ് തുടങ്ങിയ സാമൂഹിക കാരണങ്ങളാലും 'അനാഥത്വം' പേറുന്നവരുണ്ട്. അവരുടെ പ്രശ്‌നങ്ങളും ഈ പ്രൊജക്ടിന്റെ പരിധിയില്‍ വരും
നിലവില്‍ മുസ്ലിം സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമെന്താണ്? എന്താണതിനുള്ള പരിഹാരം?
മുസ്ലിം സ്ത്രീകളെ വേണ്ടത്ര സമൂഹം കേള്‍ക്കുന്നില്ല എന്നതാണ് മുഖ്യ പ്രശ്‌നമെന്ന് ഞാന്‍ കരുതുന്നു. മുസ്ലിം സ്ത്രീകള്‍ ഖുര്‍ആനും പ്രവാചക ചര്യയും പഠിക്കണം. മതേതര വിഷയങ്ങളും സാമൂഹിക ശാസ്ത്രവും ചരിത്രവും രാഷ്ട്രീയവും പഠിക്കണം. മുസ്ലിം സ്ത്രീകളെ മറ്റുള്ളവര്‍ കേള്‍ക്കുന്ന ഒരവസ്ഥയുണ്ടാകണം. പൊതു ഇടങ്ങളിലും രാഷ്ട്രീയത്തിലും നമുക്ക് കുറച്ചധികം മുസ്ലിം സ്ത്രീ പ്രാതിനിധ്യം ആവശ്യമുണ്ട്. നമുക്ക് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മാനേജര്‍മാരുമായ മുസ്ലിം സ്ത്രീകളുണ്ട്. എന്നാല്‍ ശാസ്ത്ര - മാനവിക വിഷയങ്ങള്‍ ആഴത്തില്‍ കൈകാര്യം ചെയ്യുന്നവര്‍ കുറവാണ്. മുസ്ലിം സ്ത്രീക്ക് ഇസ്ലാം നല്‍കിയ അവകാശങ്ങളെക്കുറിച്ചും പദവിയെക്കുറിച്ചുമുള്ള പ്രഭാഷണങ്ങളല്ല ഇനി വേണ്ടത്. ഖുര്‍ആനും സുന്നത്തും ആഴത്തില്‍ പഠിക്കുക. നാം മനസ്സിലാക്കിയ അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഉറക്കെ സംസാരിക്കുക. മെഡിസിനും എഞ്ചിനീയറിംഗും മാനേജ്‌മെന്റ് വിഷയങ്ങളും മാത്രമല്ല, ചരിത്രവും ശാസ്ത്രവും മാനവിക വിഷയങ്ങളും കലയും സംസ്‌കാരവുമെല്ലാം പഠിക്കുക. കാരണം നമുക്ക് അതിശയിപ്പിക്കുന്ന ഒരു വൈജ്ഞാനിക - ചരിത്ര - നാഗരിക പാരമ്പര്യമുണ്ടായിരുന്നു. നാം അത് കൂടുതല്‍ അനാവരണം ചെയ്യുക.
വിവ: ഷംസീര്‍ എ.പി