ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ത്രീ പ്രതിനിധികളെയും
അവരുടെ രാഷ്ട്രീയത്തെയും കുറിച്ച നിരീക്ഷണം
കഴിഞ്ഞ നിയമസഭയില്‍ എട്ടായിരുന്നു വനിതാ പ്രാതിനിധ്യമെങ്കില്‍ 11 വനിതാ എം.എല്‍.എമാരാണ് ഇത്തവണ കേരള നിയമസഭയിലേക്ക് എത്തിയിരിക്കുന്നത്. അതില്‍ പത്തു പേര്‍ എല്‍.ഡി.എഫില്‍ നിന്നും ഒരാള്‍ യു.ഡി.എഫ് പ്രതിനിധിയും ആണെന്നു മാത്രം.
കേരളം അസംബ്ലി തെരഞ്ഞെടുപ്പിന് ഒരുങ്ങിയതു മുതല്‍, മുസ്‌ലിം ലീഗിന് കാല്‍ നൂറ്റാണ്ടിനു ശേഷമെങ്കിലും ഒരു വനിതാ സ്ഥാനാര്‍ഥിയുണ്ടാകുമോ എന്നതിലായിരുന്നു ചാനല്‍, സോഷ്യല്‍ മീഡിയാ, നാട്ടു ചര്‍ച്ചകള്‍ മുഴുവന്‍. ഉണ്ടെന്നും ഇല്ലെന്നും, പെണ്ണിന് സീറ്റ് കൊടുത്താല്‍ വോട്ട് ചെയ്യില്ലെന്ന സമുദായ നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ക്കുമിടയില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ആ പ്രഖ്യാപനം വന്നു; കോഴിക്കോട് സൗത്തിലെ മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റില്‍, വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമായ അഡ്വ.
നൂര്‍ബിനാ റശീദ് മത്സരിക്കും.
ലീഗ് ഇതിനു മുമ്പ് ഒരു വനിതയെ നിയമസഭയിലേക്ക് മത്സരിപ്പിച്ചത് 1996 - ലാണ്. കോഴിക്കോട് സൗത്തില്‍ നിന്ന് ഖമറുന്നിസാ അന്‍വര്‍. അന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിനോട് 8766 വോട്ടുകള്‍ക്കാണ് ഖമറുന്നിസാ അന്‍വര്‍ പരാജയപ്പെട്ടത്. ഇത്തവണയും 'ഷുവര്‍' സീറ്റായിട്ടു കൂടി നൂര്‍ബിന പരാജയപ്പെട്ടു, എല്‍.ഡി.എഫ് ഘടകകക്ഷിയായ ഐ.എന്‍.എല്ലിന്റെ സ്ഥാനാര്‍ഥിയായ അഹമ്മദ് ദേവര്‍കോവിലിനോട്.
സിറ്റിംഗ് എം.എല്‍.എ ഷാനിമോള്‍ ഉസ്മാന്‍ അടക്കം വനിതാ സ്ഥാ
നാര്‍ഥികള്‍ വേറെയുമുണ്ടായിരുന്നു യു.ഡി.എഫിന്. പക്ഷേ, യു.ഡി.എഫിന് ലഭിച്ച ഏക വനിതാ എം.എല്‍.എ വടകരയില്‍നിന്നാണ്, കെ. കെ രമ. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് രമ ആര്‍.എം.
പി എം.എല്‍.എ ആയി നിയമസഭയിലേക്ക് എത്തുന്നത്. 7014 വോട്ട് ആണ് രമയുടെ ഭൂരിപക്ഷം.
ഇത്തവണത്തെ ഏറ്റവും ശ്രദ്ധേയമായ വിജയവും രമയുടേതു തന്നെ. കാരണം, യു.ഡി.എഫിന്റെ ഏക വനിതാ എം.എല്‍.എ ആണെങ്കിലും 2008- ല്‍ ഒഞ്ചിയത്തെ സി.പി.എം വിമതര്‍ ചേര്‍ന്ന് രൂപീകരിച്ച ആര്‍.എം.പിയുടെ നേതാവാണ് രമ. വേരുകള്‍ സി.പി.എമ്മിലാണെങ്കിലും സഭയില്‍ രമയുടെ സാന്നിധ്യം സി.പി.എമ്മിനെ അസ്വസ്ഥമാക്കാന്‍ സാധ്യതയുണ്ടു താനും.
അരൂരില്‍ തന്നെയാണ് ഷാനിമോള്‍ ഉസ്മാന്‍ ഇത്തവണയും ജനവിധി തേടിയിറങ്ങിയത്. ഷാനിമോളെ കൂടാതെ മുന്‍ മന്ത്രി പി. കെ ജയലക്ഷ്മി മാനന്തവാടിയില്‍ നിന്നും പത്മജ വേണുഗോപാല്‍ തൃശൂരില്‍നിന്നും ബിന്ദു കൃഷ്ണ കൊല്ലത്തു നിന്നും മത്സരിച്ചു. വട്ടിയൂര്‍ക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്. നായരായിരുന്നു സ്ഥാനാര്‍ഥി. കായംകുളത്ത് അരിത ബാബു, പാറശ്ശാലയില്‍ അന്‍സജിത റസല്‍, കൊട്ടാരക്കരയില്‍ ആര്‍. രശ്മി, വൈക്കത്തു നിന്ന് പി. ആര്‍ സോന, തരൂരില്‍ നിന്ന് കെ. എം ഷീബ എന്നിവരടക്കം 12 വനിതകളായിരുന്നു യു.ഡി.എഫിനായി മത്സരരംഗത്ത് ഉണ്ടായിരുന്നത്. സീറ്റ് കിട്ടാതെ തലമുണ്ഡനം ചെയ്ത് പ്രതിഷേധം അറിയിച്ച മുന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷും മത്സര രംഗത്തുണ്ടായിരുന്നു.
പന്ത്രണ്ട് വനിതകളെ തെരഞ്ഞെടുപ്പ് രംഗത്തിറക്കിയ യു.ഡി.എഫിന് ആകെ ലഭിച്ചത് ഒരു പ്രതിനിധിയെ മാത്രമാണെങ്കില്‍, പതിനഞ്ച് വനിതാ സ്ഥാനാര്‍ഥികളെയാണ് ഇടതുമുന്നണി ഇത്തവണ പ്രഖ്യാപിച്ചിരുന്നത്. അതില്‍ പത്തു പേരും എം.എല്‍.എമാരായി. കുണ്ടറയില്‍ നിന്നുള്ള, ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയമാണ് തോല്‍വികളില്‍ ഏറ്റവും വലിയ കല്ലുകടിയായത്. പി. സി വിഷ്ണുനാഥ് ആണ് ഇവിടെ അട്ടിമറി വിജയം നേടിയത്.
മന്ത്രിസഭയില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെങ്കിലും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉയര്‍ന്നു വന്ന ആഴക്കടല്‍ മത്സ്യബന്ധന വിവാദമാണ് മേഴ്‌സിക്കുട്ടിയമ്മക്ക് തിരിച്ചടിയായത്. പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയില്‍ മത്സരിച്ച എസ്.എഫ്.ഐ നേതാവ്
പി. ജിജിയും വണ്ടൂരില്‍ മത്സരിച്ച പി മിഥുനയും ആലുവയില്‍ നിന്ന് മത്സരിച്ച ഷെല്‍ന നിഷാദ് അലിയുമാണ് തോല്‍വി അറിഞ്ഞ മറ്റുളളവര്‍.
ആരോഗ്യമന്ത്രി കെ. കെ ശൈലജ ഇത്തവണ ജനവിധി തേടിയത് മട്ടന്നൂരില്‍ നിന്ന്. വിജയിച്ചത് സംസ്ഥാനത്തെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍. 2016 - ല്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നു കെ. കെ ശൈലജ മത്സരിച്ചിരുന്നത്. ഇത്തവണ കൂത്തുപറമ്പ് എല്‍.ജെ.ഡിക്ക് നല്‍കിയതോടെയാണ് ശൈലജ മത്സരം മട്ടന്നൂരിലേക്ക് മാറ്റിയത്. നിപ്പ, കോവിഡ് പ്രതിരോധത്തിലൂടെ മികച്ച ആരോഗ്യമന്ത്രിയെന്ന ലോക ശ്രദ്ധ നേടിയ ശൈലജ ടീച്ചറുടെ വിജയം ഇടതുമുന്നണി നേരത്തേ ഉറപ്പിച്ചിരുന്നു എന്നു വേണം പറയാന്‍.
ആറന്മുളയില്‍ നിന്ന് തന്നെയാണ് സിറ്റിംഗ് എം.എല്‍.എയും മാധ്യമപ്രവര്‍ത്തകയുമായ വീണ ജോര്‍ജ് ഇത്തവണയും സഭയിലെത്തുന്നത്. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ നിന്നാകട്ടെ ഇടതുമുന്നണിയുടെ വനിതാ എം.എല്‍.എമാരിലൊരാളായി പ്രഫ. ആര്‍. ബിന്ദുവാണ് സഭയിലേക്ക് എത്തുന്നത്. തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ആയിരുന്നു അവര്‍. സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യയാണ് ബിന്ദു.
കോങ്ങാട് മണ്ഡലത്തില്‍ പുതുമുഖവും അഡ്വക്കറ്റുമായ ശാന്തകുമാരിയെയാണ് എല്‍.ഡി.എഫ് പരീക്ഷിച്ചത്. ചടയമംഗലത്ത് ജയിച്ച ചിഞ്ചുറാണിയും പുതുമുഖം തന്നെ. ആറ്റിങ്ങലില്‍ നിന്ന് ജയിച്ച ഒ. എസ് അംബികയും സഭയില്‍ പുതുമുഖം തന്നെ. മൂന്നു മുന്നണികള്‍ക്കു വേണ്ടിയും സ്ത്രീകള്‍ മത്സര രംഗത്തിറങ്ങി അപൂര്‍വമായ ഒരു മത്സരം നടന്ന മണ്ഡലമാണ് വൈക്കം. വൈക്കത്തെ ഇടതുമുന്നണിയുടെ സിറ്റിംഗ് എം.എല്‍.എ ആയിരുന്നു ഇവിടെ ജയിച്ച സി. കെ ആശ. അരൂരില്‍ പോരാട്ടം രണ്ട് സ്ത്രീകള്‍ തമ്മിലായിരുന്നു. സിറ്റിംഗ് എം.എല്‍.എ ഷാനിമോള്‍ ഉസ്മാനെയാണ് പിന്നണി ഗായിക കൂടിയായ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ദലീമ ജോജോ പരാജയപ്പെടുത്തിയത്.
നിരവധി വിവാദങ്ങളിലൂടെ കടന്നുപോയ, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമല്ലാതിരുന്ന കായംകുളത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം.എല്‍.എയുമായ യു. പ്രതിഭ തന്നെ ഇത്തവണയും നിയമസഭയിലെത്തിയിരിക്കുകയാണ്. യു.ഡി.എഫിന്റെ പുതിയ പെങ്ങളൂട്ടിയായി അവതരിപ്പിച്ച അരിത ബാബുവിന് അത്തരം തരംഗങ്ങളൊന്നും ജയിക്കാനുള്ള കാരണമായില്ല.
ഇത്തവണ ലീഗിന്റെ ടിക്കറ്റില്‍ മുസ്‌ലിം വനിത സഭ കാണുമോ എന്നായിരുന്നു തുടക്കത്തിലെ ചര്‍ച്ചകളെങ്കില്‍, ഫലം വന്നപ്പോള്‍ ഇല്ല എന്ന് ഉത്തരം കിട്ടിയെങ്കിലും ഒരു മുസ്‌ലിം പെണ്ണ് സഭയിലെത്തിയിട്ടുണ്ട്. അത് കാനത്തില്‍ ജമീലയാണ്. കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നാണ് കാനത്തില്‍ ജമീല സഭയിലേക്ക് എത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ നിന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി അവര്‍ നിയമസഭയിലേക്ക് മത്സരിക്കാനിറങ്ങിയത്. ഗ്രാമപഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ജില്ലാ പഞ്ചായത്തിലെയും പ്രവര്‍ത്തനമികവ് അവര്‍ക്ക് നിയമസഭയിലും മുതല്‍ക്കൂട്ടാകുമെന്ന് ഉറപ്പാണ്.
ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെ 20 വനിതാ സ്ഥാനാര്‍ഥികളെ എന്‍.ഡി.എയും നിര്‍ത്തിയിരുന്നു. ആരും ജയം അറിഞ്ഞില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.